അഹ്മദാബാദിലെ അത്തര്‍വാല
ജുഹാപുരയിലെ മസ്ജിദിന് സമീപത്തുള്ള കൊച്ചുകടയില്‍ നിന്ന്, അത്തര്‍വാല എടുത്തു തന്ന മുല്ലപ്പൂവിന്റെ നറുമണമുള്ള ആ അത്തര്‍കുപ്പി ഉപയോഗിച്ചു തീര്‍ന്ന ശേഷവും ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. അഹ്മദാബാദുകാരനായ സുഹൃത്ത് നിയാസ് ഭായ് നിര്‍ബന്ധപൂര്‍വം വാങ്ങിത്തന്ന ആ സമ്മാനം സ്‌നേഹനൊമ്പരമുള്ള ഒരോര്‍മയാണ്. ഏതാനും മണിക്കൂറുകളുടെ പരിചയം മാത്രമാണ് നിയാസ് ഭായിക്ക് എന്നോടുണ്ടായിരുന്നത്. ഒരാഴ്ച നീണ്ടുനിന്ന രാജസ്ഥാന്‍ യാത്ര കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങും വഴി ഗുജറാത്ത് തലസ്ഥാനമായ അഹ്മദാബാദിലെത്തിയപ്പോള്‍, 2002 ലെ കലാപ ബാധിത പ്രദേശങ്ങളും അവിടെ ജമാഅത്തെ ഇസ്‌ലാമി നടത്തിയ സേവന പ്രവര്‍ത്തനങ്ങളും കാണലായിരുന്നു പ്രധാന ലക്ഷ്യം. തലശ്ശേരി പാനൂരിലെ നീലയില്‍ ഹാരിസ്‌ക്കയും റഹീംക്കയും എന്നോടൊപ്പം ഉണ്ടായിരുന്നു. നരോദ, പാട്യ, വട്‌വ തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരു പകല്‍ മുഴുവന്‍ നിയാസ് ഭായ് കൂടെ വന്നു. വൈകുന്നേരം യാത്ര പറയുമ്പോള്‍ അദ്ദേഹം സമ്മാനിച്ച ആ അത്തര്‍കുപ്പിയും അത് സ്‌നേഹത്തോടെ പൊതിഞ്ഞു തന്ന പേരറിയാത്ത ആ അത്തര്‍വാലയും ഗുജറാത്ത് യാത്രയുടെ ഓര്‍മകളിലേക്ക് ഇടക്കിടെ കൂട്ടിക്കൊണ്ടുപോകും.
'പഞ്ചാബ്, സിന്ധ്, ഗുജറാത്ത്, മറാട്ട....' ദേശീയ ഗാനത്തിലെ ഈ വരിയിലാണ് ഗുജറാത്ത് ആദ്യമായി കേട്ടത്. പിന്നീട് പല തവണ ആ നാട് മനസ്സില്‍ കയറിയിറങ്ങി പോയെങ്കിലും 2000 ലെ ഭൂകമ്പവും 2002 ലെ വംശഹത്യയുമാണ് ഗുജറാത്തിനെ ഭീതിയോടെ മനസ്സില്‍ പ്രതിഷ്ഠിച്ചത്. അഹ്മദാബാദ് നഗരത്തില്‍ നിന്ന് 19 കി.മി മാത്രം ദൂരമുള്ള നരോദയില്‍ ഓട്ടോ ഇറങ്ങിയപ്പോള്‍ തന്നെ ജിജ്ഞാസയോടെയും ഉള്‍ക്കിടിലത്തോടെയും ആ ചെറിയ ടൗണ്‍ ആകെയൊന്ന് കണ്ണോടിച്ചു. 2002 ലെ വംശഹത്യയുടെ ഇടിത്തീ അനേകം മനുഷ്യജീവനുകളും സ്വത്തുക്കളും കരിച്ചുകളഞ്ഞ സ്ഥലമാണ് നരോദ. ഇന്നിപ്പോള്‍ നരോദ എന്ന പേര് ഇന്റര്‍നെറ്റില്‍ പരതുമ്പോള്‍ മായാകോട്‌നാനിയുടെ മുഖമാണ് കൂടുതല്‍ പ്രത്യക്ഷപ്പെടുന്നത്. കലാപത്തീ ആളിക്കത്തിക്കുന്നതില്‍ മായാകോട്‌നാനിയുടെ പങ്കാളിത്തം വലുതായിരുന്നല്ലോ.
നരോദയുടെ ചിത്രം പകര്‍ത്താനായി കാമറ പുറത്തെടുത്ത് ഒന്നു ക്ലിക്ക് ചെയ്തതേയുള്ളൂ, 'ഫോട്ടോ എടുക്കേണ്ട' എന്ന് പറഞ്ഞ് നിയാസ് ഭായ് തടഞ്ഞു. ആ കണ്ണുകളില്‍ ഒരുതരം ഭീതി നിഴലിക്കുന്നുണ്ടായിരുന്നു. അപരിചിതനായ ഒരാള്‍ ഇവിടെ വന്ന് ഫോട്ടോയെടുക്കുന്നത് അത്ര പന്തിയല്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. കലാപാനന്തരം 12 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗുജറാത്തിനകത്ത് ഭീതിയുടെ അന്തരീക്ഷം പൂര്‍ണമായും വിട്ടുമാറിയിട്ടില്ലെന്ന് പിന്നീടുണ്ടായ അനുഭവങ്ങളും ബോധ്യപ്പെടുത്തി. ഞങ്ങള്‍ നരോദ ഗാമിലെ കോളനിക്കകത്തേക്ക് പ്രവേശിച്ചു. മൂന്ന് മീറ്റര്‍ വീതിയുള്ള പോക്കറ്റ് റോഡിന് ഇരുവശത്തും പരസ്പരം ചേര്‍ന്നു നില്‍ക്കുന്ന താമസസ്ഥലങ്ങള്‍; 'വീടുകള്‍' എന്ന് അവയെ വിളിക്കാമോ എന്നറിയില്ല. തീരെ കുറച്ച് മുസ്‌ലിം കുടുംബങ്ങളേ ഇപ്പോള്‍ അവിടെയുള്ളൂ. മൊത്തം താമസക്കാരിലെ ഒരു ശതമാനം പോലും വരില്ല മുസ്‌ലിംകള്‍. നരോദ ജി.ഐ.ഡി.സി കമ്പനിയിലെ ജോലിക്കാര്‍ ഉള്‍പ്പെടെ, പലരും വാടകക്കാണ് താമസിക്കുന്നത്. കലാപവേളയില്‍ കൂട്ടക്കൊല നടന്ന ഈ കോളനിയില്‍ നിന്ന് അന്ന് ജീവനുമായി ഓടി രക്ഷപ്പെട്ടവര്‍ ഏറെയും പിന്നീട് തിരിച്ചുവന്നിട്ടില്ല. ഗുജറാത്തിലെ പല കലാപബാധിത പ്രദേശങ്ങളുടെയും അവസ്ഥ ഇതു തന്നെ. സ്വന്തം താമസ സ്ഥലങ്ങളില്‍ നിന്ന് അവര്‍ ആട്ടിയോടിക്കപ്പെട്ടിരിക്കുന്നു. കുറച്ചു പേരൊക്കെ പല വിധത്തില്‍ തിരിച്ചുപോയി. പലരും മടങ്ങാന്‍ ഭയപ്പെടുന്നു. തങ്ങള്‍ ഇനിയും ആക്രമിക്കപ്പെടും എന്നാണവരുടെ പേടി. ചിലയിടങ്ങളിലൊക്കെ തിരിച്ചുവരാന്‍ പാടില്ലെന്ന ഭീഷണിയും തിട്ടൂരവും നിലനില്‍ക്കുന്നു.
നിയാസ് ഭായ് പറഞ്ഞതനുസരിച്ച് ഞങ്ങളെ കാത്തിരുന്ന ഒരു യുവ മുസ്‌ലിം അഭിഭാഷകനുമായി അവിടെവെച്ച് സംസാരിച്ചു. ഏതാനും കലാപ കേസുകള്‍ നടത്തുന്നുണ്ട് അദ്ദേഹം. 'കലാപത്തെക്കുറിച്ച്, കേസുകളെ സംബന്ധിച്ച് ഇപ്പോള്‍ ഞങ്ങള്‍ ആരോടും സംസാരിക്കാറില്ല. പത്രക്കാരും ഏജന്‍സികളുമൊക്കെ ഇപ്പോഴും വരാറുണ്ട്. അവരില്‍ ചിലര്‍ കലാപക്കേസുകളിലെ പ്രതികളുടെ ഏജന്റുമാരാകാം. സാക്ഷികളെയും ഇരകളെയുമൊക്കെ സ്വാധീനിക്കാനും കേസിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താനുമൊക്കെ അവര്‍ ശ്രമിക്കും. അതുകൊണ്ട് ആരോടും ഞാന്‍ സംസാരിക്കാറില്ല. താങ്കള്‍ കേരളത്തില്‍ നിന്നു വന്ന പത്രപ്രവര്‍ത്തകനായതിനാലും ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തകന്‍ കൊണ്ടുവന്നതിനാലുമാണ് സംസാരിക്കുന്നത്. കലാപത്തിന്റെ ഇരകളെ പുനരധിവസിപ്പിക്കുന്നതിലും കേസുകള്‍ നടത്തുന്നതിലും ജമാഅത്തെ ഇസ്‌ലാമി തുടക്കം മുതല്‍ സജീവമായി രംഗത്തുണ്ട്'-ഈ മുഖവുരയോടെയാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.
കലാപാനന്തരം 12 വര്‍ഷങ്ങള്‍ പിന്നിട്ട ഗുജറാത്തിലെ മുസ്‌ലിം ജീവിതം ഗൗരവപൂര്‍വം പഠന വിധേയമാക്കേണ്ടതുണ്ട്. കലാപ വേളയിലും തൊട്ടടുത്ത നാളുകളിലും ദുരന്തങ്ങള്‍ വാര്‍ത്തകളില്‍ നിറയും, പുസ്തകങ്ങളില്‍ രേഖപ്പെടുത്തപ്പെടും. എന്നാല്‍ പിന്നീടുള്ള കലാപബാധിതരുടെ ജീവിതമോ? ഇതിനെക്കുറിച്ച് അന്വേഷണം നടക്കേണ്ടതുണ്ട്.
ഗുജറാത്ത് കലാപം വലിയ ചുഴികളിലേക്കാണ് മുസ്‌ലിം ജീവിതത്തെ എടുത്തെറിഞ്ഞത്. ഒന്നിച്ചു ജീവിച്ചിരുന്നവര്‍ പല സ്ഥലങ്ങളിലേക്ക് ചിന്നിച്ചിതറി, അരക്ഷിതരും ആശ്രയമറ്റവരുമായിത്തീര്‍ന്നു. പലര്‍ക്കും തൊഴിലുകളില്ലാതായി. പുതിയ ജോലികള്‍ കിട്ടാന്‍ പ്രയാസം. അതോടെ ജീവിതം വഴിമുട്ടി. ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കുന്നവര്‍ക്ക് പോലും കലാപാനന്തരം പല പ്രയാസങ്ങളും നേരിടേണ്ടിവരുന്നു. കലാപം എങ്ങനെയാണ് അതിന്റെ ഇരകളെ ദരിദ്രരും ഏഴകളുമാക്കി മാറ്റുന്നതെന്ന് ഗുജറാത്ത് പറഞ്ഞു തരുന്നുണ്ട്.
'തീന്‍ ദര്‍വാസ'യില്‍ നിന്ന് കുടിയിറക്കപ്പെട്ട മുസ്‌ലിം കുടുംബങ്ങളും കച്ചവടക്കാരും ഇതിന്റെ ഉദാഹരണമാണ്. പരമ്പരാഗത മുസ്‌ലിം അധിവാസ കേന്ദ്രമാണ് അഹ്മദാബാദിലെ ചരിത്ര പ്രസിദ്ധമായ 'തീന്‍ ദര്‍വാസ'. അഹ്മദാബാദിന്റെ സ്ഥാപകനായ സുല്‍ത്താന്‍ അഹ്മദ് ഷാ പണിതീര്‍ത്ത മൂന്ന് വാതിലുകളുള്ള ഏറ്റവും പുരാതനമായ നഗര കവാടമാണത്. നിരവധി മുസ്‌ലിം കച്ചവടക്കാര്‍ അവിടെയുണ്ട്. ക്ഷേത്ര വികസനത്തിന്റെ പേരില്‍ കച്ചവടക്കാര്‍ കുടിയിറക്കപ്പെട്ടപ്പോള്‍ 150 ലേറെ കുടുംബങ്ങളാണ് വഴിയാധാരമായത്. അവര്‍ വര്‍ഷങ്ങളായി താമസിക്കുകയും കച്ചവടം നടത്തുകയും ചെയ്ത സ്ഥലമായിരുന്നു അത്. പക്ഷേ, പല കെട്ടിടങ്ങള്‍ക്കും കൃത്യമായ രേഖകള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് കോടികള്‍ വിലയുള്ള ഭൂമിയും കെട്ടിടങ്ങളും ചുരുങ്ങിയ ലക്ഷങ്ങള്‍ക്ക് ഒഴിഞ്ഞുകൊടുത്ത് ഇറങ്ങിപ്പോരേണ്ടിവന്നു. രേഖകളില്ലാത്ത ഭൂമിയും നിയമങ്ങള്‍ പാലിക്കാതെ നിര്‍മിക്കുന്ന കെട്ടിടങ്ങളും മുസ്‌ലിംകളുടെ വലിയൊരു പ്രശ്‌നമാണെന്ന് അഭിഭാഷക സുഹൃത്ത് പറയുകയുണ്ടായി. മുസ്‌ലിംകള്‍ പലപ്പോഴും എന്‍.ഒ.സി ഇല്ലാതെ, നിയമങ്ങള്‍ കൃത്യമായി പാലിക്കാതെ കെട്ടിടങ്ങള്‍ ഉണ്ടാക്കും. 10 വീടുകള്‍ ഉണ്ടാക്കാവുന്നിടത്ത് 20 വീടുകള്‍ നിര്‍മിക്കും. ഇത്തരം സമീപനം കൊണ്ട്, അധികൃതര്‍ക്ക് അവ പൊളിച്ചു നീക്കാന്‍ എളുപ്പത്തില്‍ കഴിയുന്നു. ദുരന്തങ്ങളുണ്ടാകുമ്പോള്‍ നഷ്ടപരിഹാരം കിട്ടാനും വഴിയില്ലാതാകുന്നു. നിയമപരമായി കാര്യങ്ങള്‍ ചെയ്യുന്നതില്‍ ജാഗ്രത പുലര്‍ത്താന്‍ നമുക്ക് കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നരോദ ചുറ്റിക്കണ്ട ഞങ്ങള്‍ തിരിച്ചുപോരും മുമ്പ് ചായ കുടിച്ചത് കലാപക്കേസിലെ ഒരു പ്രതിയുടെ കടയില്‍ നിന്നാണ്. അദ്ദേഹമിപ്പോള്‍ മുസ്‌ലിംകളോട് സൗഹാര്‍ദത്തിലാണ്. അത് കേസില്‍ നിന്ന് രക്ഷപ്പെടാനാണോ എന്ന് സംശയിക്കുന്നവരുണ്ട്. എന്നാല്‍, ആത്മാര്‍ഥതയോടെ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നവരും, മുസ്‌ലിംകളോട് സ്‌നേഹത്തില്‍ വര്‍ത്തിക്കുന്നവരും ധാരാളമുണ്ട്. കലാപവേളയില്‍ മുസ്‌ലിം അയല്‍വാസികളെയും മറ്റും സംരക്ഷിച്ച നിരവധി ഹിന്ദു സഹോദരങ്ങളുണ്ട് ഗുജറാത്തില്‍. നൂറോളം മുസ്‌ലിംകളെ സംരക്ഷിച്ച ദാര്‍വാഡിലെ കണ്ണുവും രഘുവും ഉള്‍പ്പെടുന്ന ഹൈന്ദവ സഹോദരങ്ങള്‍ ഉദാഹരണം. കല്യാണങ്ങളില്‍ പരസ്പരം പങ്കെടുക്കുന്നവരും മറ്റു മേഖലകളില്‍ ഇടപെടുന്നവരുമൊക്കെ ധാരാളം. ഈ ഗുണവശങ്ങള്‍ പക്ഷേ, ഏറെയൊന്നും പ്രചരിപ്പിക്കാന്‍ പലരും ശ്രമിക്കാറില്ലല്ലോ.
'ഇസ്‌ലാമി റിലീഫ് കമ്മിറ്റി ഗുജറാത്ത്' നടത്തിയ പ്രവര്‍ത്തനങ്ങള്‍ കാണലായിരുന്നു അടുത്ത ലക്ഷ്യം. കലാപനാളുകളിലെ അടിയന്തര റിലീഫ് പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമായും സ്തുത്യര്‍ഹമായും നടത്താന്‍ ഐ.ആര്‍.സി.ജിക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ഐ.ആര്‍.ഡബ്ല്യുവിന്റെ പ്രവര്‍ത്തകരും ആദ്യ ഘട്ടത്തില്‍ ഇതില്‍ സജീവ പങ്കാളികളായിരുന്നു. ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് ഐ.ആര്‍.സി.ജി ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിലീഫിന് ശേഷം വിശദമായ സര്‍വേ, പുനരധിവാസം, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, കേസുകളുടെ നടത്തിപ്പ് എന്നീ മേഖലകളിലാണ് ഐ.ആര്‍.സി.ജിയുടെ സേനവനങ്ങള്‍ കേന്ദ്രീകരിച്ചത്. ഒന്നാം ഘട്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ 2004-ല്‍ തന്നെ ഐ.ആര്‍.സി.ജി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
നരോദയില്‍ നിന്ന് വട്‌വയിലെത്തിയ ഞങ്ങള്‍ അവിടെ കലാപബാധിതര്‍ താമസിക്കുന്ന ഫ്‌ളാറ്റ് സന്ദര്‍ശിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ ജനസേവന വിഭാഗമായ 'ഇസ്‌ലാമി റിലീഫ് കമ്മിറ്റി ഗുജറാത്ത്' പണികഴിപ്പിച്ച ഈ ഫ്‌ളാറ്റില്‍ നൂറ്റിയെട്ട് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അതില്‍ 40 കുടുംബങ്ങള്‍ പാട്യയില്‍ നിന്നും ബാക്കി വട്‌വയില്‍ നിന്നും മറ്റുമുള്ളവരാണ്. വംശഹത്യ രൗദ്രഭാവം പൂണ്ട സ്ഥലങ്ങളിലൊന്നാണ് പാട്യ. അവിടെ നിന്ന് ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടവര്‍ക്ക് അഭയകേന്ദ്രമായത് ജമാഅത്തെ ഇസ്‌ലാമിയുടെ റിലീഫ് വിംഗ് പണിതുയര്‍ത്തിയ ഈ ഫ്‌ളാറ്റാണ്. ഏതാനും ഗുജറാത്തി കുടുംബങ്ങളും അവിടെ താമസിച്ചിരുന്നു. കലാപക്കേസില്‍ പ്രതികള്‍ക്കെതിരെ സാക്ഷി പറഞ്ഞതിന്റെ പേരിലുള്ള ഭീഷണി മൂലം മാറിത്താമസിക്കേണ്ടിവന്ന ഹൈന്ദവ സഹോദരങ്ങളായിരുന്നു അവര്‍.
ഗുജറാത്ത് കലാപത്തിന്റെ ഇരകള്‍ക്കായി ജമാഅത്തെ ഇസ്‌ലാമി നടപ്പാക്കിയ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടതാണ് പുതുതായി പണികഴിപ്പിച്ച ഫ്‌ളാറ്റുകളും വീടുകളും അറ്റകുറ്റ പണികള്‍ നടത്തി താമസയോഗ്യമാക്കിയ പഴയ വീടുകളും. വട്‌വയിലേതുള്‍പ്പെടെ മൊത്തം പുനരധിവസിച്ച 24 ഗ്രാമങ്ങള്‍ ജമാഅത്തെ ഇസ്‌ലാമി പണിതിട്ടുണ്ട്. അഹ്മദാബാദ് ജില്ലയിലെ അല്ലാമാ അലി താകിയ (60), ഖാന്‍വാദി മിത്തല്‍ ശഹീദ് (156), ഏക്താനഗര്‍ (108), നരോദ പാട്യ (125) ഏകതാ കോംപ്ലക്‌സ്, ജുഹാപുര (37), ജാവേദ് പാര്‍ക്ക്, ജുഹാപുര (14), മില്ലത്ത് കോളനി, ഗുപ്തനഗര്‍ (317), മൊഹത്‌വാദ്, വല്‍ദി (22), വീരംഗം (82), മണ്ടല്‍ (4), ഐ.ആര്‍.സി.ജി കോളനി അസിം പാര്‍ക്ക് (35) എന്നിവിടങ്ങളിലാണ് ഈവിധം പുനരധിവാസം നടത്തിയിട്ടുള്ളത്. അഹ്മദാബാദ് ജില്ലയില്‍ മാത്രം പുതുതായി പണികഴിപ്പിച്ചവയുടെ കണക്കാണിത്; വീടുകളുടെ/ കുടുംബങ്ങളുടെ എണ്ണമാണ് ബ്രാക്കറ്റില്‍ കൊടുത്തിട്ടുള്ളത്. അഹ്മദാബാദ് ജില്ലയില്‍ മാത്രം 960 കുടുംബങ്ങളെ ജമാഅത്തെ ഇസ്‌ലാമി പുനരധിവസിപ്പിച്ചിട്ടുണ്ട്. മൂവായിരത്തി മുപ്പത് വീടുകളാണ് ജില്ലയില്‍ അറ്റകുറ്റപണികള്‍ നടത്തി ഇസ്‌ലാമി റിലീഫ് കമ്മറ്റി താമസയോഗ്യമാക്കിയത്. ഇവക്കെല്ലാമായി മൊത്തം 4 കോടി, 77 ലക്ഷത്തിലധികം രൂപ ചെലവഴിച്ചു. ഗാന്ധിനഗര്‍ ജില്ലയില്‍ 40 വീടുകള്‍ പുതുതായി നിര്‍മിക്കുകയും 40 എണ്ണം അറ്റകുറ്റ പണികള്‍ നടത്തുകയും ചെയ്തു. 19 ലക്ഷത്തിലേറെ രൂപയാണ് ഇതിന് ചെലവഴിച്ചത്. സബര്‍ഗന്ദ്, പഞ്ചമഹല്‍, ഡഹോട്, ആനന്ദ്, ഖേദ, മെഹ്‌സാന, പടാന്‍, വഡോദര, ദരുച്ച്, നര്‍മദ, സൂറത്ത് ജില്ലകളിലായി 889 പുതിയ വീടുകള്‍ പണിതു നല്‍കി. ഈ ജില്ലകളില്‍ 1300-ലേറെ വീടുകള്‍ റിപ്പയര്‍ ചെയ്തു.
ഏക്താനഗറിലെ ഫ്‌ളാറ്റ് കോമ്പൗണ്ടിനകത്ത് ജമാഅത്തെ ഇസ്‌ലാമി പുതുതായി പണിത പള്ളിയിലായിരുന്നു ഞങ്ങള്‍ ജുമുഅ നമസ്‌കരിച്ചത്. ഒരു ദയൂബന്ദി ഇമാമായിരുന്നു അവിടുത്തെ ഖത്വീബ്. പ്രത്യേകിച്ച് ആരെയും ഒന്നും ഉണര്‍ത്താത്ത ഒരു പതിവ് ചടങ്ങ് ഖുത്വ്ബ. പുറത്ത് ജോലിക്ക് പോകാത്ത പുരുഷന്മാര്‍ ഏതാണ്ടൊക്കെ വെള്ളിയാഴ്ച ജുമുഅക്ക് പങ്കെടുക്കുന്നുവെങ്കിലും പതിവായി ജമാഅത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കുന്നവര്‍ കുറവാണെന്ന് അവര്‍ പറയുകയുണ്ടായി. ഒരു ദീനീസ്ഥാപനത്തില്‍ പഠിക്കുന്ന, അവിടുത്തെ താമസക്കാരനായ മുതിര്‍ന്ന വിദ്യാര്‍ഥിയോട് ജുമുഅക്ക് ശേഷം സംസാരിക്കാന്‍ അവസരമുണ്ടായി. അവിടെയുള്ള മുസ്‌ലിംകളുടെ ദീനീ ബോധത്തെയും സാംസ്‌കാരിക നിലവാരത്തെയും കുറിച്ച് വളരെ വേദനയോടെയാണ് അദ്ദേഹം അനുഭവങ്ങള്‍ പങ്കുവെച്ചത്. മദ്യപാനവും ശീട്ടുകളിയുമുള്‍പ്പെടെ പലതരം ജീര്‍ണതകള്‍ക്ക് അടിമപ്പെട്ടവരാണ് അവിടെയുള്ള കുറേപേര്‍. അതേസമയം കടുത്ത ദാരിദ്ര്യവും അനുഭവിക്കുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇസ്‌ലാമി റിലീഫ് കമ്മിറ്റിയും ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗവും അവരുടെ ധാര്‍മിക സംസ്‌കരണത്തില്‍ കൂടി ശ്രദ്ധപതിപ്പിക്കുന്നുണ്ട്. അഹ്മദാബാദ്, ഗാന്ധിനഗര്‍, മെഹ്‌സന, പഞ്ചമഹല്‍, സബര്‍കന്ദ, വഡോദര ജില്ലകളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 20 പുതിയ പള്ളികള്‍ ജമാഅത്ത് പണിയുകയുണ്ടായി. ഈ ജില്ലകളിലും ദഹോഡ്, ഖേദ, ജില്ലകളിലുമായി 39 പള്ളികള്‍ റിപ്പയര്‍ ചെയ്തു. 70 ലക്ഷത്തിലേറെ രൂപയാണ് ഇതിനായി ജമാഅത്തെ ഇസ്‌ലാമി ചെലവഴിച്ചത്. മോഡാസയില്‍ ജമാഅത്ത് ഒരു പുനരധിവാസ ഗ്രാമവും മസ്ജിദുല്‍ ഫലാഹ് എന്ന പേരില്‍ ഒരു പള്ളിയും നിര്‍മിക്കുകയുണ്ടായി. എന്നാല്‍, ബറേല്‍വി വിഭാഗം വൈകാതെ ആ പള്ളി പിടിച്ചെടുക്കുകയും നിലവിലുണ്ടായിരുന്ന ഇമാമിനെ പുറത്താക്കി തങ്ങളുടെതായ പുതിയ ഇമാമിനെ നിശ്ചയിക്കുകയും ചെയ്തു. തങ്ങള്‍ നിര്‍മിച്ച പള്ളിയില്‍ നിന്നു മാത്രമല്ല ആ ഗ്രാമത്തില്‍ നിന്നുതന്നെ ജമാഅത്തെ ഇസ്‌ലാമി പുറത്താക്കപ്പെട്ടു.
ഇസ്‌ലാമി റിലീഫ് കമ്മിറ്റിയുടെ പുനരധിവാസ പ്രവര്‍ത്തനം നടന്ന ജവഹര്‍ നഗര്‍ കോളനിയും കോട്ടയിലെ സര്‍വോദയ സ്‌കൂളും, ഇഖ്‌റഅ് പ്രൈമറി സ്‌കൂളും കലാപത്തിലെ ഇരകള്‍ക്കായുള്ള ഏതാനും തൊഴില്‍ സംരംഭങ്ങളും സന്ദര്‍ശിച്ചു. ഗുജറാത്തില്‍ ജമാഅത്തെ ഇസ്‌ലാമി കലാപബാധിതര്‍ക്കു വേണ്ടി നടത്തിയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വേറെത്തന്നെ പറയേണ്ടതുണ്ട്. ഗുജറാത്ത് സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും ജമാഅത്തിനു കീഴിലുള്ള ഇസ്‌ലാമി റിലീഫ് കമ്മിറ്റി നടത്തിയ സേവനപ്രവര്‍ത്തനങ്ങള്‍ ഒറ്റനോട്ടത്തില്‍ ബോധ്യപ്പെടും. എന്നിട്ടും എന്തുകൊണ്ടാണ് ജമാഅത്തിന്റെ റിലീഫ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഖുതുബുദ്ദീന്‍ അന്‍സാരിയുടെ പേരില്‍ തെറ്റിദ്ധാരണാജനകമായ പ്രസ്താവന വന്നതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. അത് അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെയായിരുന്നോ എന്ന് സംശയമുണ്ടായി. അഹ്മദാബാദിലെ ജമാഅത്ത് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ഗുജറാത്ത് അമീര്‍ ഡോ. ശകീല്‍ അഹ്മദ് സാഹിബുമായി സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അദ്ദേഹത്തോട് ഇതേക്കുറിച്ച് ചോദിച്ചു. ചെറിയ അംഗസംഖ്യയുള്ള ഗുജറാത്ത് ജമാഅത്ത് സഹൃദയലോകം നല്‍കിയ സാമ്പത്തിക പിന്തുണ ഉപയോഗിച്ച് നടത്തിയ ബൃഹത്തായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരിലൊരാളായ അദ്ദേഹം ചിരിച്ചുകൊണ്ടാണ് ഇതിനോട് പ്രതികരിച്ചത്: ''ഗുജറാത്തില്‍ വന്നു നോക്കൂ. അപ്പോള്‍ നേരില്‍ കാണാം ജമാഅത്ത് ഇവിടെ എന്താണ് ചെയ്തതെന്ന്. 'ഇസ്‌ലാമി റിലീഫ് കമ്മിറ്റി' എന്ന പേരിലാണ് ജമാഅത്ത് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ജമാഅത്തിന്റെ പേര് എവിടെയും പറഞ്ഞിരുന്നില്ല. 'ഐ.ആര്‍.സി.ജി'യാണ് നിറഞ്ഞു നിന്നിരുന്നത്. ഇതാകാം ഖുതുബുദ്ദീന്‍ അന്‍സാരിയുടെ പ്രസ്താവനക്ക് ഒരു കാരണം. അല്ലെങ്കില്‍ ജമാഅത്തിനെ 'ജംഇയ്യത്തുല്‍ ഉലമ'യായി തെറ്റിദ്ധരിച്ചതാകാം. കലാപാനന്തരം അധികം വൈകാതെ ഖുതുബുദ്ദീന്‍ അന്‍സാരി ഗുജറാത്തില്‍ നിന്ന് പശ്ചിമ ബംഗാളിലേക്ക് പോയില്ലേ. പിന്നെ എങ്ങനെയാണ് അദ്ദേഹത്തിന് ഇതൊക്കെ അറിയാനാവുക? 2002-2004 കാലത്തുതന്നെ വീടുകളുടെയും പള്ളികളുടെയും നിര്‍മാണമുള്‍പ്പെടെ പുനരധിവാസപ്രവര്‍ത്തനങ്ങളുടെ സുപ്രധാന ഘട്ടം ജമാഅത്തെ ഇസ്‌ലാമി പൂര്‍ത്തിയാക്കിയിട്ടുണ്ട്. പിന്നീട്, കലാപവുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങള്‍ക്കാണ് ജമാഅത്ത് മുഖ്യപരിഗണന നല്‍കിയത്. അതിപ്പോഴും തുടരുന്നു. നമ്മള്‍ ഇടപെട്ട കേസുകളിലുള്ള കോടതി ഉത്തരവുകള്‍ മാധ്യമങ്ങളില്‍ വരാറുണ്ട് ഇപ്പോഴും. അതില്‍ ഐ.ആര്‍.സി.ജി പരാമര്‍ശിക്കപ്പെടുന്നത് ഇന്റര്‍നെറ്റില്‍ പരതിയാല്‍ ആര്‍ക്കും കാണാവുന്നതാണ്.''
ഗുജറാത്തിലെ മുസ്‌ലിം ജീവിതവും ജമാഅത്തിന്റെ നിയമപോരാട്ടങ്ങളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമൊക്കെ അദ്ദേഹം വിശദീകരിച്ചു. കലാപ നാളുകളിലും തുടര്‍ന്നുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈന്ദവ സഹോദരന്മാരുടെ പിന്തുണയും സഹകരണവും ലഭ്യമായിട്ടുണ്ട്. മതസൗഹാര്‍ദ സംഗമങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് സ്‌നേഹപൂര്‍ണമായ സഹവര്‍ത്തിത്വത്തിന്റെ അന്തരീക്ഷം ഗുജറാത്തില്‍ സംജാതമാക്കാനും കലാപാനന്തരം ജമാഅത്തെ ഇസ്‌ലാമി പരിശ്രമിക്കുകയുണ്ടായി. ഇതിനെല്ലാം നേതൃത്വം നല്‍കുന്നത് മുഖ്യമായും 'ഇസ്‌ലാമി റിലീഫ് കമ്മിറ്റി ഗുജറാത്ത്' ആണ്. മൗലാനാ ശഫീഅ് മദനി സാഹിബാണ് സംഘടനയെ സജീവമായി മുന്നോട്ട് നയിച്ച മറ്റൊരാള്‍. 1992 ല്‍ ആരംഭിച്ച ഐ.ആര്‍.സി.ജിക്ക് ബഹുമുഖ സേവനപ്രവര്‍ത്തനങ്ങളുടെ വലിയൊരു ചരിത്രമുണ്ട്. അത് അടുത്തറിഞ്ഞാല്‍ മനസ്സിലാകും ഗുജറാത്തിലെ ദുരിതബാധിതരുടെ നട്ടുച്ചകളില്‍ ജമാഅത്ത് നട്ടുവളര്‍ത്തിയ തണല്‍ മരങ്ങളുടെ മഹത്വം.
(തുടരും)
Comments