Prabodhanm Weekly

Pages

Search

2016 ജനുവരി 15

ഉത്തരവുകള്‍, ശാസനകള്‍

പി.കെ.ജെ /ഉമര്‍ സ്മൃതികള്‍

         ഉദ്യോഗസ്ഥനെ നിയമിച്ചാല്‍ നിയമനോത്തരവില്‍ അന്‍സ്വാരികളെയും മുഹാജിറുകളെയും സാക്ഷികളാക്കി ഉമര്‍ (റ) ഇങ്ങനെ രേഖപ്പെടുത്തും: ''ആരെയും ദേഹോപദ്രവം ഏല്‍പ്പിക്കരുത്. വ്യക്തിപരമായ നേട്ടങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും വേണ്ടി പദവി ദുരുപയോഗം ചെയ്യരുത്. കുടുംബക്കാരെയും ബന്ധുക്കളെയും സഹായിക്കാനാവരുത് ഉദ്യോഗം വഹിക്കുന്നത്.''

ജോലിയുടെ സ്വഭാവവും അധികാര സീമകളും നിശ്ചയിച്ച് ഉമര്‍ (റ) ഉദ്യോഗസ്ഥനോട്: ''പ്രജകളുടെ സ്വത്തും ജീവനും കവരാനല്ല ഞാന്‍ താങ്കളെ ഉദ്യോഗത്തില്‍ നിയമിക്കുന്നത്. നമസ്‌കാരം നിലനിര്‍ത്താനും വിഭവങ്ങള്‍ പക്ഷഭേദമില്ലാതെ വീതിച്ചു നല്‍കാനും നീതിപൂര്‍വം തീരുമാനങ്ങളെടുക്കാനും സത്യസന്ധമായി വിധികല്‍പ്പിക്കാനുമാണ്. നാല് നിബന്ധനകള്‍ പാലിച്ചേ പറ്റൂ. മേത്തരം കുതിരപ്പുറത്ത് സവാരി ചെയ്യരുത്. വിലകൂടിയ നേര്‍ത്ത വസ്ത്രങ്ങള്‍ ധരിക്കരുത്. വിശേഷവിഭവങ്ങള്‍ ആഹരിക്കരുത്. ആവശ്യങ്ങള്‍ ഉണര്‍ത്തിക്കാന്‍ വരുന്ന ആളുകളുടെ മുന്നില്‍ വാതില്‍ കൊട്ടി അടയ്ക്കരുത്. മേധാവികളായല്ല, നേതാക്കന്മാരായാണ് ഞാന്‍ നിങ്ങളെ നിയോഗിച്ചയക്കുന്നത്. പ്രജകളെ നിങ്ങള്‍ പ്രഹരിക്കരുത്. അവര്‍ നിന്ദ്യരായി അധഃപതിക്കും. അവരെ പ്രശംസിക്കരുത്. അത് അവരെ നശിപ്പിക്കും. അവരെ തടയരുത്. അത് അക്രമമാണ്.'' 

ഹജ്ജ് വേളകളില്‍ പൊതുജനങ്ങളെ വിളിച്ചു കൂട്ടി ഉമര്‍ പ്രഖ്യാപിക്കും. ''നിങ്ങളെ തല്ലാനും കൊല്ലാനും നിങ്ങളുടെ സ്വത്ത് കവരാനുമല്ല ഞാന്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ളത്. നിങ്ങളെ ദീന്‍ പഠിപ്പിക്കാനും നിങ്ങളുടെ പ്രവാചകന്റെ ചര്യകള്‍ നിങ്ങളെ ശീലിപ്പിക്കാനുമാണ് ഞാന്‍ അവരെ അയച്ചിട്ടുള്ളത്. അതല്ലാത്ത വല്ലതും വല്ലവരും ചെയ്താല്‍ എന്നെ അറിയിക്കണം. അത്തരക്കാരെ ഞാന്‍ കൈകാര്യം ചെയ്തുകൊള്ളൂം.'' 

ചാടിയെഴുന്നേറ്റ് അംറുബ്‌നുല്‍ ആസ്വ് (റ): ''ഭരണാധികാരിയായ ഒരാള്‍ പ്രജകളില്‍ ഒരാളെ മര്യാദ പഠിപ്പിച്ചാല്‍ അങ്ങ് പ്രതിക്രിയ ചെയ്യുമോ?'' 

ഉമര്‍: ''തീര്‍ച്ചയായും. റസൂല്‍ അങ്ങനെ ചെയ്തിട്ടുണ്ട്.'' 

മറ്റൊരാള്‍: ''നിങ്ങളുടെ ഉദ്യോഗസ്ഥന്‍ എന്നെ ചമ്മട്ടികൊണ്ട് 100 അടി അടിച്ചു.''

ഉമര്‍: ''നിങ്ങള്‍ക്ക് അയാളെ 100 അടി അടിച്ച് പ്രതിക്രിയ ചെയ്യണം എന്നുണ്ടോ?''

അംറുബ്‌നുല്‍ ആസ്വ് അന്നേരം ഇടപെട്ട്: ''ശരി, അയാള്‍ക്ക് തൃപ്തിയാവട്ടെ.'' 

അയാള്‍: ''അങ്ങനെത്തന്നെ വേണമെന്നില്ല.'' 

''ഓരോ അടിക്കും പ്രായശ്ചിത്തമായി രണ്ട് ദീനാര്‍ വീതം നിശ്ചയിക്കാം.''

''ഇരുനൂറ് ദീനാര്‍ വാങ്ങിത്തരാം നിങ്ങള്‍ക്ക്.'' ഉമര്‍ (റ) ആ തുക പരാതിക്കാരന് വാങ്ങിക്കൊടുത്തു. 

* * *

അബൂമൂസല്‍ അശ്അരിക്ക് ഉമര്‍ എഴുതി: ''സദസ്സില്‍ നീതിയോടെയും സമത്വ ചിന്തയോടെയും പെരുമാറണം. നിങ്ങളുടെ നീതിയെക്കുറിച്ച് ദുര്‍ബലര്‍ക്ക് നിരാശയും, അടുത്തുകൂടി ആനുകൂല്യം പറ്റാം എന്ന് ശക്തര്‍ക്ക് മോഹവും ജനിക്കാതിരിക്കാന്‍ ഇതാവശ്യമാണ്.'' 

തന്റെ ഉദ്യോഗസ്ഥന്മാര്‍ രോഗികളെ സന്ദര്‍ശിക്കുന്നില്ലെന്നോ, ദുര്‍ബലര്‍ ഉദ്യോഗസ്ഥരെ സമീപിച്ച് ആവശ്യങ്ങള്‍ ഉണര്‍ത്തുന്നില്ലെന്നോ അറിഞ്ഞാല്‍ ഉമര്‍ അവരെ മാറ്റും. ''ഏതെങ്കിലും ഉദ്യോഗസ്ഥനെക്കുറിച്ച് പരാതി കിട്ടി ഞാന്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ അതിന്നര്‍ഥം ഞാന്‍ പരാതിക്കാരനോട് അനീതിയും അക്രമവും പ്രവര്‍ത്തിച്ചുവെന്നാണ്.'' 

മറ്റൊരിക്കല്‍ ഉമറിന്റെ ചോദ്യം: ''എന്റെ അറിവ് വെച്ചു ഏറ്റവും ഉത്തമനായ വ്യക്തിയെ ഞാന്‍ ഉദ്യോഗത്തില്‍ വെച്ചു. നീതി നടത്താന്‍ ഞാന്‍ അയാളോട് കല്‍പ്പിച്ചു. ഇത്രയുമായാല്‍ ഞാന്‍ എന്റെ ഉത്തരവാദിത്തം നിറവേറ്റിക്കഴിഞ്ഞില്ലേ?'' 

സദസ്സ്: ''തീര്‍ച്ചയായും.''

ഉമര്‍: ''ഇല്ല. തുടര്‍നടപടികളും എന്നില്‍ നിന്നുണ്ടാവണം. എന്റെ ഉത്തരവുകള്‍ അക്ഷരംപ്രതി നടപ്പിലാകുന്നുണ്ടോ എന്ന് ഞാന്‍ നിരീക്ഷിച്ചുകൊണ്ടിരിക്കണം. അതും എന്റെ കടമയാണ്. അപ്പോഴേ എന്റെ ഉത്തരവാദിത്തം നിറവേറ്റി എന്ന് പറയാനൊക്കൂ.''

ഉദ്യോഗസ്ഥന്മാര്‍ക്ക് ഉമര്‍ നിര്‍ദേശം നല്‍കി: ''ഒളിവും മറയും പാടില്ല. കാര്യങ്ങളെല്ലാം സുതാര്യമായിരിക്കണം. നിങ്ങള്‍ക്ക് അവകാശപ്പെട്ടത് എടുത്തുകൊള്ളുക. ജനങ്ങള്‍ക്ക് നല്‍കാനുള്ളത് തീര്‍ത്തു നല്‍കണം.''

ഉമര്‍ ഉദ്യോഗസ്ഥര്‍ക്ക് എഴുതി: ''നിങ്ങള്‍ക്ക് ജനങ്ങളോട് ചില കടമകളുണ്ട്. അവര്‍ക്ക് നിങ്ങളോടും ചില കടമകളുണ്ട്. ഭരണാധികാരിയുടെ വിവേകവും സഹനവുമാണ് അല്ലാഹുവിന്ന് ഏറെ പ്രിയങ്കരം. ഭരണാധികാരിയുടെ അവിവേകവും അനവധാനതയുമാണ് അല്ലാഹുവിന്നേറെ അനിഷ്ടകരമായിട്ടുള്ളത്. തങ്ങളുടെ കീഴിലുള്ളവരെ സഹായിക്കാന്‍ ഉദ്യുക്തരാവുന്നവരില്‍ അല്ലാഹുവിന്റെ സഹായം പെയ്തിറങ്ങും.'' 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /68-70
എ.വൈ.ആര്‍