Prabodhanm Weekly

Pages

Search

2015 നവംബര്‍ 13

അതിര് വിടുന്ന ബന്ധങ്ങള്‍

ഡോ. ജാസിമുല്‍ മുത്വവ്വ /കുടുംബം

ഞാന്‍ അയാളോടു ചോദിച്ചു: ''എത്ര മൊബൈല്‍ ഫോണുണ്ട് നിങ്ങളുടെ വശം?''

അയാള്‍: ''രണ്ടെണ്ണം. ഒന്ന് കുടുംബത്തിനും കുട്ടികള്‍ക്കും. രണ്ടാമത്തേത് സ്‌നേഹിതന്മാര്‍ക്കും കൂട്ടുകാര്‍ക്കും.'' അതും പറഞ്ഞ് അയാള്‍ മിണ്ടാതിരുന്നു. 

ഞാന്‍ വീണ്ടും: ''നിങ്ങളുടെ വശം രണ്ടെണ്ണം മാത്രമേയുള്ളൂ?''

അയാള്‍: ''തുറന്നു പറഞ്ഞാല്‍ അല്ല. മൂന്നാമതൊരു ഫോണ്‍ കൂടിയുണ്ട്. അത് ഞാന്‍ ഓഫീസില്‍ സൂക്ഷിക്കും. ചിലപ്പോള്‍ കാറില്‍ വെക്കും.''

ഞാന്‍: ''അപ്പോള്‍ അതാര്‍ക്കാണ്? ജോലി ആവശ്യാര്‍ഥമാണോ?''

പുഞ്ചിരിച്ചുകൊണ്ട് അയാള്‍: ''ജോലി ആവശ്യത്തിനൊന്നുമല്ല. അത് എന്റെ സ്‌നേഹിതക്കാണ്.''

ഞാന്‍: ''എന്നുവെച്ചാല്‍ മനസ്സിലായില്ല. ഒന്ന് വിശദീകരിച്ചു തരൂ.''

അയാള്‍: ''സൗഹൃദമെന്നാല്‍ പലവിധമുണ്ട്. പുരുഷന്മാരുമായും സ്ത്രീകളുമായും ഉള്ള സൗഹൃദം.. ഈ ഫോണ്‍ സ്ത്രീ സൗഹൃദത്തിന്നാണ്.''

ഞാന്‍: ''നിങ്ങള്‍ ഉദ്ദേശിക്കുന്നത് അവിഹിത ബന്ധമെന്നാണോ?'' 

അയാള്‍ പുഞ്ചിരിതൂകി (പരിഹാസ രൂപേണ): ''നിങ്ങള്‍ ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്?''

ഞാന്‍: ''അതെന്താണ്?''

അയാള്‍: ''നിങ്ങള്‍ അവിഹിത ബന്ധം എന്ന് പറഞ്ഞല്ലോ. അതൊക്കെ പഴയ വര്‍ത്തമാനമാണ്. നമ്മള്‍ ഈ ജീവിക്കുന്ന കാലത്ത് തനിക്ക് കൂട്ടുകൂടാനും ആനന്ദം പകരാനും പറ്റുന്ന ഒരു പെണ്ണ് കൂടെയില്ലാതെ ആരെങ്കിലുമുണ്ടോ?'' 

ഞാന്‍: ''ഇത് ഹറാമാണ്. പ്രത്യേകിച്ച് നിങ്ങള്‍ക്ക് ഭാര്യയും കുട്ടികളുമൊക്കെയില്ലേ?''

അയാള്‍: ''ഹറാമും ഹലാലുമൊക്കെ കച്ചവടത്തിലും പണമിടപാടിലുമല്ലേ? ഞാന്‍ ആരുടേതും മോഷ്ടിക്കാനും പോകുന്നില്ല, ആരെയും വഞ്ചിക്കാനും പോകുന്നില്ല. ദീന്‍ എന്നാല്‍ പെരുമാറ്റമാണ്. അല്ലാഹുവിന് സ്തുതി. ഞാന്‍ എന്റെ ജോലിയിലും ജനങ്ങളോടുള്ള പെരുമാറ്റത്തിലും വിജയിച്ച വ്യക്തിയാണ്. ഇതൊരു തുറന്ന ചങ്ങാത്തവും സൗഹൃദവുമാണ്. അവള്‍ക്ക് ചില പ്രത്യേകതകളുണ്ട്.''

ഞാന്‍: ''എന്തൊക്കെയാണ്?''

അയാള്‍: ''ഞങ്ങള്‍ ഇരുവരുടെയും താല്‍പര്യങ്ങള്‍ സാക്ഷാത്കരിക്കുന്ന ബന്ധമാണിത്. എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ പിരിമുറുക്കം കുറയ്ക്കാനും പ്രശ്‌നങ്ങള്‍ നേരിടാനും ഈ ബന്ധം ഒരനിവാര്യതയായിക്കഴിഞ്ഞിരിക്കുന്നു. ഒഴിവു വേളകള്‍ എന്റെ സ്‌നേഹിതയുമായി ചെലവിടുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ആനന്ദമാണ് ഞാന്‍ അനുഭവിക്കുന്നത്. അവളെ സംബന്ധിച്ചിടത്തോളം അവളാഗ്രഹിക്കുന്നത് അവളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കുകയും പ്രശംസിക്കുകയും ചെയ്യുന്ന ഒരു സ്‌നേഹിതനെയാണ്. പിന്നെ ഇടയ്ക്കിടെ ഞാന്‍ നല്‍കുന്ന ഉപഹാരങ്ങളും സമ്മാനങ്ങളും അവളെ സന്തോഷവതിയാക്കും. ഞങ്ങളിപ്പോള്‍ ഒന്നിച്ച് ഒരു യാത്ര പ്ലാന്‍ ചെയ്യുകയാണ്. ആ വിചാരം അവളെ കൂടുതല്‍ ഉല്ലാസവതിയാക്കുന്നുണ്ടെന്ന് എനിക്കറിയാം.'' 

പിന്നീടയാള്‍ പലതരം സ്ത്രീകളെക്കുറിച്ചും, സുഹൃദ് ബന്ധം ഉണ്ടാക്കുമ്പോള്‍ ഓരോ സ്ത്രീയുടെയും ലക്ഷ്യത്തെക്കുറിച്ചും വാചാലനായി. 

''ഇത്തരം പ്രത്യേക 'സെറ്റപ്പ് ബന്ധ'ങ്ങളുണ്ടാക്കുന്ന പുരുഷന്‍മാരുടെ ഉള്ളിലിരിപ്പെന്താണ്?'' ഞാന്‍ ചോദിച്ചു. 

അയാള്‍: ''പുരുഷന്മാര്‍ക്ക് അധികവും ഒരാവശ്യമേയുള്ളൂ. വൈകാരിക തൃഷ്ണയുടെ ശമനവും സഹശയനവും. 'സെറ്റപ്പ് ബന്ധ'ങ്ങള്‍ മിക്കതും ഇതില്‍ ഒതുങ്ങുന്നു.''

ഞാന്‍: ''ഇവയൊക്കെയാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ എന്ത്‌കൊണ്ട് മറ്റൊരു വിവാഹം ചെയ്തുകൂടാ? നിങ്ങള്‍ക്ക് തൃപ്തി, അല്ലാഹുവിന് പൊരുത്തവും. ഇതല്ലേ നല്ലത്?''

അയാള്‍: ''അവിടെയാണ് പ്രശ്‌നം. അങ്ങനെ ഞാനൊരു രണ്ടാം വിവാഹത്തിന് മുതിര്‍ന്നാല്‍ എനിക്ക് എന്റെ ഭാര്യയുടെയും ഉമ്മയുടെയും വലിയ ഒരളവോളം മക്കളുടെയും തൃപ്തി നഷ്ടപ്പെടുത്തേണ്ടി വരും. സമൂഹത്തില്‍ എനിക്കുള്ള സ്ഥാനവും ഉദ്യോഗത്തില്‍ എനിക്കുള്ള നിലയും വിലയും താങ്കള്‍ക്കറിയുന്നതാണല്ലോ. എന്റെ ചുറ്റുപാടുകള്‍ എന്നെ അതിന്നനുവദിക്കുന്നില്ല. അതിനാലാണ് ഞാന്‍ സുരക്ഷിതമായ ഈ വഴി തേടിയത്.'' 

ഞാന്‍: ''ശരിയാണ്. ഇഹലോകത്തെ 'സുരക്ഷിത' വഴി തേടിയ താങ്കള്‍ പരലോകത്തെ സുരക്ഷ നഷ്ടപ്പെടുത്തി.'' 

അയാള്‍: ''അതൊരു താല്‍ക്കാലിക ബന്ധമാണ്. സ്ഥിരമല്ല. ഞങ്ങള്‍ ഇരുവര്‍ക്കും അതറിയാം. അറിഞ്ഞ്‌കൊണ്ടു തന്നെയാണ് ഞങ്ങള്‍ യോജിപ്പില്‍ എത്തിയത്.'' 

ഞാന്‍: ''ഈ ബന്ധം നിങ്ങളുടെ ഭാര്യയെങ്ങാനും കണ്ടുപിടിച്ചാല്‍?'' 

അയാള്‍: ''ഒന്നില്‍ കൂടുതല്‍ തവണ അവള്‍ അത് കണ്ടുപിടിച്ചിട്ടുണ്ട്. പക്ഷെ സമര്‍ഥമായി ഞാന്‍ ഒഴിഞ്ഞുമാറും. വേഗം വിഷയം മാറ്റും.'' 

ഞാനും അയാളും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ ഒരുഭാഗമാണ് ഇവിടെ ഉദ്ധരിച്ചത്. നമ്മുടെ സമൂഹത്തില്‍ വളര്‍ന്ന് വരുന്ന ദുഷ്പ്രവണതയെക്കുറിച്ച ആപല്‍സൂചനയാണിത്. 'ഫ്രന്റ് വിത്ത് ബെനഫിറ്റ്', 'ഓപ്പണ്‍ റിലേഷന്‍ഷിപ്പ്' തുടങ്ങിയ പേരുകളില്‍ മുസ്‌ലിമേതര സമൂഹത്തില്‍ നിലനിന്ന ബന്ധങ്ങളാണിത്. ഇസ്‌ലാമിക വീക്ഷണത്തില്‍ ഇവ 'അവിഹിത ബന്ധ'ങ്ങളാണ്. ബന്ധങ്ങള്‍ സഹശയനത്തിലേക്ക് വളര്‍ന്നാല്‍ വ്യഭിചാരമായി. നെറ്റും മൊബൈല്‍ ഫോണും ഇത്തരം അനാശാസ്യ ബന്ധങ്ങള്‍ക്ക് പശ്ചാത്തല സൗകര്യമൊരുക്കുന്നു. ഇത് ഞാന്‍ വെറുതെ പറയുന്നതല്ല. നിരവധി യുവാക്കളുടെയും യുവതികളുടെയും കൂട്ടായ്മകള്‍ ഇത്തരത്തില്‍ ബന്ധം സ്ഥാപിച്ച് ജീവിച്ചു തുടങ്ങിയിരിക്കുന്നു എന്ന് എനിക്ക് നേരിട്ടറിയാം. അവര്‍ പറഞ്ഞാണ് ഞാനിതറിഞ്ഞത്. 

എത്രയോ സ്ത്രീകള്‍ എന്നോടു നേരിട്ട് പറഞ്ഞത് കേട്ടാല്‍ നിങ്ങള്‍ അതിശയപ്പെടും: ''ഇത്തരം ബന്ധങ്ങള്‍ എന്റെ വൈകാരിക തൃഷ്ണ ശമിപ്പിക്കുന്നു. എന്റെ ഭൗതികാവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചുതരുന്നു. ഞാന്‍ സൗഹൃദം പുലര്‍ത്തുന്ന വ്യക്തി എനിക്ക് സമ്മാനങ്ങള്‍ വാങ്ങിത്തരുന്നു. വിനോദ സഞ്ചാരങ്ങളും യാത്രകളും ഒരുക്കിത്തരുന്നു. അദ്ദേഹത്തിനാവശ്യമുള്ളത് അദ്ദേഹം എന്നില്‍ നിന്നെടുക്കും. എനിക്ക് അദ്ദേഹത്തോടോ അദ്ദേഹത്തിന് എന്നോടോ മറ്റ് ബാധ്യതകള്‍ ഒന്നുമില്ല. ഞങ്ങള്‍ ഒന്നിച്ച് ആനന്ദവേളകള്‍ ചെലവിടുന്നു. ഒഴിവു ദിനങ്ങള്‍ ഒന്നിച്ചു സന്തോഷമായി കഴിച്ചുകൂട്ടുന്നു. ഞങ്ങള്‍ ഇരുവരും ജീവിത യാത്രയില്‍ സ്വതന്ത്രരുമാണ്. അങ്ങോട്ടുമിങ്ങോട്ടും കടപ്പാടില്ല, ബാധ്യതയുമില്ല.'' 

ഈ രീതിയില്‍ ജീവിച്ചു പോന്ന ഒരു സ്ത്രീയെ എനിക്കറിയാം. പിന്നീടൊരിക്കല്‍ താന്‍ അനുഭവിക്കുന്ന മാനസികാസ്വാസ്ഥ്യങ്ങളും പിരിമുറുക്കങ്ങളും ലഘൂകരിക്കാനുള്ള വഴികള്‍ തേടി അവര്‍ എന്റെ മുന്നിലെത്തി. അവരുടെ സുരക്ഷിതത്വ ബോധം നഷ്ടപ്പെട്ടിരിക്കുന്നു. പുരുഷന്‍മാരെ അവര്‍ക്ക് വിശ്വാസമില്ല. ഉദ്യോഗത്തിലും ജീവിതത്തിലും തനിക്കുണ്ടായ നേട്ടങ്ങളും സ്ഥാനക്കയറ്റവുമൊന്നും അവര്‍ക്ക് സന്തോഷം പകരുന്നില്ല. 'സെറ്റപ്പ് ബന്ധ'ങ്ങളാണ് ഇത്തരം ഒരവസ്ഥയില്‍ അവരെ എത്തിച്ചതെന്ന് അവര്‍ക്ക് മനസ്സിലായിട്ടില്ല. അല്ലാഹുവുമായുള്ള ബന്ധവും വിശ്വാസവും വളര്‍ത്തി നേടിയെടുക്കേണ്ടതാണ് മനഃസമാധാനം എന്ന വസ്തുത അവര്‍ ഓര്‍ക്കാതെ പോയി. 

ഒരു മനുഷ്യന്‍ അതിരില്ലാതെ ഭൗതിക സൗകര്യങ്ങളില്‍ ആറാടി ജീവിച്ചാലും ലൈംഗികാഭിനിവേശങ്ങളുടെ ലോകത്ത് അഭിരമിച്ചു കഴിഞ്ഞാലും, മിഥ്യാ മോഹങ്ങളുടെ മായിക വലയിലായിരുന്നു താനെന്ന് ഒരു നാള്‍ അയാള്‍ തിരിച്ചറിയും. സ്വന്തത്തോട് താദാത്മ്യം, മാനസിക സംതൃപ്തിയുടെ സാക്ഷാത്കാരം, വിശ്വാസത്തിന്റെ വര്‍ധനവ്-ഇവ മൂന്നുമാണ് യഥാര്‍ഥ സൗഭാഗ്യം നേടിത്തരുന്നത്. മതമെന്നാല്‍ നമസ്‌കാരത്തിലും നോമ്പിലും ദാനധര്‍മത്തിലും പരിമിതമാണ് മിക്കവര്‍ക്കും. അവയുടെ ആത്മാവില്ലാത്ത ആചരണത്തില്‍ സംതൃപ്തരാണ് അവര്‍. കേവലാനുഷ്ഠാനമായി അവര്‍ ആരാധനാ കര്‍മങ്ങള്‍ കൊണ്ടു നടക്കുന്നു. അതിന്റെ പ്രതിഫലനവും രുചിയും അവര്‍ ആസ്വാദിച്ചറിയുന്നില്ല. വിശ്വാസത്തിന്റെ രുചി അറിഞ്ഞ് ജീവിക്കുന്നതിലാണ് സൗഭാഗ്യം. കേവല വിശ്വാസവും വിശ്വാസാസ്വാദനവും തമ്മില്‍ വലിയ അന്തരമുണ്ട്. വിശ്വാസത്തിന്റെ മാധുര്യം അനുഭവവേദ്യമാകുന്നത് അല്ലാഹുവും ദൂതനും തനിക്ക് ഏറ്റവും പ്രിയങ്കരര്‍ ആവുന്നതോടെയാണ്. അല്ലാഹുവിനും റസൂലിനും അനിഷ്ടകരമായത് ചെയ്യാതിരിക്കുകയാണ് അതിന്റെ കര്‍മസാക്ഷ്യം. 'സെറ്റപ്പ് ബന്ധ'ങ്ങളും ഇതില്‍ പെടും. 

ഈ വസ്തുത മനസ്സിലാക്കി അവിഹിതമായ സുഹൃദ് ബന്ധങ്ങളെല്ലാം അറുത്തെറിഞ്ഞ് വിശ്വാസത്തിന്റെ ശീതളച്ഛായയില്‍ ജീവിക്കുന്ന നിരവധി സ്ത്രീ-പുരുഷന്മാരെ എനിക്കറിയാം. ഭാര്യയോടും മക്കളോടും കുടുംബത്തോടും കൂറുപുലര്‍ത്തി വിശ്വാസ്യത കാത്തുസൂക്ഷിച്ചു ജീവിക്കുന്ന അവര്‍ അനുഭവിക്കുന്ന ജീവിത സായൂജ്യവും സൗഭാഗ്യവും ഇത്തരം 'തട്ടിക്കൂട്ടുബന്ധ'ങ്ങള്‍ക്ക് നല്‍കാനാവുമോ? തീര്‍ച്ചയായും ഇല്ല.

വിവ: പി.കെ ജമാല്‍ 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 23/ അല്‍മുഅ്മിനൂന്‍/ 19-23
എ.വൈ.ആര്‍