Prabodhanm Weekly

Pages

Search

2016 ജനുവരി 15

ആലുവായുടെ ചരിത്രമെഴുതുമ്പോള്‍ അടയാളപ്പെടുത്തേണ്ടവര്‍ ഇനിയുമുണ്ട്

കെ. മുഹമ്മദാലി

ആലുവായുടെ ചരിത്രമെഴുതുമ്പോള്‍ അടയാളപ്പെടുത്തേണ്ടവര്‍ ഇനിയുമുണ്ട്

'ആലുവായിലെ ഇസ്‌ലാമിക നവോത്ഥാന ചൈതന്യം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനം (ലക്കം 2930) വായിച്ചപ്പോള്‍ പിശകുകളും അപൂര്‍ണതകളും ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് ഈ കുറിപ്പ്.

ലേഖനത്തോടൊപ്പം ആലുവാ ടൗണ്‍ ജുമാ മസ്ജിദിന്റെ പഴയ കെട്ടിടത്തിന്റെ ചിത്രമായി കൊടുത്തിട്ടുള്ളത് യഥാര്‍ഥത്തിലുള്ളതല്ല. മറ്റേതോ പള്ളിയുടേതാണ് ആ ചിത്രം.

അബ്ദുല്‍ സത്താര്‍ ഹാജി മൂസാ സേട്ട് സ്ഥാപിച്ച സേട്ടുവിന്റെ പള്ളി തൊട്ടടുത്ത ക്ഷേത്രം വരുന്നതിന് മുമ്പേ ഉള്ളതാണ്. അഞ്ച് മുറികളുള്ള സത്രവും പ്രൈമറി സ്‌കൂളും സ്ഥിതി ചെയ്തിരുന്ന സര്‍ക്കാര്‍ ഭൂമിയിലാണ് ക്ഷേത്രം പിന്നീട് സ്ഥാപിതമായത്. ആലുവായില്‍ വരുന്ന തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ക്ക് ക്ഷേത്ര ദര്‍ശനവും കൂടി ഉദ്ദേശിച്ചാണ് അവിടെ ക്ഷേത്രം നിര്‍മിച്ചത്.

ആലുവായെ നിയമസഭയില്‍ പ്രതിനിധീകരിച്ചവരില്‍ പി.കെ കുഞ്ഞിന്റെ പേരും ലേഖനത്തില്‍ കണ്ടു. തെറ്റായ വിവരമാണത്. 1965-ല്‍ പി.കെ കുഞ്ഞ് ആലുവായില്‍ നിന്ന് മത്സരിച്ചിരുന്നു. വി.പി മരക്കാര്‍ അദ്ദേഹത്തെ പരാജയപ്പെടുത്തുകയാണ് ഉണ്ടായത്. അന്ന് മന്ത്രിസഭ ഉണ്ടാക്കാന്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്തതുകൊണ്ട് ആ മന്ത്രിസഭ പിരിച്ചുവിടുകയായിരുന്നു.

ലേഖനത്തില്‍ പരാമര്‍ശിക്കപ്പെട്ട പറമ്പയത്തെ മാനാടത്ത് കുടുംബവും ആലുവായുടെ ചെയര്‍മാന്‍ എം.കെ ഖാദര്‍ പിള്ളയുടെ മാനാടത്ത് കുടുംബവും വ്യത്യസ്ത കുടുംബങ്ങളാണ്. ജാവേദ് ഹസ്സന്‍, ഖാദര്‍ പിള്ളയുടെ മാനാടത്ത് കുടുംബത്തിലേതാണ്.

ആലുവായുടെ ഹൃദയ ഭാഗമായ പാലസ്സിന് സമീപത്ത് പട്ടരുമഠം, ആലുമഠം എന്നീ സ്ഥലനാമങ്ങളില്‍ അറിയപ്പെട്ടിരുന്ന അഞ്ചര ഏക്കര്‍ സ്ഥലത്തായിരുന്നു ഞറളക്കാട്ട് കുടുംബം. എന്റെ പിതാവ് കൊച്ചുണ്ണിയുടെ പിതാമഹനായ മീതിയന്‍ അഹ്മദ് കുട്ടിയും സഹോദരിമാരായ ബിയ്യാത്തുമ്മ, ഖദീജ, ഐഷ എന്നിവര്‍ അടങ്ങുന്ന കുടുംബമായിരുന്നു അന്ന്.

പെരുമ്പടപ്പ് കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ക്ക് 18-20 വയസ്സ് പ്രായമുള്ളപ്പോള്‍ രണ്ടര വര്‍ഷത്തോളം താമസിച്ചിരുന്നത് ഞറളക്കാട്ടായിരുന്നു. ഇവിടെ താമസിച്ചാണ് കുഞ്ഞുണ്ണിക്കരയില്‍ ഉവ്വാട്ടില്‍ ഹൈദ്രു മുസ്‌ലിയാര്‍ നടത്തിയിരുന്ന ദര്‍സില്‍ പോയിരുന്നത്. എന്റെ പിതാ മഹനായ അബ്ദുര്‍റഹ്മാനോടൊപ്പമായിരുന്നു താമസം. 

ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ നിശ്ചയിച്ചപ്പോള്‍ പിതാമഹനെയും കൂടെ വരാന്‍ നിര്‍ബന്ധിച്ചിരുന്നു. ഹജ്ജ് യാത്ര അക്കാലത്ത് ദുഷ്‌കരമായിരുന്നതുകൊണ്ട് മടങ്ങിവരുമോ എന്ന ആശങ്കയില്‍ സഹോദരിമാര്‍ക്ക് എതിര്‍പ്പുണ്ടായപ്പോള്‍ പിതാമഹന്റെ യാത്ര മുടങ്ങി. പൊന്നാനിയില്‍ എത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ മക്കയിലേക്കുള്ള യാത്ര. തോണിയില്‍ യാത്ര തിരിച്ച കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ക്ക് വീടിന് അടുത്തുള്ള പെരിയാറിലെ കൊട്ടാരക്കടവില്‍ വലിയ യാത്രയയപ്പായിരുന്നു നല്‍കിയതെന്നാണ് പിതാവില്‍ നിന്ന് കേട്ടിട്ടുള്ളത്. അക്കാലത്ത് യാത്ര വലിയ തോണികളിലായിരുന്നു.

ലേഖനത്തില്‍ പറഞ്ഞിട്ടുള്ള കുടുംബങ്ങളെ കൂടാതെ, ശ്രദ്ധേയമായ, പാരമ്പര്യത്തിന്റെ തുടര്‍ച്ചയായ വേറെയും കുടുംബങ്ങള്‍ ആലുവാ ടൗണില്‍ ഉണ്ട്. പാരിലകത്തുട്ട് മരക്കാര്‍ സാഹിബ്, കുഞ്ഞുമരക്കാര്‍ മാസ്റ്റര്‍, എം.എ ഇബ്‌റാഹീം കുട്ടി എന്നിവരും ആലുവായുടെ സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നവരാണ്. ലേഖനത്തില്‍ അവരും സ്മരിക്കപ്പെടേണ്ടതായിരുന്നു.

(മുന്‍ ആലുവാ എം.എല്‍.എ ആണ് കുറിപ്പുകാരന്‍)

കെ. മുഹമ്മദാലി

ജീവിത ശൈലിയില്‍ മാറ്റം വേണം

ക്കം 2930 വാരികയില്‍ ഖദീജ നര്‍ഗീസിന്റെ 'നല്ല നാളേക്ക് ഭക്ഷണശീലം നന്നാവട്ടെ' എന്ന ലേഖനം ചിന്താര്‍ഹമായിരുന്നു. പുതിയ തലമുറയുടെ ജീവിത ശൈലികളും ഭക്ഷണ ശീലങ്ങളും ആശങ്കയുണര്‍ത്തുന്ന പശ്ചാത്തലത്തില്‍ എല്ലാ മുസ്‌ലിം സംഘടനകളും ഇതര മത, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക കൂട്ടായ്മകളോടൊപ്പം ചേര്‍ന്ന് നിന്ന് ശക്തമായ ബോധവത്കരണവും സമര പരിപാടികളും സംഘടിപ്പിക്കേണ്ടതാണ്. 'ആഹാരം നല്ല നാളേക്ക്' എന്ന തലക്കെട്ടില്‍ മലര്‍വാടി -ടീന്‍ ഇന്ത്യ സംയുക്തമായി സംഘടിപ്പിക്കുന്ന കാമ്പയിന്‍ അതിന് ഒരു തുടക്കമാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

കെ.വി മുഹമ്മദ് കോക്കൂര്‍

ഖത്വീബ് സലഫി മസ്ജിദ് കൂറ്റനാട്

ഉസ്മാനുബ്‌നു ത്വല്‍ഹയെക്കുറിച്ച 
പരാമര്‍ശം

പ്രബോധനം ലക്കം 2931-ലെ 'നബിയുടെ മാതൃകാ ജീവിത ചിത്രങ്ങള്‍' എന്ന ലേഖനത്തിലെ ഒരു പരാമര്‍ശമാണ് ഈ കുറിപ്പിന് കാരണം. മക്ക കീഴടക്കിയതിനു ശേഷം നബി(സ) കഅ്ബയില്‍ പ്രവേശിക്കാന്‍ ഉദ്ദേശിച്ചു. ഉസ്മാനുബ്‌നു ത്വല്‍ഹയുടെ കൈയിലാണ് താക്കോല്‍. നബി(സ) അത് വരുത്തിച്ചു. കഅ്ബയുടെ വാതില്‍ തുറന്നു. നബി(അ) അകത്ത് കടന്നു. ശേഷം പുറത്ത് വന്നു. താക്കോല്‍ നബി(സ)യുടെ കൈയിലാണ്. അലി(റ) വന്ന് താക്കോല്‍ ആവശ്യപ്പെട്ടു. ഈ ഘട്ടത്തിലാണ് 4:58 സൂക്തം അവതരിച്ചത്. ഇവിടെ ലേഖകന്‍ എഴുതുന്നു: ''മുസ്‌ലിംകളില്‍ പെട്ട പ്രമുഖര്‍ താക്കോല്‍ സൂക്ഷിപ്പിനായി കാത്തിരിക്കുമ്പോള്‍ ഈ ബഹുദൈവ വിശ്വാസിയുടെ കൈയില്‍ ആരാണ് താക്കോല്‍ നല്‍കുക?.... താക്കോല്‍ തിരിച്ചുകിട്ടിയ ഉസ്മാനുബ്‌നു ത്വല്‍ഹക്ക് ഇസ്‌ലാമിനെ അടുത്തറിയാന്‍ ഈ സംഭവം തന്നെ ധാരാളമായിരുന്നു..''

ഈ പരാമര്‍ശമനുസരിച്ച് ഉസ്മാനുബ്‌നു ത്വല്‍ഹ മക്കാ വിജയ ഘട്ടത്തില്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല. 4:58 സൂക്തം അവതരിച്ച ശേഷം ഇസ്‌ലാമിന്റെ നീതിവ്യവസ്ഥ തൊട്ടറിഞ്ഞതില്‍ പിന്നെയാണ് അദ്ദേത്തിന്റെ ഇസ്‌ലാമാശ്ലേഷം.

ശഅ്‌റാവി തന്റെ തഫ്‌സീറിലും ഇതേ കാര്യം ഉദ്ധരിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: ''ഉസ്മാനുബ്‌നു തല്‍ഹതുബ്‌നു അബീത്വല്‍ഹയുടെ കാര്യത്തിലാണ് ഈ സൂക്തം അവതരിച്ചതെന്ന് പറയപ്പെട്ടിട്ടുണ്ട്. കഅ്ബയുടെ പരിചാരകനായിരുന്നു അദ്ദേഹം. റസൂല്‍(സ) മക്കയില്‍ പ്രവേശിച്ചപ്പോള്‍ ഉസ്മാന്‍ കഅ്ബയുടെ വാതിലടച്ചു. മച്ചിന്‍പുറത്തേക്ക് കയറിപ്പോയി. നബി(സ)ക്ക് താക്കോല്‍ നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു. അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണെന്ന് മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഞാന്‍ അദ്ദേഹത്തിന് താക്കോല്‍ നിഷേധിക്കുമായിരുന്നില്ല എന്ന് പറഞ്ഞു അദ്ദേഹം...'' (തഫ്‌സീറുശ്ശഅ്‌റാവി 4:2358). ഉസ്മാനുബ്‌നു ത്വല്‍ഹയെ സംബന്ധിച്ചുള്ള ഈ പരാമര്‍ശം ശരിയല്ല എന്നു വേണം മനസ്സിലാക്കാന്‍.

ജേതാവായി മക്കയില്‍ തിരിച്ചെത്തിയ നബി(സ)ക്ക് കഅ്ബയുടെ താക്കോല്‍ നല്‍കാതെ വാതില്‍ പൂട്ടി സാക്ഷയിട്ടു പോകാന്‍ മാത്രം വിഡ്ഢിത്തം കാണിക്കാവുന്ന ഒരവസരമായിരുന്നില്ല അത് എന്നത് തന്നെയാണ് ഒരു കാരണം. 'അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണെന്ന് മനസ്സിലാക്കിയിരുന്നുവെങ്കില്‍ അദ്ദേഹത്തിന് ഞാന്‍ താക്കോല്‍ നിഷേധിക്കുമായിരുന്നില്ല' എന്ന് അദ്ദേഹം പറഞ്ഞു എന്നാണ്. ഇവിടെ മുഹമ്മദ്(സ) അല്ലാഹുവിന്റെ ദൂതനാണോ അല്ലേ എന്ന് മനസ്സിലാക്കിയാലും ഇല്ലെങ്കിലും അദ്ദേഹം ജേതാവായാണ് തിരിച്ചുവന്നിരിക്കുന്നതെന്ന് ഉസ്മാനുബ്‌നു ത്വല്‍ഹക്കറിയാം. അദ്ദേഹം കഅ്ബയുടെ മേല്‍ക്കൂരയിലേക്ക് കയറിപ്പോയി എന്നാണ് പറഞ്ഞിരിക്കുന്നത്. താക്കോല്‍ നല്‍കാന്‍ വിസമ്മതിച്ച ഉസ്മാനെ പിടിച്ച് അലി(റ) അദ്ദേഹത്തിന്റെ കൈ തിരിച്ചുവളച്ച് താക്കോല്‍ കൈക്കലാക്കി എന്ന് ശഅ്‌റാവി തുടര്‍ന്ന് പറയുന്നു. അലി(റ) അവിടേക്ക് എങ്ങനെ കയറി എന്ന് പറയുന്നില്ല. അതിലുമുണ്ട് ഒരു അസാംഗത്യം. അതിനാല്‍ തന്നെ ഈ റിപ്പോട്ട് സത്യവിരുദ്ധമാവാനാണ് സാധ്യത. ഉസ്മാനുബ്‌നു ത്വല്‍ഹ ഈ സംഭവത്തിന് മുമ്പേ ഇസ്‌ലാം സ്വീകരിക്കുകയും മക്ക കീഴടങ്ങിയപ്പോള്‍ നേരിട്ട് നബി(സ)ക്ക് താക്കോല്‍ കൈമാറുകയും ചെയ്തു എന്ന് മനസ്സിലാക്കുന്നതാണ് ശരി. അലി(റ)യും അബ്ബാസു(റ)മൊക്കെ താക്കോല്‍ തങ്ങള്‍ക്ക് കിട്ടിയാല്‍ കൊള്ളാമെന്ന് നബി(സ)യോട് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അത് പറ്റില്ല എന്ന് പറഞ്ഞുകൊണ്ടാണ് 4:58 സൂക്തം അവതരിച്ചത് എന്ന് പറയുന്നതാവും ഭംഗി.

ഇബ്‌നു കസീര്‍ എഴുതുന്നു: ''ഈ ഉസ്മാനും ഖാലിദുബ്‌നു വലീദും അംറുബ്‌നുല്‍ ആസ്വും ഹുദൈബിയ്യാ സന്ധിക്കും മക്കാ വിജയത്തിനും ഇടക്ക് സമാധാന ഘട്ടത്തിലാണ് ഇസ്‌ലാം സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ അദ്ദേഹത്തിന്റെ പിതൃവ്യന്‍ ഉസ്മാനുബ്‌നു തല്‍ഹതുബ്‌നു അബീ ത്വല്‍ഹ ഉഹുദ് യുദ്ധത്തില്‍ ശത്രുക്കളുടെ കൊടി വാഹകനായിരുന്നു. അയാള്‍ അന്ന് നിഷേധിയായി കൊല്ലപ്പെടുകയായിരുന്നു. നാം ഈ കുടുംബ പാരമ്പര്യം സംബന്ധിച്ച് ഉണര്‍ത്തിയതിന് കാരണം, മുഫസ്സിറുകളില്‍ പലര്‍ക്കും ഇവര്‍ രണ്ടു പേരുടെയും കാര്യത്തില്‍ അവ്യക്തത സംഭവിച്ചുപോയിട്ടുണ്ട് എന്നതാണ്. അല്ലാഹുവിന്റെ ദൂതര്‍ മക്കാ വിജയനാളില്‍ അദ്ദേഹത്തോട് താക്കോല്‍ വാങ്ങിയതാണ് ഈ ആയത്ത് അവതരിക്കാന്‍ കാരണം'' (തഫ്‌സീറുബ്‌നു കസീര്‍ 1:515).

ഇ.എന്‍ ഇബ്‌റാഹീം ചെറുവാടി

ശിഹാബ് തങ്ങള്‍ ചില നേരനുഭവങ്ങള്‍

'ഉപ്പയെന്ന തണല്‍' (ലക്കം 2929) ഹൃദ്യമായ വായനാനുഭവമായിരുന്നു. മുനവ്വറലി ശിഹാബ് തങ്ങള്‍ തന്റെ പിതാവ് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ചെഴുതിയ കുറിപ്പ് കൂടുതല്‍ ആകര്‍ഷകമായിരുന്നു. 

എന്റെ ഭാര്യാ പിതാവ് കണ്ണിയന്‍ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു. പാര്‍ട്ടി ബന്ധത്തിനുമപ്പുറം മുഹമ്മദലി ശിഹാബ് തങ്ങളുമായി ഒരു ആത്മബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. കുടുംബത്തിലെ ചെറിയ കാര്യങ്ങള്‍ പോലും അദ്ദേഹം തങ്ങളെ അറിയിക്കുമായിരുന്നു. ജമാഅത്ത് അനുഭാവിയായ എനിക്ക് മകളെ വിവാഹം ചെയ്തു തരുന്നത് പോലും തങ്ങളുടെ അനുവാദത്തോടു കൂടിയായിരുന്നു. ഭാര്യാ പിതാവിന് മുഹമ്മദലി ശിഹാബ് തങ്ങളോടുള്ള ഈ ബന്ധം കാരണം പലപ്പോഴും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. കുടുംബ വിഷയങ്ങള്‍ പങ്കുവെക്കാനും കുടുംബങ്ങളിലെ വിവാഹത്തിന് ക്ഷണിക്കാനുമൊക്കെ അദ്ദേഹത്തെ ചെന്നു കാണാറുണ്ടായിരുന്നു. അങ്ങനെ ചെയ്യുമ്പോഴെല്ലാം എത്ര തിരക്കുണ്ടായാലും കൈപിടിച്ച് അകത്തുകൊണ്ടുപോയി ഇരുത്തി കുശലാന്വേഷണങ്ങള്‍ നടത്തും. ചായയും പലഹാരങ്ങളും നേരിട്ട് നല്‍കും. ഞാനൊരു ജമാഅത്ത് അനുഭാവിയാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ എത്ര ഉയര്‍ന്നിട്ടും ഏത് ചെറിയവനെയും സാധാരണക്കാരനെയും പരിഗണിക്കാനുള്ള ശിഹാബ് തങ്ങളുടെ ഈ സന്മനസ്സ് തന്നെയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

സി.എച്ച് മുഹമ്മദാലി കൂട്ടിലങ്ങാടി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /68-70
എ.വൈ.ആര്‍