Prabodhanm Weekly

Pages

Search

2016 ജനുവരി 15

നേതാവ് അവരിലൊരാളാകണം

ഡോ. കെ.എസ് നവാസ് /കുറിപ്പ്

         ഒരു പൊതു ലക്ഷ്യത്തിനായി സ്വയം സന്നദ്ധതയോടെ പണിയെടുക്കാന്‍ മറ്റുള്ളവരില്‍ പ്രേരണ ചെലുത്താനാകുമ്പോഴാണ് ഒരു വ്യക്തിയെ നേതൃത്വ ഗുണമുള്ളവനെന്ന് വിളിക്കുന്നത്. മൂന്നു കാര്യങ്ങള്‍ നേടുന്നതില്‍ വിജയിക്കുമ്പോഴാണ് ആ വ്യക്തി കാര്യക്ഷമതയുള്ള നേതാവാകുന്നത്. ലക്ഷ്യം നേടുക, അനുയായികളെ സ്വാധീനിക്കാനാവുക, അനുയായികളില്‍ സ്വയം സന്നദ്ധത ജനിപ്പിക്കുക എന്നിവയാണത്. ആദ്യത്തെ രണ്ട് കാര്യങ്ങളില്‍ മാത്രം വിജയിച്ചാല്‍ അയാളെ വിജയിയായ നേതാവെന്നു വിളിക്കാം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ എല്ലാ കാര്യക്ഷമതയുള്ള നേതാക്കളും വിജയികളാണെന്നും എന്നാല്‍ എല്ലാ വിജയികളായ നേതാക്കളും കാര്യക്ഷമതയുള്ളവരാകണമെന്നില്ലെന്നും സാരം.

കാര്യക്ഷമതയും കാര്യപ്രാപ്തിയുമുള്ള ഒരു നേതാവിനെ എപ്പോഴും തങ്ങളിലൊരാളായാണ് അനുയായികള്‍ക്ക് അനുഭവപ്പെടുക. തങ്ങളെ മനസ്സിലാക്കി പെരുമാറുന്ന, തങ്ങളുടെ വ്യക്തിപരവും അല്ലാത്തതുമായ വിഷമതകളില്‍ പങ്കുചേരുന്ന നേതാവിനെ അവര്‍ അകമഴിഞ്ഞു സ്‌നേഹിക്കും. അധികാരങ്ങള്‍ പ്രയോഗിച്ച് ശാസിച്ചും കല്‍പിച്ചും അനുയായികളെക്കൊണ്ട് ജോലി എടുപ്പിക്കുന്നവരെയല്ല, സ്‌നേഹപൂര്‍വം കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അവരെ കര്‍മനിരതരാക്കുന്നവരെയാണ് ഏവരും ഇഷ്ടപ്പെടുക. സ്‌നേഹപ്രകടനങ്ങളില്‍ ലോഭം കാണിക്കാത്ത, അനുതപിക്കാനറിയുന്ന എന്നാല്‍ സ്ഥൈര്യവും ലക്ഷ്യബോധവുമുള്ള ഒരാളുടെ പിന്നില്‍ അണിനിരക്കാന്‍ ആര്‍ക്കും മടിയുണ്ടാവില്ല. നേതാവാകട്ടെ തന്റെ കീഴില്‍ ജോലി ചെയ്യുന്നവര്‍ എന്നതിനേക്കാള്‍ തന്നോടൊപ്പം ജോലി ചെയ്യുന്നവര്‍ എന്ന നിലക്കായിരിക്കും അവരോട് പെരുമാറുക. മേലുദ്യോഗസ്ഥനും കീഴുദ്യോഗസ്ഥരുമെന്ന പോലെയല്ല, ഒരു ഫുട്‌ബോള്‍ ടീമംഗങ്ങളെപ്പോലെ ആയിരിക്കുമത്. നിര്‍ദേശങ്ങള്‍ കൊടുക്കാനും ഉചിത തീരുമാനങ്ങളെടുത്ത് നടപ്പാക്കാനും ക്യാപ്റ്റന് അധികാരമുണ്ടെങ്കിലും കളിയുടെ കാര്യത്തില്‍ മറ്റേതൊരു കളിക്കാരനുമുള്ളതുപോലുള്ള ഉത്തരവാദിത്തമാണ് അദ്ദേഹത്തിനുള്ളത്.

പ്രവാചകന്‍ (സ) അപ്രകാരമായിരുന്നു. തന്റെ അനുയായികളിലൊരാളായാണ് അദ്ദേഹം എപ്പോഴും ജീവിച്ചത്. അവരുടെ സുഖദുഃഖങ്ങളില്‍ പങ്കുചേര്‍ന്ന്, അവരോടൊപ്പം ഉണ്ടും ഉറങ്ങിയുമായിരുന്നു അനുയായികള്‍ക്ക് ഏറ്റവും പ്രിയങ്കരനായി അവിടുന്ന് മാറിയത്. അനുയായികളോടൊപ്പമിരുന്ന് അവരുടെ സംശയങ്ങള്‍ തീര്‍ക്കുന്ന വേളകളിലും ചര്‍ച്ചാ സദസ്സുകളിലും അവരോടൊപ്പം ചമ്രംപടിഞ്ഞ് താഴെ ഇരിക്കുമായിരുന്നു. തന്റെ മുട്ടുകാലുകള്‍ പോലും മുമ്പോട്ട് തള്ളിവെച്ചു കൊണ്ടോ ഉയര്‍ന്ന പീഠത്തില്‍ ആസനസ്ഥനായോ അദ്ദേഹം മറ്റുള്ളവരെക്കാള്‍ മുന്തിയ ഒരാളായി സ്വയം സ്ഥാപിക്കാറില്ലായിരുന്നു. അതുകൊണ്ട് പലപ്പോഴും അത്തരം സദസ്സുകളിലേക്ക് കയറിവരുന്ന അപരിചിതര്‍ക്ക് അവിടുത്തെ തിരിച്ചറിയാനാകുമായിരുന്നില്ല. ഇതിലാരാണ് മുഹമ്മദ് എന്ന് അവര്‍ക്ക് ചോദിക്കേണ്ടിവന്നിരുന്നു. തന്നെ കാണുമ്പോള്‍ മറ്റുള്ളവര്‍ എഴുന്നേല്‍ക്കുന്നത് പോലും അദ്ദേഹത്തിനിഷ്ടമില്ലായിരുന്നു.

പ്രത്യേക വേഷങ്ങളോ മുന്തിയതരം വസ്ത്രങ്ങളോ ഇല്ലാതെ തന്നെയാണ് അദ്ദേഹം ഒരു വലിയ അനുയായി വൃന്ദത്തിന്റെ അനിഷേധ്യ നേതാവായിത്തീര്‍ന്നത്. മദീനയിലേക്ക് അബൂബക്‌റി(റ)നൊപ്പം ഹിജ്‌റ ചെയ്തു വന്ന സന്ദര്‍ഭത്തില്‍ മദീനാ നിവാസികള്‍ക്ക് രണ്ടു പേരില്‍ ആരാണ് പ്രവാചകന്‍ എന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. അബൂബക്ര്‍(റ) ഒരു തുണിയെടുത്ത് വെയിലേല്‍ക്കാതിരിക്കാന്‍ അവിടുത്തെ തലക്കുമുകളില്‍ പിടിച്ചപ്പോഴാണ് അവര്‍ക്കദ്ദേഹത്തെ തിരിച്ചറിയാനായത്.

ഇക്കാലത്ത് അഹങ്കാര(ഈഗോ)ത്തിന്റെ മൂര്‍ത്ത രൂപമായിട്ടാണ് പല നേതാക്കളും പ്രത്യക്ഷപ്പെടുന്നത്. അഹംഭാവം (ഈഗോയിസം), ആത്മപ്രശംസ(ഈഗോട്ടിസം) എന്നിവ തരം പോലെ പ്രയോഗിക്കുന്നവരുമാണവര്‍. അത്തരം നേതാക്കള്‍ തന്റെ കൂടെയുള്ള അനുയായികളെക്കുറിച്ച് മിഥ്യാധാരണയിലാണ്. അവര്‍ക്ക് അധികാരം ഉള്ളേടത്തോളം കാലമോ അവരില്‍ നിന്ന് എന്തെങ്കിലും തരത്തിലുള്ള നേട്ടം ലഭ്യമാവുന്ന കാലം വരെ മാത്രമോ ആയിരിക്കും ആ അനുയായികള്‍ കൂടെ കാണുക എന്നവര്‍ മനസ്സിലാക്കുന്നില്ല. അധികാരവും പ്രൗഢിയും നഷ്ടമായാല്‍ അവര്‍ എടുക്കാ നാണയങ്ങളായി മാറുന്ന അനവധി സംഭവങ്ങള്‍ നിത്യജീവിതത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നു.

പ്രവാചകന്‍ അത്തരം അഹങ്കാരങ്ങളില്‍ നിന്ന് പൂര്‍ണമായി മുക്തനായിരുന്നുവെന്ന് മാത്രമല്ല, തരിമ്പു പോലും അഹങ്കാരം മനസ്സിലവശേഷിപ്പിക്കരുതെന്ന് അനുയായികളെ ഇടക്കിടെ ഓര്‍മപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഏതു ജോലിക്കും അന്തസ്സുണ്ടെന്ന പൊതു തത്ത്വം അദ്ദേഹം ഉള്‍ക്കൊണ്ടു. ഒരിക്കല്‍ യുദ്ധത്തിന് പുറപ്പെട്ട നബി(സ)യും കൂട്ടരും ഒരിടത്ത് തമ്പടിച്ച് ഒട്ടകത്തെ അറുത്ത് ഭക്ഷണം തയാറാക്കാന്‍ പദ്ധതിയിട്ടു. അതിനു വേണ്ട സാമഗ്രികള്‍ ഒരുക്കുന്നതിനു വേണ്ടി ഓരോരുത്തരും ജോലികള്‍ വീതിച്ചെടുത്തപ്പോള്‍ വിറക് സംഘടിപ്പിക്കുന്ന പണി നബി ഏറ്റെടുത്തു. ഖന്ദഖ് യുദ്ധത്തില്‍ കിടങ്ങുവെട്ടാന്‍ കടുത്ത വിശപ്പു സഹിച്ച് അദ്ദേഹവും ഒപ്പം ചേരുകയുണ്ടായി. വീട്ടു ജോലികളില്‍ എപ്പോഴും അദ്ദേഹം ഭാര്യമാരെ സഹായിക്കുമായിരുന്നു. നേതാവ് ഒപ്പമുള്ളവരില്‍ നിന്ന് സ്‌നേഹവും ആദരവും പിടിച്ചുപറ്റുന്നത് എങ്ങനെയെന്നതിന് ഒട്ടനവധി സംഭവങ്ങള്‍ പ്രവാചക ജീവിതത്തില്‍ നിന്ന് കണ്ടെടുക്കാനാവും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /68-70
എ.വൈ.ആര്‍