വഖ്ഫ് നിയമം ഒരു എത്തിനോട്ടം
ഇന്ത്യയില്‍ വഖ്ഫ് നിയമം അതിന്റെ ഇന്നത്തെ ചട്ടക്കൂടില്‍ നിലവില്‍ വന്നത് 1863-ലാണ്. റിലീജിയസ് എന്‍ഡോവ്‌മെന്റ് ആക്ട് എന്ന പേരില്‍ നിലവില്‍ വന്ന നിയമം 1913-ല്‍ മുസല്‍മാന്‍സ് വഖ്ഫ് വാലിഡേറ്റിംഗ് ആക്ട് എന്ന പേരിലും, 1923-ല്‍ മുസല്‍മാന്‍ വഖ്ഫ് ആക്ട് എന്ന പേരിലും, 1930-ല്‍ മുസല്‍മാന്‍ വഖ്ഫ് വാലിഡേറ്റിംഗ് ആക്ട് എന്ന പേരിലും, 1954-ല്‍ വഖ്ഫ് ആക്ട് എന്ന പേരിലും പരിഷ്‌കരിച്ചു. 1954-ലെ വഖ്ഫ് ആക്ടില്‍ പലതരത്തിലുമുള്ള പോരായ്മകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ 15 വര്‍ഷത്തിനകം തന്നെ 3 തവണ കാര്യമായ മാറ്റങ്ങള്‍ അതില്‍ വരുത്തുകയുണ്ടായി, 1959-ലും 1964-ലും അവസാനമായി 1969-ലും. 1970-ല്‍ രൂപീകരിച്ച വഖ്ഫ് എന്‍ക്വയറി കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരം 1984-ലും ആക്ടില്‍ കാര്യമായ മാറ്റത്തിരുത്തലുകള്‍ വരുത്തി. വഖ്ഫ് എന്‍ക്വയറി കമ്മിറ്റി നിലവില്‍ വന്നത് തന്നെ 1969-ല്‍ വഖ്ഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച നടന്ന പശ്ചാത്തലത്തിലാണ്.
മുസ്‌ലിം സമുദായത്തിലെ നേതാക്കളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലും, 1954-ലെയും 1984-ലെയും വഖ്ഫ് ആക്ടിലെ ചില വകുപ്പുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുമാണ് 1995-ലെ വഖ്ഫ് ആക്ട് നിലവില്‍ വന്നത്. ഇത് 1996 ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തിലായി. മൊത്തം നിയമത്തില്‍ അടിമുടി മാറ്റം വരുത്തി 2013 സെപ്റ്റംബര്‍ 23-ന് ഭേദഗതി ആക്ടും നിലവില്‍ വരികയുണ്ടായി. കാതലായ 57 മാറ്റങ്ങള്‍ ഈ ഭേദഗതിയില്‍ ഉള്‍പ്പെടുത്തി. ഈ ലേഖനത്തില്‍ 1995-ലെ ആക്ടാണ് വിലയിരുത്തപ്പെടുന്നത്.
അതനുസരിച്ച് താഴെ ചേര്‍ത്ത കാര്യങ്ങളാണ് പുതിയ ആക്ടിലെ പ്രധാന മാറ്റങ്ങള്‍
1) ഓരോ സ്റ്റേറ്റിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഏഴില്‍ കുറയാത്തതും 13-ല്‍ കൂടാത്തതുമായ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന വഖ്ഫ് ബോര്‍ഡ് സ്ഥാപിക്കും. പാര്‍ലമെന്റിലെയും നിയമസഭയിലെയും ബാര്‍ കൗണ്‍സിലിലെയും മുസ്‌ലിം മെമ്പര്‍മാരില്‍ നിന്നും, വാര്‍ഷിക വരുമാനം ഒരു ലക്ഷത്തിലധികമുള്ള വഖ്ഫ് സ്ഥാപനങ്ങളിലെ മുതവല്ലിമാരില്‍ നിന്നും ആയിരിക്കും മെമ്പര്‍മാരെ തെരഞ്ഞെടുക്കുക. മുസ്‌ലിം സംഘടനകളിലെ പണ്ഡിതന്മാരില്‍ നിന്നും മുസ്‌ലിം ഗവേഷകരില്‍ നിന്നും സ്റ്റേറ്റ് ഗവണ്‍മെന്റ് സര്‍വീസില്‍ ഡെപ്യൂട്ടി സെക്രട്ടറിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരില്‍ നിന്നുമായിരിക്കും നോമിനേഷന്‍ വഴി മെമ്പര്‍മാരുണ്ടാവുക. ഇതില്‍ ചുരുങ്ങിയത് ഒരു ശീഈ മെമ്പര്‍ കൂടി വേണമെന്നുണ്ട്. ബോര്‍ഡിന്റെ കാലാവധി 5 വര്‍ഷമാണ്.
2) വഖ്ഫ് ബോര്‍ഡ് കമീഷണര്‍ എന്ന തസ്തിക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നാക്കുകയും, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വഖ്ഫ് ബോര്‍ഡിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനാവുകയും ചെയ്തു.
3) വാര്‍ഷിക വരുമാനം 5 ലക്ഷവും അതില്‍ അധികവുമുള്ള വഖ്ഫ് സ്ഥാപനങ്ങളിലെ പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ അത്തരം സ്ഥാപനങ്ങളില്‍ എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിക്കാന്‍ വഖ്ഫ് ബോര്‍ഡിന് അധികാരം നല്‍കി.
4) വഖ്ഫ് ബോര്‍ഡിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ വഖ്ഫ് സ്ഥാപനങ്ങള്‍ നല്‍കേണ്ടുന്ന വിഹിതം വാര്‍ഷിക വരുമാനത്തിന്റെ 6 ശതമാനം എന്നത് 7 ശതമാനം ആക്കി മാറ്റി.
5) വഖ്ഫ് സ്ഥാപനങ്ങളുടെ നോക്കി നടത്തിപ്പിനുള്ള മുതവല്ലിമാരുടെ അധികാരങ്ങള്‍ക്ക് കുറവ് വരുത്തി. വഖ്ഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട സംശയങ്ങളിലും തര്‍ക്കങ്ങളിലും തീരുമാനമെടുക്കാനായി വഖ്ഫ് ട്രൈബ്യൂണലുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാറിന് വേണമെങ്കില്‍ ആവശ്യമായത്ര ട്രൈബ്യൂണല്‍ അതത് സ്ഥലങ്ങളില്‍ അനുവദിക്കാവുന്നതാണ്. 1908-ലെ സി പി സി പ്രകാരം സിവില്‍ കോടതികള്‍ക്കുള്ള മുഴുവന്‍ അധികാരങ്ങളും ഇത്തരം ട്രൈബ്യൂണലുകള്‍ക്കുണ്ട്. വഖ്ഫ്, വഖ്ഫ് സ്വത്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട യാതൊരു തര്‍ക്കവും പരിഹരിക്കാന്‍ സിവില്‍ കോടതികള്‍ക്ക് അധികാരമുണ്ടാവുകയില്ല. അതിന് വഖ്ഫ് ട്രൈബ്യൂണലിനെയാണ് സമീപിക്കേണ്ടത്. ട്രൈബ്യൂണലിന്റെ വിധി അന്തിമമായിരിക്കുന്നതുമാണ്. ഹൈക്കോടതിക്ക് വേണമെങ്കില്‍ ട്രൈബ്യൂണല്‍ വിധികളില്‍ ഇടപെടാവുന്നതുമാണ്.
6) മുതവല്ലിമാരുടെ അറിവോടെയും അല്ലാതെയുമുള്ള വഖ്ഫ് സ്വത്തുക്കളുടെ ദുരുപയോഗം തടയാനായി ഉണ്ടാക്കിയ പുതിയ നിബന്ധനകള്‍ മൂലം വഖ്ഫ് സ്വത്തുക്കളുടെ വില്‍പന എളുപ്പമല്ലാതായി. 2013-ലെ ഭേദഗതിയോടു കൂടി വഖ്ഫ് സ്വത്ത് വില്‍പന പൂര്‍ണമായി നിന്നു എന്നു മാത്രമല്ല വസ്തു വാങ്ങിയവര്‍ക്കും വില്‍പന ചെയ്ത മുതവല്ലിക്കും രണ്ട് വര്‍ഷം വരെ ജയില്‍ ശിക്ഷ വിധിക്കാമെന്നും വന്നു. കൂടാതെ ഇത് ജാമ്യം കിട്ടാത്ത വകുപ്പാക്കുകയും ചെയ്തു.
1954-ലെ വഖ്ഫ് ആക്ട് യു.പി, ബംഗാള്‍, ഗുജറാത്തിന്റെ ചില ഭാഗങ്ങള്‍, മഹാരാഷ്ട്രയുടെ ചില ഭാഗങ്ങള്‍, ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലൊന്നും പ്രാബല്യത്തിലുണ്ടായിരുന്നില്ല. എന്നാല്‍ പുതിയ ആക്ട് ജമ്മു- കശ്മീര്‍ ഒഴികെ ഇന്ത്യ മുഴുവന്‍ ബാധകമാക്കി. ഇതാണ് പുതിയ നിയമത്തിന്റെ എടുത്ത് പറയത്തക്ക മാറ്റം. 53-ാം വകുപ്പ് പ്രകാരം വഖ്ഫ് രേഖയില്‍ പ്രത്യേകം കാണിച്ചാലല്ലാതെ വഖ്ഫ് ബോര്‍ഡിന്റെ മുന്‍കൂട്ടിയുള്ള അനുവാദമില്ലാതെ യാതൊരു വസ്തുവും വഖ്ഫ് ഫണ്ട് ഉപയോഗിച്ച് വഖ്ഫ് സ്ഥാപനത്തിന് വാങ്ങാന്‍ പാടില്ലാത്തതാണ്.
ഏതെങ്കിലും വഖ്ഫ് സ്വത്ത് കൈയേറിയതായി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ക്ക് പരാതി ലഭിക്കുകയോ അദ്ദേഹത്തിന് സ്വയം ബോധ്യപ്പെടുകയോ ചെയ്താല്‍ കൈയേറ്റം ഒഴിയാന്‍ നോട്ടീസ് മുഖേന വഖ്ഫ് ബോര്‍ഡിന് ആവശ്യപ്പെടാം. നോട്ടീസിനുള്ള മറുപടിയും തുടര്‍ന്ന് നടത്തുന്ന എന്‍ക്വയറി റിപ്പോര്‍ട്ടും കണക്കിലെടുത്ത്, കൈയേറ്റമുള്ളതായി കണ്ടെത്തുന്ന കേസുകളില്‍, അത്തരം കൈയേറ്റം ഒഴിയാനും വസ്തു മുതവല്ലിക്ക് വിട്ടുകൊടുക്കാനും ഉത്തരവിടാവുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ട്രൈബ്യൂണലിനെ സമീപിക്കാനും അവകാശം തെളിയിക്കാനും ബന്ധപ്പെട്ടവര്‍ക്ക് അവകാശമുണ്ടായിരിക്കും. വഖ്ഫ് 55-ാം വകുപ്പ് പ്രകാരം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് നടപ്പാലാക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടാവുന്നതാണ്. പോലീസ് സഹായത്തോടെ ഇത്തരം ഓര്‍ഡറുകള്‍ നടപ്പിലാക്കാനും നിയമം അധികാരം നല്‍കുന്നു.
മുതവല്ലി സര്‍ക്കാറില്‍ അടക്കേണ്ട നികുതികള്‍ അടക്കാതിരുന്നാല്‍ ആ തുക വഖ്ഫ് ബോര്‍ഡിന്റെ ഫണ്ടില്‍ നിന്ന് അടക്കാം. ആ സംഖ്യ നഷ്ടപരിഹാരമടക്കം ഈടാക്കാന്‍ ബോര്‍ഡിന് അവകാശവുമുണ്ട്.
വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നാലുള്ള പിഴ
മുതവല്ലി വഖ്ഫ് രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷിക്കുന്നതിലോ ആക്ടിലെ വ്യവസ്ഥ പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, അക്കൗണ്ട്‌സ്, റിട്ടേണ്‍ എന്നിവ സമര്‍പ്പിക്കുന്നതിലോ വീഴ്ച വരുത്തിയാല്‍, ബോര്‍ഡ് ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍, വഖ്ഫ് സ്വത്തുക്കള്‍, കണക്കുകള്‍, റിക്കാര്‍ഡുകള്‍, ആധാരങ്ങള്‍ എന്നിവ പരിശോധിക്കുന്നത് അനുവദിക്കാഞ്ഞാല്‍, വിട്ടുകൊടുക്കാന്‍ വഖ്ഫ് ബോര്‍ഡ്/ ട്രൈബ്യൂണല്‍ വിധിയുണ്ടായിട്ടും വിട്ടുകൊടുക്കാതിരുന്നാല്‍, ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാഞ്ഞാല്‍, അതു സംബന്ധമായ പണം അടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍, ഈ ആക്ട് പ്രകാരമോ മറ്റു നിയമ പ്രകാരമോ ചെയ്യേണ്ട കാര്യം ചെയ്യാതിരുന്നാല്‍ 8000 രൂപ വരെ പിഴ ഒടുക്കാന്‍ മുതവല്ലി ബാധ്യസ്ഥനായിരിക്കും. എന്നാല്‍, തക്കതായ കാരണങ്ങള്‍ ബോര്‍ഡിനെയോ ട്രൈബ്യൂണലിനെയോ ബോധ്യപ്പെടുത്തിയാല്‍ പിഴ ഒഴിവാകും. വഖ്ഫ് ദുരുപയോഗപ്പെടുത്തിയാലോ ക്രിമിനല്‍ വിശ്വാസ വഞ്ചന നടത്തിയാലോ സ്ഥിരബുദ്ധി നഷ്ടപ്പെടുന്ന അവസ്ഥ വന്നാലോ ബോര്‍ഡിന് മുത്വവല്ലിയെ മാറ്റാവുന്നതാണ്.
5000 രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള എല്ലാ വഖ്ഫ് സ്ഥാപനങ്ങളും വഖ്ഫ് ബോര്‍ഡിന്റെ സേവനം കണക്കിലെടുത്ത് 7 ശതമാനം വാര്‍ഷിക വിഹിതം ബോര്‍ഡിന് നല്‍കേണ്ടതാണ്. വ്യത്യസ്ത തരം നികുതികള്‍, കൃഷിക്കാവശ്യമായ ചെലവുകള്‍, ബില്‍ഡിംഗ് റിപ്പയറിംഗ്, മറ്റു അനിവാര്യ ചെലവുകള്‍ എന്നിവ കഴിച്ചാണ് ഈ വിഹിതം നല്‍കേണ്ടത്.
വഖ്ഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളും അധികാരങ്ങളും
1) എല്ലാ വഖ്ഫ് സ്ഥാപനങ്ങളുടെയും ഉറവിടം, വരുമാനം, ഉദ്ദേശ്യ ലക്ഷ്യങ്ങള്‍, നേട്ടങ്ങള്‍ എന്നിവ പരിശോധിക്കുക.
2) വഖ്ഫ് എന്തിനാണോ രൂപീകരിച്ചത് അതേ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
3) വഖ്ഫ് ഭരണത്തിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക.
4) വഖ്ഫ് മാനേജ്‌മെന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സ്‌കീമുകള്‍ നിര്‍ദേശിക്കുക.
5) മിച്ചം സംഖ്യ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കനുസൃതമായിട്ടുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കുക.
6) വഖ്ഫ് വരുമാനം എന്തിനൊക്കെ ഉപയോഗപ്പെടുത്തണമെന്ന് നിര്‍ദേശിക്കുക.
7) ആവശ്യമെങ്കില്‍ ഈ ആക്ടിലെ വകുപ്പുകള്‍ക്ക് വിധേയമായി മുതവല്ലിയെ മാറ്റുക.
8) വഖ്ഫിന്റെ നഷ്ടപ്പെട്ട വസ്തുക്കള്‍ തിരിച്ചുപിടിക്കാന്‍ നടപടികള്‍ സ്വീകരിക്കുക.
9) വഖ്ഫുമായി ബന്ധപ്പെട്ട് കേസ് കൊടുക്കുകയും വഖ്ഫിനെതിരായി വരുന്ന കേസുകള്‍ നടത്തുകയും ചെയ്യുക.
10) ഈ ആക്ടിന് വിധേയമായി ബോര്‍ഡിന്റെ 2/3 ഭൂരിപക്ഷ തീരുമാന പ്രകാരം മാത്രം വഖ്ഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട വില്‍പന, പരസ്പര മാറ്റം, ജാമ്യം വെക്കല്‍, ദീര്‍ഘകാല ലീസ് എന്നിവ അനുവദിക്കുക. എന്നാല്‍ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി കാതലായ മാറ്റങ്ങള്‍ 2013-ലെ ഭേദഗതിയില്‍ വരുത്തിയിട്ടുണ്ട്.
11) വഖ്ഫ് സ്ഥാപനങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ വഖ്ഫ് ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും.
12) മുതവല്ലിമാരില്‍ നിന്ന് അവരുടെ സ്ഥാപനത്തിന്റെ കണക്ക്, റിപ്പോര്‍ട്ട്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവ ചോദിക്കുക.
13) വഖ്ഫ് ബോര്‍ഡിന് ഓരോ വഖ്ഫ് സ്ഥാപനത്തിന്റെയും വഖ്ഫ് സ്വത്തുക്കള്‍, കണക്കുകള്‍, രേഖകള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവ പരിശോധിക്കാന്‍ അധികാരമുണ്ട്.
14) വഖ്ഫ് സ്ഥാപനങ്ങളുടെ സ്വത്തുക്കളെ കുറിച്ച് അന്വേഷണം നടത്താനും ആവശ്യമാണെങ്കില്‍ സര്‍വേ നടത്താനും അധികാരമുണ്ട്.
15) വഖ്ഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ മൊത്തം ഉത്തരവാദിത്തം, കാര്‍മികത്വം, നോക്കി നടത്തിപ്പ് എന്നിവയെല്ലാം ബോര്‍ഡില്‍ നിക്ഷിപ്തമാണ്.
1986-ലെ മുസ്‌ലിം വുമന്‍സ് ആക്ടും വഖ്ഫ് ബോര്‍ഡും
വിവാഹ മോചിതയായ സ്ത്രീയെ സംരക്ഷിക്കാന്‍ അടുത്ത ബന്ധുക്കള്‍ ആരുമില്ലെങ്കില്‍ അവരെ സംരക്ഷിക്കേണ്ടത് സംസ്ഥാന വഖ്ഫ് ബോര്‍ഡാണ്. ബോര്‍ഡ് സംരക്ഷണച്ചെലവ് കൊടുക്കണമെന്ന് മജിസ്‌ട്രേറ്റിന് വിധിക്കാമെന്ന് 1986-ലെ മുസ്‌ലിം വുമന്‍സ് പ്രൊട്ടക്ഷന്‍സ് ആക്ട് വകുപ്പ് 4(12)-ല്‍ പ്രത്യേകം എടുത്ത് പറയുന്നുണ്ട്. 2013- ലെ വഖ്ഫ് ആക്ടിലെ ഭേദഗതിയിലും ഇത് പ്രത്യേകം എടുത്ത് ചേര്‍ത്തിരിക്കുന്നു.
ജമീലാബീവി എന്ന സ്ത്രീക്ക് മാസത്തില്‍ 250 രൂപ വെച്ച് വഖ്ഫ് ബോര്‍ഡ് ചെലവിന് കൊടുക്കണമെന്ന് വിധിച്ചതിനെ ചോദ്യം ചെയ്ത് അന്നത്തെ സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെ കക്ഷി ചേര്‍ത്ത്, ആ വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് വാദിച്ച് കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ച് മേല്‍ അപേക്ഷ തള്ളുകയാണുണ്ടായത്. സംരക്ഷിക്കാന്‍ ആരുമില്ലാത്ത വിവാഹ മോചിതയായ സ്ത്രീയുടെ സംരക്ഷണ ചുമതല വഖ്ഫ് ബോര്‍ഡിനാണ് എന്നു സ്ഥിരീകരിക്കുകയും ചെയ്തു (AIR 19993) KR 398.
കേന്ദ്ര വഖ്ഫ് ബോര്‍ഡ്
സെന്‍ട്രല്‍ ഗവണ്‍മെന്റ് ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡ് രൂപീകരിക്കാം. വഖ്ഫിന്റെ ചുതലമയുള്ള മന്ത്രിയായിരിക്കും Ex Officio Chair Person.
കൂടാതെ മുസ്‌ലിംകളില്‍ നിന്ന് താഴെ പറയും പ്രകാരമുള്ളവരെ കൗണ്‍സിലിലേക്ക് സെന്‍ട്രല്‍ ഗവണ്‍മെന്റ് നിയമിക്കും:
- അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്നതും ദേശീയ പ്രാധാന്യമുള്ളതുമായ സംഘടനകളില്‍ നിന്ന് 3 പേര്‍
- ദേശീയ തലത്തില്‍ അറിയപ്പെടുന്ന 4 പേര്‍, ഇതില്‍ രണ്ട് പേര്‍ ധനകാര്യത്തിലും, ഭരണ തലത്തിലും പരിചയമുള്ളവരായിരിക്കും
- ലോക്‌സഭയില്‍ നിന്ന് 2 പേരും രാജ്യസഭയില്‍ നിന്ന് ഒരാളും
- 3 ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍മാരെ മാറി മാറി നോമിനേറ്റ് ചെയ്യുക.
- സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ ജഡ്ജിയായവരില്‍ നിന്ന് രണ്ട് ജഡ്ജിമാര്‍
- ദേശീയ തലത്തില്‍ അറിയപ്പെടുന്ന ഒരു വക്കീല്‍
- അഞ്ച് ലക്ഷമോ അതിന്റെ മുകളിലോ വാര്‍ഷിക വരുമാനമുള്ള വഖ്ഫ് സ്ഥാപനത്തില്‍ നിന്ന് ഒരു മുതവല്ലി.
- മുസ്‌ലിം വ്യക്തി നിയമങ്ങളില്‍ പ്രാഗത്ഭ്യമുള്ള മൂന്ന് പണ്ഡിതന്മാര്‍.
വഖ്ഫും സംഘടനാ തര്‍ക്കങ്ങളും
മുസ്‌ലിം സമുദായ സംഘടനകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വഖ്ഫ് സ്വത്തുക്കളെ സംബന്ധിച്ച തര്‍ക്കങ്ങളില്‍ എത്തിച്ചേരാറുണ്ട്. വഖ്ഫ് സ്ഥാപനങ്ങളും വസ്തുക്കളും നോക്കി നടത്തുന്നതിനെ കുറിച്ചും അവകളിന്മേല്‍ സംഘടനക്കുള്ള അവകാശത്തെക്കുറിച്ചുമാണ് തര്‍ക്കങ്ങള്‍ ഉടലെടുക്കാറ്. ഇത്തരം തര്‍ക്കങ്ങളുണ്ടായാലും വഖ്ഫ് വസ്തുക്കള്‍ ഉപയോഗിക്കുന്നതിനോ പ്രാര്‍ഥന നടത്തുന്നതിനോ ഖബ്‌റടക്കം ചെയ്യുന്നതിനോ ഒന്നും തന്നെ സാധാരണയായി കോടതി മുസ്‌ലിം സമുദായംഗത്തെ തടയാറില്ല. വഖ്ഫ് ചെയ്ത വസ്തു ഉപയോഗിക്കുന്നതിനോ പള്ളി, ഖബ്‌റിടം എന്നിവ ഉപയോഗിക്കുന്നതിനോ ഒരു മുസ്‌ലിമിനെയും തടയാന്‍ ഒരു വ്യക്തിക്കും കമ്മിറ്റിക്കും അധികാരമില്ലെന്ന് കാണിച്ച് നിരവധി കോടതി വിധികളും ഇതിനകം വന്നിട്ടുണ്ട്.
ഏതെങ്കിലും ഖബ്ര്‍സ്ഥാന്‍ മുസ്‌ലിം സമുദായത്തിന്റേതാണോ അല്ലയോ എന്ന് നിശ്ചയിക്കുന്നത് അതിന്റെ വഖ്ഫ് സ്വഭാവം നോക്കിയാണ്. കാലാകാലങ്ങളായി മുസ്‌ലിംകള്‍ ഉപയോഗിച്ചുവരുന്ന ഖബ്ര്‍സ്ഥാന്‍ അത് രേഖകള്‍ പ്രകാരം തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും വഖ്ഫ് തന്നെയാണ്. കൂടാതെ ഏതെങ്കിലും വസ്തു മുസ്‌ലിം ഖബ്ര്‍സ്ഥാനാണെന്ന് റവന്യൂ രേഖകളോ ചരിത്ര രേഖകളോ തെളിയിച്ചാല്‍ അത് മുസ്‌ലിം സമുദായത്തിന്റെ പൊതു ശ്മശാനമാണെന്ന് യാതൊരു സംശയവുമില്ലാതെ പറയാം (1991 AIR Punjab 89).
വഖ്ഫ് ബോര്‍ഡുകളിലും ട്രൈബ്യൂണലുകളിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വഖ്ഫുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ കിടക്കുന്നുണ്ട്. സംഘടനകള്‍ തമ്മിലുള്ളത്, വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ളത്, വഖ്ഫാണോ ട്രസ്റ്റ് വസ്തുവാണോ മറ്റു വസ്തുവാണോ എന്നുള്ള കാര്യം നിശ്ചയിച്ച് കിട്ടാനുള്ളത് എന്നിങ്ങനെ. ഏതെങ്കിലും വ്യക്തിക്കെതിരെ/ കമ്മിറ്റിക്കെതിരെ/ഉപയോഗത്തിനെതിരെ എന്നിവയിലേതെങ്കിലുമായിരിക്കും ഇത്തരം കേസുകളിലധികവും. ഭാരവാഹികളുടെ ഇലക്ഷന്‍ അസാധുവാക്കി കിട്ടാന്‍, പുതിയ ഇലക്ഷന്‍ നടത്താന്‍ എന്നിങ്ങനെ വഖ്ഫുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങള്‍ ഏറെയാണ്. വഖ്ഫ് വസ്തുക്കള്‍ അന്യാധീനപ്പെട്ട് പോയതിന്റെയും ദുരുപയോഗപ്പെടുത്തിയതിന്റെയും കേസുകളും നിലവിലുണ്ട്.
ചില മഹല്ല് കമ്മിറ്റികള്‍ മറ്റു ചില സംഘടനകളില്‍ പെട്ടവര്‍ക്ക് മെമ്പര്‍ഷിപ്പ് കൊടുക്കാറില്ല. വിവാഹം രജിസ്റ്റര്‍ ചെയ്യാറില്ല, എന്തിനേറെ അവരുടെ മയ്യിത്ത് മറമാടാന്‍ ഖബ്ര്‍സ്ഥാന്‍ പോലും അനുവദിക്കാറില്ല. പക്ഷേ, ഇവയെല്ലാം നിയമവിരുദ്ധവും അനിസ്‌ലാമികവുമാണെന്ന് തെളിയിക്കുന്ന അനേകം കോടതി ഉത്തരവുകളും ഇറങ്ങിയിട്ടുണ്ട്.
ഓരോ ഇസ്‌ലാംമത വിശ്വാസിക്കും എല്ലാ പള്ളിയിലും കയറി നമസ്‌കരിക്കാനും അവരുടെ മഹല്ലിലെ ഖബ്ര്‍സ്ഥാനില്‍ അന്ത്യവിശ്രമം കൊള്ളാനും അവകാശമുണ്ട്.
സുബ്ഹി നമസ്‌കാരത്തിന് ഖുനൂത്ത് ഓതുന്നവര്‍ക്കും ഓതാത്തവര്‍ക്കും എല്ലാ നമസ്‌കാരത്തിനു ശേഷവും കൂട്ടു പ്രാര്‍ഥന നടത്തുന്നവര്‍ക്കും ഒറ്റക്ക് പ്രാര്‍ഥിക്കുന്നവര്‍ക്കുമെല്ലാം ഒരേ പള്ളിയില്‍ വെച്ച് നമസ്‌കരിക്കാന്‍ ഇസ്‌ലാം അനുവാദം തരുന്നു. ഇസ്‌ലാമില്‍ പ്രൈവറ്റ് പള്ളി എന്നൊന്നില്ല. പള്ളികളില്‍ എല്ലാ മുസ്‌ലിംകള്‍ക്കും പ്രാര്‍ഥിക്കാന്‍ അവകാശമുണ്ട് (1993 (AIR) Madras 169).
Comments