വഖ്ഫ്: അറിയേണ്ട ചില കാര്യങ്ങള്‍
വഖ്ഫ് ചെയ്യപ്പെട്ട വസ്തുവകകള്‍, അതില്‍ നിന്നുള്ള ആദായം, മെച്ചം, പ്രയോജനം ഇതെല്ലാം പരിശുദ്ധനായ അല്ലാഹുവിന്റെ നാമത്തില്‍ അര്‍പ്പിക്കപ്പെട്ടതാണ്. ഏത് തരത്തിലുള്ള വസ്തുവകകളായാലും അവ എന്നന്നേക്കുമായി അല്ലാഹുവിന്റെ പേരില്‍ നിക്ഷിപ്തമായിരിക്കും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വസ്തു വഖ്ഫിലേക്ക് കൈമാറിയ വ്യക്തിക്ക് തിരിച്ചെടുക്കാനോ, വില്‍ക്കാനോ, അനന്തരവകാശികള്‍ക്കിടയില്‍ വീതിച്ച് കൊടുക്കാനോ സാധ്യമല്ല.
ഒരു വഖ്ഫ് സാധൂകരിക്കപ്പെടണമെങ്കില്‍ അത്യാവശ്യമായും താഴെപ്പറയുന്ന മൂന്ന് ഘടകങ്ങള്‍ അതില്‍ അടങ്ങിയിരിക്കണം:
1. വസ്തു സ്ഥിരമായി വിട്ട് കൊടുക്കണം.
ഇവിടെയും മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്.
എ) വഖ്ഫ് ചെയ്യാനുദ്ദേശിക്കുന്ന വസ്തു നിലവില്‍ ഉടമസ്ഥാവകാശത്തില്‍ ഉണ്ടായിരിക്കണം.
ബി) ആ വസ്തു അല്ലാഹുവിലേക്ക് സ്ഥിരമായി വിട്ടുകൊടുക്കണം. നിശ്ചിത സമയത്തേക്ക്, കാലയളവിലേക്ക് വഖ്ഫ് ചെയ്യല്‍ സാധുവായിരിക്കില്ല.
സി) വസ്തുവിന്റെ ഉടമസ്ഥന്‍ തന്നെയായിരിക്കണം വഖ്ഫ് ദാതാവ്.
2. വസ്തു വഖ്ഫ് ചെയ്യുന്ന വ്യക്തി, 18 വയസ്സ് തികഞ്ഞ, മാനസികാരോഗ്യമുള്ള മുസ്‌ലിമായിരിക്കണം.
3. ഇസ്‌ലാമിക ശരീഅത്ത് അംഗീകരിച്ച ഏത് സദ്കാര്യത്തിനും വഖ്ഫ് ചെയ്യാവുന്നതാണ്.
ജീവിച്ചിരിക്കുന്ന ഒരു വ്യക്തി, അദ്ദേഹം മരണശയ്യയിലായിരുന്നാലും ശരി, അദ്ദേഹത്തിന് വഖ്ഫ് ചെയ്യാവുന്നതാണ്.
രണ്ടു തരം വഖ്ഫുകളാണുള്ളത്. ഒന്നാമത്തേത് മതപരമായ കാര്യങ്ങള്‍ക്കുള്ളതും രണ്ടാമത്തേത് വ്യക്തികള്‍ക്കോ സമൂഹത്തിനോ വേണ്ടിയുള്ളതും. ഉദാഹരണത്തിന്, കുടുംബാംഗങ്ങള്‍ക്കും അവരുടെ സന്താനങ്ങള്‍ക്കും വേണ്ടി മാത്രം ചെയ്യുന്ന വഖ്ഫ്. ഇത്തരം വഖ്ഫ് 'വഖ്ഫുല്‍ ഔലാദ്' എന്ന പേരില്‍ അറിയപ്പെടുന്നു.
വഖ്ഫ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന വസ്തു നിലവില്‍ ഉണ്ടായിരിക്കണമെന്നത് ഉപാധിയാണ്. അതേ തത്വം തന്നെയാണ് വഖ്ഫുല്‍ ഔലാദിലും വ്യവസ്ഥ ചെയ്യുന്നത്. 1995-ലെ വഖ്ഫ് നിയമത്തിലെ 3(iii) വകുപ്പ് വഖ്ഫുല്‍ ഔലാദിനെ പ്രതിപാദിച്ചുകൊണ്ടുള്ളതാണ്. കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് Vs കമ്പം മൂസാ സേഠ് കേസില്‍ ഇത് വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. വസ്തുതന്നെ വഖ്ഫ് ചെയ്യണോ അതോ വസ്തുവില്‍ നിന്ന് ലഭിക്കുന്ന വരുമാനം, ആദായം ഇത്യാതി നേട്ടങ്ങള്‍ മാത്രം വഖ്ഫ് ചെയ്താല്‍ മതിയോ എന്നുള്ളതായിരുന്നു ഈ കേസിലെ തര്‍ക്കം. കേരള ഹൈക്കോടതിയിലെ ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍, വസ്തു മാത്രമല്ല വസ്തുവില്‍ നിന്ന് കിട്ടുന്ന മുഴുവന്‍ ആദായവും വഖ്ഫുല്‍ ഔലാദില്‍ ഉള്‍പ്പെട്ടിരിക്കണം എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
1930-ലെ മറ്റൊരു കേസില്‍, വഖ്ഫ് ചെയ്യുന്ന വസ്തു ഭൂമിയോ കെട്ടിടമോ മാത്രമാകണമെന്നില്ല, കമ്പനിയിലെ ഷെയറോ പണമോ ആകാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വഖ്ഫ് ചെയ്യുന്ന വസ്തുവിന്റെ ഉടമസ്ഥന്‍ മുതവല്ലി എന്ന് അറിയപ്പെടുന്നു. സാമ്പത്തികമായിട്ടോ മറ്റേതെങ്കിലും തരത്തിലോ വഖ്ഫ് ചെയ്തിട്ടുള്ള വസ്തുവില്‍ നിന്ന് പ്രയോജനം ലഭിക്കുന്ന ഏതൊരാളും വഖ്ഫില്‍ താല്‍പര്യമുള്ള അംഗമാണ് (Person interested in Wakf). ആരാധനാ കര്‍മ്മങ്ങളനുഷ്ഠിക്കാനും, മതപരമായ മറ്റ് ആചാര സരണിയില്‍ ഇടംപിടിയ്ക്കാനും, അത് പള്ളിയായാലും, ഈദ് ഗാഹ്, ദര്‍ഗാ, മഖ്ബറ, ഖബ്ര്‍സ്ഥാന്‍ അല്ലെങ്കില്‍ വഖ്ഫുമായി ബന്ധപ്പെട്ട ഏത് ധര്‍മസ്ഥാപനമായാലും ഏതെല്ലാം വ്യക്തികള്‍ക്ക് അവകാശമുണ്ടോ അവരും വഖ്ഫുമായി താല്‍പര്യമുള്ളവര്‍ എന്ന ഗണത്തില്‍ വരുന്നു.
വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വഖ്ഫിനെ രണ്ടായി തരം തിരിച്ചിട്ടുണ്ട്.
1. ശീഈ നിയമപ്രകാരമുള്ള ശീഈ വഖ്ഫ്
2. സുന്നീ നിയമപ്രകാരമുള്ള സുന്നീ വഖ്ഫ്
വഖ്ഫ് വസ്തുവകകളിലോ വഖ്ഫുമായി ബന്ധപ്പെട്ട മറ്റിതര സംഗതികളിലോ ഉണ്ടായേക്കാവുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാനത്ത് ഒന്നോ അതിലധികമോ വഖ്ഫ് ട്രൈബ്യൂണലുകള്‍ സ്ഥാപിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാറുകള്‍ക്കുണ്ട്. ജുഡീഷ്യല്‍ സര്‍വീസിലുള്ള ഡിസ്ട്രിക്റ്റ്/ സെഷന്‍സ്/സിവില്‍ ജഡ്ജ് ക്ലാസ്-1 പദവിയില്‍ കുറയാത്ത വ്യക്തിയാണ് ട്രൈബ്യൂണലിന്റെ കേസുകളുടെ വിധിന്യായങ്ങള്‍ നടപ്പാക്കുന്നത്. അതു സിവില്‍ കോടതിയുടെ പരിധിയില്‍ നിന്നുകൊണ്ട് 1908 ലെ സിവില്‍ നിയമ നടപടിക്രമങ്ങളനുസരിച്ചായിരിക്കും. ട്രൈബ്യൂണലിന്റെ ഉത്തരവ് അന്തിമമായിരിക്കും; അതിനെതിരെ മറ്റൊരു കോടതിയിലും അപ്പീല്‍ നിലനില്‍ക്കുന്നതല്ല. എന്നാല്‍ ആ ഉത്തരവിന്റെ നിയമസാധുത, ആധികാരികത മുതലായവയിലെ തെറ്റായ വശങ്ങള്‍ ചുണ്ടിക്കാട്ടി പുനഃ പരിശോധനക്കോ തെറ്റായ തീരുമാനം തിരുത്തി മറ്റൊരു ഓര്‍ഡര്‍ പാസ്സാക്കാനോ ഹൈക്കോടതിയോട് അഭ്യര്‍ഥിക്കാവുന്നതാണ്.
ഒരു വസ്തു വഖ്ഫില്‍ നിക്ഷിപ്തമാണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അധികാരം വഖ്ഫ് ബോര്‍ഡിനുണ്ട്. അതുപോലെ ഒരു വസ്തു സുന്നീ വഖ്ഫാണോ ശീഈ വഖ്ഫാണോ എന്ന് തീരുമാനിക്കേണ്ടതും ബോര്‍ഡാണ്. ഈ തീരുമാനങ്ങള്‍ക്കെതിരെ ട്രൈബ്യൂണലിനെ സമീപിച്ച് തീരുമാനത്തെ റദ്ദ് ചെയ്യിക്കുകയോ, വേണ്ട മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യാത്തപക്ഷം ബോര്‍ഡിന്റെ തീരുമാനം മാറ്റമില്ലാതെ തുടരുന്നതാണ്.
നിയമം അനുശാസിക്കും വിധം നിലവില്‍ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാത്ത ധാരാളം വസ്തുവകകള്‍ മുത്തവല്ലിമാര്‍ തന്നിഷ്ടത്തോടെ കയ്യാളിക്കൊണ്ടിരിക്കുന്നുണ്ട്. നിയമത്തിന് അതീതമായുള്ള മുതവല്ലിമാരുടെ ഈ പ്രവര്‍ത്തനം തീര്‍ത്തും ശിക്ഷാര്‍ഹമാണ്. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ പാലിക്കാന്‍ പൗരന്മാര്‍ ബാധ്യസ്ഥരാണ്. വിവിധ മേഖലകളില്‍ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥയും ഇതിന് കാരണമായിട്ടുണ്ട്.
വഖഫ് ചെയ്യപ്പെട്ട വസ്തുവെ സംബന്ധിച്ചുള്ള പ്രമാണത്തില്‍ രേഖപ്പെടുത്തിയതു പ്രകാരമല്ലാതെ, ആ വസ്തു വഖ്ഫ് ബോര്‍ഡില്‍ നിന്ന് മുന്‍കൂട്ടി അനുവാദം മേടിക്കാതെ ഇഷ്ടദാനം ചെയ്യുകയോ വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ പണയപ്പെടുത്തുകയോ ചെയ്താല്‍ അത്തരം പ്രക്രിയകള്‍ അസാധുവാണ്. നിലവിലുള്ള ഏതെങ്കിലം നിയമത്തിനധീനമായി സ്ഥിതി ചെയ്യുന്ന പള്ളിയോ ദര്‍ഗയോ മേലുദ്ധരിച്ച പോലെ ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതിയോടെ ഇഷ്ടദാനം ചെയ്യാനോ, വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പണയപ്പെടുത്താനോ പാടില്ലാത്തതാണ്.
വഖ്ഫ് വസ്തുവകകള്‍ ബോര്‍ഡിന്റെ മുന്‍കൂര്‍ അനുവാദം കൂടാതെ ഏതെങ്കിലും തരത്തില്‍ കൈമാറിയെന്ന വിവരം കിട്ടിയാല്‍ വസ്തുവകകളുടെ അവകാശം മടക്കിക്കിട്ടാന്‍ ജില്ലാ കളക്ടര്‍ക്ക് കുറിപ്പ് നല്‍കേണ്ടതാണ്. അങ്ങനെയൊരാവശ്യമുന്നയിച്ചുകൊണ്ട് കിട്ടുന്ന കുറിപ്പിന്മേല്‍ കളക്ടര്‍ ഉത്തരവിടുകയും ഉത്തരവിന്റെ കോപ്പി ഉത്തരവാദത്തപ്പെട്ട വ്യക്തികള്‍ക്ക് കൊടുക്കുകയും ചെയ്യും. കളക്ടറുടെ ഉത്തരവില്‍ തൃപ്തരല്ലാത്തവര്‍ക്ക് ട്രൈബ്യൂണലിനെ സമീപിക്കാവുന്നതാണ്. മുപ്പത് ദിവസത്തെ കാലാവധിയാണ് ട്രൈബ്യൂണലിനെ സമീപിക്കാന്‍ അനുവദിക്കപ്പെട്ടിട്ടുള്ളത്. മുപ്പത് ദിവസ കാലാവധി കഴിയുകയോ, അപ്പീല്‍ നല്‍കിയതില്‍ അനുകൂല വിധി കിട്ടാതെ വരികയോ ചെയ്യുന്ന പക്ഷം ചട്ടങ്ങള്‍ക്കനുസൃതമായി വസ്തുവകകളുടെ അവകാശം തിരിച്ചെടുത്ത് ബോര്‍ഡിന് കൈമാറുന്നതാണ്. വഖ്ഫും വഖ്ഫ് വസ്തുക്കളുമായി ബന്ധപ്പെട്ട എല്ലാ കോടതി കേസുകളിലും മറ്റേതെങ്കിലും തരത്തിലുള്ള വ്യവഹാരങ്ങളുണ്ടോ, അതിലെല്ലാം ബോര്‍ഡും കക്ഷി ചേരേണ്ടതാണ്.
(കേരള ഹൈകോടതിയില്‍ സീനിയര്‍ അഭിഭാഷകനാണ് ലേഖകന്‍ -9387253990)
Comments