Prabodhanm Weekly

Pages

Search

2015 നവംബര്‍ 13

നശ്വരതയും വൈദ്യശാസ്ത്രത്തിന്റെ പരിമിതികളും

കെ.സി സലീം /പുസ്തകം

         മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണം. നിങ്ങളുടെയടുക്കല്‍ അവരില്‍ ഒരാളോ രണ്ട് പേരുമോ വാര്‍ദ്ധക്യം പ്രാപിക്കുന്നുവെങ്കില്‍, അവരോട് 'ഛെ' എന്ന് പോലും പറയരുത്. പരുഷമായി സംസാരിക്കുകയുമരുത്. മറിച്ച്, ആദരവോടെ സംസാരിക്കുക. കനിവോടും കാരുണ്യത്തോടും കൂടി വിനീതരായി അവരോട് പെരുമാറുക. ''നാഥാ, എന്റെ കുട്ടിക്കാലത്ത് എത്ര വാല്‍സല്യത്തോടെ എന്നെയവര്‍ പരിപാലിച്ചുവോ, അവ്വിധം നീ അവരുടെ മേല്‍ കരുണ ചൊരിയേണമേ'' എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. (ഖുര്‍ആന്‍ 17:23,24)

ആരെയും ചിന്തിപ്പിക്കുന്നതാണ് ടോള്‍സ്റ്റോയിയുടെ 'ഇവാന്‍ ഇല്ലിച്ചിന്റെ മരണം' എന്ന കഥ. സാമൂഹിക പദവിയെക്കുറിച്ച കൊച്ചു കൊച്ചു ആശങ്കകളെ ചുറ്റിപ്പറ്റി ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മജിസ്റ്റ്രേട്ടായ ഈ നാല്‍പത്തഞ്ചുകാരന്‍ ഒരു ദിവസം ഏണിയില്‍ നിന്ന് വീണ് കിടപ്പിലാവുന്നു. വീഴ്ചയെ തുടര്‍ന്ന് ഒരു ഭാഗത്തുണ്ടായ വേദന അദ്ദേഹത്തെ വല്ലാതെ അലട്ടുന്നു. വേദന കൂടുകയല്ലാതെ കുറയുന്നില്ല. അയാള്‍ക്ക് ജോലിക്ക് പോകാന്‍ പറ്റാതാവുന്നു. നേരത്തേ ബുദ്ധിമാനും പരിഷ്‌കൃതനും ഉന്മേഷവാനുമെല്ലാമായിരുന്ന ഇല്ലിച്ചിനെ വിഷാദവും ക്ഷീണവുമെല്ലാം പിടികൂടുന്നു. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം അയാളെ ഒഴിവാക്കുന്നു. അയാളുടെ പത്‌നി കൂടുതല്‍ ചെലവുള്ള ഡോക്ടര്‍മാരുടെ ചികില്‍സ തേടുന്നു, പക്ഷേ ഫലമുണ്ടാവുന്നില്ല. രോഗം മാറ്റുന്നതില്‍ എല്ലാവരും പരാജയപ്പെടുമ്പോള്‍ തന്റെ സ്ഥിതിയോര്‍ത്ത് ഇവാന്‍ ഇല്ലിച്ച് വല്ലാതെ നിരാശപ്പെടുകയും ക്ഷോഭിക്കുകയും ചെയ്യുന്നു. ക്രമേണ മരണഭയം അയാളെ പിടികൂടുന്നു.മരണത്തോടടുക്കുമ്പോള്‍ തനിക്കാരുമില്ലെന്ന തിരിച്ചറിവാണ് ഇല്ലിച്ചിനെ വിഷാദത്തിലാക്കുന്നത്.

വൈദ്യശാസ്ത്രം പഠിക്കുന്നവര്‍ ജീവശാസ്ത്രത്തെക്കുറിച്ചും ശരീരഘടനയെക്കുറിച്ചും അങ്ങനെ പലതിനെക്കുറിച്ചും പഠിക്കുന്നു. അവര്‍ പഠിച്ച് പുറത്തിറങ്ങുന്നത് എങ്ങനെ രോഗിയെ ജീവനോടെ നിലനിര്‍ത്താം എന്ന വിവരവുമായാണ്. രോഗിയെ എങ്ങനെ ജീവിപ്പിക്കാം എന്നവര്‍ ശ്രമിക്കുന്നു. എന്നാല്‍ എങ്ങനെ രോഗിയെ മരണത്തിന് തയ്യാറാക്കാമെന്നതിനെക്കുറിച്ച് അവര്‍ പഠിക്കുന്നില്ല. ജീവശാസ്ത്രത്തിന്റെ പരിമിതികളുമായി ഒത്തു പോവാന്‍ സാഹസപ്പെടുകയാണ് നാം. ജീനുകളും കോശങ്ങളും അസ്ഥികളുമെല്ലാം തീര്‍ത്തു വെച്ച അതിര്‍ത്തികള്‍ക്കുള്ളില്‍ നിന്നു കൊണ്ടാണ് നാം ഈ പെടാപ്പാടുകളെല്ലാം പെടുന്നത്. ഈ അതിര്‍ത്തികള്‍ക്കെല്ലാമപ്പുറം നമ്മെ എത്തിക്കാനുള്ള കെല്‍പ് വൈദ്യശാസ്ത്രത്തിനുണ്ട്. എന്നാലും അതിന് അതിരുകളുണ്ട്. 

മരുന്നുകള്‍ക്ക് നമ്മുടെ ജീവിതത്തെ മെച്ചപ്പെടുത്താന്‍ കഴിയും. നമ്മുടെ ജീവിതം സുഖകരമാക്കാന്‍ അത് ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുമുണ്ട്; നമ്മുടെ വേദനകള്‍ കുറച്ചു, ദുരിതങ്ങള്‍ അകറ്റി; പകര്‍ച്ചവ്യാധികളുടെ അസഹ്യമായ വേദനാവൃത്തത്തില്‍ നിന്ന് നമ്മെ അത് പുറത്ത് കൊണ്ട് വരികയും രോഗത്തെ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. എന്നാല്‍ വാര്‍ധക്യം, മരണം എന്നീ മേഖലകളില്‍ മനുഷ്യാത്മാവിന്റെ ഇംഗിതങ്ങള്‍ക്കെതിരായിട്ടാണത് സഞ്ചരിക്കുന്നതെന്നാണ് അതുല്‍ ഗവാന്തെയുടെ നിരീക്ഷണം. രോഗികളെ എങ്ങനെ ജീവനോടെ നിലനിര്‍ത്താം എന്ന് ഡോക്ടര്‍മാര്‍ പഠിക്കുന്നുണ്ടെങ്കിലും എങ്ങനെ സുഖകരമായ മരണത്തിന് രോഗികളെ സജ്ജമാക്കാം എന്നവര്‍ പഠിച്ചിട്ടില്ലെന്ന് അദ്ദേഹം തന്റെ ബീയിംഗ് മോര്‍ട്ടല്‍ (Being Mortal: Medicine and What Matters in the End, Hamish Hamilton, Penguin Group, 284 Pages.) എന്ന പുസ്തകത്തില്‍ പറയുന്നു. 

ഹാര്‍വഡ് മെഡിക്കല്‍ സ്‌കൂളില്‍ പ്രൊഫസറും ന്യൂ യോര്‍ക്കറിന്റെ സ്റ്റാഫ് എഴുത്തുകാരനും ബോസ്റ്റണിലെ ബ്രിഗാം ആന്റ് വിമന്‍സ് ഹോസ്പിറ്റലില്‍ സര്‍ജനുമാണ് മൂന്ന് പ്രശസ്ത ഗ്രന്ഥങ്ങളുടെ കര്‍ത്താവും അവാര്‍ഡ് ജേതാവുമായ അതുല്‍ ഗവാന്തെ.

വാര്‍ധക്യ സഹജമായ രോഗങ്ങള്‍, അകന്നു പോകുന്ന ബന്ധുക്കള്‍, അണുകുടുംബങ്ങളുടെ പശ്ചാത്തലത്തില്‍ ഏകാന്തത അനുഭവിക്കുന്ന മാതാപിതാക്കള്‍, വൃദ്ധസദനങ്ങളിലെത്തിപ്പെടുകയോ എത്തിക്കപ്പെടുകയോ ചെയ്യുന്നതിന്റെ വ്യഥകളനുഭവിക്കുന്നവര്‍, പുതിയ ജീവിതസാഹചര്യത്തില്‍ വിദൂരങ്ങളില്‍ ജോലി ചെയ്ത് ജീവിക്കേണ്ടി വരുന്നവരുടെ നിസ്സഹായാവസ്ഥകള്‍ എന്നിവയെല്ലാം നമ്മുടെ മുമ്പിലെ നിത്യ യാഥാര്‍ത്ഥ്യങ്ങളാണ്. ഇതിന്റെയെല്ലാം നടുവിലാണ് ആളുകള്‍ പ്രായം കൊണ്ടും രോഗം കൊണ്ടും മരണത്തിലേക്ക് നടന്നും കിടന്നും അടുക്കുന്നത്. അഭിമാനകരമായതും അന്തസ്സാര്‍ന്നതുമായ ജീവിതം നയിച്ചു വന്ന ഒരാള്‍ക്ക് ജീവിതാന്ത്യത്തില്‍ ആശ്വാസം പകരുന്ന എന്തുണ്ട് ആധുനിക വൈദ്യശാസ്ത്രത്തില്‍? മരുന്നുകള്‍ക്കും വൈദ്യശാസ്ത്രത്തിനും ജീവിതാന്ത്യ പ്രക്രിയയെ മെച്ചപ്പെടുത്താന്‍ കഴിയുമോ? വൈദ്യശാസ്ത്ര രംഗത്തുള്ളവരുടെ മുമ്പിലെ ഏറ്റവും വലിയ വെല്ലുവിളിയാണിത്. ഏത് അത്യന്താധുനിക ചികില്‍സാ സൗകര്യങ്ങളും സാമഗ്രികളും നല്ല ഒരു ജീവിതാന്ത്യം നല്‍കാന്‍ പര്യാപ്തമല്ല; എന്നല്ല, പലപ്പോഴും അവ ആശ്വാസകരവും സുഖകരവുമായ അന്ത്യങ്ങളെ തടയുകയാണ് ചെയ്യുന്നത്. ഉറ്റ ബന്ധുക്കളെ മുഴുവന്‍ സ്ഫടിക മതിലുകള്‍ക്കപ്പുറം നിര്‍ത്തിയാണ് ആധുനിക ചികില്‍സാ സൗകര്യങ്ങള്‍ ആളുകളെ മരണത്തിലേക്ക് പറഞ്ഞയക്കുന്നത്. അവസാനമായി പറഞ്ഞു കേള്‍ക്കേണ്ട വാക്കുകള്‍ പറയാനാളില്ലാതെ, അന്ത്യശ്വാസത്തിന് മുമ്പ് എന്തെങ്കിലുമൊന്ന് പറയാന്‍ പറ്റിയ ആളുകള്‍ മുമ്പിലില്ലാതെ, ധനികനായാലും ദരിദ്രനായാലും, തികഞ്ഞ നിര്‍ഭാഗ്യവാനായി ആളുകള്‍ മരണത്തെ പുല്‍കേണ്ടി വരുന്നു. ജീവിതത്തിന് ദൈര്‍ഘ്യം കൂട്ടാന്‍ തീവ്രമായി യത്‌നിക്കുന്ന ഡോക്ടര്‍മാര്‍ പലപ്പോഴും അവരുടെ സംഹാരകമായ പ്രക്രിയകളിലൂടെ യഥാര്‍ത്ഥത്തില്‍ രോഗിയുടെ പ്രയാസങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ദൈനംദിനാനുഭവങ്ങള്‍ നമുക്ക് കാണിച്ചു തരുന്നുണ്ടാവും. അത് കാണാന്‍ കണ്ണാടി മതിലിനപ്പുറമുള്ള രോഗിയുടെ മനസ്സിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതിയാവും. എങ്ങനെ മനുഷ്യന്റെ ജീവിതാന്ത്യം സുഖപ്രദമാക്കാം എന്നതാണ് അതുല്‍ ഗവാന്തിന്റെ അന്വേഷണം. 

ടോയ്‌ലറ്റില്‍ പോവുക, കുളിക്കുക, ഭക്ഷണം കഴിക്കുക, അന്തസ്സായും വെടിപ്പായും വസ്ത്രധാരണം ചെയ്യുക, അന്തസ്സായി പെരുമാറുക, കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുക, കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുക, നടക്കുക എന്നിവയാണ് ഒരു മനുഷ്യന്റെ ദൈനംദിന ജീവിതത്തിലെ എട്ട് പ്രവര്‍ത്തനങ്ങള്‍ എന്ന് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഭിഷഗ്വരന്മാര്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. പരസഹായമില്ലാതെ ഇവ ഒരാള്‍ക്ക് ചെയ്യാന്‍ കഴിയില്ലെങ്കില്‍, അടിസ്ഥാനപരമായ ശാരീരിക സ്വാതന്ത്ര്യം അയാള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു എന്നാണര്‍ത്ഥം. സ്വന്തമായി ഷോപ്പിംഗ് നടത്തുക, ഭക്ഷണം പാകം ചെയ്യുക, ഗൃഹഭരണം നടത്തുക, അലക്കുക, സ്വന്തമായി മരുന്നുകള്‍ കഴിക്കുക, ഫോണ്‍ ചെയ്യുക, യാത്ര ചെയ്യുക, സാമ്പത്തിക ഇടപാടുകള്‍ നടത്തുക എന്നിവയെ ദൈനംദിന ജീവിതത്തിലെ എട്ട് സ്വതന്ത്ര പ്രവര്‍ത്തനങ്ങളായിട്ടാണ് വൈദ്യലോകം വിശേഷിപ്പിച്ചിരിക്കുന്നത്. ഇവ ഒരാള്‍ക്ക് കഴിയുന്നില്ലെങ്കില്‍, സ്വന്തം നിലയില്‍ സുരക്ഷിതമായി ജീവിക്കാനുള്ള ശേഷി അയാള്‍ക്കില്ല എന്നാണര്‍ത്ഥം.

നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ആയുസ്സ് കൂടുതലുണ്ടാവുമ്പോള്‍, അവരുടെ ശരീരവും മനസ്സും ദുര്‍ബലമാവുന്നുണ്ടെങ്കില്‍ പോലും, അവരെ നാമെങ്ങനെയാണ് ശുശ്രൂഷിക്കാന്‍ പോകുന്നത്? ചികില്‍സ അസാധ്യമാവുമ്പോള്‍ ശരീരത്തിനുണ്ടാവുന്ന ബലക്ഷയത്തെയും തകര്‍ച്ചയെയും നാമെങ്ങനെയാണ് കൈകാര്യം ചെയ്യുക? ഇവ രണ്ടും ഗവാന്തെ തന്റെ പുസ്തകത്തില്‍ കൈകാര്യം ചെയ്യുന്നുണ്ട്. ''ജീവിതാന്ത്യം വരെ വിജയകരമായി മനുഷ്യന്‍ എങ്ങനെ ജീവിക്കണം എന്നതിനെ സംബന്ധിച്ച് സമഗ്രമായ ഒരു കാഴ്ചപ്പാട് ഇല്ലാത്തതിനാല്‍, നമ്മുടെ വിധിയെ മരുന്നിന്റെയും സാങ്കേതിക വിദ്യയുടെയും അപരിചിതരുടെയും ആജ്ഞകളുടെ നിയന്ത്രണത്തില്‍ വിട്ടു കൊടുക്കുന്നു,'' അദ്ദേഹം പറയുന്നു.

രോഗികളുടെയും കുടുംബത്തിന്റെയും ജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്തുകയായിരിക്കണം വൈദ്യശാസ്ത്രരംഗത്തുള്ളവരുടെ ലക്ഷ്യമെന്ന് ഗവാന്തെ പറയുന്നു. നമ്മുടെ ജീവിതാനുഭവങ്ങളെ അന്ത്യം വരെ മെച്ചപ്പെടുത്താനും സുഖകരമാക്കാനും മരുന്നുകള്‍ക്ക് കഴിയുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നല്ലൊരു ജീവിതം മാത്രമല്ല, നല്ലൊരു മരണവും അതിന് നല്‍കാനാവും. ''ജീവിതത്തിന്റെ നിലവാരം നിലനിര്‍ത്താന്‍ സഹായിക്കുകയായിരിക്കണം ഏതൊരു ഡോക്ടറുടെയും ലക്ഷ്യം'', ജോര്‍ഗന്‍ ബ്ലൂദോ എന്ന ചീഫ് ജീറിയാട്രീഷ്യന്‍-വൃദ്ധരോഗവിദഗ്ധന്‍-അദ്ദേഹത്തോട് പറയുന്നു. ''രണ്ട് കാര്യങ്ങളാണ് അദ്ദേഹം അത് കൊണ്ടുദ്ദേശിച്ചത്: രോഗങ്ങളുടെ ദുരിതങ്ങളില്‍ നിന്ന് കഴിയാവുന്നത്ര മോചനം; കാര്യങ്ങളില്‍ സജീവമായി ഇടപെടാനുള്ള ശേഷി സാധ്യമാവുന്നത്ര നിലനിര്‍ത്തുക.''

ഗവാന്തെ എഴുതുന്നു: ''ഗുരുതരമായ രോഗങ്ങളുള്ള ആളുകള്‍ക്ക് അവരുടെ ആയുസ്സ് ദീര്‍ഘിപ്പിക്കുന്നതിനപ്പുറം അവരുടേതായ മുന്‍ഗണനാക്രമങ്ങളുണ്ട്. രോഗപീഡ ഒഴിവാക്കുക, കുടുംബവുമായും സുഹൃത്തുക്കളുമായും ബന്ധങ്ങള്‍ശക്തിപ്പെടുത്തുക, മാനസികമായി എല്ലാറ്റിനെക്കുറിച്ചും ബോധമുള്ള അവസ്ഥയിലായിരിക്കുക, മറ്റുള്ളവര്‍ക്ക് ഭാരമാവാതിരിക്കുക, സ്വന്തം ജീവിതം പൂര്‍ണമായി എന്ന ഒരു ബോധം നേടിയെടുക്കുക-ഇതെല്ലാമാണ് സ്വന്തം ജീവിതത്തിന് ദൈര്‍ഘ്യമുണ്ടാക്കുന്നതിനേക്കാള്‍ മനുഷ്യര്‍ക്ക് മുന്‍ഗണനയുള്ളത്. ഈ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ സാങ്കേതിക സൗകര്യങ്ങളോടെയുള്ള നമ്മുടെ വൈദ്യശുശ്രൂഷാ സംവിധാനം പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. ഈ സംവിധാനത്തില്‍ നമുക്കുണ്ടാവുന്ന ചെലവുകള്‍ എങ്ങനെ വഹിക്കാം എന്നതല്ല യഥാര്‍ത്ഥ ചോദ്യം. അവരുടെ ജീവിതാന്ത്യത്തില്‍ അവര്‍ക്ക് ഏറ്റവും പ്രധാനമെന്ന് തോന്നിയവ നേടിക്കൊടുക്കാന്‍ കെല്‍പ്പുള്ള ഒരു ചികില്‍സാ സംവിധാനത്തെ നമുക്കെങ്ങനെ കെട്ടിപ്പടുക്കാനാവും എന്നതാണ്'' (പേജ് 155).

നാം വൃദ്ധരാവുകയും ദുര്‍ബ്ബലരാവുകയും സ്വന്തം കാര്യങ്ങള്‍ സ്വയം നിര്‍വഹിക്കാന്‍ കഴിയാതാവുകയും ചെയ്യുമ്പോള്‍ ജീവിതത്തെ അര്‍ത്ഥവത്താക്കുന്നത് എന്താണ്?അദ്ദേഹം പ്രശസ്ത അമേരിക്കന്‍ മന:ശാസ്ത്രജ്ഞനായിരുന്ന അബ്രഹാം മാസ്‌ലോയെ ഉദ്ധരിക്കുന്നു. 1943ല്‍ പ്രസിദ്ധീകരിച്ച 'മനുഷ്യ പ്രചോദനത്തിന്റെ തത്വം' എന്നഅദ്ദേഹത്തിന്റെ പ്രസിദ്ധമായ പ്രബന്ധത്തില്‍ മനുഷ്യാവശ്യങ്ങളെ മുന്‍ഗണനാക്രമത്തില്‍ വിവരിക്കുന്നുണ്ട്. ഒരു പിരമിഡിനെപ്പോലെയാണതിനെ വിശദീകരിച്ചിരിക്കുന്നത്. ഏറ്റവും അടിയില്‍ നമ്മുടെ അടിസ്ഥാനാവശ്യങ്ങളാണ് - ശാരീരികമായ അതിജീവനത്തിന്നാവശ്യമായ കാര്യങ്ങള്‍ (ഭക്ഷണം, വെള്ളം, വായു പോലുള്ളവ), സുരക്ഷക്കാവശ്യമായ കാര്യങ്ങള്‍ (നിയമം, ക്രമസമാധാനം, സുസ്ഥിരത തുടങ്ങിയവ) എന്നിവയാണവ. അതിന്റെ ഒരു പടി മുകളിലാണ് സ്‌നേഹം, സ്വന്തക്കാരുമായുള്ള അടുപ്പം എന്നിവ. വ്യക്തിപരമായ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും വിവരവും വിദ്യകളും സ്വായത്തമാക്കാനുമുള്ള അവസരങ്ങള്‍ ലഭിക്കല്‍, നമ്മുടെ നേട്ടങ്ങള്‍ക്ക് അംഗീകാരവും പ്രതിഫലവും ലഭിക്കല്‍ പോലെ, വളര്‍ച്ചക്കുള്ള ത്വരയാണ് അതിന്ന് മുകളില്‍. ഏറ്റവും മുകളിലുള്ളത് മാസ്‌ലോ - ആത്മസാക്ഷാത്കരണം - Self actualization- എന്ന് വിശേഷിപ്പിച്ച ആവശ്യമാണ്. ധാര്‍മ്മികാശയങ്ങളെയും സര്‍ഗാത്മകതയെയും സ്വന്തത്തിന് വേണ്ടി അനുധാവനം ചെയ്ത് ആത്മപുര്‍ത്തീകരണം നേടല്‍ (പേജ് 93).

സുരക്ഷിതത്വവും അതിജീവനവുമാണ് പ്രഥമവും അടിസ്ഥാനപരവുമായ ജീവിതലക്ഷ്യങ്ങളെന്ന് മാസ്‌ലോ വാദിച്ചു. യാഥാര്‍ത്ഥ്യം കൂടുതല്‍ സങ്കീര്‍ണമാണ്. തങ്ങളുടെ സുരക്ഷിതത്വവും അതിജീവനവുമെല്ലാം കുടുംബം, രാജ്യം, നീതി തുടങ്ങിയ സ്വന്തത്തിന്നതീതമായ കാര്യങ്ങള്‍ക്ക് വേണ്ടി ത്യജിക്കാന്‍ ആളുകള്‍ തയ്യാറാവുന്നുണ്ട്. ഇതിന്ന് പ്രായഭേദമില്ല. മുതിര്‍ന്നവര്‍ക്ക് അവരുടെ കാര്യങ്ങളില്‍ സ്വയംഭരണാവകാശം കൊടുക്കാന്‍ നമുക്കാവുമോ? ''ജീവിതസാഹചര്യങ്ങളെ നിങ്ങള്‍ നിയന്ത്രിക്കുന്നുണ്ടാവില്ല. എന്നാല്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് ലഭിച്ച കാര്യങ്ങളില്‍ നിങ്ങള്‍ക്ക് നിയന്ത്രണമുണ്ടാവുക എന്നതാണ് നിങ്ങളുടെ ജീവിതത്തിന്റെ കര്‍ത്താവ് നിങ്ങള്‍ തന്നെയാവുക എന്നതിനര്‍ത്ഥം.'' (പേജ് 210).

പ്രായമാവുകയും മരിക്കുകയും ചെയ്യുന്ന ജീവികള്‍ ആവുക എന്നാല്‍ എന്താണര്‍ത്ഥം, എങ്ങനെയാണ് വൈദ്യശാസ്ത്രം നമ്മുടെ അനുഭവങ്ങളെ മാറ്റിയത്, എങ്ങനെയാണവ മാറ്റാതിരുന്നത് തുടങ്ങി നശ്വരതയുടെ ആധുനികാനുഭവങ്ങളെക്കുറിച്ചാണ് അതുല്‍ ഗവാന്തെയുടെ കൃതി വിവരിക്കുന്നത്. തന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയിലുണ്ടായ ക്ലേശകരമായ അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്. അന്തിമ ലക്ഷ്യം നല്ല മരണമല്ല, യാത്രാന്ത്യം വരെയുള്ള നല്ല ജീവിതമാണെന്ന് പുസ്തകം കാണിച്ചു തരുന്നു. 

(ഇന്ററാക്റ്റീവ്,www.interactive.net.in, വെബ് ജേണലിന്റെ എഡിറ്ററാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 23/ അല്‍മുഅ്മിനൂന്‍/ 19-23
എ.വൈ.ആര്‍