Prabodhanm Weekly

Pages

Search

2015 നവംബര്‍ 13

തുര്‍ക്കിയില്‍ ഉര്‍ദുഗാന്‍ വിപ്ലവം വീണ്ടും

അനീസുദ്ദീന്‍ ചെറുകുളമ്പ് /കവര്‍‌സ്റ്റോറി

         ലോകമെമ്പാടുമുള്ള നിരാലംബരായ അഭയാര്‍ഥികള്‍ക്ക് താങ്ങും തണലുമായി നിന്ന തുര്‍ക്കിയിലെ അക്പാര്‍ട്ടി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മിന്നുന്ന ജയം കൈവരിച്ചിരിക്കുകയാണ്. 2001 ആഗസ്ത് 14 നാണ് അക്പാര്‍ട്ടി രൂപീകൃതമായത്. റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആണ് പാര്‍ട്ടിയുടെ ചെയര്‍മാനും സ്ഥാപക നേതാവും. 2007ല്‍ തുര്‍ക്കിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 46.6% വോട്ടും 341 സീറ്റുകളും നേടി അക്പാര്‍ട്ടി  അധികാരത്തിലെത്തി. റജബ് ത്വയ്യിബ് ഉര്‍ദുഗാനാണ് ഇപ്പോള്‍ തുര്‍ക്കിയുടെ പ്രസിഡന്റ്. 1954 ഫെബ്രുവരി 26ല്‍ ഇസ്തംബൂളിലാണ്  റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍  ജനിച്ചത്. 1969 മുതല്‍ 1982 വരെയുള്ള കാലയളവില്‍ അര്‍ധ പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനായിരുന്ന ഉര്‍ദുഗാന്‍, മാനേജ്‌മെന്റില്‍ ശിക്ഷണവും നേടിയിട്ടുണ്ട്. ഒരു ഭക്ഷണ മൊത്തക്കച്ചവട സ്ഥാപനത്തില്‍ എക്‌സിക്യൂട്ടീവായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1981 ല്‍ മര്‍മറ സര്‍വകലാശാലയിലെ ധന തത്വശാസ്ത്ര വാണിജ്യ വിഭാഗത്തില്‍ നിന്നാണ് ഉര്‍ദുഗാന്‍ ബിരുദം നേടിയത്. പതിനെട്ടാമത്തെ വയസ്സ് മുതല്‍ അദ്ദേഹം രാഷ്ട്രീയ ഗോദയിലുണ്ട്. ഇസ്‌ലാമികാഭിമുഖ്യമുള്ള അര്‍ബകാന്റെ വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ഉര്‍ദുഗാന്‍, 1994 മാര്‍ച്ചില്‍ ഇസ്തംബൂള്‍ നഗരസഭയിലേക്ക് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച് നഗരസഭ മേയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

ഉര്‍ദുഗാന്‍ മേയറായിരുന്ന കാലത്ത്, ഇസ്തംബൂളില്‍ മികച്ച ഭരണം കാഴ്ചവെക്കുകയുണ്ടായി. 1997 ഡിസംബറില്‍ കുര്‍ദിഷ് മേഖലയില്‍ നടത്തിയ പ്രസംഗത്തില്‍, മത വംശീയ വിദ്വേഷം പരത്തി എന്നാരോപിച്ച് 1998 ഏപ്രിലില്‍ സ്‌റ്റേറ്റ് സെക്യൂരിറ്റി കോര്‍ട്ട് ഉര്‍ദുഗാനെ കുറ്റക്കാരനായി വിധിച്ചു. സെപ്റ്റംബറില്‍ സുപ്രീം കോടതി അദ്ദേഹത്തെ പത്തു മാസത്തെ തടവുശിക്ഷക്ക് വിധിക്കുകയും, തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. നാല് മാസത്തിനകം അദ്ദേഹം ജയില്‍ മോചിതനായി. 1998ല്‍ വെല്‍ഫെയര്‍ പാര്‍ട്ടി നിരോധിക്കപ്പെട്ടതിനെത്തുടര്‍ന്ന് മറ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ഉര്‍ദുഗാന്‍ വെര്‍ച്യൂ പാര്‍ട്ടിയില്‍ അംഗമായി. 2001 ല്‍ വെര്‍ച്യൂ പാര്‍ട്ടി നിരോധിക്കപ്പെട്ടതോടെ രണ്ടായി പിളര്‍ന്ന പാര്‍ട്ടിയുടെ, യുവാക്കള്‍ക്ക് മുന്‍തൂക്കമുള്ള വിഭാഗത്തിന്റെ നേതൃസ്ഥാനത്തെത്തി. തുര്‍ക്കി പാര്‍ലമെന്റില്‍ വെര്‍ച്യൂ പാര്‍ട്ടിക്കുണ്ടായിരുന്ന അംഗങ്ങളില്‍ പകുതിയിലധികം ഈ വിഭാഗത്തോടൊപ്പമായിരുന്നു. അവരാണ് പിന്നീട്, ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി (അക്പാര്‍ട്ടി) എന്ന പേരില്‍ അറിയപ്പെട്ടത്. നജ്മുദ്ദീന്‍ അര്‍ബകാന്‍ നയിച്ച എതിര്‍ വിഭാഗത്തെ (ഫെലിസിറ്റി പാര്‍ട്ടി) 48 പാര്‍ലമെന്റംഗങ്ങള്‍ പിന്തുണച്ചിരുന്നു. ഉര്‍ദുഗാന് ശേഷം, അബ്ദുല്ല ഗുല്‍ ആയിരുന്നു അന്ന് അക്പാര്‍ട്ടിയിലെ രണ്ടാമന്‍. 2001 ഓഗസ്റ്റില്‍ പാര്‍ട്ടിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന്, അക്പാര്‍ട്ടി  മതേതരത്വത്തെ മുറുകെപ്പിടിക്കുമെന്ന് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു. മതത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ചൂഷണം ചെയ്യുന്നതിനെ അദ്ദേഹം ശക്തമായി എതിര്‍ത്തു. 2003 മാര്‍ച്ചില്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്‍ പാര്‍ലമെന്റിലേക്ക് മല്‍സരിച്ചു. 84 ശതമാനം വോട്ട് നേടി അദ്ദേഹം വിജയിക്കുകയും ചെയ്തു. പാര്‍ലമെന്റിലെത്തിയ ഉറുദുഗാന് പ്രധാനമന്ത്രി സ്ഥാനം നല്‍കുന്നതിന് അബ്ദുല്ല ഗുല്‍ തല്‍സ്ഥാനം രാജിവെക്കുകയും ഉര്‍ദുഗാനു കീഴില്‍ രൂപീകരിക്കപ്പെട്ട പുതിയ മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയാവുകയും ചെയ്തു.

അധികാരമേറ്റതിനു ശേഷം തുര്‍ക്കിയുടെ യൂറോപ്യന്‍ യൂനിയനിലുള്ള സ്ഥിരാംഗത്വത്തിനു വേണ്ടി ഉര്‍ദുഗാന്‍ ശ്രമം തുടര്‍ന്നു. കുര്‍ദിഷ് അനുകൂല നിലപാടുകാരെ ശിക്ഷിക്കുന്നതിനായി ദുരുപയോഗം ചെയ്തിരുന്ന തീവ്രവാദ വിരുദ്ധ നിയമത്തിലെ കുപ്രസിദ്ധമായ എട്ടാം വകുപ്പ് ഒഴിവാക്കി. ഇതോടൊപ്പം കുര്‍ദുകള്‍ക്ക് സാംസ്‌കാരികാവകാശങ്ങള്‍ അനുവദിച്ചു. കുട്ടികള്‍ക്ക്  കുര്‍ദിഷ് പേരുകളിടാനും, കുര്‍ദിഷ് ഭാഷയിലുള്ള സ്വകാര്യ റേഡിയോ ടെലിവിഷന്‍ ചാനലുകള്‍ തുടങ്ങാനും അനുമതി നല്‍കി. 2003 ജൂലൈയില്‍ നടപ്പാക്കിയ പരിഷ്‌കരണ നടപടി ഏറെ പ്രധാനപ്പെട്ടതായിരുന്നു. അതുവഴി സൈനിക നേതൃത്വത്തിന് ഭൂരിപക്ഷമുള്ള നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ നിര്‍വഹണാധികാരങ്ങള്‍ ഇല്ലായ്മ ചെയ്തു. ഉര്‍ദുഗാന്റെ ഭരണ നേട്ടങ്ങള്‍ 2004 മാര്‍ച്ചിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യക്തമായി പ്രതിഫലിച്ചു. അക്പാര്‍ട്ടിയുടെ ജനപിന്തുണ 34 ശതമാനത്തില്‍ നിന്ന് 43 ശതമാനമായി വര്‍ധിച്ചു. ആകെയുള്ള 81 നഗരസഭകളില്‍ 51 ഉം പാര്‍ട്ടി കരസ്ഥമാക്കി. 1999-2002 കാലയളവിലെ തുര്‍ക്കിയിലെ സാമ്പത്തിക മാന്ദ്യവും വ്യാപകമായ അഴിമതിയും മൂലം പ്രതിപക്ഷത്തിരുന്ന വെര്‍ച്യൂ പാര്‍ട്ടിയുടെ ജനപിന്തുണ കാര്യമായി വര്‍ധിച്ചിരുന്നു. അഴിമതിരഹിതമായ മികച്ച ഭരണം കാഴ്ച വെച്ചതു കൊണ്ടാണ്  ഉറുദുഗാന് കാലങ്ങളായി സ്വന്തം രാജ്യത്ത്  ഇത്രയധികം സ്വാധീനം ചെലുത്താന്‍ കഴിഞ്ഞത്.

വിവിധ രാഷ്ട്രങ്ങളുടെ ശ്രദ്ധേയമായ മുപ്പത്തിയഞ്ച് ബഹുമതികള്‍ ഉറുദുഗാന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ചു നല്‍കപ്പെടുകയുണ്ടായി. ലോകത്തിലെ 27 സര്‍വകലാശാലകള്‍ അദ്ദേഹത്തിന് ഡോക്ടറേറ്റും നല്‍കിയിട്ടുണ്ട്. ഇക്കാരണത്താല്‍ ലോക രാഷ്ട്ര നായകരില്‍ നിന്നും അദ്ദേഹം തീര്‍ത്തും വ്യത്യസ്തനാണ്. ഇസ്‌ലാമിക ചരിത്രത്തില്‍ തങ്ക ലിപികളാല്‍  രേഖപ്പെടുത്തപ്പെട്ട ഭരണാധികാരികളുടെ പല മഹത് ഗുണങ്ങളും വിനീതനും സൗമ്യനുമായ ഇദ്ദേഹത്തില്‍ നമുക്ക് ദര്‍ശിക്കാം. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാറുള്ള ഉര്‍ദുഗാന്‍ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ധീരവും കൃത്യവുമായ തീരുമാനമെടുക്കാന്‍ എന്നും മുമ്പിലാണ്. ലോകത്തെങ്ങുമുള്ള മര്‍ദിത ജനങ്ങളുടെ കൂടെ നില്‍ക്കണമെന്ന നിര്‍ബന്ധമുള്ള ഉര്‍ദുഗാന്‍ സിറിയന്‍ പോരാളികള്‍ക്ക് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചും, ഗസ്സക്ക് അനുകൂലമായി  ലോകത്തിന്റെ  മുമ്പില്‍ ഉറക്കെ സംസാരിച്ചും ലോക രാഷ്ട്രീയത്തില്‍  നിറസാന്നിധ്യമാണ്. രാഷ്ട്രസേവനം ജീവിത ദൗത്യമായി തെരെഞ്ഞെടുത്തു ഭരണം നടത്തുന്ന ഉര്‍ദുഗാനെ നയിക്കുന്നത്  ദൈവവിശ്വാസവും ഇസ്‌ലാമിക ബോധവും  മാത്രമാണ്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ  അക്പാര്‍ട്ടിക്കും തുര്‍ക്കിയില്‍ വമ്പിച്ച വിപ്ലവം കാഴ്ചവെക്കാനും കഴിയുന്നത്. മതവിരോധവും വര്‍ഗീയതയും മുഖ്യ അജണ്ടയാക്കി രാഷ്ട്രത്തെ ക്ഷയിപ്പിക്കാന്‍ തുനിയുന്ന സ്വാര്‍ഥംഭരികളായ  രാജ്യനായകന്മാര്‍ക്കിടയില്‍, ദൈവ വിശ്വാസത്തില്‍  അധിഷ്ഠിതമായ ഒരു ജീവിത വ്യവസ്ഥക്ക് മാത്രമേ നല്ല ഭരണാധികാരികളെ വാര്‍ത്തെടുക്കാനാവൂ എന്ന വലിയ സന്ദേശം ഒരിക്കല്‍ കൂടി നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് അക് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വിജയം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 23/ അല്‍മുഅ്മിനൂന്‍/ 19-23
എ.വൈ.ആര്‍