ആത്മപ്രശംസയെന്ന ദുശ്ശീലം
തന്റെ വാക്കുകളുടെയും പ്രവര്‍ത്തനങ്ങളുടെയും സമീപനങ്ങളുടെയും മനോഹാരിതയില്‍ അഭിരമിച്ചു സ്വയം പുളകം കൊള്ളുകയും സ്വന്തത്തെ പുകഴ്ത്തി പറയുകയും ചെയ്യുന്ന സ്വഭാവമാണ് ആത്മരതി. അത് മറ്റുള്ളവരെ നിന്ദിച്ചോ കൊച്ചാക്കിയോ ആവുമ്പോള്‍ അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും രൂപം കൈവരിക്കുന്നു.
വളര്‍ന്നു വന്ന ചുറ്റുപാടുകളില്‍ നിന്നാവാം ചിലരില്‍ ഈ സ്വഭാവം രൂപംകൊള്ളുന്നത്. ആത്മപ്രശംസ നടത്തുന്ന മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും മധ്യത്തില്‍ ജീവിക്കുന്ന വ്യക്തിയിലേക്കും ക്രമേണ ഈ സ്വഭാവം പകരും. മുഖസ്തുതി കേട്ടു ശീലിച്ചവരില്‍ ഈ ദുര്‍ഗുണമുണ്ടാവാം. തന്റെ കഴിവുകളും സിദ്ധികളുമാണല്ലോ പ്രശംസക്കാധാരം എന്ന വിചാരം അയാളെ നശിപ്പിക്കും. ഭരണ കര്‍ത്താവിനെ പ്രശംസ കൊണ്ടു മൂടുന്ന ആളുടെ മുഖത്തേക്ക് ചരല്‍ക്കല്ലു വാരിയെറിഞ്ഞ മിഖ്ദാദുബ്‌നുല്‍ അസ്‌വദ് അതിന്ന് പറഞ്ഞ ന്യായം ഇങ്ങനെ: ''സ്തുതിപാഠകരുടെ മുഖത്ത് മണ്ണ് വാരിയിടാനാണ് നബി (സ) ഞങ്ങളോട് കല്‍പ്പിച്ചിട്ടുള്ളത്'' (മുസ്‌ലിം). ഒരാളെ പ്രശംസിക്കുന്നത് ശ്രദ്ധയില്‍ പെട്ട റസൂല്‍ (സ): ''നീ നിന്റെ സഹോദരന്റെ കഴുത്തറുക്കുകയാണല്ലോ ചെയ്തത്. ഒരാളെ പ്രശംസിച്ചേ മതിയാവൂ എന്നാണെങ്കില്‍ പറയാവുന്നത് ഇങ്ങനെ: അയാളെ കുറിച്ചുള്ള എന്റെ ധാരണ അതാണ്. ആളെ മഹത്വവല്‍ക്കരിക്കാനുള്ള അവകാശം അല്ലാഹുവിന്നാണ്. അല്ലാഹുവാണ് അയാളുടെ കണക്ക് നോക്കേണ്ടത്. എനിക്കറിയാവുന്നത് ഇങ്ങനെയാണ്'' (ബുഖാരി).
കൂട്ടുകെട്ടുകളില്‍ കൂടിയും വളരാം ഈ ദുഃസ്വഭാവം. ദാതാവിനെ മറന്ന് അനുഗ്രഹത്തെക്കുറിച്ച് മാത്രം ഓര്‍ക്കുന്നവരിലാണ് ഈ ദുര്‍ഗുണം കൂടുതല്‍. അതായിരുന്നു ഖാറൂന്റെ ശാപം. 'ഇതെല്ലാം നല്‍കപ്പെട്ടത് എന്റെ അറിവിന്റെ പേരിലാണ്' എന്നായിരുന്നു അയാളുടെ ന്യായവാദം. ഈ ചിന്തയാണ് അയാളെ നാശ ഗര്‍ത്തത്തില്‍ ആഴ്ത്തിയത്. ''നിങ്ങള്‍ക്കുണ്ടായ ഏതൊരനുഗ്രഹം അല്ലാഹുവില്‍ നിന്നുള്ളതാണ്'' (അന്നഹ്ല്‍ 53). തന്റെ സിദ്ധികള്‍ അല്ലാഹുവിന്റെ ദാനമാണെന്ന് തന്നെത്തന്നെ ഉണര്‍ത്താനാണ് നബി(സ) ഒരു പ്രാര്‍ഥന പഠിപ്പിച്ചത്; ''അല്ലാഹുവേ, എനിക്കോ നിന്റെ സൃഷ്ടികളില്‍ ആര്‍ക്കെങ്കിലുമോ ഉണ്ടായിട്ടുള്ള ഏത് അനുഗ്രഹവും നിന്നില്‍ നിന്ന് മാത്രമാണ്. നിനക്ക് പങ്കുകാരില്ല. നിനക്ക് സ്തുതി. നിനക്ക് നന്ദിയും'' (അബൂദാവൂദ്).
പാകമാവുന്നതിന് മുമ്പേ നേതൃത്വം ഭരമേല്‍പ്പിക്കപ്പെടുന്നവരിലും കാണാം ആത്മരതിയുടെ നിഴലാട്ടങ്ങള്‍. തന്നില്‍ നേതൃത്വ കടിഞ്ഞാണ്‍ അര്‍പ്പിതമായത് തന്നില്‍ ലീനമായ മഹത്തായ കഴിവുകളെ മുന്‍നിര്‍ത്തിയാണെന്ന അപക്വമതിയുടെ മൂഢവിചാരം ആത്മ പ്രശംസയിലേക്കും പരനിന്ദയിലേക്കും കൊണ്ടെത്തിക്കും. നേതൃത്വസിദ്ധിക്ക് മുമ്പേ ഉണ്ടാവേണ്ട മഹദ്ഗുണമായി വിജ്ഞാനത്തെ എടുത്തുകാട്ടുക വഴി ഇസ്‌ലാം ഈ വസ്തുതയാണ് സിദ്ധാന്തിച്ചത്. ''സത്യവിശ്വാസികള്‍ ആകമാനം യുദ്ധത്തിന് പുറപ്പെടാവതല്ല. അവരില്‍ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം പുറപ്പെട്ടു പോയിക്കൂടേ? എങ്കില്‍ ബാക്കിയുള്ളവര്‍ക്ക് നബിയോടൊപ്പം നിന്ന് മതകാര്യങ്ങളില്‍ ജ്ഞാനം നേടുവാനും തങ്ങളുടെ ആളുകള്‍ യുദ്ധരംഗത്ത് നിന്ന് തിരച്ചുവന്നാല്‍ അവര്‍ക്ക് താക്കീത് നല്‍കുവാനും കഴിയുമല്ലോ. അവര്‍ സൂക്ഷ്മത പാലിച്ചേക്കാം'' (അത്തൗബ 122). 'നേതൃത്വം നല്‍കുന്നതിന്ന് മുമ്പ് നിങ്ങള്‍ വിജ്ഞാനം ആര്‍ജ്ജിക്കുക' (ബുഖാരി) എന്ന ഉമറി(റ)ന്റെ ഉപദേശവും ചേര്‍ത്ത് വായിക്കുക. തന്റെ സൃഷ്ടിപ്പിന്റെ തുടക്കത്തെക്കുറിച്ചും തന്റെ ഉത്ഭവത്തില്‍ ഉണ്ടായ രൂപ പരിണാമങ്ങളെ കുറിച്ചും ആലോചിക്കുന്ന വ്യക്തിക്ക് തന്നെച്ചൊല്ലി ഊറ്റം കൊള്ളാനാവില്ല. അതിനാലാവാം മനുഷ്യോല്‍പ്പത്തിയെ കുറിച്ച പ്രതിപാദനം ഖുര്‍ആന്‍ കൂടക്കൂടെ ആവര്‍ത്തിക്കുന്നത്. സൂറഃ അസ്സജദഃ 7,8 സൂക്തങ്ങളിലും മുര്‍സലാത്ത് 20 ലും ഈ വശമാണ് ഊന്നിയത്. താന്‍ പിറന്നു വീണ തറവാടിനെ ചൊല്ലി ഊറ്റം കൊള്ളുന്നവരിലും കാണാം ഈ ദുര്‍ഗുണം. ജന്മത്തിന്നല്ല കര്‍മത്തിനാണ് പരിഗണന എന്ന വസ്തുത അയാള്‍ കാണാതെ പോകുന്നു. മറ്റുള്ളവര്‍ തന്നെ അതിരറ്റ് ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു എന്ന് തോന്നുന്ന വ്യക്തിയിലും ആത്മരതിയുടെ സ്വഭാവം ഉണ്ടാവും. അയാളുടെ കൈപിടിച്ചു മുത്തുക, അയാളുടെ മുമ്പില്‍ ശിരസ്സ് നമിക്കുക, പിറകിലായി നടക്കുക തുടങ്ങി പല രീതികളുമുണ്ടല്ലോ. ഇത് സ്ഥിരമായി കിട്ടിക്കൊണ്ടിരിക്കുമ്പോള്‍ അയാള്‍ക്ക് തന്നെക്കുറിച്ച് വല്ലാത്തൊരു മതിപ്പ് തോന്നിത്തുടങ്ങും. തനിക്ക് വേണ്ടി എഴുന്നേറ്റ് നില്‍ക്കാനാഞ്ഞവരെ തടഞ്ഞ് റസൂല്‍: ''തന്നെ ആളുകള്‍ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കണം എന്നാഗ്രഹിക്കുന്നവര്‍ തങ്ങള്‍ക്കായി നരകത്തില്‍ ഇരിപ്പിടങ്ങള്‍ ഒരുക്കട്ടെ'' (അബൂദാവൂദ്). തന്റെ ഊന്നുവടി പിടിച്ച് സദസ്സിലേക്ക് വന്ന റസൂലിനെ ബഹുമാനിച്ച് എഴുന്നേറ്റ് നില്‍ക്കാന്‍ ഭാവിച്ചവരെ തടഞ്ഞ് നബി(സ): '' പരസ്പരം ബഹുമാനം പ്രകടിപ്പിക്കാനായി അനറബികള്‍ എഴുന്നേറ്റു നില്‍ക്കുന്ന പോലെ നിങ്ങള്‍ എഴുന്നേറ്റ് നില്‍ക്കരുത്'' (അബൂദാവൂദ്).
തന്നെ അതിരറ്റ് അനുസരിക്കുകയും, തന്റെ തിരുവായ്‌മൊഴികള്‍ക്ക് കാതോര്‍ത്തിരിക്കുകയും ചെയ്യുന്ന അനുയായികളുള്ള നേതാവിനും ഉണ്ടാവും ആത്മരതിയുടെ ദുര്‍വിചാരം. ആത്മവഞ്ചനയിലേക്കും അഹങ്കാരത്തിലേക്കും നയിക്കുന്ന പൊങ്ങച്ചം ദൈവിക സഹായ ലബ്ധിക്ക് തടസ്സമാവും. കഠിന പരീക്ഷണത്തിന്റെ നാളുകളില്‍ അടിപതറി വീഴാനാവും ഇവരുടെ വിധി. മറ്റുള്ളവരാല്‍ വെറുക്കപ്പെടുന്ന ദുരവസ്ഥായാവും ഒടുവില്‍. ആകാശലോകവും ഭൂമിയും ഒരുപോലെ വെറുക്കുന്ന അവസ്ഥയില്‍ അല്ലാഹുവും സമൂഹവും ഒരുപോലെ തള്ളിക്കളയും അത്തരക്കാരെ എന്നത് അനുഭവ സത്യമാണ്. ദൈവിക ശിക്ഷയും അവരെ കാത്തിരിക്കുന്നു. ''തനിക്ക് തന്നെ അതിശയം തോന്നുന്ന ഉടയാടകളില്‍ അഹങ്കരിച്ച് പ്രത്യക്ഷപ്പെട്ടവനെയും കൊണ്ടു ഭൂമി പിളര്‍ന്നു. ഖിയാമത്ത് നാളോളം അവന്‍ അതിന്റെ ആഴങ്ങളിലേക്ക് പതിച്ചുകൊണ്ടിരിക്കുന്നു'' (ബുഖാരി). തന്നെ മഹത്വവല്‍ക്കരിച്ച് സംസാരിക്കുന്ന ഇത്തരം വ്യക്തികള്‍ ഗുണകാംക്ഷാപരമായ ഉപദേശങ്ങളെ തിരസ്‌കരിക്കും. മറ്റുള്ളവരുടെ ന്യൂനതകള്‍ കേട്ട് പുളകം കൊള്ളുന്ന മനസ്സുണ്ടാവും അയാള്‍ക്ക്. തന്നെ തിരിച്ചറിയുക, ഇഹലോകത്തിന്റെയും പരലോകത്തിന്റെയും പൊരുളുകള്‍ മനസ്സിലാക്കുക, ദൈവികാനുഗ്രഹങ്ങളെ കുറിച്ച് സദാ ഓര്‍മിച്ചുകൊണ്ടിരിക്കുക, മരണ വിചാരം വിടാതിരിക്കുക, ഖുര്‍ആനും സുന്നത്തുമായി നിരന്തര ബന്ധം പുലര്‍ത്തുക, വിജ്ഞാന സദസ്സുകളില്‍ പങ്കെടുക്കുക, വിപത്തുകളും ദുരിതങ്ങളും വേട്ടയാടുന്നവരെ കണ്ട് പാഠമുള്‍ക്കൊള്ളുക, തന്നെക്കാള്‍ താഴെ തട്ടിലുള്ളവരെ സേവിച്ചും പരിചരിച്ചും ദുരഭിമാനം കൈയൊഴിയുക, അഹങ്കാരത്തിനും താന്‍ പോരിമക്കുമെതിരെ മനസ്സിനെ പാകപ്പെടുത്തുക. ഉമറുബ്‌നുല്‍ ഖത്താബുമായി ബന്ധപ്പെട്ട ഒരു സംഭവമുണ്ട്. ശാമിലെത്തിയ ഉമറിന്ന് ഒരു ജലാശയം മുറിച്ചു കടക്കേണ്ടിവന്നു. ഒട്ടകപ്പുറത്ത് നിന്നിറങ്ങി പാദരക്ഷകള്‍ ഊരി അവ കൈയില്‍ പിടിച്ച് അദ്ദേഹം ജലാശയം മുറിച്ചു കടന്നു. ഒട്ടകവുമുണ്ട് മറ്റേ കൈയില്‍. ഇത് കണ്ട അബൂഉബൈദത്തുല്‍ ജര്‍റാഹ്: ''ഈ നാട്ടുകാര്‍ കുറച്ചിലായി കാണുന്ന കാര്യമാണ് അങ്ങ് ഇങ്ങനെ ചെയ്തത്.'' അബൂ ഉബൈദയുടെ നെഞ്ചിലടിച്ച് ഉമര്‍ (റ): ''അബൂഉബൈദ! നിങ്ങളല്ലാത്ത മറ്റ് വല്ലവരുമാണ് ഇത് പറഞ്ഞിരുന്നതെങ്കില്‍ എന്ന് ഞാന്‍ വെറുതെ ആശിച്ചുപോയി. ജനങ്ങളില്‍ ഏറ്റവും പതിതരും പീഡിതരും നിന്ദ്യരുമായിരുന്നുവല്ലോ നമ്മള്‍. തന്റെ ദൂതനെ അയച്ച് അല്ലാഹു നമ്മുടെയൊക്കെ അന്തസ്സുയര്‍ത്തി. അന്തസ്സ് മറ്റു വല്ലവരില്‍ നിന്നുമാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ അല്ലാഹു നമ്മളെയൊക്കെ നിന്ദിക്കും, പതിതരാക്കും, ഓര്‍ക്കുക.''
വിവ: ജെ.എം ഹുസൈന്‍
Comments