Prabodhanm Weekly

Pages

Search

2016 ജനുവരി 15

2015 ഭീകരാക്രമണങ്ങള്‍, പലായനങ്ങള്‍

അശ്‌റഫ് കീഴുപറമ്പ് /കവര്‍‌സ്റ്റോറി

          ഭീകരാക്രമണങ്ങളുടെയും അഭയാര്‍ഥികളുടെയും പലായനങ്ങളുടെയും വര്‍ഷമാണ് കടന്നുപോയത്. സ്വദേശവും വിദേശവുമൊക്കെ സമ്മാനിച്ചത് ഇരുള്‍മൂടിയ ചിത്രങ്ങള്‍. സിറിയയിലും ഇറാഖിലും യമനിലും യുദ്ധക്കെടുതികള്‍. നേപ്പാളില്‍ ഭൂകമ്പം. ചെന്നൈയില്‍ വെള്ളപ്പൊക്കം. ഇന്ത്യയില്‍ പലേടത്തും അസഹിഷ്ണുതയുടെ വിളയാട്ടങ്ങള്‍. പാരീസില്‍ ഭീകരാക്രമണം. അമേരിക്കയില്‍ വെടിവെപ്പ് മരണങ്ങള്‍.

ഇരുട്ട് കനത്തപ്പോഴും ചില പ്രകാശ രേഖകള്‍ കാണാനുണ്ടായിരുന്നു. വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം ലോകാടിസ്ഥാനത്തില്‍ ഗണ്യമായി കുറഞ്ഞു. പതിനഞ്ച് വര്‍ഷം മുമ്പ് അത്തരക്കാര്‍ നൂറ് മില്യനായിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷമത് 57 മില്യനില്‍ എത്തി. കടുത്ത ദാരിദ്ര്യം (ദിവസ വരുമാനം രണ്ട് ഡോളറില്‍ താഴെയുള്ളവര്‍) അനുഭവിക്കുന്നവരുടെ ശതമാനം രണ്ടക്കത്തില്‍ നിന്ന് ഒരക്കത്തിലേക്ക് ചുരുങ്ങി. കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനുള്ളില്‍ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച ജീവിത നിലവാരമാണത്രെ ഇത്. എയ്ഡ്‌സ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിലും ശിശു മരണ നിരക്ക് കുറക്കുന്നതിലും അന്താരാഷ്ട്ര കൂട്ടായ്മകള്‍ക്ക് മികച്ച നേട്ടമുണ്ടാക്കാനായി കഴിഞ്ഞ വര്‍ഷം.

കഴിഞ്ഞ വര്‍ഷത്തെ ചില പ്രധാന സംഭവങ്ങളിലേക്ക് ഒരെത്തിനോട്ടം.

ബംഗ്ലാദേശ്/ 

തൂക്കിക്കൊലകള്‍ തുടരുന്നു

''അല്ലാഹുവിന്റെ ദീനിന്റെ മാര്‍ഗത്തില്‍ ജീവാര്‍പ്പണത്തിന് തയാറാണ്. വധശിക്ഷ എന്നെ ഒട്ടും അസ്വസ്ഥപ്പെടുത്തുന്നില്ല''- കഴിഞ്ഞ വര്‍ഷം നവംബര്‍ 22-ന് ബംഗ്ലാദേശിലെ ഹസീന വാജിദിന്റെ ഏകാധിപത്യ ഭരണകൂടം തൂക്കിലേറ്റിയ ബംഗ്ലാ ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ജനറല്‍ ശഹീദ് അലി അഹ്‌സന്‍ മുഹമ്മദ് മുജാഹിദിന്റെ അവസാന വാക്കുകള്‍. മുഖ്യ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷ്‌നലിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവ് സ്വലാഹുദ്ദീന്‍ ഖാദിര്‍ ചൗധരിയെയും അന്നേ ദിവസം തൂക്കിലേറ്റുകയുണ്ടായി. ജമാഅത്തിന്റെ സീനിയര്‍ അസിസ്റ്റന്റ് സെക്രട്ടറി ജനറലായിരുന്ന മുഹമ്മദ് ഖമറുസ്സമാനെ 2015 ഏപ്രില്‍ 11-ന് തൂക്കിലേറ്റിയിരുന്നു.

1971-ല്‍ ബംഗ്ലാദേശ് രൂപീകരിക്കപ്പെടുന്ന കാലത്ത് നടന്നുവെന്ന് പറയപ്പെടുന്ന യുദ്ധ കുറ്റകൃത്യങ്ങളുടെ പേരിലാണ് 45 വര്‍ഷം പിന്നിട്ട ശേഷമുള്ള ഈ തൂക്കിക്കൊലകള്‍. ഹസീനയുടെ പിതാവ് ശൈഖ് മുജീബുര്‍റഹ്മാന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ പൊതു മാപ്പ് പ്രഖ്യാപിച്ചിട്ടുള്ള കേസുകള്‍ പൊടിതട്ടിയെടുത്തും വ്യാജ സാക്ഷികളെ ഹാജരാക്കിയും പ്രതികള്‍ക്ക് തങ്ങളുടെ ന്യായങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസരം നിഷേധിച്ചും ഇത്തരം കേസുകള്‍ വിചാരണക്ക് വരുന്ന ട്രൈബ്യൂണലില്‍ ഭരണകക്ഷിയായ അവാമി ലീഗ് പക്ഷപാതികളെ കുത്തിനിറച്ചുമാണ് നീതിന്യായ വ്യവസ്ഥയെ നോക്കുകുത്തിയാക്കിക്കൊണ്ട് തൂക്കിക്കൊല വിധികള്‍ വന്നുകൊണ്ടിരിക്കുന്നത്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഉള്‍പ്പെടെ നിരവധി മനുഷ്യാവകാശ സംഘടനകള്‍, ബംഗ്ലാദേശിലെ പ്രതിപക്ഷ നേതൃനിരയെ ആസൂത്രിതമായി ഉന്മൂലനം ചെയ്യാനുള്ള ഈ നീക്കത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ടെങ്കിലും പുതു വര്‍ഷത്തിലും ബംഗ്ലാ സ്വേഛാധിപതി തന്റെ രാഷ്ട്രീയ പ്രതികാര നടപടികളുമായി മുന്നോട്ടുപോകുമെന്ന് തന്നെയാണ് കരുതേണ്ടത്.

ഭൂഖണ്ഡങ്ങളെ വിറപ്പിച്ച ഭീകരാക്രമണങ്ങള്‍

യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക ഭൂഖണ്ഡങ്ങളെ ഭീകരാക്രമണങ്ങള്‍ നടുക്കിയ വര്‍ഷമാണ് കടന്നുപോയത്. സുരക്ഷ ഉറപ്പാക്കാന്‍ ബെല്‍ജിയത്തില്‍ സൈന്യം തെരുവുകളിലിറങ്ങുക വരെ ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ആദ്യത്തെ ഭീകരാക്രമണം പാരീസിലെ ഷാര്‍ലി എബ്‌ദോ എന്ന ഹാസ്യ മാസികയുടെ ഓഫീസിലായിരുന്നു. കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ടു. ഒക്‌ടോബര്‍ 3-ന് സീനായ്ക്ക് മുകളില്‍ വെച്ച് ഒരു റഷ്യന്‍ യാത്രാ വിമാനം പൊട്ടിത്തെറിച്ചു. സിറിയയിലെ റഷ്യന്‍ ഇടപെടലില്‍ പ്രതിഷേധിച്ച് വിമാനം ബോംബ് വെച്ച് തകര്‍ക്കുകയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. 224 റഷ്യന്‍ ടൂറിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.

പിന്നീടാണ് നവംബര്‍ 13-ന് പാരീസില്‍ രണ്ടാം ഭീകരാക്രമണം. കളിസ്ഥലത്തും നിശാ ക്ലബ്ബുകളിലും മറ്റു പൊതു ഇടങ്ങളിലും ഒരേസമയം അക്രമികള്‍ തലങ്ങും വിലങ്ങും വെടിവെച്ചു. 130 പേരാണ് കൊല്ലപ്പെട്ടത്. രണ്ടാം ലോക യുദ്ധത്തിനു ശേഷം ഫ്രാന്‍സ് ഇത്ര ഗുരുതരമായ സുരക്ഷാ പ്രതിസന്ധി നേരിടുന്നത് ഇതാദ്യം. നവംബര്‍ 21-ന് മാലി തലസ്ഥാനമായ ബമാക്കോയിലെ ഒരു ഹോട്ടലില്‍ തടവുകാരായി പിടിക്കപ്പെട്ട 21 പേര്‍ ഭീകരവാദികളുടെ തോക്കിനിരയായി. 2015 അവസാനിക്കാനിരിക്കെ, ഡിസംബര്‍ 7-ന് അമേരിക്കയിലെ കാലിഫോര്‍ണിയ സ്റ്റേറ്റിലുള്ള സാന്‍ ബര്‍നാര്‍ഡിനോ നഗരത്തില്‍ പാക് വംശജരായ താശ്ഫീന്‍ മാലിക്-സയ്യിദ് ഫാറൂഖ് ദമ്പതികള്‍ ഭീകരവാദ ആശയങ്ങളില്‍ ആകൃഷ്ടരായി പതിനാല് പേരെയാണ് വെടിവെച്ച് കൊന്നത്.

യൂറോപ്പില്‍ തീവ്ര വലതുപക്ഷത്തിന്റെ കുതിപ്പ്

ഐ.എസ്-ബശ്ശാര്‍ ഭീകര താണ്ഡവങ്ങളില്‍ സകലതും നഷ്ടപ്പെട്ട് യൂറോപ്യന്‍ നാടുകളിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന സിറിയന്‍ അഭയാര്‍ഥികള്‍ തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്ക് സമ്മാനിച്ചത് അപ്രതീക്ഷിതമായ ജനസ്വീകാര്യത. കടുത്ത കുടിയേറ്റ വിരുദ്ധരാണ് യൂറോപ്പിലെ തീവ്ര വലതുപക്ഷം. ജര്‍മനിയാണ് താരതമ്യേന സിറിയന്‍ അഭയാര്‍ഥികളോട് അനുഭാവപൂര്‍ണമായ നിലപാടെടുത്തിരുന്നത്. കഴിഞ്ഞ നവംബറില്‍ നടന്ന ഒരു സര്‍വേയില്‍ ജര്‍മനിയിലെ അള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ.എഫ്.ഡി) എന്ന തീവ്ര വലതു പാര്‍ട്ടി ഇടത് പക്ഷത്തെയും ഗ്രീന്‍ പാര്‍ട്ടിയെയും പിന്നിലാക്കി പത്തര ശതമാനത്തോളം ജനപിന്തുണ നേടുകയുണ്ടായി. യൂറോപ്യന്‍ യൂനിയന്‍, യൂറോ, കുടിയേറ്റം, ഇസ്‌ലാം ഇതിനെല്ലാം എതിരാണ് ഈ പാര്‍ട്ടി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അവര്‍ക്ക് മൂന്ന് ശതമാനത്തിന്റെ പിന്തുണയേ ഉണ്ടായിരുന്നുള്ളൂ എന്നോര്‍ക്കണം. 'അള്‍ട്ടര്‍നേറ്റീവി'ന്റെ വക്താവ് പറഞ്ഞത് പോലെ, സിറിയന്‍ അഭയാര്‍ഥികള്‍ അവര്‍ക്ക് ആകാശത്ത് നിന്നിറങ്ങിയ 'മന്ന' തന്നെയായിരുന്നു.

ജര്‍മനിയുടെ അയല്‍രാഷ്ട്രമായ ആസ്ട്രിയയിലും സ്ഥിതി ഭിന്നമല്ല. അവിടെയും ബാല്‍ക്കന്‍ വഴി ധാരാളം അഭയാര്‍ഥികള്‍ എത്തിച്ചേരുന്നുണ്ട്. ആസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ നടന്ന മേഖലാ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഡമോക്രാറ്റുകള്‍ ജയിച്ചെങ്കിലും തീവ്ര വലതുപക്ഷമായ ഫ്രീഡം പാര്‍ട്ടി 32.2ശതമാനം വോട്ട് നേടി തൊട്ടു പിറകിലെത്തി. അഭയാര്‍ഥികളുടെ കുത്തൊഴുക്കുണ്ടായ ഗ്രീസില്‍, യൂറോപ്പിലെ തന്നെ ഏറ്റവും അക്രമാസക്തമായ നിയോ ഫാഷിസ്റ്റ് പാര്‍ട്ടി എന്ന് വിളിക്കപ്പെടുന്ന ഗോള്‍ഡന്‍ ഡോണ്‍ സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഏഴു ശതമാനം വോട്ട് നേടി പാര്‍ലമെന്റില്‍ 18 സീറ്റുകള്‍ ഉറപ്പിച്ചു. ഡെന്‍മാര്‍ക്കില്‍ കുടിയേറ്റവിരുദ്ധ ഡാനിഷ് പീപ്പ്ള്‍സ് പാര്‍ട്ടി ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 21.1 ശതമാനം വോട്ട് നേടി വന്‍ കുതിപ്പ് തന്നെ നടത്തി. ഒക്‌ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പോളണ്ടിലെ തീവ്ര വലതുപക്ഷ ലോ ആന്റ് ജസ്റ്റിസ് പാര്‍ട്ടി 37.5 ശതമാനം വോട്ട് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയുണ്ടായി. അഭയാര്‍ഥി പ്രവാഹത്തെ 'ഇസ്‌ലാമിക അധിനിവേശ'മായി ചിത്രീകരിച്ച ഹോളണ്ടിലെ ഗീര്‍ത്ത് വില്‍ഡേഴ്‌സിന്റെ വലതുപക്ഷ പാര്‍ട്ടി, വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടമുണ്ടാക്കുമെന്നാണ് സൂചന.

യൂറോപ്പിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ നിലനില്‍പ് തന്നെ അപകടപ്പെടുത്തുന്ന രീതിയിലാണ് കഴിഞ്ഞ വര്‍ഷം തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്കുണ്ടായ വളര്‍ച്ച. അവ അധികാരത്തിലെത്തിയില്ലെങ്കില്‍ പോലും മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് അവയുടെ സമ്മര്‍ദത്തിന് വഴങ്ങേണ്ടിവരും.

കൊലപാതകങ്ങള്‍, കവര്‍ച്ചകള്‍

പശ്ചിമേഷ്യയിലെ പല രാഷ്ട്രങ്ങളും 2015-ലും കൊലക്കളങ്ങളായി തുടര്‍ന്നു. സിറിയയില്‍ പോയ വര്‍ഷം വധിക്കപ്പെട്ടവര്‍ ഇരുപത്തിയൊന്നായിരം പേര്‍. ഇവരില്‍ മുക്കാല്‍ ഭാഗം ആളുകളെയും ഏകാധിപതി ബശ്ശാറുല്‍ അസദിന്റെ സൈന്യമാണ് കൊലപ്പെടുത്തിയത്. റഷ്യന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 849 പേര്‍. ഐ.എസ് കൊന്ന് തള്ളിയത് രണ്ടായിരത്തിലധികം പേരെ. ഇറാഖില്‍ വംശീയ സംഘട്ടനങ്ങളിലും ഐ.എസ് നടത്തിയ സ്‌ഫോടനങ്ങളിലും മറ്റുമായി പതിനൊന്നായിരത്തിലധികം പേര്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെടുകയുണ്ടായി.

ഇതിനിടയില്‍ ഫലസ്ത്വീനില്‍ ഇസ്രയേല്‍ കഴിഞ്ഞ വര്‍ഷം നടത്തിയ വന്‍തോതിലുള്ള മനുഷ്യാവകാശ ധ്വംസനങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോയി. 2015-ന്റെ അവസാന മാസങ്ങളിലായിരുന്നു ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍. ആളപായം അധികമില്ലെങ്കിലും വളരെയേറെ ഭൂമി കവര്‍ന്നെടുക്കപ്പെട്ടു. ഒട്ടേറെ മരങ്ങളും കെട്ടിടങ്ങളും തകര്‍ത്തു. 2015-ല്‍ മാത്രം സയണിസ്റ്റുകള്‍ ഫലസ്ത്വീനികളില്‍ നിന്ന് കവര്‍ന്നെടുത്തത് 6386 ദൂനം ഭൂമി (ഉസ്മാനി ഭരണകാലത്തെ ഒരു ഭൂമി അളവാണ് ദൂനം. ഇപ്പോഴും ചില അറബ് നാടുകളില്‍ അത് പ്രചാരത്തിലുണ്ട്. ഒരു ദൂനം=1000 ചതരുശ്ര മീറ്റര്‍). പതിനെട്ടായിരം മരങ്ങള്‍ പിഴുതുമാററി. ഇതില്‍ പതിമൂന്നായിരവും ഒലിവ് മരങ്ങളാണ്. അവയില്‍ ചിലതിന് ഒരു നൂറ്റാണ്ടിലധികം പ്രായമുണ്ട്. എഴുനൂറോളം വീടുകളും മറ്റു കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടു. ഇസ്രയേലികളെയും ഫലസ്ത്വീനികളെയും മതില്‍ കെട്ടി വേര്‍തിരിക്കുന്ന വംശവെറിയുടെ അടയാളങ്ങളും ധാരാളം ദൃശ്യമായി. ഇത്തരം 572 മതിലുകളാണത്രെ കഴിഞ്ഞ വര്‍ഷം പണി പൂര്‍ത്തിയായത്. ലോകവേദികള്‍ മൊത്തം നിര്‍വീര്യമായിരിക്കെ, അധിനിവേശകരെ എങ്ങനെ തടുക്കും എന്നറിയാതെ ഭീതിയോടെയാണ് ഫലസ്ത്വീനികള്‍ പുതുവര്‍ഷത്തേക്ക് കാലെടുത്ത് വെക്കുന്നത്.

ആടിയും ഉലഞ്ഞും മുല്ലപ്പൂ വിപ്ലവം

കഴിഞ്ഞ ഡിസംബര്‍ 17-ന് തുനീഷ്യയിലെ മുല്ലപ്പൂ വിപ്ലവത്തിന് അഞ്ച് വയസ്സ് തികഞ്ഞു. അറബ് വസന്തം കൊണ്ടുവന്ന ഭരണമാറ്റത്തിന്റെ ഏക ശേഷിപ്പ് എന്ന് പറയാവുന്നത് തുനീഷ്യയില്‍ മാത്രമാണ് നിലനില്‍ക്കുന്നത്; ഏതു നിമിഷവും അട്ടിമറിക്കപ്പെടാവുന്ന പരുവത്തിലാണ് അതിന്റെ നില്‍പ്പെങ്കിലും. പോലീസിന്റെ അതിക്രമങ്ങള്‍ സഹിക്കവയ്യാതെ മുഹമ്മദ് ബൂ അസീസി എന്ന തെരുവ് കച്ചവടക്കാരന്‍ 2010 ഡിസംബര്‍ 17-ന് ദേഹത്ത് തീ കൊളുത്തി സ്വയം ജീവനൊടുക്കിയതാണ് അറബ് ലോകത്തുടനീളം ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ പ്രതിഷേധ കൊടുങ്കാറ്റിന് നിമിത്തമായത്.

മുല്ലപ്പൂ വിപ്ലവത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് ഇസ്‌ലാമിസ്റ്റുകളായ അന്നഹ്ദയായിരുന്നുവെങ്കിലും അത് നേതൃത്വം നല്‍കുന്ന ഭരണകൂടത്തെ അട്ടിമറിക്കാന്‍  'ഡീപ് സ്റ്റേറ്റ്' സദാ തക്കം പാര്‍ത്തിരുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഭീകരത അഴിച്ചുവിട്ടും, തൊഴില്‍ശാലകളില്‍ പണിമുടക്ക് സംഘടിപ്പിച്ച് സാമ്പത്തികനില അവതാളത്തിലാക്കിയും അന്നഹ്ദയെ കാലുറപ്പിക്കാന്‍ അവര്‍ അനുവദിച്ചില്ല. ഒടുവില്‍ നടന്ന പാര്‍ലമെന്റ് - പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ മുന്‍ ഏകാധിപതി ബിന്‍ അലിയുടെ പിന്‍മുറക്കാരായ നിദാഅ് തൂനിസാണ് അധികാരത്തിലെത്തിയിരിക്കുന്നത്. പ്രതിപക്ഷമായ അന്നഹ്ദയും ഭരണത്തില്‍ പങ്കാളിയായത് കൊണ്ട് ഒരു ദേശീയ ഗവണ്‍മെന്റാണ് ഇപ്പോഴുള്ളത് എന്നു പറയാം. പക്ഷേ, സാമ്പത്തികനില അത്യന്തം ശോചനീയമായി തുടരുന്നു. 'കൊള്ള സംഘമേ, തൊഴില്‍ അവകാശമാണ്' എന്ന മുദ്രാവാക്യം ഉയര്‍ത്തി വിപ്ലവത്തിനിറങ്ങിയ യുവത കൂടുതലായി തൊഴില്‍രഹിതരായിക്കൊണ്ടിരിക്കുന്നു. സര്‍വസമ്മതമായ ഒരു ഭരണഘടന ഉണ്ടാക്കി എന്നതും, കഴിഞ്ഞ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നാല് തുനീഷ്യന്‍ മനുഷ്യാവകാശ സംഘടനകള്‍ പങ്കിട്ടു എന്നതുമാണ് കൂരിരുട്ടിലെ രജതരേഖകള്‍.

'ഭീകരതക്കെതിരെ ഇസ്‌ലാമിക സഖ്യം'

സുഊദി പ്രതിരോധ മന്ത്രിയും രണ്ടാം കിരീടാവകാശിയുമായ മുഹമ്മദ് ഇബ്‌നു സല്‍മാനാണ് കഴിഞ്ഞ ഡിസംബറില്‍ ഇങ്ങനെയൊരു സഖ്യം നിലവില്‍ വന്നതായി പ്രഖ്യാപിച്ചത്. ഭീകരതയെ ചെറുക്കാനുള്ള ഈ കൂട്ടായ്മയില്‍ ഇപ്പോള്‍ 34 രാഷ്ട്രങ്ങളുണ്ട്. അറബ് രാജ്യങ്ങള്‍ക്ക് പുറമെ തുര്‍ക്കി, മലേഷ്യ, പാകിസ്താന്‍ പോലുള്ള അനറബി രാജ്യങ്ങളും ഇതില്‍ അണിചേരും. ഭീകരതയെ 'സൈനികമായും ബുദ്ധിപരമായും മാധ്യമപരമായും' ചെറുക്കുന്ന ഈ കൂട്ടായ്മയുടെ ആസ്ഥാനം രിയാദാണ്.

ഐ.എസിനെ മാത്രമല്ല തങ്ങള്‍ ഉന്നം വെക്കുന്നതെന്ന് മുഹമ്മദ് ബ്‌നു സല്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിന് പല വ്യാഖ്യാനങ്ങളാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്നത്. ഇപ്പോള്‍ തന്നെ മധ്യേഷ്യയില്‍ ഒന്നിലേറെ സൈനിക സഖ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇറാഖിലെയും സിറിയയിലെയും ഐ.എസ് ഭീഷണി നേരിടാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നേതൃത്വം നല്‍കുന്നതാണ് ഇതിലൊന്ന്. ഈ സഖ്യത്തില്‍ അറുപതോളം രാജ്യങ്ങളുണ്ട്. ഈ സഖ്യം പരാജയമായിരുന്നുവെന്ന് ഒബാമ സമ്മതിക്കുകയുണ്ടായി. ഐ.എസിനെ നേരിടാനെന്ന വ്യാജേന പുതുതായി രൂപം കൊണ്ട ഇറാന്‍-റഷ്യന്‍ മുന്നണിയാണ് മറ്റൊന്ന്. പ്രശ്‌നകലുഷിതമായ മുഴുവന്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും പിടിമുറുക്കുക എന്നതാണ് ഈ സഖ്യത്തിന്റെ മറവില്‍ ഇറാന്‍ ലക്ഷ്യമിടുന്നതെന്ന് അറബ് രാജ്യങ്ങള്‍ ന്യായമായും സംശയിക്കുന്നു. യമനിലെ ഇറാന്‍ മേധാവിത്തം തകര്‍ക്കുന്നതിനായി സുഊദിയുടെ നേതൃത്വത്തിലുള്ള ഗള്‍ഫ് രാഷ്ട്രസേന നേരത്തെ തന്നെ യമന്‍ നഗരങ്ങളില്‍ വ്യോമാക്രമണം നടത്തുന്നുണ്ട്. ആ കൂട്ടായ്മയുടെ രണ്ടാം ഘട്ടം എന്നു വേണമെങ്കില്‍ ഈ 'ഇസ്‌ലാമിക സഖ്യ'ത്തെ വിശേഷിപ്പിക്കാം. ഐ.എസും ഇറാനും ഒരേപോലെ ഈ സഖ്യത്തിന്റെ ഉന്നമായിരിക്കും. അത് രൂപം കൊടുക്കുന്ന സേനയുടെ സ്വഭാവമെന്തായിരിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല.

റഷ്യക്ക് തുര്‍ക്കിയെ

കൈവിടാന്‍ വയ്യ

തുര്‍ക്കിയും റഷ്യയും കഴിഞ്ഞ വര്‍ഷമൊടുവില്‍ യുദ്ധത്തിന്റെ വക്കില്‍ വരെ എത്തി. 'ഭീകരതയെ ചെറുക്കാന്‍' സിറിയയിലെത്തിയ ഒരു റഷ്യന്‍ യുദ്ധ വിമാനം തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചപ്പോള്‍ തുര്‍ക്കി അതിനെ വീഴ്ത്തിയതാണ് ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ബന്ധം വഷളാക്കിയത്. പ്രശ്‌നം മുമ്പേ പുകഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഐ.എസിനെ നേരിടാനെന്ന് പറഞ്ഞാണ് റഷ്യന്‍ വിമാനങ്ങള്‍ സിറിയയില്‍ വന്നിറങ്ങിയതെങ്കിലും, പാശ്ചാത്യ രാജ്യങ്ങളും ഗള്‍ഫ് രാജ്യങ്ങളും തുര്‍ക്കിയുമൊക്കെ സഹായിക്കുന്ന പ്രതിപക്ഷ സഖ്യത്തെയാണ് റഷ്യന്‍ വിമാനങ്ങള്‍ ആക്രമിച്ചുകൊണ്ടിരുന്നത്. തുര്‍ക്കിയോട് കൂറ് പുലര്‍ത്തുന്ന തുര്‍ക്കുമാനുകളെയും റഷ്യന്‍ വിമാനങ്ങള്‍ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. ഇതിനൊക്കെയുള്ള പ്രതികാരം കൂടിയായിരുന്നു റഷ്യന്‍ വിമാനത്തിനെതിരെ തൊടുത്തുവിട്ട ആ ടര്‍ക്കിഷ് മിസൈല്‍.

റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പല പല ഭീഷണികള്‍ പ്രയോഗിച്ചു നോക്കിയെങ്കിലും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ തരിമ്പും വഴങ്ങിയില്ല. ക്ഷമാപണം നടത്താന്‍ പോലും തയാറായില്ല. ഉപരോധമേര്‍പ്പെടുത്തും എന്നൊക്കെ വീമ്പിളക്കിയെങ്കിലും കാര്യമായൊന്നും ഉണ്ടായില്ല. കാരണം, പാശ്ചാത്യ രാഷ്ട്രങ്ങളുടെ ഉപരോധം നേരിടുന്ന റഷ്യ തുര്‍ക്കിയുമായുള്ള ഇടപാടുകള്‍ അവസാനിപ്പിച്ചാല്‍ അത് റഷ്യക്ക് തന്നെയാവും കൂടുതല്‍ പരിക്കേല്‍പ്പിക്കുക. റഷ്യന്‍ പ്രകൃതി വാതകം ലോക മാര്‍ക്കറ്റിലെത്തിക്കുന്ന ഏറ്റവും വലിയ പൈപ്പ് ലൈന്‍ കടന്നുപോകുന്നത് തുര്‍ക്കിയിലൂടെയാണ്. റഷ്യ ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം കയറ്റി അയക്കുന്നതും തുര്‍ക്കിയിലേക്കു തന്നെ. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരം 31.2 ബില്യന്‍ ഡോളറായി ഉയരുകയും ചെയ്തിരുന്നു. എണ്ണക്ക് ലോക മാര്‍ക്കറ്റില്‍ വില കുറഞ്ഞുകൊണ്ടേയിരിക്കുന്ന വേളയില്‍ ഈയൊരു കച്ചവട പങ്കാളിയെ റഷ്യക്ക് കൈവിടാന്‍ വയ്യ. ചില ഉപായങ്ങള്‍ കാണിച്ച് റഷ്യ തലയൂരിയത് അതുകൊണ്ടാണ്. പുടിന്റെ ഭീഷണികളൊക്കെ ക്ഷുഭിതരായ റഷ്യക്കാരെ അടക്കിനിര്‍ത്താന്‍ മാത്രം.

എന്തുകൊണ്ട് ഉര്‍ദുഗാന്‍?

ടൈം മാഗസിന്‍ '2015-ലെ വ്യക്തി'യായി തെരഞ്ഞെടുത്തത് ജര്‍മന്‍ ചാന്‍സലര്‍ അഞ്ചല മെര്‍ക്കലിനെ. ഐക്യ ജര്‍മനിയെ പത്തു വര്‍ഷം നയിച്ച അഞ്ചല യൂറോപ്യന്‍ യൂനിയന്റെ അനിഷേധ്യ നേതാവായി ഉയര്‍ന്നു എന്നും ടൈം വിലയിരുത്തുന്നു. ഫോബ്‌സ് മാഗസിന്റെ നോട്ടത്തില്‍ അറബ് ലോകത്തെ ഏറ്റവും ശക്തനായ വ്യക്തി സുഊദി അറേബ്യയുടെ സല്‍മാന്‍ രാജാവാണ്. ഈ തെരഞ്ഞെടുപ്പിന് പത്രങ്ങള്‍ക്ക് അവയുടേതായ മാനദണ്ഡങ്ങളും താല്‍പര്യങ്ങളും ഉണ്ടാവും. നിഷ്പക്ഷമായി വിലയിരുത്തുമ്പോള്‍ മുസ്‌ലിം ലോകത്തെന്നല്ല, ആഗോളതലത്തില്‍ തന്നെ തന്റെ സാന്നിധ്യം ശക്തമായി അടയാളപ്പെടുത്തിയ നേതാവാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. സയണിസ്റ്റുകള്‍ അടക്കിവാഴുന്ന ലോക മീഡിയ അദ്ദേഹത്തെ തഴയുകയാണ് പതിവ്. ഉര്‍ദുഗാന്റെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത സയണിസ്റ്റ് വിരുദ്ധ രാഷ്ട്രീയം അറിയുന്നവര്‍ക്ക് ഇതിലൊരു പുതുമയും തോന്നുകയില്ല.

എന്തുകൊണ്ട് ഉര്‍ദുഗാനെ '2015-ലെ വ്യക്തി'യായി തെരഞ്ഞെടുക്കുന്നു? 2002 മുതല്‍ നാലു തവണ തുടര്‍ച്ചയായി തന്റെ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് (അക്) പാര്‍ട്ടിയെ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേക്ക് നയിച്ച നേതാവാണ് അദ്ദേഹം. മുന്നണി ഭരണം കൊണ്ട് കുളം തോണ്ടിയ തുര്‍ക്കി രാഷ്ട്രീയത്തിന് സ്ഥിരതയുടെയും വികസനത്തിന്റെയും പുതിയ സമവാക്യങ്ങള്‍ അദ്ദേഹം വിരചിച്ചു. സമീപകാല ചരിത്രത്തില്‍ ഇതുപോലൊരു നേട്ടം മറ്റൊരു നേതാവിനും വകവെച്ചു നല്‍കാനാവുമെന്ന് തോന്നുന്നില്ല.

ഈ നേട്ടങ്ങളില്‍ ഏറ്റവും തിളക്കമാര്‍ന്നത് 2015 നവംബര്‍ ആദ്യത്തില്‍ നേടിയ വിജയം തന്നെ. ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം നേടാനാവാതെ വന്നപ്പോള്‍, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ അക് പാര്‍ട്ടിയെ പിന്തുണക്കാന്‍ ഒരു പാര്‍ട്ടിയും തയാറായില്ല. ഈ അനിശ്ചിതാവസ്ഥ ഒന്നര പതിറ്റാണ്ടായി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച തുര്‍ക്കി സമ്പദ്ഘടനയെ പിടിച്ചുകുലുക്കി. ലോക മീഡിയയുടെ കള്ളപ്രചാരണങ്ങളെയും, മതകീയവും മതേതരവുമായ സകലവിധ കുത്തിത്തിരിപ്പുകളെയും തൃണവത്ഗണിച്ച് ജനം അക് പാര്‍ട്ടിയെ തന്നെ ഭരണം തിരിച്ചേല്‍പിച്ചത് ഉര്‍ദുഗാന്‍ നേടിയെടുത്ത ജനവിശ്വാസത്തിന്റെ ആഴം വിളിച്ചോതുന്നു.

ഇപ്പോള്‍ ഉര്‍ദുഗാന്‍ തുര്‍ക്കിയുടെ പ്രസിഡന്റാണ്. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട തുര്‍ക്കിയുടെ ആദ്യ പ്രസിഡന്റ്. പാര്‍ലമെന്ററി ഭരണവ്യവസ്ഥ നിലനില്‍ക്കുന്ന തുര്‍ക്കിയില്‍ പ്രസിഡന്റ് പദവി ഒരലങ്കാരം മാത്രമായിരുന്നു. പ്രസിഡന്‍ഷ്യല്‍ ഭരണരീതി കൊണ്ടുവരണമെന്നാണ് ഉര്‍ദുഗാന്‍ ആഗ്രഹിക്കുന്നതെങ്കിലും ഭരണഘടനാ മാറ്റത്തിന് ആവശ്യമായ ഭൂരിപക്ഷം പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ല. എങ്കിലും തന്റെ പ്രസിഡന്റ് പദവി കേവലം അലങ്കാരമല്ല എന്നദ്ദേഹം തെളിയിച്ചുകൊണ്ടിരിക്കുന്നു. തുര്‍ക്കി അതിര്‍ത്തി കടന്ന റഷ്യന്‍ വിമാനത്തെ തുര്‍ക്കി സൈന്യം വീഴ്ത്തിയപ്പോള്‍ ഉര്‍ദുഗാനും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുട്ടിനും തമ്മിലുണ്ടായ വാക്‌പോരില്‍ പുട്ടിന് മുട്ടുമടക്കേണ്ടിവന്നു എന്നതാണ് സത്യം. തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഹാനികരമാകുമ്പോള്‍ നിര്‍ലജ്ജം രാഷ്ട്രീയത്തില്‍ ഇറങ്ങിക്കളിച്ച് പ്രധാനമന്ത്രിമാരെ വരെ തൂക്കിലേറ്റിയിരുന്ന തുര്‍ക്കി സൈന്യത്തെ വരച്ച വരയില്‍ നിര്‍ത്താനായി എന്നതാണ് അദ്ദേഹത്തിന്റെ എന്നും ഓര്‍മിക്കപ്പെടുന്ന നേട്ടം. 1997 മുതല്‍ തുര്‍ക്കിയില്‍ സൈനിക  അട്ടിമറിയുണ്ടായിട്ടില്ല. ഇതില്‍ ആദ്യത്തെ നാലു വര്‍ഷം ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയുള്ള കാലമൊക്കെ ഉര്‍ദുഗാന്‍ നേതൃത്വം നല്‍കുന്ന അക് പാര്‍ട്ടിയാണല്ലോ തുര്‍ക്കി ഭരിച്ചത്.

ഭീഷണിയുടെ നിഴലില്‍ 

ബഹുസ്വരത

2015-ലെ ഇന്ത്യയെക്കുറിച്ച് ദ ഹിന്ദു ഞായറാഴ്ച പതിപ്പില്‍ (2015 ഡിസംബര്‍ 27) വന്ന അവലോകനത്തിന്റെ തലക്കെട്ട് 'ഭീഷണി നേരിടുന്ന ബഹുസ്വരത' എന്നാണ്. വിദ്വേഷവും അസഹിഷ്ണുതയും തികട്ടുന്ന നിരവധി സംഭവങ്ങളുണ്ടായി. അപലപിക്കപ്പെടുന്നതിന് പകരം അവ ആഘോഷിക്കപ്പെടുകയായിരുന്നുവെന്ന് ഹിന്ദു ലേഖകന്‍ മഹ്ബൂബ് ജീലാനി എഴുതുന്നു. എഴുത്തുകാര്‍ക്കും ബുദ്ധിജീവികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍, ഗോവിന്ദ് പന്‍സാരെയുടെയും എം.എം കല്‍ബുര്‍ഗിയുടെയും വധം, ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെയും ഉദ്ദംപൂരില്‍ കശ്മീരി ട്രക് ഡ്രൈവറെയും അടിച്ചുകൊന്നത്, മുംബൈയില്‍ സുധീന്ദ്ര കുല്‍ക്കര്‍ണിക്കെതിരെയുള്ള കരിമഷി പ്രയോഗം തുടങ്ങി ഒട്ടേറെ സംഭവങ്ങള്‍ ബഹുസ്വരത അപകടത്തിലാണെന്ന സൂചന നല്‍കി. ഔറംഗസേബ് റോഡ് എ.പി.ജെ അബ്ദുല്‍ കലാം റോഡ് എന്ന് പേര് മാറ്റിയാല്‍, മഹാറാണ പ്രതാപ് അക്ബര്‍ ചക്രവര്‍ത്തിയേക്കാള്‍ മഹാനായിരുന്നു എന്ന് പാഠപുസ്തകങ്ങളില്‍ എഴുതിച്ചേര്‍ത്താല്‍ ഇന്ത്യ ജീവിക്കാന്‍ കൊള്ളാവുന്ന നാടായിത്തീരുമെന്ന് ചിലര്‍ ധരിച്ചുവെച്ചത് പോലെയുണ്ട്.

ഇത് രാഷ്ട്രീയ ഇന്ത്യയുടെ ചിത്രം. പക്ഷേ, ബഹുസ്വരതയുടെ മറ്റൊരു ലിബറല്‍ ഇന്ത്യ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ലേഖകന്‍ പറയുന്നു. ചെന്നൈ വെള്ളപ്പൊക്കത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയ ക്ഷേത്രങ്ങള്‍ മുസ്‌ലിം യുവാക്കള്‍ വൃത്തിയാക്കുന്നതും മുസ്‌ലിം അയല്‍ക്കാര്‍ക്ക് ഹിന്ദു യുവാക്കള്‍ ഭക്ഷണം വിതരണം ചെയ്യുന്നതും അതിന്റെ സാക്ഷ്യമാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /68-70
എ.വൈ.ആര്‍