Prabodhanm Weekly

Pages

Search

2016 ജനുവരി 01

മാഹമ്മദം ഒരു വിസ്മയ കാവ്യം

പി.ടി കുഞ്ഞാലി /പുസ്തകം

         മലയാള കാവ്യ പരിവൃത്തത്തിലേക്ക് ഇസ്‌ലാമിക ഇതിവൃത്തങ്ങളെ സമഗ്രമായി ചേര്‍ത്തുനിര്‍ത്താനുള്ള ശ്രമങ്ങള്‍ അപൂര്‍വ്വമാണ്. വള്ളത്തോള്‍ മുതല്‍ യൂസുഫലി കേച്ചേരി വരെയുള്ളവര്‍ നിര്‍വഹിച്ച ആവിഷ്‌കാരങ്ങള്‍ മറന്നുകൊണ്ടല്ല ഈ നിരീക്ഷണം. അവരുടെ കൃതികളൊന്നും തന്നെ സമഗ്രാര്‍ത്ഥത്തില്‍ ഇസ്‌ലാമിക ചരിത്രത്തെയോ ചിന്താപരിസരത്തെയോ സര്‍ഗ്ഗാത്മകമായി ആവിഷ്‌കരിക്കുന്നുമില്ല. ഇവിടെയാണ് പൊന്‍കുന്നം സൈദ് മുഹമ്മദിന്റെ മാഹമ്മദം പ്രസക്തമാവുന്നത്.

മഹാകവി ചങ്ങമ്പുഴയോടും ഇടപ്പള്ളി രാഘവന്‍പിള്ളയോടുമൊപ്പം സര്‍ഗാത്മക രചനയില്‍ ഇടപെട്ടു തുടങ്ങിയ കവിയാണ് പൊന്‍കുന്നം. ഹൃദയപൂജ, നായിക, ശുഭോദയം, ഭാഗ്യാങ്കുരം തുടങ്ങി നിരവധി കവിതാ സമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും മലയാളിക്ക് സമര്‍പ്പിച്ച ശേഷമാണ് സൈദ് മുഹമ്മദ് മഹാകാവ്യമായ മാഹമ്മദം പ്രസിദ്ധീകരിക്കുന്നത്. ഇസ്‌ലാമിക ചരിത്രസ്ഥലികളെ ലളിത കോമള ഭാഷയില്‍ ആദിമധ്യാന്ത ഭംഗിയോടെ കവി വിശദീകരിച്ചുപോകുന്നു. പ്രവാചകസ്തുതിയോടെയാണ് കാവ്യത്തിന്റെ പ്രധാനഭാഗം ആരംഭിക്കുന്നത്.

അക്ഷരജ്ഞാനമില്ലാത്ത
നബിക്കു വെളിപാടിനാല്‍ 
അപ്പപ്പോള്‍ ദത്തമായ് വന്ന
സത്യമേ വിജയിപ്പു നീ.
ചരാചരങ്ങളെസ്സര്‍വ്വം
സൃഷ്ടിച്ചുള്ള ജഗല്‍പതേ
അല്ലാഹുവൊരുവന്‍ മാത്രം
നീ പഠിപ്പിച്ചു ഞങ്ങളെ 

തുടര്‍ന്നു കവി നടത്തുന്ന നിരീക്ഷണങ്ങള്‍ ശ്രദ്ധേയങ്ങളാണ്. ഇസ്‌ലാമിക ദര്‍ശനവും ചരിത്രവും മാനവജീവിതത്തിന്റെ ഭൗതികമായ ഉത്ഥാനങ്ങള്‍ കൂടി ലക്ഷ്യമാക്കുന്നതാണെന്നും ഇസ്‌ലാമില്‍ വര്‍ണ ലിംഗ നീച ബോധങ്ങളേ ഇല്ലെന്നും  മണ്ണിലെ മര്‍ദ്ദിത സഹസ്രങ്ങളെ വിമോചനത്തിന്റെ പ്രയോഗധാവള്യത്തിലേക്ക് നയിക്കുകയാണതിന്റെ ലക്ഷ്യമെന്നും  നിരീക്ഷിക്കുന്ന കവി ഇസ്‌ലാമിന്റെ മൗലിക ദര്‍ശനത്തെ അതിന്റെ സമഗ്ര സാകല്യത്തില്‍ വിശദപ്പെടുത്തുന്നു.

ഇസ്‌ലാമൊരു വര്‍ഗത്തിനോ
വ്യക്തിക്കോ വേണ്ടിയല്ല താന്‍
നിലകൊള്ളുന്നു മണ്ണിന്റെ
മക്കള്‍ക്കൊക്കെയും പ്രിയങ്കരം

ഇങ്ങനെ അല്ലാഹുവിനെയും അവന്റെ വചന പ്രഘോഷണങ്ങളെയും  അന്ത്യപ്രവാചകനെയും സമ്യക്കായി നിരീക്ഷിച്ചതിനുശേഷം മാനവചേതനയുടെ ആദിപ്രസരം തേടി  കവി സ്വര്‍ഗ്ഗത്തില്‍ സഞ്ചരിച്ചെത്തുന്നു.  അവിടെ ആദമീ കുടുംബം ഭൂമിയിലെത്തുന്നതിന് മുമ്പുള്ള ജീവിതത്തിലേക്ക്, പിന്നെ ഭൂമിയിലേക്കുള്ള അവരുടെ വരവാഘോഷം, ഭൂമിയില്‍ അവര്‍ നയിച്ച ആഹ്ലാദ വിഹ്ലാദങ്ങള്‍ ഇതൊക്കെയും കാല്‍പ്പനിക കവികളുടെ തുളുമ്പലുകളില്ലാതെ സ്‌നിഗ്ധമധുരമായി പാടിപ്പോകുന്നത് മനോഹരമായ വാങ്മയമായി വായനക്കാര്‍ക്ക് അനുഭവപ്പെടും.  ഭൂവാസികളായ ആദമീദമ്പതികള്‍ക്ക് തലമുറകളുടെ നിരന്തരത സംഭവിക്കുന്നു. പ്രപഞ്ചം കാണുന്ന ആദ്യത്തെ മനുഷ്യ പ്രസവം.

ദിഗന്തങ്ങള്‍ പകച്ച നാള്‍
ഭൂമി കോരിത്തരിച്ചുപോയി
സ്തന്യമിറ്റിച്ചു നിന്നാദി
മാതാവിന്‍ മുലമൊട്ടുകള്‍

തുടര്‍ന്നു വന്ന നീണ്ട സംവല്‍സരങ്ങളില്‍ ഭൂമിയില്‍ നടന്ന മനുഷ്യ ഇടപെടലുകള്‍ എങ്ങനെ നാഗരിക പ്രവര്‍ത്തനങ്ങളെ നിര്‍ണ്ണയിച്ചുവെന്ന് കവി വ്യക്തമാക്കുന്നു. കാലപ്രവാഹത്തില്‍  ആദമിന്റെ സാംസ്‌കാരിക പാഠങ്ങള്‍ക്ക് ഗ്ലാനി .സംഭവിച്ചപ്പോള്‍ മാനവിക ജീവിതത്തിലെ അഹിതങ്ങളെ വിമലമാക്കാന്‍ പ്രവാചക പാഠങ്ങള്‍ ആവര്‍ത്തിതമാവുന്നു, ഇദ്‌രീസ് പ്രവാചനിലൂടെ. 

ആസ്തിക്യത്തെ ഊട്ടിപോറ്റാന്‍
തയ്യാറായ ഇദ്‌രീസ് നബി
ആദത്തിന്റെ വഴിയില്‍ ദീപ
ശിഖയാദ്യമുയര്‍ത്തിയോന്‍

ഇസ്‌ലാമിക ചരിത്രപരിപ്രേക്ഷ്യത്തില്‍ ഭൂമിയില്‍ സത്യാസത്യസംഘര്‍ഷങ്ങളാണുള്ളതെന്നും, ഊഴിയില്‍ മഹിത ജീവിതം സഫലമാകാന്‍ സ്രഷ്ടാവിന്റെ  ജീവിത ദര്‍ശനം മാത്രമാണ് കരണീയമെന്നും കവി പ്രമാണയുക്തമായി സാക്ഷ്യം ചെയ്യുന്നു.

കാലമോരോന്നു മാറുമ്പോള്‍
കുന്നുകൂടുമിരുട്ടിനെ
തച്ചുടക്കുന്നു ദൈവത്തിന്‍
ശക്തമാം കിരണാവലി

ഇദ്‌രീസ് പ്രവാചകനിലൂടെ ഭൂമിയില്‍ നാഗരികതയും സംസ്‌കാരവും വികാസക്ഷമമായതോടെ  പൗത്രന്‍ നൂഹ് ദൈവ പ്രവാചകനായി പ്രത്യക്ഷനാകുന്നതും, ദീര്‍ഘമായ ഒരു കാലയാനത്തില്‍  അദ്ദേഹം നടത്തിയ വിമലീകരണ യത്‌നങ്ങളും,  അതില്‍ പ്രതീക്ഷയേതുമില്ലാതെ  അവസാനം പ്രവാചകന്റെ ശിക്ഷാ പ്രഖ്യാപനങ്ങളും, തുടര്‍ന്നെത്തിയ മഹാപ്രളയവും  സൈദ് മുഹമ്മദ് ആവിഷ്‌കരിക്കുന്നത് നിലാത്തിളക്കത്തിന്റെ ദൃശ്യഭംഗിയോടെയാണ്. സാമൂഹിക ജീവിതത്തിലെ വിമലീകരണത്തിലൂടെ പരലോക മോക്ഷം ലക്ഷ്യമാക്കണമെന്ന് ഉദ്‌ഘോഷിച്ച നൂഹിനെ സ്വന്തം ജനം പരിഹസിക്കുന്നത് ഇങ്ങനെ:

അബദ്ധങ്ങള്‍ വിളിച്ചോതാന്‍
നാണമില്ലാത്ത നൂഹിനെ
ആട്ടിയോടിക്കുവാനിന്നി
ങ്ങാണായിട്ടാരുമില്ലയോ

അപ്പോഴും സ്വന്തം ദേശഗോത്രങ്ങളുടെ ശീലശാഠ്യങ്ങള്‍ മാറ്റാന്‍ പകലന്തി ഓടിനടക്കുന്ന നൂഹ് പ്രവാചകന്‍. അവസാനം പ്രളയം യാഥാര്‍ത്ഥ്യമാകുന്നു. മലമടക്കില്‍ കപ്പലുണ്ടാക്കുന്ന നൂഹിനെ സ്വന്തം മകനുള്‍പ്പെടെ പരിഹസിക്കുന്നു.

പകലന്തിയോളം താന്‍ 
പ്രളയക്കഥയോതവേ,
പരിഹാസപ്പടക്കം കൊ-
ണ്ടേറുകിട്ടി പലേവിധം

ഏകാന്ത വിജനമായ ഒരു മലമേടില്‍  കപ്പല്‍ പണിയുന്ന നൂഹിനെ നോക്കി സ്വന്തം ജനം  ഭീകരമായി ഭള്ളു പറഞ്ഞു. അപ്പോഴും അക്ഷോഭ്യനായി തന്റെ കര്‍മ്മകാണ്ഡത്തില്‍ നിലീനനായ നൂഹിനെ കവി നിരീക്ഷിക്കുന്നതിങ്ങനെ: 

സഞ്ചലിച്ചില്ല നൂഹിന്റെ
സഹ്യനൊത്ത മഹാമനം
ആഴമേറും കയമുണ്ടോ 
കാറ്റിലോളമിളക്കിടും

ഇത് കവിയുടെ രചനാ വൈഭവമാണ്. സഹസ്രസംവല്‍സരങ്ങള്‍ക്കപ്പുറം  ബാബിലോണ്‍ നാട്ടില്‍ പ്രവാചകന്‍ പ്രകടിപ്പിച്ച സമര്‍പ്പണത്തെ സഹ്യപര്‍വ്വതമെന്ന കേരളീയ ബിംബപ്രയോഗത്തിലൂടെ കവി രസനിഷ്യന്ദിയായ ഒരു രംഗമാണ് സൃഷ്ടിക്കുന്നത്. ഇത് അനുവാചകന് കഥയിലും കവിതയിലും ലയിക്കുവാനുള്ള ഉചിതസ്ഥാനീയ വര്‍ണ്ണനയാണ്. തുടര്‍ന്നു കവി പ്രളയം വരുന്ന രൂപം വിവരിക്കുന്നു. നൂഹിന്റെ നാട്ടില്‍ പ്രകൃതി മാറ്റങ്ങള്‍ സംഭവിക്കുന്നതും, മേഘക്കീറുകള്‍ പറന്നെത്തി അന്തരീക്ഷം കറുത്ത് കൊഴുക്കുന്നതും, നാട്ടുജീവികളും പറവകളും ഈ അസാധാരണത്വം കണ്ട് വെപ്രാളപ്പെട്ടോടുന്നതും തീര്‍ത്തും കേരളീയ പശ്ചാത്തലത്തില്‍ കവി വിവരിക്കുന്നത്  ആ കാലസ്മൃതികളെ അനുവാചകനിലേക്ക് ഊനമേതുമില്ലാതെ കൊണ്ടുവരുന്നു. സര്‍വ്വ ചരാചരങ്ങളെയും കയറ്റിയ നൂഹിന്റെ പെട്ടകം പ്രളയാന്ത്യത്തില്‍ ജൂദി മലനിരകളില്‍ നങ്കൂരം ചാര്‍ത്തുന്നത് ചേതോഹര വര്‍ണ്ണനാ കൗതുകത്തോടെയാണ് കവി നിരീക്ഷിക്കുന്നത്. നൂഹ് പ്രവാചകന്റെ ചരിത്രം ഇങ്ങനെ ആദ്യമധ്യാന്ത പൊരുത്തത്തോടെ മലയാള കവിതയില്‍ ആവിഷ്‌കരിച്ചത് ഇതിനുമുമ്പ് യു.കെ അബൂസഹ്‌ലയാണ്. അതു പക്ഷേ തീര്‍ത്തും ഖുര്‍ആനിക സംഭവ വിവരണത്തിന്റെ പാട്ടാവിഷ്‌കാരമാണ്. അബു സഹ്‌ലയുടെ അതിസൂക്ഷ്മത കൊണ്ടാവാം കവിയുടെ കല്‍പ്പനാ വൈഭവവും ഉപമാലങ്കാരഭംഗിയും അതിലില്ല. ഇവിടെ കവി പക്ഷേ അത്തരം സ്വാതന്ത്ര്യം യഥോചിതം ഉപയോഗിക്കുന്നുണ്ട്.  അതുകൊണ്ടുതന്നെ ഈ ഭാഗം സ്‌നിഗ്ധാര്‍ദ്രമായ ഒരു പാരായണസുഖം തരുന്നു. കവി ഒരുക്കുന്ന കേരളീയ ബിംബ പശ്ചാത്തലം ഇതിന് അസാധാരണമായ മിഴിവേകുന്നു.

രണ്ടാം സര്‍ഗത്തില്‍ കവി  ഇറാഖിലെ ഊര്‍ നഗരത്തില്‍ ആസറിന്റെയും നംറൂദിന്റെയും വീട്ടുപരിസരത്തേക്ക് നമ്മെ കൊണ്ടുപോകുന്നു. അന്ന് ഒരു നാള്‍ രാജാവ് ഒരു കനവു കാണുന്നു. ചക്രവാളത്തില്‍ അന്നുവരെ കാണാത്ത ഒരു താരകം. ഇതില്‍ തന്റെ അന്തകനെ നംറൂദ് ദര്‍ശനം ചെയ്യുന്നു. ആ കുഞ്ഞ് പക്ഷേ കൊട്ടാരംപുരോഹിതനായ ആസറിന്റെ മകന്‍ ഇബ്‌റാഹീം. ഇബ്‌റാഹീമിന്റെ ബാല്യ കൗമാര സൗന്ദര്യങ്ങളെ മനോഹരമായ രൂപകങ്ങള്‍ കൊണ്ടാണ് പൊന്‍കുന്നം വിവരിക്കുന്നത്.  യൗവനത്തിലേക്കും അതോടെ വിവേകത്തിലേക്കും വളര്‍ന്ന ഇബ്‌റാഹീം  ബാബിലോണിലെ ഫ്യൂഡല്‍ അധീശത്വത്തെയും അത് നിലനിര്‍ത്തുന്ന അളിഞ്ഞ മൂല്യ പരിസരത്തെയും ചോദ്യം ചെയ്യുന്നു. ഇതിന് മറുപടി അഗ്നിപ്രവേശമായിരുന്നു.  

പൊള്ളുന്ന തീക്കട്ടകള്‍ പൂക്കളാക്കി
പൂമെത്ത തീര്‍ത്തുള്ളഭിമാനമോടെ
ഇരിക്കുമിബ്രാഹിമിനോടു ഭൂപന്‍
തിരക്കി മെല്ലെപ്പുറമേ വരാമോ?” 

തുടര്‍ന്ന് ഇബ്‌റാഹീം പ്രവാചകന്റെ ജീവിതത്തിലെ സംഘര്‍ഷ സംത്രാസം ഇരമ്പുന്ന പലായനങ്ങള്‍ കവി വിവരിക്കുന്നു. ശാം, മിസ്വ്ര്‍, അറേബ്യ, ജറൂസലേം, ഫലസ്ത്വീന്‍. അദ്ദേഹത്തിന്റെ  ജീവിതത്തിലേക്ക് കടന്നുവന്ന നാരീമണികള്‍ സാറ, ഹാജറ. ഇവരുമൊത്തുള്ള ജീവിതം.  ഇതൊക്കെ പറഞ്ഞുപോകുമ്പോള്‍  കവി വളരെ കരുതലെടുക്കുന്നത് കാണാം. ചാരിത്ര്യവതികളായ പ്രവാചക പത്‌നിമാരുടെ പാദാദികേശവര്‍ണനക്ക് പകരം ആത്മീയ സൗന്ദര്യ വര്‍ണനകള്‍ക്കാണ് കവി ശ്രദ്ധിക്കുന്നത്. അതോടൊപ്പം പരഭാഗ വര്‍ണനകള്‍ക്ക് കവി ഒരു ലോഭവും കാട്ടുന്നില്ല.

പിതാവാകാന്‍ വാര്‍ദ്ധക്യത്തിന്റെ അപരാഹ്നം വരെ കാത്തിരിക്കേണ്ടിവന്ന ഇബ്‌റാഹീം പത്‌നി ഹാജറിനെയും മകനെയും കൊണ്ട് വിജന വിദൂരതയിലുള്ള അറേബ്യന്‍ കല്ലുമലകളിലേക്ക് നിയോഗിത ജീവിതത്തിന്റെ  ദിവ്യാവേശത്തോടെ പുറപ്പെട്ട് പോകുന്ന ഭാഗം കവി എഴുതുന്നത് ഭാവസാന്ദ്രമായ മരാളപദങ്ങള്‍ കൊണ്ടാണ്. ജലരഹിതമായ ആ കല്ലുഭൂമിയില്‍ ഇസ്മാഈലിന്റെ  കാല്‍മൊട്ടുകള്‍ അനശ്വരമായ സംസം പ്രവാഹമുണ്ടാക്കി.

വീണ്ടും നീളുന്ന ഇബ്‌റാഹീമീ സഞ്ചാരം. അപാരതകള്‍ പിന്നിടുന്ന ഈ യാത്ര ഒരു അതിശയവും ഉദ്വേഗവും തന്നെയാണ്.  തിരിച്ചു വരവും സ്വപ്‌നവും പുത്ര ബലിയും-അങ്ങനെ അല്ലാഹുവിന്റെ  ഈ സുഹൃത്ത് പിന്നിട്ട അഗ്നിപാതകള്‍ എത്ര!  അവസാനം താന്‍ നടത്തിയ കഅ്ബ സ്ഥാപനം അതിന്റെ അങ്കണത്തുറവിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ആര്‍ദ്രമധുരമായ കാതര പ്രാര്‍ത്ഥന.

അതാണ് കാബാ! മനുഷ്യന്റെ പൂര്‍വ്വ
പുരാണ പുണ്യത്തിന് നിത്യസാക്ഷി
അതിങ്കല്‍നിന്നാണുലകിങ്കലാത്മ
പ്രകാശ സൗന്ദര്യമുയിര്‍പ്പിടിച്ചു
കൊല്ലം കണക്കിന്നു കൂടുമ്പൊഴങ്ങുള്‍
ക്കൊള്ളുന്നതാമാത്മവീര്യം പുലര്‍ത്തി,
ചൊല്ലാര്‍ന്ന തന്‍ വര്‍ഗ താല്‍പര്യമെല്ലാം
കൊള്ളാന്‍ വരും നിന്നിലീ ഹജ്ജുകര്‍മ്മം

മാഹമ്മദം പ്രകാശിതമാകുന്നത് 1978 ലാണ്. കുറഞ്ഞയാളുകള്‍ കേള്‍ക്കാനിടയുള്ളതും അതിലും കുറച്ചു പേര്‍മാത്രം കണ്ടിട്ടുള്ളതുമാണ് മാഹമ്മദം. ഇതിന്റെ സാഹിത്യ അക്കാദമി ഒന്നാം പതിപ്പാണിത്.  ഒരു ഇസ്‌ലാമിക കഥാപരിസരത്തെ മഹാകാവ്യവിഷയമായി  സ്വീകരിക്കുക മൂലം ഭാരതീയ മഹാകാവ്യ ലക്ഷണങ്ങള്‍ക്ക്  പുതിയ മാനം നല്‍കാന്‍ കവി നടത്തിയ  ധീരമായ പരീക്ഷണമായി ഈ കൃതി മാറുന്നു. സംസ്‌കൃത വൃത്തത്തില്‍  ഒരു മുസ്‌ലിം ഇതിവൃത്തം. അതും ഒരു മഹാകാവ്യം. ഇതൊരു സമര്‍പ്പണം തന്നെയാണ്. 

പ്രസാധനം: കേരള സാഹിത്യ അക്കാദമി, വില: 175, പേജ്: 238. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /54-61
എ.വൈ.ആര്‍