പടരുന്ന ഹിംസയും അസഹിഷ്ണുതയും
രാജ്യത്ത് പടരുന്ന വര്‍ഗീയ ഹിംസയിലും അസഹിഷ്ണുതയിലും ജമാഅത്തെ ഇസ്‌ലാമി മെമ്പേഴ്‌സ് മീറ്റ് കടുത്ത ആശങ്ക അറിയിക്കുന്നു. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലേറിയത് വര്‍ഗീയ ശക്തികള്‍ക്ക് കരുത്ത് പകര്‍ന്നിരിക്കുകയാണ്. ഹിംസാത്മകമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അവ മൂടിവെക്കുന്നതും കേന്ദ്ര മന്ത്രിമാരുടെയും ബി.ജെ.പി നേതാക്കളുടെയും അസഹിഷ്ണുത വളര്‍ത്തുന്ന പ്രസ്താവനകളെ പ്രതി കുറ്റകരമായ മൗനം പാലിക്കുന്നതും അത്തരം ശക്തികള്‍ക്ക് പ്രോത്സാഹനമാകുന്നുമുണ്ട്.
ഫാഷിസ്റ്റ് ചിന്താഗതിക്കാരാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചതെന്ന് ഈ സമ്മേളനം വിലയിരുത്തുന്നു. അത്തരം ശക്തികള്‍ക്ക് രാജ്യത്ത് നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം സഹിക്കാനാവുന്നില്ല. അവരാണ് വിദ്വേഷപ്രചാരണം നടത്താനും സമുദായങ്ങളെ വര്‍ഗീയമായി ധ്രുവീകരിക്കാനും മുന്‍പന്തിയിലുള്ളത്. സ്ഥിതിഗതികള്‍ അത്യന്തം ആശങ്കാജനകമാണെങ്കിലും പ്രധാനമന്ത്രി മൗനം പാലിക്കുക തന്നെയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയാവട്ടെ സകല കുറ്റവും സംസ്ഥാന സര്‍ക്കാറുകളില്‍ ചാര്‍ത്തി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതേസമയം, അസഹിഷ്ണുതക്കെതിരെ രാജ്യം കൂട്ടായി പ്രതികരിക്കുന്നുണ്ട്. ഇത് സ്വാഗതാര്‍ഹമായ സംഭവവികാസമാണ്. ഇന്ത്യന്‍ പ്രസിഡന്റ് മുതല്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ വരെ, ബുദ്ധിജീവികള്‍ മുതല്‍ കലാകാരന്മാരും കവികളും വരെ തങ്ങളുടെ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ച് കഴിഞ്ഞു.
നമ്മുടെ രാജ്യത്ത് ബഹുഭൂരിപക്ഷവും സമാധാന കാംക്ഷികളാണ്. സമാധാനവും സഹിഷ്ണുതയും സാമുദായിക സൗഹൃദവും പുലര്‍ന്നു കാണാനാണ് അവരാഗ്രഹിക്കുന്നത്. കുറച്ചാളുകള്‍ മാത്രമാണ് അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും പ്രചാരകര്‍. അവര്‍ക്ക് വേണ്ടി നന്മേഛുക്കളായ ബഹുഭൂരിപക്ഷത്തിന്റെ വികാരങ്ങളെ അവഗണിക്കുന്നത് നീതിയല്ല. രാജ്യത്ത് അസഹിഷ്ണുത വളര്‍ത്തി അരാജകത്വം സൃഷ്ടിക്കുന്ന ശക്തികളെ പിടികൂടി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന് ഈ സമ്മേളനം ശക്തിയായി ആവശ്യപ്പെടുന്നു.
നയങ്ങള്‍ നീതിരഹിതം, ജനവിരുദ്ധം
വികസനം, തൊഴിലവസരങ്ങള്‍, എല്ലാവര്‍ക്കും പങ്കാളിത്തമുള്ള സാമ്പത്തിക വളര്‍ച്ച, അഴിമതിയുടെ നിഷ്‌കാസനം തുടങ്ങി ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കിയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയത്. രാജ്യത്ത് 'അഛാ ദിന്‍' ആഗതമാവുമെന്നും വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരിച്ചെത്തിക്കുമെന്നും വാഗ്ദാനങ്ങളുണ്ടായി. പക്ഷെ അധികാരമേറ്റ മോദി ഗവണ്‍മെന്റ്, പണക്കാര്‍ക്കും ബഹുരാഷ്ട്ര കുത്തകകള്‍ക്കും മാത്രം ഗുണം ലഭിക്കുന്ന ഒട്ടേറെ നിയമങ്ങള്‍ പടച്ചുവിടുന്നതായാണ് കാണാനുള്ളത്. കര്‍ഷകര്‍ അവരുടെ ഭൂമിയില്‍ നിന്ന് പുറന്തള്ളപ്പെടുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുന്നു. വിദേശ നിക്ഷേപങ്ങള്‍ തദ്ദേശീയ വ്യവസായങ്ങളെ തളര്‍ത്തുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയും അപായകരമാം വിധം കുതിച്ചുയരുകയാണ്.
വില നിയന്ത്രിക്കുന്നതിലും പണപ്പെരുപ്പം പിടിച്ച് നിര്‍ത്തുന്നതിലും കേന്ദ്ര ഗവണ്‍മെന്റ് ദയനീയമായി പരാജയപ്പെട്ടുവെന്ന് ഈ സമ്മേളനം വിലയിരുത്തുന്നു. പാചക വാതകം, പെട്രോള്‍, ഡീസല്‍, വളങ്ങള്‍ എന്നിവക്കുള്ള സബ്‌സിഡികള്‍ നിര്‍ത്തലാക്കിക്കൊണ്ടിരിക്കുന്നു. പൊതുജനാരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമുള്ള ബജറ്റ് വിഹിതം ഗണ്യമായി കുറഞ്ഞിരിക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്കാകട്ടെ കൈയയച്ച് നല്‍കുകയുമാണ്.
രാജ്യത്ത് അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്നതിലും ഈ സമ്മേളനത്തിന് അതിയായ ഉല്‍ക്കണ്ഠയുണ്ട്. സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ പതിന്മടങ്ങ് വര്‍ധിച്ചിരിക്കുന്നു. അശ്ലീലതയുടെയും നിര്‍ലജ്ജതയുടെയും കുത്തൊഴുക്ക് യുവമനസ്സുകളെ മലിനമാക്കിക്കൊണ്ടിരിക്കുന്നു. ന്യൂനപക്ഷങ്ങളുടെയും മറ്റു ദുര്‍ബല വിഭാഗങ്ങളുടെയും സാംസ്‌കാരിക സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനും അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിര്‍വീര്യമാക്കാനും മൊത്തം വിദ്യാഭ്യാസ സംവിധാനത്തെ കാവിയില്‍ മുക്കാനും ലക്ഷ്യമിട്ടുള്ള ഭരണകൂട നയങ്ങളെയും സമ്മേളനം അപലപിക്കുന്നു. ഇത്തരം നീക്കങ്ങളില്‍ നിന്ന് ഭരണകൂടം പിന്തിരിയണം. ഭരണഘടന ഉറപ്പ് വരുത്തുന്ന അവകാശങ്ങള്‍ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങള്‍ക്കും നല്‍കാന്‍ തയ്യാറാവണം. ഈ സ്ഥിതിവിശേഷത്തിന് ഭരണകൂടം മാത്രമല്ല, രാജ്യം തെരഞ്ഞെടുക്കുന്ന തനി ഭൗതിക ജീവിത വീക്ഷണവും കാരണമാകുന്നുണ്ട്.
അനീതി നിറഞ്ഞതും ജനവിരുദ്ധവുമായ നയങ്ങളില്‍ നിന്ന് പിന്‍മാറണമെന്ന് ഈ സമ്മേളനം കേന്ദ്രഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു. മുതലാളിത്ത രീതികള്‍ കൈവെടിഞ്ഞ്, സ്വാതന്ത്ര്യത്തിന്റെയും വികസനത്തിന്റെയും സദ്ഫലങ്ങള്‍ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കാന്‍ പര്യാപ്തമാകുന്ന നയനിലപാടുകള്‍ ഭരണകൂടം സ്വീകരിക്കണം. മദ്യവും മറ്റു വിനാശകരമായ മയക്കുമരുന്നുകളും നിരോധിക്കണമെന്നും സമ്മേളനം ആവശ്യപ്പെടുന്നു. കര്‍മങ്ങള്‍ക്ക് ദൈവത്തിന്റെ മുമ്പില്‍ മറുപടി പറയേണ്ടി വരുമെന്ന ഉത്തരവാദിത്ത ബോധത്തോടെ ജീവിതം മുന്നോട്ട് നയിക്കാന്‍ രാജ്യനിവാസികളോട് അഭ്യര്‍ഥിക്കുകയും ചെയ്യുന്നു.
ലോക സമാധാനത്തിനും നീതിക്കും വേണ്ടി
അനുദിനം വഷളാകുന്ന ലോക സാഹചര്യം ഈ സമ്മേളനത്തെ അതിയായി ഉല്‍ക്കണ്ഠപ്പെടുത്തുന്നു. ശക്തിയും അധികാരവുമുള്ള ചില രാജ്യങ്ങള്‍ അന്യായവും ഏകാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെ ലോകം മുഴുവന്‍ തങ്ങളുടെ മേധാവിത്തം അരക്കിട്ടുറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ദുര്‍ബല രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അവര്‍ ഇടപെടുന്നു. സ്വന്തവും സ്വതന്ത്രവുമായ നയനിലപാടുകള്‍ സ്വീകരിക്കാനാവാതെ ഇവ 'വല്യേട്ടന്‍' രാജ്യങ്ങളുടെ താളത്തിനൊത്ത് തുള്ളുന്നു. മീഡിയ ഉപയോഗപ്പെടുത്തിയും വിദ്യാഭ്യാസ സംവിധാനത്തെ സ്വാധീനിച്ചും ദുര്‍ബലരാജ്യങ്ങളെ അവര്‍ അടിമപ്പെടുത്തുകയാണ്. മുതലാളിത്തത്തിന്റെ ഈ തേരോട്ടം കടുത്ത സാമ്പത്തിക അസമത്വങ്ങള്‍ സൃഷ്ടിക്കുന്നതിനോടൊപ്പം, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും വഴിവെക്കുന്നു. ഇതിനെയൊന്നും ചെറുക്കാനുള്ള ശേഷി ദുര്‍ബല രാജ്യങ്ങള്‍ക്കില്ല.
ലോകസമാധാനത്തിന് സമഗ്രവും നീതിയിലധിഷ്ഠിതവുമായ ഒരു നിയമസംവിധാനം ഉണ്ടായി വരണമെന്ന് ഈ സമ്മേളനം പ്രത്യാശിക്കുന്നു. ഇസ്‌ലാമിന്റെ അധ്യാപനങ്ങള്‍ ഇക്കാര്യത്തില്‍ വഴികാട്ടുന്നുണ്ട്. ഐക്യരാഷ്ട്രസഭ പുനഃസംഘടിപ്പിക്കപ്പെടണം. എല്ലാവര്‍ക്കും മതിയായ പ്രാതിനിധ്യമുള്ള ക്രിയാത്മക വേദിയാക്കി അതിനെ മാറ്റണം. അതിന് സാധ്യമല്ലെങ്കില്‍ ഒരു ബദല്‍ സംവിധാനത്തെക്കുറിച്ച് ആലോചിക്കണം. ദുര്‍ബല രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ വന്‍ശക്തികള്‍ നടത്തുന്ന അന്യായമായ ഇടപെടല്‍ അവസാനിപ്പിക്കണം.
സന്മാര്‍ഗ പാതയിലേക്ക് ക്ഷണിക്കുന്നു
ദൈവിക മാര്‍ഗദര്‍ശനത്തിന് പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകതയിലേക്ക് ഈ സമ്മേളനം രാജ്യനിവാസികളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. പ്രപഞ്ച സ്രഷ്ടാവ് മനുഷ്യന് വേണ്ടതെല്ലാം ഇവിടെ ഒരുക്കി വെച്ചിരിക്കുന്നു. അതിലൊന്നാണ് ദൈവികമായ മാര്‍ഗദര്‍ശനം. അത് പ്രയോജനപ്പെടുത്താന്‍ രാജ്യനിവാസികള്‍ മുന്നോട്ട് വരണം. ദൈവിക മാര്‍ഗദര്‍ശനമാണ് മനുഷ്യരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നത്. പ്രവാചകന്മാരിലൂടെയാണ് ഈ മാര്‍ഗദര്‍ശനം പ്രപഞ്ചനാഥന്‍ മനുഷ്യര്‍ക്ക് എത്തിച്ചിട്ടുള്ളത്. മനുഷ്യരെ ഒന്നിപ്പിക്കാന്‍ അന്യാദൃശവും അസാമാന്യവുമായ കഴിവുണ്ട് എന്നതാണ് ഈ മാര്‍ഗദര്‍ശനത്തിന്റെ സവിശേഷത. പ്രപഞ്ച സ്രഷ്ടാവിന്റെ ഈ മാര്‍ഗദര്‍ശനം പിന്‍പറ്റുമ്പോഴേ യഥാര്‍ഥ നീതി ലഭ്യമാവുകയുള്ളൂ. അപ്പോഴേ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയുള്ളൂ.
മുസ്‌ലിംകളുടെ ഉത്തരവാദിത്തം
ഇന്ത്യന്‍ മുസ്‌ലിംകളുടെ ഉത്തരവാദിത്തത്തെക്കുറിച്ചും ഈ സമ്മേളനം അവരെ ഓര്‍മപ്പെടുത്തുന്നു. അവര്‍ മാതൃകാ യോഗ്യരും ഉദ്ഗ്രഥിത വ്യക്തിത്വത്തിന്റെ ഉടമകളുമാവണം. മുസ്‌ലിംകള്‍ തങ്ങളോടൊപ്പം ജീവിക്കുന്ന എല്ലാ വിഭാഗങ്ങളുടെയും സമുദായങ്ങളുടെയും അവകാശങ്ങള്‍ക്കും ക്ഷേമത്തിനും വേണ്ടി നിലകൊള്ളണം. ഇത് ദൈവം ഭരമേല്‍പ്പിച്ച ഉത്തരവാദിത്തമാണ് എന്ന ബോധം അവര്‍ക്ക് ഉണ്ടാകണം.
തെലുങ്കാന തലസ്ഥാനമായ ഹൈദരാബാദില്‍ 2015 ഡിസംബര്‍ 11 മുതല്‍ 14 വരെ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ പാസാക്കിയ പ്രമേയങ്ങള്‍
Comments