Prabodhanm Weekly

Pages

Search

2016 ജനുവരി 01

റിപ്പോര്‍ട്ട്

        ഇന്ത്യ വൈവിധ്യത്തിന്റെ നാടാണ്. വ്യത്യസ്ത മതങ്ങളെയും സംസ്‌കാരങ്ങളെയും ഉള്‍ക്കൊണ്ടതിന്റെ പാരമ്പര്യമാണ് ഇന്ത്യയുടേത്. വ്യത്യസ്തതകളെ മാനിക്കാന്‍ സാധിക്കുമ്പോഴാണ് ജനാധിപത്യം പൂര്‍ണമാകുന്നത്. ഇന്ത്യയും കേരളവുമെല്ലാം പുലര്‍ത്തിയ സാംസ്‌കാരിക സഹവര്‍ത്തിത്വത്തെ അസഹിഷ്ണുതയുടെ വര്‍ത്തമാനം കൊണ്ട് വികൃതമാക്കുന്നവരെ ഒന്നിച്ച് ചെറുത്തു തോല്‍പിക്കണമെന്ന് പ്രബോധനം വാരിക കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സൗഹാര്‍ദ സമ്മേളനം ആവശ്യപ്പെട്ടു. 'കേരളീയ നവോത്ഥാനവും സാമൂഹിക സഹവര്‍ത്തിത്വവും' എന്ന തലക്കെട്ടില്‍ പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ സമ്മേളനം സ്ഥലം എം.എല്‍.എ സാജുപോള്‍ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത വായനകള്‍ ഉണ്ടാകുമ്പോഴേ രാജ്യത്തെ വൈവിധ്യങ്ങളെ തിരിച്ചറിയാനാകൂ. വായനകളില്ലാതാകുമ്പോഴാണ് വര്‍ഗീയതയും അസഹിഷ്ണുതയും ശക്തിപ്രാപിക്കുന്നത്. ജീവിത സംസ്‌കരണത്തിന് പ്രബോധനം വാരികയടക്കമുള്ള പ്രസിദ്ധീകരണങ്ങള്‍ മുന്നോട്ടുവെക്കുന്ന വായനകളെ പരിചയിക്കാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി. ആരിഫലി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഇന്ത്യയിലെ ജനങ്ങള്‍, വിശേഷിച്ചും കേരളീയര്‍ സാംസ്‌കാരിക വൈവിധ്യങ്ങളെ മാനിച്ചും ബഹുമാനിച്ചും ജീവിക്കുന്നവരാണ്. കേരളീയര്‍ മൊത്തം ഇന്ത്യക്ക് തന്നെ ആ രംഗത്ത് മികച്ച മാതൃക സമര്‍പ്പിച്ചവരാണ്. ആ സൗഹൃദ കേരളീയ മാതൃകക്ക് പരിക്കേല്‍പിക്കുന്ന, വര്‍ഗീയ വിദ്വേഷം വമിക്കുന്ന പ്രചാരണങ്ങള്‍ കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്നത് വര്‍ത്തമാന യാഥാര്‍ഥ്യമാണ്. ഭരണത്തിന്റെ മറവില്‍ ഇന്ത്യയിലുടനീളം ശക്തിപ്പെട്ടുവരുന്ന അസഹിഷ്ണുതയുടെ ഭാഗമായി ഇതിനെയും കാണേണ്ടതുണ്ട്. മതങ്ങളും സമുദായങ്ങളും തമ്മില്‍ സൗഹൃദത്തിന്റെ ഭദ്രവും ഊഷ്മളവുമായ കൂട്ടായ്മകള്‍ തീര്‍ത്താണ് ഈ അസഹിഷ്ണുതയെ പ്രതിരോധിക്കേണ്ടത്. അസഹിഷ്ണുത ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ സന്ദര്‍ഭത്തില്‍ തന്നെ വ്യത്യസ്ത ജാതി മത രാഷ്ട്രീയക്കാരെ ഒന്നിച്ചിരുത്തി പ്രബോധനം സംഘടിപ്പിച്ച ഈ സൗഹൃദ സമ്മേളനം ആ പ്രസിദ്ധീകരണം മുന്നോട്ടുവെക്കുന്ന സന്ദേശം തന്നെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത മതങ്ങളില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് തന്നെ സൗഹാര്‍ദത്തിലും സ്‌നേഹത്തിലും ജീവിക്കാന്‍ മനുഷ്യന് സാധിക്കുമെന്നും ആ സഹവര്‍ത്തിത്വമാണ് മുഴുവന്‍ മതങ്ങളും ആവശ്യപ്പെടുന്നതെന്നും പരിപാടിയില്‍ സംസാരിച്ച ഇന്റര്‍നാഷ്‌നല്‍ ഇന്റര്‍ഫേയ്ത്ത് ഡയലോഗ് അധ്യക്ഷന്‍ ജസ്റ്റിസ് പി.കെ ശംസുദ്ദീന്‍ പറഞ്ഞു. സാമൂഹിക ജീവിതത്തില്‍ നിന്ന് ധാര്‍മികത നഷ്ടമായതാണ് ലോകമനുഭവിക്കുന്ന മുഖ്യ പ്രശ്‌നമെന്നും ആ ധാര്‍മികത തിരിച്ചുപിടിക്കാനുള്ള പാഠങ്ങളാണ് പ്രബോധനം അരനൂറ്റാണ്ടായി പങ്കുവെക്കുന്നതെന്നും മാധ്യമം-മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. 

പ്രബോധനം എഡിറ്റര്‍ ടി.കെ ഉബൈദ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജ് അസിസ്റ്റന്റ് പ്രഫസര്‍ പി.കെ സതീഷ് കുമാര്‍, അങ്കമാലി അതിരൂപത ഇന്റര്‍ റിലീജ്യസ് ഡയലോഗ് ഡയറക്ടര്‍ റവ. ഡോ. സഖറിയാസ് പറനിലം, ശിവഗിരി മഠം ഗുരുധര്‍മ പ്രചാരണ സമിതി വൈസ് പ്രസിഡന്റ് മനോഹരന്‍, എം.ഇ.എസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ.കെ അബൂബക്കര്‍, ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ ഫാറൂഖി, വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സുമയ്യ നാസര്‍  സംസാരിച്ചു. പ്രബോധനം സീനിയര്‍ സബ് എഡിറ്റര്‍ സദ്‌റുദ്ദീന്‍ വാഴക്കാട് സ്വാഗതവും പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ടി.എം അബ്ദുല്‍ ജബ്ബാര്‍ നന്ദിയും പറഞ്ഞു.

പരിപാടിയുടെ ഭാഗമായി പെരുമ്പാവൂര്‍ വൈ.എം.സി.എ ഓഡിറ്റോറിയത്തില്‍ 'കേരളത്തിലെ ഇസ്‌ലാമിക നവജാഗരണം, പ്രബോധനം നിര്‍വഹിച്ച നവോത്ഥാന ദൗത്യം' എന്ന വിഷയത്തില്‍ ടേബ്ള്‍ ടോക്ക് നടന്നു. മധ്യകേരളത്തിലെ ഇസ്‌ലാമിക നവോത്ഥാനത്തില്‍ തങ്ങളുടേതായ പങ്കുവഹിച്ച റഫീഖ് മൗലവി, കെ.കെ അബൂബക്കര്‍, മുഹമ്മദ് വെട്ടത്ത് എന്നിവര്‍ക്കുള്ള പ്രബോധനത്തിന്റെ ഉപഹാരം ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി. ആരിഫലി നല്‍കി. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗം യൂസുഫ് ഉമരി ആമുഖ ഭാഷണം നിര്‍വഹിച്ചു. പ്രബോധനം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അശ്‌റഫ് കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. റഫീഖ് മൗലവി, കെ.കെ അബൂബക്കര്‍, മുഹമ്മദ് വെട്ടത്ത് സംസാരിച്ചു. തുടര്‍ന്ന് ഓപ്പണ്‍ സെഷനില്‍ ഒട്ടേറെ പ്രതിനിധികള്‍ പങ്കെടുത്തു. പ്രബോധനം മാനേജര്‍ കെ. ഹുസൈന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ എ.എം ജമാല്‍ നന്ദിയും പറഞ്ഞു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /54-61
എ.വൈ.ആര്‍