അക്പാര്‍ട്ടി വിജയം ജനകീയ മാനിഫെസ്റ്റോക്കുള്ള അംഗീകാരം
തുര്‍ക്കിയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് എന്തെങ്കിലുമൊക്കെ പറയാന്‍ എല്ലാവരും നിര്‍ബന്ധിതരായിരിക്കുകയാണ്. ചിലര്‍ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ചിലര്‍ തങ്ങളുടെ അസ്വസ്ഥത മറച്ചുവെക്കുന്നില്ല. ഏറെ പ്രാധാന്യമര്‍ഹിക്കുന്നത് ഒറ്റക്ക് ഗവണ്‍മെന്റ് രൂപീകരിക്കാനുള്ള ഭൂരിപക്ഷം ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് (അക്) പാര്‍ട്ടി നേടിയെടുത്തു എന്നതാണ്. സമ്മതിദാനാവകാശം വിനിയോഗിക്കാനായി ഒഴുകിയെത്തിയ വോട്ടര്‍മാരുടെ എണ്ണത്തിലും അമ്പരപ്പിക്കുന്ന വര്‍ധനവുണ്ടായി. ആഴത്തിലുള്ള അര്‍ഥങ്ങളുണ്ടതിന്. വോട്ടിംഗ് 85 ശതമാനം കവിഞ്ഞിരിക്കുകയാണ്. തുര്‍ക്കി രാഷ്ട്രീയത്തിന്റെ ചടുലതയാണ് അത് കാണിക്കുന്നത്. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി തുര്‍ക്കിയുടെ കടിഞ്ഞാണ്‍ പിടിക്കുന്ന പാര്‍ട്ടിക്ക് സമൂഹത്തിലുള്ള ശക്തിയും സ്ഥാനവും അരക്കിട്ടുറപ്പിക്കുന്നതായി തെരഞ്ഞെടുപ്പ് ഫലം.
തുര്‍ക്കി സമൂഹത്തില്‍ വന്നുകഴിഞ്ഞ ആഴത്തിലുള്ള പിളര്‍പ്പുകളെയും തെരഞ്ഞെടുപ്പ് ഫലം തുറന്ന് കാട്ടി എന്ന സത്യത്തെയും നിഷേധിക്കുന്നില്ല. പക്ഷെ അതത്ര പ്രശ്‌നമാക്കാനില്ല. ഭിന്നതകളെ ജനാധിപത്യപരമായ രീതിയില്‍ കൈകാര്യം ചെയ്യാനുള്ള പക്വത ആ സമൂഹം കാണിച്ചുവല്ലോ. ഔദ്യോഗികമായി മത്സര രംഗത്തുണ്ടായിരുന്നത് പതിനാറ് പാര്‍ട്ടികളാണ്. പക്ഷെ നാല് രാഷ്ട്രീയ കക്ഷികള്‍ തമ്മിലായിരുന്നു യഥാര്‍ഥ മത്സരം. അവര്‍ തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷവുമായിരുന്നു. ഒന്നാമത്തേത്, കണ്‍സര്‍വേറ്റീവ് കക്ഷിയായ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി. ഇസ്‌ലാമികാഭിമുഖ്യമുള്ളവരാണ് അതിനെ പിന്തുണക്കുന്നവരില്‍ വലിയൊരു ഭാഗം. 49.5% വോട്ടാണ് അവര്‍ നേടിയത്. കഴിഞ്ഞ ജൂണിലെ തെരഞ്ഞെടുപ്പില്‍ 41% വോട്ടാണ് ലഭിച്ചിരുന്നത്. രണ്ടാമത്തേത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. സെക്യുലറിസ്റ്റുകള്‍, ലിബറലുകള്‍, ഇടതു പക്ഷക്കാര്‍ ഇതൊക്കെ ചേര്‍ന്ന പാര്‍ട്ടിയാണത്. 27 വര്‍ഷം (1923 മുതല്‍ 1950 വരെ) തുര്‍ക്കിയില്‍ ആ പാര്‍ട്ടിയുടെ കുത്തക ഭരണമായിരുന്നു. സൈന്യവുമായി സഖ്യമുണ്ടാക്കിയായിരുന്നു അവരുടെ ഭരണം. 25 ശതമാനത്തിനടുത്ത് വോട്ടുകളാണ് കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളില്‍ അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മൂന്നാമത്തേത് നാഷനലിസ്റ്റ് പാര്‍ട്ടിയാണ്. ചൈനാതിര്‍ത്തി വരെയുള്ള തുര്‍ക്കി വംശജരെ ദേശീയത ഉയര്‍ത്തിപ്പിടിച്ച് ഏകോപിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. ഇവര്‍ക്കാണ് ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നഷ്ടം പറ്റിയത്. വോട്ടിംഗ് ശതമാനം 16.5 ല്‍ നിന്ന് 12 ആയി കുറഞ്ഞു. കുര്‍ദുകളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പീപ്പ്ള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയാണ് നാലാമത്തേത്. അവര്‍ക്കും തിരിച്ചടി നേരിട്ടു. വോട്ടിംഗ് ശതമാനം 13 ല്‍ നിന്ന് 10.5 ആയി കുറഞ്ഞു.
കണക്കുകള്‍ വ്യക്തമാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അതിന്റെ സ്ഥാപകനായ കമാല്‍ അത്താതുര്‍ക്കിന്റെ മതേതര ആശയങ്ങളുടെ പ്രചാരകരാണ്. അവര്‍ക്ക് തീരപ്രദേശങ്ങളില്‍ സ്വാധീനമുണ്ട്; ആശയപരമായി പാശ്ചാത്യവത്കരിക്കപ്പെട്ടവരില്‍. മൂന്നാമത്തെയും നാലാമത്തെയും പാര്‍ട്ടികളെ ജനം ശിക്ഷിച്ചു എന്നാണ് മനസ്സിലാവുന്നത്. നാഷനലിസ്റ്റ് പാര്‍ട്ടി കൂട്ടുകക്ഷി ഭരണത്തിന് സന്നദ്ധമായില്ല. ഒരു ന്യൂനപക്ഷ ഗവണ്‍മെന്റ് തട്ടിക്കൂട്ടാം എന്നത് കരുതിയിട്ടുണ്ടാവും. ഇതിനോടുള്ള ജനകീയ പ്രതികരണം നിഷേധാത്മകമായിരുന്നു. ഡമോക്രാറ്റിക് പാര്‍ട്ടിക്ക് അതിന്റെയകത്തെ ചേരിപ്പോരാണ് വിനയായത്. കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായും ഭിന്നത മൂര്‍ഛിച്ചു. അതിനിടക്കാണ് തുര്‍ക്കി തെരുവുകളില്‍ സ്‌ഫോടനങ്ങളുണ്ടായത്. കുര്‍ദ് തീവ്രവാദികള്‍ക്ക് അതില്‍ പങ്കുണ്ടെന്ന ആരോപണമുയര്‍ന്നു. ഇതെല്ലാം കാരണമായി ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ജനപിന്തുണക്ക് ഇടിവ് പറ്റി.
* * *
പ്രതിപക്ഷ കക്ഷി നേതാക്കള്‍ അക് പാര്‍ട്ടിയെയും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെയും അധിക്ഷേപിച്ചുകൊണ്ടിരുന്നപ്പോള്‍, മറ്റൊരു ഭാഷയിലായിരുന്നു അക്പാര്‍ട്ടി നേതൃത്വം വോട്ടര്‍മാരെ അഭിമുഖീകരിച്ചത്. 2023 ല്‍ പൂര്‍ത്തിയാകുന്ന 'നവീന തുര്‍ക്കി' പ്രോജക്ട് (തുര്‍ക്കി റിപ്പബ്ലിക്കിന് നൂറ് വയസ്സ് തികയുന്നത് ആ വര്‍ഷമാണ്), നവീകരിച്ച ഇസ്തംബൂള്‍ വിമാനത്താവള പ്രോജക്ട് (പണി പൂര്‍ത്തിയായാല്‍ ലോകത്തെ മൂന്നാമത്തെ വലിയ എയര്‍പോര്‍ട്ടായിരിക്കും ഇത്) തുടങ്ങിയ വലിയ കാര്യങ്ങള്‍ മാത്രമല്ല ഇത്തവണ അക് പാര്‍ട്ടി നേതാക്കള്‍ സംസാരിച്ചത്. ജനങ്ങളുടെ നിത്യജീവിത പ്രശ്‌നങ്ങളെ അവര്‍ കൂടുതലായി അഭിസംബോധന ചെയ്തു.
യൂനിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയ ഓരോ വിദ്യാര്‍ഥിക്കും മാസാന്തം 800 ലീറ (300 ഡോളര്‍) നല്‍കുമെന്ന് നിയുക്ത പ്രധാനമന്ത്രി ദാവൂദ് ഒഗ്‌ലു തന്റെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രഖ്യാപിച്ചു. അവര്‍ക്ക് ജോലി കിട്ടുന്നത് വരെ ഈ അലവന്‍സ് തുടരും. ഒരു സംരംഭം തുടങ്ങുന്ന വ്യക്തിക്ക് ഗവണ്‍മെന്റ് പ്രോത്സാഹനമായി അമ്പതിനായിരം ലീറ നല്‍കും; കടമായി ഒരു ലക്ഷം ലീറ വേറെയും. സ്വകാര്യ മേഖല ഒരു യൂനിവേഴ്‌സിറ്റി ബിരുദധാരിക്ക് ജോലി നല്‍കിയാല്‍ അയാളുടെ ഒരു വര്‍ഷത്തെ ശമ്പളം ഗവണ്‍മെന്റ് നല്‍കുമെന്നും പ്രഖ്യാപിച്ചു.
കുടുംബങ്ങള്‍ക്കുമുണ്ടായി നല്ല ഓഫര്‍. ഏത് വ്യക്തിയുടെയും വിവാഹത്തിന്റെയും ഫര്‍ണിച്ചറൊരുക്കുന്നതിന്റെയും ചെലവിന്റെ പതിനഞ്ച് ശതമാനം ഗവണ്‍മെന്റ് വഹിക്കും. ആദ്യ കുഞ്ഞിന് ജന്മം നല്‍കുന്ന തുര്‍ക്കി വനിതക്ക്-അവള്‍ തുര്‍ക്കിക്കകത്തോ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ ആകട്ടെ-300 ലീറയോ അര സ്വര്‍ണ നാണയമോ ലഭിക്കും. രണ്ടാമത്തെ കുഞ്ഞിന് ലഭിക്കുന്ന പാരിതോഷികം 400 ലീറ. മൂന്നാമത്തെ കുഞ്ഞിന് 600 ലീറയോ ഒരു സ്വര്‍ണനാണയമോ. മാതാവ് ജോലിക്കാരിയാണെങ്കില്‍ ആദ്യ പ്രസവശേഷം രണ്ട് മാസം പകുതി സമയം ജോലിയെടുത്താല്‍ മതി, മുഴുവന്‍ ശമ്പളവും ലഭിക്കും. പകുതി ജോലിയും മുഴുവന്‍ ശമ്പളവും രണ്ടാമത്തെ കുഞ്ഞ് ജനിക്കുമ്പോള്‍ നാല് മാസമായും മൂന്നാമത്തെ കുഞ്ഞ് ജനിക്കുമ്പോള്‍ ആറ് മാസമായും വര്‍ധിക്കും. കഴിഞ്ഞ ജൂണില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ജനകീയ പ്രശ്‌നങ്ങളിലുള്ള ഇത്തരം ഊന്നലുകള്‍ പൊതുവെ കാണാനില്ലായിരുന്നു. ആ നിലപാട് തിരുത്തിയപ്പോള്‍ വോട്ടര്‍മാരെ, പ്രത്യേകിച്ച് യുവാക്കളെ അക് പാര്‍ട്ടിക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞു. ഈ വന്‍ വിജയത്തിന് വേറെയും കാരണങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും.
* * *
അക് പാര്‍ട്ടി വിജയത്തിനുള്ള മറ്റു കാരണങ്ങള്‍ അക്കമിട്ടു പറയാം.
* 2000 ത്തില്‍ രൂപീകൃതമായ അക് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി തുര്‍ക്കി ജനതയുടെ യഥാര്‍ഥ സാംസ്‌കാരിക സ്വത്വത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. രാജ്യമൊട്ടാകെ അതിന് വിപുലമായ ജനകീയ അടിത്തറ രൂപപ്പെട്ട് വരാന്‍ അതാണ് കാരണം. പരസ്പരം കടിപിടികൂടുന്ന മറ്റു കക്ഷികള്‍-സെക്യുലറിസ്റ്റുകളും ഇടതു പക്ഷക്കാരും ലിബറലുകളും-ഇറക്കുമതി ചെയ്യപ്പെട്ട ആശയങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. അല്ലെങ്കില്‍ അവ വംശീയതകളെ (കുര്‍ദുകള്‍, അലവികള്‍ പോലുള്ളവ) പ്രതിനിധീകരിക്കുന്നവയായിരിക്കും. വോട്ടിംഗില്‍ ഈ വ്യത്യാസം തെളിഞ്ഞു കാണാം. ഏറ്റവും വലിയ പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിച്ചതി(25%)നേക്കാള്‍ ഇരട്ടി വോട്ട് (50%) അക് പാര്‍ട്ടിക്ക് ലഭിക്കുകയുണ്ടായി.
* കഴിഞ്ഞ 13 വര്‍ഷക്കാലയളവില്‍ അക്പാര്‍ട്ടി കൊണ്ട്‌വന്ന രാഷ്ട്രീയ സ്ഥിരതയും വികസനവും തന്നെയായിരുന്നു അവരുടെ മുഖ്യപ്രചാരണായുധം. 2002 ന് മുമ്പുള്ള അവസ്ഥയുമായി താരതമ്യം ചെയ്താല്‍ ഇത് വ്യക്തമാവും. അക്കാലത്ത് തുര്‍ക്കിയിലെ കൂട്ടുകക്ഷി ഭരണത്തിന്റെ ആയുസ്സ് ഒന്നോ ഒന്നരയോ വര്‍ഷം മാത്രമായിരുന്നു. അതിനാല്‍ അക്പാര്‍ട്ടിക് കിട്ടിയ വോട്ട് രാഷ്ട്രീയ സ്ഥിരതക്ക് കിട്ടിയ വോട്ട് തന്നെയാണ്.
* കഴിഞ്ഞ ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നേരിയ തിരിച്ചടി നേരിട്ടപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അലകും പിടിയും മാറ്റുക മാത്രമല്ല അക്പാര്‍ട്ടി ചെയ്തത്; സ്ഥാനാര്‍ഥി പട്ടികയും അവര്‍ പുനഃപരിശോധന നടത്തി. ഓരോ മണ്ഡലത്തിലും ഏറ്റവും ജനസ്വീകാര്യതയുള്ളവരെ (കുര്‍ദുകള്‍ ഉള്‍പ്പെടെയുള്ളവരെ) പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തു.
* കഴിഞ്ഞ ജൂണില്‍ തെരഞ്ഞെടുപ്പ് നടന്നതിന് ശേഷമുള്ള അഞ്ച് മാസത്തിനിടക്ക് തുര്‍ക്കി ജനത ഒരു കാര്യം മനസ്സിലാക്കി. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ യോഗ്യരല്ല പ്രതിപക്ഷ കക്ഷികള്‍. അക്പാര്‍ട്ടിയുമായി ഒരു ധാരണക്കും അവ സന്നദ്ധമായില്ല. രാഷ്ട്ര താല്‍പര്യമല്ല, പാര്‍ട്ടി താല്‍പര്യമാണ് തങ്ങള്‍ക്ക് വലുത് എന്ന് അവര്‍ സ്വയം വിളിച്ചു പറയുകയായിരുന്നു.
* തുര്‍ക്കി മണ്ണില്‍ ഭീകര സംഘടനകളുടെ പ്രവര്‍ത്തനം സജീവമായതും അവര്‍ നടത്തിയ സ്‌ഫോടനങ്ങളില്‍ 120 പൗരന്മാര്‍ കൊല്ലപ്പെട്ടതും ജനങ്ങളെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. അരാജകത്വത്തിന്റെ നാളുകള്‍ തിരിച്ച് വരികയാണോ എന്ന് അവര്‍ സംശയിച്ചു. കുര്‍ദ് വര്‍ക്കേഴ്‌സ് പാര്‍ട്ടി ആയുധമെടുത്ത് വീണ്ടും തെരുവിലിറങ്ങിയതും ഇതേ സമയത്താണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി തുര്‍ക്കിയുടെ സ്ഥിരത കാത്തുപോരുന്ന പാര്‍ട്ടിയെ തന്നെ പിന്തുണക്കാന്‍ ഇതും ഒരു കാരണമായി.
* രാഷ്ട്രീയ സ്ഥിരതയും സുരക്ഷയും മാത്രമായിരുന്നില്ല അവരെ അലട്ടിയത്. അനിശ്ചിതത്വത്തിന്റെ ഈ അഞ്ച് മാസക്കാലത്ത് സാമ്പത്തിക മരവിപ്പ് രാഷ്ട്രത്തിന് മേല്‍ ആശങ്കയുടെ നിഴല്‍ പരത്തി. സാമ്പത്തിക ഉണര്‍വിന് കാരണക്കാരായ അക്പാര്‍ട്ടിയിലേക്ക് തന്നെ ജനം തിരിച്ചെത്തുക സ്വാഭാവികം മാത്രം. അതിന്റെ ഫലം ഉടനടി ദൃശ്യമാവുകയും ചെയ്തു. അക്പാര്‍ട്ടി ജയിച്ചു എന്ന റിപ്പോര്‍ട്ട് വന്നയുടനെ തന്നെ ലീറയുടെ മൂല്യം ഒന്നര ശതമാനം വര്‍ധിച്ചു.
* * *
വോട്ടെണ്ണല്‍ കഴിഞ്ഞ ഉടനെ അങ്കാറയിലെ പാര്‍ട്ടി ഓഫീസിന്റെ മട്ടുപ്പാവില്‍ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത ദാവൂദ് ഒഗ്‌ലു, എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് അഭ്യര്‍ഥിച്ചു (ഭരണഘടനാ ഭേദഗതിയാകാം അദ്ദേഹം ഉദ്ദേശിച്ചത്). പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ വസതിക്ക് മുമ്പിലും ജനം തടിച്ച് കൂടിയെങ്കിലും അദ്ദേഹം ഒന്നും സംസാരിക്കാതെ സ്വുബ്ഹി നിസ്‌കാരത്തിന്നായി അബൂ അയ്യൂബ് അന്‍സ്വാരി പള്ളിയിലേക്ക് പോവുകയാണ് ചെയ്തത്. 1453 ലെ കോണ്‍സ്റ്റാന്റിനോപ്പില്‍ വിജയത്തിന് ശേഷം ഉസ്മാനികള്‍ ഇസ്തംബൂളില്‍ നിര്‍മിച്ച ആദ്യപള്ളിയാണിത്. ഉമവി ഭരണകാലത്ത് നഗരം ജയിച്ചടക്കാനായി നിയുക്തനായ പ്രമുഖ സ്വഹാബിവര്യന്‍ അബൂഅയ്യൂബുല്‍ അന്‍സ്വാരി ആ നീക്കത്തിനിടെ രക്തസാക്ഷിയാവുകയായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ നില നിര്‍ത്താനാണ് പള്ളിക്ക് ആ പേരിട്ടത്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായാണ് ഈ പള്ളിയിലേക്ക് ഉര്‍ദുഗാന്‍ നമസ്‌കരിക്കാനെത്തുന്നത്. വിജയ വേളയില്‍ അദ്ദേഹം ഒന്നും പറഞ്ഞില്ലെങ്കിലും, ഈ പ്രവൃത്തി വാചാലമായി പലതും പറയുന്നുണ്ടല്ലോ.
എന്തായിരിക്കും അക് പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍? തുര്‍ക്കി രാഷ്ട്രീയത്തെ ആഴത്തില്‍ പഠിക്കുന്നവരുടെ മുമ്പില്‍ ഞാനീ ചോദ്യം എടുത്തിട്ടപ്പോള്‍ എനിക്ക് കിട്ടിയ മറുപടി:
* അക് പാര്‍ട്ടിയുടെ ആഭ്യന്തര-വൈദേശിക നയങ്ങളില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. കുര്‍ദ്, സിറിയ, ഭീകരാക്രമണ വിഷയങ്ങളില്‍ കുറെക്കൂടി സാവകാശമെടുത്ത് ആലോചിച്ചായിരിക്കും തീരുമാനമെടുക്കുക.
* ഭരണഘടനാ ഭേദഗതി വിഷയം മേശപ്പുറത്തേക്ക് മടങ്ങിവരും. കാരണം, ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ ഭൂരിപക്ഷം കിട്ടിയിട്ടില്ല അക് പാര്‍ട്ടിക്ക്. 550 അംഗ പാര്‍ലമെന്റില്‍ 317 സീറ്റാണ് കിട്ടിയത്. ഭരണഘടനാ ഭേദഗതി കൊണ്ട്‌വരാന്‍ 367 സീറ്റ് വേണം. ഹിതപരിശോധന നടത്തണമെങ്കിലും വേണം 330 സീറ്റ്. മറ്റു പാര്‍ട്ടികളുടെ പിന്തുണയുമുണ്ടെങ്കിലേ ഭരണഘടനാ ഭേദഗതിക്ക് വേണ്ടി രംഗത്തിറങ്ങാനാവൂ.
* തെരഞ്ഞെടുപ്പിന് മുമ്പ് ചില ആഭ്യന്തര പ്രശ്‌നങ്ങളുണ്ടായിരുന്നു അക് പാര്‍ട്ടിയില്‍. മുന്‍ തുര്‍ക്കി പ്രസിഡന്റ് അബ്ദുല്ല ഗുലിനെപ്പോലുള്ള നേതാക്കളെ മാറ്റിനിര്‍ത്താന്‍ അത് കാരണമായി. ഈ വിജയത്തോടെ പാര്‍ട്ടി അണികളെ ഒറ്റക്കെട്ടായി ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങള്‍ ഫലം കാണാനാണ് സാധ്യത. അതേസമയം, പരാജയമേറ്റുവാങ്ങിയ പ്രതിപക്ഷനിരയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാണ്; പ്രത്യേകിച്ച് നാഷനിസ്റ്റ് പാര്‍ട്ടിയിലും കുര്‍ദ് ഡമോക്രാറ്റിക് പാര്‍ട്ടിയിലും. പുതിയ പാര്‍ലമെന്റില്‍ അവരുടെ സാന്നിധ്യം കുറഞ്ഞുപോകാന്‍ ഈ ചേരിപ്പോരും കാരണമാണ്.
* പാര്‍ലമെന്റ് കാലാവധി നാല് വര്‍ഷമായത് കൊണ്ട്, ഉടന്‍ തന്നെ യൂറോപ്യന്‍ അംഗത്വത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ പുതിയ തുര്‍ക്കി ഗവണ്‍മെന്റ് പുനരാരംഭിച്ചേക്കാം. അതിന്റെ സൂചനകള്‍ കാണാനുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിലാണ് ജര്‍മന്‍ ചാന്‍സലര്‍ അഞ്ചല മെര്‍ക്കല്‍ തുര്‍ക്കി സന്ദര്‍ശിക്കുകയും ഉര്‍ദുഗാനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തത്. മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളും അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്.
ഞാന്‍ അഭിപ്രായങ്ങള്‍ ചോദിച്ച രാഷ്ട്രീയ നിരീക്ഷകരില്‍ ഒരാള്‍ തുര്‍ക്കിക്കാരനായിരുന്നു. സംസാരം അവസാനിപ്പിക്കുന്നതിന് മുമ്പ് അദ്ദേഹം എന്നോട് ചോദിച്ചു: നിങ്ങളുടെ ഈജിപ്തില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുകയാണല്ലോ. എന്താ അവിടത്തെ സ്ഥിതി? അങ്ങനെയൊരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഉടനടി ഇങ്ങനെ ചോദിക്കാനാണ് എനിക്ക് തോന്നിയത്: നിങ്ങളുടെ നാട്ടില്‍ കാലാവസ്ഥയൊക്കെ എങ്ങനെ? (ഫോണ്‍ കട്ടായി!)
* ഈജിപ്തിലെ തെരഞ്ഞെടുപ്പ് പ്രഹസനത്തില്‍ പോളിംഗ് ശതമാനം ആറില്‍ താഴെ എന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഈ കമന്റ് (വിവ)
Comments