Prabodhanm Weekly

Pages

Search

2016 ജനുവരി 01

ഉച്ചകോടികള്‍ താപം കുറയ്ക്കുമോ?

മജീദ് കുട്ടമ്പൂര്‍

ഉച്ചകോടികള്‍ താപം കുറയ്ക്കുമോ?

21-ാമത് യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയാണ് ഇക്കഴിഞ്ഞ നവംബര്‍ 3 മുതല്‍ 11 വരെ പാരീസിലെ ബൂനെയില്‍ നടന്നത്. കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും ആണവ ഭീഷണിയെക്കാളും ഭീകരമാണെന്നാണ് വേള്‍ഡ് വാച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുന്നറിയിപ്പ്. ഭൂമിയുടെയും ജീവജാലങ്ങളുടെയും നിലനില്‍പിനെ ബാധിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നം ഏതാണെന്ന ചോദ്യത്തിന് ഐക്യരാഷ്ട്രസഭക്കുള്ള മറുപടി ആഗോള താപനം മൂലമുള്ള കാലാവസ്ഥാ മാറ്റം എന്നാണ്. ആഗോള താപന വര്‍ധനവിന്റെ തോത് വ്യവസായവത്കരണത്തിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് കുറയ്ക്കാന്‍ കഴിയുക എന്നതാണ് ഭൂമിയുടെ രക്ഷക്കുള്ള ഏക പോംവഴി. ഇന്നത്തെ രീതി തുടര്‍ന്നാല്‍ അര നൂറ്റാണ്ടിനകം നാലോ അഞ്ചോ ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവ് തീര്‍ച്ചയാണ്. ഹരിത ഗൃഹ വാതകങ്ങളുടെ നിര്‍ഗമനം സംബന്ധിച്ച കരാറുകള്‍ പാലിക്കപ്പെട്ടാല്‍ പോലും മൂന്നര ഡിഗ്രിയോളം വര്‍ധനവ് ഇക്കാലയളവില്‍ ഉണ്ടാകുമത്രെ. ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ പത്ത് വര്‍ഷങ്ങള്‍ രണ്ടായിരത്തിന് ശേഷമായിരുന്നു എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഉഷ്ണകാലത്ത് കൂടുതല്‍ ഉഷ്ണവും തണുപ്പ് കാലത്ത് കൂടുതല്‍ തണുപ്പും മഴക്കാലത്ത് പേമാരിയും സൃഷ്ടിച്ചുകൊണ്ട് കാലാവസ്ഥാ മാറ്റം അതിന്റെ രൗദ്ര ഭാവം കാണിച്ചുതുടങ്ങിയിട്ടുണ്ട്.

ഏറെ കൊട്ടിഘോഷിച്ച് നടത്തപ്പെടുന്ന ഉച്ചകോടികളൊന്നും അവയുടെ യഥാര്‍ഥ ലക്ഷ്യം കൈവരിക്കുന്നില്ല. കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും അവയുടെ പാര്‍ശ്വഫലങ്ങളും സമീപ ഭാവിയില്‍ കൂടുതല്‍ രൂക്ഷമാവുമെന്ന് രാഷ്ട്ര നേതാക്കള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടതുള്ളതിനാല്‍ പ്രഖ്യാപനങ്ങള്‍ കടലാസിലൊതുങ്ങുകയാണ് പതിവ്.

വ്യാവസായിക വിപ്ലവാനന്തരം വന്‍തോതില്‍ ഊര്‍ജോല്‍പാദനവും പ്രകൃതി വിഭവ ചൂഷണവും നടത്തുന്ന വികസിത സമ്പന്ന രാജ്യങ്ങളാണ് ഈ വിപത്തിന്റെ മുഖ്യ സ്രഷ്ടാക്കള്‍. വികസ്വര രാജ്യങ്ങളാവട്ടെ, വികസിത രാജ്യങ്ങളെ അനുകരിച്ച് ജീവിത ശൈലിയില്‍ അവരോടൊപ്പമെത്താന്‍ മത്സരിക്കുകയുമാണ്. കാര്‍ബണ്‍ നിര്‍ഗമനത്തിലും ഹരിത ഗൃഹ വാതകങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിലും മുന്നില്‍ നില്‍ക്കുന്ന വ്യാവസായിക രാജ്യങ്ങള്‍ അവരുടെ ഉല്‍പാദന രീതികളിലും ഉപഭോഗ രീതികളിലും കാര്യമായ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.

പ്രകൃതിയെ മറന്നുള്ള, വിവേകരഹിതമായ വികസനവും പ്രകൃതി വിഭവങ്ങളുടെ കടുത്ത ചൂഷണവും ആഡംബര ജീവിതവുമാണ് ആഗോള താപനത്തിന് വഴിവെക്കുന്നത്. ആര്‍ത്തിയിലും ലാഭേഛയിലും പടുത്തുയര്‍ത്തപ്പെട്ട ഉപഭോഗ -ഉല്‍പാദന സംരംഭങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാത്തേടത്തോളം കാലം ഉച്ചകോടികള്‍ നടത്തിയും പ്രസ്താവനകള്‍ നടത്തിയും കാലം കഴിക്കാമെന്നല്ലാതെ വേറെ പ്രയോജനമൊന്നുമില്ല. 

രണ്ട് പതിറ്റാണ്ടിലധികമായി ആഗോളതലത്തില്‍ നടക്കുന്ന ഒരു ഉച്ചകോടിയും കൃത്യമായ ഫലം തരുന്നില്ല. നമുക്ക് അതിവേഗം സമയം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. 'മനുഷ്യന്‍ അവന്റെ ജീവിതശൈലിയില്‍ മാറ്റം വരുത്താന്‍ തയാറല്ലെങ്കില്‍ ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഒന്നുകില്‍ മനുഷ്യന്‍ ഭൂമിയെ കൊല്ലും, അല്ലെങ്കില്‍ ഭൂമി മനുഷ്യനെ കൊല്ലും' എന്ന ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് ആരും മുഖവിലക്കെടുക്കുന്നില്ല.

മജീദ് കുട്ടമ്പൂര്‍

ചെമ്പിട്ട പള്ളിയും ബുഖാരി സയ്യിദുമാരും

''കേരളത്തില്‍ ഇസ്‌ലാം പ്രചരിച്ചിരുന്ന കാലത്ത് തന്നെ കൊച്ചിയിലും ഇസ്‌ലാമിന്റെ സന്ദേശം എത്തിയിരുന്നതായാണ് ചരിത്രകാരന്മാരുടെ നിഗമനം. മാലിക് ബ്‌നു ദീനാര്‍ പണിതീര്‍ത്ത കേരളത്തിലെ 18 പള്ളികളില്‍ ഒന്ന് കൊച്ചിയിലായിരുന്നുവെന്നും ചേരമാന്‍ പെരുമാളുടെ ഇസ്‌ലാമുമായുള്ള ബന്ധം കൊച്ചി ഭരിച്ചിരുന്ന അദ്ദേഹത്തിന്റെ അനന്തരവന്മാരില്‍ സ്വാധീനം ചെലുത്തിയിരിക്കാമെന്നുമാണ് ചരിത്രകാരന്മാരുടെ നിഗമനം'' എന്ന് 'കൊച്ചിയുടെ പൈതൃകം' (ലക്കം 2930) എന്ന ലേഖനത്തില്‍ ടി.വി മുഹമ്മദലി എഴുതുന്നു.

മാലിക് ബ്‌നു ദീനാര്‍ കൊച്ചിയില്‍ എവിടെയാണ് പള്ളി പണിതിട്ടുള്ളത്? പള്ളിയുടെ പേര് എന്താണ്? കൊച്ചിയില്‍ മട്ടാഞ്ചേരിയില്‍ ചെമ്പിട്ട പള്ളി എന്ന പേരില്‍ ഇന്നും അറിയപ്പെടുന്ന പള്ളി പണിതത് ബുഖാരി സയ്യിദ് വംശജരില്‍ പെട്ട സയ്യിദ് ജലാലുദ്ദീന്‍ ബുഖാരിയുടെ മകന്‍ സയ്യിദ് ഇസ്മാഈല്‍ ബുഖാരിയാണ്. ശേഷം അദ്ദേഹത്തിന്റെ ഇളം തലമുറയിലെ മൂന്നാമന്‍ സയ്യിദ് മുഹമ്മദ് മൗലല്‍ ബുഖാരിയാണ് പഴയ പള്ളി പുനര്‍നിര്‍മിച്ച് ചെമ്പിട്ട് പണിതത്. ഹിജ്‌റ 1207 ശവ്വാല്‍ 3-ന് സയ്യിദ് മൗലാ തങ്ങള്‍ കണ്ണൂരിലെ നത്തൂരിരില്‍ മൃതിയടഞ്ഞു. കണ്ണൂര്‍ വലിയ ജുമുഅത്ത് പള്ളിക്കു സമീപമുള്ള സ്മൃതി മന്ദിരത്തില്‍ അന്ത്യവിശ്രമം കൊള്ളുന്നു. ദഅ്‌വത്തും വ്യാപാരവുമായിരുന്നു ബുഖാരി സയ്യിദുമാരുടെ അക്കാലത്തെ മുഖ്യ പ്രവര്‍ത്തനങ്ങള്‍.

ബി.വി.എം ഹുസൈന്‍ തങ്ങള്‍

പ്രവാചക സ്‌നേഹ പ്രകടനങ്ങള്‍ 
സദ്ഫലങ്ങള്‍ സൃഷ്ടിക്കുന്നതാവണം

നാടെങ്ങും മുഹമ്മദ് നബിയെ സ്മരിക്കുകയും പറയുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ റബീഉല്‍ അവ്വല്‍ മാസത്തിലെ പരിപാടികള്‍ സദ്ഫലങ്ങള്‍ സൃഷ്ടിക്കുന്നവയാക്കി മാറ്റാന്‍ ശ്രമം വേണ്ടതുണ്ട്. തീവ്രവാദത്തിന്റെ പേരില്‍ മുസ്‌ലിം സമൂഹം ലോകമാകെ പഴി കേട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സഹോദര സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഗുരുതരമായ തെറ്റിദ്ധാരണകളെ അകറ്റാന്‍ ഉപയുക്തമായ പ്രവര്‍ത്തനങ്ങളിലൂടെ ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിന്റെ മാനവിക മുഖം അനാവരണം ചെയ്യാനാണ് മുസ്‌ലിം സംഘടനകള്‍ ശ്രമിക്കേണ്ടത്. ബഹളം വെക്കുകയും മറ്റുള്ളവര്‍ക്ക് പ്രയാസം സൃഷ്ടിക്കുകയും ചെയ്യുന്നതിന് പകരം കാരുണ്യത്തിന്റെ പ്രവാചകനെ സമൂഹത്തിന് യഥാവിധി പരിചയപ്പെടുത്താനുതകുന്ന ശാസ്ത്രീയവും ഫലപ്രദവുമായ പരിപാടികള്‍ സംഘടിപ്പിക്കുന്നത് സന്ദര്‍ഭത്തിന്റെ അനിവാര്യ താല്‍പര്യമായി മാറുകയും ചെയ്തിരിക്കുന്നു.

ലക്ഷ്യസാധ്യത്തിനായി ലോകത്തിന് മുഴുവന്‍ കാരുണ്യമായി നിയോഗിതനായ പ്രവാചകനെയും, മനുഷ്യ സമൂഹത്തിനാകെ അവതീര്‍ണമായ വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങളെയും യഥാവിധി പരിചയപ്പെടുത്താനുതകുന്ന സെമിനാറുകളും സിമ്പോസിയങ്ങളും ചര്‍ച്ചാ ക്ലാസ്സുകളും സ്‌നേഹ സംവാദങ്ങളും സ്‌നേഹവിരുന്നുകളും സംഘടിപ്പിക്കാവുന്നതാണ്. ഖുര്‍ആന്‍-ഹദീസ് വിജ്ഞാന പരീക്ഷകളും ക്വിസ് പരിപാടികളും സ്വാഗതാര്‍ഹം. 

മധുരക്കുഴി

ശ്രീലങ്കന്‍ 
ജമാഅത്തെ ഇസ്‌ലാമി

മൂന്ന് ലക്കങ്ങളിലായി ശൈഖ് മുഹമ്മദ് കാരകുന്ന് എഴുതിയ ശ്രീലങ്കന്‍ യാത്രാ വിവരണം ശ്രീലങ്കന്‍ ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ചും ശ്രീലങ്കന്‍ മുസ്‌ലിം സമൂഹത്തെ കുറിച്ചും ഒരു ചിത്രം നല്‍കുന്നതായിരുന്നു. 1952-ല്‍ ശ്രീലങ്കന്‍ ജമാഅത്ത് രൂപപ്പെട്ടതു മുതല്‍ ഇന്നുവരെയുള്ള അതിന്റെ പ്രവര്‍ത്തനങ്ങളും കര്‍മപദ്ധതികളും വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്ന ഒരു വസ്തുതയുണ്ട്. ബഹുസ്വര സമൂഹത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തി കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു. മാത്രമല്ല, മുസ്‌ലിം സമുദായത്തിന്റെ 'കോമണ്‍ പ്ലാറ്റ്‌ഫോം' രൂപപ്പെടുത്തുന്നതിലും മുസ്‌ലിം ഐക്യം സ്ഥാപിക്കുന്നതിലും വളരെയധികം മുന്നോട്ടുപോകാന്‍ ശ്രീലങ്കന്‍ ജമാഅത്തിന് സാധിച്ചിട്ടുണ്ട്. എല്‍.ടി.ടി.ഇ ഒരുവേള മുസ്‌ലിം ഉന്മൂലനത്തിലേക്ക് വഴിമാറി ചവിട്ടിയപ്പോള്‍ പോലും പ്രതികരണ തീവ്രതയും ഭീകരവാദവും ചെറിയ അളവില്‍ പോലും സ്വാധീനം ചെലുത്താതെ സൂക്ഷിക്കുന്നതില്‍ ശ്രീലങ്കയിലെ ഇസ്‌ലാമിക പ്രസ്ഥാനവും കൂട്ടായ്മകളും വിജയിച്ചത് ചെറിയ കാര്യമല്ല.

യാത്ര വിവരണം വായിച്ചു തീര്‍ന്നപ്പോള്‍ ഒരു സംശയം നിലനില്‍ക്കുന്നു: ജമാഅത്തെ ഇസ്‌ലാമി വ്യവസ്ഥാപിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഇഖ്‌വാന്റെ പോഷക സംഘടനയായി 'ജംഇയ്യത്തുസ്സലാമ' വേറിട്ട് പ്രവര്‍ത്തിക്കുന്നതായി ലേഖകന്‍ സൂചിപ്പിക്കുന്നു. ആദര്‍ശപരമായും നയപരമായും മൗലികമായ വ്യത്യാസമില്ലെന്നിരിക്കെ പിന്നെങ്ങനെയാണ് ഒരേ രാജ്യത്ത് രണ്ട് സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കൂടി ലേഖകന്‍ വിശദീകരിക്കേണ്ടിയിരുന്നു.

പാക്കത്ത് മുഹമ്മദ് അലനല്ലൂര്‍

ഉപ്പയുടെ കൈപിടിച്ചല്ലേ നാം നടക്കാന്‍ പഠിച്ചത്

'പുത്രന്‍ പിതാവിന്റെ പൊരുളാണെന്ന്' അറബ് ഭാഷയിലൊരു പഴമൊഴിയുണ്ട്. ഇതിനെ അന്വര്‍ഥമാക്കുന്നതായിരുന്നു പ്രബോധനം വാരികിയില്‍ വന്ന നാല് മഹാരഥന്മാരായ രക്ഷിതാക്കളെ സംബന്ധിച്ച് അവരുടെ മക്കളുടെ വിലയിരുത്തല്‍. 'ഈ ഇരുളടഞ്ഞ ഇടനാഴികളില്‍' ഇതൊരു തീപ്പന്തവും വഴിവിളക്കുമാണെന്നതില്‍ രണ്ടഭിപ്രായമില്ല. മക്കള്‍ക്ക് ഏത് മേഖലയിലും അനുകരണീയരായ രക്ഷിതാക്കളും രക്ഷിതാക്കളുടെ കരള് കുളിര്‍പ്പിക്കുന്ന മക്കളും- എന്തൊരു പാരസ്പര്യം!

പണ്ട് കാലങ്ങളില്‍ വീടിന്റെ കോലായയില്‍ ഒരു ചാരുകസേരയും ആ കസേരയിലൊരു കാരണവരുമുണ്ടായിരുന്നു കൂട്ടുകുടുംബത്തിന്. ഇന്ന് ഇതൊക്കെ അന്യമാണ്. ജനകനായൊരു പിതാവ്, ജനനിയായൊരു മാതാവും. മനുഷ്യ ജന്മത്തോട് ബന്ധപ്പെട്ട എന്തൊക്കെ പ്രശ്‌നങ്ങളും പ്രയാസങ്ങളുമാണ് സന്താനങ്ങള്‍ക്ക് വേണ്ടി അവര്‍ സഹിച്ചത്! അവര്‍ മാത്രമായിരുന്നു ആശ്രയവും ആലംബവും.

പിതാവിന്റെ കൈപിടിച്ചാണ് നാം നടക്കാന്‍ പഠിച്ചത്. ചില്ലറ നാണയതുട്ടുകള്‍ നമ്മുടെകൈയില്‍ ആദ്യം വെച്ചുതന്നതും അവര്‍ തന്നെ. സ്വയം നില്‍ക്കാനും നടക്കാനുമാവുമ്പോള്‍ ഇന്ന് ചിലര്‍ പ്രകൃതിപരമായ നൈതികതയുടെ ആ പിടി വിടുന്നു. മറ്റു ചിലര്‍ പൂര്‍ണമായി ബന്ധം വിഛേദിക്കുന്നു. വേറെ ചിലര്‍ കുറെ കൂടി മുന്നോട്ടുപോയി ജനകന്റെ കരം വെട്ടിമുറിക്കാന്‍ കൈയില്‍ കഠാരയേന്തുന്നു.

ദൈവത്തോടും മാതാപിതാക്കളോടും നന്ദിയുള്ളവരായിരിക്കണമെന്ന് ഖുര്‍ആന്‍ കല്‍പിക്കുമ്പോള്‍ എത്ര മഹോന്നതമായ സ്ഥാനത്താണ് കരുണാമയനായ ദൈവം നമ്മുടെ മാതാപിതാക്കളെ പ്രതിഷ്ഠിച്ചത്. മനുഷ്യന്‍ തന്റെ സഹജീവികളോട് കരുണയുള്ളവനായിരിക്കണമെന്നാണ് ദൈവത്തിന്റെ കല്‍പന. വാര്‍ധക്യത്തിലെത്തുമ്പോള്‍ ആരും കാരുണ്യത്തിനായി ദാഹിച്ചുപോവും. ജനകനും ജനനിക്കും കാരുണ്യം തടയുന്നതിനേക്കാള്‍ കൊടിയ പാതകം മറ്റെന്തുണ്ട്?

അബ്ദുന്നാസര്‍ പൂക്കാടഞ്ചേരി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /54-61
എ.വൈ.ആര്‍