Prabodhanm Weekly

Pages

Search

2016 ജനുവരി 01

നന്മകള്‍ നിലച്ചുപോവരുതെന്ന ശാഠ്യമാണ് വഖ്ഫ്

അബ്ദുല്‍ വാസിഅ് ധര്‍മഗിരി /കവര്‍‌സ്റ്റോറി

         ഞാന്‍, എന്റെ തുടങ്ങിയ സ്വാര്‍ഥ-സങ്കുചിത താല്‍പര്യങ്ങള്‍ തഴച്ചു വളര്‍ന്നിരുന്ന സാമൂഹിക ക്രമത്തില്‍ സാര്‍വലൗകികവും സാര്‍വജനീനവുമായ സന്ദേശങ്ങളുമായി തലയുയര്‍ത്തി നിന്ന ദര്‍ശനമാണ് ഇസ്‌ലാം. ഏതെങ്കിലും ഒരു ദിവസത്തിനോ പ്രദേശത്തിനോ തലമുറക്കോ മാത്രം ബാധകമായ നിയമങ്ങളോ, അവരുടെ മാത്രം താല്‍പര്യപൂര്‍ത്തീകരണമോ ഇസ്‌ലാം ലക്ഷ്യം വെച്ചതായി കാണാനാവില്ല. മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി നിയോഗിക്കപ്പെട്ട ഉമ്മത്ത്, സ്വാര്‍ഥതയെ പരിപോഷിപ്പിക്കുന്ന രീതികള്‍ പ്രോത്സാഹിപ്പിക്കുകയില്ല. ഇപ്രകാരം സ്വാര്‍ഥതക്ക് ഇടമില്ലാത്ത ഇസ്‌ലാമിക സമൂഹത്തിന്റെ സമഗ്ര സാമൂഹിക-സാമ്പത്തിക വീക്ഷണത്തെക്കുറിക്കുന്ന സംവിധാനമാണ് ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലും, അതിലേറെ നാഗരികതയിലും വഖ്ഫ് എന്ന പേരില്‍ ശോഭിച്ച് നില്‍ക്കുന്നത്. 

എന്താണ് വഖ്ഫ്, പ്രഥമ വഖ്ഫ് ഏതായിരുന്നു തുടങ്ങിയ സന്ദേഹങ്ങള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന മറുപടി ഇപ്രകാരമാണ്: ''ഉത്തമ വചനത്തിന് അല്ലാഹു നല്‍കിയ ഉദാഹരണം എങ്ങനെയെന്ന് നീ കാണുന്നില്ലേ? അത് നല്ല ഒരു മരം പോലെയാണ്. അതിന്റെ വേരുകള്‍ ഭൂമിയില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. എല്ലാ കാലത്തും അത് അതിന്റെ നാഥന്റെ അനുമതിയോടെ ഫലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് ഉപമകള്‍ വിശദീകരിച്ചുകൊടുക്കുന്നു. അവര്‍ ചിന്തിച്ചറിയാന്‍'' (ഇബ്‌റാഹീം 24,25).

ഭൂമിയില്‍ വേരുറപ്പിച്ച് സ്ഥല-കാലഭേദമന്യേ നന്മ വിളയിച്ച് സാമൂഹിക വ്യവസ്ഥയുടെ ജീവന്‍ നിലനിര്‍ത്തുന്ന മഹത്തായ ദാനമാണ് വഖ്‌ഫെന്നും, മാനവചരിത്രത്തിലെ പ്രഥമവും അതുല്യവുമായ വഖ്ഫ് ഇസ്‌ലാമാണെന്നും മേല്‍വരികള്‍ക്കിടയില്‍ നിന്ന് വായിച്ചെടുക്കാം. ഇസ്‌ലാമിന്റെ മധുവൂറും ഫലം രുചിക്കാത്ത, കുളിരൂറുന്ന തണലനുഭവിക്കാത്ത ഒരു സമൂഹവും ചരിത്രത്തില്‍ കഴിഞ്ഞ് പോയിട്ടില്ലെന്ന സന്ദേശമാണ് 'എല്ലാ സമൂഹത്തിനും മാര്‍ഗദര്‍ശകനുണ്ടായിരുന്നു' (അര്‍റഅ്ദ് 7) എന്ന ഖുര്‍ആന്‍ വചനം നല്‍കുന്നത്. 

നന്മ പ്രവര്‍ത്തിക്കുന്നവര്‍ എന്നതിനേക്കാള്‍ നട്ടുവളര്‍ത്തുന്നവര്‍ എന്ന പ്രയോഗമാണ് മുസ്‌ലിം ഉമ്മത്തിന് കൂടുതല്‍ യോജിക്കുക. പരിമിതമായ നന്മകളേക്കാള്‍ വിശാലവും തലമുറകള്‍ക്കതീതവുമായ നന്മകള്‍ക്കായിരുന്നു പൂര്‍വസൂരികള്‍ ഊന്നല്‍ നല്‍കിയിരുന്നത്. ഖുര്‍ആനിക വചനം (അല്‍ഹശ്‌റ് 10) മുന്‍നിര്‍ത്തി ഇറാഖില്‍ ലഭിച്ച യുദ്ധഭൂമി പടയാളികള്‍ക്ക് വീതം നല്‍കാതെ വരുംതലമുറകള്‍ക്ക് മാറ്റിവെച്ച ഖലീഫാ ഉമറിന്റെ നയവും, ഒരു കൈക്കുമ്പിള്‍ വെള്ളം പോലും കാശിന് വിറ്റിരുന്ന റൂമഃ എന്ന് പേരായ ജൂത മുതലാളിയില്‍ നിന്ന് കിണര്‍ ഭീമന്‍ തുക നല്‍കി വിലയ്ക്ക് വാങ്ങി സമൂഹത്തിന് ദാനം ചെയ്ത ഉസ്മാന്റെ ഉദാരതയും മേല്‍കുറിച്ച ആശയങ്ങള്‍ക്ക് അടിവരയിടുന്നു. 

നന്മയുടെയും സല്‍കര്‍മത്തിന്റെയും കാമ്പും കാതലും വര്‍ധിപ്പിക്കുകയെന്ന ആശയമാണ് വഖ്ഫ്. നേരിയ, ദുര്‍ബലമായ സമ്പാദ്യമല്ല, പതിന്മടങ്ങ് പൂത്തുലയുന്ന, അധികമാളുകള്‍ക്ക് ഫലപ്രദമാവുന്ന നന്മകള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് വഖ്ഫ് പഠിപ്പിക്കുന്നു. അതിരുകളില്ലാത്ത വിശാലതയും അതേതുടര്‍ന്ന് എണ്ണമറ്റ പ്രതിഫലവും, ആഴവും കനവുമുള്ള ദാനധര്‍മങ്ങള്‍ക്ക് ഖുര്‍ആന്‍ നല്‍കിയത് ഈ അര്‍ഥത്തിലാണ്. ''ദൈവമാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉപമയിതാ: ഒരു ധാന്യമണി; അത് ഏഴ് കതിരുകള്‍ മുളപ്പിച്ചു. ഓരോ കതിരിലും നൂറു മണികള്‍. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് ഇരട്ടിപ്പിച്ചുകൊടുക്കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനും സര്‍വജ്ഞനുമാണ്''(അല്‍ബഖറ 261). 

ഇസ്‌ലാമിക നാഗരികതയുടെ മാനവികമുഖം രൂപപ്പെടുത്തുന്നതില്‍ വഖ്ഫിന് നിര്‍ണായക പങ്കുണ്ടായിരുന്നു. രാഷ്ട്രത്തിലെ പൗരന്മാര്‍ക്കിടയിലെ സാമ്പത്തികമായ അന്തരം, ശാരീരിക പരിമിതികള്‍, വിഭവങ്ങളുടെ ദൗര്‍ലഭ്യത തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വഖ്ഫ് സംവിധാനത്തിന് സാധിച്ചു. കാശുള്ളവന്‍ പഠിക്കുകയും, ദാരിദ്ര്യമനുഭവിക്കുന്നവന്‍ ബുദ്ധിപരമായി ഉയര്‍ന്നവനാണെങ്കില്‍ പോലും അപമാനിതനായി പുറന്തള്ളപ്പെടുകയും ചെയ്യുന്ന നിലവിലെ സാമൂഹിക ക്രമത്തില്‍ ജീവിക്കുന്നവര്‍ക്ക് ഇസ്‌ലാമിക നാഗരികതയില്‍ വഖ്ഫ് നിര്‍വഹിച്ച മഹത്തായ ദൗത്യം തിരിച്ചറിയാന്‍ അമാന്തമുണ്ടാവാനിടയില്ല. പാഠശാലകള്‍, ലൈബ്രറികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനും ദരിദ്രവിദ്യാര്‍ഥികളുടെ പഠനത്തിനുമായി ഭീമന്‍ തുക തന്നെ ഇസ്‌ലാമിക ഖിലാഫത്തില്‍ വഖ്ഫായി ലഭിച്ചിരുന്നു. ഇസ്‌ലാമിക നാഗരികതയില്‍ തലയുയര്‍ത്തി നിന്ന പ്രശസ്തമായ ലൈബ്രറികളും, വൈജ്ഞാനിക സഭകളും, മഹാന്മാരായ പണ്ഡിതരും ശാസ്്ത്രജ്ഞരുമെല്ലാം വഖ്ഫ് സംവിധാനത്തിന്റെ സല്‍ഫലങ്ങളായിരുന്നുവെന്നത് ചരിത്രവസ്തുതയാണ്. 

വിശ്വാസിയെ ആത്മീയവും ബുദ്ധിപരവും ശാരീരികവുമായി സജ്ജീകരിക്കുന്നതില്‍ വഖ്ഫ് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. പള്ളികളും പള്ളിക്കൂടങ്ങളും സര്‍വകലാശാലകളും ലൈബ്രറികളും ഇസ്‌ലാമിക സമൂഹത്തിന്റെ ബുദ്ധിപരവും ആത്മീയവുമായ ഉണര്‍വിന് വഴിയൊരുക്കിയപ്പോള്‍ ആശുപത്രികള്‍, ചികിത്സാ കേന്ദ്രങ്ങള്‍, വൈദ്യശാസ്ത്ര രചനകള്‍ തുടങ്ങിയവ വഴി ശാരീരിക സൗഖ്യം നിലനിര്‍ത്താന്‍ വഖ്ഫ് സംവിധാനത്തിന് സാധിച്ചു. സമൂഹത്തിലെ ഓരോ പൗരന്റെയും അടിസ്ഥാന ആവശ്യങ്ങള്‍ മുതല്‍ അത്ര പ്രധാനമല്ലാത്ത ആഗ്രഹങ്ങള്‍ വരെ പൂര്‍ത്തീകരിക്കാന്‍ വഖ്ഫിന് സാധിക്കുകയുണ്ടായി. ഇസ്‌ലാമിക നാഗരികതയിലെ വ്യവസ്ഥാപിതമായ റോഡുകളും, വഴിയരികിലെ സത്രങ്ങളും, യാത്രക്കാര്‍ക്കായുള്ള ജലസംഭരണികളും, പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുമുള്ള ഭക്ഷണശാലകളും വന്‍പുരോഗതി അവകാശപ്പെടുന്ന ആധുനിക ലോകത്തെ സംവിധാനങ്ങളെ വെല്ലുന്നവയായിരുന്നു. അതിവിദഗ്ധമായി കല്ലില്‍ പടുത്തുയര്‍ത്തിയ ഇസ്തംബൂളിലെ പക്ഷി സങ്കേതം രൂപത്തിലും ഭാവത്തിലും കലാപരമായി തയ്യാറാക്കപ്പെട്ട മ്യൂസിയം പോലെയായിരുന്നു. പട്ടണത്തിന് അഴക് പകര്‍ന്ന ഈ ഭവനം പക്ഷികള്‍ക്ക് സംരക്ഷണവും ചികിത്സയും ഉറപ്പ് വരുത്തുകയും തീറ്റ നല്‍കുകയും ചെയ്തു. ശൈത്യകാലത്ത് ഭൂമിയില്‍ മഞ്ഞ് പെയ്യുന്നതോടെ, ധാന്യമണികള്‍ പെറുക്കിയെടുക്കാന്‍ കഴിയാതെ പക്ഷികള്‍ നശിച്ച് പോവുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഉഥ്മാനി ഭരണകൂടത്തിന് കീഴിലെ വഖഫ് പദ്ധതിയില്‍ നിന്നായിരുന്നു അതിന്നായി പണം ചെലവഴിച്ചിരുന്നത്. 

വഴിയാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും മറ്റും വിശ്രമിക്കാനും, നിര്‍ഭയമായി രാപ്പാര്‍ക്കാനുമുള്ള സത്രം മുസാഫിര്‍ ഖാനഃ എന്ന പേരില്‍ അറിയപ്പെട്ടു. അവര്‍ക്ക് വേണ്ട അന്നപാനീയങ്ങളും കുളിമുറിയുമെല്ലാം സത്രങ്ങളില്‍ ലഭ്യമായിരുന്നു. പരമാവധി മൂന്ന് ദിവസം വരെ യാത്രക്കാര്‍ അവിടെ താമസിക്കുകയും, അടുത്ത ദിവസം മറ്റുള്ളവര്‍ക്കായി ഒഴിഞ്ഞ് കൊടുക്കുകയും ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. രോഗികള്‍, ദരിദ്രര്‍ തുടങ്ങിയ ആവശ്യക്കാര്‍ക്ക് സ്വാദിഷ്ഠമായ ഭക്ഷണങ്ങളും പഴവര്‍ഗങ്ങളും ഉറപ്പ് വരുത്തുന്ന 'തകായ' എന്ന പദ്ധതിയും ഉഥ്മാനി ഖിലാഫത്തിന് കീഴിലുണ്ടായിരുന്നു. ദിനംപ്രതി രണ്ട് നേരം ഭക്ഷണവും റമദാനില്‍ പ്രത്യേകയിനം വിഭവങ്ങളും ഇതുവഴി ദരിദ്രര്‍ക്ക് ലഭിച്ചിരുന്നു. നാട്ടില്‍ ലഭ്യമായിരുന്ന മുന്തിയ ഇനം പഴങ്ങള്‍ ധനികര്‍ക്ക് മാത്രം ലഭ്യമാവുന്ന സാഹചര്യം ഒഴിവാക്കുന്നതിനും, ദരിദ്രര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അവ കഴിക്കാനുള്ള അവസരം ഉറപ്പ് വരുത്തുന്നതിനും ഇതുവഴി സാധിച്ചു. ദരിദ്രകുടുംബത്തില്‍ നിന്നുള്ള മണവാട്ടിയെ ഒരുക്കാനും അണിയിക്കാനുമായി വഖ്ഫുകളുണ്ടായിരുന്നു. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, അമൂല്യമായ രത്‌നങ്ങള്‍ തുടങ്ങിയവ വായ്പ നല്‍കാനും അവരെ അണിയിക്കാന്‍ വിദഗ്ധസംഘത്തെ നിയോഗിക്കാനും ഉഥ്മാനി ഖലീഫമാര്‍ അതീവ ശ്രദ്ധ പുലര്‍ത്തി. പ്രായം ചെന്ന് തൊഴിലെടുക്കാന്‍ കഴിയാത്ത ചുമട്ട് തൊഴിലാളികളുടെയും മുക്കുവരുടെയും ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും അവരെ സഹായിക്കാനുമായി പ്രത്യേകം വഖ്ഫ് സംവിധാനങ്ങളുണ്ടായിരുന്നു. 

സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ സംഭാവനകളെക്കുറിച്ച് പറയുമ്പോള്‍ ചരിത്രകാരന്മാര്‍ അല്‍ഭുതത്തോടെ കുറിച്ച ഒരു സംഭവമുണ്ട്. ദമസ്‌കസിലെ കോട്ടയുടെ ഒരു കവാടത്തില്‍ മുലയൂട്ടുന്ന സ്ത്രീകള്‍ക്കായി രണ്ട് ഓവുചാലുകള്‍ അദ്ദേഹം നിര്‍മിച്ചിരുന്നു. അവയിലൊന്നില്‍ പാലും, മറ്റൊന്നില്‍ മധുരപാനീയവും ഒഴുകുകയും, എല്ലാ ആഴ്ചകളിലും മാതാക്കള്‍ വന്ന് തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് വേണ്ട പാലും മധുരപാനീയവും ശേഖരിക്കുകയും ചെയ്യാറുണ്ടായിരുന്നുവത്രേ! 

ചുരുക്കത്തില്‍ ഇസ്‌ലാമിക സമൂഹത്തിന്റെ ആവശ്യങ്ങളും, താല്‍പര്യങ്ങളുമായിരുന്നു വഖ്ഫ് സംവിധാനം വഴി നിറവേറിയിരുന്നത്. അനാഥകള്‍, ദരിദ്രര്‍, അഗതികള്‍, വിധവകള്‍, രോഗികള്‍, വൃദ്ധര്‍, വികലാംഗര്‍, വിദ്യാര്‍ഥികള്‍, വഴിയാത്രക്കാര്‍, മൃഗങ്ങള്‍, പക്ഷികള്‍ തുടങ്ങി എല്ലാ സൃഷ്ടികള്‍ക്കും വഖ്ഫിന്റെ സല്‍ഫലങ്ങള്‍ ആസ്വദിക്കാന്‍ സാധിച്ചു. ഇസ്‌ലാമിക സമൂഹത്തില്‍ ധനിക-ദരിദ്ര വിഭാഗങ്ങള്‍ക്കിടയിലെ അസമത്വം ഉച്ചാടനം ചെയ്ത് സാമൂഹിക സന്തുലിതത്വം നിലനിര്‍ത്താനും, മൃഗപരിപാലനം, പക്ഷി വളര്‍ത്തല്‍, പഴത്തോട്ടമൊരുക്കല്‍ തുടങ്ങിയവ വഴി പരിസ്ഥിതി പരിപാലനം ഉറപ്പുവരുത്താനും വഖ്ഫിന് കഴിഞ്ഞു. സ്ത്രീകളെ സാമ്പത്തിക ഇടപാടുകളില്‍ നിന്ന് യൂറോപ്പ് വിലക്കിയ കാലത്ത്, മുസ്‌ലിം സ്ത്രീ വഖ്ഫുകളില്‍ മത്സരിക്കുകയായിരുന്നുവെന്ന് ചരിത്രം വ്യക്തമാക്കുന്നു. ഉഥ്മാനി ഭരണകാലത്ത് മാത്രം 2500-ാളം മഹതികളുടെ വഖ്ഫ് രേഖകള്‍ ലഭ്യമാണ്. തുര്‍ക്കിയിലെ മാത്രം വഖ്ഫുകളെക്കുറിച്ച് പഠിച്ച ഒരു പാശ്ചാത്യ ചരിത്രകാരന്‍ 'ഈ നാഗരികത വഖ്ഫില്‍ നിന്നുണ്ടായതോ, അതല്ല വഖ്ഫ് സംവിധാനം ഈ നാഗരികതയില്‍ നിന്നുണ്ടായതോ' എന്നാണ് ചോദിച്ചത്. ലോകത്ത് മറ്റൊരു സമൂഹത്തിലും നാഗരികതയിലും മാതൃകയില്ലാത്ത സംവിധാനമായിരുന്നു ഇസ്‌ലാമിലെ വഖ്ഫ്. ജാഹിലിയ്യാ അറബികള്‍ക്ക് തീര്‍ത്തും അപരിചിതമായിരുന്നു ഇതെന്ന് ഇമാം ശാഫിഈ(റ) രേഖപ്പെടുത്തിയിട്ടുണ്ട്. 

പരസ്പരം സ്‌നേഹിക്കുകയും സഹകരിക്കുകയും ഹൃദയബന്ധം സൂക്ഷിക്കുകയും ചെയ്യുന്ന ഒരു സാമൂഹിക വ്യവസ്ഥയില്‍ വഖ്ഫ് പോലുള്ള സംവിധാനം അനിവാര്യമാണെന്നതിന് ഇസ്‌ലാമിക നാഗരികത ഉത്തമ സാക്ഷ്യമാണ്. ഇസ്‌ലാമിക രാഷ്ട്രത്തില്‍ ആരെങ്കിലും പട്ടിണി കാരണം മരണപ്പെട്ടാല്‍ സമൂഹം ഒന്നടങ്കം കുറ്റക്കാരാണെന്നും, അവര്‍ പ്രായശ്ചിത്ത ധനം നല്‍കണമെന്നുമുള്ള കര്‍മശാസ്ത്ര പണ്ഡിതരുടെ അഭിപ്രായം ഇതിനോട് ചേര്‍ത്ത് വായിക്കുക. ചരിത്രം അനശ്വരമാക്കിയ വഖ്ഫുകളാല്‍ സമ്പുഷ്ടമായിരുന്നു ഇസ്‌ലാമിക ഭരണകാലം. ശോഭനമായ ഇസ്‌ലാമിക കാലഘട്ടത്തെക്കുറിച്ച് ചരിത്രകാരന്മാരും സഞ്ചാരികളും കുറിച്ച് വെച്ച വരികള്‍ നിരവധി വഖ്ഫ് പദ്ധതികളിലേക്ക് വെളിച്ചം വീശുന്നുണ്ട്. പ്രവാചക കാലം മുതലുള്ള വിവിധ ഇസ്‌ലാമിക നാഗരികതകളില്‍ വഖ്ഫ് വളര്‍ന്ന്, പടര്‍ന്ന്, പന്തലിച്ച്, പൂത്തുലയുകയാണുണ്ടായതെങ്കില്‍ ആധുനിക മുസ്‌ലിം ജീവിതത്തില്‍ അതിന് ഉണക്കവും ക്ഷീണവുമാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. വഖ്ഫ് എന്ന പദം തന്നെ കേവലം പള്ളിയുമായി ബന്ധപ്പട്ട് പരാമര്‍ശിക്കപ്പെടുകയും, അതിനെ ഏതാനും ചില നിസ്സാര സംരംഭങ്ങളില്‍ പരിമിതപ്പെടുത്തുകയും ചെയ്തിരിക്കുന്നു.  

നന്മകള്‍ നിലച്ചുപോവരുതെന്ന ശാഠ്യത്തില്‍ നിന്നാണ് വഖ്ഫ് (സുസ്ഥിര) ദാനധര്‍മങ്ങള്‍ ഉറവെടുക്കുന്നത്. പരലോകമെന്ന നാളേക്ക് നന്മകള്‍ സമ്പാദിച്ച് തയ്യാറെടുക്കുന്നവനാണ് വിശ്വാസിയെങ്കില്‍, ഇഹലോകത്തെ നാളെയെ അവന് വിസ്മരിക്കാനാവില്ല. നന്മയുടെ എല്ലാ വഴികളും മാര്‍ഗങ്ങളും കയറിയിറങ്ങി വഖ്ഫ് സംവിധാനത്തിലേക്ക് തിരിച്ച് നടക്കുന്നതിലൂടെയാണ് ഇസ്‌ലാമിക സമൂഹത്തെ സാമ്പത്തികവും സാംസ്‌കാരികവും നാഗരികവുമായി പരിപോഷിപ്പിക്കാനാവുക. ഇസ്‌ലാമിന്റെ പ്രഥമ തലമുറ തുടങ്ങിവെച്ച, അബൂത്വല്‍ഹയും, ഉഥ്മാനും മാതൃക കാണിച്ച പാരമ്പര്യം ചുമലിലേറ്റാന്‍ തയ്യാറാവുമ്പോഴേ വിവേചനരഹിതവും സന്തുലിതവുമായ സാമൂഹിക ക്രമം വാര്‍ത്തെടുക്കാന്‍ ആധുനിക മുസ്‌ലിം ഉമ്മത്തിന് സാധിക്കുകയുള്ളൂ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍മുഅ്മിനൂന്‍ /54-61
എ.വൈ.ആര്‍