വൈവിധ്യത്തിന്റെ കൂടിച്ചേരലില്‍ നിന്നാണ് ജനാധിപത്യം വികസിക്കുന്നത്
എഫ്.സി.സി നടത്തിയ ഖത്തര്‍ കേരളീയം സാംസ്‌കാരിക സമ്മേളനത്തില്‍ 'ജനാധിപത്യവും ജീവിതവും' എന്ന വിഷയത്തില്‍ കെ.ഇ.എന്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
റിപ്പബ്ലിക്കിന്റെ സിംഹാസനത്തില്‍ കോര്‍പ്പറേറ്റുകള്‍ കയറിയിരിക്കാന്‍ ആരംഭിച്ചിരിക്കുന്നു. അത് ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കും'. ജനാധിപത്യത്തിന് വരാനിടയുള്ള അപചയത്തെക്കുറിച്ച് അബ്രഹാം ലിങ്കന്റെ മുന്നറിയിപ്പാണിത്. ഒരു ജനതയുടെ ജീവിതത്തെ സാധ്യമാക്കുന്ന അടിസ്ഥാന ഊര്‍ജ്ജ സ്രോതസ്സായ ഭക്ഷണം പോലും നമുക്ക് അന്യമാകുന്ന അവസ്ഥ. നാം ഏറ്റവും ആസ്വദിക്കുന്ന ഭക്ഷണം അനാരോഗ്യമായി മാറുന്ന അവസ്ഥ. നമുക്ക് അരുചികരമായി തീരുന്ന പല ഭക്ഷണങ്ങളും ആരോഗ്യത്തിനു ഗുണകരമാകുന്ന അവസ്ഥ. ഇത് വല്ലാത്തൊരു വൈപരീത്യമാണ്. രുചിയും ആരോഗ്യവും പരസ്പരം പൂരകമായിട്ടാണ്, പൊരുത്തപ്പെട്ടാണ് ചരിത്രത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ ഭക്ഷണത്തിന്റെ ലോകത്തേക്ക് കടന്നു വന്നതോട് കൂടി രുചികരമായത്, ആരോഗ്യത്തിനു അപകടകരമായിത്തീരുന്നു, ആരോഗ്യത്തിനു ഗുണകരമായതാകട്ടെ നമുക്ക് അരുചികരമായും തീരുന്നു. ഈ വൈപരീത്യത്തെ മറികടക്കണമെങ്കില്‍ മറ്റെല്ലാ മണ്ഡലത്തിലുമെന്ന പോലെ ഭക്ഷണത്തിന്റെ മണ്ഡലത്തിലും ജനാധിപത്യത്തെ അതിന്റെ ഏറ്റവും ശരിയായ രൂപത്തില്‍ നമുക്ക് സാക്ഷാത്കരിക്കാന്‍ കഴിയേണ്ടതുണ്ട്. അത്തരത്തിലുള്ള പ്രവര്‍ത്തനം തീര്‍ച്ചയായിട്ടും കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്.
'അഗ്രി കള്‍ച്ചര്‍' എന്നുള്ളത് 'അഗ്രി ബിസിനസ്സ്' മാത്രമായിത്തീരുന്ന ഒരു കാലത്ത്് ജനാധിപത്യത്തിന് പുതിയ നിര്‍വചനം രൂപപ്പെട്ടിരിക്കുന്നു എന്നു നാം തിരിച്ചറിയണം. അത് ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ മില്‍ട്ടന്‍ ഫ്രീഡ്മാന്റെ ഒരു നിര്‍വചനമാണ്. നിര്‍വചനത്തിലെ ആദ്യത്തെ വാക്യമാണ്, ഞാന്‍ വിചാരിക്കുന്നത്, ലോകത്തിലെ ഏറ്റവും വലിയ അശ്ലീലം. 'Profit making is the essence of democracy' തീര്‍ച്ചയായും ഇങ്ങനെ ഒരു വാക്യം ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളിയാണ്. ഒരു ബിസിനസ്സിനെ സംബന്ധിച്ചിടത്തോളം ലാഭമുണ്ടാക്കുക എന്നുള്ളത് പ്രധാനപ്പെട്ട ഭാഗമാണ് എന്ന് പറഞ്ഞാല്‍ ഒരു പാതി ശരി മാത്രമേ ആവുകയുള്ളൂ. ബിസിനസ്സില്‍ പോലും നിലനില്‍ക്കേണ്ട നൈതിക മൂല്യങ്ങളുണ്ട്. അടുത്ത വാചകം അതിനേക്കാള്‍ ഭീകരമാണ് 'Any government that pursues anti market policy, is being anti-democratic, no matter how much popular support they might have.' അബ്രഹാം ലിങ്കന്‍ മുന്നറിയിപ്പ് നല്‍കിയ റിപ്പബ്ലിക്കിന്റെ സിംഹാസനത്തില്‍ കോര്‍പ്പറേറ്റുകള്‍ കയറി ഇരിക്കുന്ന അവസ്ഥ; അത് ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലേക്കും കടന്നു വരുന്ന അവസ്ഥ.
ഈ അടുത്ത് മലയാള പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത മറ്റു വാര്‍ത്താ മാധ്യമങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയുണ്ടായി. രക്താര്‍ബുദത്തിനു ചികത്സയുണ്ട്, എന്നാല്‍ മരുന്നുവില നിയന്ത്രിക്കാന്‍ കഴിയുന്നില്ല. സാധാരണയായി മാരകമായ രക്താര്‍ബുദത്തിന് ഒരു വര്‍ഷത്തെ ചികിത്സക്ക് വേണ്ടി 17000-20000 രൂപ വരെ വില വേണ്ടി വന്നിരുന്ന 'ടാസിഗ്‌ന' (Tasigna) എന്ന ഗുളികയാണത്രേ നല്‍കിയിരുന്നത്. ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ 108 ഗുളികകളുടെ വിലനിയന്ത്രണം എടുത്തു കളഞ്ഞു. 'ടാസിഗ്‌ന' എന്ന ഗുളികയ്ക്ക് 108 മരുന്നുകളുടെ വില നിയന്ത്രണം എടുത്തു കളയുന്നതിനു മുമ്പ് ഒരു വര്‍ഷത്തേക്കുള്ള ചികിത്സാ ചെലവ് 17000 രൂപയാണെങ്കില്‍, നിയന്ത്രണം എടുത്തു കളഞ്ഞതോടെ ഒരു വര്‍ഷത്തേക്ക് ചികിത്സാ ചെലവ് 20 ലക്ഷം രൂപയായിത്തീര്‍ന്നു. ഇതിനിടയില്‍ വിങ്ങിപ്പൊട്ടി മരിച്ച മനുഷ്യരുടെ എണ്ണം എത്രയാണ് എന്ന് നാം ആലോചിക്കേണ്ടതുണ്ട്. ഇതൊന്നും നമ്മെ എന്തുകൊണ്ടാണ് അസ്വസ്ഥപ്പെടുത്താത്തത്? അവിടെയാണ് നമ്മുടെ പൊതു പ്രവര്‍ത്തനത്തിന് പരിക്കേറ്റു കൊണ്ടിരിക്കുന്നു എന്ന വസ്തുത നാം മനസ്സിലാക്കേണ്ടത്. അതായത് ഓരോ മനുഷ്യനെയും അവനിലേക്ക്, അവളിലേക്ക് മാത്രമായിച്ചുരുക്കി നിര്‍ത്താന്‍ കലയും സാഹിത്യവും മാധ്യമവും പ്രചാരണവും ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. മറ്റു മനുഷ്യര്‍ ഒഴിവാക്കപ്പെടേണ്ട ശല്യങ്ങളായി മാറുന്ന ഒരു കാലത്തിലേക്ക,് വ്യക്തി കേന്ദ്രിതം മാത്രമാകുന്ന ഒരവസ്ഥയിലേക്ക് നാം എത്തിയിരിക്കുന്നു. അവിടെയാണ് പൊതു പ്രവര്‍ത്തനം വലിയ വെല്ലുവിളി നേരിടുന്നത്. മലയാളത്തിന്റെ മാസ്റ്റര്‍ ജീനിയസ്സായ അയ്യപ്പന്റെ പഴയ ഒരു കവിത പൊതുപ്രവര്‍ത്തത്തിന് ഒരു പുനര്‍ വിചിന്തനമാവശ്യപ്പെടുന്നുണ്ട്:
''വീടില്ലാത്ത ഒരുവനോട് വീടിന്നൊരു പേരിടുവാനും,മക്കളില്ലാത്തൊരുവനോട് കുട്ടിക്കൊരു പേരിടുവാനും പറയവേ കൂട്ടുകാരാ
ഇത് രണ്ടുമില്ലാത്തോരുത്തന്റെ നെഞ്ചിലെ തീ കണ്ടുവോ.''
മറ്റു മനുഷ്യരുടെ നെഞ്ചിലെ തീ കാണലാണ് തീര്‍ച്ചയായും പൊതുപ്രവര്‍ത്തനം. അത് കോര്‍പ്പറേറ്റ്‌വത്കരണത്തിനും ഫാഷിസ്റ്റ്‌വത്കരണത്തിനുമെതിരെ ഒന്നിച്ചു നടത്തേണ്ട വലിയ ഒരു സമരത്തിന്റെ കൂടി ഭാഗമാണ്. ആ അര്‍ഥത്തില്‍ കോര്‍പ്പറേറ്റ്‌വത്കരണത്തിന്റെ ഒരു കാലത്ത് നിന്ന് കൊണ്ട് നമ്മുടെ ജീവിതത്തില്‍, നമ്മുടെ സാംസ്‌കാരിക പ്രഭാഷണങ്ങളില്‍, നമ്മുടെ കവിതകളില്‍, നമ്മുടെ നാടകങ്ങളില്‍, നോവലുകളില്‍, സൗഹൃദങ്ങളില്‍, സ്‌നേഹങ്ങളിലൊക്കെ നാം പറഞ്ഞും, പറയാതെയും ആഗ്രഹിച്ചു കൊണ്ടിരിക്കുന്നത് എല്ലാ അതിര്‍ത്തികള്‍ക്കുമപ്പുറമുള്ള ഒരു സൗഹൃദത്തെയാണ്.
നമ്മുടെ പ്രധാനമന്ത്രി പറഞ്ഞത് നൂറ് ശതമാനം ശരിയാണ് 'ഇന്ത്യ സഹിഷ്ണുതയുടെ നാടാണ്', തീര്‍ച്ചയായും ബുദ്ധന്റെ നാടാണ്, ഗാന്ധിജിയുടെ നാടാണ്. പക്ഷേ ഇന്ത്യന്‍ സര്‍ക്കാര്‍ ഇന്ന് തുടരുന്ന നയങ്ങള്‍ സഹിഷ്ണുതയുടേതാണോ?
രണ്ടു നൂറ്റാണ്ട് കാലം സൂര്യനസ്തമിക്കാത്ത ബ്രിട്ടിഷ് സാമ്രാജ്യത്വത്തിനെതിരെ പതിനായിരക്കണക്കിന് മനുഷ്യര്‍ പ്രക്ഷോഭത്തിന്റെ യുദ്ധ ഭൂമിയില്‍ പ്രാണന്‍ പകുത്തു കൊടുത്ത് കൊണ്ട് നേടിയെടുത്ത മഹത്തായ സ്വാതന്ത്ര്യം സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും അന്തരീക്ഷം തന്നെയാണ്. പക്ഷെ ജനങ്ങളുടെ സഹിഷ്ണുതയും സൗഹൃദവും ഒരു ഭാഗത്ത്, സഹിഷ്ണുതക്കും സൗഹൃദത്തിനും പരിക്കേല്‍പ്പിക്കുന്ന സര്‍ക്കാരിന്റെ നയങ്ങള്‍ വേറൊരു ഭാഗത്ത്. ഇതിനെ ഇന്ത്യന്‍ ജനത എങ്ങനെ അഭിമുഖികരിക്കും എന്നതാണ് ഇന്ത്യന്‍ ജനാധിപത്യവും ജീവിതവും എന്നതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ നാം മൗലികമായി ആലോചിക്കേണ്ടത്. ഒരു കാര്യം ഉറപ്പാണ്. ജനാധിപത്യ വിരുദ്ധ കാഴ്ചപ്പാട്, ഫാഷിസ്റ്റ് വിരുദ്ധ കാഴ്ചപ്പാട് പുലര്‍ത്തുന്നവര്‍ മാത്രമല്ല, അതിനെ എതിര്‍ക്കുന്നവരും ജീവിച്ചിരിക്കുന്നുണ്ട്. അങ്ങനെ എതിര്‍ക്കുന്നവര്‍ അലസമായി ജിവിച്ചിരുന്നാല്‍ പോരാ, ഞങ്ങളും ഇവിടെ ജീവിച്ചിരിക്കുന്നുണ്ടെന്ന് ജനാധിപത്യ വിരുദ്ധരെ ഓര്‍മ്മപ്പെടുത്തുവാന്‍ അവരുടെ ഇടപെടലുകള്‍ക്ക് കഴിയണം.
മലയാളത്തിലെ 'ജനാധിപത്യം' എന്ന വാക്കില്‍ തന്നെ നമ്മുടെ സാംസ്‌കാരിക പരിമിതി വെളിപ്പെടുന്നുണ്ട്. കാരണം 'ഡെമോസ്' എന്നാല്‍ ജനങ്ങള്‍; 'ക്രാറ്റിയ' എന്നാല്‍ ശക്തി. ആ വാക്കില്‍ നിന്നാണ് ജനാധിപത്യം വികസിച്ചു വന്നത്. ആ സ്രോതസ്സ് അനുസരിച്ചു അവിടെ ആധിപത്യം ഇല്ല. ജനശക്തി എന്നാണ് ആ വാക്കിന്റെ അര്‍ഥം. അതിന്റെ ഏറ്റവും സൂക്ഷ്മമായ അര്‍ഥം ജനസ്വാതന്ത്ര്യം എന്നാണ്. എവിടെ ആധിപത്യം ഉണ്ടാകുന്നോ, അവിടെ വിധേയത്വവും ഉണ്ടാകും. അവിടെ ജനസ്വാതന്ത്ര്യത്തിന് നിലനില്‍ക്കാന്‍ പറ്റില്ല. 'ജന' എന്ന വാക്കിനോട് ആധിപത്യം എന്ന് ചേര്‍ക്കുമ്പോള്‍ സത്യത്തില്‍ ജനശക്തിയുടെ, സ്വാതന്ത്ര്യത്തിന്റെ വിസ്തൃതി ചുരുങ്ങിപ്പോവുകയാണ.് സൗകര്യത്തിനു വേണ്ടി ഈ വാക്യം ഉപയോഗിക്കുമ്പോഴും നാം തിരിച്ചറിയേണ്ടതുണ്ട്; അവിടെ ഒരു ആധിപത്യവുമില്ല, ഒരു വിധേയത്വവുമില്ല. അത്തരമൊരു സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സ്വപ്നമാണ് സത്യത്തില്‍ ജനസ്വാതന്ത്ര്യം. സഹകരണാത്മക ജീവിതത്തിന്റെ ഇനിയും എഴുതി വെച്ചിട്ടില്ലാത്ത ഒരു മാനിഫെസ്‌റ്റോ എന്നതിനെ നിര്‍വചിക്കാം.
സഹകരണാത്മക ജീവിതം എന്ന് പറയുമ്പോള്‍ സര്‍വ്വകാര്യങ്ങളിലും എല്ലാവരും യോജിക്കണം എന്നത് ഉദ്ദേശിക്കുന്നില്ല. യോജിക്കാനും വിയോജിക്കാനുമുള്ള മനുഷ്യരുടെ അവകാശങ്ങള്‍ അത് ഉറപ്പുനല്‍കുന്നുമുണ്ട്. ഭക്ഷണത്തില്‍, ഭാഷയില്‍, സൗഹൃദത്തില്‍, വിശ്വാസത്തില്‍, പാര്‍പ്പിടത്തില്‍ ഒക്കെ തങ്ങളുടെ ബോധ്യങ്ങള്‍ നിലനിര്‍ത്താനും ആ ബോധ്യങ്ങളുടെ ശരികളെ കുറിച്ച് പ്രചാരണം നടത്താനും ഒക്കെ ജനാധിപത്യം മനുഷ്യര്‍ക്ക് അനുവാദം നല്‍കുന്നു എന്ന അര്‍ത്ഥത്തിലാണ് അതിനെ സഹകരണാത്മക ജീവിതം എന്ന് വിളിക്കുന്നത്.
ജനാധിപത്യത്തിന് ഗംഭീരമായ അര്‍ഥം നല്‍കിയവരില്‍ ഒരാള്‍ ശ്രീബുദ്ധനാണ്. സോക്രട്ടീസിന്റെ സമകാലീനനായിരുന്ന ബുദ്ധന്‍ നല്‍കിയ നിര്‍വചനമിതാണ്: 'ബഹുജന ഹിതായ ബഹുജന സുഖായ' വളരെ ചെറിയ ഈ നിര്‍വചനത്തിന്റെ വിസ്തൃതി വളരെ കൂടുതലാണ്.
ബഹുജനം എന്ന പദം തന്നെ വളരെ പ്രധാനമാണ്. ഒരു മനുഷ്യനും തന്നില്‍ തുടങ്ങി തന്നില്‍ അവസാനിക്കുന്നില്ല. എത്ര സമ്പന്നനായിരിക്കുമ്പോഴും, എത്ര കരുത്തനായിരിക്കുമ്പോഴും, കലാകാരനായിരിക്കുമ്പോഴും ശാസ്ത്രജ്ഞനായിരിക്കുമ്പോഴും ഒറ്റക്ക് ഒരാള്‍ ഒന്നും അല്ല. ഒന്നും ആവാന്‍ കഴിയില്ല.
ഇവിടെയാണ് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം വരുന്നത്. ആദ്യത്തെ കര്‍ഷക പ്രതിഭ മനുഷ്യനല്ല, മറിച്ച് പാവം മണ്ണിരയാണ്. ഉഴുതു ഉഴുതിട്ടാണ് ഭൂമി ഉണ്ടായത്, ഊഴാന്‍ എന്നറിയപ്പെടുന്ന മണ്ണിര വളരെ നിസ്സാരക്കാരനാണ്. അത് കൊണ്ടാണ് രൈച്ചാല്‍ 'THE SILENCE DREAM' എന്ന തന്റെ പുസ്തകത്തിന്റെ ആമുഖത്തില്‍ മണ്ണിരയെ കുറിച്ച് 'THE BUILDER OF CIVILIZATION' എന്ന് എഴുതിയിരിക്കുന്നത്. നാഗരികതയുടെ നിര്‍മാതാവാണ് ഈ മണ്ണിര.
നമ്മുടെ ജനാധിപത്യം എന്ന് പറയുന്നത് ഇന്ന് ജീവിച്ചിരിക്കുന്ന ജനങ്ങളുടെ കേവലം സഹകരണമല്ല. ഈ പ്രപഞ്ചമാകെ അടങ്ങുന്നതാണ് ജനാധിപത്യം. അത് ജീവിത രീതി എന്ന നിലക്ക് പ്രാചീന കാലം മുതല്‍ക്കേ ഉണ്ട്. പക്ഷെ ഭരണരീതിയായി വന്നിട്ടുള്ളത് ആധുനിക കാലത്താണ്. അങ്ങനെയുള്ള ഒരു ജനാധിപത്യത്തില്‍നിന്ന്, നാം പ്രഭാഷണങ്ങളിലൊക്കെ ഉപയോഗിക്കുന്ന 'സുഹൃത്തുക്കളേ' എന്ന വാക്ക് കുത്തിക്കളയാനാണ് 2015ല്‍ ഇന്ത്യയിലെ വിദ്യാഭ്യാസ കാര്യങ്ങളുടെ നേതൃത്വം വഹിക്കുന്ന ദിനാനാദ് ബാത്ര(Dinanath Batra)യുടെ നിര്‍ദേശം. ഇന്ത്യയുടെ സൗഹാര്‍ദ്ദത്തെ ശിഥിലമാക്കുന്ന ആശയങ്ങളുടെ സമാഹാരമാണ് ബാത്രയുടെ 'തേജോമയി ഭാരത്', ഗുജറാത്തിലെ സ്‌കൂള്‍ കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം. പേര് കേള്‍ക്കുമ്പോള്‍ വിചാരിക്കും ഭാരതത്തിന്റെ തേജസ്സ് വര്‍ധിപ്പിക്കുമെന്ന്. പക്ഷെ മത സ്പര്‍ധയുടെ, ജാതി സ്പര്‍ധയുടെ ഒരു വേദപുസ്തകമെന്നു വേണമെങ്കില്‍ വിളിക്കാവുന്ന അത്രയേറെ ഭീകരമായ ആശയങ്ങള്‍ അവതരിപ്പിക്കുന്ന ഒന്നാണ് തേജോമയി ഭാരത്. അദ്ദേഹം ഇന്ത്യന്‍ ഭരണകൂടത്തിനു നല്‍കിയ നിര്‍ദേശത്തില്‍ പറഞ്ഞിരിക്കുന്നത് 24 വാക്കുകള്‍ എടുത്തു മാറ്റണമെന്നാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വാക്കാണ് 'ദോസ്ത്'. ആ പുസ്തകത്തില്‍ ബാത്ര പറയുന്നത്, ദോസ്ത് എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ല. അതിന്റെ കാരണം അത് ശുദ്ധ ഹിന്ദിയല്ല. അത് ഉര്‍ദു കലര്‍ന്ന ഹിന്ദിയാണ്. മറ്റൊരു പ്രധാനപ്പെട്ട വാക്ക് 'മുഷ്‌കില്‍' എന്നതാണ്. 'ബുദ്ധിമുട്ട്' എന്ന അര്‍ഥത്തില്‍ വരുന്ന വാക്ക്. ഈ രണ്ടു വാക്കും പരസ്പരം ചേര്‍ന്ന് നില്‍ക്കുന്നതാണ്. നമ്മുടെ ജീവിതത്തില്‍ സൗഹൃദം പങ്കു വെക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ ബുദ്ധിമുട്ടുകള്‍ കുറയും. അങ്ങനെയുള്ള രണ്ടു വാക്കുകള്‍ കുത്തിക്കളയണമെന്ന് പറയുമ്പോള്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന യുക്തി എന്താണ്? ഭാഷയെക്കുറിച്ച, ജീവിതത്തെക്കുറിച്ച ഒരു കാഴ്ചപ്പാടാണത്. ഒരു അടച്ചു പൂട്ടിയ കാഴ്ചപ്പാട്. ആര്‍ക്കും ഒന്നും കൊടുക്കാതെ, ആരില്‍ നിന്നും ഒന്നും സ്വീകരിക്കാതെ പരസ്പരം ഒത്തു ചേരാതെ വേറിട്ട് നില്‍ക്കുക. മതില്‍ കെട്ടി, വേലി കെട്ടി, വേറിട്ട് ജീവിക്കുക, നമ്മുടേതു മാത്രമായി ഒതുങ്ങുക. ഇന്നത്തെ ആധുനിക ജീവിതത്തിന് അത് എതിരാണ് എന്ന് മാത്രമല്ല, ഇന്നലത്തെ മനുഷ്യരുടെ ജീവിതത്തിനും അത് എതിരാണ്.
മനുഷ്യര്‍ പരസ്പരം കണ്ടും കേട്ടും അനുഭവിച്ചും പങ്കു വെച്ചും ആണ് ആധുനിക ജനതയായി മാറിയത്. ബ്രൗണിംഗ് എന്ന ആംഗലേയ കവി പറയുന്നുണ്ട്, 'രണ്ടു വാക്കുകള്‍ കൂടിച്ചേരുമ്പോള്‍ മൂന്നാമത് ഒരു വാക്കല്ല, ആകാശത്തിലെ നക്ഷത്രമാണുണ്ടാകുന്നത്' എന്ന്. രണ്ടു വത്യസ്ത സമൂഹങ്ങള്‍ തമ്മില്‍ കാണുമ്പോള്‍, രാഷ്ട്രങ്ങള്‍ തമ്മില്‍ കാണുമ്പോള്‍ ആ രണ്ടില്‍ നിന്ന് ആ രണ്ടിന്റെ സാധ്യതകളെല്ലാം സ്വന്തമാക്കി മൂന്നാമതൊന്നു ഉണ്ടാവുകയാണ്. മലയാളത്തിന്റെ മാസ്റ്റര്‍ ജീനിയസ് ബഷീര്‍ ഒന്നും ഒന്നും ചേര്‍ന്നാല്‍ വലിയ ഒന്ന് എന്ന ഒരാശയം അവതരിപ്പിച്ചു. അതാണ് ജനാധിപത്യം. അവിടെ കല്‍പ്പിക്കലില്ല, അനുസരിക്കലില്ല. അവിടെ ഒത്തുചേരല്‍ മാത്രമാണ്.
രണ്ടാമത്തേത് ഭക്ഷണത്തിന്റെ മണ്ഡലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. ഇന്ന ജന്തുവിനെ തിന്നരുത്, തിന്നണം എന്നുള്ളതില്‍ ലോകത്തിലെ ആര്‍ക്കും ഐക്യപ്പെടാന്‍ പറ്റില്ല. അത് ഓരോരുത്തരുടെ അഭിരുചിയാണ്, ലഭ്യതയാണ്. എന്നാല്‍ ആളുകള്‍ ഐക്യപ്പെടാന്‍ കഴിയുന്ന ഒരു മണ്ഡലമുണ്ട്. ഒരു ജന്തുവിന്റെ പേരിലും പരസ്പരം തല്ലില്ല, കൊല്ലില്ല. ആരെങ്കിലും തല്ലിപ്പിക്കാന്‍ ശ്രമിച്ചാല്‍, കൊല്ലിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ താഴെ ഞങ്ങള്‍ ഒപ്പ് വെച്ച് കൊടുക്കില്ല. ജനത ഇന്ന ഭക്ഷണം കഴിക്കണമെന്നോ കഴിക്കരുത് എന്നോ ഒരധികാരിക്കും ഒരു സര്‍ക്കാറിനും തീരുമാനിക്കാന്‍ പറ്റില്ല. സര്‍ക്കാരിന്റെ ജോലി ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം എത്തിച്ചു കൊടുക്കലാണ്. ഭക്ഷണത്തിലെ ജനാധിപത്യം എന്ന് പറയുന്നത് ജനങ്ങള്‍ക്ക് ഇഷ്ടാനുസരണം ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യമാണ്. ലോകത്തില്‍ തന്നെ ഇത്തരമൊരു സംഭവമുണ്ടായിട്ടുണ്ടോ? ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്. നമ്മുടെ നാട്ടില്‍ അലമാര കുത്തി തുറക്കാറുണ്ട്. പെട്ടി കുത്തി പൊളിക്കാറുണ്ട്. പക്ഷെ ഫ്രിഡ്ജ് കുത്തി തുറന്ന് ഒരു വീട്ടില്‍ ആക്രമണം നടത്തുന്നത് ഏറ്റവും പുതിയ സംഭവമാണ്. മാട്ടിറച്ചി കഴിക്കുന്നവരെ കൊല്ലണം എന്ന് ഋഗ്വേദത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് പരസ്യമായി നമ്മുടെ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുകയാണ്. അതായതു കൊന്നു എന്ന് മാത്രമല്ല കൊല ആദര്‍ശവത്കരിക്കപ്പെടുകയാണ്. ഇതാണ് ജനാധിപത്യത്തിന് ഇന്ത്യയില്‍ സംഭവിച്ച ഏറ്റവും വലിയ അപകടം. കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ എന്നിവര്‍ കൊല്ലപ്പെട്ടു എന്നുള്ളതല്ല, കൊലകളെ ആദര്‍ശവത്കരിക്കുന്ന ആഘോഷം നടത്തുന്നു സര്‍ക്കാര്‍ എന്നുളളത് കൂടിയാണ് പ്രശ്‌നം.
ഒരു സമൂഹത്തില്‍ കലാപമുണ്ടാവുകയാണെങ്കില്‍, ആ തീ അണക്കേണ്ട പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കേണ്ടവരാണ് ആത്മീയ നേതാക്കള്‍. ഇവിടെ സുഖദേവ് എന്ന പൂജാരി കലാപത്തിനു ആഹ്വാനം നല്‍കി എന്ന് പറയുമ്പോള്‍ നമ്മള്‍ മനസ്സിലാക്കേണ്ടത് സുഖ്‌ദേവ് സ്വന്തമായി ചെയ്തതല്ല, ഇങ്ങനെ ചെയ്തത് ആരുടെയൊക്കെയോ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണെന്നാണ്. ആക്രമിച്ചു കയ്യേറിയ ജനക്കൂട്ടമാകട്ടെ മുഹമ്മദ് അഖ്‌ലാക്കിന്റെ അയല്‍ വീട്ടുകാരും. അദ്ദേഹത്തിന്റെ മകള്‍ സാജിത നടത്തിയ ഒരു പ്രസ്താവന ഉണ്ട്: ''എന്റെ ഉപ്പ തിന്നത് മാട്ടിറച്ചിയാണെങ്കില്‍ ശരി, നിങ്ങള്‍ കൊന്നോളൂ. പക്ഷെ അദ്ദേഹം കഴിച്ചത് ആട്ടിറച്ചിയാണ് എന്ന് തെളിഞ്ഞാല്‍ ആ ജീവന്‍ നിങ്ങള്‍ തിരിച്ചു തരുമോ?'' ഒന്നാമത്തെ വാക്യം; തന്റെ പിതാവ് കഴിച്ചത് മാട്ടിറച്ചിയാണെങ്കില്‍ നിങ്ങള്‍ കൊന്നോളൂ എന്ന് ഒരു മകള്‍ പറയുന്ന അവസ്ഥ ജനാധിപത്യത്തിന് സംഭവിക്കാവുന്ന ഏറ്റവും വലിയ സങ്കടങ്ങളില്‍ ഒന്നാണ്. ഒരു ഭക്ഷണം കഴിച്ചതിന്റെ പേരില്‍ ഒരു മകള്‍ തന്റെ പിതാവിന്റെ കൊലക്ക് അനുമതി കൊടുക്കുന്ന ഒരവസ്ഥ ജനാധിപത്യത്തിനേറ്റ ഗുരുതരമായ പരിക്കാണ്. അദ്ദേഹത്തിന്റെ മകന്‍ സര്‍താജ് ഇന്ത്യന്‍ വ്യോമ സേനയിലെ എഞ്ചിനീയര്‍ ആണ്. അദ്ദേഹം നടത്തിയ പ്രസ്താവന ജനാധിപത്യത്തിന് ലഭിച്ച പുരസ്‌കാരമാണ്. അദ്ദേഹം പറഞ്ഞു: ''എന്റെ ഉപ്പയുടെ പേരില്‍ ഈ ദാദ്രിയില്‍ കലാപമുണ്ടാകരുത്. ജീവനെടുക്കരുത്; ജീവന്റെ ജീവനായ നാടിന്നു വേണ്ടി.'' ഇതൊരു കവിതയാണെന്ന് ഞാന്‍ വിചാരിക്കുന്നു. പട്ടാളക്കാര്‍ പരിശീലിപ്പിക്കപ്പെടുന്നത് രണ്ടു കാര്യത്തിനാണ്; ഒന്ന് മരിക്കാന്‍, രാജ്യത്തിന് വേണ്ടി; രണ്ടു കൊല്ലാന്‍, രാജ്യത്തിന് വേണ്ടി. അങ്ങനെയുള്ള ഒരു പട്ടാളക്കാരനു താന്‍ കളിച്ചുവളര്‍ന്ന ഒരു ഗ്രാമത്തില്‍ കലഹവും കലാപവും ഉണ്ടാകാതിരിക്കാന്‍ വേണ്ടി 'മരിക്കരുത്, കൊല്ലരുത്' എന്ന് തന്റെ പിതാവിന്റെ മൃതദേഹത്തെ മുന്നില്‍ വെച്ചു കൊണ്ട് പറയേണ്ടി വന്നു. ഭക്ഷണത്തിന്റെ കാര്യത്തിലും ജനാധിപത്യത്തിന് ഒരു തത്ത്വമുണ്ട്. ആ തത്ത്വമാണ് ഇവിടെ തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
വ്യത്യസ്ത വിശ്വാസങ്ങള്‍, വിവിധ മതങ്ങള്‍, മതരഹിതമായ ചിന്താപദ്ധതികള്‍ ഇതൊക്കെയുള്ള ഒരു രാഷ്ട്രമാണ് ഇന്ത്യ. ഇവിടെ അദൈ്വത ചിന്തയുണ്ട്, ദൈ്വതമുണ്ട്, നിരവധി നിരവധി ബൗദ്ധ-ജൈന ചിന്തകളുണ്ട്. ഇങ്ങനെയുള്ള രാഷ്ട്രത്തിന് ഇതിന്റെ വൈവിധ്യമാര്‍ന്ന മത ചിന്തകളെ, തത്ത്വചിന്തകളെ സംവാദാത്മകമായി വികസിപ്പിക്കാന്‍ കഴിയുന്ന ഒരന്തരീക്ഷമാണ് വേണ്ടത്. ഈ രാജ്യത്തിലെ ജനങ്ങള്‍ 'ഞങ്ങള്‍ ഇന്ത്യക്കാര്‍' എന്ന് കത്തി ജ്വലിക്കുന്ന ആ വാക്യത്തിന് എത്ര ടണ്‍ ഭാരമുണ്ട് എന്ന് പറയാന്‍ വയ്യ. ഈ താക്കോല്‍ വാക്യം നഷ്ടപ്പെട്ടാല്‍ പിന്നെ തുറക്കാന്‍ പറ്റില്ല. അത് അടഞ്ഞു പോകും.
മനുഷ്യര്‍ക്ക് നൈതികവും ആദര്‍ശാത്മകവുമായ നിരവധി കര്‍തൃരൂപങ്ങളുണ്ട്. ഒരു കവിതയില്‍ പറയുന്നുണ്ട്:
''നാട്ടു പൗരനാകാതെ,നീ മനുഷ്യന്റെ പച്ചയായി മാറൂ.''
രാഷ്ട്രാതിര്‍ത്തിക്കപ്പുറത്ത്, ഭാഷയുടെ സങ്കുചിത്വത്തിനപ്പുറത്ത്, ജാതി സങ്കുചിത്വത്തിനപ്പുറത്ത്, മത സങ്കുചിതത്വത്തിനപ്പുറത്ത് മനുഷ്യര്‍ക്ക് പരസ്പരം വിനിമയം ചെയ്യാന്‍ കഴിയുന്ന അതിവിസ്തൃതമായൊരു ലോകമുണ്ട്. ഈ ലോകം നിലനില്‍ക്കേണ്ടതുണ്ട്. ഓരോ മനുഷ്യന്റെയും ശബ്ദവും, മൗനവും, സാന്നിധ്യവും അസാന്നിധ്യവും സമസ്തവും ജനാധിപത്യത്തിന് ശക്തി പകരാന്‍ കഴിയുന്ന ഒരവസ്ഥയിലേക്കു തിരിച്ചു വെക്കപ്പെടേണ്ടതുണ്ട്.
തയ്യാറാക്കിയത്: ത്വയ്യിബ അര്‍ഷദ്
Comments