Prabodhanm Weekly

Pages

Search

2015 നവംബര്‍ 13

വീണ്ടും അക്പാര്‍ട്ടി

ഫഹദ് വി.കെ /കവര്‍‌സ്റ്റോറി

         2015 നവംബര്‍ ഒന്നിന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയവുമായി അക് പാര്‍ട്ടി തുര്‍ക്കിയില്‍ വീണ്ടും അധികാരത്തിലേക്ക്. അഞ്ച് മാസം മുമ്പ് ജൂണ്‍ 7ന് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാലും, കൂട്ടു കക്ഷി ഭരണം സാധ്യമാവാത്തതിനാലുമാണ് തുര്‍ക്കി ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. അഭിപ്രായ സര്‍വേകളെ തെറ്റിച്ച് അക് പാര്‍ട്ടി തുടര്‍ച്ചയായി നാലാം തവണയും അധികാരം കൈയേല്‍ക്കുകയാണ്. 49.5% വോട്ടുകളുമായി (316 സീറ്റ്) പ്രതിപക്ഷ പാര്‍ട്ടികളെ ബഹുദൂരം പിന്നിലാക്കിയാണ് എ.കെ പാര്‍ട്ടി ജയിച്ച് കയറിയത്. പ്രതിപക്ഷ പാര്‍ട്ടികളായ സെക്യുലര്‍ പാര്‍ട്ടി (സി.എച്ച്.പി), നാഷനലിസ്റ്റ് പാര്‍ട്ടി (എം.എച്ച്.പി), കുര്‍ദ് പാര്‍ട്ടി (എച്ച്.ഡി.പി) എന്നിവയ്ക്ക് യഥാക്രമം 25.4% (134 സീറ്റ്), 11.9% (41 സീറ്റ്), 10.5% (59 സീറ്റ്) വോട്ടുകളാണ് നേടാനായത്. തുര്‍ക്കിയിലെ 63 പ്രവിശ്യകളില്‍ ഒന്നാം സ്ഥാനത്തെത്താനും അക് പാര്‍ട്ടിക്കായി. 

ഇത് അക് പാര്‍ട്ടിയുടെ മാത്രം വിജയമല്ല, തുര്‍ക്കിയുടെയും അതിനേക്കാളുപരി മുസ്‌ലിം ലോകത്തിന്റെയും വിജയമാണ്. ആഭ്യന്തര കലഹങ്ങള്‍ കൊണ്ടും ബാഹ്യ ഇടപെടല്‍ കൊണ്ടും ഒന്നിനു പുറകേ ഒന്നായി തകര്‍ന്ന് കൊണ്ടിരിക്കുന്ന അറബ് മുസ്‌ലിം രാജ്യങ്ങള്‍ക്കിടയില്‍ തുര്‍ക്കി ഇന്നും രാഷ്ട്രീയ സ്ഥിരതയോടെ നിലനില്‍ക്കുന്നത് മുസ്‌ലിം ലോകത്തിന് ശുഭപ്രതീക്ഷ നല്‍കുന്നു. തുര്‍ക്കിയുടെ ഭരണം വീണ്ടും അക് പാര്‍ട്ടിയെ വിശ്വസിച്ചേല്‍പ്പിച്ച തുര്‍ക്കി ജനതയെ അഭിനന്ദിക്കാതെ വയ്യ. വിമോചനപ്പോരാട്ടം നടത്തുന്ന ഫലസ്ത്വീനികള്‍ക്കും, വംശീയ ആക്രമണങ്ങള്‍ കൊണ്ടും യുദ്ധക്കെടുതികള്‍കൊണ്ടും പൊറുതിമുട്ടി നാട് വിട്ടോടുന്ന അഭയാര്‍ഥികള്‍ക്കും എന്നും താങ്ങും തണലുമായി നിന്നത് തുര്‍ക്കിയാണ് എന്നതില്‍ ആര്‍ക്കും സംശയമില്ല. ഒരു കാലത്ത് ലോക ഇസ്‌ലാമിക നേതൃത്വം കൈയാളിയിരുന്ന ഉസ്മാനിയ്യ ഖിലാഫത്തിന്റെ പിന്‍ഗാമികള്‍ അത് തകര്‍ന്ന് വീണ മണ്ണില്‍ ലോക നേതൃത്വം ഏറ്റെടുക്കാന്‍ സജ്ജരായിക്കൊണ്ടിരിക്കുന്നു. 

വിജയ നിദാനങ്ങള്‍

അക്പാര്‍ട്ടിയെ തിളക്കമാര്‍ന്ന വിജയത്തിലേക്ക് നയിച്ചതില്‍ പല ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. തുര്‍ക്കി ജനത അക് പാര്‍ട്ടിയിലര്‍പ്പിച്ച വിശ്വാസം തന്നെയാണ് പ്രധാന ഘടകം. 2002 ലാണ് അക് പാര്‍ട്ടി ആദ്യമായി അധികാരത്തിലേറുന്നത്. 34.28% വോട്ടായിരുന്നു അന്ന് നേടിയത്. അതിന് ശേഷം നടന്ന ഓരോ പൊതു തെരഞ്ഞെടുപ്പിലും അക് പാര്‍ട്ടിയുടെ ഭൂരിപക്ഷം കൂടുകയല്ലാതെ കുറയുകയുണ്ടായില്ല. 2007 ല്‍ 46% വും 2011 ല്‍ 49.9% വുമാണ് അക് പാര്‍ട്ടി നേടിയ വോട്ട്. ഈ വര്‍ഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും 40 ശതമാനത്തിന് മുകളിലാണ് വോട്ട് നില. ഈ കണക്കില്‍ നിന്ന് തന്നെ അക് പാര്‍ട്ടിക്ക് ലഭിക്കുന്ന ജനപിന്തുണയും അവരിലര്‍പ്പിച്ച വിശ്വാസത്തിന്റെ അളവും എത്രയെന്ന് മനസ്സിലാക്കാം. വളരെ ചുരുങ്ങിയ കാലംകൊണ്ട് രാജ്യത്തിന്റെ സര്‍വ മേഖലകളിലും എല്ലാ ജനവിഭാഗങ്ങളിലും ഭരണ നേട്ടങ്ങള്‍ എത്തിക്കാന്‍ സാധിച്ചു എന്നതാണ് അക് പാര്‍ട്ടി ഭരണത്തിന്റെ പ്രത്യേകത. വളരെ അസ്ഥിരമായിരുന്ന തുര്‍ക്കി രാഷ്ട്രീയത്തിലാണ് ഭരണ സ്ഥിരത നിലനിര്‍ത്തി അക് പാര്‍ട്ടി മാതൃകയാവുന്നത്. അസ്ഥിരമായ ഭരണത്തിന്റെ കാലുഷ്യങ്ങള്‍ കഴിഞ്ഞ അഞ്ച് മാസമായി തുര്‍ക്കി ജനത അനുഭവിച്ച്‌കൊണ്ടിരിക്കുകയായിരുന്നു. അതിന് ഒരുപാട് പൗരന്മാരെ അവര്‍ക്ക് ബലികൊടുക്കേണ്ടി വന്നു. ഇത് കൊണ്ടായിരിക്കാം ഭരണം വീണ്ടും അക് പാര്‍ട്ടിയെ തന്നെ ഏല്‍പ്പിക്കാന്‍ ജനം തീരുമാനിച്ചത്. അല്ലെങ്കില്‍ തുര്‍ക്കിയിലെ രാഷ്ട്രീയ അസ്ഥിരത മുതലെടുത്ത് തീവ്രവാദി സംഘടനകളും ബാഹ്യ ശക്തികളും തുര്‍ക്കിയെ മറ്റൊരു സിറിയയോ ഇറാഖോ ആക്കി മാറ്റുമെന്ന് ജനം ന്യായമായും ഭയന്നിട്ടുണ്ടാവണം. 

ഉര്‍ദുഗാന് ശേഷം പ്രധാനമന്ത്രി പദമേറ്റ ദാവൂദ് ഒഗ്‌ലുവിന്റെ നിര്‍ണായക തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. തെറ്റുകള്‍ തിരുത്തി തന്ത്രപരമായ പ്രചാരണമാണ് ദാവൂദ് ഒഗ്‌ലു നടത്തിയത്. കൂറ്റന്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന് പകരം, കച്ചവട കേന്ദ്രങ്ങളിലേക്കും പണിശാലകളിലേക്കും ഇറങ്ങിച്ചെന്ന് സാധാരണക്കാരോട് നേരിട്ട് സംവദിച്ചായിരുന്നു പ്രചാരണ പ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പ്രസിഡന്റ് ഉര്‍ദുഗാന്‍, രാജ്യത്തെ പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിലേക്ക് മാറ്റാനുള്ള നിര്‍ദേശവുമായി മുന്നോട്ട് വരുകയും അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് പൊതുവെ ജനങ്ങള്‍ക്കിടയില്‍ ഉറുദുഗാന് ഒരു നെഗറ്റീവ് ഇമേജ് ഉണ്ടാക്കാനാണ് ഉപകരിച്ചത്. ജൂണിലെ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടാനാവാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്നായി ഇതിനെ വിലയിരുത്തുകയും ചെയ്തിരുന്നു. ഇത് മനസ്സിലാക്കിയിട്ടാവണം പ്രസിഡന്റ് ഉര്‍ദുഗാന്‍ ഇപ്രാവശ്യം പൂര്‍ണമായും ഇലക്ഷന്‍ പ്രചാരണങ്ങളില്‍ നിന്ന് വിട്ട് നിന്നതും ഇത്തരം നിര്‍ദേശങ്ങളുമായി മുന്നോട്ട് വരാതിരുന്നതും. 

പ്രതിപക്ഷ പാര്‍ട്ടികളുടെ കഴിവില്ലായ്മയാണ് മറ്റൊരു പ്രധാന ഘടകം. ഈ തെരഞ്ഞെടുപ്പിലും വലിയ മാറ്റങ്ങളൊന്നുമില്ലാതെ പ്രതിപക്ഷ പാര്‍ട്ടികള്‍ ദയനീയമായി പരാജയപ്പെട്ടതായി കാണാം. പ്രതിപക്ഷ പാര്‍ട്ടികളില്‍ ഏറ്റവും വലിയ ആഘാതമേറ്റത് നാഷനലിസ്റ്റ് പാര്‍ട്ടിയായ എം.എച്ച്.പിക്കാണ്. അതവരര്‍ഹിക്കുന്നതുമാണ്. ജൂണ്‍ 7 ന് നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ ഒരു കൂട്ടുകക്ഷി ഭരണത്തിന് വേണ്ടി അക് പാര്‍ട്ടി ഏറ്റവും കൂടുതല്‍ ക്ഷണിച്ചത് എം.എച്ച്.പി യേയായിരുന്നു. പക്ഷെ അവസാന സമയം വരെ അക് പാര്‍ട്ടിയുടെ ക്ഷണം അവര്‍ പുഛിച്ചു തള്ളി. ഭരണത്തിലേറാന്‍ കിട്ടിയ അവസരം തുലച്ച് കളഞ്ഞത് അവരുടെ അണികളെയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവണം. അത് കൊണ്ടാണല്ലോ അവരുടെ സീറ്റ് 80 ല്‍ നിന്ന് 42 ലേക്ക് കൂപ്പ് കുത്തിയത്. കുര്‍ദ് പാര്‍ട്ടിക്കും പിന്നിലായി നാലാം സ്ഥാനത്തായി അവര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തിയ കുര്‍ദ് പാര്‍ട്ടിക്ക് ഇത്തവണ അതിന്നായില്ല. കുര്‍ദ് മേഖലയിലുണ്ടായ രാഷ്ട്രീയ അരക്ഷിതാവസ്ഥയും തീവ്രവാദ ആക്രമണങ്ങളും തങ്ങളുടെ ജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കിയപ്പോള്‍ കുര്‍ദുകളില്‍ ഒരു വിഭാഗവും മാറി ചിന്തിച്ചു. ഇതും അക് പാര്‍ട്ടിയുടെ ഭൂരിപക്ഷം കൂട്ടുന്നതിന് സഹായിച്ച ഘടകമാണ്. പ്രതിപക്ഷ പാര്‍ട്ടികളില്‍ വലിയ പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ടത് മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ സി.എച്ച്.പിയാണ്. കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി രണ്ട് സീറ്റ് മാത്രമാണ് അവര്‍ക്ക് അധികം നേടാനായത്. തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സി.എച്ച്.പിയുടെയും എം.എച്ച്.പിയുടെയും പാര്‍ട്ടി നേതൃ സ്ഥാനത്ത് മാറ്റങ്ങള്‍ വേണമെന്ന് അവരുടെ ഉള്ളില്‍ നിന്ന് തന്നെ മുറവിളി ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. വര്‍ഷങ്ങളായി പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് കടിച്ച് തൂങ്ങിയിരിക്കുന്ന ഇവര്‍ തന്നെയാണ് ഉര്‍ദുഗാനെ ഏകാധിപതിയെന്ന് വിശേഷിപ്പിക്കുന്നതും. ഇന്ന് പല അറബ് മുസ്‌ലിം രാഷ്ട്രങ്ങളുടെയും നാശത്തിന് കാരണമായ തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നും വംശീയ ചേരിതിരിവുകളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ അക് പാര്‍ട്ടി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എല്ലാ സമയത്തും മുസ്‌ലിം ഉമ്മത്തിന്റെ ഐക്യത്തിനായിരുന്നു ഊന്നല്‍ നല്‍കിയിരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അക് പാര്‍ട്ടിയുടെ മുദ്രാവാക്യം ശ്രദ്ധേയമായിരുന്നു; ''ഞാനുമില്ല നീയുമില്ല തുര്‍ക്കി മാത്രം.'' വംശീയ വേര്‍തിരിവുകളില്ലാതെ ഒറ്റ സമുദായമായി നിലകൊള്ളാനുള്ള നിരന്തര ആഹ്വാനമാണ് പ്രചാരണങ്ങളില്‍ മുഴങ്ങിക്കേട്ടത്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത കാര്യമാണ് ഇത്. 

തുര്‍ക്കിയിലെ അക് പാര്‍ട്ടിയുടെ തുടര്‍ച്ചയായ, തിളക്കമാര്‍ന്ന വിജയം പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും രാഷ്ട്രീയ നീക്കങ്ങള്‍ക്ക്  പുതിയ മാനം നല്‍കുന്നതാണ്. ഫലസ്ത്വീന്‍ പ്രശ്‌നപരിഹാരവും ഈജിപ്ത്, സിറിയന്‍ ഒത്തുതീര്‍പ്പുകളും തുര്‍ക്കിയുടെ നിലപാടുകള്‍ക്കനുസരിച്ചായിരിക്കും രൂപപ്പെടുക. തുര്‍ക്കി പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും രാഷ്ട്രീയ സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, തുടര്‍ച്ചയായ വിജയം നേടിക്കൊണ്ടിരിക്കുന്ന അക് പാര്‍ട്ടിയെ ഇനിയും 'ഇസ്‌ലാമിക ഫണ്ടമെന്റലിസ്റ്റുകള്‍' എന്നാരോപിച്ച് യൂറോപ്യന്‍ യൂനിയനില്‍ നിന്ന് അധിക കാലം മാറ്റി നിര്‍ത്തുക സാധ്യമല്ല. 

എന്തിനും ഏതിനും തുര്‍ക്കിയെയും ഉര്‍ദുഗാനെയും വിമര്‍ശിക്കുന്ന പാശ്ചാത്യ മാധ്യമങ്ങള്‍ക്കുള്ള ചുട്ട മറുപടി കൂടിയാണ് അക് പാര്‍ട്ടിയുടെ വിജയം. Independent, The Economics, The Guardian പോലുള്ള വമ്പന്‍ പാശ്ചാത്യ മാധ്യമങ്ങള്‍ ഉര്‍ദുഗാനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. തെരഞ്ഞെടുപ്പിന്റെ തലേന്നാള്‍ ഇന്‍ഡിപെന്‍ഡെന്റില്‍ വന്ന ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു. 'If Turkey chooses Erdogan at the polls this weekend. ISIS will gain strength and the refugee crisis will worsen' തുടക്കം മുതലേ ഐസിസിനെതിരെ ശക്തമായ നിലപാട് കൈക്കൊണ്ട ഭരണാധികാരിയാണ് ഉര്‍ദുഗാന്‍. അഭയാര്‍ഥി പ്രശ്‌നങ്ങളില്‍ മറ്റേത് ഭരണാധികാരികളെക്കാളും സജീവമായി ഇടപെടുകയും അവരെ സ്വീകരിക്കുകയും ചെയ്ത ഭരണാധികാരി കൂടിയാണ് അദ്ദേഹം. പക്ഷെ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങളെ തുര്‍ക്കി ജനത പുഛിച്ച് തള്ളുകയും നേരിന്റെയും നന്മയുടെയും പക്ഷത്ത് നില്‍ക്കുന്ന അക് പാര്‍ട്ടിയെ വീണ്ടും വീണ്ടും വിജയിപ്പിച്ച് കൊണ്ടിരിക്കുകയുമാണ്. 

(ഇസ്തംബൂള്‍ യൂനിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച് സ്‌കോളറാണ് ലേഖകന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 23/ അല്‍മുഅ്മിനൂന്‍/ 19-23
എ.വൈ.ആര്‍