Prabodhanm Weekly

Pages

Search

2016 ജനുവരി 15

പ്രാര്‍ഥനയും പ്രവര്‍ത്തനവുമാണ് വിജയത്തിന്റെ അടിസ്ഥാനം

ഡോ. ജാസിമുല്‍ മുത്വവ്വ

         യുവാവ് എന്നെ തടഞ്ഞ് നിര്‍ത്തിയിട്ട് ഒരു ചോദ്യം: ''ശത്രുക്കളില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ മുസ്‌ലിം സമൂഹം ഇത്രയേറെ പ്രാര്‍ഥന നടത്തിയിട്ടും അല്ലാഹു ഉത്തരം നല്‍കാത്തതെന്താണ്?'' 

ഞാന്‍ ആ യുവാവിനോട് പറഞ്ഞു: ''സഹായം കിട്ടാന്‍ ചില കാരണങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. പ്രാര്‍ഥന ഒരിക്കലും ഒന്നാമത്തെ നിരയില്‍ വരുന്നില്ല. രണ്ടാമത്തെ നിരയിലാകുന്നു പ്രാര്‍ഥനയുടെ സ്ഥാനം.'' 

അയാള്‍: ''അപ്പോള്‍ ഒന്നാം നിരയില്‍ എന്താണ്?'' 

ഞാന്‍: ''കര്‍മം, നിരന്തര പ്രവര്‍ത്തനം.'' 

അയാള്‍: ''പ്രാര്‍ഥനയാണല്ലോ എല്ലാ കാര്യങ്ങളുടെയും അടിസ്ഥാനമായിട്ടുള്ളത്. നമ്മുടെ പ്രയാസങ്ങള്‍ ദൂരീകരിക്കാനും വിഷമ ഘട്ടങ്ങളില്‍ സഹായം ലഭിക്കാനും പ്രാര്‍ഥനയാണല്ലോ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്? 'നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കുക, നിങ്ങള്‍ക്ക് ഞാന്‍ ഉത്തരം നല്‍കാം' എന്നല്ലേ അല്ലാഹു പറഞ്ഞിട്ടുള്ളത്?'' 

ഞാന്‍: ''നിങ്ങള്‍ പറഞ്ഞ സൂക്തം ശരി തന്നെ. പക്ഷെ അതിന്റെ വിവക്ഷ നിങ്ങള്‍ ധരിച്ചു വെച്ചത് പോലെയല്ല. ഉറക്കവും മടിയും അലസതയുമായിക്കഴിയുന്നവന്റെയും, കര്‍മത്തിന്റെയും കൃത്യനിര്‍വഹണത്തിന്റെയും രംഗത്ത് നിലയുറപ്പിച്ച് പ്രവര്‍ത്തിക്കാത്തവന്റെയും പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കുമെന്നല്ല പറഞ്ഞത്. വെറുതെ ഗോട്ടി കളിച്ച് സമയം കൊല്ലുന്ന ഒരുവന്‍, തനിക്ക് സ്വര്‍ഗത്തില്‍ സുന്ദരികളായ തരുണീമണികളെ തരേണമേ എന്ന് പ്രാര്‍ഥിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഇമാം ഹസന്‍ ബസ്വരി: ''എടോ, ഭ്രാന്തന്മാരെപ്പോലെ കളിച്ചു കഴിയുന്ന നീ അല്ലാഹുവിനോട് ഹൂറുല്‍ഈന്‍ തരുണികളെ തരാന്‍ പ്രാര്‍ഥിക്കുകയാണോ?'' 

അയാള്‍: ''ഈ കാഴ്ചപ്പാട് എനിക്ക് പുതിയതാണ്. ഞാന്‍ കരുതിയത് പ്രാര്‍ഥനയാണ് എല്ലാം എന്നാണ്.'' 

ഞാന്‍: ''ഞാന്‍ നിങ്ങളോട് ഒരു ചോദ്യം ചോദിക്കട്ടെ. കഴിഞ്ഞ അമ്പതിലേറെ വര്‍ഷമായി നാം അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു. 'അല്ലാഹുവേ, ഫലസ്ത്വീന്‍ ഞങ്ങള്‍ക്ക് മോചിപ്പിച്ചു തരേണമേ, ശത്രുക്കളുടെ ഉപജാപങ്ങളില്‍ നിന്ന് ഞങ്ങളെ കാത്തു കൊള്ളേണമേ, അവരുടെ അതിക്രമങ്ങളില്‍ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ!' ഒന്നു ചിന്തിച്ചുനോക്കൂ. ഇതിന് വേണ്ടി നാം എന്താണ് പ്രവര്‍ത്തിച്ചിട്ടുള്ളത്? അല്ലാഹു പറഞ്ഞത് 'നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുകയാണെങ്കില്‍ അല്ലാഹു നിങ്ങളെയും സഹായിക്കും' എന്നാണ്. 'നിങ്ങള്‍ പ്രാര്‍ഥിക്കുകയാണെങ്കില്‍ നിങ്ങളെ സഹായിക്കും' എന്നല്ല അവന്‍ പറഞ്ഞത്.'' 

അയാള്‍: ''നിങ്ങള്‍ പറഞ്ഞ് കൊണ്ടുവരുന്നത് പ്രാര്‍ഥന നാം ഒഴിവാക്കണം എന്നാണോ?'' 

ഞാന്‍: ''അല്ല. ഒരായിരം വട്ടം അല്ല. പ്രാര്‍ഥന രണ്ടാം നിരയിലാണ് വരുന്നത് എന്നാണ് പറഞ്ഞത്. ഒന്നാം സ്ഥാനത്തല്ല. കര്‍മവും ആസൂത്രണവും മുന്നോട്ടുള്ള ഗമനവും പിന്നെ പ്രാര്‍ഥനയും എന്നതാണ് പ്രമാണം. നബി(സ)യുടെ ഓരോ ചുവടുവെയ്പ്പിലും കാണാന്‍ കഴിയുന്നത് ഈ ക്രമമാണ്.'' ഞാന്‍ തുടര്‍ന്നു: ''മറ്റുള്ളവര്‍ ആസൂത്രണം നടത്തി പ്രാപഞ്ചിക നിയമങ്ങളോടു വിവേകത്തോടെ ഇടപെട്ടു രാജ്യത്തെയും രാജ്യനിവാസികളെയും ബുദ്ധിപൂര്‍വകമായ വിധത്തില്‍ നയിച്ചു വിജയം കൊയ്തുകൊണ്ടിരിക്കുമ്പോള്‍ നാം അതിനെ നേരിടുന്നത് പ്രാര്‍ഥനകൊണ്ടാണ്. ഇവിടെ യുദ്ധം തുല്യനിലയിലല്ല എന്നറിയണം. നമ്മുടെ രീതികള്‍ ഭിന്നമാണ്. ശത്രുപക്ഷത്തെ നേരിടുന്ന തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതില്‍ നാം പരാജയമാണ്. അതിനാലാണ് പ്രതിയോഗികള്‍ എന്നും വിജയിക്കുന്നത്.'' ഒന്നും മിണ്ടാതെ യുവാവ് എന്നെ നോക്കിക്കൊണ്ടിരുന്നു. 

ഞാന്‍: ''എന്താണ് ഒന്നും മിണ്ടാത്തത്?'' 

അയാള്‍: ''ഞാന്‍ ആലോചിക്കുകയായിരുന്നു.'' 

ഞാന്‍ തുടര്‍ന്നു: ''നമുക്ക് ഒന്ന് ഓര്‍ത്തുനോക്കാം. ബദ്ര്‍ യുദ്ധവേളയില്‍ നബി(സ) എന്താണ് ചെയ്തത്? സ്ഥാനം നിര്‍ണയിച്ച് സാധ്യമായ ഒരുക്കങ്ങളെല്ലാം നടത്തി, സൈന്യത്തെ സംഘടിപ്പിച്ചു. വേണ്ടവിധത്തില്‍ വിന്യസിച്ചു. അവര്‍ക്ക് ആവേശം പകര്‍ന്നും തന്റെ ഭാഗമെല്ലാം പൂര്‍ത്തിയാക്കിയ ശേഷം അല്ലാഹുവിനോട് പ്രാര്‍ഥനാപൂര്‍വം തിരിഞ്ഞു. ഇതേ രീതിയാണ് ഖന്‍ദഖ് യുദ്ധവേളയിലും അനുവര്‍ത്തിച്ചത്. കിടങ്ങു കുഴിച്ചു. സൈന്യശേഖരണം നടത്തി. അവരെ ആയുധ സജ്ജരാക്കി ഒരുക്കി നിര്‍ത്തി. കൃത്യമായ യുദ്ധതന്ത്രം ആവിഷ്‌കരിച്ചു. തന്റെ ഭാഗമെല്ലാം കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കിയ ശേഷം അല്ലാഹുവിനെ പ്രാര്‍ഥനയുമായി സമീപിച്ചു. ഇതേ രീതിയാണ് നബി(സ)യുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ അഖിലം നമുക്ക് കാണാന്‍ കഴിയുന്നത്.'' പിന്നെ ആ യുവാവിനോടു ചോദിച്ചു: ''നമ്മുടെ പ്രശ്‌ന പരിഹാരങ്ങള്‍ക്കായി അല്ലാഹുവിനോട് ആവശ്യപ്പെടുന്നതിന് മുമ്പ് നാം എന്താണ് ചെയ്യുന്നതും ചെയ്യേണ്ടതും?'' 

അയാള്‍: ''നാം ഈ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ വളരെ ഗൗരവപ്പെട്ടതാണ്.'' 

ഞാന്‍: ''തീര്‍ച്ചയായും അതേ. ദൈവ വിധിയെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പവുമായി ബന്ധപ്പെട്ടതാണ് അത്. ഒരു ഇമാമിന് പിറകില്‍ ജുമുഅ നമസ്‌കരിക്കാന്‍ ഇടവന്ന ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയുടെ ഒരു വര്‍ത്തമാനം ഞാനോര്‍ക്കുകയാണ്. ഇമാം തകര്‍ത്ത് പ്രാര്‍ഥിച്ചു. ''അല്ലാഹുവേ, അക്രമികളെ നീ അക്രമികളെ കൊണ്ടു നശിപ്പിക്കണമേ! അങ്ങനെ അവരില്‍ നിന്ന് ഞങ്ങളെ നീ സുരക്ഷിതരായി പുറത്തു കൊണ്ടുവരേണമേ!'' നമസ്‌കാരം കഴിഞ്ഞു പുറത്തിറങ്ങിയ ശൈഖ് ഗസ്സാലി ഇമാമിനോട് ചോദിച്ചു: ''അക്രമികളെ അക്രമികളെക്കൊണ്ടു തന്നെ അല്ലാഹു നശിപ്പിച്ചെന്നിരിക്കട്ടെ, അപ്പോള്‍ അതില്‍ നമ്മുടെ പങ്ക് എന്തായിരിക്കും?'' ചിന്തയിലാണ്ട യുവാവിനോട് വീണ്ടും ഞാന്‍: ''ഈ വശം ഞാന്‍ നിങ്ങള്‍ക്ക് ഒന്നുകൂടി വിശദമാക്കിത്തരാം. യൂസുഫ് നബി(സ)യുടെ കഥയില്‍ നിന്ന് ഒരുദാഹരണം. താന്‍ കണ്ട സ്വപ്നം യൂസുഫ് നബി(അ)യോട് രാജാവ് പറഞ്ഞു: ഈജിപ്ത് ഒരു കൊടിയ ക്ഷാമത്തെ നേരിടാന്‍ പോകുന്നു എന്നതായിരുന്നു ഇതിന്റെ സൂചന. ഈ സംഭവത്തില്‍ യൂസുഫ് നബി(അ)യുടെ നിലപാട് എന്തായിരുന്നു? സാമ്പത്തിക പ്രശ്‌നങ്ങളുടെ പരിഹാരത്തിന് അല്ലാഹുവിനോട് പ്രാര്‍ഥിച്ചു കഴിഞ്ഞ് കൂടാനാണോ യൂസുഫ് നബി(അ) രാജാവിനെ ഉപദേശിച്ചത്? അതോ, ഈ വിഷമ സന്ധിയെ മറികടക്കാന്‍ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്താനോ? ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് മഹാനായ ആ പ്രവാചകന്‍ പറഞ്ഞു: ''നാടിന്റെ ഖജനാവുകള്‍ എന്നെ ഏല്‍പിക്കൂ. ഞാന്‍ അത് സൂക്ഷിച്ചു കൊള്ളാം. അത് കൈകാര്യം ചെയ്യാന്‍ എനിക്കറിയാം.'' ഉത്തരവാദിത്തമേറ്റെടുത്തു. കര്‍മരംഗത്തിറങ്ങി. കൃത്യമായ ആസൂത്രണം നടത്തുകയും കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്ത യൂസുഫ് (അ) അല്ലാഹുവിന്റെ സഹായത്തിന് വേണ്ടി പ്രാര്‍ഥിച്ചു. ഈ രീതിയാണ് നാമും അവലംബിക്കേണ്ടത്.''

എല്ലാം ശ്രദ്ധാപൂര്‍വം കേട്ടുകൊണ്ടിരുന്ന ആ ചെറുപ്പക്കാരന്‍: ''നിങ്ങളുടെ സംസാരം എന്നില്‍ കര്‍മാവേശം ഉണര്‍ത്തി.'' ഞാന്‍: ''പ്രവര്‍ത്തിച്ചുകൊണ്ടുതന്നെ പ്രാര്‍ഥിക്കാനും മറക്കേണ്ട. പ്രാര്‍ഥനയും ഒരു കര്‍മമാണെന്നോര്‍ക്കണം. സാധ്യമായതെല്ലാം ചെയ്തതിന് ശേഷം അല്ലാഹുവിന്റെ സഹായത്തിന് വേണ്ടിയുള്ള അഭ്യര്‍ഥനയാണത്. നബി(സ) പറഞ്ഞു: '' അല്ലാഹുവിങ്കല്‍ പ്രാര്‍ഥനയെക്കാള്‍ മാന്യമായ ഒരു കര്‍മവുമില്ല.'' 

പ്രവര്‍ത്തനവും പ്രാര്‍ഥനയും-ഇതാണ് വിജയത്തിന്റെയും ദൈവിക തുണയുടെയും അടിസ്ഥാനം. 

വിവ: പി.കെ. ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /68-70
എ.വൈ.ആര്‍