പരീക്ഷ
ഇര്‍ഫാന്‍ ബിന്‍ കരീം കൊണ്ടോട്ടി
മയ്യിത്ത് ദാ ഇപ്പോള്‍ കുളിപ്പിക്കാനെടുക്കും.ഹിസ്റ്ററിയാണിന്ന് പരീക്ഷ.വല്ലിമ്മ മരിച്ച് കിടക്കുന്നു.
പഠിച്ചതൊക്കെ തലയില്‍ നിന്നിറങ്ങി പോയോ?
പരീക്ഷക്കുള്ളതെല്ലാം എടുത്തു വെച്ചു.
9 മണിക്ക് ഖബറടക്കം.
10 മണിക്ക് പരീക്ഷ.
എന്തൊരു പരീക്ഷണമാണിത് റബ്ബേ,
മയ്യിത്ത് കട്ടിലില്‍ വല്ലിമ്മ മുന്നില്‍.
ഒരു തോള്‍ ഉപ്പയില്‍ ഒന്നെളാപ്പ
മൂത്താപ്പക്ക് വയ്യ
അയല്‍ക്കാരും നാട്ടുകാരും കൂടെ....
റബ്ബേ പരീക്ഷ മുടങ്ങുമോ?
മയ്യിത്ത് നിസ്‌കരിച്ചു.
വല്ലിമ്മ ഖബ്‌റിലേക്കിറങ്ങി കിടന്നു.
9.30.
മൂന്ന് പിടി മണ്ണ് കൊണ്ടോരോരുത്തരും ഖബര്‍ മൂടി.
പ്രാര്‍ഥന കൊണ്ട് ഖബ്‌റ് മൂടി പരീക്ഷാ
ഹാളിലേക്കൊരോട്ടം.
സമയം തെറ്റിയിട്ടില്ല.
ചോദ്യങ്ങള്‍ മാറി മറിയുന്നു.
വിട്ടത് പൂരിപ്പിക്കണോ?
ചേരും പടി ചേര്‍ക്കണോ?
ഉത്തരങ്ങളൊക്കെ ഉമ്മൂമ്മാക്കൊപ്പം ഖബ്‌റിറങ്ങി
പോയോ?
ആരാണ് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നത്?
-ഉമ്മൂമ്മ.
എന്താണ് വട്ടമേശാ സമ്മേളനം?
ഉമ്മൂമ്മക്ക് ചുറ്റും കൂടിയിരിക്കുമ്പോള്‍ കഥകള്‍
കൊണ്ട് ഉമ്മൂമ്മ ഞങ്ങളെ പൊതിയുന്ന
ദിനങ്ങളായിരുന്നു അത്.
ഉത്തരങ്ങള്‍ പിറവിയെടുത്തു കൊണ്ടിരുന്നു.
ഉത്തരക്കടലാസുകള്‍ മതിയാകാതെ വന്നു.
അവസാന ബെല്ലടിച്ചിട്ടും നിര്‍ത്താത്തവന്റെ അട്ടി
ഉത്തരക്കടലാസുകള്‍ അധ്യാപകന്‍ പിടിച്ചെടുത്ത് കൊണ്ട്
പോയി.
ചോദ്യങ്ങള്‍ പെയ്തിറങ്ങി കൊണ്ടിരുന്നു.
ഉത്തരം
തേടിയവന്‍ ഖബ്‌റിടത്തിലേക്ക് പാഞ്ഞു.
കരഞ്ഞു കണ്ണീരൊഴുക്കി ഖബ്‌റരികില്‍ ഇരുന്നു.
കുഴിച്ചിട്ട ചെമ്പരത്തി ചെടികള്‍ക്ക് വേരു പൊട്ടി.
മൊട്ടിട്ട് ചെമ്പരത്തി പൂക്കള്‍ വിരിഞ്ഞു ചിരിച്ചു.
അവന്‍ തിരിഞ്ഞു നടന്നു.
പരീക്ഷയില്‍ ജയിച്ചിരിക്കുന്നു.
Comments