Prabodhanm Weekly

Pages

Search

2015 നവംബര്‍ 13

അസഹിഷ്ണുതയുടെ വളര്‍ത്തുകേന്ദ്രങ്ങള്‍

         വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രത്യേകിച്ച് സ്‌കൂളുകള്‍, സ്റ്റഡി ടൂറുകള്‍ നടത്തുന്നത് ഇന്ന് സര്‍വ സാധാരണമായിട്ടുണ്ട്. കുട്ടികള്‍ക്ക് അറിവിന്റെയും അനുഭവത്തിന്റെയും പുതിയ വാതായനങ്ങള്‍ തുറന്നിടലാണത്. അതിനാല്‍ അധ്യാപകര്‍ മാത്രമല്ല രക്ഷിതാക്കളും പഠന-ഉല്ലാസ യാത്രകള്‍ നടത്താന്‍ വേണ്ടത്ര പ്രോത്സാഹനം നല്‍കിവരുന്നുണ്ട്. പക്ഷെ അവിടെയും അപകടം പതിയിരിക്കുന്നുണ്ടെന്നാണ് യു.പിയിലെ സിദ്ധാര്‍ഥ നഗര്‍ ജില്ലയിലുള്ള ഉസ്‌കാ ബസാര്‍ നഗരത്തില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ദൈനിക് ഭാസ്‌കറും ഇന്ത്യന്‍ എക്‌സ്പ്രസും (2015 ഒക്‌ടോബര്‍ 25) ഇത് സംബന്ധമായി വിശദമായ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. സംഭവം ഇങ്ങനെയാണ്: ഉസ്‌കാ ബസാര്‍ ജൂനിയര്‍ ഹൈസ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥിയാണ് ഗുല്‍സാര്‍. സ്‌കൂളില്‍ നിന്ന് സ്റ്റഡി ടൂര്‍ പോകുന്നുണ്ടെന്ന് കേട്ടപ്പോള്‍ അവനും പേരുകൊടുത്തു. 450 രൂപ ഫീസും നല്‍കി. ഈ സ്‌കൂളില്‍ നിന്നും പരിസരത്തെ മറ്റു സ്‌കൂളുകളില്‍ നിന്നും വേറെയും കുട്ടികളുണ്ടായിരുന്നു. ഈ കുട്ടികളെ നേരെ കൊണ്ട് പോയത് ഉസ്‌കാ ബസാറില്‍ നിന്ന് 35 കി.മി അകലെ സൂര്യ മഹാവിദ്യാലയ് എന്ന സ്ഥാപനത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ആര്‍.എസ്.എസ് ക്യാമ്പിലേക്കാണ്. ബി.ജെ.പി എം.പി ജഗദാംബിക പാല്‍ നടത്തുന്ന സ്ഥാപനമാണിത്. 'സ്റ്റഡി ടൂറി'ന് പോയ കുട്ടികള്‍ ഒരാഴ്ചക്കാലം ഈ ക്യാമ്പിലായിരുന്നു. ഗുല്‍സാറും മറ്റു കുട്ടികളും തിരിച്ച് വന്നത് ആര്‍.എസ്.എസ് യൂനിഫോമിലായിരുന്നു. കാക്കി ട്രൗസര്‍, വെള്ള മുറിക്കയ്യന്‍ ഷര്‍ട്ട്, കറുത്ത തൊപ്പി, കൈയില്‍ കുറുവടി, പ്രത്യേക ഐഡന്റിറ്റി കാര്‍ഡ്.. ക്യാമ്പില്‍ ഗുല്‍സാറിന്റെ പേര് രജിസ്റ്റര്‍ ചെയ്തിരുന്നത് വിജയ്കുമാര്‍ എന്നായിരുന്നു. 

'ഇസ്‌ലാം വിരുദ്ധ കവിതകളും സാഹിത്യവും' പാരായണം ചെയ്യുന്ന ക്ലാസുകളിലാണ് തന്റെ മകന് പങ്കെടുക്കേണ്ടി  വന്നതെന്ന് ഗുല്‍സാറിന്റെ, കൂലിത്തൊഴിലാളിയായ പിതാവ് മഹ്ബൂബ് അഹ്മദ് പറഞ്ഞു. ഇത് സംബന്ധമായി അദ്ദേഹം ജില്ലാ മജിസ്‌ട്രേറ്റിനും സ്റ്റേറ്റ് ന്യൂനപക്ഷ കമീഷനും പരാതി നല്‍കിയിട്ടുണ്ട്. കടുത്ത മസ്തിഷ്‌ക പ്രക്ഷാളനത്തിനാണ് കുട്ടികള്‍ വിധേയരായതെന്ന് പരാതി ഉയര്‍ന്നിരിക്കുകയാണ്. ഇത്തരം കാര്യങ്ങളൊന്നും ഗൗരവത്തില്‍ അന്വേഷിക്കാതെ, പരാതിപ്പെടുന്ന രക്ഷിതാക്കളെ സമ്മര്‍ദ്ദം ചെലുത്തി പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. 

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ആര്‍.എസ്.എസ് ക്യാമ്പിലേക്ക് കൊണ്ടുപോയ വിദ്യാര്‍ഥികളില്‍ ഒരു മുസ്‌ലിം വിദ്യാര്‍ഥിയും ഉള്‍പ്പെട്ടത് കൊണ്ടാണ് സംഭവം വിവാദമായതും പുറത്തറിഞ്ഞതും. ആര്‍.എസ്.എസ് രാജ്യ വ്യാപകമായി നടത്തുന്ന സ്‌കൂളുകളില്‍ ഇതൊക്കെ നേരത്തെ പതിവുള്ളതാണ്. അത്തരം ക്യാമ്പുകളിലും ശാഖകളിലും ശിബിരങ്ങളിലും പങ്കെടുത്ത പലരും അത്തരം പരിപാടികളില്‍ നടക്കുന്നത് എന്താണെന്ന് പിന്നീട് തുറന്നെഴുതിയിട്ടുണ്ട്. ഇളം പ്രായത്തില്‍ തന്നെ കുട്ടികളില്‍ കടുത്ത അന്യമത വിദ്വേഷം കുത്തിവെക്കുകയാണ്. നേരത്തെ രഹസ്യമായി ചെയ്തിരുന്നത് ഇപ്പോള്‍ പരസ്യമായും വ്യാപകമായും ആസൂത്രിതമായും ചെയ്യാന്‍ സംഘ്പരിവാറിന് അവസരം കൈവന്നിരിക്കുകയാണ്. മാനവ വിഭവ ശേഷി അഥവാ വിദ്യാഭ്യാസ വകുപ്പിലാണ് ആര്‍.എസ്.എസ് കാര്യമായും പിടിമുറുക്കുന്നത്. ഹിന്ദുത്വ അജണ്ടക്ക് അനുകൂലമായി ചരിത്രവും സംസ്‌കാരവും പാഠ്യ പദ്ധതിയുമൊക്കെ മാറ്റിയെഴുതാനുള്ള കൊണ്ട്പിടിച്ച ശ്രമങ്ങളാണ് നടക്കുന്നത്. ഇത്തരം വകുപ്പുകളുടെ തലപ്പത്ത് ആര്‍.എസ്.എസ് പ്രചാരകരെ പ്രതിഷ്ഠിക്കുന്ന പണി ഏറക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. മാനവ വിഭവ ശേഷി വകുപ്പ്മന്ത്രിക്ക് വേണ്ടത്ര യോഗ്യതയോ കഴിവോ ഇല്ല എന്ന ആരോപണമുണ്ടല്ലോ. സംഘ്പരിവാറിന് ഈ മേഖലയില്‍ തോന്നും പോലെ കയറിക്കളിക്കാന്‍ അങ്ങനെയൊരാളെ തന്നെ വെച്ചതാകാനും വഴിയുണ്ടല്ലോ. 

ഉസ്‌കാ ബസാര്‍ സംഭവം നിരവധി ആപത് സൂചനകള്‍ നില്‍കുന്നുണ്ട്. വിജയ്കുമാര്‍ എന്ന് പേര് മാറ്റപ്പെട്ട് ആ ക്യാമ്പില്‍ പങ്കെടുക്കേണ്ടി വന്ന ഗുല്‍സാര്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുകയാണെന്ന് പിതാവ് പരാതിപ്പെടുന്നു. ഗുല്‍സാറിനെയും തന്റെ മറ്റു രണ്ട് കുട്ടികളെയും ആ സ്‌കൂളില്‍ നിന്ന് പിന്‍വലിക്കാനും അദ്ദേഹം തീരുമാനമെടുത്തിട്ടുണ്ട്. ന്യൂനപക്ഷ സംരക്ഷണത്തിന്റെ കുത്തക അവകാശപ്പെടുന്ന മുലായം സിംഗ് യാദവും മകന്‍ അഖിലേഷ് യാദവും ഭരിക്കുന്ന യു.പിയിലാണ് ഇതൊക്കെ നടക്കുന്നതെന്നോര്‍ക്കണം. ഇത്തരം എന്തതിക്രമമുണ്ടായാലും പോലീസ് ഉടന്‍ സംഘ്പരിവാര്‍ പക്ഷത്ത് ചേര്‍ന്ന് ഇരകളുടെ മെക്കിട്ട് കയറുകയായി. ദാദ്രിയില്‍ നാമത് കണ്ടതാണ്. മുലായം ആരുടെ പക്ഷത്ത് എന്ന് ഉച്ചത്തില്‍ ചോദിക്കാന്‍ സമയമായിരിക്കുന്നു. മതേതര കക്ഷികള്‍ ഒന്നിക്കുമ്പോള്‍ ഇടങ്കോലിടാനും സംഘ്പരിവാര്‍ പ്രതിസന്ധി നേരിടുമ്പോള്‍ രക്ഷപ്പെടുത്താനും കൗശലക്കാരനായ ഈ രാഷ്ട്രീയ നേതാവ് രംഗത്തുണ്ടാവും. ഈ കള്ളക്കളി മതേതര വിശ്വാസികളും ന്യൂനപക്ഷങ്ങളും തിരിച്ചറിയുന്നുണ്ടെന്നതിന്റെ സൂചനയാണ് യു.പി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടി. 

വെറുപ്പും അസഹിഷ്ണുതയും പടരുകയാണെന്നും അത് ഇന്ത്യ എന്ന സെക്യുലര്‍ ആശയത്തെ തകര്‍ക്കുമെന്നും രാഷ്ട്രപതി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ ദിനേന മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നു. വെറുപ്പും അസഹിഷ്ണുതയും വെറുതെ ഉണ്ടാവുകയില്ലല്ലോ. അത് ഉല്‍പ്പാദിപ്പിക്കുന്ന കേന്ദ്രങ്ങളുണ്ട്. പൊതു വിദ്യാലയങ്ങളെപ്പോലും അതിനുള്ള വേദികളാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. അതാണ് ഉസ്‌കാ ബസാറില്‍ കണ്ടത്. ഇളം മനസ്സുകളില്‍ വര്‍ഗീയ വൈറസ് കുത്തിവെക്കുന്നവരെ നിലക്ക് നിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അസഹിഷ്ണുത പടര്‍ന്നുകൊണ്ടേയിരിക്കും.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 23/ അല്‍മുഅ്മിനൂന്‍/ 19-23
എ.വൈ.ആര്‍