Prabodhanm Weekly

Pages

Search

2015 നവംബര്‍ 13

അമീറുല്‍ മുഅ്മിനീന്‍

പി.കെ.ജെ. /ഉമര്‍ സ്മൃതികള്‍

         ഭരണാധികാരിയായ അബൂബക്‌റി(റ)നെ ജനങ്ങള്‍ സംബോധന ചെയ്തുകൊണ്ടിരുന്നത് 'ഖലീഫത്തു റസൂലില്ലാഹ്' എന്നാണ്. ഉമര്‍(റ) ഭരണഭാരമേറ്റപ്പോള്‍ സംബോധന 'ഖലീഫത്തു ഖലീഫത്തി റസൂലില്ലാഹ്' എന്നായി. അപ്പോള്‍ ഉമറിന് ശേഷം ഭരണാധികാരിയാവുന്ന വ്യക്തിയെ 'ഖലീഫത്തു ഖലീഫത്തി ഖലീഫത്തി റസൂലില്ലാഹ്' എന്ന് വിളിക്കേണ്ടി വരുമെന്ന് മുസ്‌ലിംകള്‍. അതൊരു വിഷമം പിടിച്ച നീണ്ട വിളിയായിരിക്കും. അവര്‍ പറ്റിയ സംബോധനക്കായി ആലോചനയില്‍ മുഴുകി. 

ആയിടെയാണ് ഇറാഖിലെ ഗവര്‍ണര്‍, ഉദ്യോഗസ്ഥരായ ലബീദുബ്‌നു റബീഅത്തുല്‍ ആമിരിയെയും അദിയ്യുബ്‌നു ഹാത്വിമിത്താഇയെയും ചില കാര്യങ്ങള്‍ ഉമറുമായി സംസാരിക്കാന്‍ മദീനയിലേക്കയച്ചത്. മദീനയിലെ പള്ളി മുറ്റത്ത് ഒട്ടകപ്പുറത്ത് നിന്നിറങ്ങിയ ഇരുവരും മസ്ജിദുന്നബവിയില്‍ പ്രവേശിച്ചപ്പോള്‍ കണ്ടുമുട്ടിയത് അംറുബ്‌നുല്‍ ആസ്വിനെയാണ്. 

ഇരുവരും അംറുബ്‌നുല്‍ ആസ്വിനോട്: ''അമീറുല്‍ മുഅ്മിനീനെ കണ്ട് ഞങ്ങള്‍ക്കിരുവര്‍ക്കും സംസാരിക്കാന്‍ അനുവാദം വാങ്ങിത്തരൂ.''

അംറുബ്‌നുല്‍ ആസ്വ്: ''നിങ്ങളിരുവരുമാണ് അദ്ദേഹത്തിന് പറ്റിയ സ്ഥാനപ്പേര് നല്‍കിയത്. ഞങ്ങള്‍ സത്യവിശ്വാസികളാണ്. അദ്ദേഹം ഞങ്ങളുടെ നേതാവ്. അതായത് അമീറുല്‍ മുഅ്മിനീന്‍.'' 

ഉമറിന്റെ സമീപം കുതിച്ചെത്തിയ അംറുബ്‌നുല്‍ ആസ്വ്: ''അസ്സലാമു അലൈക യാ അമീറല്‍ മുഅ്മിനീന്‍.''

ഉമര്‍: ''നിങ്ങള്‍ക്കെങ്ങനെ ഇങ്ങനെ ഒരു പേര് കിട്ടി?''

അംറുബ്‌നുല്‍ ആസ്വ്: ''ഇറാഖില്‍ നിന്നെത്തിയ ലബീദും ഹാത്വിമും എന്നോട് വന്ന് ആവശ്യപ്പെട്ടു: 'അമീറുല്‍ മുഅ്മിനീനെ കണ്ട് ഞങ്ങള്‍ക്ക് അനുവാദം വാങ്ങിത്തരണം. അവരാണ് ഈ പേരിന്റെ ശില്‍പികള്‍. അങ്ങ് അമീറും ഞങ്ങള്‍ മുഅ്മിനുകളും. അങ്ങനയല്ലേ അമീറുല്‍ മുഅ്മിനീന്‍?''

അതായി പിന്നെ സംബോധന (അല്‍ ഇസ്തീആബ് 2/466).  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 23/ അല്‍മുഅ്മിനൂന്‍/ 19-23
എ.വൈ.ആര്‍