Prabodhanm Weekly

Pages

Search

2015 നവംബര്‍ 13

അവരുടെ ഹൃദയങ്ങളില്‍ പശു കുടിയിരുത്തപ്പെട്ടിരിക്കുന്നു (ഖുര്‍ആന്‍ 2:93)

ഖാലിദ് മൂസാ നദ്‌വി /ലേഖനം

         ഇന്ത്യയിലെ ഹിന്ദുക്കള്‍ അടിസ്ഥാനപരമായി വേദസമൂഹമാണ്. അതിന്റെ അര്‍ഥം വേദമനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുന്നു എന്നല്ല. പുരോഹിതന്മാരും തല്‍പര കക്ഷികളും ഇടപെട്ട്് ഭേദഗതി വരുത്തിയ നിലപാടുകള്‍ പ്രകാരമാണ് അവര്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ്. തീവ്ര വംശീയ-വര്‍ഗീയ രൂപം പ്രാപിച്ച 'പശുഭക്തി' അത്തരമൊരു വ്യതിയാനത്തിന്റെ ഭാഗമാണ്. 

വേദസമൂഹമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്ന (അഹ്്‌ലുല്‍ കിതാബ്) ഇസ്്‌റാഈല്‍ സമൂഹത്തില്‍ പശു ഭക്തി സ്വാധീനം ചെലുത്തിയതിനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്ന കാര്യങ്ങള്‍ പശു രാഷ്ട്രീയം സജീവ ചര്‍ച്ചാ വിഷയമായ ഈ സമയത്ത് പരിശോധിക്കുന്നത് പ്രസക്തമാണ്. 

ഗോക്കളെ പൂജിക്കുക എന്ന രോഗം ഇസ്‌റാഈല്‍ സമുദായത്തിന്റെ സമീപ പ്രദേശങ്ങളില്‍ പരക്കെ പ്രചാരത്തിലുണ്ടായിരുന്നു. ഈജിപ്തിലും കന്‍ആനിലും അത് സാര്‍വ്വത്രികമായിരുന്നു. യൂസുഫി(അ)ന് ശേഷം ബനൂ ഇസ്‌റാഈല്‍ അധഃപതിച്ചു തുടങ്ങി. പല വ്യതിയാനങ്ങളും അവരിലുണ്ടായി. അക്കൂട്ടത്തില്‍ ഗോ പൂജയും കടന്നു കൂടി. 

ഗോ പൂജ സൃഷ്ടി പൂജയാണ്. സ്രഷ്ടാവിനെയും സൃഷ്ടിയെയും വേര്‍തിരിച്ച് മനസ്സിലാക്കുന്ന ദര്‍ശനമാണ് ഇസ്‌ലാം. സ്രഷ്ടാവിന് മാത്രം വഴങ്ങുന്ന കാഴ്ചപ്പാടിനെയാണ് ഇസ്‌ലാം തൗഹീദ് അഥവാ ഏകദൈവ ദര്‍ശനം എന്ന് വിളിക്കുന്നത്. മനുഷ്യന്‍ സ്വയം ചെറുതാവുമ്പോള്‍ സംഭവിക്കുന്നതാണ് സൃഷ്ടി പൂജ. 

മനുഷ്യന്‍ മനുഷ്യനെ മനസ്സിലാക്കുന്നതിലൂടെ മാത്രമേ 'തൗഹീദ്' എന്ന ഉന്നത ദര്‍ശനം പ്രാപിക്കാന്‍ അവന് സാധിക്കുകയുള്ളൂ. 'അവനവനെ അറിഞ്ഞവന്‍ തന്റെ സ്രഷ്ടാവിനെ അറിഞ്ഞു' എന്ന വാക്യത്തിന്റെ പൊരുളും അതാണ്.

മനുഷ്യന്‍ ഭൂമിയില്‍ അല്ലാഹുവിന്റെ ഖലീഫ(പ്രതിനിധി)യാണ്. മനുഷ്യന്റെ പിതാവും മാതാവും മനുഷ്യന്‍ തന്നെയാണ്. ഡാര്‍വിനിസ്റ്റുകള്‍ പറയുന്നതുപോലെ പിതാവ് കുരങ്ങനുമല്ല. ഹിന്ദുത്വവാദികള്‍ പറയുന്നതു പോലെ മാതാവ് പശുവുമല്ല. കുരങ്ങനും പശുവിനുമപ്പുറം ഉയര്‍ന്ന അസ്തിത്വമാണ് മനുഷ്യന്‍. 

മസ്തിഷ്‌കം, ഹൃദയം, ചിന്ത, ആവിഷ്‌കാര ശേഷി, വികാസ ക്ഷമത, നിര്‍മാണ വൈഭവം, ഇങ്ങനെ പല മേഖലകളിലും മനുഷ്യന്‍ വേറിട്ട, ഏറ്റവും ഉയര്‍ന്ന ദൈവ സൃഷ്ടിയാണ്. ഇത്തരമൊരു 'മനോഹര സൃഷ്ടി' (അത്തീന്‍: 4) 'അധമരില്‍ അധമരായി' മാറിപ്പോകാനുള്ള സാധ്യതയും (അത്തീന്‍: 5) ഖുര്‍ആന്‍ നമ്മുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. 

ആ അധമത്വത്തിന്റെ പരമകാഷ്ഠയാണ് 'ശിര്‍ക്ക്' അഥവാ ബഹുദൈവത്വം. അവിടെയാണ് കുരങ്ങനും പശുവും പിതാവും മാതാവുമായി മാറുന്നത്. 

ഇസ്‌ലാമിന്റെ പ്രബോധകനും ഫിര്‍ഔന്റെ ദുര്‍ഭരണത്തിനെതിരെ വിപ്ലവം നയിച്ചവനും, മര്‍ദിതരുടെ മോചകനുമായ മൂസാ നബി ഈയൊരു അധമവാസ്ഥയില്‍ നിന്ന് മനുഷ്യരെ മോചിപ്പിക്കാന്‍ തീവ്ര ശ്രമം നടത്തിയ കഥ ഖുര്‍ആന്‍ നമ്മോട് പറയുന്നുണ്ട്. (അല്‍ബഖറ-പശു-എന്ന അധ്യായം 67-73).

മൂസാ നബിയുടെ ജനതയോട്, പശുവിനെ അറുക്കാന്‍ കല്‍പ്പിക്കുക വഴി സൃഷ്ടി പൂജാ മനസ്സിനെ 'ശിര്‍ക്കില്‍' നിന്ന്് മോചിപ്പിച്ച് സ്വതന്ത്രമാക്കുകയാണ് അല്ലാഹു ചെയ്തത്. പശുവിനെ അറുക്കാന്‍ ബനൂഇസ്‌റാഈല്‍ സമൂഹത്തോട് അല്ലാഹു കല്‍പ്പിച്ചപ്പോള്‍ അറുക്കാന്‍ അവരുടെ മനസ്സ് യഥാര്‍ഥത്തില്‍ പാകപ്പെട്ടിരുന്നില്ല. അറുക്കപ്പെടേണ്ട പശുവിന്റെ പ്രത്യേകതകളെ കുറിച്ച് അവര്‍ ധാരാളമായി മൂസാനബിയോട് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും മൂസാനബി ഉത്തരം നല്‍കി. അവസാനം പൂജയ്ക്കായി പ്രത്യേകം തെരഞ്ഞെടുക്കപ്പെടാറുണ്ടായിരുന്ന സ്വര്‍ണ വര്‍ണമുള്ള പശുവിനെ അറുക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. അത്തരമൊരു പശുവിനെ അറുത്തപ്പോള്‍ പ്രത്യേകിച്ച് ഒരു ആപത്തും വന്നുപെട്ടില്ലെന്ന് മാത്രമല്ല, ഒരു കേസിന്റെ കുരുക്കഴിക്കാനും കഴിഞ്ഞു. അറുക്കപ്പെട്ട പശുവിന്റെ ശരീരഭാഗം കൊണ്ട് ഒരു മൃതശരീരത്തില്‍ തല്ലാന്‍ അവര്‍ കല്‍പ്പിക്കപ്പെടുകയും അപ്രകാരം ചെയ്തപ്പോള്‍ മൃതശരീരം എഴുന്നേറ്റ് തന്റെ ഘാതകന്റെ പേര് പറയുകയും കേസിന് തുമ്പുണ്ടാവുകയും ചെയ്തു. പൂജിക്കപ്പെടുന്ന ജീവനുള്ള സ്വര്‍ണ നിറമുള്ള പശുവിനേക്കാള്‍ പ്രയോജനകരം അറുക്കപ്പെട്ട പശുവിന്റെ മാംസഭാഗങ്ങളാണെന്ന്് കൂടി തെളിയിക്കുകയായിരുന്നു അല്ലാഹു ഈ നടപടി ക്രമത്തിലൂടെ. 

അല്ലാഹു-മനുഷ്യന്‍-മറ്റ് സൃഷ്ടി ജാലങ്ങള്‍ എന്നിവയ്ക്കിടയിലെ പരസ്പര ബന്ധത്തിന്റെ നിര്‍ണയമാണ് തൗഹീദിന്റെ ദര്‍ശനം. അവിടെ പൂജിക്കപ്പെടേണ്ട ഒന്നുമില്ല, ദൈവമല്ലാതെ. 

സൃഷ്ടികളെയെല്ലാം അല്ലാഹുവിന്റെ അനുഗ്രഹങ്ങളായിട്ടാണ് നോക്കിക്കാണേണ്ടത്. അവയോടുള്ള ധര്‍മ നിര്‍വഹണം ദൈവാരാധനയാണ്. പശുവിനെ പോറ്റല്‍, ചാണകം വളമായി ഉപയോഗപ്പെടുത്തല്‍, പോഷകാഹാരമെന്ന നിലക്ക് പാലിന്റെ ഉപയോഗം, പശുവിന് മാന്യമായി അന്നപാനീയങ്ങള്‍ നല്‍കല്‍ ഇതെല്ലാം അല്ലാഹുവിന്റെയടുക്കല്‍ പ്രതിഫലാര്‍ഹമായ പുണ്യകര്‍മങ്ങളാണ്. ആട്, കാള, എരുമ, പോത്ത്, കോഴി, മുയല്‍, താറാവ് എന്നിവയുമായി ബന്ധപ്പെട്ടും പ്രസ്തുത കാര്യങ്ങളെല്ലാം പുണ്യകര്‍മം തന്നെയാണ്. 

അല്‍ബഖറ (പശു) എന്നത് ഖുര്‍ആനിലെ രണ്ടാം അധ്യായ നാമമാണെങ്കില്‍ അല്‍-അന്‍ആം (കന്നുകാലികള്‍) എന്നത് ആറാം അധ്യായത്തിന്റെ നാമമാണ്. രണ്ടാം അധ്യായത്തില്‍ പശു എന്നര്‍ഥം വരുന്ന 'ബഖറ', 'ബഖര്‍' എന്നീ വാക്കുകള്‍ക്ക് പുറമേ പശുക്കുട്ടി എന്നര്‍ഥം വരുന്ന 'ഇജ്ല്‍' എന്ന വാക്കും ഉണ്ട്. ബനൂ ഇസ്്‌റാഈല്‍ സമൂഹത്തിന്റെ പശു ആരാധനാ കാഴ്ചപ്പാടിനെ നിരുപിക്കാനും, സൃഷ്ടി പൂജയുടെ അധമാവസ്ഥയില്‍ നിന്ന് അവരെ മോചിപ്പിക്കാനുള്ള സന്ദേശങ്ങള്‍ പ്രദാനം ചെയ്യാനുമാണ് ആ വാക്കുകളെല്ലാം പ്രസ്തുത അധ്യായത്തില്‍ വന്നിരിക്കുന്നത്. 

കൃഷി(ഹര്‍ഥ്)യും കന്നുകാലി (അന്‍ആം)കളും സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന ഘടകങ്ങളാണ്. വ്യാജ ദൈവങ്ങളെ തൃപ്തിപ്പെടുത്താന്‍ ചെയ്തു കൂട്ടുന്ന വിഡ്ഢിത്തങ്ങളെ വിമര്‍ശിക്കാനും അതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാനും തങ്ങളുടെയും കൃഷിയുടെയും കന്നുകാലികളുടെയും രക്ഷിതാവിന് വഴങ്ങുന്നവരായി അവരുടെ മനസ്സ് പാകപ്പെടുത്താനുമുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് അല്‍-അന്‍ആം എന്ന അധ്യായത്തിലുള്ളത്. 

കൃഷി ചെയ്യുന്നതും കന്നുകാലികളെ വളര്‍ത്തുന്നതും നല്ല സമ്പാദ്യം സമാഹരിക്കാനാണ്. ഇസ്‌ലാം അത് പ്രോല്‍സാഹിപ്പിക്കുകുയും ചെയ്യുന്നു. നിയമവിധേയമായി ധര്‍മബോധത്തോടെ, ദൈവചിന്തയോടെ അതില്‍ മുഴുകുന്നവര്‍ നിര്‍വഹിക്കുന്നത് ദൈവത്തിനുള്ള ഉപാസന തന്നെയാണ്. കൃഷി-കന്നുകാലി പൂജയായി അത് മാറുമ്പോള്‍ ദൈവ ധിക്കാരമായിത്തീരുകയും ചെയ്യുന്നു. 

കന്നുകാലികളുടെ പ്രയോജനങ്ങള്‍ സുറഃ അല്‍ അന്‍ആം ഇങ്ങനെ വിവരിക്കുന്നുണ്ട്: ''കന്നുകാലികളില്‍ സവാരി മൃഗങ്ങളുണ്ട്. 'വിരിപ്പ്' തയ്യാറാക്കാനുള്ള വകകളുമുണ്ട്. നിങ്ങള്‍ക്കത് ഭക്ഷണം കൂടിയാണ്. എല്ലാം അല്ലാഹുവിന്റെ ദാനങ്ങള്‍. പിശാചിന്റെ വഴിയേ നിങ്ങള്‍ പോകരുത്. അവന്‍ വ്യക്തമായ ശത്രുവാണ്.'' (അല്‍ അന്‍ആം: 142)

ബഹുവിധ ധര്‍മ നിര്‍വഹണത്തിനായി ദൈവം നല്‍കിയ മൃഗത്തെ പൂജാ വസ്തുവായി മാറ്റുക വഴി മനുഷ്യ ജീവിതത്തിന്റെ താളാത്മകമായ ഒഴുക്കിനാണ് നാം ഭംഗം വരുത്തുന്നത്. അതുകൊണ്ടാണ് ആ രീതിയെ ഖുര്‍ആന്‍ 'പൈശാചികം' എന്ന് വിളിക്കുന്നത്.

പൈശാചികം എന്ന വിളി ഏറെ ഗൗരവമര്‍ഹിക്കുന്ന ഒരു നിരൂപണമാണ്. ഭൂമിയില്‍ മനുഷ്യന്‍ അധിവാസമാരംഭിക്കുന്ന ഘട്ടത്തില്‍ തന്നെ ന്യായ ശൂന്യമായ വാദമുയര്‍ത്തി മാര്‍ഗ തടസ്സമുന്നയിച്ച, മനുഷ്യന്റെ സുഗമമായ ജീവിതയാത്രക്ക് മുമ്പാകെ പ്രതിബന്ധമൊരുക്കിയ ശക്തിയെയാണ് ഖുര്‍ആന്‍ പിശാച് എന്ന് വിളിക്കുന്നത്. 'തീ മാഹാത്മ്യം' ഉയര്‍ത്തിയാണ് പിശാച് ആദ്യ വെടി പൊട്ടിച്ചത്. 'ഞാന്‍ തീയാണ്, കൊള്ളാവുന്നവനാണ്; നീ മണ്ണാണ്, കൊള്ളാരുതാത്തവനാണ്' എന്നായിരുന്നു ആ വാദത്തിന്റെ ചുരുക്കും. വംശീയ-വര്‍ഗീയ ചിന്തയുടെ അടിവേര് നിലകൊള്ളുന്നത് ഈ പൈശാചിക ദര്‍ശനത്തിലാണ്. 

പശുവിന്റെ വ്യത്യസ്ത ധര്‍മങ്ങള്‍ വിസ്മരിച്ച് അതിനെ പൂജാമൃഗമാക്കി മാറ്റി പശു കേന്ദ്രിത വംശീയ വാദമുയര്‍ത്തി സമൂഹത്തില്‍ താളപ്പിഴ സൃഷ്ടിക്കുന്ന ഇന്ത്യയിലെ ഫാഷിസ്റ്റ് രാഷ്ട്രീയവും ഈ ഗണത്തിലാണ് പെടുത്തേണ്ടത്.  

വിശുദ്ധ ഖുര്‍ആനിലെ 16ാം അധ്യായത്തിന്റെ പേര് 'അന്നഹ്ല്‍' (തേനീച്ച) എന്നാണ്. ഈ അധ്യായവും കന്നുകാലികളുടെ വിവിധ പ്രയോജനങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്: ''അവന്‍ കാലികളെ സൃഷ്ടിച്ചു. അവയില്‍ നിങ്ങള്‍ക്ക് വസ്ത്രമുണ്ട്. ഭക്ഷണമുണ്ട്. വേറെയും പലതരം പ്രയോജനങ്ങളുണ്ട്. പ്രഭാതത്തില്‍ മേയാന്‍ വിടുമ്പോഴും പ്രദോഷത്തില്‍ തിരിച്ചെത്തുമ്പോഴും നിങ്ങള്‍ക്കവയില്‍ കൗതുകമുണ്ട്.'' (അന്നഹ്ല്‍: 5,6)

ജീവിത യാഥാര്‍ഥ്യങ്ങളുമായി വേര്‍പ്പെടുത്തപ്പെട്ട, വ്യതിചലിച്ച 'ആത്മീയ ദര്‍ശന'മാണ് പശു ഭക്തി ഉല്‍പാദിപ്പിക്കുന്നത്. ജീവിതത്തെയും ജീവി വര്‍ഗങ്ങളെയും ജീവിത ലക്ഷ്യത്തെയും കുറിച്ച സന്തുലിത കാഴ്ചപ്പാടാണ് ഇവിടെ പ്രബോധനം ചെയ്യപ്പെടേണ്ടത്. വ്യതിചലിച്ച 'ആത്മീയ രതി' പ്രദാനം ചെയ്യുന്ന 'ശിര്‍ക്കി'നെ ജീവിതത്തെക്കുറിച്ച സന്തുലിത കാഴ്ചപ്പാട് പ്രബോധനം ചെയ്യുന്ന തൗഹീദ് കൊണ്ട് അഭിമുഖീകരിക്കാന്‍ സാധിക്കണം. അതേ അധ്യായത്തില്‍ മറ്റൊരു പരാമര്‍ശം ഇങ്ങനെ: ''കന്നുകാലികളില്‍ നിങ്ങള്‍ക്കൊരു പാഠമുണ്ട്. അവയുടെ ഉദരത്തിലുള്ള ചാണകത്തിനും ചോരയ്ക്കുമിടയില്‍ നിന്നൊരു വസ്തു നാം നിങ്ങളെ കുടിപ്പിക്കുന്നു. കുടിക്കുന്നവരില്‍ ആനന്ദം ചൊരിയുന്ന നറും പാല്‍'' (16:66).

പശു ഒരു മഹാത്ഭുതം തന്നെ. ദൈവം മനുഷ്യര്‍ക്കനുഗ്രഹമായി നല്‍കിയ മഹാദാനം. ചാണകവും മൂത്രവും നിങ്ങള്‍ക്ക് വളം, പാല്‍ നിങ്ങള്‍ക്ക് പോഷകാഹാരം, മാംസം രുചികരമായ ഭക്ഷണം. കാണുന്നത് തന്നെ കൗതുകം. പോറ്റിവളര്‍ത്തുന്നത് അലങ്കാരം. ദൈവാനുഗ്രഹത്തിന്റെ മഹത്തായ നിദര്‍ശനം. പശു ഭക്തിയോ? വന്‍ അപകടമാണ് വിതക്കുന്നത്. ജീവിതത്തിന്റെ ഒരുപാട് അനുഗ്രഹങ്ങളെയാണ് അത് തടയുന്നത്. 

പശുവിനെ നമുക്ക് സ്‌നേഹിക്കാം. പശുവിനെ നമുക്ക് പ്രയോജനപ്പെടുത്താം. പശു വളര്‍ത്തല്‍ വഴി വൈവിധ്യമാര്‍ന്ന ദിവ്യാനുഗ്രഹങ്ങള്‍ നമുക്കാസ്വദിക്കാം. ഹിന്ദു വീടുകളിലും മുസ്‌ലിം വീടുകളിലും ക്രൈസ്തവ വീടുകളിലും കമ്യൂണിസ്റ്റ് വീടുകളിലും ദലിതന്റെയും ഈഴവന്റെയും വീടുകളിലും പശുക്കള്‍ ധാരാളമായി വളരട്ടെ. ഇന്ത്യയുടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ അതിനാല്‍ സജീവമായിത്തീരട്ടെ. പശു വളര്‍ത്തുന്നവരുടേതായ സൗഹൃദക്കൂട്ടായ്മകളും രൂപപ്പെടട്ടെ. ചാണകവും പാലും തോലും മാംസവും എല്ലാം ശാസ്്ത്രീയമായി, ആസൂത്രിതമായി പ്രയോജനപ്പെടുത്തപ്പെടുന്ന ഒരു വികസന സംസ്‌കാരം നമുക്ക് കെട്ടിപ്പടുക്കാം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 23/ അല്‍മുഅ്മിനൂന്‍/ 19-23
എ.വൈ.ആര്‍