Prabodhanm Weekly

Pages

Search

2015 നവംബര്‍ 13

പരസ്പരം സ്‌നേഹിക്കാന്‍ മറന്നവരാണ് നാം

സജി ഫാസില്‍

         ഇസ്‌ലാമിക മാര്‍ഗത്തിലെ ഏറ്റവും വലിയ പ്രവര്‍ത്തനോര്‍ജ്ജമാണ് പരസ്പര സ്‌നേഹവും ഗുണകാംക്ഷയും. പ്രവാചകനോട് സ്വഹാബത്തും തിരിച്ചും, സ്വഹാബികള്‍ പരസ്പരവും ഹൃദയത്തില്‍ സൂക്ഷിച്ച സ്‌നേഹവും, പകര്‍ന്നു നല്‍കിയ സാഹോദര്യവും നിസ്തുലമാണ്. പ്രവാചകനെ കുറിച്ച് ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തി: ''അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് നീ അവരോട് സൗമ്യനായത്. നീ പരുഷപ്രകൃതനും കഠിനമനസ്‌കനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റുനിന്നും അവരൊക്കെയും പിരിഞ്ഞുപോകുമായിരുന്നു'' (3:159). ചുറ്റുമുള്ളവര്‍ സത്യത്തിന്റെ വെളിച്ചത്തിലേക്ക് പൂര്‍ണമായി പ്രവേശിക്കാത്തതില്‍ മനംനൊന്ത പ്രവാചകന്റെ അവസ്ഥയെ കുറിച്ച് അല്ലാഹു: ''ഈ സന്ദേശത്തില്‍ അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അവരുടെ പിറകെ കടുത്ത ദുഖത്തോടെ നടന്നലഞ്ഞ് നീ ജീവനൊടുക്കിയേക്കാം'' (18:6). 

ഇണക്കമാണ് സത്യവിശ്വാസികള്‍ക്കിടയിലെ അടിസ്ഥാന ഭാവം. അതാകട്ടെ അല്ലാഹുവിന്റെ മഹാ അനുഗ്രഹവും. ''സത്യവിശ്വാസികളുടെ മനസ്സുകള്‍ക്കിടയില്‍ ഇണക്കമുണ്ടാക്കിയത് അവനാണ്. ഭൂമിയിലുള്ളതൊക്കെ ചെലവഴിച്ചാലും അവരുടെ മനസ്സുകളെ കൂട്ടിയിണക്കാന്‍ നിനക്കു കഴിയുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവരെ തമ്മിലിണക്കിച്ചേര്‍ത്തിരിക്കുന്നു. അവന്‍ പ്രതാപിയും യുക്തിമാനും തന്നെ''’(8:63) സത്യവിശ്വാസികളുടെ പ്രാര്‍ത്ഥനയും ഒത്തിണക്കമുള്ള മനസ്സുകളുടെ പ്രതിഫലനമാണ്. ''ഞങ്ങളുടെ നാഥാ, നീ ഞങ്ങള്‍ക്കും ഞങ്ങളുടെ മുമ്പെ സത്യവിശ്വാസം സ്വീകരിച്ച ഞങ്ങളുടെ സഹോദരങ്ങള്‍ക്കും പൊറുത്തുതരേണമേ, ഞങ്ങളുടെ മനസ്സുകളില്‍ വിശ്വാസികളോട് ഒട്ടും വെറുപ്പ് ഉണ്ടാക്കരുതേ. ഞങ്ങളുടെ നാഥാ! ഉറപ്പായും നീ ദയാപരനും പരമകാരുണികനുമല്ലോ'' (59:10). 

ആരുടെയും നന്മ കാണുന്ന കണ്ണുകളാവണം വിശ്വാസിയുടേത്. നേതാവ് അണികളെ സംശയിച്ചു തുടങ്ങിയാല്‍ അവന്‍ അവരെ നശിപ്പിച്ചുവെന്ന് പ്രവാചകന്‍. വലിയ പാപങ്ങളായി എണ്ണപ്പെടുന്നവയിലേര്‍പ്പെട്ടവരെ പോലും നന്മയിലേക്ക് തെളിച്ചം കാണിക്കുന്നതാണ് പ്രവാചകന്റെ രീതി. വ്യഭിചരിക്കാന്‍ അനുമതി തേടി വന്നവന്‍, അത് വെറുക്കുന്നവനായി പ്രവാചക സന്നിധിയില്‍ നിന്ന് മടങ്ങുന്നു. മോഷണം തൊഴിലായി സ്വീകരിച്ചവനും അവ്വിധം തന്നെ. പള്ളിയില്‍ മൂത്രമൊഴിച്ചവനെ ശകാരിക്കാന്‍ മുതിര്‍ന്നവരോട് പ്രവാചകന്‍: ''ഞാന്‍ എളുപ്പമുണ്ടാക്കുന്നവനായിട്ടാണ് അയക്കപ്പെട്ടത്, പ്രയാസം ഉണ്ടാക്കുന്നവനായിട്ടല്ല.'' മദ്യപനായി തീര്‍ന്ന സഹോദരനെ ആക്ഷേപശരങ്ങള്‍ ചൊരിയാതെ സ്‌നേഹം പകര്‍ന്ന് നന്മയിലേക്ക് ക്ഷണിക്കുന്നു ഉമറുല്‍ ഫാറൂഖ്. 

ഇബാദത്തുകളിലും സല്‍പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടവരായിരിക്കെത്തന്നെ നമുക്കെങ്ങനെ പരസ്പരം പോരടിക്കാന്‍ കഴിയുന്നു! പ്രവാചകന്‍ തന്നെ പറഞ്ഞല്ലോ: ''നമസ്‌കരിക്കുന്നവര്‍ തന്നെ ആരാധിക്കുമെന്ന പ്രതീക്ഷ ഇബ്‌ലീസിനില്ല. പക്ഷേ, നമസ്‌കരിക്കുന്ന സത്യവിശ്വാസികള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്ന വിഷയത്തില്‍ അവന്‍ ആശ കൈവിട്ടിട്ടുമില്ല.'' അങ്ങനെയാണ് നാം പരസ്പരം സ്‌നേഹിക്കാന്‍ മറന്നുപോയത്. നേതൃത്വവും അനുയായികളും തമ്മിലുള്ള സ്‌നേഹം ഒത്തുചേര്‍ന്ന് അല്ലാഹുവിന്റെ തൃപ്തിയെ പ്രണയിക്കുമ്പോഴാണല്ലോ ശാന്തിയടഞ്ഞ ഹൃദയങ്ങള്‍’(89:27) രൂപം കൊള്ളുക. പകരം തെറ്റിദ്ധാരണയും അസൂയയും പകയും വിദ്വേഷവും കുതന്ത്രങ്ങളും പേറുന്ന മനസ്സുകള്‍ക്ക് എത്ര ഇബാദത്തുകളുടെ ഭാണ്ഡം ഉണ്ടായാലും എങ്ങനെയാണ് സ്വര്‍ഗ്ഗം പുല്‍കാനാവുക!

ഹൃദയത്തിന്റെ ഉള്ളില്‍ നിറയുന്ന സ്‌നേഹം കൊണ്ട് ആളുകളെ സത്യത്തിലേക്ക് വിളിക്കുന്നവനായത് കൊണ്ടാണല്ലോ പ്രവാചകന്‍ സ്വന്തത്തെ 'തീയിലേക്കടുക്കുന്ന പ്രാണികളെ തടുക്കുന്നവന്‍' എന്ന് ഉദാഹരിച്ചത്. മറ്റുള്ളവരുടെ തെറ്റുകള്‍ പൊറുത്തുകൊടുക്കാന്‍ കഴിയാത്തവന്‍ എങ്ങനെയാണ് നല്ല പ്രബോധകന്‍ ആവുക! സഹോദരന്റെ തെറ്റുകള്‍ സ്‌നേഹത്തോടെ തിരുത്താന്‍ കഴിയാത്തവന്‍ എങ്ങനെയാണ് നല്ല ഇസ്‌ലാമിക പ്രവര്‍ത്തകന്‍ ആവുക!

ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും തൂവല്‍സ്പര്‍ശം കൊണ്ട് ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന സ്‌നേഹിതനാവണം ഓരോ വിശ്വാസിയും. സഹോദരന്റെ പിഴവുകളെ മായ്ക്കുന്നവനാണല്ലോ നല്ല വിശ്വാസി.‘മറ്റുള്ളവരുടെ കുറ്റങ്ങളും ന്യൂനതകളും നോക്കി സമയം കളയാതെ തന്റെ കുറ്റങ്ങളും കുറവുകളും കണ്ടെത്തി തിരുത്തുന്നവന് ഭാവുകം’എന്നാണല്ലോ പ്രവാചക അധ്യാപനം. എന്നാല്‍ നാം പലപ്പോഴും പരദൂഷണത്തില്‍ രസം കണ്ടെത്തുന്നു. 

സ്വര്‍ഗം നമുക്ക് മാത്രമുള്ളത് എന്ന തെറ്റിദ്ധാരണയാണ് മറ്റുള്ളവരിലേക്ക് ചൂഴ്ന്ന് നോക്കാനും എന്തിനും ഏതിനും അന്യരെ പഴിപറയാനും  നാം പ്രേരിതരാവുന്നത്. ഇബ്‌ലീസ് തന്റെ സുഹൃത്തുക്കളായവരെ അങ്ങനെ കരുതാനാണ് പഠിപ്പിക്കുന്നതും. ''പരമകാരുണികന്റെ ഉദ്‌ബോധനത്തോട് അന്ധത നടിക്കുന്നവന്ന് നാം ഒരു ചെകുത്താനെ ഏര്‍പ്പെടുത്തും. അങ്ങനെ ആ ചെകുത്താന്‍ അവന്റെ സുഹൃത്തായിത്തീരും. തീര്‍ച്ചയായും ആ ചെകുത്താന്മാര്‍ അവരെ നേര്‍വഴിയില്‍ നിന്ന് തടയുന്നു. അതോടൊപ്പം തങ്ങള്‍ നേര്‍വഴിയില്‍ തന്നെയാണെന്ന് അവര്‍ വിചാരിക്കുന്നു''’(43:36,37). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 23/ അല്‍മുഅ്മിനൂന്‍/ 19-23
എ.വൈ.ആര്‍