ബഹുസ്വര സൗഹൃദം നബിചരിത്ര പാഠങ്ങള്‍
പ്രാദേശിക-ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ മതപരവും വംശീയവും സാംസ്‌കാരികവും മറ്റുമായ അസഹിഷ്ണുത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ ആവശ്യമായ മാര്‍ഗങ്ങള്‍ ആരായാന്‍ വിവേകമതികള്‍ക്ക് ബാധ്യതയുണ്ട്. ഏതെങ്കിലുമൊരു വിഭാഗത്തിന്റെ അസഹിഷ്ണുതയെ മറികടക്കാന്‍, അവരെപ്പോലെ മുസ്‌ലിംകളും സാമുദായികമായി സംഘടിക്കണമെന്ന് വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്നു ചിലര്‍. ഈ സാഹചര്യത്തില്‍, ഖുര്‍ആന്‍ ഉത്തമ സമുദായം എന്ന് വിശേഷിപ്പിച്ച മുസ്‌ലിംകള്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നതിനെക്കുറിച്ച് ഖുര്‍ആനും വിശിഷ്യ, നബിചരിത്രവും മുമ്പില്‍ വെച്ച് നടത്തുന്ന ഒരു അന്വേഷണമാണ് ഇത്.
പ്രമാണം ഖുര്‍ആനും സുന്നത്തും
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ഏതു വിഷയത്തിലും ഖുര്‍ആനും നബിചര്യയുമാണ് മൗലിക പ്രമാണങ്ങള്‍. അവ രണ്ടും മാറ്റി നിര്‍ത്തി പ്രശ്‌നപരിഹാരമാരായുന്നത് വ്യര്‍ഥമാണ്. മൗലാനാ അബുല്‍ഹസന്‍ അലി നദ്‌വി എഴുതുന്നത് കാണുക: ''ഖുര്‍ആന്റെ തെളിവുകള്‍ എല്ലാ മനുഷ്യര്‍ക്കും പ്രയോജനപ്പെടുന്ന ആഹാരപദാര്‍ഥം പോലെയാണ്. ദൈവശാസ്ത്രകാരന്മാരുടെ തെളിവുകള്‍ ചിലര്‍ക്ക് മാത്രം പ്രയോജനപ്പെടുകയും, കൂടുതല്‍ പേര്‍ക്കും ഫലിക്കാതെ പോവുകയും ചെയ്യുന്ന മരുന്നകള്‍ പോലെയാണ്. അതേസമയം, ഖുര്‍ആന്റെ വാദഗതികള്‍ നവജാത ശിശുവിന്നും കുട്ടികള്‍ക്കും ആരോഗ്യവാന്മാരായ മുതിര്‍ന്നവര്‍ക്കും ഉപകാരപ്പെടുന്ന ജലം പോലെയാണ്. ഖുര്‍ആനേതരമായ തെളിവുകള്‍ ബലവാന്മാര്‍ക്ക് മാത്രം പ്രയോജനപ്പെടുകയും മറ്റുള്ളവര്‍ക്ക് രോഗകാരണമാവുകയും, കുട്ടികള്‍ക്ക് ഒട്ടും ഉപകരിക്കാതിരിക്കുകയും ചെയ്യുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ പോലെയാണ്.'' 1
വര്‍ഗീയ പ്രശ്‌നങ്ങള്‍ക്കും മറ്റും വിവിധ മേഖലകളില്‍ നിന്ന് ഉന്നയിക്കപ്പെടുന്ന ഇസ്‌ലാം വിരുദ്ധമല്ലാത്ത മതേതരമായ പരിഹാരങ്ങള്‍ സ്വീകാര്യം തന്നെയാണെങ്കിലും, പ്രശ്‌നങ്ങളെ മൗലികമായി സമീപിക്കുന്ന ഇസ്‌ലാമിക രീതിയുടെ വ്യക്തതയും പ്രായോഗികതയും ഏറ്റവും നന്നായി ബോധ്യപ്പെടും, ബഹുസ്വര സൗഹൃദത്തിന് നബി(സ) നല്‍കിയ മഹിത സംഭാവനകള്‍ വിലയിരുത്തുമ്പോള്‍.
ബന്ധങ്ങള്‍ ദൈവ ഭക്തിയിലധിഷ്ഠിതമാവണം
അല്ലാഹു മുതല്‍ മിണ്ടാപ്രാണികളുമായി വരെ സത്യവിശ്വാസികള്‍ സ്ഥാപിക്കുന്ന ബന്ധം ദൈവഭക്തിയിലധിഷ്ഠിതമായിരിക്കണമെന്ന് ഖുര്‍ആന്ന് നിര്‍ബന്ധമുണ്ട്. ''ഏതൊരു അല്ലാഹുവിനെ മുന്‍നിര്‍ത്തിയാണോ നിങ്ങള്‍ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുന്നത്, ആ അല്ലാഹുവിനെയും, കുടുംബബന്ധങ്ങളെയും നിങ്ങള്‍ സൂക്ഷിക്കുക'' (അന്നിസാഅ്: 1). മാതാപിതാക്കള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍, അയല്‍ക്കാര്‍, കൂറുകച്ചവടക്കാര്‍, നേതാക്കള്‍, നീതര്‍, അനാഥ സംരക്ഷകര്‍ മുതലായ ഒട്ടേറെ പേരെ ഖുര്‍ആന്‍ ഭക്തി ഉപദേശിക്കുന്നുണ്ട്. താഴെ തലത്തില്‍, 'മിണ്ടാപ്രാണികളുടെ കാര്യത്തില്‍ അല്ലാഹുവിനെ ഭയപ്പെടണ'മെന്ന് നബി(സ)യും വിശ്വാസികളെ ഉല്‍ബോധിപ്പിച്ചിട്ടുണ്ട്.
ആദര്‍ശപരമായ കാരണങ്ങളാല്‍ മാത്രം ശത്രുതാ നിലപാടു സ്വീകരിച്ച പ്രതിയോഗികളോടു പോലും ദൈവഭക്തിയിലൂന്നിയ നിലപാടേ സ്വീകരിക്കാവൂ എന്ന് ഖുര്‍ആന്‍ കണിശമായിത്തന്നെ പഠിപ്പിക്കുന്നു. ''സത്യവിശ്വാസികളേ, അല്ലാഹുവിന്റെ മതചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്. പവിത്രമായ മാസത്തെയും (കഅ്ബയിലേക്ക് കൊണ്ടുപോവുന്ന) ബലിമൃഗങ്ങളെയും (അവയുടെ കഴുത്തിലെ) അടയാളത്താലികളെയും, തങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹവും പൊരുത്തവും തേടിക്കൊണ്ട് വിശുദ്ധമന്ദിരത്തെ ലക്ഷ്യമാക്കി പോകുന്ന തീര്‍ഥാടകരെയും (നിങ്ങള്‍ അനാദരിക്കരുത്). മസ്ജിദുല്‍ ഹറാമില്‍ നിന്ന് നിങ്ങളെ തടഞ്ഞു എന്നതിന്റെ പേരില്‍ ഒരു ജനവിഭാഗത്തോട് നിങ്ങള്‍ക്കുള്ള അമര്‍ഷം അതിക്രമം പ്രവര്‍ത്തിക്കുന്നതിന് നിങ്ങള്‍ക്കൊരിക്കലും പ്രേരകമാകരുത്. പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹകരിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു'' (അല്‍മാഇദ 2). ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനു വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമാവുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാവരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക.'' (അല്‍ മാഇദ 8) (മേല്‍ സൂക്തങ്ങളില്‍ നീതി, ഭക്തി എന്നിവ ആവര്‍ത്തിച്ചുണര്‍ത്തിയത് ശ്രദ്ധിക്കുക).
മദീനയില്‍ സ്വതന്ത്രമായി മേഞ്ഞു നടന്നിരുന്ന കന്നുകാലികളെ കൊള്ളയടിച്ച ഹുത്വമുബ്‌നു ഹിന്ദ് അല്‍ ബക്‌രി എന്നയാള്‍ അടുത്ത വര്‍ഷം ഉംറ ആവശ്യാര്‍ഥം വന്നപ്പോള്‍ ചില മുസ്‌ലിംകള്‍ അയാളെ തടയാനൊരുമ്പെട്ട പശ്ചാത്തലത്തിലാണ് മേല്‍ സൂക്തങ്ങള്‍ അവതരിച്ചത്.2
ആദര്‍ശവും പ്രായോഗികതയും
തൗഹീദ് (ഏകദൈവത്വം), രിസാലത്ത് (പ്രവാചകത്വം), ആഖിറത്ത് (പരലോകം) എന്നീ മൗലിക തത്ത്വങ്ങളിലോ, മനുഷ്യരുടെ ഐഹിക ക്ഷേമവും പാരത്രിക മോക്ഷവും തദടിസ്ഥാനത്തിലാണെന്നതിലോ ഇസ്‌ലാം ഒരിക്കലും വിട്ടുവീഴ്ച ചെയ്യുന്നില്ല. അതേ സമയം, ഈ നിലപാടിനൊപ്പം തന്നെ ഇതര ജനവിഭാഗങ്ങളുമായി ഉദാരമായ സൗഹൃദബന്ധം നിലനിര്‍ത്തണമെന്ന് ഖുര്‍ആന്‍ ഉല്‍ബോധിപ്പിക്കുകയും ചെയ്യുന്നു. ഈ കാര്‍ക്കശ്യവും ഉദാരതയും ഒന്നിച്ച് ഗ്രഹിക്കാന്‍ ഏറെ സഹായകമാണ് ഖുര്‍ആനിലെ 60-ാം അധ്യായമായ അല്‍ മുംതഹിനഃ. ഇതിലെ ഒന്നു മുതല്‍ ആറു വരെയുള്ള സൂക്തങ്ങള്‍ ആദര്‍ശ കാര്‍ക്കശ്യത്തെയാണ് പ്രകാശിപ്പിക്കുന്നത്; ഏഴ് മുതല്‍ ഒമ്പത് വരെയുള്ള സൂക്തങ്ങള്‍ പ്രായോഗിക രംഗത്ത് നടപ്പില്‍ വരുത്തേണ്ടുന്ന നിലപാടുകളെയും. പ്രായോഗിക നിലപാടുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ പറയുന്നു: ''നിങ്ങള്‍ക്കും അവരില്‍ നിന്ന് നിങ്ങള്‍ ശത്രുത പുലര്‍ത്തിയവര്‍ക്കുമിടയില്‍ അല്ലാഹു സ്‌നേഹബന്ധമുണ്ടാക്കിയേക്കാം. അല്ലാഹു കഴിവുള്ളവനാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാവാരിധിയുമാകുന്നു. ഇസ്‌ലാമിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചേടത്തോളം നിങ്ങള്‍ അവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങള്‍ അവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് വിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ഇസ്‌ലാമിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ച് മാത്രമാണ്-അവരോട് മൈത്രി കാണിക്കുന്നത്-അല്ലാഹു വിരോധിക്കുന്നത്. വല്ലവനും അവരോട് മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍'' (അല്‍ മുംതഹിനഃ 7-9).
തങ്ങളോട് അനീതി ചെയ്യുമോ എന്ന് ഭയപ്പെട്ട ഖൈബറിലെ ജൂതന്മാരോട് അബ്ദുല്ലാഹിബ്‌നു റവാഹഃ (റ) നടത്തിയ പ്രതികരണം ചരിത്രപ്രസിദ്ധമാണ്. ''ജൂതന്മാരേ, അല്ലാഹുവിന്റെ സൃഷ്ടികളില്‍ എനിക്ക് ഏറ്റവും വെറുക്കപ്പെട്ട വിഭാഗമാണ് നിങ്ങള്‍. കാരണം, നിങ്ങള്‍ അല്ലാഹുവിന്റെ നബിമാരെ വധിച്ചു. അല്ലാഹുവിന്റെ പേരില്‍ കള്ളത്തരങ്ങള്‍ ചമച്ചു. പക്ഷെ, അതൊന്നും നിങ്ങള്‍ക്കെതിരെ അനീതി ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കില്ല'' (മുവത്വ, അഹ്മദ്).
ഏതുതരം ആദര്‍ശവാശിയും ശത്രുതയും ഒരു പക്ഷേ അലിഞ്ഞില്ലാതാവാം. ആദര്‍ശ മാറ്റം വരെ സംഭവിച്ചു എന്നും വരാം. സാധ്യതകള്‍ യാഥാര്‍ഥ്യമായെന്ന് വരാം. സയ്യിദ് ഖുത്വ്ബ് എഴുതുന്നു: ''ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്, സ്‌നേഹത്തിന്റെ ആദര്‍ശമാണ്, ലോകത്തിനു മേല്‍ തണല്‍ വിരിക്കാന്‍ ലക്ഷ്യംവെക്കുന്ന വ്യവസ്ഥയാണ്. എല്ലാ ജനങ്ങളെയും അല്ലാഹുവിന്റെ കൊടിക്കൂറക്ക് കീഴില്‍ അന്യോന്യം സ്‌നേഹിക്കുന്നവരായി ഒരുമിച്ച് കൂട്ടാന്‍ അതാഗ്രഹിക്കുന്നു. ഇതിന് മുമ്പിലെ തടസ്സം വിവരദോഷികളായ ശത്രുക്കള്‍ മാത്രമാണ്. സ്വസ്ഥവും സ്വതന്ത്രവും സമാധാനപൂര്‍ണവുമായ അന്തരീക്ഷം ലഭിക്കുകയാണെങ്കില്‍ ഇസ്‌ലാം ആരോടും വൈരത്തിനു പോവില്ല. എന്തിനധികം, ശത്രുതാ ഘട്ടത്തില്‍ പോലും പ്രതിയോഗികളോട് വൃത്തിയുള്ള സമീപനവും നീതിപൂര്‍വകമായ പെരുമാറ്റവും കാഴ്ച വെക്കണമെന്നാണ് ഇസ്‌ലാമികാധ്യപനം.'' 3
നിലവിലെ ശത്രുത സൗഹൃദവും, സൗഹൃദം ശത്രുതയുമായി മാറാനുള്ള സാധ്യത പരിഗണിച്ചുവേണം ബന്ധങ്ങള്‍ സ്ഥാപിക്കാനെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്: ''നിന്റെ ശത്രുവായി മാറാം എന്ന നിലയില്‍ മാത്രമേ നീ നിന്റെ സ്‌നേഹിതനെ സ്‌നേഹിക്കാവൂ. നിന്റെ മിത്രമായി മാറാം എന്ന ചിന്തയോടെ വേണം നീ നിന്റെ ശത്രുവിനെ ദ്വേഷിക്കാന്‍.'' (ഹദീസ്). 'ഒരിക്കലും ഒത്തുചേരില്ലെന്ന് തോന്നുന്ന രണ്ടു വസ്തുക്കളെ അല്ലാഹു യോജിപ്പിച്ചെന്നു വരാം' എന്നു കവിവാക്യം. 'അബൂ ജഹ്‌ലിനെയോ ഉമറിനെയോ കൊണ്ട് ഇസ്‌ലാമിനെ ശക്തിപ്പെടുത്തണമേ' എന്ന് നബി (സ) അല്ലാഹുവോട് പ്രാര്‍ഥിച്ചതും ഉമര്‍ (റ) ഇസ്‌ലാം സ്വീകരിച്ചതും പ്രസിദ്ധമാണല്ലോ.4
ചരിത്രവും സീറഃയും
വ്യക്തിയോ സമൂഹമോ കടന്നു പോവുന്ന അവസ്ഥകളുടെയും സംഭവങ്ങളുടെയും സാകല്യത്തിനാണ് 'താരീഖ്' (ചരിത്രം) എന്ന പറയുന്നത്. ഇത് തീയതി പ്രധാനമായിരിക്കും. എന്നാല്‍, നബി(സ)യുടെ ജീവചരിത്രം സാമാന്യേന 'സീറഃ' എന്നാണ് വ്യവഹരിക്കപ്പെടുന്നത്. ഒരാള്‍ സഹജമായോ, ആര്‍ജ്ജിതമായോ നിലകൊള്ളുന്ന അവസ്ഥക്കാണ് സീറഃ എന്നുപയോഗിക്കുന്നത്. ഈ വിവക്ഷ പ്രകാരം തീയതികള്‍ക്കതീതമായി മുഹമ്മദ് നബിയുടെ അറുപത്തിമൂന്ന് വര്‍ഷത്തെ ജീവിത സാകല്യമാണ് സീറഃ.5 ഇവിടെ മുഹമ്മദുല്‍ ഗസ്സാലിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്: ''മുഹമ്മദ് നബിയുടെ ജനനം മുതല്‍ മരണം വരെയുള്ള ചരിത്രം പഠിച്ചാല്‍ തിരുചരിത്രപഠനമാവില്ല. ഖുര്‍ആനും സുന്നത്തും ചേര്‍ത്തു പഠിച്ചാലേ ശരിയായ പഠനമാവൂ.''6
സഹിഷ്ണുതയും സഹവര്‍ത്തിത്വവും: പ്രവാചക പാഠങ്ങള്‍
അകൃത്രിമവും സ്വാഭാവികവും പ്രകൃതിയുക്തവുമായിരുന്നു നബിമാരുടെ ജീവിതം. നാട്യങ്ങളും ജാടകളും അവര്‍ക്ക് പറഞ്ഞതല്ല. ''നബിയേ, താങ്കള്‍ പറയുക: ഞാന്‍ ഇതിന്റെ പേരില്‍ നിങ്ങളോട് പ്രതിഫലം ചോദിക്കുന്നില്ല. ഞാന്‍ കൃത്രിമത്വമുള്ളവരില്‍ പെട്ടവനുമല്ല'' (സ്വാദ് 86). ''ഞാനും എന്റെ സമുദായത്തിലെ ഭക്തന്മാരും കൃത്രിമത്വത്തില്‍ നിന്ന് മുക്തരാണ്'' (അന വ അത്ഖിയാഉ ഉമ്മത്തീ ബുറആഉ മിനത്തകല്ലുഫി) (ഹദീസ്).7 ഇമാം നസഫി എഴുതുന്നു: ''അനര്‍ഹമായത് കൃത്രിമമായി നടിക്കുന്നവനല്ല ഞാന്‍. പ്രവാചകത്വം സ്വയം അവകാശപ്പെടാനും ഖുര്‍ആന്‍ കെട്ടിച്ചമയ്ക്കാനും ഞാന്‍ നേരത്തേ എന്തെങ്കിലും കൃത്രിമത്വം ചെയ്തതായോ അവകാശപ്പട്ടവനായോ എന്നെപ്പറ്റി നിങ്ങള്‍ക്ക് ഒട്ടുമേ അറിയില്ല.'' നബി (സ) പറയുന്നു: ''കൃത്രിമത്വമുള്ളയാള്‍ക്ക് മൂന്നു ലക്ഷണങ്ങളുണ്ടായിരിക്കും. അയാള്‍ തന്റെ മുകളിലുള്ളവരോട് തര്‍ക്കിക്കും, തന്റെ കൈവശമില്ലാത്തത് തരാമെന്ന് പറയും, അറിയാത്തത് പറയും.''8 എല്ലാ ജനങ്ങളുടെയും മുമ്പില്‍ തുറന്നു വെക്കപ്പെട്ട, നൂറൂ ശതമാനവും സ്വാഭാവികത നിറഞ്ഞ ജീവിതമായിരുന്നു നബിയുടേത് എന്നു സാരം.
ഇഴുകിച്ചേര്‍ന്നുള്ള ജീവിതം
എല്ലാ നബിമാരും ജനങ്ങളുമായി ഇഴുകിച്ചേര്‍ന്നായിരുന്നു ജീവിച്ചിരുന്നത്. നാല്‍പത് വര്‍ഷക്കാലം തങ്ങള്‍ക്കിടയിലൊരുവനായി ജീവിച്ചുപോന്നപ്പോഴൊന്നും യാതൊരു വിധ സംശയങ്ങള്‍ക്കുമിട നല്‍കാതിരുന്ന മുഹമ്മദ് നബി, താന്‍ അല്ലാഹുവിന്റെ പ്രവാചകനാണെന്ന് പറഞ്ഞതോടെ, ശത്രുക്കള്‍ അദ്ദേഹത്തിനെതിരെ പലതരം ആരോപണങ്ങള്‍ ഉന്നയിച്ചു. അതിനു മറുപടിയായി പറയാന്‍ അല്ലാഹു താഴെ ചേര്‍ത്ത ഭാഗം അവതരിപ്പിച്ചു: ''ഇതിന് മുമ്പ്-പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ്-ഞാന്‍ നിങ്ങള്‍ക്കിടയില്‍ ജീവിച്ചിട്ടുണ്ടല്ലോ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ?'' (യൂനുസ് 16). 'ഞാന്‍ നിങ്ങള്‍ക്കിടയില്‍ സുപരിചിതനല്ലേ' എന്നു സാരം. നൂഹു നബിയെയും മൂസാനബിയെയും സംബന്ധിച്ച് യഥാക്രമം അല്‍അന്‍കബൂത്ത്: 14, ത്വാഹാ: 40 അധ്യായങ്ങളില്‍ പറയുന്നുണ്ട്.
സാമ്പ്രദായിക നബിചരിത്ര പഠന രീതിയനുസരിച്ച് മുഹമ്മദ് നബിയും അനുയായികളും ഒരുവശത്തും, ശത്രുക്കള്‍ മറു വശത്തുമായി പൂര്‍ണമായും ധ്രുവീകരിക്കപ്പെട്ടാണ് കഴിഞ്ഞിരുന്നതെന്നാണ് മനസ്സിലാക്കപ്പെടുന്നത്. എന്നാല്‍, ആദര്‍ശപരമായ ധ്രുവീകരണം നടന്നതോടൊപ്പം തന്നെ ഇതര ജനവിഭാഗങ്ങളുമായി സര്‍വസാധാരണമായ നിത്യബന്ധങ്ങള്‍ നിലനിന്നിരുന്നതായി നബി ചരിത്രത്തില്‍ നിന്ന് മനസ്സിലാവുന്നു. ഹിജ്‌റു ഇസ്മാഈല്‍, മഖാമു ഇബ്‌റാഹീം, സംസം കിണര്‍, തെരുവുകള്‍, മലയിടുക്കുകള്‍, യാത്രാവഴികള്‍, കൃഷിയിടങ്ങള്‍, ജലസ്രോതസ്സുകള്‍, മേച്ചില്‍പുറങ്ങള്‍, ഉല്‍സവ സ്ഥലങ്ങള്‍, ചന്തകള്‍ മുതലായ ധാരാളം സ്ഥലങ്ങളും സന്ദര്‍ഭങ്ങളും ഈ സങ്കലനത്തിന് വേദിയായിരുന്നിട്ടുണ്ട്. ഒരു ഉദാഹരണം: ഉസാമത്തുബ്‌നു സൈദില്‍ നിന്ന് നിവേദനം: നബി (സ) ഒരു നാള്‍ കഴുതപ്പുറത്തു കയറി. ഫദകിന്‍ നിര്‍മിച്ച ജീനിയിലാണ് അവിടുന്ന് ഇരുന്നത്. പിറകില്‍ ഉസാമത്തുബ്‌നു സൈദിനെയും ഇരുത്തി. ബനുല്‍ഹാരിസില്‍ ചെന്ന് സഅ്ദുബ്‌നു ഉബാദഃയെ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യം. ബദ്ര്‍ സംഭവത്തിനു മുമ്പായിരുന്നു ഇത്. അങ്ങനെ അവിടുന്ന് അബ്ദുല്ലാഹിബ്‌നു ഉബയ്യ് ബ്‌നു സലൂലിന്റെ സദസ്സിനു സമീപത്തുകൂടി കടന്നുപോയി. ഇബ്‌നു സലൂല്‍ ഇസ്‌ലാം സ്വീകരിക്കുന്നതിന്റെ മുമ്പാണിത്. മുസ്‌ലിംകളും വിഗ്രഹപൂജകരായ മുശ്‌രിക്കുകളും യഹൂദികളും ചേര്‍ന്നതായിരുന്നു സദസ്സ്. അബ്ദുല്ലാഹിബ്‌നു റവാഹഃ എന്ന സ്വഹാബിയും സദസ്സിലുണ്ടായിരുന്നു. നബിയുടെ യാത്രാ വാഹനം സദസ്സില്‍ പൊടി ഉയര്‍ത്തിയപ്പോള്‍ അബ്ദുല്ലാ ഹിബ്‌നു ഉബയ്യ് തട്ടംകൊണ്ട് മൂക്ക് പൊത്തുകയും 'തങ്ങളുടെ മേല്‍ പൊടി പറത്തല്ലേ' എന്നു വിളിച്ചു പറയുകയും ചെയ്തു. നബി അവരോട് സലാം പറഞ്ഞു. ഖുര്‍ആന്‍ പാരായണം ചെയ്തു കേള്‍പ്പിച്ചു. അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു... (ബുഖാരി, അല്‍ ഇസ്തിഅ്ദാല്‍).
സ്വസമുദായത്തെക്കുറിച്ച അറിവ്
ബഹുസ്വര സൗഹൃദം സാധ്യമാവണമെങ്കില്‍ സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളുടെ പാരമ്പര്യങ്ങളെയും രാജ്യത്തിന്റെ മൊത്തം പൈതൃകത്തെയും കുറിച്ച അവഗാഹം ആവശ്യമാണ്. നബി (സ)ക്ക് അത് വേണ്ടുവോളമുണ്ടായിരുന്നു. നബി (സ) അറേബ്യന്‍ ബഹുദൈവ വിശ്വാസികളെ എങ്ങനെയാണ് സംസ്‌കരിച്ചെടുത്തതെന്നറിയാന്‍ അറേബ്യന്‍ പൊതു പൈതൃകത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. ഇബ്‌റാഹീം, ഇസ്മാഈല്‍ നബിമാരുടെ മില്ലത്ത് ആയിരുന്നു അറബികളുടെ പൊതു പൈതൃകം (അല്‍ഹജ്ജ് 78). പില്‍ക്കാലത്ത് അംറുബ്‌നു ലുഹയ്യ് അതില്‍ തന്റെ വക തിരുത്തലുകള്‍ വരുത്തി (അല്‍ മാഇദ 103). നബി (സ) ഇസ്മാഈല്‍ നബിയുടെ മാതൃകയുമായി പൊരുത്തപ്പെടുന്നവ നിലനിര്‍ത്തി. ബഹുദൈവത്വപരമായ ചിഹ്‌നങ്ങളെ ദുര്‍ബലപ്പെടുത്തി. പ്രവാചക നിയോഗത്തിന്റെ സാധുതയെ അവര്‍ അംഗീകരിച്ചിരുന്നു. പുണ്യകര്‍മങ്ങളില്‍ വിശ്വസിക്കുകയും ചെയ്തു. അവരില്‍ അധര്‍മികളും മതനിഷേധികളുമുണ്ടായിരുന്നു. അധര്‍മത്തിന് അവര്‍ സ്വയം സാക്ഷികളായി.
അജ്ഞാനികളും അശ്രദ്ധരുമായിരുന്നു മറ്റൊരു വിഭാഗം. ദീര്‍ഘകാലം പ്രവാചക നിയോഗമുണ്ടാവാതിരുന്നതിനാല്‍ അവര്‍ ദീനിനെ പരിഗണിച്ചില്ല. ഖുറൈശികളും കൂട്ടാളികളും ഈ ഗണത്തിലായിരുന്നു. 'ഒരു മുന്നറിയിപ്പുകാരന്‍ വന്നിട്ടില്ലാത്ത ജനതയ്ക്ക് താങ്കള്‍ മുന്നറിയിപ്പ് നല്‍കുന്നതിനു വേണ്ടി' (അസ്സജദ 3).
അല്ലാഹുവില്‍ അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നു (ലുഖ്മാന്‍ 25, അല്‍ അന്‍ആം 41, അല്‍ ഇസ്‌റാഅ് 67). അബദ്ധജടിലമെങ്കിലും മലക്കുകളില്‍ അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നു. മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന വിശ്വാസം നിലനിന്നു. വിധിയില്‍ ജാഹിലിയ്യഃ അറബികള്‍ക്ക് വിശ്വാസമുണ്ടായിരുന്നു. ഹസന്‍ ബസ്വ്‌രി പറയുന്നു: ''അജ്ഞാന സമൂഹം അവരുടെ പ്രസംഗങ്ങളിലും കവിതകളിലും വിധി(ഖദ്ര്‍)യെ പരാമാര്‍ശിച്ചിരുന്നു. ഇസ്‌ലാം അതിനെ ഒന്നുകൂടി ഊന്നിപ്പറയുകയേ ചെയ്തിട്ടുള്ളൂ.''
ജാഹിലിയ്യ കവിതകളില്‍ അത്യുന്നത സഭ (മലക്കുകള്‍) യെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. ഒരു കവിത ഇങ്ങനെ:
''അല്ലാഹുവിന്റെ സിംഹാസനത്തിന്റെ വാഹകരായ മലക്കുകളും, മനുഷ്യരിലെയും മൃഗങ്ങളിലെയും അല്ലാഹുവിന്റെ സവിധത്തിലെ ശിപാര്‍ശകരും സര്‍വശക്തനായ ദൈവത്തിന്റെ ശക്തിക്കും ആധിപത്യത്തിനും വിധേയരാണ്.'' ഇതു കേട്ടപ്പോള്‍ നബി (സ) പറഞ്ഞു: ''അദ്ദേഹം പറഞ്ഞത് സത്യമാണ്.''
ജാഹിലിയ്യ സമൂഹം കടത്തിക്കൂട്ടിയ ഭേദഗതികള്‍ തുറന്നു കാട്ടാന്‍, അവര്‍ കൂടി പങ്കുവെക്കുന്ന പൈതൃകം നബി (സ) എടുത്തുകാട്ടി: ''നബിയേ, ചോദിക്കുക, ആരാണ് മൂസാ കൊണ്ടുവന്ന ഗ്രന്ഥം അവതരിപ്പിച്ചത്?'' (അല്‍ അന്‍ആം 91). അറേബ്യന്‍ സമൂഹത്തിലെ വിജ്ഞാനികളായ ഖുസ്സുബ്‌നുസാഇദഃ, സൈദുബ്‌നു അംറുബ്‌നു നുഫൈല്‍ മുതലായവരുടെ പ്രസംഗങ്ങളും മറ്റും ഇതിനു തെളിവാണ്. സുഹൈറുബ്‌നു അബീസല്‍മായും ആമിര്‍ ഇബ്‌നു ളര്‍ബും (പ്രസംഗകനായ ഇദ്ദേഹം മദ്യവിരോധിയായിരുന്നു) അബ്ദുല്ലാഹിബ്‌നു തഗ്‌ലബും, ഖബ്‌റഃ ഇബ്‌നു ഖുദാഅഃയും അലാന്‍ ഇബ്‌നു ശിഹാബിത്തമീമിയും അല്ലാഹുവിലും പരലോകത്തിലും വിശ്വസിച്ചിരുന്നു. ചുരുക്കത്തില്‍, ഖുര്‍ആന്‍ പില്‍ക്കാലത്ത് നിഷിദ്ധമാക്കിയ പലതും അറബികള്‍ നേരത്തെത്തന്നെ സ്വയം നിഷിദ്ധമാക്കിയിരുന്നു. കവിയായിരുന്ന ഉമയ്യത്തുബ്‌നു അബിസ്സ്വല്‍ത്തിനെക്കുറിച്ച് നബി (സ) പറഞ്ഞു: ''അദ്ദേഹത്തിന്റെ കവിത വിശ്വാസിയായിരിക്കുന്നു; അദ്ദേഹത്തിന്റെ ഹൃദയം ഇനിയും വിശ്വസിച്ചിട്ടില്ല.''
ലൈംഗിക ബന്ധത്തിലൂടെയോ അല്ലാതെയോ ഇന്ദ്രിയ സ്ഖലനമുണ്ടായാല്‍ അവര്‍ കുളിച്ചു ശുദ്ധിയായിരുന്നു. നഖം മുറിക്കുക, കക്ഷത്തിലെയും ഗുഹ്യത്തിലെയും രോമം നീക്കുക മുതലായ പ്രകൃതി ചര്യകള്‍ അവര്‍ക്ക് ശീലമുണ്ടായിരുന്നു. ജൂതരും അഗ്നിയാരാധകരും അംഗശുദ്ധി വരുത്തിയിരുന്നു. നബി (സ)യുമായി ബന്ധം സ്ഥാപിക്കുന്നതിനു മുമ്പ്തന്നെ അബൂദര്‍റ് (റ) നമസ്‌കരിച്ചിരുന്നു. അഗ്നി പൂജകരുടെയും അറബികളുടെയും മറ്റും നമസ്‌കാര രൂപം സാംഷ്ടാംഗ പ്രണാമവും പ്രാര്‍ഥനാ വചനങ്ങളുമായിരുന്നു. സകാത്തും അവര്‍ക്ക് പരിചിതമായിരുന്നു. അതിഥി സല്‍ക്കാരം വഴി യാത്രക്കാരെയും ദുര്‍ബലരെയും അഗതികളെയും സഹായിക്കല്‍, കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കല്‍, വിപദ്‌സന്ധികളില്‍ സഹായമെത്തിക്കല്‍ തുടങ്ങിയവയായിരുന്നു അവരിലെ സകാത്തിന്റെ പ്രായോഗിക രൂപങ്ങള്‍.
പ്രഭാതം മുതല്‍ രാത്രി വരെ നോമ്പനുഷ്ഠിക്കുന്ന രീതിയുമുണ്ടായിരുന്നു. ഖുറൈശികള്‍ ജാഹിലിയ്യ കാലത്തു തന്നെ ആശൂറാ വ്രതം അനുഷ്ഠിച്ചിരുന്നു. ഇഅ്തികാഫ് നിലവിലുണ്ടായിരുന്നു. ഉമര്‍ (റ) ജാഹിലിയ്യ കാലത്ത് ഇഅ്തികാഫ് നേര്‍ച്ചയാക്കിയിരുന്നതായി കാണാം. ആസ്വുബ്‌നു വാഇല്‍ തനിക്ക് വേണ്ടി ഇത്ര അടിമകളെ മോചിപ്പിക്കണമെന്ന് വസ്വിയ്യത്ത് ചെയ്തിരുന്നു.
ഹജ്ജനുഷ്ഠാനം തിരുത്തലുകളോടെയാണെങ്കിലും നിലവിലുണ്ടായിരുന്നു. കാലികളെ കഴുത്ത്, നെഞ്ച് തുടങ്ങിയ സ്ഥാനങ്ങളില്‍ അറുക്കുന്നതായിരുന്നു അവരുടെ രീതി. ശ്വാസം മുട്ടിച്ചോ വയറു കീറിയോ ആയിരുന്നില്ല. നക്ഷത്രഗണിത ശാസ്ത്രം അവലംബിച്ചിരുന്നില്ല. ജ്യോല്‍സ്യം, പ്രശ്‌നംവെക്കല്‍, നാട്ടക്കുറി തുടങ്ങിയവ വളരെ വൈകിയാണ് കടന്നുകൂടിയത്. കൈകളില്‍ പ്രശ്‌നാസ്ത്രങ്ങള്‍ പിടിച്ചുള്ള ഇബ്‌റാഹീം, ഇസ്മാഈല്‍ നബിമാരുടെ പ്രതിമകള്‍ കണ്ടപ്പോള്‍ നബി (സ) പറഞ്ഞ വാക്കുകള്‍ അതിനു തെളിവാണ്: ''അവര്‍ രണ്ടുപേരും ഒരിക്കല്‍ പോലും പ്രശ്‌നാസ്ത്ര പ്രയോഗം നടത്തിയിട്ടില്ലെന്ന് അവര്‍ക്ക് (ഖുറൈശികള്‍ക്ക്) അറിയാമായിരുന്നുവല്ലോ!'' അംറുബ്‌നു ലുഹയ്യ് ഇബ്‌റാഹീമീ മില്ലത്തില്‍ തിരുത്തുകള്‍ വരുത്തുന്നതു വരെ പൂര്‍വ മാതൃക തന്നെയാണ് പിന്‍പറ്റിയിരുന്നത് (പ്രവാചക നിയോഗത്തിന്റെ എഴുനൂറ് വര്‍ഷം മുമ്പാണ് അംറുബ്‌നു ലുഹയ്യ് ജനിച്ചത്).
അന്നപാനീയങ്ങള്‍, വസ്ത്രം, സദ്യ, സല്‍ക്കാരം, ആഘോഷങ്ങള്‍, ശവസംസ്‌കാരം, വിവാഹം, വിവാഹമോചനം, മഹ്ര്‍, ഇദ്ദാചരണം, ദുഃഖാചരണം, കച്ചവടങ്ങള്‍, ഇടപാടുകള്‍ മുതലായവയിലെല്ലാം പാരമ്പര്യമായി ലഭിച്ച പ്രവാചക ചര്യകള്‍ കൈവെടിയുന്നതിനെ അറബികള്‍ ആക്ഷേപാര്‍ഹമായി കണ്ടിരുന്നു. പുത്രിമാര്‍, മാതാക്കള്‍, സഹോദരിമാര്‍ മുതലായവരെ വിവാഹം ചെയ്യുന്നത് നിഷിദ്ധമാക്കിയിരുന്നു. പക്ഷെ, ക്രമേണ അധര്‍മം കൂടിക്കൂടി വന്നു. ആരാധനാനുഷ്ഠാനങ്ങള്‍ കൈവെടിഞ്ഞു. ഈയവസ്ഥയിലാണ് മുഹമ്മദ് നബിയുടെ നിയോഗമുണ്ടായത്. അവിടുന്ന് അവരുടെ ആത്മീയ സാംസ്‌കാരിക അവസ്ഥകള്‍ മനസ്സിലാക്കി ഇബ്‌റാഹീമി മില്ലത്തില്‍ നിലകൊണ്ടുതന്നെ ആവശ്യമായ പരിഷ്‌കരണങ്ങള്‍ വരുത്തി.9
അറേബ്യന്‍ സമൂഹത്തിന്റെ സമസ്ത മേഖലകളെക്കുറിച്ചും നബിക്ക് നല്ല ധാരണയുണ്ടായിരുന്നു. ബഹുസ്വര രാജ്യമായ ഇന്ത്യയില്‍ വസിക്കുന്ന മുസ്‌ലിംകള്‍ക്ക് തങ്ങളല്ലാത്തവരെക്കുറിച്ച് സാമാന്യമെങ്കിലുമായ ജ്ഞാനം ആവശ്യമാണെന്നു സാരം.
കുറിപ്പുകള്‍:
1. അബുല്‍ ഹസന്‍ അലി നദ്‌വി, അന്നുബുവ്വത്തു വല്‍ അമ്പിയാഅ്2. തഫ്‌സീറുബ്‌നി കസീര്‍
3. ഫീ ളിലാലില്‍ ഖുര്‍ആന്‍ (6/3544)
4. തുര്‍മുദി, കിതാബുല്‍ മനാഖിബ് (3863), അഹ്മദ് (5696), ഹാകിം (4485). നല്ല പരമ്പരയാണെന്ന് ഹാകിമും ദഹബിയും അഭിപ്രായപ്പെട്ടിരിക്കുന്നു. സ്വഹീഹും ഹസനുമാണെന്ന് അല്‍ബാനി രേഖപ്പെടുത്തിയിട്ടുണ്ട്.
5. അര്‍റാഗിബുല്‍ അസ്വ്ഫഹാനി, അല്‍ മുഫ്‌റദാത്തു ഫീ ഗരീബില്‍ ഖുര്‍ആന്‍.
6. മുഹമ്മദുല്‍ ഗസ്സാലി, ഫിഖ്ഹുസ്സീറഃ
7. 'അല്‍മുഫ്‌റദാത്തു ഫീ ഗരീബില്‍ ഖുര്‍ആനില്‍' 'കലിഫ' എന്ന പദം കാണുക.
8. തഫ്‌സീറുന്നസഫി (സൂറഃ സ്വാദ്)
9. ഷാ വലിയുല്ലാഹിദ്ദഹ്‌ലവി, ഹുജ്ജത്തുല്ലാഹില്‍ ബാലിഗഃ ഉദ്ധരണം: ബോധനം, 2003 നവ-ഡിസം.
Comments