Prabodhanm Weekly

Pages

Search

2016 ജനുവരി 15

വായനയിലെ ഇസ്‌ലാം

കെ. അഷ്‌റഫ് /കവര്‍‌സ്റ്റോറി

         ഇസ്‌ലാമിക പഠനമേഖലയില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ പുസ്തകങ്ങളുടെ വലിയൊരു നിര തന്നെയുണ്ട്. അവയില്‍ നിന്ന് തെരഞ്ഞെടുത്ത ചിലതാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വൈജ്ഞാനിക സാഹിത്യ വിഭാഗത്തില്‍പെട്ട ഇംഗ്ലീഷ് അക്കാദമിക പുസ്തകങ്ങള്‍ മാത്രമാണ് തെരഞ്ഞെടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ അക്കാദമികേതരവും ഇംഗ്ലീഷ് ഭാഷക്ക് പുറത്തുമുള്ള വലിയൊരു പുസ്തകലോകത്തെ കാണാന്‍ കഴിഞ്ഞിട്ടില്ല എന്ന പരിമിതി ഇവിടെയുണ്ട്. എങ്കിലും ഇസ്‌ലാമിക ചിന്തയുടെയും പഠനത്തിന്റെയും ചടുലമായ വികാസത്തെ കഴിഞ്ഞ വര്‍ഷം ഈ പുസ്തകങ്ങള്‍ പ്രതിനിധീകരിച്ചുവെന്നു കാണാം.

ഇസ്‌ലാമിക ചിന്തയിലെ പ്രധാന ശബ്ദമായ ഹുസൈന്‍ നസ്‌റിന്റെ നേതൃത്വത്തില്‍ ഏതാനും മുസ്‌ലിം പണ്ഡിതന്മാര്‍ വിശുദ്ധ ഖുര്‍ആന്റെ രണ്ടായിരം പേജുവരുന്ന പരിഭാഷയും വ്യാഖ്യാനവും The Study Qur'an : A New Translation and Commentary (Harper Collins 2015) എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്നു. ഇംഗ്ലീഷില്‍ ഇപ്പോള്‍ ലഭ്യമായ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളെക്കാളും പരിഭാഷകളെക്കാളും എത്രയോ ശ്രദ്ധയോടെ The Study Qur'an തയാറാക്കിയിരിക്കുന്നുവെന്നാണ് നിരൂപകര്‍ പറയുന്നത്. ഇംഗ്ലീഷ് ഇസ്‌ലാമിക ലോകത്തെ ഒട്ടുമിക്ക പണ്ഡിത ശബ്ദങ്ങളും ഈ പുതിയ സംരംഭത്തെ പിന്തുണച്ചു രംഗത്ത് വരികയുണ്ടായി. ഡസനിലേറെ ഇംഗ്ലീഷ് പരിഭാഷ ഖുര്‍ആനിനുണ്ടെങ്കിലും പാശ്ചാത്യ ലോകത്തെ സവിശേഷതകള്‍ മനസ്സിലാക്കിയുള്ള ആദ്യ ഖുര്‍ആന്‍  സംരംഭമാണിത്.

അസ്മ അഫ്‌സരുദ്ദീന്‍ എഴുതിയ Contemporary Issues in Islam (Edinburgh University Press 2015) ഇസ്‌ലാമുമായി ബന്ധപ്പെട്ട സമകാലിക സംവാദങ്ങളെ അഭിമുഖീകരിക്കാനുള്ള ധീരമായ ശ്രമമാണ്. പൊതു സംവാദങ്ങളില്‍ ഇസ്‌ലാമുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ഏഴ് പ്രധാന പ്രശ്‌നങ്ങളെ എടുത്ത് പരിശോധിക്കുകയാണ് ഈ പുസ്തകം ചെയ്യുന്നത്. ആധുനികത, ശരീഅ, രാഷ്ട്രീയം, ലിംഗഭേദം, യുദ്ധവും സമാധാനവും, അമേരിക്കന്‍ മുസ്‌ലിംകളും മുസ്‌ലിം ഉമ്മത്തും, ഇസ്‌ലാമും മറ്റു മതങ്ങളും തുടങ്ങിയവയാണ്  അഫ്‌സരുദ്ദീന്‍ ചര്‍ച്ച ചെയ്യുന്ന ഏഴ് സമകാലിക പ്രശ്‌നങ്ങള്‍. ഓരോ പ്രശ്‌നവും ചരിത്രപരമായി എടുത്തു പരിശോധിക്കുകയും വരട്ടുവാദങ്ങളില്‍ നിന്ന് മുക്തമായ ഭാവി സംവാദങ്ങളിലേക്ക് വാതില്‍ തുറക്കുകയുമാണ് അഫ്‌സരുദ്ദീന്‍ ചെയ്യുന്നത്. അമേരിക്കന്‍ ഐക്യനാടുകളിലെ വ്യത്യസ്ത സര്‍വകലാശാലകളില്‍ പഠിപ്പിച്ച അസ്മ ഇസ്‌ലാമുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്. 

ഇന്നത്തെ പൊതുസംവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന മറ്റൊരു പ്രധാനപ്പെട്ട മുസ്‌ലിം പ്രശ്‌നമാണ് മദ്‌റസകള്‍. സ്വന്തം അനുഭവത്തെ മുന്‍നിര്‍ത്തി മദ്‌റസകളെ പറ്റിയുള്ള സമകാലിക ആകാംക്ഷകളെ വിശകലനം ചെയ്യുകയാണ് ഇസ്‌ലാമിക ചിന്തകനും ഗവേഷകനുമായ ഇബ്‌റാഹീം മൂസയുടെ പുതിയ പുസ്തകമായ What is a Madrasa? (Edinburgh University Press 2015). പുസ്തകത്തിന്റെ ആദ്യ അധ്യായം മദ്‌റസയിലെ മുസ്‌ലിം ദൈനംദിന ജീവിതത്തെക്കുറിച്ചാണ് പറയുന്നത്. അതില്‍തന്നെ ദക്ഷിണേഷ്യയിലെ മദ്‌റസ അനുഭവമാണ് അദ്ദേഹം വിശകലനം ചെയ്യുന്നത്. രണ്ടാമത്തെ അധ്യായത്തില്‍ ദക്ഷിണേഷ്യയിലെ മദ്‌റസകളുടെ ഉത്ഭവം, ചരിത്രപരമായ വികാസം, അതുമായി ബന്ധപ്പെട്ട പ്രധാന പണ്ഡിതന്മാര്‍, അവരുടെ വൈജ്ഞാനികവും രാഷ്ട്രീയവുമായ സംഭാവനകള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നു. മൂന്നാമത്തെ അധ്യായത്തില്‍ മദ്‌റസ വിജ്ഞാനത്തിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നു. കൂടാതെ  സ്ത്രീകള്‍ മാത്രമുള്ള മദ്‌റസകളും പെണ്‍മദ്‌റസകള്‍ അനുഭവിക്കുന്ന വിവേചനവും സ്ത്രീകളുടെ വൈജ്ഞാനിക ജീവിതത്തിന്റെ പ്രശ്‌നങ്ങളും അന്വേഷണ വിധേയമാക്കുന്നു. അവസാന അധ്യായത്തില്‍ ഇന്നത്തെ ആഗോള രാഷ്ട്രീയ ചലനങ്ങളില്‍ എങ്ങനെയാണ് മദ്‌റസകള്‍ പ്രതിനിധാനം ചെയ്യപ്പെടുന്നത് എന്ന് ചര്‍ച്ച ചെയ്യുന്നു. മദ്‌റസകള്‍ ഭീകരവാദത്തിന്റെ കേന്ദ്രങ്ങളണെന്ന പ്രചാരണത്തെ ശക്തമായ  ഭാഷയിലാണ് ഇബ്‌റാഹീം മൂസ വിചാരണ ചെയ്യുന്നത്. 

കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ നടന്ന ഷാര്‍ലി എബ്‌ദോ പ്രശ്‌നം  ചര്‍ച്ച ചെയ്യുന്ന പുസ്തകമാണ് ഇമ്മാനുവേല്‍ ടോഡ് എഴുതിയ Who is Charlie? (Poltiy Press 2015). ഫ്രാന്‍സിലെ പ്രമുഖനായ സാമൂഹിക ശാസ്ത്രജ്ഞനും പൊതുബുദ്ധിജീവിയുമാണ് ഇമ്മാനുവല്‍ ടോഡ്. അപര സമൂഹങ്ങളെയും വിശിഷ്യ കുടിയേറ്റക്കാരായ മുസ്‌ലിംകളെയും നിരന്തരം പിശാചുവത്കരിച്ചുകൊണ്ട് സംസാരിച്ചിരുന്ന ഫ്രഞ്ച് മാഗസിനായ ഷാര്‍ലി എബ്‌ദോക്കെതിരെ നടന്ന ആക്രമണം എങ്ങനെ സാധ്യമായി എന്നാണ് അദ്ദേഹം അന്വേഷിക്കുന്നത്. പറയപ്പെടുന്ന പോലെ ഫ്രാന്‍സ് സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം തുടങ്ങിയ ലിബറല്‍ റിപ്പബ്ലിക്കന്‍ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നു. പക്ഷേ അതിന്റെയൊപ്പം തന്നെ റിപ്പബ്ലിക്കന്‍ ആശയങ്ങളെ ഒട്ടും കൂസാത്ത രാഷ്ട്രീയ ശക്തികള്‍ ലിബറല്‍ വരേണ്യ രാഷ്ട്രീയത്തിന്റെ ഭാഗമായി ഫ്രാന്‍സില്‍ നിലനില്‍ക്കുന്നുമുണ്ട്. ഈ വരേണ്യ വര്‍ഗം പുലര്‍ത്തുന്ന സാമൂഹിക മുന്‍വിധികളും സാമ്പത്തിക കൊള്ളയും തൊഴില്‍ ചൂഷണവും വംശീയ നയങ്ങളും തന്നെയാണ് എബ്‌ദോക്കെതിരായ ആക്രമണത്തെ സാധ്യമാക്കിയതെന്നു തെളിവുകള്‍ സഹിതം ടോഡ് കാണിച്ചുതരുന്നു. എബ്‌ദോക്കെതിരായ ആക്രമണത്തെ, അടിച്ചമര്‍ത്തപ്പെട്ടവര്‍ നടത്തിയ വഴിതെറ്റിയ പ്രതികരണമായാണ് ടോഡ് വിലയിരുത്തുന്നത്. അടിച്ചമര്‍ത്തല്‍ എന്ന സാഹചര്യം ഉണ്ടാക്കുന്ന വ്യവസ്ഥാപരമായ കാരണങ്ങളെ ചര്‍ച്ച ചെയ്യാതെ ഫ്രാന്‍സിനു ഒന്നും  പരിഹരിക്കാന്‍ സാധിക്കില്ല എന്നും ഇമ്മാനുവല്‍ ടോഡ് ഓര്‍മപ്പെടുത്തുന്നു. 

ദല്‍ഹി സര്‍വകലാശാലയിലെ സീമ അലവി എഴുതിയ Muslim Cosmopolitanisam in the Age of Empire (Harvard University Press 2015) എന്ന പുസ്തകം ഇസ്‌ലാമിക ചരിത്ര വായനയിലെ വേറിട്ട അനുഭവമാണ്. കൊളോണിയല്‍ ഇന്ത്യയില്‍ വേരുകളുള്ള അഞ്ചു മുസ്‌ലിം വ്യക്തിത്വങ്ങള്‍ നടത്തിയ അധിനിവേശ വിരുദ്ധ ആഗോള സഞ്ചാരത്തെ കുറിച്ചാണ് അലവിയുടെ പഠനം. മമ്പുറം സയ്യിദ് ഫസല്‍ തങ്ങളുടെ അധിനിവേശവിരുദ്ധ ലോക സഞ്ചാരത്തെയും ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത മുസ്‌ലിം രാഷ്ട്രീയ സഖ്യങ്ങള്‍ ഉണ്ടാക്കാന്‍ അദ്ദേഹം നടത്തിയ  ശ്രമങ്ങളെയും ഈ പുസ്തകം സവിശേഷമായി രേഖപ്പെടുത്തുന്നു. മുസ്‌ലിം കോസ്‌മോപോളിറ്റനിസത്തെ കുറിച്ച് പുറത്തുവരുന്ന സമീപകാല പഠനങ്ങളുടെ ഭാഗമായി ഈ പുസ്തകത്തെ കാണാം. 

ഇസ്‌ലാമിക ദൈവശാസ്ത്ര പഠന മേഖലയിലെ പ്രധാന ശബ്ദമായ മുന സിദ്ദീഖി എഴുതിയ Hospitality and Islam: Welcoming in God's Name (Yale University Press 2015) വ്യത്യസ്തമായ ഒരു രാഷ്ട്രീയ/നൈതിക പ്രശ്‌നത്തെ ചര്‍ച്ചക്കെടുക്കുന്നു. അതിഥിയും ആതിഥേയത്വവും  ഇത്രയേറെ ചര്‍ച്ച  ചെയ്യുന്ന ആഗോളീകരണ കാലഘട്ടത്തെയാണ് ഈ പുസ്തകം അഭിസംബോധന ചെയ്യുന്നത്. ദേശരാഷ്ട്രങ്ങള്‍ തമ്മിലെ അതിര്‍ത്തികള്‍ മായുകയും  ലോകത്തെ വ്യത്യസ്ത സമൂഹങ്ങള്‍ അതിര്‍ത്തികള്‍ മുറിഞ്ഞ്  പരസ്പരം കണ്ടുമുട്ടുകയും ചെയ്യുമ്പോള്‍ ഇസ്‌ലാമിക ചിന്തയുടെ വെളിച്ചത്തില്‍  അതിഥിയും ആതിഥേയനും എന്ന ബന്ധത്തിന്റെ വ്യത്യസ്തമായ വശങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് മുന സിദ്ദീഖി. ആഗോളീകരണ ലോകത്ത് മനുഷ്യ സമൂഹങ്ങള്‍ തമ്മില്‍ അടുക്കുമ്പോള്‍ തന്നെയാണ് അവര്‍ തമ്മിലുള്ള അകലങ്ങള്‍ എന്തായിരുന്നുവെന്ന് നാം തിരിച്ചറിയുന്നത്. അകലങ്ങള്‍ കുറഞ്ഞു വരുന്ന ആഗോള ഗ്രാമത്തില്‍ പക്ഷേ അധികാരം കുറഞ്ഞവരെയും ന്യൂനപക്ഷ സംസ്‌കാരങ്ങളെയും മുന്‍നിര്‍ത്തി അപരവിദ്വേഷം പുതിയ രീതിയില്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്നു. ദേശ രാഷ്ട്രങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചും വിഘടിപ്പിച്ചും നിലനില്‍ക്കുന്ന കുടിയേറ്റ സമുദായങ്ങള്‍ എന്ന പ്രശ്‌നം ഇന്നത്തെ ലോക ക്രമത്തില്‍ പുതിയ സൈദ്ധാന്തിക അന്വേഷണങ്ങള്‍ക്ക് തുടക്കമിട്ടു കഴിഞ്ഞിരിക്കുന്നു. കുടിയേറ്റവും കുടിയേറ്റ സമുദായങ്ങളും ദേശ രാഷ്ട്രങ്ങളുടെ തകര്‍ച്ചയും സജീവ ചര്‍ച്ചയാവുന്ന കാലത്ത് ഇസ്‌ലാമിക നൈതിക അന്വേഷണങ്ങളുടെ പ്രസക്തി  ഈ പുസ്തകം വിളിച്ചോതുന്നു. 

Middle Path of Moderation in Islam: The Qur'anic Principle of Wasatiyyah (Oxford University Press 2015) എന്ന മുഹമ്മദ് ഹാഷിം കമാലിയുടെ  പുസ്തകം സമകാലിക ലോക സമസ്യകളെ മുന്‍നിര്‍ത്തി ഇസ്‌ലാമിക സംവര്‍ഗങ്ങള്‍ ഉപയോഗിച്ച് ചിന്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് വായിക്കേണ്ടത്. മുസ്‌ലിം ലോകത്ത് നടക്കുന്ന നവ അധിനിവേശങ്ങള്‍ ചില മുസ്‌ലിംകളെയെങ്കിലും അതിരുവിട്ട പ്രതികരണങ്ങള്‍ രൂപീകരിക്കുന്നതില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍, അതിനോട് പ്രതികരിച്ചുകൊണ്ട് രൂപപ്പെട്ട സമീപനങ്ങള്‍ പലപ്പോഴും ഇസ്‌ലാമിനെ ലിബറല്‍ രാഷ്ട്രീയ സങ്കല്‍പങ്ങളില്‍ തളച്ചിടാനും അതുവഴി ലിബറല്‍ ഇസ്‌ലാം എന്ന ഒറ്റമൂലിയിലേക്ക് ചുരുക്കി കാര്യങ്ങള്‍ പരിഹരിക്കാനുമാണ് ശ്രമിച്ചത്. ഇവിടെയാണ് കമാലിയുടെ പുസ്തകം ഇസ്‌ലാമികമായ ഒരു നൈതിക സമീപനത്തിന്റെ ആവശ്യകത ഇന്നത്തെ സാഹചര്യത്തില്‍ മുസ്‌ലിം പ്രതികരണ രാഷ്ട്രീയത്തിന് വേണമെന്ന ആവശ്യം തിരിച്ചറിയുന്നത്. താരീഖ് റമദാന്‍ ആമുഖം എഴുതിയ ഈ പുസ്തകം സമകാലിക ഇസ്‌ലാമിക വിജ്ഞാനീയത്തിന്റെ വികാസത്തിന്റെ ഭാഗമായി വായിക്കാവുന്നതാണ്. ആധുനിക ലോകത്ത് അത്യാവശ്യം ഉണ്ടാവേണ്ട രാഷ്ട്രീയ  സമീപനമായി 'വസതിയ്യ'(മധ്യ നിലപാട്)യെ കമാലി തന്റെ എഴുത്തിലൂടെ പുനരാവിഷ്‌കരിക്കുന്നു. 

Muslim Fashion : Contemporary Style Cultures ( Duke University Press 2015) എന്ന റെയ്‌ന ല്യൂയിസിന്റെ പുസ്തകം മുസ്‌ലിം ജനപ്രിയ സംസ്‌കാര പഠനമേഖലയില്‍ ഇറങ്ങിയ ശ്രദ്ധേയമായ ഇടപെടലായിട്ടാണ് കരുതേണ്ടത്. മുസ്‌ലിം വസ്ത്ര സങ്കല്‍പ്പങ്ങള്‍, ജീവിത ശൈലികള്‍ ഒക്കെ പഠിക്കപ്പെടുന്ന പല ചട്ടക്കൂടുകളും ഈ അന്വേഷണങ്ങള്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്.  മുസ്‌ലിംകള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ ഒന്നുകില്‍ അടിച്ചമര്‍ത്തല്‍ അല്ലെങ്കില്‍ വിമോചിപ്പിക്കല്‍ എന്ന നിലയില്‍ ചുരുങ്ങി നില്‍ക്കുന്നതല്ലെന്നും അതിനകത്ത് വ്യത്യസ്തമായ ജീവിതലോകങ്ങളുടെ സംഘര്‍ഷങ്ങള്‍ ഉണ്ടെന്നും ഈ പുസ്തകം കാണിച്ചുതരുന്നു. മാറുന്ന മുതലാളിത്ത ഉപഭോഗ സംസ്‌കാരത്തില്‍ മുസ്‌ലിം മധ്യവര്‍ഗ വിഭാഗങ്ങള്‍ കൈവരിക്കുന്ന പുതിയ ആത്മവിശ്വാസങ്ങള്‍ എങ്ങനെ സാധ്യമാവുന്നുവെന്ന് ഈ പഠനം അന്വേഷിക്കുന്നു. 

സബ മഹ്മൂദിന്റെ Religious Difference in a Secular Age: A Minority Report (Princeton University Press 2015) എന്ന കൃതി പോസ്റ്റ്‌സെക്കുലര്‍ പഠനങ്ങളുടെ ഭാഗമായി വായിക്കാവുന്നതാണ്. ഈജിപ്തിലെ  മതന്യൂനപക്ഷങ്ങളും മുസ്‌ലിം ഭൂരിപക്ഷവും തമ്മിലെ ബന്ധത്തെപ്പറ്റിയാണ് ഈ പുസ്തകം. കയ്‌റോയിലെ കോപ്റ്റിക് ക്രൈസ്തവര്‍ക്കിടയിലും ബഹായികള്‍ക്കിടയിലും മഹ്മൂദ് നടത്തിയ ഫീല്‍ഡ് വര്‍ക്കിന്റെ ഉപോല്‍പന്നമാണ് പുതിയ പഠനം. മതങ്ങള്‍ തമ്മിലെ അന്തരം കുറച്ചുകൊണ്ടു മതസംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നു എന്നാണ് സെക്കുലര്‍ കാഴ്ചപ്പാടിന്റെ പ്രധാന മേന്മയായി പൊതുവെ കരുതിപ്പോരുന്നത്. എന്നാല്‍ ഈജിപ്തിലെ ആധുനിക സെക്കുലരിസത്തിന്റെ പ്രയോഗരീതികള്‍ പഠിച്ചാല്‍ അത് പക്ഷേ മത സമൂഹങ്ങള്‍ തമ്മിലെ അകലം കുറക്കുകയല്ല പകരം അത് വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്ന് മഹ്മൂദ് വാദിക്കുന്നു. മതേതര ഭരണക്രമം, മതേതര നിയമം ഇവയെ കേന്ദ്രീകരിച്ചാണ് മഹ്മൂദ് തന്റെ നിഗമനങ്ങള്‍ വികസിപ്പിച്ചത്. വരുംകാല മതേതരാനന്തര വായനയില്‍ മഹ്മൂദിന്റെ പുതിയ പുസ്തകം ശ്രദ്ധേയമായ ഇടം നേടുമെന്നതില്‍ തര്‍ക്കമില്ല. മതേതരത്വവും മതങ്ങള്‍ തമ്മിലുള്ള ഹിംസയും തമ്മിലെ ബന്ധത്തെപ്പറ്റി ഈ പുസ്തകം ചില വ്യത്യസ്തമായ വീക്ഷണങ്ങള്‍ നല്‍കുന്നു. 

പതിനൊന്നാം നൂറ്റാണ്ടിലെ മുസ്‌ലിം ചരിത്ര പുരുഷനായ ഗാസി മിയാനെ കുറിച്ച് കീഴാള ചരിത്രകാരനായ ഷാഹിദ് അമീന്‍ എഴുതിയ പുസ്തകമാണ്  Conquest and Community : The Afterlife of Warrior Saint Ghazi Miyan (Orient Blackswan 2015). 'ഇന്ത്യന്‍' ഭൂതകാലത്തെ കുറിച്ചും 'ഇന്ത്യന്‍' ഭാവനയിലെ മുസ്‌ലിമിനെക്കുറിച്ചുമുള്ള സംവാദങ്ങളുടെ കൂടി പുസ്തകമാണ് ഇത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സംഘ്പരിവാര്‍ ചരിത്രകാരന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന 'ഇന്ത്യന്‍' ഭൂതകാലത്തെ കുറിച്ചുള്ള വിവാദത്തിന്റെ സവിശേഷ പശ്ചാത്തലം ഈ പുസ്തകത്തിന്റെ വായനയെ ഏറെ സഹായിക്കുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍  മുഹമ്മദ് ഗസ്‌നിയുടെ കൂടെ സൈനികനായി വന്ന ഗാസി മിയാന്‍ ഒരു സ്വൂഫിയായും സാംസ്‌കാരിക സങ്കലനത്തിന്റെ മാതൃകയായും പില്‍ക്കാലത്ത് മറ്റു പല സമുദായങ്ങളുടെയും  സാമൂഹിക ഭാവനയുടെ ഭാഗമായി മാറുന്നതിന്റെ ഒരു വംശാവലി ചരിത്രമാണ് അമീന്‍ നല്‍കുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /68-70
എ.വൈ.ആര്‍