Prabodhanm Weekly

Pages

Search

2015 നവംബര്‍ 13

യേശു മുതല്‍ ക്രിസ്തു വരെ

മുഹമ്മദ് ബശീര്‍.എന്‍.പി, ബേക്കല്‍ /പഠനം

         യേശു ഇസ്രാഈല്യരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനായിരുന്നു എന്ന് വ്യക്തമാക്കുന്ന അനേകം വാക്യങ്ങളും സന്ദര്‍ഭങ്ങളും ബൈബിളിലുണ്ട്. അദ്ദേഹം മറ്റൊരു മതം സ്ഥാപിക്കണമെന്ന ഉദ്ദേശ്യത്തോടെ ആയിരുന്നില്ല പ്രബോധനം നടത്തിയതും. മുന്‍ പ്രവാചകന്മാരെയും വേദങ്ങളെയും സാക്ഷ്യപ്പെടുത്താനും, ആ കാലത്തെ ജനങ്ങളെ മൂല്യച്യുതിയില്‍ നിന്ന് കരകയറ്റാനുമായിരുന്നു ശ്രമിച്ചത്. ''ഇത് യേശു, ഗലീലിയിലെ നസാറത്തില്‍ നിന്നുള്ള പ്രവാചകന്‍'' (മാത്യു 21: 11).  അദ്ദേഹം ശിഷ്യരോട് പറയുന്നു, ''ഞാന്‍ വന്നത് പ്രവാചകന്മാരെയും കല്‍പനകളെയും തള്ളിക്കളയാനല്ല, മറിച്ച് നടപ്പിലാക്കാനാണ്'' (മാത്യു 5: 17).  അങ്ങനെയാണെങ്കില്‍ ക്രിസ്തുമതം എങ്ങനെ നിലവില്‍ വന്നുവെന്ന് അന്വേഷിക്കുമ്പോള്‍,  ഇന്ന് ക്രിസ്തുമതം എന്ന് പൊതുവെ പറയപ്പെടുന്ന, പല സഭകളായി ചിതറിക്കിടക്കുന്ന ആശയങ്ങളുടെ ഉല്‍പത്തി അത് ഉരുത്തിരിഞ്ഞ് വന്നതില്‍ പ്രധാന പങ്കുവഹിച്ച ആചാര്യരെക്കുറിച്ചുള്ള ചര്‍ച്ചയില്‍ എത്തിച്ചേരും. അവരുടെ സംക്ഷിപ്ത ചരിത്രത്തിലൂടെ അത് മനസ്സിലാക്കാനുള്ള ശ്രമമാണ് ഈ ലേഖനം. 

''ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെയും റാബിമാരുടെയും, മതദ്രോഹികളായി പ്രഖ്യാപിക്കാനുള്ള അധികാരത്തിന് പുറത്തും, അതിനുള്ള അവരുടെ സംവിധാനങ്ങള്‍ക്ക് പുറത്തും ജൂതനാരെന്നോ ക്രൈസ്തവനാരെന്നോ തിരിച്ചറിയാനാവാത്ത അവസ്ഥയാണ്. ഏത് വേദം ആരുടേതെന്ന് തിരിച്ചറിയുക അസാധ്യവും'' (Danial Boyarin, Dying for God  Page 15).

''ആദ്യ നൂറ്റാണ്ടിന്റെ അവസാനം വരെ ജൂതായിസം എന്നും ക്രിസ്റ്റ്യാനിറ്റി എന്നും രണ്ട് സത്ത ഉണ്ടായിരുന്നില്ല'' (Robert Goldenberg).

''യേശുവിന്റെ ജീവിതവും മരണവും, അദ്ദേഹത്തിന്റെ ജൂതശിഷ്യന്മാര്‍ ഒഴികെ മറ്റാരും ശ്രദ്ധിക്കാതെ പോയി അക്കാലത്ത്. അദ്ദേഹത്തെക്കുറിച്ച് നാം അറിയുന്നത് ക്രൈസ്തവ രചനകളിലൂടെ മാത്രവും'' (Arnold Toynbee - A Study of History).

''ക്രിസ്തു മതത്തിന്റെ സ്ഥാപനത്തിനും വ്യാപനത്തിനും യേശു എന്നതിലുപരി പീറ്ററാണ്  സവിശേഷമായ പങ്ക് വഹിച്ചത്'' (Michael Hart).

''നമ്മുടെ പ്രജകളെല്ലാവരും പീറ്റര്‍ റോമക്കാര്‍ക്കായി കൊണ്ട് വന്ന മതം പിന്‍പറ്റണമെന്നാണ് നാം ആഗ്രഹിക്കുന്നത്'' (തിയോഡോഷ്യസ് ചക്രവര്‍ത്തി).

യേശു ക്രിസ്തുവിന്റെ 12 അപ്പോസ്തലര്‍ (ആദ്യ ശിഷ്യന്‍മാര്‍) ജീവിച്ചിരുന്ന കാലത്ത് ജൂത മതത്തില്‍ നിന്ന് വേറിട്ടൊരു അസ്തിത്വമോ പേരോ ഇല്ലാതിരുന്ന മതമാണ് ക്രിസ്തുമതം. ജൂതരോട് മാത്രമായിരുന്നു ഉദ്‌ബോധനം. ആദ്യകാലത്ത് യേശുവില്‍ വിശ്വസിച്ചവര്‍,  ജൂയിഷ് ക്രിസ്റ്റ്യന്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇവര്‍ പൂര്‍ണമായും ജൂത മത വിശ്വാസികളായിരുന്നു; എങ്കിലും യേശുവില്‍ വിശ്വസിക്കുകയും മിശിഹാ ആയി അംഗീകരിക്കുകയും ചെയ്ത ചെറു ന്യൂനപക്ഷമായിരുന്നു. മറ്റുള്ളവര്‍ അദ്ദേഹത്തെ തീര്‍ത്തും അവഗണിക്കുകയായിരുന്നു.

ഒരു വിഭാഗം ജൂതര്‍ക്ക് യേശു സ്വീകാര്യനായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കാലശേഷം ശിഷ്യരും അല്ലാത്തവരുമായ നേതാക്കള്‍ യേശുവിന്റെ നയങ്ങളില്‍ വരുത്തിയ വ്യതിയാനങ്ങളും, ഉയിര്‍ത്തെഴുന്നേറ്റുവെന്നതും, ചിലരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടുവെന്നതും അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. യേശുവിനെ അംഗീകരിക്കാത്തവര്‍, വിദേശത്തേക്ക് പോയവരെ പിന്തുടര്‍ന്ന് പിടിച്ചുകൊണ്ട് വരികയും ജറൂസലേമില്‍ വിചാരണ ചെയ്ത് വധിക്കുകയും ചെയ്യല്‍ പതിവായിരുന്നു (64/67-ല്‍ സൈന്റ് പീറ്റര്‍,  107-ല്‍ സൈന്റ് ഇഗ്‌നേഷ്യസ്, 167-ല്‍ സൈന്റ് പോളികാര്‍പ്പ് എന്നിവര്‍ കൊല്ലപ്പെട്ടു). ജറുസലേമിലുള്ള പുതുവിശ്വാസികളും പല വിധ പീഡനങ്ങള്‍ക്കും ഇരയായി. 

ഇനി, ക്രൈസ്തവാശയങ്ങള്‍ വികസിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ആചാര്യരെപ്പറ്റി.

സൈന്റ് പോള്‍ (സി.ഇ 5-67): ജറൂസലേമില്‍ വിശ്വാസികളെ പീഡിപ്പിക്കാന്‍ നേതൃത്വം നല്‍കിയിരുന്ന ശാഉല്‍(Acts 8:3) എന്ന ജൂതന്‍ ദമസ്‌കസിലെത്തിയവരെയും അവിടെവെച്ചു വിശ്വാസം സ്വീകരിച്ചവരെയും പിടിച്ചു കൊണ്ടുവരാന്‍ സൈനികരുമായി പുറപ്പെട്ടപ്പോള്‍ (Acts 9:1,2) വഴിയില്‍ യേശു പ്രത്യക്ഷപ്പെടുകയും (Acts 9:3-5) തന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.  ശാഉല്‍ ക്രൈസ്തവരെ വധിക്കുകയും ചര്‍ച്ചുകള്‍ തകര്‍ക്കുകയും വീടുകളില്‍ കയറി സ്ത്രീകളോടും കുട്ടികളോടും അതിക്രമങ്ങള്‍ കാണിക്കുകയും ചെയ്തതായി Acts 8:1-3 വിശദീകരിക്കുന്നുണ്ട്. പ്രമുഖ ജൂത വാണിഭ കുടുംബത്തില്‍ ജനിച്ച ശാഉല്‍, മത പണ്ഡിതന്‍ കുടിയായിരുന്നു. ബഹുദൈവാരാധകരായിരുന്ന റോമന്‍ ചക്രവര്‍ത്തിമാരുടെ അധീനതയിലായിരുന്ന ജറൂസലേമിലെ  പൗരനെന്ന നിലയിലും ജൂതനെന്ന നിലയിലും അദ്ദേഹം സ്വന്തം സുവിശേഷം പ്രചരിപ്പിക്കാന്‍ തുടങ്ങി. ഇന്നും ക്രിസ്തുമതത്തിലെ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ അടിത്തറ ഇദ്ദേഹത്തിന്റെ ആശയങ്ങളാണ്. ജൂത മതസ്ഥരല്ലാത്തവരോടായിരുന്നു ഇദ്ദേഹത്തിന്റെ സുവിശേഷം അറിയിക്കല്‍. ''അവന്‍ എന്നെ അന്യമതസ്ഥരെ സുവിശേഷം അറിയിക്കുക എന്ന ഒരു പുരോഹിതന്റെ കര്‍ത്തവ്യം ഏല്‍പിച്ചിരിക്കുന്നു. അവര്‍ (gentiles/infidels/അവിശ്വാസി/അന്യമതസ്ഥന്‍) ദൈവത്തിന് സ്വീകാര്യമായ, പരിശുദ്ധാത്മാവിനാല്‍ പവിത്രമാക്കപ്പെട്ട, അര്‍പ്പണമാവാന്‍''  (റോമന്‍സ് 15:16). ഇദ്ദേഹം അറിയപ്പെടുന്നത് ജൂതരല്ലാത്തവരുടെ (അവിശ്വാസികളുടെ) പുണ്യാളന്‍ എന്നാണ് (Saint of Gentiles). ചിഹ്നം വാളുമാണ്. ജൂത മൂല്യങ്ങള്‍ ഏറക്കുറെ വികലമാക്കി നിലനിര്‍ത്തുകയും വിഷമകരമായ അനുഷ്ഠാനങ്ങളോടൊപ്പം ജൂതര്‍ക്ക് വര്‍ജ്യമായ ഭക്ഷണ പാനീയങ്ങളും മറ്റു വിലക്കുകളും ഒഴിവാക്കുകയും ചെയ്തു കൊണ്ടുള്ള ഒരു ആരാധന/ആചാര രീതി പ്രചരിപ്പിച്ച ശാഉലിന് അനുയായികളും ഏറെയുണ്ടായി. ഇദ്ദേഹം പ്രചരിപ്പിച്ച ആശയങ്ങള്‍ പോളീന്‍ ക്രിസ്റ്റ്യാനിറ്റി എന്നും അറിയപ്പെട്ടു. അദ്ദേഹത്തിന്റെ ആകര്‍ഷണീയ വ്യക്തിത്വം, പാണ്ഡിത്യം, പ്രഭാഷണ പാടവം എന്നിവ ക്രിസ്തുവില്‍ വിശ്വസിച്ചിരുന്നവരെയും അല്ലാത്തവരെയും സ്വാധീനിച്ചു. സമ്പന്ന കുടുംബാംഗമായിരുന്നതിനാല്‍ പ്രവര്‍ത്തനത്തിന് മൂലധനമോ ജൂതരുടെ എതിര്‍പ്പോ തടസ്സമായില്ല.

ഇദ്ദേഹം പോള്‍ എന്ന പേര് സ്വീകരിക്കുകയും അനുയായികള്‍ക്കൊപ്പം സഞ്ചരിച്ച് ഏഷ്യാ മൈനറിലും യൂറോപ്പിലും ചര്‍ച്ചുകള്‍ സ്ഥാപിക്കുകയും ചെയ്തു (സി.ഇ 35 മുതല്‍ 50 വരെ). പോള്‍ സ്ഥാപിച്ചത് അവിശ്വാസികളുടെ ചര്‍ച്ചാണെന്ന  (Gentile Church) അഭിപ്രായവും ജൂതര്‍ക്കിടയില്‍ വ്യാപകമായിരുന്നു. തങ്ങളുടെ വിശ്വാസത്തിനും അധികാരത്തിനും എതിരായിരുന്നത് കൊണ്ട് അധികാരികള്‍ പുതിയ വിശ്വാസത്തെ അമര്‍ച്ച ചെയ്യാനും ശ്രമിച്ചു. അധികാരത്തിന്റെ തണലില്ലാതിരുന്നതിനാല്‍ വളര്‍ച്ച സാവകാശമായിരുന്നു. 

''യേശു ജൂതനായിരുന്നുവെന്നത് വളരെ സ്പഷ്ടമായ കാര്യമാണ്, അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സന്ദേശം ജൂത മതത്തിന്റെ പശ്ചാത്തലത്തില്‍ മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ നടന്നതും'' (Jaroslav Pelikan).

''രണ്ട് ദിവസം കഴിഞ്ഞാല്‍ പാസോവര്‍ ആയി. മനുഷ്യ പുത്രനെ കുരിശിലേറ്റാനായി കൈമാറും'' (മാത്യു 26:2).   ശിഷ്യന്‍മാര്‍ യേശുവിനോട് ചോദിച്ചു. ''താങ്കള്‍ക്ക് വേണ്ടി എവിടെയാണ് പാസോവര്‍ വിരുന്നൊരുക്കേണ്ടത്?''(മാത്യു  26:17). േയശു മോശെയുടെ മതത്തില്‍ പെട്ടവന്‍ തന്നെയെന്ന് യേശുവിന്റെയും ശിഷ്യന്റെയും പാസോവര്‍ (ഫറോവയില്‍ നിന്ന് ദൈവം ഇസ്രാഈല്യരെ രക്ഷിച്ചതിന്റെ സ്മരണക്ക് നിസാന്‍ മാസം 15 മുതല്‍ ഏഴ് ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷം) പരാമര്‍ശങ്ങളില്‍ നിന്ന് വ്യക്തമാണ്.  കൂടാതെ ശിഷ്യനായ യൂദാസ് അദ്ദേഹത്തെ സംബോധന ചെയ്യുന്നത് റാബി (മതം പഠിപ്പിക്കുന്ന അധ്യാപകന്‍) എന്നാണ്. ''അപ്പോള്‍ യൂദാസ് ചേദിച്ചു, റാബീ, എന്നെയല്ലല്ലോ ഉദ്ദേശിച്ചത്'' (മാത്യു 26:25).”ക്രൈസ്തവര്‍ പാസോവര്‍ ആഘോഷിക്കാറുമില്ല, ആരെയും റാബി എന്ന് സംബോധന ചെയ്യാറുമില്ല. രണ്ടും അന്നും ഇന്നും ജൂതരുടേത് മാത്രം.  റാബി എന്നോ റബ്ബാനീ  എന്നോ സുവിശേഷങ്ങളില്‍ ഉടനീളം, രണ്ട് സന്ദര്‍ഭങ്ങളിലൊഴികെ ഉപയോഗിക്കുന്നത് യേശുവിനെ സൂചിപ്പിക്കാന്‍ മാത്രമാണ്. 

ഡ്യൂടറൊണോമി(തോറയുടെ ഭാഗം)യില്‍ മോശെയുടെ  ''ഇസ്രാഈല്യരെ ശ്രദ്ധിക്കുക, നമ്മുടെ നാഥനായ ദൈവം, നാഥന്‍ ഏകനാണ്'' (Deuteronomy 6:4 Hear oh sIrael: The Lord our God, the Lord is one) എന്ന അഭിസംബോധനയും, മാര്‍ക്കിന്റെ സുവിശേഷത്തിലെ യേശുവിന്റെ അഭിസംബോധനയും ഒന്ന് തന്നെയെന്ന് കാണാം. ''കുറെയാളുകള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതും യേശു അതിനെല്ലാം മറുപടി പറയുന്നതും കേട്ടുവന്നയാള്‍ ചോദിച്ചു. ഏതാണ് ഏറ്റവും പ്രധാനപ്പെട്ട കല്‍പന? യേശു പറഞ്ഞു, ഇതാണ്  ഏറ്റവും പ്രധാനപ്പെട്ടത്: ഇസ്രാഈല്യരെ ശ്രദ്ധിക്കുക, നമ്മുടെ നാഥനായ ദൈവം, നാഥന്‍ ഏകനാണ്'' (Mark 12:28/29 One of the scribes approached. When he heard them debating and saw that Jesus answered them all he asked Him which command is the most important of all?  This is the most important: Listen Israel!  The Lord our God , the Lord is one. Love the Lord your God with all your heart, with all your soul, with all your mind and with all your strength.( Holman Christian Standard  Bible)  

സൈന്റ് പീറ്റര്‍: പീറ്ററാവുന്ന പാറമേല്‍ ആയിരുന്നു യേശു ചര്‍ച്ച് പടുത്തത്. പീറ്ററിനെ യേശു നേരിട്ടാണ് ആദ്യത്തെ പോപ്പായി അവരോധിച്ചതും (മാത്യു 16:18). യേശു സ്വര്‍ഗത്തിന്റെ താക്കോല്‍ ഏല്‍പിച്ചതും ഇദ്ദേഹത്തെയാണ് (മാത്യു 16:19). ജൂതര്‍ യേശുവിനെ പിടികൂടി മുഖ്യ പുരോഹിതന്റെ വീട്ടിലെത്തിയപ്പോള്‍ വളരെ പിന്നിലായിരുന്ന പീറ്ററിനെ തിരിച്ചറിഞ്ഞ ഒരു യുവതി, ഇദ്ദേഹവും യേശുവിന്റെ കൂട്ടാളിയാണെന്ന് വിളിച്ചു പറഞ്ഞു. തനിക്ക് അയാളെ അറിയില്ലെന്ന് പീറ്റര്‍ ഉറപ്പിച്ച് പറഞ്ഞു. അല്‍പം കഴിഞ്ഞ് മറ്റൊരാള്‍ തിരിച്ചറിഞ്ഞപ്പോഴും ഒരു മണിക്കൂറിന് ശേഷം വേറൊരാള്‍ തിരിച്ചറിഞ്ഞപ്പോഴും പീറ്റര്‍, യേശുവിനെ തനിക്കറിയില്ലെന്ന് പറഞ്ഞു. അപ്പോള്‍ കാക്ക കരയുന്നത്  കേട്ട പീറ്റര്‍, ''കാക്ക കരയുന്നതിന് മുമ്പ്  നീ എന്നെ മൂന്ന് തവണ തള്ളിപ്പറയുമെന്ന്'' (Mathew 26 : 34) യേശു പറഞ്ഞതോര്‍ത്ത് പുറത്ത് പോയി കരഞ്ഞു. 64 ലോ 67 ലോ നീറൊ അഗസ്റ്റസ് സീസര്‍  ഇദ്ദേഹത്തെ തലകീഴായി കുരിശിലേറ്റുന്നത് വരെ ഇദ്ദേഹമായിരുന്നു പോപ്പ്. 1968-ല്‍  പോപ്പ് പോള്‍ VI ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം വത്തിക്കാനിലെ സൈന്റ് പീറ്റേര്‍സ് ബസിലിക്കയിലെ നിലവറയില്‍ ഉണ്ടെന്ന് വെളിപ്പെടുത്തി. 1736 മുതല്‍ എല്ലാ ജൂണ്‍ 29-നും ബസിലിക്കയുടെ മുമ്പിലെ ഇദ്ദേഹത്തിന്റെ പ്രതിമയില്‍ പോപ്പിന്റെ അംഗവസ്ത്രവും കിരീടവും ചാര്‍ത്തും. പീറ്ററിന്റെ ജ്യൂയിഷ് ക്രിസ്റ്റിയാനിറ്റിയും പോളിന്റെ ഹെലനിസിംഗ് ക്രിസ്റ്റ്യാനിറ്റിയും പരസ്പരം പോരടിക്കുക പതിവായിരുന്നു. ആദ്യത്തെ പോപ്പ് വിവാഹിതനായിരുന്നുവെന്ന് മാര്‍ക് (1/29:31, ലൂക്ക് (4:38), മാത്യു (8: 14-17) എന്നിവരുടെ സുവിശേഷങ്ങള്‍ വ്യക്തമാക്കുന്നു.

കോണ്‍സ്റ്റന്റൈന്‍ ചകവ്രര്‍ത്തി: ബഹുദൈവ വിശ്വാസിയായിരുന്ന റോമന്‍ ചക്രവര്‍ത്തിമാരില്‍ (സൂര്യനായിരുന്നു പ്രധാന ആരാധനാ മൂര്‍ത്തി) അവസാനത്തെയാളായിരുന്ന കോണ്‍സ്റ്റന്റൈന്‍ ( 272 -337), സ്വന്തം മാതാവിന്റെ സ്വാധീനത്താല്‍ പീഡനങ്ങള്‍ അവസാനിപ്പിക്കുകയും 311-ല്‍ ചര്‍ച്ചിന്റെ സ്വത്ത് വകകള്‍ വിട്ട് കൊടുക്കുകയും 313-ല്‍ എല്ലാ മതങ്ങള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തു. കോണ്‍സ്റ്റന്റൈന്‍ ചകവ്രര്‍ത്തി 335-ല്‍ ചര്‍ച്ച് ഓഫ് ഹോളി സെപള്‍കര്‍ (വിശുദ്ധ ശവകുടീരം) എന്ന പേരില്‍ ജറൂസലേമില്‍  യേശുവിനെ  ഖബ്‌റടക്കിയ സ്ഥലത്ത് ഒരു ചര്‍ച്ച്  പണിതു. അപ്പോഴും ജൂതര്‍ക്ക് അവിടെ പ്രവേശനം അനുവദിച്ചിരുന്നില്ല (സൂര്യാരാധകനായിരുന്ന അദ്ദേഹം ക്രിസ്തുമതം സീകരിച്ചിരുന്നതായി സ്ഥിരീകരണമില്ല എങ്കിലും അദ്ദേഹത്തെ തുടര്‍ന്ന് വന്നവരില്‍ ഒരാളൊഴികെ, ക്രിസ്തു മതത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു).

കോണ്‍സ്റ്റാന്‍ഷ്യസ് ചക്രവര്‍ത്തി ( 317-361 ): ഇദ്ദേഹം ബഹു ദൈവ വിശ്വാസികളുടെ ബലി നിരോധിക്കുകയും ക്ഷേത്രങ്ങള്‍ അടച്ച് പൂട്ടുകയും ചെയ്തു. ആഭിചാരവും പ്രവചനവും നിരോധിച്ചതോടെ അതുവരെ ഔദ്യോഗിക മത പരിഗണന ലഭിച്ചിരുന്നവരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു. വൈദികര്‍ക്ക് പല ആനുകൂല്യങ്ങളും നല്‍കിയ ചക്രവര്‍ത്തി ജൂതര്‍ക്കും കടുത്ത വിലക്കുകളേര്‍പ്പെടുത്തി. അവര്‍ ക്രൈസ്തവരെ വിവാഹം ചെയ്യുന്നതും അടിമകളാക്കിവെക്കുന്നതും നിരോധിച്ചു. മറ്റു അടിമകളെ ചേലാ കര്‍മം ചെയ്യിക്കുന്നതും വിലക്കി. മത പ്രചാരണം വിലക്കുകയും ജൂത മതത്തിലേക്ക് മാറിയവരുടെ സ്വത്ത് വകകള്‍ കണ്ട് കെട്ടാന്‍ കല്‍പിക്കുകയും ചെയ്തു. ചര്‍ച്ചിന്റെ രൂപീകരണത്തില്‍ സജീവ പങ്കാളിത്തം വഹിച്ച ഇദ്ദേഹം, അപ്പോഴേക്കും രണ്ട് വിഭാഗമായിക്കഴിഞ്ഞിരുന്ന മതത്തെ യോജിപ്പിക്കാനും ശ്രമിച്ചു. ആര്യനിസം (പിന്നീട് കത്തോലിക്കരൊഴികെയുള്ള മുഴുവന്‍ സഭകളുടെയും മുന്‍ഗാമികള്‍) നൈസീന്‍ ക്രീഡും (പിന്നീട് കത്തോലിക്കര്‍) തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. സമവായത്തിന് ശ്രമിച്ച ആര്യനിസം വിഭാഗത്തില്‍പെട്ട ചക്രവര്‍ത്തിയെ ഏകപക്ഷീയമയി സ്വാഭിപ്രായം ചര്‍ച്ചിന്റെ മേല്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തോടെ മരണ ശേഷം മതനിന്ദകരുടെ പട്ടികയില്‍ പെടുത്തി. ഇദ്ദേഹത്തിന് ശേഷം വന്ന ചക്രവര്‍ത്തിയും അനേകം തലമുറകളിലെ പല രാജ കുടുംബാംഗങ്ങളും ആര്യനിസത്തില്‍ പെട്ടവരായിരുന്നു.

ജൂലിയന്‍  (331 -363 ): തത്ത്വശാസ്ത്ര തല്‍പനായിരുന്ന ഇദ്ദേഹം സസ്യഭുക്കും ബഹു ദൈവ വിശ്വാസിയുമായിരുന്നു. മുന്‍ഗാമികളുടെ നയത്തില്‍ നിന്ന് പിറകോട്ട് പോവുകയും എല്ലാ മതക്കാര്‍ക്കും തുല്യ സ്ഥാനമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ക്രൈസ്തവര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങളും മറ്റുള്ളവരുടെ മേലുള്ള വിലക്കുകളും പിന്‍വലിച്ചു. അടച്ചിട്ട ക്ഷേത്രങ്ങളും കണ്ടുകെട്ടിയ വസ്തുവകകളും വിട്ട് കൊടുത്തു. പലായനം ചെയ്ത വിമത ക്രിസ്ത്യന്‍ വൈദികരെ തിരിച്ചുവരാന്‍ പ്രേരിപ്പിച്ചു. ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്കുള്ള ഗ്രാന്റ് നിര്‍ത്തലാക്കി. ഒരു വന്‍കിട ജൂത ക്ഷേത്രം പണിയാന്‍ ഉത്തരവിട്ടെങ്കിലും ഭൂകമ്പം (363) മൂലം തറ തകര്‍ന്നത് കൊണ്ട് നിര്‍ത്തിവെച്ചു. ആ വര്‍ഷം തന്നെ അദ്ദേഹം (32-ാം വയസ്സില്‍) മെസപൊട്ടോമിയയില്‍ വെച്ച് കൊല്ലപ്പെട്ടു. 

ജോവിയന്‍ (331-364): അധികാരത്തില്‍ എട്ടു മാസം തികയാതെ മരിച്ച ഇദ്ദേഹം ക്രിസ്തു മതം വീണ്ടും ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. തുര്‍ക്കി സുല്‍ത്താന്‍ മുഹമ്മദ് സി.ഇ 1453-ല്‍  കോണ്‍സ്റ്റാന്റിനോപ്പ്ള്‍ കീഴടക്കുന്നത് വരെ അങ്ങനെ തന്നെ തുടരുകയും പീറ്റര്‍ റോമക്കാര്‍ക്കായി കൊണ്ട് വന്ന മതം അധികാരത്തിന്റെ തണലില്‍ വളര്‍ന്നു പന്തലിക്കുകയും ചെയ്തു. തീര്‍ച്ചയായും ധാരാളം ശാഖകളോടെ തന്നെ. 

തിയോഡോഷ്യസ്:  സ്‌പെയിന്‍ മുതല്‍  ഇറാന്‍വരെ,  ഉത്തരാഫ്രിക്കന്‍ ഭൂഖണ്ഡവും ചേര്‍ന്ന അതിവിശാലമായ (50,00,000 ചതുരശ്ര കി.മീ വിസ്തൃതിയുണ്ടായിരുന്ന) റോമാ സാമ്രാജ്യത്തിലെ പൗരന്മാര്‍ മുഴുവന്‍ ക്രിസ്ത്യാനികളായിരിക്കണമെന്ന ഉത്തരവിട്ടത്  379 മുതല്‍ 395 വരെ ഭരിച്ചിരുന്ന തിയോഡോഷ്യസ്  ചക്രവര്‍ത്തിയായിരുന്നു. ''നമ്മുടെ പ്രജകളെല്ലാം സെന്റ് പീറ്റര്‍ റോമക്കാര്‍ക്ക് വേണ്ടി കൊണ്ടുവന്ന മതം പിന്തുടരണമെന്നതാണ് നമ്മുടെ അഭിലാഷം''  (തിയോഡോഷ്യസ് 27/02/380). ആര്‍ക്കും പലായനം ചെയ്യാന്‍ പോലും ഇടമില്ലാത്ത അവസ്ഥയില്‍ ജനങ്ങള്‍ക്ക് ക്രിസ്തു മതം സ്വീകരിക്കുകയല്ലാതെ വഴിയില്ലായിരുന്നു.

അദ്ദേഹം മുന്‍ഗാമികള്‍ നിയമിച്ച പുരോഹിതരെ ആര്യനിസത്തിന്റെ വക്താക്കളെന്ന സംശയത്തില്‍, മതനിന്ദ ആരോപിച്ച് ചര്‍ച്ചുകളില്‍ നിന്ന് പുറത്താക്കുകയും പകരം കത്തോലിക്കാ വൈദികരെ നിയമിക്കുകയും ചെയ്തു. വൈദികരെയെന്ന പോലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും ഒഴിവാക്കി കത്തോലിക്കരെ നിയമിച്ചു. 325-ല്‍ നടന്ന കൗണ്‍സില്‍ ഓഫ് നിസിയയുടെ തീരുമാനത്തിന് അനുസൃതമായിരുന്നു ഇത്. ആശയപരമായ വിഭാഗീയത ശക്തമായിരുന്നതിനാലാണ് ഈ കൗണ്‍സില്‍ ചേര്‍ന്നതും ദൂരവ്യാപക ഫലങ്ങളുണ്ടാക്കിയ, കത്തോലിക്കരുടെ ഭരണ ഘടന എന്ന് വിളിക്കാവുന്ന നയങ്ങള്‍ രൂപീകരിച്ചതും. അത്തരം നയങ്ങളുടെയും വരാനിരിക്കുന്ന വിവേചനങ്ങളുടെയും പീഡനങ്ങളുടെയും മുന്നോടിയാണ് വൈദിക ഉദ്യോഗ തലത്തില്‍ വരുത്തിയ സമൂല മാറ്റം.  ഈ കൗണ്‍സില്‍, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും തുല്യ ദൈവിക പദവി ചാര്‍ത്തിക്കൊടുക്കുകയും ചെയ്തു. ഈ കൗണ്‍സിലില്‍ വെച്ചാണ് മതത്തിന് കത്തോലിക്ക എന്ന് പേര് വിളിച്ചതും. യേശുവിനെ  ഈ മതവുമായി ബന്ധിപ്പിക്കുന്ന 'ക്രിസ്തുമതം' എന്ന പേര് പോലും അന്ന് ഉപയോഗിച്ചില്ല.  കാത്തോലിക്കിസ്‌മോസ് (സാര്‍വ ലൗകികം)  എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് കാത്തലിക് എന്ന പേര് വന്നത്. 

നാലാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ കുരിശ്, വിജയത്തിന്റെ ചിഹ്നമായും നസ്രേത്തിലെ യേശു, യേശുക്രിസ്തുവുമായി. ആ നൂറ്റാണ്ടില്‍ തന്നെ, അദ്ദേഹത്തെ പീഡിപ്പിച്ച റോമന്‍ ചക്രവര്‍ത്തിമാര്‍ അദ്ദേഹത്തെ ദൈവമായി അംഗീകരിക്കുകയും ആരാധിക്കുകയും ചെയ്തു തുടങ്ങി.

ഏത് അവാന്തര വിഭാഗമായാലും ക്രിസ്ത്യന്‍ എന്ന പദം ഇന്നും ഒരു വിഭാഗത്തിന്റെയോ അവരുടെ ചര്‍ച്ചിന്റെയോ പേരിനൊപ്പം ചേര്‍ക്കാറില്ല. പോപ്പുമാര്‍ തുല്യം ചാര്‍ത്തുമ്പോഴും 'ഞാന്‍, കത്തോലിക്കാ ചര്‍ച്ചിന്റെ ബിഷപ്പായ, പോള്‍ .....'”  എന്നാണ് എഴുതുക. 'ആക്റ്റ് ഓഫ് ദ അപ്പോസ്റ്റല്‍' 11:26-ല്‍ (ശിഷ്യന്‍മാര്‍ ആദ്യമായി അന്ത്യോക്ക്യയില്‍ വെച്ച് ക്രൈസ്തവര്‍ എന്ന് വിളിക്കപ്പെട്ടു. ഇവിടെ ശിഷ്യര്‍ എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ബര്‍ണബാസും പോളുമാണ്)   ക്രിസ്ത്യന്‍ എന്ന പദം ഉപയോഗിച്ചിട്ടുണ്ടെങ്കിലും ക്രിസ്ത്യന്‍   എന്ന പേര് ഒരിക്കലും ചര്‍ച്ചിന്റെ പേരിനൊപ്പം ചേര്‍ക്കാറില്ല. ന്യൂ ടെസ്റ്റമെന്റില്‍ പോലും ചര്‍ച്ച് എന്നല്ലാതെ ക്രിസ്ത്യന്‍  ചര്‍ച്ച് എന്ന് ഉപയോഗിച്ചിട്ടില്ല. ജറൂസലേമിലെ സൈന്റ് സിറില്‍ പറയുന്നു: ''ചര്‍ച്ച് എവിടെയാണെന്നല്ല കത്തോലിക്കാ ചര്‍ച്ച് എവിടെയാണെന്നാണ് അന്വേഷിക്കേണ്ടത്.'' ഒന്നാം നൂറ്റാണ്ടിന്റെ പകുതിയാവുമ്പോഴേക്കും കത്തോലിക്ക എന്ന പദം ഉപയോഗിക്കുന്നുണ്ടെങ്കിലും ഏതെങ്കിലും ഔദ്യോഗിക രേഖകളില്‍ വരുന്നത് നടേ പറഞ്ഞ കൗണ്‍സിലിലാണ് (The catholic answer, May/Jun 1996 . Kenneth D Whitehead).

സാര്‍വലൗകികം എന്നര്‍ഥം വരുന്ന വാക്ക് തന്നെ തെരഞ്ഞെടുത്തതില്‍ നിന്ന് രണ്ട് കാര്യങ്ങള്‍ മനസ്സിലാക്കാം. ഒന്ന്, സാര്‍വലൗകികമല്ല ക്രിസ്തു മതം എന്ന അഭിപ്രായമുള്ളവര്‍ ക്രിസ്ത്യനികള്‍ക്കുള്ളില്‍ പ്രബലമായിരുന്നു. അതായത് യേശു അവതരിച്ചത് ജൂത സമുദായത്തിലേക്ക് മാത്രമാണെന്ന്. മറ്റൊരു കാരണം, വിഭാഗീയത മൂര്‍ഛിച്ച് ഓരോ വിഭാഗവും വ്യത്യസ്ത പേരില്‍ അറിയപ്പെടണമെന്ന ആവശ്യവുമാവാം. മറ്റൊരു വിഭാഗവും കത്തോലിക്ക എന്ന് പേരിനൊപ്പം ചേര്‍ക്കരുതെന്ന വിലക്കുമുണ്ട്. ഏതായാലും വിഭാഗീയത യേശുവിന്  40 വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ തുടങ്ങിയിരുന്നു.

11-ാം നൂറ്റാണ്ടിലാണ് ക്രിസ്തുമതത്തിലെ ആദ്യത്തെ വന്‍ പിളര്‍പ്പുണ്ടായത് (Great Schism). ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുള്‍പ്പെട്ട കിഴക്കും ലത്തീന്‍ (റോമന്‍) കത്തോലിക്കര്‍ ഉള്‍പ്പെട്ട പടിഞ്ഞാറും ആയിരുന്നു കക്ഷികള്‍.  മതപരമായ ചടങ്ങുകളുടെ പേരിലും  പോപ്പിന്റെ സാര്‍വലൗകിക അധികാരം, ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ അധീനതയിലായിരുന്ന  കോണ്‍സ്റ്റാന്റിനോപ്പ്ള്‍ ഏത് ബിഷപ്പിന്റെ അധികാര പരിധിയിലാണെന്നതുമായിരുന്നു തര്‍ക്ക വിഷയങ്ങള്‍.

1053-ല്‍ കോണ്‍സ്റ്റാന്റിനോപ്പ്ള്‍ ഭദ്രാസനാധിപന്‍ മൈക്ക്ള്‍ സെറൂലാറിയസ് ലത്തീന്‍ ചര്‍ച്ചുകളെല്ലാം അടച്ചു പൂട്ടാന്‍ ഉത്തരവിട്ടു. പോപ്പ് അന്ത്യശാസനവുമായി കര്‍ദിനാള്‍ ഹംബര്‍ട്ടിനെ പ്രതിനിധി ആയി അയച്ചുവെങ്കിലും ഹംബര്‍ട്ടും സെറൂലാറിയസും പരസ്പരം മതഭ്രഷ്ടരാക്കുക മാത്രമായി ഫലം. 1965-ല്‍ പോപ്പ് പോള്‍ ആറാമന്‍ 1053-ലെ മതഭ്രഷ്ട് റദ്ദ് ചെയ്തു.

കുരിശ് യുദ്ധവും ഓര്‍ത്തഡോക്‌സ്‌കാര്‍ 1182-ല്‍  ലത്തീന്‍കാരെ കൂട്ടക്കൊല ചെയ്തതും 1185-ല്‍ തെസ്‌സലോണിക്കയില്‍ ലത്തീന്‍കാര്‍ തിരിച്ചടിച്ചതും 1203 ആഗസ്റ്റില്‍ കുരിശ് യുദ്ധക്കാര്‍ ഓര്‍ത്തഡോക്‌സ്  ഭരണത്തിലായിരുന്ന കോണ്‍സ്റ്റാന്റിനോപ്പ്ള്‍ ഏറക്കുറെ നശിപ്പിച്ചതും പിളര്‍പ്പ് പൂര്‍ണമാക്കി. 

യേശു വിടവാങ്ങിയ ശേഷം 70-100 വര്‍ഷങ്ങള്‍ കഴിഞ്ഞ് പല തലമുറകള്‍ക്ക് ശേഷമാണ് സുവിശേഷങ്ങള്‍ എഴുതിത്തുടങ്ങുന്നത്. യേശുവിന്റെയും ശിഷ്യരുടെയും ഭാഷ അറമായിക്ക് ആയിരുന്നുവെങ്കിലും യേശുവിന് ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞ് ആദ്യ സുവിശേഷങ്ങള്‍ രചിക്കപ്പെട്ടത് ഗ്രീക്ക് ഭാഷയിലാണ്. എഴുതിയവര്‍ ആരെയാണോ അഭിസംബോധന ചെയ്യുന്നത് അതനുസരിച്ച് അവതരിപ്പിക്കുന്നത് കൊണ്ടാണ് സുവിശേഷങ്ങളില്‍ പലതും തമ്മില്‍ പൊരുത്തപ്പെടാത്തത്. മാത്യുവിന്റെ സുവിശേഷം ജൂത സുവിശേഷമായി അനുഭവപ്പെടാന്‍ ഇതാണ് കാരണം. ജൂതരല്ലാത്തവരെ അഭിസംബോധന ചെയ്തതും ചര്‍ച്ച ചെയ്ത രീതിയും ജൂതരും പുതു വിശ്വാസികളും തമ്മില്‍ ഉരസലുണ്ടാക്കുകയും പല തട്ടിലും ചര്‍ച്ചയാവുകയും ചെയ്തു. രണ്ട്/മൂന്ന് നൂറ്റാണ്ടുകളില്‍ വ്യാപകമല്ലെങ്കിലും റോമാ സാമ്രാജ്യത്തിന്റെ പല മേഖലകളിലും പുതുവിശ്വാസം ചെന്നെത്തി. ബഹുദൈവ വിശ്വാസികളായ ചക്രവര്‍ത്തിമാര്‍ മതനിന്ദയുടെ പേരില്‍ ഇവരെ പീഡിപ്പിക്കാനും തുടങ്ങി. ജൂത മതത്തിലെ ഫാരിസി വിഭാഗവും യേശു വിഭാഗവും പരസ്പരം മത്സരിക്കുകയും, ഫാരിസി വിഭാഗം മേല്‍ക്കോയ്മ നേടിയതോടെ മറുഭാഗം ജൂതായിസത്തിന് പുറത്ത് പോവുകയും ചെയ്തു. ശേഷം ക്രിസ്തുമതം വേറിട്ടൊരു അസ്തിത്വമായി നിലവില്‍ വന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 23/ അല്‍മുഅ്മിനൂന്‍/ 19-23
എ.വൈ.ആര്‍