Prabodhanm Weekly

Pages

Search

2016 ജനുവരി 01

വഖ്ഫ് ബോര്‍ഡ് സമുദായത്തിന്റെ പൊതുവേദിയായി പ്രവര്‍ത്തിക്കും

പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ /അഭിമുഖം

വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനായ മര്‍ഹൂം പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ മകനാണ് റഷീദലി ശിഹാബ് തങ്ങള്‍. വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായ അദ്ദേഹം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്. പഠന ശേഷം സൗത്താഫ്രിക്കയിലും പിന്നീട് സൗത്ത് അമേരിക്കയിലെ പനാമയിലും പ്രശസ്ത സോഫ്റ്റ്‌വെയര്‍ കമ്പനികളില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം 2008-ലാണ് കേരളത്തിലേക്ക് തിരിച്ചുവരുന്നത്. എറണാകുളത്ത് സ്വന്തമായ സോഫ്റ്റ്‌വെയര്‍ കമ്പനിയുമായി മുന്നോട്ടുപോകവെയാണ് വഖ്ഫ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാനായി അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നത്. വഖ്ഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളും മുസ്‌ലിം സമുദായത്തിനകത്ത് അതിന് നിര്‍വഹിക്കാനുള്ള ദൗത്യങ്ങളും വിശദമാക്കുകയാണ് ഈ സൗഹൃദ സംഭാഷണത്തില്‍ റഷീദലി ശിഹാബ് തങ്ങള്‍

കേരളത്തിലുള്ള മുഴുവന്‍ വഖ്ഫ് സ്വത്തുക്കളും വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. നാട്ടിന്‍ പുറത്തുള്ള ചെറിയ വഖ്ഫ് സ്വത്തുക്കള്‍ മുതല്‍ നഗരത്തിലെ വലിയ വഖ്ഫ് പ്രോജക്ടുകള്‍ വരെ ഇതിലുള്‍പ്പെടും. നിയമം ഇങ്ങനെയാണെങ്കിലും, വഖ്ഫ് ബോര്‍ഡ് നിലവില്‍ വന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കേരളത്തിലെ 25 ശതമാനം വഖ്ഫ് സ്വത്തുക്കള്‍ മാത്രമാണ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രജിസ്‌ട്രേഷന് ആളുകള്‍ മടിച്ചു നില്‍ക്കാനുള്ള കാരണങ്ങളില്‍ മുഖ്യം അവര്‍ക്ക് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരമില്ലാത്തതല്ലേ?

എല്ലാതരം വഖ്ഫ് സ്വത്തുക്കളും വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. അങ്ങനെ ചെയ്യാത്തവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം വഖ്ഫ് ബോര്‍ഡിനുണ്ട്. മിക്കവരും ഈ നിയമങ്ങളെപ്പറ്റി ധാരണയില്ലാത്തവരാണ്. അതിനാലാണ് വഖ്ഫ് ബോര്‍ഡ് ഈ വിഷയത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാത്തത്. എന്നാല്‍, നിയമവശം മനസ്സിലായിട്ടും ചില സാങ്കേതിക പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ ബോധപൂര്‍വം രജിസ്റ്റര്‍ ചെയ്യാത്തവരുമുണ്ട്. രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ അവരുടെ വാര്‍ഷിക വരുമാനത്തിന്റെ ഏഴു ശതമാനം നികുതിയടക്കേണ്ടതുണ്ട്. ഓരോ വര്‍ഷവും സാമ്പത്തിക കണക്കുകള്‍ ബോര്‍ഡിന് സമര്‍പ്പിക്കണം. മിക്ക വഖ്ഫ് സ്വത്തുക്കളുടെയും  മേല്‍നോട്ടം  പ്രായമുള്ളവര്‍ക്കായതിനാല്‍ ഇതൊക്കെ വലിയ പ്രാരബ്ധമായി അവര്‍ കാണുന്നു. ഇതില്‍ നിന്ന് രക്ഷെപ്പടാനാണ് അവര്‍ രജിസ്‌ട്രേഷന്‍ നടത്താതിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്താല്‍ വഖ്ഫ് ബോര്‍ഡില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍  അവര്‍ അറിഞ്ഞിരുന്നെങ്കില്‍ രജിസ്‌ട്രേഷന് അവര്‍ മുന്നോട്ടുവരുമായിരുന്നു. ആ ആനുകൂല്യങ്ങള്‍ നോക്കുമ്പോള്‍, അടക്കേണ്ടിവരുന്ന ഏഴു ശതമാനം ടാക്‌സ് ഒരു നഷ്ടവുമല്ല. രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനങ്ങളില്‍ 60 വയസ്സ് പൂര്‍ത്തിയായ ജീവനക്കാര്‍ക്കും ആ പ്രായം വരെ ജോലി ചെയ്ത് പിരിഞ്ഞുപോയവര്‍ക്കും ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നുണ്ട്. കിഡ്‌നി, ഹാര്‍ട്ട് രോഗികള്‍ക്കും കാന്‍സര്‍ ബാധിച്ചവര്‍ക്കും പതിനായിരം രൂപയുടെ ധനസഹായമുണ്ട്. വിവാഹ സഹായ പദ്ധതികളുമുണ്ട്. ഇതിനെല്ലാം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലുള്ളവര്‍ക്ക് മാത്രമാണ് അര്‍ഹതയുള്ളത്. നിലവില്‍ ഇതില്‍ പെടാത്തവരെയും പരിഗണിക്കുന്നൂവെന്നത് മറ്റൊരു കാര്യം. ഭാവിയില്‍ വഖ്ഫ് സ്ഥാപനത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഇടപെട്ട് പരിഹരിക്കണമെങ്കിലും രജിസ്‌ട്രേഷന്‍ ഉണ്ടാവുകയാണ് നല്ലത്. അത് നിയമപരമായ പരിരക്ഷ കൂടിയാണ്.

നിലവില്‍ ഒമ്പതിനായിരത്തിനടുത്ത് സ്ഥാപനങ്ങളാണ് വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 3500 എണ്ണം മലപ്പുറം ജില്ലയില്‍ നിന്നാണ്. അമ്പതിനായിരത്തിനടുത്ത് വഖ്ഫുകള്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാത്തതായുണ്ട്. അതായത് 25 ശതമാനം മാത്രമേ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. 75 ശതമാനവും ഇപ്പോഴും നിയമത്തിന് പുറത്താണുള്ളത്. ഏതായാലും ഈ വിഷയത്തില്‍ ബോധവത്കരണം ഇനിയും ഊര്‍ജിതപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള പരിപാടികള്‍ ബോര്‍ഡ് ആസൂത്രണം ചെയ്യും.

വഖ്ഫ് ബോര്‍ഡ് നല്‍കുന്ന പെന്‍ഷനും ചികിത്സാ സഹായവും താങ്കള്‍ സൂചിപ്പിച്ചു. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളും പള്ളി-മദ്‌റസകളില്‍ സേവനം ചെയ്യുന്നവര്‍ക്കുള്ള ക്ഷേമ പദ്ധതികളും വഖ്ഫ് ബോര്‍ഡ് നല്‍കുന്നുണ്ട്. വിശദമാക്കാമോ?

ഖത്വീബ്, മദ്‌റസാ അധ്യാപകര്‍, മുഅദ്ദിന്‍, ഖബ്ര്‍ കുഴിക്കുന്നവര്‍, പള്ളിയുമായി ബന്ധപ്പെട്ട മറ്റു സേവകര്‍ എന്നിവര്‍ക്കായി വഖ്ഫ് ബോര്‍ഡിന് കീഴില്‍ പെന്‍ഷന്‍ പദ്ധതികളുണ്ട്. ഈ വിഭാഗത്തിലെ 60 വയസ്സ് പിന്നിട്ടവര്‍ക്കാണ് അതിന് അര്‍ഹതയുള്ളത്. അവര്‍ സേവനം തുടരുന്നവരാണെങ്കിലും ജോലിയില്‍ നിന്ന് പിരിഞ്ഞവരാണെങ്കിലും പെന്‍ഷന്‍ നല്‍കും. വിധവാ പെന്‍ഷന്‍, വിവാഹ സഹായം എന്നിവയും വഖ്ഫ് ബോര്‍ഡ് നല്‍കുന്നു. ബന്ധുക്കള്‍ ആരുമില്ലാത്ത വിധവകളുടെ സംരക്ഷണം വഖ്ഫ് ബോര്‍ഡിന്റെ ഉത്തരവാദിത്തമാണ്. ഈ രംഗത്ത് ഇനിയും പുതിയ ചില പദ്ധതികള്‍ കൂടി ആസൂത്രണം ചെയ്യുന്നുണ്ട്. യത്തീംഖാനയിലെ വിദ്യാര്‍ഥികളില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നവരെ പൂര്‍ണമായി ദത്തെടുക്കാനുള്ള പദ്ധതി അതില്‍ പെട്ടതാണ്. അതാരംഭിച്ചു കഴിഞ്ഞു. സിവില്‍ സര്‍വീസിന് പഠിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയും പരിഗണനയിലുണ്ട്.

വഖ്ഫ് സ്വത്തുക്കള്‍ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസ രംഗത്ത് ഇനിയും പുതിയ കാല്‍വെപ്പുകള്‍ നടത്താന്‍ വഖ്ഫ് ബോര്‍ഡിന് സാധിക്കില്ലേ? സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ദേവസ്വം ബോര്‍ഡിനെ വഖ്ഫ് ബോര്‍ഡിന് മാതൃകയാക്കിക്കൂടേ?

അതിന് ചില സാങ്കേതിക തടസ്സങ്ങളുണ്ട്. ദേവസ്വം ബോര്‍ഡിന് അവരുടെ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത ഒട്ടേറെ ഭൂമിയുണ്ട്. അത് ഉപയോഗപ്പെടുത്തിയാണ് അവര്‍ സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതും നടത്തുന്നതും. എയ്ഡഡ് കോളേജുകള്‍ വരെ അവരുടെ കീഴിലുണ്ട്. എന്നാല്‍, വഖ്ഫ് ബോര്‍ഡിന് സ്വന്തമായി സ്വത്തുക്കളൊന്നുമില്ല. പ്രാദേശികമായി വഖ്ഫ് ചെയ്യപ്പെട്ട ഭൂമിയുടെയും മറ്റു സ്വത്തുക്കളുടെയും മേല്‍നോട്ടം മാത്രമേ ബോര്‍ഡിനുള്ളൂ. അതില്‍ സ്വന്തമായ പ്ലാനനുസരിച്ച് സ്ഥാപനങ്ങളോ സംരംഭങ്ങളോ തുടങ്ങാന്‍ ബോര്‍ഡിന് സാധിക്കില്ല. അതേസമയം പ്രാദേശികമായി വഖ്ഫിന്റെ ഉത്തരവാദപ്പെട്ടവര്‍ ഇത്തരം പദ്ധതികളുമായി മുന്നോട്ടു വന്നാല്‍ ബോര്‍ഡ് അത് അംഗീകരിക്കും. അതിന് പ്രത്യേകം പ്രോത്സാഹനങ്ങള്‍ നല്‍കും. പൊതുവെ ഈ വിഷയത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കാനേ ബോര്‍ഡിന് സാധിക്കുകയുള്ളൂ. ഇന്‍ശാ അല്ലാഹ്, അത് നടത്താനുള്ള ശ്രമങ്ങള്‍ ബോര്‍ഡ് ഊര്‍ജിതപ്പെടുത്തും.

മുസ്‌ലിം സമുദായത്തിന്റെ ശാക്തീകരണം ലക്ഷ്യം വെച്ച് വഖ്ഫ് ബോര്‍ഡും മുസ്‌ലിം കൂട്ടായ്മകളും സംയുക്തമായി പ്ലാന്‍ ചെയ്താല്‍ വ്യത്യസ്ത പദ്ധതികള്‍ വഖ്ഫ് സ്വത്തുക്കള്‍ ഉപയോഗപ്പെടുത്തി ചെയ്തുകൂടേ?

നേരത്തെ സൂചിപ്പിച്ച പോലെ ഈ വിഷയങ്ങളില്‍ പരമാവധി മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനേ ബോര്‍ഡിന് അധികാരമുള്ളൂ. അതത് വഖ്ഫ് സ്വത്തുക്കളുടെ പ്രാദേശിക കമ്മിറ്റികളാണ് ഇത്തരം പ്ലാനുകള്‍ ബോര്‍ഡിന് സമര്‍പ്പിക്കേണ്ടത്. അവരത് സമര്‍പ്പിച്ചാല്‍ അതംഗീകരിക്കാന്‍ ബോര്‍ഡിന് സന്തോഷമേ ഉള്ളൂ. അതിനാദ്യം വഖ്ഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന പ്രാദേശിക കമ്മിറ്റികള്‍ക്ക് വിഷനും മിഷനും ഉണ്ടാകണം. അതുണ്ടാക്കുന്നതില്‍ മത സംഘടനകള്‍ക്കും പ്രഭാഷകര്‍ക്കും എഴുത്തുകാര്‍ക്കുമെല്ലാം നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കും. വ്യക്തിപരമായ സംസാരത്തിലും സംഭാഷണത്തിലുമെല്ലാം ഞാനിത് പലരോടും പങ്കുവെക്കാറുണ്ട്. എല്ലാവരും ഒത്തു ശ്രമിച്ചാല്‍ ഈ രംഗത്ത് ഒട്ടേറെ പദ്ധതികള്‍ രൂപപ്പെടുത്താന്‍ സാധിക്കും.

വാഖിഫോ മുതവല്ലിയോ മരണപ്പെട്ട ശേഷം വഖ്ഫ് സ്വത്തുക്കള്‍ ദുരുപയോഗം ചെയ്യുകയോ കൈയേറുകയോ ചെയ്യുന്ന വാര്‍ത്തകള്‍ പലയിടത്തു നിന്നും ഉയരാറുണ്ട്. ഇവ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?

ഒരു സ്വത്ത് വഖ്ഫ് ചെയ്യുമ്പോള്‍ തന്നെ വാഖിഫ് തന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ വഖ്ഫാധാരത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. ആ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചാല്‍ അത് ദുരുപയോഗമാണ്. അതിനെതിരെ നിയമ നടപടിയെടുക്കാന്‍ ബോര്‍ഡിന് അവകാശമുണ്ട്. പ്രാദേശിക തലങ്ങളില്‍ വഖ്ഫ് സ്വത്തുക്കള്‍ ഇങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നത് കണ്ടാല്‍ ആര്‍ക്കും ബോര്‍ഡിന് പരാതി സമര്‍പ്പിക്കാം. കുറ്റം ബോധ്യപ്പെട്ടാല്‍ ബോര്‍ഡ് കര്‍ശന നടപടി സ്വീകരിക്കും. ഒറ്റപ്പെട്ടതാണെങ്കിലും അത്തരം പ്രശ്‌നങ്ങള്‍ ബോര്‍ഡിന് മുമ്പാകെ വരികയും നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെടാത്തത് ഇനിയുമുണ്ടാകും. അത് കാണുന്നവര്‍ അടിയന്തരമായി ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തുകയാണ് വേണ്ടത്.

പല വഖ്ഫ് സ്വത്തുക്കളും വരുമാന മാര്‍ഗങ്ങള്‍ നിലച്ചത് കാരണം ഉപയോഗ ശൂന്യമായി കിടക്കുകയാണ്. അവയില്‍ നിന്ന് ഒരു വരുമാനവും ലഭിക്കുന്നില്ല. അത്തരം വഖ്ഫുകള്‍ പ്രയോജനകരമായ മറ്റു സംരംഭങ്ങളാക്കി വികസിപ്പിക്കുന്നതിന് നിയമ തടസ്സമുണ്ടോ?

വാഖിഫിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ അട്ടിമറിക്കുന്ന വിധത്തില്‍ വഖ്ഫ് സ്വത്തില്‍ മാറ്റം വരുത്താന്‍ പാടില്ല എന്നേയുള്ളൂ. വാഖിഫിന്റെ തന്നെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി വരുമാന വര്‍ധനവ് ലക്ഷ്യം വെച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാം. ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വഖ്ഫ് ബോര്‍ഡിന്റെ അനുമതി നിര്‍ബന്ധമാണ്. വഖ്ഫ് ബോര്‍ഡിന് അപേക്ഷ സമര്‍പ്പിച്ച് അംഗീകാരം വാങ്ങിയ ശേഷം മാത്രമേ ഇത്തരം പദ്ധതികളുമായി മുന്നോട്ടുപോകാനാവൂ. ദുരുപയോഗം തടയുകയാണ് ഇതിന്റെ ലക്ഷ്യം. ഇങ്ങനെ ഒരു ഉപയോഗവുമില്ലാതെ കിടക്കുന്ന വഖ്ഫ് ഭൂമിയില്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ച് വാടകക്ക് നല്‍കുന്ന പദ്ധതികള്‍ക്ക് വഖ്ഫ് ബോര്‍ഡ് ഇപ്പോള്‍ മേല്‍നോട്ടം വഹിക്കുന്നുണ്ട്. രണ്ടു മാസം മുമ്പ് ചാവക്കാട് ചേറ്റുവക്കടുത്ത് ഒരു വഖ്ഫ് ഭൂമിയില്‍ ഈ ആവശ്യാര്‍ഥം ഞാന്‍ ഇന്‍സ്‌പെക്ഷന് പോയിരുന്നു. അവിടെ 90 ഏക്കര്‍ വഖ്ഫ് ഭൂമിയുണ്ട്. അതിന്റെ പശ്ചാത്തല സൗകര്യമനുസരിച്ച് ബി.ഒ.ടി അടിസ്ഥാനത്തില്‍ കൊമേഴ്‌സ്യല്‍ ആവശ്യങ്ങള്‍ക്ക് ബില്‍ഡിംഗോ മറ്റു അടിസ്ഥാന സൗകര്യങ്ങളോ ഉണ്ടാക്കാനാണ് പദ്ധതി. ലാഭം ഉണ്ടാക്കാനോ വരുമാനം വര്‍ധിപ്പിക്കാനോ വേണ്ടി വഖ്ഫ് സ്വത്തുക്കളില്‍ ഇങ്ങനെ പുതിയ പദ്ധതികള്‍ ബോര്‍ഡിന്റെ അനുവാദത്തോടെ ആര്‍ക്കും തുടങ്ങാവുന്നതാണ്. അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം വാഖിഫിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കായി ചെലവഴിക്കണമെന്ന് മാത്രം.

സംഘടനാ വ്യത്യാസത്തിന്റെ പേരില്‍ ഖബ്‌റിസ്താന്‍ നിഷേധിക്കുന്നതും പല കാരണങ്ങളാല്‍  മഹല്ല് ഊരുവിലക്ക് ഏര്‍പ്പെടുത്തുന്നതുമായ സംഭവങ്ങള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഈ വിഷയത്തില്‍ നിയമപരമായി തന്നെ ഇടപെടാന്‍ അധികാരമുള്ള വേദിയാണല്ലോ വഖ്ഫ് ബോര്‍ഡ്?

കേരളത്തില്‍ ഇന്ന് ഇത്തരം വിഷയങ്ങള്‍ ഒട്ടും തന്നെ ഇല്ലെന്ന് പറയാം. അപൂര്‍വം സംഭവങ്ങള്‍ ഇതിന് അപവാദമായിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പെരുമുക്ക് മഹല്ലിലെ വിവാദം ഒടുവിലത്തെ ഉദാഹരണമാണ്. ശഹാദത്ത് കലിമ ഉരുവിട്ട മുസ്‌ലിമാണെങ്കില്‍ അവരെ അവരുടെ  മഹല്ലിലെ ഖബ്‌റിസ്താനില്‍ മറമാടിയിരിക്കണം എന്നാണ് ഈ വിഷയത്തിലെ ബോര്‍ഡിന്റെ നിലപാട്. അതില്‍ സുന്നിയോ മുജാഹിദോ ജമാഅത്തുകാരനോ എന്ന വേര്‍തിരിവ് പാടില്ല. ഒരു മുസ്‌ലിം മരിച്ചാല്‍ ഖബ്‌റടക്കേണ്ടത് മുഴുവന്‍ മുസ്‌ലിംകളുടെയും ബാധ്യതയാണ്. അതിന് സംഘടനാ പക്ഷപാതിത്വം തടസ്സമാകേണ്ടതില്ല. അതിന് ആര് തടസ്സം നിന്നാലും ബോര്‍ഡ് കര്‍ശനമായ നടപടി സ്വീകരിക്കും. വഖ്ഫ് ബോര്‍ഡിനാണ് ഇത്തരം പരാതികള്‍ നല്‍കേണ്ടത്; സിവില്‍ കോടതികള്‍ക്കല്ല. വഖ്ഫ് ബോര്‍ഡിനാണ് ഇത്തരം വിഷയങ്ങളില്‍ ഇടപെടാനുള്ള നിയമപരമായ അധികാരമുള്ളത്. ആ വിഷയത്തില്‍ ബോര്‍ഡ് യാതൊരു ഇളവും സ്വീകരിക്കില്ല. വ്യക്തിപരമായി ഞാനൊരു മത സംഘടനയുടെയും രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമാണെങ്കിലും ഇത്തരം വിഷയങ്ങളില്‍ നിഷ്പക്ഷവും നീതിപൂര്‍വകവുമായ നിലപാടായിരിക്കും സ്വീകരിക്കുക.

ഓരോ സംഘടനയും പിളരുമ്പോഴും പള്ളി-മദ്‌റസ അവകാശവാദ തര്‍ക്കങ്ങള്‍ ഉടലെടുക്കാറുണ്ട്. അത്തരം തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇടപെട്ടപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍?

ഞാന്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ മുജാഹിദ് ഇരു വിഭാഗങ്ങള്‍ക്കും ഇടയില്‍ അത്തരം ഒട്ടേറെ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. അവ മിക്കവയും മധ്യസ്ഥരെ വെച്ച് ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇരുപത്തഞ്ചോളം കേസുകള്‍ ഇങ്ങനെ തീര്‍പ്പാക്കി. പരസ്പര സമ്മതത്തോടെ പള്ളികള്‍ ചിലയിടങ്ങളില്‍ ഒരു ഗ്രൂപ്പിനും മറ്റിടങ്ങളില്‍ വേറൊരു ഗ്രൂപ്പിനും നല്‍കിയാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചത്. അത് വിജയകരമായിരുന്നു. തുല്യ പരിഗണന നല്‍കി പ്രദേശത്തെ ഭൂരിപക്ഷത്തെ പരിഗണിച്ചാണ് ഇത്തരം കേസുകള്‍ തീര്‍പ്പാക്കുന്നത്. ഇനിയും ചിലതില്‍ മാധ്യസ്ഥവും ചര്‍ച്ചയും നടന്നുകൊണ്ടിരിക്കുന്നു. ഉടനെ അതിനും പരിഹാരമാവുമെന്നാണ് പ്രതീക്ഷ.

പുതിയ വഖ്ഫ് ബോര്‍ഡില്‍ സ്ത്രീ പങ്കാളിത്തമുണ്ടായിരിക്കുന്നു. മഹല്ല് കമ്മിറ്റിയിലും സ്ത്രീ പങ്കാളിത്തം വേണമെന്ന ചര്‍ച്ചയെ എങ്ങനെ കാണുന്നു?

ഭിന്നാഭിപ്രായങ്ങളുള്ള ഒരു ചര്‍ച്ചാ വിഷയം മാത്രമാണിത്. ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിലെ ഒറ്റപ്പെട്ട ചില മഹല്ല് കമ്മിറ്റികളിലെ സ്ത്രീ പങ്കാളിത്തം മാറ്റി നിര്‍ത്തിയാല്‍ ഈ ചര്‍ച്ചക്ക് തുടക്കമിട്ട മുജാഹിദ് സംഘടനകളുടെ കീഴിലെ മഹല്ല് കമ്മിറ്റികളില്‍ പോലും സ്ത്രീ പങ്കാളിത്തമില്ല എന്നതാണ് യാഥാര്‍ഥ്യം. വഖ്ഫ് ബോര്‍ഡില്‍ നിലവില്‍ രണ്ട് സ്ത്രീ പ്രാതിനിധ്യമുണ്ടെന്നത് ശരിയാണ്. അതും മഹല്ല് കമ്മിറ്റിയുമായി തുലനം ചെയ്യേണ്ടതില്ല. സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത പള്ളികളാണല്ലോ കേരളത്തില്‍ ഭൂരിപക്ഷവും. അപ്പോള്‍ അത്തരം പള്ളികള്‍ നിയന്ത്രിക്കുന്ന കമ്മിറ്റികളില്‍ സ്ത്രീകള്‍ വേണമെന്ന് വാശി പിടിക്കുന്നതില്‍ അര്‍ഥമില്ല. മഹല്ല് കമ്മിറ്റിയിലെ സ്ത്രീ പങ്കാളിത്തമെന്നത് വ്യത്യസ്ത അഭിപ്രായങ്ങളുള്ള ഒരു ചര്‍ച്ചാ വിഷയമായി അംഗീകരിക്കുകയാണ് വേണ്ടത്. മറ്റു പല വിഷയങ്ങളിലെന്ന പോലെ ഇതിലും പ്രത്യേക നിലപാട് സ്വീകരിക്കേണ്ട ആവശ്യം വഖ്ഫ് ബോര്‍ഡിനില്ല.

വഖ്ഫ് ബോര്‍ഡില്‍ രണ്ട് സ്ത്രീകള്‍ ഉണ്ടെന്ന് താങ്കള്‍ സൂചിപ്പിച്ചു. അതില്‍ ഷമീമ ഇസ്‌ലാഹിയ്യ മുജാഹിദിലെ ഒരു വിഭാഗത്തിന്റെ പ്രതിനിധിയാണ്. രണ്ടാമത്തെ അംഗം ഫാത്വിമ റോസ്‌ന എ.പി വിഭാഗം സുന്നികളുടെ പ്രതിനിധിയാണെന്ന് സംസാരമുണ്ടല്ലോ?

അങ്ങനെയൊരു വര്‍ത്തമാനം ഞാനും കേട്ടിട്ടുണ്ട്. അവര്‍ക്ക് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ ഗ്രൂപ്പിനോട് അനുഭാവമുണ്ടെന്നാണ് വിവരം. മഹിളാ കോണ്‍ഗ്രസ് നേതാവായിരുന്ന അവരെ ആ ബന്ധം കൂടി പരിഗണിച്ചാണ് വഖ്ഫ് ബോര്‍ഡ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതെന്നും കേട്ടിട്ടുണ്ട്. അത് സ്ഥിരീകരിക്കേണ്ടത് ഞാന്‍ മാത്രമല്ലല്ലോ.

ജമാഅത്തെ ഇസ്‌ലാമിക്ക് ഇപ്രാവശ്യം വഖ്ഫ് ബോര്‍ഡില്‍ അംഗമില്ലാതെ പോയത് മഹല്ല് കമ്മിറ്റിയില്‍ സ്ത്രീ പ്രാതിനിധ്യം വേണമെന്ന ചര്‍ച്ച ഉയര്‍ത്തിയതിനാലാണെന്ന ചില പത്ര റിപ്പോര്‍ട്ടുകളെക്കുറിച്ച്?

അങ്ങനെയെങ്കില്‍ അതേ വാദമുന്നയിക്കുന്ന മുജാഹിദുകളെയും വഖ്ഫ് ബോര്‍ഡില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടതല്ലേ? അവരുടെ പ്രതിനിധികള്‍ ഉണ്ടല്ലോ. അപ്പോള്‍ അത് തീര്‍ത്തും ഊഹാധിഷ്ഠിതമായ ഒരു തെറ്റായ വാര്‍ത്തയാണ്.

വഖ്ഫ് ബോര്‍ഡ് മുസ്‌ലിം സമുദായത്തിന്റെ പൊതു വേദിയായി നിലകൊള്ളേണ്ട സ്ഥാപനമല്ലേ? എല്ലാവരെയും ഐക്യത്തോടെ കൊണ്ടുപോകേണ്ട ആ സ്ഥാപനത്തിന്റെ കമ്മിറ്റിയില്‍ നിന്ന് ചിലരെ മാത്രം അവഗണിക്കുക വഴി തെറ്റായ സന്ദേശമല്ലേ സമുദായത്തിന് നല്‍കുന്നത്?

വഖ്ഫ് ബോര്‍ഡ് സമുദായത്തിന്റെ പൊതുവേദിയാണ്. അതിലൊരു സംശയവും വേണ്ട. പിന്നെ ചിലരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാത്തത് തീര്‍ത്തും സാങ്കേതിക പ്രശ്‌നം കൊണ്ട് മാത്രമാണ്. ജനപ്രതിനിധികളും ബാര്‍ കൗണ്‍സില്‍ അംഗങ്ങളും കഴിഞ്ഞാല്‍ വെറും നാല് പ്രതിനിധികളെ മാത്രമേ വഖ്ഫ് ബോര്‍ഡ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. കേരളത്തിലാണെങ്കില്‍ വ്യത്യസ്ത ഗ്രൂപ്പുകളായി നാലിലധികം സംഘടനകളുമുണ്ട്. അപ്പോള്‍ ചിലരെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. ഭൂരിപക്ഷം മഹല്ലുകളെയും നിയന്ത്രിക്കുന്നവരുടെ പ്രാതിനിധ്യം സ്ഥിരമാവുന്നതും സ്വാഭാവികമാണ്. അപ്പോള്‍ പിന്നെ കുറച്ച് മഹല്ലുകള്‍ മാത്രമുള്ളവര്‍ മാറ്റിനിര്‍ത്തപ്പെടും. അതാണ് ഇപ്രാവശ്യം സംഭവിച്ചത്.

വഖ്ഫ് ബോര്‍ഡ് കമ്മിറ്റിയില്‍ മാത്രമേ എല്ലാ സംഘടനകള്‍ക്കും പ്രാതിനിധ്യമില്ലാതുള്ളൂ. ഗൗരവമുള്ള വിഷയം ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ കമ്മിറ്റിയില്‍ പ്രാതിനിധ്യം ഇല്ലാത്തവരില്‍ നിന്നും അഭിപ്രായം സ്വീകരിച്ചുകൊണ്ടേ ബോര്‍ഡ് മുന്നോട്ടു പോകൂ. ഈ ലക്ഷ്യാര്‍ഥം എല്ലാ മത സംഘടനാ പ്രതിനിധികളെയും പങ്കെടുപ്പിച്ച് വഖ്ഫ് ബോര്‍ഡ് ഒരു യോഗം വിളിച്ചിരുന്നു. എല്ലാവരും അതില്‍ സജീവമായി പങ്കെടുക്കുകയും ഒട്ടേറെ വിഷയങ്ങളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തിരുന്നു. അത്തരം മീറ്റിംഗുകള്‍ സന്ദര്‍ഭാനുസാരം ഇനിയും വിളിച്ചു ചേര്‍ക്കും. സമുദായത്തിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള പ്ലാറ്റ്‌ഫോമായി നിലകൊള്ളാനാണ് ബോര്‍ഡ് ആഗ്രഹിക്കുന്നത്. നീതിപൂര്‍വകവും നിഷ്പക്ഷവുമായ പ്രവര്‍ത്തനമായിരിക്കും ബോര്‍ഡിന്റെ ഭാഗത്തുനിന്ന് എപ്പോഴും ഉണ്ടാവുക. അതിലാര്‍ക്കും സംശയം വേണ്ട.

മുസ്‌ലിം സമുദായത്തിന്റെ പുരോഗതിയില്‍ മഹല്ലുകള്‍ക്ക് വലിയ പങ്ക് നിര്‍വഹിക്കാനില്ലേ? നിലവില്‍ മിക്ക മഹല്ലുകളും നമസ്‌കാരമുള്‍പ്പെടെയുള്ള ആരാധനാ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കുകയല്ലാതെ, മറ്റു സാമുദായിക ശാക്തീകരണ പരിപാടികളൊന്നും ആസൂത്രണം ചെയ്യുന്നില്ല. മഹല്ല് ശാക്തീകരണത്തിന് മുന്നോട്ടുവെക്കാനുള്ള നിര്‍ദേശങ്ങള്‍?

നമ്മുടെ മിക്ക മഹല്ലുകളുടെയും നേതൃത്വത്തിലുള്ളവര്‍ പ്രായമായവരായിരിക്കും. അവരുടെ കാഴ്ചപ്പാടിനും പ്രവര്‍ത്തനങ്ങള്‍ക്കും പരിമിതികളുണ്ട്. തങ്ങളുടെ പ്രായത്തിനപ്പുറം അവരുടെ ചിന്ത പോവില്ല. നമസ്‌കാരവും ദര്‍സുമൊക്കെ ഭംഗിയായി നടന്നുപോവുക എന്നതില്‍ പരിമിതമായിരിക്കും അവരുടെ ചിന്ത. അതിനപ്പുറമുള്ള പദ്ധതികളും സംവിധാനവുമൊക്കെ പുതിയ തലമുറക്കേ ഉണ്ടാകൂ. 

കാഴ്ചപ്പാടുകളും പ്രവര്‍ത്തനോര്‍ജവുമുള്ള ചെറുപ്പക്കാര്‍ മഹല്ല് നേതൃത്വത്തില്‍ വന്നാലേ വലിയൊരു മാറ്റം സാധ്യമാകൂ. ഒറ്റപ്പെട്ട അപവാദങ്ങള്‍ ഈ രംഗത്തുണ്ടെന്നത് ഞാന്‍ വിസ്മരിക്കുന്നില്ല. അത്തരം മഹല്ലുകള്‍ കരിയര്‍ ഗൈഡന്‍സ്, തൊഴിലധിഷ്ഠിത കോഴ്‌സുകള്‍, പ്രീ മാരിറ്റല്‍ കൗണ്‍സലിംഗ്, പലിശരഹിത വായ്പാ സംവിധാനങ്ങള്‍, വീട് നിര്‍മാണം, സ്‌കോളര്‍ഷിപ്പ്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇത്തരം മാതൃകാ മഹല്ലുകളുടെ പ്രവര്‍ത്തനങ്ങളെ നമ്മുടെ മഹല്ല് നേതൃത്വത്തിലുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ എല്ലാവരും തയാറാകേണ്ടതുണ്ട്. അങ്ങനെയൊരു വിജയിച്ച മാതൃക കാണുമ്പോള്‍ അത് നടപ്പാക്കാന്‍ താല്‍പര്യമുള്ളവര്‍ തന്നെയാണ് മഹല്ല് നേതൃത്വത്തിലുള്ള മുതിര്‍ന്ന അംഗങ്ങള്‍. സ്വന്തമായി കാഴ്ചപ്പാടില്ലെങ്കിലും ഒരു നല്ല മാതൃക കണ്ടാല്‍ അത് നടപ്പാക്കാന്‍ അവര്‍ തയാറാകും എന്നാണ് എനിക്ക് തോന്നുന്നത്.

അപ്പോള്‍ മാതൃകാ മഹല്ലുകളെ പരിചയപ്പെടുത്താനും അവരുടെ പദ്ധതികള്‍ വിശദീകരിച്ചുകൊടുക്കാനും സംഘടനാ നേതാക്കളും പണ്ഡിതന്മാരും പ്രഭാഷകരും ശ്രദ്ധിക്കണം. യുവജന സംഘടനകള്‍ക്ക് ഈ രംഗത്ത് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ഇരുപതും മുപ്പതും ലക്ഷമൊക്കെ ചെലവഴിച്ച് നമ്മളുണ്ടാക്കുന്ന മദ്‌റസാ കെട്ടിടങ്ങള്‍ ഒരു ദിവസം ആകെ രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമാണ് ഉപയോഗിക്കുന്നത്. മികച്ച ക്ലാസ് റൂം സംവിധാനമുള്ള മദ്‌റസകളെ പല പദ്ധതികള്‍ക്കും ഉപയോഗപ്പെടുത്താം. വീട്ടമ്മമാര്‍ക്കും മറ്റു മുതിര്‍ന്നവര്‍ക്കുമായി മദ്‌റസാ ടൈം കഴിഞ്ഞ ശേഷം തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ഇവിടെ നടത്താവുന്നതാണ്. ഇതൊരു ഉദാഹരണം മാത്രം. ഇങ്ങനെ ഒട്ടനവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ സമുദായത്തിന് സാധിക്കും.

കേരളീയ മുസ്‌ലിം സമൂഹത്തോടുള്ള പൊതുവായ നിര്‍ദേശങ്ങള്‍?

നമുക്ക് ഒരുപാട് വിഭവങ്ങളുണ്ട്. അതിന്റെ പകുതി പോലും ഉപയോഗപ്പെടുത്താന്‍ നമുക്കാവുന്നില്ല. മാനുഷിക വിഭവം മുതല്‍ വഖ്ഫടക്കമുള്ള മറ്റു സാമ്പത്തിക സോഴ്‌സുകള്‍ വരെ ഇതില്‍ ഉള്‍പെടും. ചെറിയ വിഷയങ്ങളില്‍ വലിയ ചര്‍ച്ചകള്‍ നടത്തിയും പരസ്പരം തമ്മില്‍ തല്ലിയും ഊര്‍ജം കളയുന്നതിനു പകരം, മൊത്തം സമുദായ ശാക്തീകരണത്തിന് ഒന്നിച്ച് നില്‍ക്കാന്‍ മുഴുവന്‍ മുസ്‌ലിം സംഘടനകളും തയാറാകണം. അഭിപ്രായ വ്യത്യാസങ്ങള്‍ നമുക്ക് മാന്യമായി തുടരുകയും നമ്മുടെ ആഭ്യന്തര രംഗത്ത് അത് ചര്‍ച്ച ചെയ്യുകയും ആവാം. മുസ്‌ലിംകളും മറ്റു മതസ്ഥരുമെല്ലാം ഇടകലരുന്ന പൊതു ഇടങ്ങളില്‍ നിന്ന് അത്തരം ചര്‍ച്ചകളെ മാറ്റിനിര്‍ത്താന്‍ നമുക്ക് സാധിക്കണം. അങ്ങാടികളില്‍ വെച്ച് നടക്കുന്ന പരസ്പരമുള്ള വിഴുപ്പലക്കുകളും പരിഹാസ്യമായ വാദപ്രതിവാദങ്ങളും അവസാനിപ്പിക്കണം. ഇതിന് സാക്ഷികളാകുന്ന നിഷ്പക്ഷരായ ജനങ്ങള്‍ക്കും മറ്റു മതസ്ഥര്‍ക്കും ഇതിന് നേതൃത്വം നല്‍കുന്ന മുസ്‌ലിം പണ്ഡിതന്മാരോടും ഇസ്‌ലാമിനോടു തന്നെയും പുഛവും വെറുപ്പുമാണ് ഉണ്ടാവുക. ഈ വിഷയവും വഖ്ഫ് ബോര്‍ഡ് വിളിച്ചുചേര്‍ത്ത മുസ്‌ലിം സംഘടനകളുടെ മീറ്റിംഗില്‍ ഉയര്‍ന്നുവന്നിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ അന്തസ്സായ ഭാഷയിലും ശൈലിയിലും ചര്‍ച്ച ചെയ്യട്ടെ. സംവാദമാവാം. പക്ഷേ, അത് മോശമായ രീതിയില്‍ തെരുവില്‍ വെച്ചാവരുത്. ഇതുള്‍ക്കൊള്ളാന്‍ എല്ലാവരും തയാറാകുമെന്നാണ് എന്റെ പ്രതീക്ഷ. 

ബഷീര്‍ തൃപ്പനച്ചി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /54-61
എ.വൈ.ആര്‍