പ്രകാശത്തിന്റെ വര്‍ഷം; ഇബ്‌നുഹൈഥമിന്റെയും
2015 അന്താരാഷ്ട്ര പ്രകാശ വര്‍ഷം ആയിരുന്നു. ഐക്യരാഷ്ട്ര സഭക്ക് കീഴിലുള്ള യുനെസ്‌കോയുടെ ആഭിമുഖ്യത്തില്‍ ലോക തലത്തില്‍ നടന്ന പരിപാടികള്‍ സമാപിച്ചു. പ്രകാശ ശാസ്ത്രത്തിന്റെ പിതാവായ ഇബ്‌നു ഹൈഥമിന്റെ കിതാബുല്‍ മനാളിറിന്റെ ആയിരം വര്‍ഷം തികയുന്ന വര്‍ഷം എന്ന പ്രത്യേകത കൂടി കണക്കിലെടുത്താണ് പ്രകാശ വര്‍ഷാചരണത്തിന് 2015 തെരഞ്ഞെടുത്തത്. മറച്ചുവെച്ച ശാസ്ത്ര ചരിത്രങ്ങളുടെ അനാവരണം കൂടിയായിരുന്നു ഈ പരിപാടിയിലൂടെ ലോക തലത്തില്‍ നടന്നത്. പാരീസില്‍ യുനെസ്‌കോ ആസ്ഥാനത്ത് വെച്ചായിരുന്നു 2015 ജനുവരി 19 കാമ്പയിന്റെ ഉദ്ഘാടനം.
യു.കെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ശാസ്ത്ര-പൈതൃക സംഭാവനകളെ പ്രമോട്ട് ചെയ്യാന്‍ സ്ഥാപിതമായിട്ടുള്ള '1001 ഇന്‍വെന്‍ഷന്‍സ് ആന്റ് ദ വേള്‍ഡ് ഓഫ് ഇബ്‌നു ഹൈഥം' എന്ന സംഘടനയും സുഊദി ആരംകോയുടെ കിംഗ് അബ്ദുല്‍ അസീസ് സെന്റര്‍ ഓഫ് വേള്‍ഡ് കള്‍ച്ചറും ഐക്യരാഷ്ട്ര സഭയുമായി സഹകരിച്ചാണ് ഈ കാമ്പയിന്‍ വിജയിപ്പിച്ചത്.
പ്രകാശശാസ്ത്രത്തെ കൂടാതെ ശരീരശാസ്ത്രം, ജ്യോതിശ്ശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതം, വൈദ്യശാസ്ത്രം, നേത്രാരോഗ്യശാസ്ത്രം, ദര്‍ശനം, ഭൗതികശാസ്ത്രം, മനഃശാസ്ത്രം തുടങ്ങിയ ഒട്ടേറെ മേഖലകളില്‍ ലോകത്തിന് സംഭാവന നല്‍കിയ ഇബ്‌നു ഹൈഥം ആധുനികമായ പരീക്ഷണ ശാസ്ത്രമേഖലയുടെ ആദ്യത്തെ വക്താവ് കൂടിയായിരുന്നു.
ആധുനിക ശാസ്ത്രം പൂര്‍ണ്ണമായും അടിത്തറ കെട്ടിപ്പടുത്തത് അറേബ്യന്‍ ശാസ്ത്രകാരന്മാരില്‍ നിന്നായിരുന്നു. എന്നാല്‍ ഈ പൗരസ്ത്യ പങ്കാളിത്തത്തെ പരമാവധി മറച്ചു വെച്ച് എല്ലാത്തിന്റെയും പിതാക്കന്മാരും സൈദ്ധാന്തികരുമായി യൂറോപ്പ് സ്വയം പ്രത്യക്ഷപ്പെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ബോധപൂര്‍വം തന്നെ സത്യത്തെ അവര്‍ തമസ്‌കരിക്കുകയായിരുന്നു.
ഈ തമസ്‌കരണം തുടരുന്നതിനിടക്കാണ് അടുത്ത കാലങ്ങളിലായി പൗരസ്ത്യ മുസ്‌ലിം നാടുകളിലെ മധ്യകാലയുഗത്തിലെ സംഭാവനകള്‍ മുഖ്യധാരയില്‍ സജീവ ചര്‍ച്ചയായി വരുന്നത്. ഇതില്‍ പ്രധാനമായും പങ്ക് വഹിച്ചത് 1001 ഇന്‍വെന്‍ഷന്‍സ് എന്ന സംഘടനയായിരുന്നു. ഈ സംഘടനയുമായി സഹകരിച്ചു കൊണ്ടാണ് വാര്‍ഷികാചരണ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടതും. നാഷണല്‍ ജ്യോഗ്രഫി, ബിബിസി മുതലായ അന്താരാഷ്ട്ര മീഡിയാ ശൃംഖലകളും യുനെസ്‌കോ മുതലായ അന്താരാഷ്ട്ര സംഘടനകളും വിഷയം ഗൗരവത്തില്‍ ഏറ്റെടുത്തതോടെ ലോകം ആ മറഞ്ഞ ചരിത്രത്തിന് മുന്നില്‍ അത്ഭുതം കൂറി നിന്നു. ഈ ദൗത്യം യുനെസ്‌കോ അന്താരാഷ്ട്ര പ്രകാശ വര്‍ഷാഘോഷത്തിന്റെ ഭാഗമായി ഏറ്റെടുത്തതോടെ ലോക ശ്രദ്ധയും അതിലേക്ക് തിരിഞ്ഞു. ഇബ്‌നുഹൈഥമിനെ കുറിച്ച് ലോകത്തെമ്പാടും ചര്‍ച്ചകളും സെമിനാറുകളും സിമ്പോസിയങ്ങളും എക്‌സിബിഷനുകളും മത്സരങ്ങളും ഇതിന്റെ ഭാഗമായി അരങ്ങേറി.
യുനെസ്‌കോ ആസ്ഥാനത്ത് '1001 ഇന്‍വന്‍ഷന്‍' ഡയറക്ടര്‍ അഹ്മദ് സാലിം ആണ് ഇബ്‌നുഹൈഥമിനെ കുറിച്ച് പ്രബന്ധമവതരിപ്പിച്ചതും കാമ്പയിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയതും. യുനെസ്‌കോ ആസ്ഥാനത്ത് തന്നെ ഇബ്‌നുഹൈഥമിന്റെ തൊപ്പിയെ എക്‌സിബിഷന്‍ കവാടമായി ആവിഷ്‌കരിച്ചായിരുന്നു പ്രദര്‍ശനമൊരുക്കിയത്. ബഹറൈനില്‍ നടന്ന പ്രദര്‍ശനത്തില്‍ സന്ദര്‍ശകരുടെ എണ്ണം റെക്കോഡ് ഭേദിച്ചു. 1,30,000 പേരാണ് എക്‌സിബിഷന്‍ കണ്ടത്. 2015 ജൂലായ്-ആഗസ്റ്റ് മാസത്തില്‍ ചൈനയിലെ ബീജിങ്ങില്‍ നടന്ന സയന്‍സ് ഫെസ്റ്റിവല്‍ ബീജിങ്ങ് എക്‌സിബിഷന്‍ സെന്ററിലാണ് അരങ്ങേറിയത്. അലക്‌സാണ്ട്രിയന്‍ ലൈബ്രറി, കയ്‌റോ യൂനിവേഴ്‌സിറ്റി എന്നിവയുടെ പങ്കാളിത്തത്തോടെ ഈജിപ്തില്‍ പ്രചാരണം നടന്നു. ദോഹയില്‍ 2012 ല്‍ എക്‌സിബിഷന്‍ നടന്നിരുന്നു. കൂടാതെ മലേഷ്യ, സുഊദി അറേബ്യ, ഈജിപ്ത്, സ്ലോവേനിയ, കുവൈത്ത്, റിയാദ്, ബ്രസീല്‍, സ്വീഡന്‍, വാഷിംഗ്ടണ്‍ ഡിസി, ദഹ്‌റാന്‍, കാലിഫോര്‍ണിയ, അബൂദബി, ന്യൂയോര്‍ക്ക്, ഇസ്താംബൂള്‍, ഷാര്‍ജ, ലണ്ടന്‍, യു.കെ, ജിദ്ദ മുതലായ ഇടങ്ങളിലും വിപുലമായ രീതിയില്‍ പരിപാടികള്‍ അരങ്ങേറുകയുണ്ടായി. ലോക വ്യാപകമായി 70 മില്യന്‍ ആളുകളിലേക്ക് സന്ദേശമെത്തിക്കാനായി. 3.3 മില്യണ്‍ ആളുകള്‍ എക്‌സിബിഷന്‍ കണ്ടു. 2 ലക്ഷം പുസ്തകങ്ങള്‍ വിറ്റു തീര്‍ന്നു. ഏതാനും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനയുടെ 1001 ഇന്‍വെന്‍ഷന്‍ എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പ് പ്രസിദ്ധീകരിച്ചത് നാഷനല്‍ ജ്യോഗ്രഫിയാണ്.
കേരളത്തില്‍ കോഴിക്കോട് റീജ്യണല്‍ സയന്‍സ് സെന്ററില്‍ ഡിസംബര്‍ 9 മുതല്‍ 15 വരെ പ്രകാശശാസ്ത്രത്തെ കുറിച്ചും സാങ്കേതിക വിദ്യയെകുറിച്ചുമുള്ള സെമിനാര്‍ നടന്നു. ഇത്തരം പൊതുപരിപാടികളെ കൂടാതെ ഇബ്‌നുഹൈഥം ഫോക്കസ് ചെയ്തും ചില പരിപാടികള്‍ നടന്നു. പൗരസ്ത്യ രാജ്യങ്ങളിലെ ശാസ്ത്ര ഗവേഷണങ്ങളും പഠനങ്ങളും സമകാലിക ഗവേഷണ രംഗത്ത് സജീവ ചര്‍ച്ചക്കു വിധേയമാക്കണമെന്ന് അന്താരാഷ്ട്ര പ്രകാശ വര്‍ഷത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വ്വകലാശാല സംഘടിപ്പിച്ച ദേശീയ സെമിനാര്‍ അഭിപ്രായപ്പെട്ടു.
Comments