Prabodhanm Weekly

Pages

Search

2016 ജനുവരി 01

നാഷനല്‍ ഫ്രണ്ടും ട്രംപിസവും ഉയര്‍ത്തുന്ന വെല്ലുവിളി

         സമീപകാലത്ത് ഫ്രാന്‍സ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു നവംബര്‍ പതിമൂന്നിന് അരങ്ങേറിയ പാരീസ് ഭീകരാക്രമണം. ആ രാഷ്ട്രം ഇപ്പോള്‍ അഭിമൂഖീകരിച്ചുകൊണ്ടിരിക്കുന്നത് അതിനേക്കാള്‍ മാരകമായ മറ്റൊരു വെല്ലുവിളിയാണെന്ന് ഫ്രഞ്ച് കോളമിസ്റ്റ് റമി പിയെ എഴുതുന്നു. ഡിസംബര്‍ ആദ്യവാരം നടന്ന ഫ്രഞ്ച് മേഖലാ തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടില്‍ മൊത്തം പതിനാലിടങ്ങളില്‍ ആറിടത്തും ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് തീവ്ര വലതു പക്ഷ പാര്‍ട്ടിയായ നാഷ്‌നല്‍ ഫ്രണ്ടാണ്. പോള്‍ ചെയ്ത വോട്ടുകളുടെ മുപ്പത് ശതമാനവും അവര്‍ അടിച്ചെടുത്തു. രണ്ടാം റൗണ്ടില്‍ മുഖ്യധാരാ കക്ഷികളും ഗ്രീന്‍ പാര്‍ട്ടി പോലുള്ള ചെറുകക്ഷികളും തമ്മില്‍ ധാരണ രൂപപ്പെട്ടില്ലെങ്കില്‍ വടക്കും തെക്കുമുള്ള ചില മേഖലകളെങ്കിലും ഇവരുടെ നിയന്ത്രണത്തിലാകും. 2017-ല്‍ നടക്കാനിരിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഈ തീവ്ര മുസ്‌ലിംവിരുദ്ധ കക്ഷി നിര്‍ണായക സ്വാധീനമാവുമെന്നാണ് സൂചന. പരമ്പരാഗതമായി ജയിച്ച് പോരുന്ന മധ്യ വലതു പക്ഷ-ഇടതു പക്ഷ പാര്‍ട്ടികളെ തള്ളിമാറ്റി നാഷ്‌നല്‍ ഫ്രണ്ടിന്റെ സ്ഥാനാര്‍ഥി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമോ എന്നു പോലും ആശങ്കപ്പെടുന്നവരുണ്ട്.

നാഷ്‌നല്‍ ഫ്രണ്ടിന് തുണയായത് കഴിഞ്ഞ ഫെബ്രുവരിയില്‍ ഹാസ്യമാസികയായ ഷാര്‍ലി എബ്‌ദോക്കെതിരെ നടന്ന ആക്രമണവും നവംബറിലെ പാരീസ് ആക്രമണവുമാണെന്ന് വ്യക്തം. രണ്ടും സംഘടിപ്പിച്ചത് ഭീകര സംഘമായ ദാഇശ് എന്ന ഐ.എസ്. ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ താമസിക്കുന്ന യൂറോപ്യന്‍ രാജ്യമായ ഫ്രാന്‍സിനെ ഐ.എസ് പ്രത്യേകം ടാര്‍ഗറ്റ് ചെയ്യുന്നുണ്ട്. അവര്‍ നടത്തിയ രണ്ട് ആക്രമണങ്ങളും വളരെ തന്ത്രപരമാണ്. ഫ്രാന്‍സില്‍ നിന്ന് കൂടുതല്‍ റിക്രൂട്ടുകളെ തരപ്പെടുത്തുകയാണ് ലക്ഷ്യം. നേരത്തെ തന്നെ പലതരത്തില്‍ അവഗണന നേരിടുന്ന ഫ്രഞ്ച് മുസ്‌ലിംകളുടെ ജീവിതം ഈ ആക്രമണങ്ങളോടെ കൂടുതല്‍ അരക്ഷിതമാവും എന്ന് ഐ.എസിന് അറിയാം. ഫ്രാന്‍സില്‍ തൊഴിലില്ലാതെ നടക്കുന്നവരില്‍ വലിയൊരു വിഭാഗം മുസ്‌ലിം ചെറുപ്പക്കാരാണ്. തടവറയില്‍ കഴിയുന്നവരില്‍ എഴുപത് ശതമാനവും മുസ്‌ലിംകള്‍. ഇപ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ റെയ്ഡുകള്‍ക്കും പരിശോധനകള്‍ക്കും ഇരയാകുന്നതും അവരുടെ വീടുകളും ആരാധനാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും തന്നെ. മുസ്‌ലിംകള്‍ തങ്ങളുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടതുകൊണ്ട് ഐ.എസിനേക്കാള്‍ അപകടകാരിയാണ് എന്നറിഞ്ഞുകൊണ്ട് തന്നെ വലിയൊരു വിഭാഗം ഫ്രഞ്ചുകാര്‍ നാഷ്‌നല്‍ ഫ്രണ്ടിനെ പിന്തുണക്കുകയായിരുന്നു. തീവ്രവാദികളായ നാഷ്‌നല്‍ ഫ്രണ്ടും ഐ.എസും ഇവിടെ പരസ്പര സഹകാരികളായി വര്‍ത്തിക്കുകയാണ്. അതിനിടയില്‍ പെട്ട് ചതഞ്ഞരയുന്നതാവട്ടെ ഫ്രഞ്ച് മുസ്‌ലിംകളുടെ ജീവിതവും ലോക മുസ്‌ലിംകളുടെ പ്രതിഛായയും. 

യൂറോപ്പിലുടനീളവും ഫ്രാന്‍സില്‍ പ്രത്യേകിച്ചും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്‌ലാംഭീതി (ഇസ്‌ലാമോഫോബിയ) നാഷ്‌നല്‍ ഫ്രണ്ട്, ഐ.എസ് പോലുള്ള ഭീകര സംഘങ്ങളുടെ മാത്രം സംഭാവനയായി കാണരുത്. ഇസ്‌ലാംഭീതി പരത്തുന്നതില്‍ ഫ്രഞ്ച് ഭരണകൂടങ്ങള്‍ക്കും വലിയ പങ്കുണ്ട്. തൊള്ളായിരത്തി എണ്‍പതുകളില്‍ ഫ്രഞ്ച് കാര്‍ ഫാക്ടറികളില്‍ തൊഴിലാളികള്‍-അവലരിലധികവും അള്‍ജീരിയ പോലുള്ള മുന്‍ ഫ്രഞ്ച് കോളനികളില്‍ നിന്ന് കുടിയേറിയവര്‍-പണിമുടക്കിയപ്പോള്‍, മതമാണിതിന് കാരണം എന്നായിരുന്നു അന്നത്തെ സോഷ്യലിസ്റ്റ് പ്രധാനമന്ത്രിയുടെ കണ്ടെത്തല്‍! തൊഴിലാളികള്‍ മാന്യമായ വേതനം ചോദിച്ചാലും പഴി ഇസ്‌ലാമിന്. 1989 മുതല്‍ ഫ്രഞ്ച് ഗവണ്‍മെന്റ് ഹിജാബിനെതിരെ നിയമ നടപടികള്‍ തുടങ്ങി. 2011-ല്‍ പൊതുസ്ഥലങ്ങളില്‍ നിഖാബ് നിരോധിച്ചു. തൊള്ളായിരത്തി തൊണ്ണൂറുകളുടെ ആദ്യത്തില്‍ അള്‍ജീരിയയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇസ്‌ലാമിസ്റ്റുകള്‍ അധികാരത്തിലെത്തുമെന്ന് കണ്ടപ്പോള്‍ ആ തെരഞ്ഞെടുപ്പ് തന്നെ ഫ്രഞ്ച് ഗവണ്‍മെന്റ് അട്ടിമറിച്ചു. അറബ് നാടുകളില്‍ നിന്ന് കുടിയേറിയവരുടെ നാലാം തലമുറയോടു പോലും തുടരുന്ന കടുത്ത വിവേചനങ്ങള്‍ വേറെയും. ഇതെല്ലാമാണ് ഇസ്‌ലാമോഫോബിയക്കും ഐ.എസ് തീവ്രവാദത്തിനും വളക്കൂറുള്ള മണ്ണൊരുക്കുന്നത്. 

അമേരിക്കയിലും സമാന സംഭവങ്ങളാണ് നടക്കുന്നത്. വരാന്‍ പോകുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി രംഗത്തുവരാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ഡൊണാള്‍ഡ് ട്രംപ് എന്ന കോടീശ്വരന്റെ 'തുറന്നു പറച്ചിലുകള്‍' ഉദാഹരണം. മുസ്‌ലിംകള്‍ അമേരിക്കയില്‍ കടക്കുന്നത് പൂര്‍ണമായി തടയണം എന്നാണ് ടിയാന്‍ പറയുന്നത്. റിപ്പബ്ലിക്കന്മാരും ഡമോക്രാറ്റുകളും പ്രസിഡന്റ് ഒബാമയും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ടെങ്കിലും പ്രസ്താവന പിന്‍വലിക്കാന്‍ ട്രംപ് തയാറായിട്ടില്ല. വലതുപക്ഷ വോട്ടുകള്‍ ഈ നിലപാടിലൂടെ സമാഹരിക്കാനാവും എന്ന് ട്രംപ് ന്യായമായും പ്രതീക്ഷിക്കുന്നുണ്ട്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം കിട്ടിയില്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കാനും ട്രംപ് ആലോചിക്കുന്നു. അമേരിക്കന്‍ പൊതു മനസ്സില്‍ ആഴത്തില്‍ വേരോടിയ 'ട്രംപിസ'ത്തെ/ ഇസ്‌ലാമോഫോബിയയെയാണ് ഇത് അടയാളപ്പെടുത്തുന്നത്. ലോകത്ത് നടക്കുന്ന ഒട്ടുമിക്ക സംഭവങ്ങളിലും ഒളിഞ്ഞോ തെളിഞ്ഞോ പല അളവില്‍ പല രീതികളില്‍ ഇസ്‌ലാമോഫോബിയ പ്രവര്‍ത്തനക്ഷമമാവുന്നുണ്ട്. അഫ്ഗാന്‍-ഇറാഖ് അധിനിവേശത്തിലും, സിറിയന്‍-റോഹിംഗ്യ അഭയാര്‍ഥി പ്രശ്‌നത്തില്‍ ലോക വേദികളും രാഷ്ട്രങ്ങളും തുടരുന്ന നിസ്സംഗതയിലും പ്രതിഫലിക്കുന്നത് ഇസ്‌ലാമോഫോബിയയാണ്. മുസ്‌ലിം സമൂഹം അതിന്റെ ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് പറയുന്നതും അതുകൊണ്ട് തന്നെ. പല അടരുകളുള്ള ഈ സങ്കീര്‍ണ പ്രശ്‌നത്തെ എങ്ങനെ നേരിടണമെന്ന് മുസ്‌ലിം സമൂഹം കൂട്ടായി ചിന്തിക്കട്ടെ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /54-61
എ.വൈ.ആര്‍