Prabodhanm Weekly

Pages

Search

2015 നവംബര്‍ 13

ബഹുദൈവ വിശ്വാസം അന്ധവിശ്വാസങ്ങളുടെ മാതാവ്

അബ്ദുല്ലത്വീഫ് കൊടുവള്ളി /ലേഖനം

         ഖുര്‍ആനിക ചരിത്ര വ്യാഖ്യാനമനുസരിച്ച് ആദിമ മനുഷ്യര്‍ ഏക ദൈവ വിശ്വാസികളായിരുന്നു. താഴെ സൂക്തങ്ങള്‍ ഈ വസ്തുത അസന്ദിഗ്ധമായി സ്ഥാപിക്കുന്നുണ്ട്. ''അല്ലാഹുവിന് പുറമേ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചുകൊണ്ടിരിക്കുന്നു. അവര്‍ (ആരാധ്യര്‍) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശിപാര്‍ശകരാണ് എന്നുപറയുകയും ചെയ്യുന്നു. (നബിയേ!) താങ്കള്‍ പറയുക: ആകാശങ്ങളിലോ ഭൂമിയിലോ ഉള്ളതായി അല്ലാഹുവിനറിയാത്ത വല്ല കാര്യവും നിങ്ങള്‍ അവന് അറിയിച്ചു കൊടുക്കുകയാണോ? അല്ലാഹു അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനും ഉന്നതനുമായിരിക്കുന്നു. മനുഷ്യര്‍ ഒരൊറ്റ സമൂഹം മാത്രമായിരുന്നു. എന്നിട്ടവര്‍ ഭിന്നിച്ചിരിക്കുകയാണ്. നിന്റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു വചനം മുന്‍കൂട്ടി ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്ന വിഷയത്തില്‍ അവര്‍ക്കിടയില്‍ (ഇതിനകം) തീര്‍പ്പുകല്‍പ്പിക്കപ്പെട്ടിരുന്നേനേ'' (യുനുസ്: 18,19).

ഇക്കാര്യം കൂടുതലിടങ്ങളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ''മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കാനും (നിഷേധികള്‍ക്ക്) താക്കീത് നല്‍കാനുമായി അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു. അവര്‍ (ജനങ്ങള്‍) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പു കല്‍പ്പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു.'' (അല്‍ബഖറ: 213)

''(മനുഷ്യരേ,) തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം -ഏകസമുദായം. ഞാന്‍ നിങ്ങളുടെ രക്ഷിതാവും. അതിനാല്‍ നിങ്ങള്‍ എനിക്ക് ഇബാദത്തു പെയ്യുവിന്‍'' (അല്‍അമ്പിയാഅ്: 92).

''തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം. ഞാനാണ് നിങ്ങളുടെ രക്ഷിതാവ്. അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിച്ചു ജീവിക്കുവിന്‍'' (അല്‍മുഅ്മിനൂന്‍: 52).

ഇത്തരം സൂക്തങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഇബ്‌നു കസീര്‍ എഴുതുന്നു:  ''ബഹുദൈവത്വ വാദം മനുഷ്യാരംഭത്തിലുണ്ടായിരുന്നില്ല. അത് പുത്തനാവിഷ്‌കാരമാണ്. എല്ലാ മനുഷ്യരും ഇസ്‌ലാം ദീനില്‍ നിലക്കൊണ്ടവരായിരുന്നു.'' ഇബ്‌നു അബ്ബാസ് പറയുന്നു: ''ആദമിന്റെയും നൂഹിന്റെയും ഇടയില്‍ പത്തു നൂറ്റാണ്ടുകാലം മനുഷ്യര്‍ ഇസ്‌ലാമനുസരിച്ച് ജീവിച്ചു. ജനങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തതും വിഗ്രഹാരാധനാ സംസ്‌കാരത്തിന് തുടക്കമായതും അതിന് ശേഷമാണ്.'' (യൂനുസ് 18, 19 ഇബ്‌നു കസീറിന്റെ വ്യാഖ്യാനം). ചുരുക്കത്തില്‍, മാനവ സമൂഹം ആദി ദശയില്‍ ഏകദൈവ വിശ്വാസികളായിരുന്നു, അഥവാ, ഏകസ്വരമായിരുന്നു; ബഹുസ്വരത പിന്നീടുണ്ടായതാണ്. 

ശിര്‍ക്ക് വ്യാജ ആശയം

സാക്ഷാല്‍ പ്രപഞ്ചനാഥനായ അല്ലാഹുവിനു പകരം ആരാധിക്കപ്പെടുകയോ നിരുപാധികം അനുസരിക്കപ്പെടുകയോ ചെയ്യുന്ന സകല ദൈവങ്ങളും ഖുര്‍ആന്റെ ഭാഷയില്‍ വ്യാജമാണ്. ''അല്ലാഹുവിന്നു പുറമേ നിങ്ങള്‍ വ്യാജമായി മറ്റു ദൈവങ്ങളെ ആഗ്രഹിക്കുകയോ?'' (അസ്സ്വാഫാത്ത്: 86) 

''നിങ്ങള്‍ അല്ലാഹുവിനു പുറമേ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും, കള്ളം കെട്ടിയുണ്ടാക്കുകയുമാണ് ചെയ്യുന്നത്'' (അല്‍അന്‍കബൂത്ത്: 17). 

അല്ലാഹുവിന്റെ സന്മാര്‍ഗം കണ്ടെത്താന്‍ കഴിയാത്തവര്‍ സ്വയം വ്യാജത്തിലകപ്പെടുക മാത്രമല്ല, സന്മാര്‍ഗം കണ്ടെത്തിയവരെ വ്യാജവാദികള്‍ എന്ന് കുറ്റപ്പെടുത്തുക കൂടി ചെയ്യുന്നു എന്നതാണ് വിചിത്രം. 

''ഇതിലൂടെ അവര്‍ സന്മാര്‍ഗം കണ്ടെത്തിയില്ലെങ്കില്‍, അവര്‍ പറയുക, ഇത് പഴയ വ്യാജമാണെന്നാണ്'' (അല്‍അഹ്ഖാഫ്: 11). 

ഭൗതിക താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍, താല്‍കാലികമായ ലാഭങ്ങള്‍ക്കു വേണ്ടി, പൈശാചിക പ്രലോഭനങ്ങളാല്‍ ആവിഷ്‌കൃതമായതാണ് എക്കാലത്തെയും ബഹുദൈവ വിശ്വാസമെന്നാണ് ഖുര്‍ആന്‍ ഭാഷ്യം. 

''ഇബ്‌റാഹീം നബി പറഞ്ഞു: ''അല്ലാഹുവിനു പുറമെ നിങ്ങള്‍ വിഗ്രഹങ്ങളെ സ്വീകരിച്ചിട്ടുള്ളത് ഐഹികജീവിതത്തില്‍ നിങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ പേരില്‍ മാത്രമാകുന്നു.'' (അല്‍ അന്‍കബൂത്ത്: 25). 

ശിര്‍ക്ക് പിശാചിന്റെ കുതന്ത്രം

മനുഷ്യരെ ഭയപ്പെടുത്തി വശത്താക്കുകയാണ് പിശാചിന്റെ കുതന്ത്രം. ''നിങ്ങളെ പേടിപ്പിക്കാന്‍ ശ്രമിച്ചത് പിശാചു മാത്രമാകുന്നു. അവന്‍ തന്റെ മിത്രങ്ങളെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയാണ്. അതിനാല്‍ നിങ്ങള്‍ അവരെ ഭയപ്പെടാതെ എന്നെ ഭയപ്പെടുക, നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍'' (ആലുഇംറാന്‍: 175). 

''അല്ലാഹുവിനു പുറമെയുള്ള (വ്യാജദൈവങ്ങളെ) പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു.'' (അസ്സുമര്‍: 36)

വ്യാജ ദൈവങ്ങളെപ്പറ്റി പറഞ്ഞ് പേടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇബ്‌റാഹീം നബി നടത്തിയ പ്രതികരണം ഖുര്‍ആന്‍ ഉദ്ധരിക്കുന്നത് കാണുക: ''നിങ്ങള്‍ അല്ലാഹുവിനോട് പങ്കുചേര്‍ക്കുന്ന ഒന്നിനെയും ഞാന്‍ ഭയപ്പെടുകയില്ല... നിങ്ങള്‍ (അല്ലാഹുവോട്) പങ്കുചേര്‍ത്തതിനെ ഞാന്‍ എങ്ങനെ ഭയപ്പെടും? നിങ്ങളാവട്ടെ, അല്ലാഹു നിങ്ങള്‍ക്ക് യാതൊരു പ്രമാണവും നല്‍കിയിട്ടില്ലാത്ത വസ്തുക്കളെ അവനോട് പങ്കുചേര്‍ക്കുന്നതിനെപ്പറ്റി ഭയപ്പെടുന്നുമില്ല. അപ്പോള്‍ രണ്ടു കക്ഷികളില്‍ ആരാണ് നിര്‍ഭയരായിരിക്കാന്‍ കൂടുതല്‍ അര്‍ഹതയുള്ളവര്‍'' (അല്‍അന്‍ആം: 80, 81). 

''അല്ലാഹു  യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്ത വസ്തുക്കളെ അല്ലാഹുവോട് അവര്‍ പങ്കു ചേര്‍ത്തതിനാല്‍ സത്യനിഷേധികളുടെ മനസ്സുകളില്‍ നാം ഭയം ഇട്ടുകൊടുക്കുന്നതാണ്'' (ആലുഇംറാന്‍: 151).

ഏകനും യഥാര്‍ഥവുമായ അല്ലാഹുവിന് പകരം വ്യാജ ബഹുദൈവങ്ങളെ വണങ്ങുന്നവര്‍ക്ക് അവരെയെല്ലാം ഭയപ്പെടേണ്ടിവരുന്നു. എല്ലാവരെയും തൃപ്തിപ്പെടുത്താന്‍ കഴിയാത്തതിനാല്‍ മാനസിക സമ്മര്‍ദ്ദമനുഭവിക്കേണ്ടി വരുന്നു (അസ്സുമര്‍: 29 കാണുക). വരുമാനത്തിന്റെ നല്ലൊരു ഭാഗം എല്ലാ ദൈവങ്ങളെയും പ്രസാദിപ്പിക്കാനായി ചെലവിടേണ്ടി വരുന്നു. അതേ സമയം ഏകദൈവ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇത്തരം പ്രതിസന്ധികളില്ലെന്നു മാത്രമല്ല, പൂര്‍ണമായ മനസ്സമാധാനമടയാന്‍ കഴിയുന്നു. ''സത്യവിശ്വാസം കൈക്കൊള്ളുകയും തങ്ങളുടെ വിശ്വാസത്തില്‍ അക്രമം (ബഹുദൈവത്വം) കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്യുന്നവരാരോ, അവര്‍ക്കാകുന്നു നിര്‍ഭയത്വം, അവര്‍ തന്നെയാകുന്നു സന്മാര്‍ഗ പ്രാപ്തരായവര്‍'' (അല്‍ അന്‍ആം: 82). 

പ്രീണനം മറ്റൊരു തന്ത്രം

ഭയപ്പെടുത്തി വശപ്പെടുത്തുക എന്നതുപോലെ പിശാച് സ്വീകരിക്കുന്ന മറ്റൊരു രീതിയാണ് പ്രീണനം അഥവാ മോഹിപ്പിക്കല്‍. പിശാചിന്റെ സ്വഭാഷ്യം കാണുക: ''അവരെ ഞാന്‍ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും പെയ്യും. ഞാനവരോട് കല്‍പ്പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറി മുറിക്കും (ബഹു ദൈവങ്ങള്‍ക്ക് നേര്‍ച്ചയാക്കിയ ഒട്ടകങ്ങളെ തിരിച്ചറിയാന്‍ വേണ്ടി അറബികള്‍ അവയുടെ കാത് കീറി അടയാളം വെച്ചിരുന്നു). ഞാന്‍ അവരോട് കല്‍പ്പിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്റെ സൃഷ്ടി (പ്രകൃതി)യെ അലങ്കോലപ്പെടുത്തും. വല്ലവനും അല്ലാഹുവിനു പുറമേ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു. പിശാച് അവര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കുകയും അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നു-പിശാച് അവര്‍ക്ക് നല്‍കുന്ന വാഗ്ദാനം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല.'' (അന്നിസാഅ്: 119,120). 

ദുന്‍യാവില്‍ തന്റെ പ്രലോഭനത്തിന് വിധേയരായി, പരലോകത്ത് ഹത ഭാഗ്യരായവരോട് പിശാച് പറയും: ''തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്തു. എന്നാല്‍, നിങ്ങളോട് (ഞാന്‍ പെയ്ത വാഗ്ദാനം) ലംഘിച്ചു. എനിക്ക് നിങ്ങളുടെ മേല്‍ യാതൊരധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങള്‍ എനിക്ക് ഉത്തരം നല്‍കി എന്നുമാത്രം-ആകയാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട നിങ്ങള്‍ നിങ്ങളെ തന്നെ കുറ്റപ്പെടുത്തുക... '' (ഇബ്‌റാഹീം: 22).

സാക്ഷാല്‍ ദൈവത്തോട് വ്യാജസ്‌നേഹം

സാക്ഷാല്‍ ദൈവമായ അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും കാംക്ഷിച്ചാണ് തങ്ങള്‍ മറ്റു ദൈവങ്ങളെ ആരാധിക്കുന്നതെന്നാണ് എക്കാലത്തെയും ബഹുദൈവ വിശ്വാസികളുടെ വാദം. അതേസമയം, അല്ലാഹുവിനോടുള്ളതിനേക്കാള്‍ ഭയഭക്തിയും സ്‌നേഹവും അര്‍പ്പണവും വ്യാജന്മാരോടാണ് അവര്‍ പ്രകടിപ്പിക്കുക. ''അല്ലാഹുവെപ്പറ്റി മാത്രം പ്രസ്താവിക്കപ്പെട്ടാല്‍ പരലോകത്തില്‍ വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ക്ക് അസഹ്യത അനുഭവപ്പെടുന്നതാണ്. അല്ലാഹുവിന് പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാലോ അപ്പോഴതാ അവര്‍ സന്തുഷ്ട ചിത്തരാകുന്നു'' (അസ്സുമര്‍: 45). 

''അല്ലാഹുവോട് മാത്രം പ്രാര്‍ഥിക്കപ്പെട്ടാല്‍ നിങ്ങള്‍ അവിശ്വസിക്കുകയും, അവനോട് പങ്കാളികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തിരുന്നു'' (ഗാഫിര്‍: 12). 

'സൂറത്തുത്തൗഹീദ്' എന്നു കൂടി പേരുള്ള 'അല്‍ അന്‍ആം' അധ്യായത്തില്‍ ജാഹിലിയ്യ കാലത്തെ അറബികളുടെ വ്യത്യസ്ത ബഹുദൈവ വിശ്വാസങ്ങളും അനാചാരങ്ങളും വിവരിച്ചിട്ടുണ്ട്. ജാഹിലിയ്യാ വിശ്വാസങ്ങള്‍ അറിയേണ്ടവര്‍ പ്രസ്തുത അധ്യായം പാരായണം ചെയ്താല്‍ മതിയെന്ന് ഇബ്‌നു അബ്ബാസി(റ)ന്റെ പ്രസ്താവന ഇതിനോട് ചേര്‍ത്തു വായിക്കാം. അല്ലാഹുവിനോടുള്ളതിനേക്കാള്‍ വ്യാജ ദൈവങ്ങളോടുള്ള അവരുടെ ഭക്തിപാരവശ്യം തുറന്നു കാണിക്കുന്നവയാണ് അവയത്രയും. ഉദാഹരണം: ''അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിയ കൃഷിയില്‍ നിന്നും, കന്നുകാലികളില്‍ നിന്നും അവര്‍ അവന്ന് ഒരു ഓഹരി നിശ്ചയിച്ചു കൊടുത്തിരിക്കുകയാണ്. എന്നിട്ട് അവരുടെ ജല്‍പനമനുസരിച്ച് ഇത് അല്ലാഹുവിനുള്ളതും, മറ്റേത് തങ്ങള്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ക്കുള്ളതുമാണെന്ന് അവര്‍ പറഞ്ഞു. എന്നാല്‍, അവരുടെ പങ്കാളികള്‍ക്കുള്ളത് അല്ലാഹുവിന്നെത്തുകയില്ല. അല്ലാഹുവിനുള്ളതാകട്ടെ അവരുടെ പങ്കാളികള്‍ക്കെത്തുകയും ചെയ്യും. അവര്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് എത്രമോശം'' (അല്‍ അന്‍ആം: 136).

അന്ധവിശ്വാസങ്ങളുടെ മാതാവ്

ബഹുദൈവ വിശ്വാസത്തിന്റെ ദൂഷ്യങ്ങളില്‍ ഏറെ പ്രധാനമാണ് അത് അന്ധവിശ്വാസങ്ങള്‍ക്ക് കാരണമാകുന്നു എന്നത്. ഇതിന്റെ ചില മാതൃകകള്‍ ഖുര്‍ആന്‍ അവതരിപ്പിച്ചിട്ടുണ്ട്. ജിന്നുകളെയും മലക്കുകളെയും കുറിച്ച മക്കാ മുശ്‌രിക്കുകളുടെ അന്ധവിശ്വാസങ്ങള്‍ ഉദാഹരണം. ''അവര്‍ ജിന്നുകളെ അല്ലാഹുവിന് പങ്കാളികളാക്കിയിരിക്കുന്നു. എന്നാല്‍ അവരെ-ജിന്നുകളെ-അല്ലാഹു സൃഷ്ടിച്ചതാണ്. ഒരു വിവരവും കൂടാതെ അവന്ന് പുത്രന്മാരെയും പുത്രിമാരെയും അവര്‍ ആരോപിച്ചുണ്ടാക്കിയിരിക്കുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനും ഉന്നതനുമാകുന്നു'' (അല്‍ അന്‍ആം: 100). 

''അല്ലാഹുവിനും ജിന്നുകള്‍ക്കുമിടിയില്‍ അവര്‍ കുടുംബ ബന്ധം സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ തീര്‍ച്ചയായും തങ്ങള്‍ ശിക്ഷയ്ക്ക് ഹാജരാക്കപ്പെടുക തന്നെ ചെയ്യുമെന്ന് ജിന്നുകള്‍ മനസ്സിലാക്കിയിട്ടുണ്ട്'' (അസ്സ്വാഫാത്ത്:158). 

''അവരെ മുഴുവന്‍ ഒരുമിച്ചു കൂട്ടുന്ന ദിവസം (ശ്രദ്ധേയമാകുന്നു), എന്നിട്ട് അവന്‍ മലക്കുകളോട് ചോദിക്കും: നിങ്ങളെയാണോ ഈ കൂട്ടര്‍ ആരാധിച്ചിരുന്നത്? അവര്‍ പറയും: നീ എത്ര പരിശുദ്ധന്‍! നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അവരല്ല. എന്നാല്‍ അവര്‍ ജിന്നുകളെയായിരുന്നു ആരാധിച്ചിരുന്നത്. അവരില്‍ അധികപേരും ജിന്നുകളില്‍ വിശ്വസിക്കുന്നവരത്രെ'' (സബഅ്: 40-41).

മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന അന്ധവിശ്വാസം മക്കാ മുശ്‌രിക്കുകളില്‍ രൂഢമൂലമായിരുന്നു. ഖുര്‍ആന്‍ പറയുന്നതു കാണുക: ''അല്ലാഹുവിന് അവര്‍ പെണ്‍ മക്കളെ സ്ഥാപിക്കുന്നു. അവന്‍ എത്രയോ പരിശുദ്ധന്‍. അവര്‍ക്കാകട്ടെ, അവര്‍ ഇഷ്ടപ്പെടുന്നതും (ആണ്‍മക്കള്‍)'' (അന്നഹ്ല്‍: 57).

''നിങ്ങളുടെ രക്ഷിതാവ് ആണ്‍മക്കളെ നിങ്ങള്‍ക്ക് പ്രത്യേകമായി നല്‍കുകയും അവന്‍ മലക്കുകളില്‍ നിന്ന് പെണ്‍മക്കളെ സ്വീകരിക്കുകയും ചെയ്തിരിക്കുകയാണോ? തീര്‍ച്ചയായും ഗുരുതരമായ ഒരു വാക്ക് തന്നെയാകുന്നു നിങ്ങള്‍ പറയുന്നത്'' (അല്‍ ഇസ്‌റാഅ്: 40). 

''പരമ കാരുണികന്റെ ദാസന്മാരായ മലക്കുകളെ അവര്‍ പെണ്ണുങ്ങളാക്കിയിരിക്കുന്നു. അവരെ (മലക്കുകളെ) സൃഷ്ടിച്ചതിന് അവര്‍ സാക്ഷ്യം വഹിച്ചിരുന്നോ? അവരുടെ സാക്ഷ്യം രേഖപ്പെടുത്തുന്നതും അവര്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണോ?'' (അസ്സുഖ്‌റുഫ്: 19). 

''തീര്‍ച്ചയായും പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ മലക്കുകള്‍ക്ക് പേരിടുന്നത് സ്ത്രീ നാമങ്ങളാകുന്നു'' (അന്നജ്മ്: 27).

പൈശാചിക പ്രേരണകള്‍ക്ക് വശംവദരായി സന്താനഹത്യ നടത്തിയിരുന്ന അറബികളുടെ നടപടിയായിരുന്നു. മറ്റൊരു അന്ധവിശ്വാസം. ''അപ്രകാരം, ബഹുദൈവ വാദികളില്‍ പെട്ട പലര്‍ക്കും സ്വന്തം മക്കളെ കൊല്ലുന്നത് അവര്‍ പങ്കാളികളാക്കിയ ദൈവങ്ങള്‍ ഭംഗിയായി തോന്നിപ്പിച്ചിരിക്കുന്നു. അവരെ നാശത്തില്‍ പെടുത്തുകയും, അവര്‍ക്ക് അവരുടെ മതം തിരിച്ചറിയാന്‍ പറ്റാതാക്കുകയുമാണ് അതു കൊണ്ടുണ്ടായിത്തീരുന്നത്... ഭോഷത്വം കാരണമായി ഒരു വിവരവുമില്ലാതെ സ്വന്തം സന്താനങ്ങളെ കൊല്ലുകയും, തങ്ങള്‍ക്ക് അല്ലാഹു നല്‍കിയത് അല്ലഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചു കൊണ്ട് നിഷിദ്ധമാക്കുകയും ചെയ്തവര്‍ തീര്‍ച്ചയായും നഷ്ടത്തില്‍ പെട്ടിരിക്കുന്നു. തീര്‍ച്ചയായും അവര്‍ പിഴച്ചു പോയി. അവര്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവരായില്ല'' (അല്‍ആന്‍ആം: 137, 140).

ദാരിദ്ര്യഭയത്താലും ദേവീദേവന്മാരെ പ്രസാദിപ്പിക്കാനെന്ന പേരിലും ജാഹിലിയ്യ അറബികള്‍ ശിശുക്കളെ വധിച്ചിരുന്നു. 

ഇതര സമൂഹങ്ങളില്‍ നിന്ന് മുസ്‌ലിംകളില്‍ കടന്നു കൂടിയ അന്ധവിശ്വാസങ്ങള്‍ പരിശോധിച്ചാല്‍ അവയത്രയും ബഹുദൈവ വിശ്വാസമയമാണെന്നു കാണാം. വാസ്തുവിദ്യ എന്ന പേരില്‍ വീടു  നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഹൈന്ദവര്‍ വിശ്വസിച്ചു പോരുന്ന 'കന്നിമൂല' വിശ്വാസം ഇസ്‌ലാമിക പാരമ്പര്യമാണെന്ന മൂഢധാരണയില്‍ കേരളത്തിലെ വലിയൊരു വിഭാഗം മുസ്‌ലിംകള്‍ വിശ്വസിച്ചു പോരുന്നത് നമ്മുടെ അനുഭവമാണല്ലോ. ജീവിതത്തിന്റെ ചെറുതും വലുതുമായ എല്ലാ മേഖലകളിലും ഇത്തരത്തിലുളള അന്ധവിശ്വാസങ്ങള്‍ കാണാം. തൗഹീദിലധിഷ്ഠിതമായ നിരന്തര ബോധവല്‍ക്കരണത്തിലൂടെ മാത്രമേ ഇത് മാറ്റിയെടുക്കാന്‍ കഴിയൂ. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 23/ അല്‍മുഅ്മിനൂന്‍/ 19-23
എ.വൈ.ആര്‍