Prabodhanm Weekly

Pages

Search

2016 ജനുവരി 01

മരുഭൂമികള്‍ ഉണ്ടാവുന്നത്

ഡോ. ജാസിമുല്‍ മുത്വവ്വ /കുടുംബം

         പരാതികളുമായി സമീപിക്കുന്ന ഭാര്യാ-ഭര്‍ത്താക്കന്മാരുടെ വര്‍ത്തമാനം കേട്ടുകഴിയുമ്പോള്‍ പ്രഥമ ദൃഷ്ട്യാ എനിക്ക് തോന്നാറുള്ളത് പ്രശ്‌നം അപരിഹാര്യമാണ്, സങ്കീര്‍ണമാണ് എന്നൊക്കെയാണ്. ഓരോരുത്തരും മറുകക്ഷിയെ കുറിച്ച് ആശയറ്റാണ് സംസാരിക്കുക. ''മതിയായി, ഇനി ഒരു മാറ്റം ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ഒന്നിച്ചുള്ള ഈ ജീവിതം മടുത്തു. നിരാശയാണ്; കടുത്ത നിരാശ. വേര്‍പിരിയുകയാണ് നല്ലതെന്ന് തോന്നുന്നു.'' തങ്ങളെ അലട്ടുന്ന പ്രശ്‌നങ്ങളുമായി എന്നെ സമീപിക്കുന്ന മിക്ക ഭര്‍ത്താക്കന്മാരും ഭാര്യമാരും സംസാരം അവസാനിപ്പിക്കുക ഏതാണ്ട് ഇതേ ശൈലിയിലും ശീലിലുമാണ്. എന്നാല്‍ ഇരുവര്‍ക്കുമിടയിലെ ബന്ധങ്ങളെ കുറിച്ച് ആഴത്തില്‍ അന്വേഷിച്ചറിയുമ്പോഴാണ് മനസ്സിലാവുക പ്രശ്‌നങ്ങളുടെയെല്ലാം മര്‍മം രണ്ട് കാര്യങ്ങളിലാണ് ഒളിഞ്ഞിരിക്കുന്നതെന്ന്. ഒന്ന്, രണ്ട് പേര്‍ക്കുമിടയില്‍ സംഭാഷണമോ ആശയ വിനിമയമോ ഫലപ്രദമായി നടക്കുന്നില്ല. തന്മൂലം പരസ്പര ധാരണയോടെ മുന്നോട്ട് പോവാന്‍ ആവുന്നില്ല. രണ്ട്, ഇരുവര്‍ക്കുമിടയിലെ വൈകാരിക ബന്ധം സാരംശത്തിലും വിശദാംശത്തിലും ദുര്‍ബലമാണ്. 

ദമ്പതിമാര്‍ക്കിടയില്‍ ആശയ വിനിമയം നടക്കാത്തതിനും സംഭാഷണത്തിന്റെ ചരടറ്റ് പോകുന്നതിനും പരസ്പര ധാരണ വിനഷ്ടമാകുന്നതിനും ഊഷ്മളമായ വൈകാരിക ബന്ധം അന്യമാകുന്നതിന്നും കാരണം എന്താണ്? ഉത്തരം ലളിതമാണ്. വൈവാഹിക ജീവിതത്തിന്റെ തുടക്കം ഇരുവര്‍ക്കുമിടയില്‍ തീക്ഷ്ണ സ്‌നേഹത്തോടെയും ഉത്സാഹത്തോടെയും അടങ്ങാത്ത ആവേശത്തോടെയുമൊക്കെയാവും. കാലമേറെ ചെല്ലുമ്പോള്‍ ജീവിതത്തിലെ പല സമ്മര്‍ദ്ദങ്ങളുടെയും സാഹചര്യങ്ങളുടെയും ഫലമായി ഈ ആവേശം ആറിത്തണുക്കും. സ്‌നേഹത്തിന്റെ തീക്ഷ്ണത കുറയും. ജീവിതാന്തരീക്ഷത്തില്‍ ഒരു തരം മടുപ്പിന്റെയും മരവിപ്പിന്റെയും കാര്‍മേഘം പടരും. ബാഹ്യസമ്മര്‍ദ്ദങ്ങളെയും പിരിമുറുക്കങ്ങളെയും നല്ല വിധത്തില്‍ കൈകാര്യം ചെയ്യുന്നതിലെ മിടുക്കില്ലായ്മ ദാമ്പത്യ ബന്ധത്തിന്റെ ആധാര ശിലകളെയാണ് തകര്‍ക്കുക. വൈവാഹിക ജീവിതത്തെ അത് പിടിച്ചുലയ്ക്കും. എന്റെ അനുഭവങ്ങളും പഠനങ്ങളും ബോധ്യപ്പെടുത്തിയത്, ദാമ്പത്യത്തിന്റെ ഭദ്രതയ്ക്ക് ഊനമണയ്ക്കുകയും ക്രമേണ തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യുന്ന ചില സവിശേഷ സാഹചര്യങ്ങളുണ്ടെന്നാണ്. ഞാന്‍ അത് സംക്ഷേപിക്കാം: 

ഒന്ന്: മക്കളുടെ പരിപാലനം, വിദ്യാഭ്യാസം, ശിക്ഷണ ശീലനം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ഇരുവര്‍ക്കുമിടയില്‍ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസം. നേരത്തെത്തന്നെ ഇരുവര്‍ക്കും ഇത്തരം വിഷയങ്ങളില്‍ ഒരു ധാരണയുണ്ടായിരുന്നില്ല എന്നതാണ് നേര്. ഈ ഭിന്നത മക്കളിലേക്ക് പടരുകയും അവരുടെ മനോഘടനയില്‍ സുസ്ഥിരതയുടെയും സുരക്ഷാ ബോധത്തിന്റെയും അഭാവം ഉളവാക്കുന്ന ചാഞ്ചല്യം പ്രകടമാവുകയും ചെയ്യും. ഇത് ദമ്പതികളെ വീണ്ടും അകറ്റും. 

രണ്ട്: ദമ്പതികള്‍ തങ്ങളുടെ സ്വന്തം തിരക്കുകളില്‍ വ്യാപൃതരായിരിക്കും. ജീവിത സമ്മര്‍ദ്ദങ്ങള്‍ ആവാം അവരെ ഈ വിധത്തില്‍ മാറ്റിയിരിക്കുക. ഓരോരുത്തരും തങ്ങളുടേതായ സ്വന്തം ലോകത്ത് വിഹരിക്കും. കുടുംബത്തെക്കുറിച്ചോ കുടുംബത്തിന്റെ ഭാവിയെ കുറിച്ചോ ഉള്ള ചിന്തയോ ചര്‍ച്ചയോ ഇരുവര്‍ക്കുമിടയില്‍ ഉണ്ടാവുകയില്ല. 

മൂന്ന്: മക്കള്‍ മാതാപിതാക്കളെ അനാദരിക്കുക. മാതാവ് പിതാവിനെതിരെയും പിതാവ് മാതാവിനെതിരെയും മക്കളോട് സംസാരിച്ചാല്‍ സ്വാഭാവികമായി വന്നു ഭവിക്കുന്നതാണ് മക്കളുടെ മനസ്സില്‍ മാതാപിതാക്കളെ കുറിച്ച് മതിപ്പ് കുറവും അനാദരവും. 

നിരവധി സംഭവങ്ങളിലൂടെ എനിക്ക് കടന്ന് പോവേണ്ടി വന്നിട്ടുണ്ട്. പലതും ദുഃഖകരമായ കഥകളാണ്. മക്കള്‍ പിതാവിനെ അങ്ങേയറ്റം വെറുത്തു കഴിഞ്ഞിരിക്കും. ഉമ്മയാവും മക്കളുടെ മനസ്സില്‍ പിതാവിനോടുള്ള വെറുപ്പ് കുത്തിവെച്ചിരിക്കുക. മറിച്ചുമുണ്ട് അനുഭവം. മക്കളുടെ മനസ്സില്‍ ഉമ്മയെ വെറുപ്പാണ്. ഉമ്മയോടുള്ള വെറുപ്പിന്റെ വിഷം മക്കളുടെ മനസ്സിലേക്ക് കയറ്റിവിട്ട് അവരെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തിയ പിതാവാണ് അകലെ മാറിയിരുന്ന് പിശാചിനെ പോലെ ചിരിക്കുന്നത്. 

നാല്: ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കേണ്ടി വരുന്ന ദമ്പതികള്‍. ഭര്‍ത്താവിന്റെ സഹോദരന്മാരും സഹോദരികളുമൊക്കെയുള്ള കൂട്ടുകുടുംബമായിരിക്കും. ഭാര്യയുടെ അഭിപ്രായത്തേക്കാള്‍ മുന്‍ഗണന ഭര്‍ത്താവ് തന്റെ സ്വന്തക്കാര്‍ക്ക് നല്‍കും. അവളുടെ അഭിപ്രായങ്ങള്‍ക്ക് തരിമ്പും വില കല്‍പ്പിക്കില്ല. ചില സന്ദര്‍ഭങ്ങളില്‍ ഭാര്യയുടെ നിലപാടും അഭിപ്രായവും ശരിയാണെന്നാലും തന്റെ സഹോദരന്മാരോടും സഹോദരിമാരോടും ക്ഷമ ചോദിക്കാന്‍ അയാള്‍ അവളെ നിര്‍ബന്ധിച്ചെന്നിരിക്കും. 

അഞ്ച്: സാമ്പത്തിക പ്രശ്‌നവുമായി ബന്ധപ്പെട്ട ഭിന്നതകള്‍. ഭാര്യക്ക് അവകാശപ്പെട്ട സ്വത്ത് വകകള്‍ തനിക്ക് സ്വതന്ത്രമായി കൈകാര്യം ചെയ്യണമെന്ന് ഭര്‍ത്താവ് വാശി പിടിക്കും. മക്കളുടെ വിദ്യാഭ്യാസം, വീട്ടു ചെലവുകള്‍ തുടങ്ങിയവയില്‍ അവള്‍ കൂടി പങ്ക് വഹിക്കണമെന്ന് നിര്‍ബന്ധിക്കും. 

ആറ്: പഠനത്തിനോ ജോലിയാവശ്യാര്‍ഥമോ ഇരുവരും ദൂരദിക്കില്‍ ഒന്നിച്ചു കുറെക്കാലം ചെലവഴിക്കേണ്ടി വന്നുവെന്നിരിക്കട്ടെ. ആ സന്ദര്‍ഭത്തില്‍ ഉണ്ടായ സാമൂഹിക ബന്ധങ്ങള്‍ ചില ഘട്ടങ്ങളില്‍ വൈവാഹിക ജീവിതത്തിലേക്ക് കടന്നുവരും. തന്ത്രജ്ഞതയോടെയും നൈപുണിയോടെയും ഇരുവരും കൈകാര്യം ചെയ്തില്ലെങ്കില്‍, ഇവ വിവാഹ ജീവിതത്തെ പിടിച്ചു കുലുക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. 

ഏഴ്: വിദ്യാഭ്യാസത്തിലെയും സംസ്‌കാരത്തിലെയും ഏറ്റക്കുറച്ചില്‍, മുന്‍ഗണനാ ക്രമത്തിലെ താളപ്പിഴ, പ്രായ വ്യത്യാസം-ഇവ മൂന്നും കാലമേറെ ചെല്ലുമ്പോള്‍ വൈവാഹിക ജീവിതത്തില്‍ അകല്‍ച്ചക്ക് ഹേതുവാകുന്ന ഘടകങ്ങളാണ്. 

എട്ട്: ദമ്പതികളിലാരെങ്കിലും നേരത്തെ ഒരു വേര്‍പിരിയലോ വിവാഹ മോചനമോ നേരിട്ടവരാണെങ്കില്‍ ആ അനുഭവം നിലവിലെ വൈവാഹിക ജീവിതത്തിലും ചിലപ്പോള്‍ തികട്ടിത്തികട്ടി വരും. വിവാഹ മോചനമോ വേര്‍പിരിയലോ ആണ് പരിഹാരമെന്ന നിഗമനത്തില്‍ ഈ പൂര്‍വാനുഭവം അവരെ കൊണ്ടെത്തിക്കും. 

ഒമ്പത്: ഇരുവരും വര്‍ഷങ്ങളോളം ഉള്ളില്‍ സൂക്ഷിച്ചുവെച്ചുകൊണ്ടിരുന്ന വിചാരങ്ങളും വികാരങ്ങളും ധാരണകളും കുമിഞ്ഞു കൂടി മനസ്സിനെ വീര്‍പ്പുമുട്ടിക്കുകയാവും. ഉള്ളില്‍ തിളച്ചുകൊണ്ടിരുന്ന ലാവ അഗ്നിപര്‍വതമായി പൊട്ടിത്തെറിക്കുക അഭിപ്രായ വ്യത്യാസത്തിന്റെ ഒരു ചെറിയ സ്ഫുലിംഗത്തോടെയാവും. 

പത്ത്: ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ മാതാപിതാക്കളുടെ മരണവും വേര്‍പാടും. ജീവിത നൗകയെ കാറിലും കോളിലും അകപ്പെടാതെ നയിച്ചു കൊണ്ടുപോന്നത് അവരായിരിക്കും. അവരുടെ അഭാവം സൃഷ്ടിക്കുന്ന ശൂന്യത ദാമ്പത്യ ബന്ധത്തെ പിടിച്ചുലയ്ക്കും. 

ഇത്തരം സാഹചര്യങ്ങളെ സമര്‍ഥമായി കൈകാര്യം ചെയ്ത് കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആര്‍ജ്ജവവും മിടുക്കും കാണിക്കേണ്ടത് ദമ്പതികള്‍ തന്നെയാണ്. ഇല്ലെങ്കില്‍ അത് ദമ്പതികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെയാണ് പ്രതികൂലമായി ബാധിക്കുക. 

മേല്‍ സൂചിപ്പിച്ച പത്ത് സാഹചര്യങ്ങളെയും വിജയകരമായി മറികടക്കാന്‍ രണ്ട് വഴികളുണ്ട്. ഒന്ന്: ദമ്പതികള്‍ ഇരുവരും ആഴ്ചയിലൊരിക്കല്‍ തനിച്ചിരുന്ന് ഉള്ളു തുറന്ന് സംസാരത്തിലും ചര്‍ച്ചയിലും ഏര്‍പ്പെടുക. രണ്ട്: ഇരുവര്‍ക്കും പരസ്പരമുള്ള ആഭിമുഖ്യവും താല്‍പര്യവും ഉളളു തുറന്ന് പ്രകടിപ്പിക്കുക. ചുരുങ്ങിയത് ആഴ്ചയില്‍ ഒരിക്കലെങ്കിലും ശയ്യ പങ്കിടാന്‍ ദമ്പതികള്‍ക്ക് സാധിക്കണം. 

തങ്ങളുടെ ദാമ്പത്യ ബന്ധം നെടുനാള്‍ നിലനിര്‍ത്താനും ഈടുറ്റ ഊഷ്മള ബന്ധം തങ്ങള്‍ക്കിടയില്‍ നില്‍ക്കാനും അകം നിറഞ്ഞ പ്രാര്‍ഥനയാണ് സര്‍വപ്രധാനം. 

വിവ: പി.കെ ജമാല്‍  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /54-61
എ.വൈ.ആര്‍