Prabodhanm Weekly

Pages

Search

2015 നവംബര്‍ 13

യൂറോപ്യന്‍ വ്യവഹാരങ്ങളെ നിര്‍ണയിക്കുന്നത് ഇസ്‌ലാമോഫോബിയ

ശഹീന്‍ കെ. മൊയ്തുണ്ണി /കവര്‍‌സ്റ്റോറി

         പ്രമുഖ ചെക് രാഷ്ട്രീയ ചിന്തകന്‍ തോമസ് മസ്റ്റ്‌നക് തന്റെ പ്രശസ്തമായൊരു പ്രബന്ധത്തില്‍1, മധ്യകാല പാശ്ചാത്യ ചരിത്രത്തില്‍ വിസ്മരിക്കപ്പെട്ടുപോയ, എന്നാല്‍ വളരെ സുപ്രധാനമായ ഒരു സ്വാധീനത്തെക്കുറിച്ച് പറയുന്നുണ്ട്. സ്പാനിഷുകാര്‍ ഇരു അമേരിക്കകളെയും വെട്ടിപ്പിടിച്ചപ്പോള്‍, അവിടെയുള്ള തദ്ദേശീയ ജനവിഭാഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ കുറിച്ച് കൗതുകകരമായ ഒരു തര്‍ക്കം ഉടലെടുത്തു. അക്കാലത്തെ പേരെടുത്ത രണ്ട് ബുദ്ധിജീവികള്‍ തമ്മിലായിരുന്നു തര്‍ക്കം. ഒരാള്‍ ഡൊമിനിക്കന്‍ ക്രൈസ്തവ വിശ്വാസാചാരങ്ങള്‍ പുലര്‍ത്തുന്ന ബര്‍തലോമി ഡി ലാസ് കാസസ് (Bartolome de las Casas), മറ്റേയാള്‍ പ്രമുഖ തത്ത്വചിന്തകനും അരിസ്റ്റോട്ടില്‍ കൃതികളുടെ വിവര്‍ത്തകനുമായ യുവാന്‍ ഗിന്‍സ് ഡി സെപുല്‍വെദ (Juan Gines de Sepulveda). ഇരുവരുടെയും വിരുദ്ധാഭിപ്രായങ്ങള്‍ ക്രി. 1550 ല്‍ സ്പാനിഷ് നഗരമായ വല്ലഡോലിഡില്‍വെച്ച് ചക്രവര്‍ത്തി ചാള്‍സ് അഞ്ചാമന്‍ വിളിച്ച് ചേര്‍ത്ത പണ്ഡിത സദസ്സില്‍ അവതരിപ്പിക്കപ്പെട്ടു. പുതുതായി പിടിച്ചെടുത്ത പ്രദേശങ്ങളില്‍ കത്തോലിക്കാ വിശ്വാസ പ്രമാണങ്ങള്‍ എങ്ങനെ പ്രചരിപ്പിക്കണമെന്നും അന്നാട്ടുകാരെ എങ്ങനെ ചക്രവര്‍ത്തിക്ക് വിധേയപ്പെടുത്താമെന്നും ആലോചിക്കുന്നതിനായിരുന്നു ഈ ചര്‍ച്ചാ സദസ്സ് വിളിച്ചത്. അക്കാലത്തെ വ്യവഹാരങ്ങളില്‍ 'മുസ്‌ലിം' എന്ന വാക്ക് കടന്നു വരാറുണ്ടായിരുന്നില്ല.  പകരം വരുന്നത് 'തുര്‍ക്കി' (Turk) എന്ന വാക്കായിരിക്കും. ചര്‍ച്ചകളുടെ സ്വഭാവം നിര്‍ണയിച്ചിരുന്നത് ഈ വാക്കായിരുന്നു എന്ന് പറയാം. പാശ്ചാത്യ യൂറോപ്യന്‍ ഭാഷകളില്‍ 'ഇസ്‌ലാം', 'മുസ്‌ലിം' പോലുള്ള പദങ്ങള്‍ കടന്നു വരാന്‍ തുടങ്ങിയത് പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാത്രമാണ്. പറഞ്ഞുവരുന്നത് സ്പാനിഷ് ചക്രവര്‍ത്തി വിളിച്ച് ചേര്‍ത്ത പണ്ഡിത സദസ്സിനെക്കുറിച്ചാണല്ലോ. പുതുതായി കീഴ്‌പ്പെടുത്തിയ ജനവിഭാഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ചര്‍ച്ചയുടെ ദിശ നിര്‍ണയിച്ചിരുന്നത് പോലും തുര്‍ക്കി എന്ന സ്വത്വമായിരുന്നു. 

ഡൊമിനിക്കന്‍ വിശ്വാസിയായ ലാസ് കാസസ് വാദിച്ചത് ഇതാണ്: അമേരിക്കയിലെ ആദിമ നിവാസികളെ തുര്‍ക്കികളെ പോലെ കാണരുത്. വളരെ സമാധാനപരമായിത്തന്നെ അവരെ കര്‍ത്താവിന്റെ വഴിയിലേക്ക് ക്ഷണിക്കണം. ഈ ആദിമ നിവാസികളും തുര്‍ക്കികളെപ്പോലെ തന്നെ എന്ന് സെപുല്‍വെദ് തിരിച്ചും വാദിച്ചു. തുര്‍ക്കികളെപ്പോലെ അവരും തനി കാടന്‍ അപരിഷ്‌കൃത വഴികളാണ് പിന്തുടരുന്നതെങ്കില്‍ അവരോട് യുദ്ധം ചെയ്യുകയല്ലാതെ നിവൃത്തിയില്ല. ഇവിടെ തുര്‍ക്കി (മുസ്‌ലിം)യാണ് അപരന്‍. ആ വാക്കാണ് പരിഷ്‌കൃതത്വത്തിനും കാടത്തത്തിനും അതിര്‍രേഖ വരയ്ക്കുന്നത്. ഇങ്ങനെ, യൂറോപ്യന്‍ രാഷ്ട്രീയ ചിന്തയുടെ വികാസത്തില്‍ ഈ അപരവത്കൃത തുര്‍ക്കി വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് കാണാം. 

മുസ്‌ലിം എന്ന ഈ പുറംഭീഷണി പാശ്ചാത്യ ചിന്തയില്‍ എങ്ങനെയാണ് നിലനില്‍ക്കുന്നതെന്ന് ബ്രിട്ടീഷ് ചരിത്രകാരനായ ജോണ്‍ ടോളന്‍ തന്റെ പല കൃതികളിലും കൃത്യമായി വരച്ചു കാണിക്കുന്നുണ്ട്. രാഷ്ട്രീയമായ ഏകോപനത്തിന് വേണ്ടി പോപ്പുമാരും രാജാക്കന്മാരും എങ്ങനെയാണ് ഇസ്‌ലാം, മുഹമ്മദ് തുടങ്ങിയ പൈശാചിക ഇമേജുകള്‍ ഉയര്‍ത്തിക്കാട്ടി ജനക്കൂട്ടങ്ങളെ ഇളക്കി വിട്ടിരുന്നതെന്ന് മുഹമ്മദിന്റെ ജീവിതം യൂറോപ്യന്‍ വിവരണത്തില്‍2 എന്ന കൃതിയില്‍ അദ്ദേഹം സ്പഷ്ടമാക്കുന്നു. ഈ വികലത അവരുടെ കാഴ്ചപ്പാടിലും നിഴലിക്കുന്നു. ക്രൈസ്തവ ഭൂപ്രദേശങ്ങളി (Christendom)ല്‍ ഐക്യവും സമാധാനവും പുലരണമെങ്കില്‍ കുരിശിന്റെ ശത്രുക്കള്‍ക്കെതിരെയുള്ള യുദ്ധം മുന്നുപാധിയായി അംഗീകരിക്കപ്പെട്ടിരുന്നു. ഇങ്ങനെയൊരു ധാരണ ക്രൈസ്തവ ഭൂപ്രദേശങ്ങളില്‍ ഊട്ടിയുറപ്പിച്ചത് മുഹമ്മദ് നബിയെ ആ നിര്‍മിതിയുടെ കേന്ദ്ര സ്ഥാനത്ത് നിര്‍ത്തിയായിരുന്നു. നൂറ്റാണ്ടുകളായി മുഹമ്മദ് ഇസ്‌ലാമിനെക്കുറിച്ചുള്ള സകല യൂറോപ്യന്‍ വ്യവഹാരങ്ങളുടെയും കേന്ദ്രസ്ഥാനത്ത് തന്നെയുണ്ട്. മധ്യകാല കുരിശ് യുദ്ധ ചരിത്രകാരന്‍മാര്‍ മുതല്‍ ചര്‍ച്ച് മേധാവികളും മതമീമാംസകരും വരെ മുഹമ്മദ് നബിയെ ചിത്രീകരിച്ചത് അറബികളെ ക്രൈസ്തവതയില്‍ നിന്ന് തട്ടിയെടുത്ത ഒരു തട്ടിപ്പുകാരനായിട്ടാണ്. കുരിശ് യുദ്ധത്തിന് അവര്‍ പറഞ്ഞ ന്യായവും അതായിരുന്നു. മുഹമ്മദ് വ്യാജപ്രവാചകനാണ് എന്ന ഇമേജ് സൃഷ്ടിക്കാനായത് കൊണ്ടാണ്, അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ യൂറോപ്യന്‍ ശക്തികള്‍ അറബ്-മുസ്‌ലിം നാടുകളെ കോളനികളാക്കിയത്. 

യൂറോപ്യന്‍ ഭാവനയില്‍ മുഹമ്മദ് നബിയും അദ്ദേഹത്തിന്റെ സന്ദേശവും വഹിക്കുന്ന പങ്ക് പ്രധാനമാണെന്നത് പോലെ, സന്ദിഗ്ധവുമാണ്. ചിലപ്പോള്‍ ഭയവും വെറുപ്പും ജനിപ്പിക്കുന്നു. മറ്റുചിലപ്പോള്‍ കൗതുകവും പ്രശംസയും. നിസ്സംഗത ജനിപ്പിക്കുന്നത് അപൂര്‍വയായി മാത്രം. ഭൂപ്രദേശങ്ങള്‍ മാറി മറിഞ്ഞു കൊണ്ടിരുന്ന യൂറോപ്യന്‍ ചരിത്രത്തിലെ സംഘര്‍ഷാത്മക ഘട്ടങ്ങളിലെല്ലാം പ്രവാചകനെയും ഇസ്‌ലാമിനെയും കുറിച്ചുള്ള ഈ ചിത്രീകരണം പല രീതിയില്‍ പ്രത്യക്ഷമായിക്കൊണ്ടേയിരുന്നു. പോപ്പ്, കത്തോലിക്കാ ചര്‍ച്ച്, മതനവോത്ഥാന പ്രസ്ഥാനം, വ്യത്യസ്ത ക്രിസ്ത്യന്‍ വിഭാഗങ്ങള്‍, കവികളും മറ്റു സാഹിത്യ പ്രതിഭകളും, യുക്തി ചിന്തയുടെ യുഗ (Age of Reason)ത്തിലെ തത്ത്വചിന്തകരും മാനവികതാ വാദികളും ചരിത്രകാരന്‍മാരും-ഇവരെല്ലാം ഇസ്‌ലാമില്‍ കണ്ടത് വെറുക്കപ്പെടേണ്ട ഒരു പൈശാചിക ആശയത്തെയാണ്. അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങളിലും സാഹസികതകളിലും ആ ധാരണ നിര്‍ണായക സ്ഥാനം പിടിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായി വേണം ഷാര്‍ലി ഐബ്‌ദോ ഹാസ്യ മാസികയിലെ കാര്‍ട്ടൂണുകളെ കാണാന്‍. 

കോളനിയാനന്തര ദേശരാഷ്ട്രങ്ങളും അവയുടെ ഭരണ സംവിധാനങ്ങളും ഈ ഇസ്‌ലാം വിരുദ്ധ പാരമ്പര്യത്തെ അനന്തരമെടുക്കുകയാണ് ചെയ്തത്. കിഴക്കും പടിഞ്ഞാറുമുള്ള ഏത് മുസ്‌ലിം സമൂഹങ്ങളെയും പരിശോധിച്ച് നോക്കുക. അവരെപ്പോഴും സുരക്ഷ-ഇന്റലിജന്‍സ് ഏജന്‍സികളുടെ നോട്ടപ്പുള്ളികളായിരിക്കും. അവര്‍ക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്നതും അവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതുമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടക്കുന്നത്. യുദ്ധത്തിന്റെ പ്രധാന ഇരകള്‍ അവരായിത്തീരുന്നു. ഏറ്റവും വലിയ അഭയാര്‍ഥി ജനസമൂഹമായി അവര്‍ മാറ്റപ്പെടുന്നു. അവരെ നിയമവിരുദ്ധമായി തടവില്‍ വെക്കുകയോ കടത്തിക്കൊണ്ട് പോവുകയോ ചെയ്യാം. അവരുടെ മൗലികാവകാശങ്ങള്‍ ഏത് നിമിഷവും കൈയേറ്റം ചെയ്യപ്പെടാന്‍ പാകത്തില്‍ നില്‍ക്കുകയാണ്. ലിബറല്‍ ജനാധിപത്യ വാദികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ താങ്ങിനിര്‍ത്തുന്ന ഏകാധിപത്യ ഭരണകൂടങ്ങള്‍ അവരെ അടിമകളാക്കി മാറ്റുന്നു. അന്തര്‍ദേശീയ നയങ്ങളുടെ ബലിയാടുകളായി മാറുന്നത് മുസ്‌ലിം ജനവിഭാഗങ്ങള്‍ തന്നെ. ചുരുക്കത്തില്‍ നവലിബറല്‍ ആഗോള ഘടനയില്‍ പ്രതിരോധത്തിലാവുന്ന ഏറ്റവും വലിയ ജനസമൂഹം മുസ്‌ലിംകളാണ്. ഇസ്‌ലാമോഫോബുകളുടെ ഭാഷയില്‍ ഈ ജനസമൂഹം 'ഏതൊരു ദേശ രാഷ്ട്രത്തിനും ഭീഷണി'യാണ്. 

നിര്‍വചനത്തിലെ പ്രശ്‌നങ്ങള്‍

ഇസ്‌ലാമോഫോബിയ എന്ന സംജ്ഞ അക്കാദമിക്കുകളും ആക്ടിവിസ്റ്റുകളും ധാരാളമായി ഉപയോഗിക്കുന്നുണ്ടെങ്കിലും  അതിന്റെ നിര്‍വചനത്തെ കുറിച്ച് ചൂടേറിയ ചര്‍ച്ച നടക്കുന്നുണ്ട്. വാദങ്ങളും മറുവാദങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട്. വിവേചന (Discrimination) ത്തെയും പുറന്തള്ളലിനെ (Exclusion) യും മനസ്സിലാക്കാന്‍ നേരത്തെ പ്രയോജനപ്പെടുത്തിയിരുന്ന സംജ്ഞകള്‍ സെമിറ്റിക് വിരുദ്ധത (Anti-semitism) വംശീയത (Racism), ഓറിയന്റലിസം എന്നിവയായിരുന്നു. ഇസ്‌ലാമോഫോബിയ ഒരു ആശയമെന്ന നിലക്കും പുതുസംജ്ഞ എന്ന നിലക്കും ജന്മമെടുക്കുന്നത് ഇംഗ്ലണ്ടിലാണ്. ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് നിഘണ്ടുവില്‍ പറയുന്നത് ഈ സംജ്ഞ ആദ്യമായി അച്ചടിച്ച് വന്നത് 1991 ല്‍ അമേരിക്കന്‍ മാഗസിനായ ഇന്‍സൈറ്റില്‍ ആണെന്നാണ്. 1925 ല്‍ ഫ്രാന്‍സിലെ എറ്റിന ഡിനെറ്റും സില്‍മബെന്‍ ഇബ്രാഹീമുമാണ് ഇത് ആദ്യമായി പ്രയോഗിച്ചത് എന്ന് അഭിപ്രായമുള്ളവരും ഉണ്ട്. എന്നാല്‍, 1997 ല്‍ ബ്രിട്ടീഷ് മുസ്‌ലിംകളെക്കുറിച്ചും ഇസ്‌ലാമോഫോബിയയെ കുറിച്ചും റനിമീഡ് ട്രസ്റ്റ് കമീഷന്‍3 പുറത്തിറക്കിയ റിപ്പോര്‍ട്ടോടെയാണ് ഇത് പൊതു വ്യവഹാരത്തിലും ഇടം നേടിയത്. റിപ്പോര്‍ട്ടിന്റെ പേജുകളില്‍ പ്രത്യക്ഷപ്പെടുന്ന ഇസ്‌ലാമോഫോബിയ അന്ധമായ പരദേശി വിദ്വേഷത്തിന്റെ (Xenophobia) ഫ്രെയിം വര്‍ക്കിലാണ് നിര്‍വചിക്കപ്പെടുന്നത് എന്നും കണ്ടെത്താനാവും. അത് പ്രകാരം ഇസ്‌ലാമോഫോബിയ എന്നാല്‍ താഴെപ്പറയുന്ന വിശ്വാസങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ്.

എ) ഇസ്‌ലാം ഏകശിലാത്മക(Monolithic)വും പുതിയ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാത്തതുമാണ്. 

ബി) മറ്റു പ്രധാന മതങ്ങളുമായി ഇസ്‌ലാം പൊതുമുല്യങ്ങളൊന്നും പങ്ക് വെക്കുന്നില്ല. 

സി) ഇസ്‌ലാം ഒരു മതമെന്ന നിലക്ക് പാശ്ചാത്യതയേക്കാള്‍ നിലവാരം കുറഞ്ഞതാണ്. അത് കാലഹരണപ്പെട്ടതും പ്രാകൃതവും അയുക്തികവും ആണ്. 

ഡി) ഇസ്‌ലാം ഹിംസയുടെ മതമാണ്. അത് ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു. 

ഇ) ഇസ്‌ലാം ഒരു ഹിംസാത്മക രാഷ്ട്രീയ ദര്‍ശനമാണ്. 

ഇത് മനസ്സില്‍ വെച്ച് റനിമീഡ് ട്രസ്റ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇസ്‌ലാമോഫോബിയയെ നിര്‍വചിക്കുന്നത് എങ്ങനെയെന്ന് നോക്കാം. റിപ്പോര്‍ട്ട് പ്രകാരം, ഇസ്‌ലാമിനോടും മുസ്‌ലിംകളോടും തോന്നുന്ന വെറുപ്പും ശത്രുതയുമാണ് ഇസ്‌ലാമോഫോബിയ. നിഷേധാത്മകവും അപമാനകരവുമായ നിരവധി വാര്‍പ്പ് മാതൃകകളും ധാരണകളും മുസ്‌ലിംകളെ സംബന്ധിച്ച് രൂപപ്പെടുന്നു. ഈ ഭയവും ശത്രുതയും പല രീതിയില്‍ പ്രകടമാവും. മീഡിയയിലും നിത്യജീവിതത്തിലെ സംഭാഷണങ്ങളിലും മോശപ്പെട്ട പരാമര്‍ശങ്ങളുടെ രൂപത്തിലായിരിക്കും അത് കടന്നു വരിക. ചിലപ്പോള്‍ വ്യവസ്ഥാപിതമോ അല്ലാത്തതോ ആയ ആക്രമണങ്ങളുടെ രൂപത്തില്‍. തെരുവില്‍ വെച്ചുള്ള ഹിംസയും അപമാനിക്കലും, പള്ളികള്‍ക്കും മറ്റു വിശുദ്ധ സ്ഥാനങ്ങള്‍ക്കുമെതിരിലുള്ള ആക്രമണം, തൊഴിലിടങ്ങളിലെ വിവേചനം, പൊതുസ്ഥാപനങ്ങളില്‍ ആനുകൂല്യങ്ങളും അംഗീകാരവും മാന്യതയും നല്‍കാതിരിക്കല്‍ തുടങ്ങിയവയും ഇസ്‌ലാമോഫോബിയയുടെ ലക്ഷണങ്ങളാണ്. റനിമീഡ് റിപ്പോര്‍ട്ടിലെ ഇസ്‌ലാമോഫോബിയ ചര്‍ച്ചകളും നിര്‍വചനങ്ങളുമാണ് പൊതുവെ അക്കാദമിക വൃത്തങ്ങളില്‍ കൂടൂതല്‍ സ്വീകാര്യത നേടിയിരിക്കുന്നത്. ഇസ്‌ലാമോഫോബിയയെക്കുറിച്ച് പുസ്തകങ്ങള്‍ എഴുതിയ അക്കാദമിക്കുകളില്‍ മിക്കവരും ഈ റിപ്പോര്‍ട്ടിനെയാണ് മുഖ്യാവലംബമാക്കുന്നത്. അവയുടെ ആശയഘടന രൂപപ്പെട്ട് വരുന്നതും ഇതിനെ ആസ്പദിച്ചാണ്. 

ആദ്യനോട്ടത്തില്‍ റനിമീഡ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ശരിയും ന്യായവുമാണെന്ന് തോന്നാം. പക്ഷെ ആഴത്തില്‍ പഠിച്ചാല്‍, റിപ്പോര്‍ട്ടിന്റെ അന്തസ്സത്ത ഇസ്‌ലാം/മുസ്‌ലിമിനെക്കുറിച്ചുള്ള സെക്യുലര്‍-ലിബറല്‍ കാഴ്ച്ചപ്പാടുകളാണെന്ന് കാണാം. ഇസ്‌ലാമോഫോബിയയെക്കുറിച്ച് റനിമീഡ് തയ്യാറാക്കിയ ഈ റിപ്പോര്‍ട്ടും, അവര്‍ തന്നെ സെമിറ്റിക് വിരുദ്ധതയെക്കുറിച്ച് 1994 ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടും4 താരതമ്യം ചെയ്താല്‍ ഇക്കാര്യം വ്യക്തമാവും. സല്‍മാന്‍ സയ്യിദ് തന്റെ നിരവധി പ്രബന്ധങ്ങളില്‍ ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്, പ്രത്യേകിച്ച് Thinking Through Islamophobia: Out of the Devil's Dictionary യില്‍. 

ഇസ്‌ലാമോഫോബിയ, വംശീയത

ഇന്ത്യയില്‍ വലത്പക്ഷ ഹിന്ദുത്വവാദികളെ മാത്രം ഇസ്‌ലാമോഫോബുകളായി കാണുന്ന പ്രവണതയുണ്ട്. ഇത് വളരെ അപക്വമായ വിലയിരുത്തലാണെന്ന് പറയാതെ വയ്യ. ഇത് കാരണം ഇസ്‌ലാമോഫോബിയ സൃഷ്ടിക്കുന്നതില്‍ സെക്യുലര്‍ ലിബറല്‍ ചിന്തകള്‍ക്കുള്ള പങ്ക് കാണാതെ പോകുന്നു. ഇങ്ങനെ ഇസ്‌ലാമോഫോബിയയെ കേവലം വിദ്വേഷമായും മുന്‍ധാരണകളായും ചുരുക്കാന്‍ ഇടവരുന്നത്, വംശീയതയെ തെറ്റായി മനസ്സിലാക്കിയത് കൊണ്ടാണ്. അതായത്, വംശീയതയെക്കുറിച്ച് പ്രചാരത്തിലുള്ള നിര്‍വചനം യൂറോ കേന്ദ്രിതമായത് കൊണ്ട് സാമൂഹിക ശാസ്ത്രജ്ഞനും വംശീയതാ പഠനങ്ങളില്‍ വിദഗ്ധനുമായ ഡോ. ബാര്‍നര്‍ ഹെസ്സെ പറയുന്നത്, നാസി ജര്‍മനിയുടെ നയങ്ങളെ മുന്‍ നിര്‍ത്തിയാണ് സാധാരണ വംശീയതയെ നിര്‍വചിക്കാറുള്ളത് എന്നാണ്. അപ്പോള്‍ വംശീയത എന്നാല്‍ അതിതീവ്രമായ ലിബറല്‍ വിരുദ്ധ ആശയമാണ് എന്ന നിര്‍വചനം ഉരുത്തിരിയുന്നു. ആ നിര്‍വചനപ്രകാരം വംശീയത യൂറോപ്യന്‍ ചരിത്രത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. കൊളോണിയല്‍ ശക്തികളുടെ വംശീയതയും കൊളോണിയലിസം തന്നെയും അങ്ങനെ വംശീയതയുടെ വലയില്‍ കുരുങ്ങാതെ രക്ഷപ്പെടുന്നു. വംശീയത ജീവശാസ്ത്രപരവും നരവംശശാസ്ത്രപരവുമായ ഭിന്നതകളായി-സെമിറ്റിക്/സെമിറ്റിക്കേതരന്‍, കറുത്തവന്‍/വെളുത്തവന്‍ എന്നിങ്ങനെ-പരിമിതപ്പെട്ടുപോകുന്നു. ജനവിഭാഗങ്ങളെ അടിച്ചമര്‍ത്തുന്നതിലും അപമാനിക്കുന്നതിലും അവര്‍ക്കിടയില്‍ വിവേചനം കല്‍പ്പിക്കുന്നതിലും നാസിസവും കൊളോണിയലിസവും തമ്മിലുള്ള സാദൃശ്യങ്ങളെയും സമാനതകളെയും കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് കൊളോണിയലിസത്തിന് ഈ ക്ലീന്‍ ചിറ്റ് നല്‍കല്‍. വംശീയത എന്നാല്‍ അത് കേവലം ജീവശാസ്ത്രപരമോ, നരവംശ ശാസ്ത്രപരമോ ആയ ഒന്നല്ല; ചില സാമൂഹിക പ്രക്രിയകളുടെ ഭാഗമായി ഉരുത്തിരിയുന്ന പലവിധ സ്വത്വങ്ങളും ഉള്‍ച്ചേര്‍ന്ന ഒന്നാണത്. അതിനാല്‍ മുസ്‌ലിംകള്‍ ഒരു വംശമല്ലല്ലോ, പിന്നെ എങ്ങനെയാണവര്‍ വംശീയ വിദ്വേഷത്തിന് ഇരകളായിത്തീരുക എന്ന് ചോദിക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ല. 

വംശീയതയെ വിമര്‍ശനാത്മകമായി പഠിച്ച പ്രഫ. ഡേവിഡ് തിയോ ഗോള്‍ഡ് ബര്‍ഗിന്റെ പഠനങ്ങള്‍ -പ്രത്യേകിച്ച് വംശീയാനന്തര രാഷ്ട്ര ഘടന (Post-Racial State)യെ കുറിച്ചുള്ളവ-ഇസ്‌ലാമോഫോബിയയെ മനസ്സിലാക്കാന്‍ നമുക്കൊരുപാട് ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നുണ്ട്. വംശീയ രാഷ്ട്രവും വംശീയാനന്തര രാഷ്ട്രവും തമ്മിലുള്ള വ്യത്യാസങ്ങള്‍ അദ്ദേഹം എടുത്ത് പറയുന്നു. വംശീയ രാഷ്ട്രത്തില്‍ ഏത് മുഖ്യ പ്രോജക്ടിലും വംശീയതയുടെ യുക്തിയാണ് നമുക്ക് കാണാനാവുക. ദക്ഷിണാഫ്രിക്കയിലുണ്ടായിരുന്ന വര്‍ണവെറിയന്‍ ഭരണകൂടം ഉദാഹരണം. വര്‍ണവെറിയന്‍ സ്‌റ്റേറ്റിന്റെ സ്ഥാനത്താണ് ഇന്നത്തെ വംശീയാനന്തര രാഷ്ട്രം നിലകൊള്ളുന്നത്. വംശീയാനന്തര സ്റ്റേറ്റ് നേരത്തെയുണ്ടായിരുന്ന വംശീയതയുടെ ചട്ടക്കൂടിനെ ഇളക്കി പ്രതിഷ്ഠിക്കുകയും, ഏത് മുഖ്യ പ്രൊജക്ടിന്റെയും അടിത്തറ എന്ന അതിന്റെ സ്ഥാനം ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും വംശീയത ഭരണതലങ്ങളില്‍ ഉള്‍ച്ചേര്‍ന്ന് കിടക്കുന്നുണ്ട്. വംശീയത കലര്‍ന്ന ഭരണനിര്‍വഹണ(Racialised Governmentality)മായി അതിനെ കാണാവുന്നതാണെന്ന് ഡേവിഡ് തിയോഗോള്‍ഡ് ബര്‍ഗ് സമര്‍ഥിക്കുന്നു. ഇസ്‌ലാമോഫോബിയയെ കുറെ കൂടി തെളിച്ചത്തില്‍ നിരീക്ഷിക്കാന്‍ ഈ പഠനങ്ങള്‍ നമുക്ക് സഹായകമാവുന്നുണ്ട്. അറിവില്ലായ്മയുടെയും മുന്‍ധാരണയുടെയും മാത്രം പ്രശ്‌നമായി ഇസ്‌ലാമോഫോബിയയെ കാണാന്‍ പറ്റില്ലെന്ന് ചുരുക്കം. ഭരണതലത്തിലുണ്ടാവുന്ന ഇടപെടലുകളുടെയും തരംതിരിവുകളുടെയും ഒരു പരമ്പര തന്നെയാണ് ഓരോ രാജ്യത്തെയും മുസ്‌ലിം ജനവിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുന്നത്. ഇസ്‌ലാമോഫോബിയക്ക് വൈകാരികവും സാംസ്‌കാരികവും മതപരവുമായ തലങ്ങളില്ല എന്നല്ല പറയുന്നത്; ഇസ്‌ലാമോ ഫോബിയയുടെ മുഖ്യ ഉന്നം വ്യതിരിക്തമായ ഒരു മുസ്‌ലിം സ്വത്വം രൂപപ്പെട്ടുവരുന്നത് തടയുകയാണ് എന്ന കാര്യം ഊന്നിപ്പറയുക മാത്രമാണ്. അപ്പോഴത് വൈകാരികവും മതപരവും സാംസ്‌കാരികവും എന്നതിനേക്കാളുപരി രാഷ്ട്രീയ മാനങ്ങളുള്ളതാണെന്ന് വരുന്നു.

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് ഭയം ഉല്‍പ്പാദിപ്പിക്കുക എന്നത് നിലവിലുള്ള ഒരു രാഷ്ട്രത്തിന്റെയും പ്രഖ്യാപിത ലക്ഷ്യമല്ല; സ്റ്റേറ്റ് മെക്കാനിസത്തില്‍ ഇസ്‌ലാമോഫോബിയ ഉള്‍ച്ചേര്‍ന്നിട്ടില്ല എന്ന് അതിന് അര്‍ഥവുമില്ല. മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുക എന്നതായിരിക്കും ഇസ്‌ലാമോഫോബിയയുടെ ആത്യന്തിക തലം. ഈ ഉന്മൂലനം രണ്ട് തരത്തില്‍ സംഭവിക്കാം. ഒന്ന്, ശാരീരികമായ ഉന്മൂലനം, വംശ ഹത്യ. രണ്ട്, മുസ്‌ലിംകളെ ഇസ്‌ലാമിക മൂല്യങ്ങളില്‍ നിന്ന് പിഴുതുമാറ്റി (De-Islamisation) അവരുടെ മുസ്‌ലിം ഐഡന്റിറ്റി ഇല്ലാതാക്കുക. ഈ അപ ഇസ്‌ലാമീകരണം ചരിത്രത്തില്‍ പലപ്പോഴായി സംഭവിച്ചിട്ടുണ്ട്. ക്രി. 1492 ല്‍ മുസ്‌ലിംകള്‍ സ്‌പെയിനില്‍ നിന്ന് കൂട്ടത്തോടെ പുറത്താക്കപ്പെടുകയും അവശേഷിച്ചവര്‍ ക്രിസ്തുമതം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 16 ഉം 17 ഉം നൂറ്റാണ്ടുകളില്‍ മില്യന്‍ കണക്കിന് മുസ്‌ലിംകളെയാണ് (ഒരു റിപ്പോര്‍ട്ട് പ്രകാരം 14 മില്യന്‍) വടക്കനാഫ്രിക്കയില്‍ നിന്ന് അടിമകളാക്കി പിടിച്ച് പാശ്ചാത്യ ദേശങ്ങൡ എത്തിച്ചത്. കൊളോണിയല്‍ ശക്തികളും മുസ്‌ലിംകളെ ഇസ്‌ലാമില്‍ നിന്നകറ്റുന്നതിന് വേണ്ടിയുള്ള മതേതരവല്‍ക്കരണ പ്രക്രിയ തുടര്‍ന്നു. കോളനിയാനന്തര രാഷ്ട്രങ്ങളും ആ പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കുന്നു. യൂറോ കേന്ദ്രിതമല്ലാത്ത ഒരു മുസ്‌ലിം ആഖ്യാനം നിര്‍മ്മിച്ചുകൊണ്ടേ ഈ ഇസ്‌ലാമോഫോബിയയില്‍ നിന്ന് കുതറിച്ചാടാനാവുകയുള്ളൂ. 

സെമിറ്റിക് വിരുദ്ധതയും സ്വയം നിര്‍ണ്ണയാവകാശവും

ജൂതന്മാരല്ലാത്തവര്‍ ജൂതന്മാരില്‍ നിന്ന് ജന്മനാ തന്നെ വ്യത്യസ്തരാണ് എന്ന ആശയാടിത്തറയില്‍ നിന്നാണ് സെമിറ്റിക് വിരുദ്ധത രൂപം കൊള്ളുന്നത്. ജൂതവിരുദ്ധ മുന്‍ധാരണകളാണ് അതിനെ നിര്‍മിക്കുക. സെമിറ്റിക് വിരുദ്ധ വംശീയതയാണ് ഹോളോകാസ്റ്റിനെ സാധ്യമാക്കിയതും. നമ്മുടെ കാലത്തെ ജനങ്ങള്‍ക്ക് ഈ സെമിറ്റിക് വിരുദ്ധ വംശീയതയാണ് കൂടുതല്‍ പരിചയം. ഇനി നമുക്ക് നേരത്തെപ്പറഞ്ഞ റനിമീഡ് ട്രസ്റ്റ് സെമിറ്റിക് വിരുദ്ധതയെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലേക്ക് വരാം. സെമിറ്റിക് വിരുദ്ധതയെ സയണിസ്റ്റ് വിരുദ്ധതയുമായി സംയോജിപ്പിക്കുന്ന വളരെ സൂക്ഷ്മമായ തലം ആ റിപ്പോര്‍ട്ടില്‍ കാണാനാവും. അതേ സമയം സയണിസ്റ്റ് വിരുദ്ധത ഒട്ടും ശരിയല്ല എന്നൊന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇസ്രയേലി ഗവണ്‍മെന്റിന്റെ ചില പ്രത്യേക നയങ്ങളെ വിമര്‍ശിക്കുന്നത് തികച്ചും ന്യായം തന്നെയാണ്. അതിനെ സെമിറ്റിക് വിരുദ്ധത എന്നാരോപിച്ച് തള്ളിക്കളയാനാവില്ല. പക്ഷെ റനിമീഡ് റിപ്പോര്‍ട്ടില്‍ സെമിറ്റിക് വിരുദ്ധതയെയും സയണിസ്റ്റ് വിരുദ്ധതയെയും കൃത്യമായി നിര്‍വചിക്കാത്തത് കൊണ്ട്, മൂന്ന് സന്ദര്‍ഭങ്ങളില്‍ സയണിസ്റ്റ് വിരുദ്ധത എന്നത് സെമിറ്റിക് വിരുദ്ധത തന്നെയായി മാറുന്നുണ്ട്. ഒന്ന്: റിപ്പോര്‍ട്ട് പ്രകാരം, 'ഇസ്രയേല്‍ രാഷ്ട്രത്തിന്റെ നിയമാനുസൃതത്വം' നിഷേധിക്കുന്നത് സെമിറ്റിക് വിരുദ്ധതയാണ്. കാരണമത് മറ്റു ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടിട്ടില്ലാത്തത് (രാഷ്ട്ര പദവിയും സ്വയം നിര്‍ണയാവകാശവും), ഇസ്രയേല്‍ ജനതക്ക് നിഷേധിക്കുന്നതിന് തുല്യമാവും. രണ്ട്, സയണിസത്തെ വംശീയ പ്രത്യയശാസ്ത്രമായി ചിത്രീകരിക്കുന്നത് സെമിറ്റിക് വിരുദ്ധതയാണ്. ചില ഇസ്രയേലി ജൂതന്മാര്‍ വംശീയ നിലപാടുകള്‍ പുലര്‍ത്തുന്നുണ്ടെന്ന് പറയുന്നത് സെമിറ്റിക് വിരുദ്ധതയല്ല എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്, മൊത്തം ഇസ്രയേലി സമൂഹം വംശീയതയെ വരിച്ചവരാണ് എന്ന് പറയുന്നതിനെ സെമിറ്റിക് വിരുദ്ധതയായി കണക്കാക്കുന്നു. ഇസ്രയേലിനെ വംശവെറിയന്‍ (Apartheid) രാഷ്ട്രമായി തരം തിരിക്കുന്നതിന് ഇത്തരം വ്യാഖ്യാനങ്ങള്‍ തടസ്സമാവുന്നു. മൂന്ന്, സയണിസത്തെ നാസിസവുമായി സമീകരിക്കുന്നത്, അല്ലെങ്കില്‍ ഇസ്രയേല്‍ ഫലസ്ത്വീനികള്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങളെ നാസികള്‍ ജൂതന്മാര്‍ക്ക് നേരെ നടത്തിയ അതിക്രമങ്ങളുമായി സാദൃശ്യപ്പെടുത്തുന്നത് സെമിറ്റിക് വിരുദ്ധതയായി റനിമീഡ് റിപ്പോര്‍ട്ട് എണ്ണുന്നു. അതിനാല്‍ ഇസ്രയേലികള്‍ ഫലസ്ത്വീനികളെ വംശഹത്യ നടത്തുകയാണ് എന്ന് പറയുന്നത് സെമിറ്റിക് വിരുദ്ധ പരാമര്‍ശങ്ങളിലാണ് ഉള്‍പ്പെടുക. 

ഇസ്‌ലാമോഫോബിയയെക്കുറിച്ചും സെമിറ്റിക് വിരുദ്ധതയെക്കുറിച്ചും റനിമീഡ് തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍, തീര്‍ത്തും വ്യത്യസ്തമായ പരിചരണമാണ് മുസ്‌ലിംകള്‍ക്ക് ലഭിക്കുന്നത് എന്ന് കാണാം. ഇസ്‌ലാമോഫോബിയയെക്കുറിച്ച റിപ്പോര്‍ട്ടില്‍, എവിടെയെങ്കിലും 'ഭീകര' സംഭവങ്ങളുണ്ടായാല്‍, മുസ്‌ലിംകളും അവരെ പ്രതിനിധീകരിക്കുന്ന സംഘടനകളും ഖേദം പ്രകടിപ്പിക്കുകയും ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും വേണമെന്ന് പറയുന്നുണ്ട്. ഇസ്രയേലി ഗവണ്‍മെന്റോ ജൂത സംഘടനകളോ ഫലസ്ത്വീനികളെ ആക്രമിച്ചാല്‍ ജൂത-സയണിസ്റ്റ് സംഘടനകള്‍ ഖേദം പ്രകടിപ്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ എവിടെയും പറയുന്നുമില്ല. ഇന്ത്യയിലേക്ക് വന്നാലും ഇതേ ചിത്രമാണ് കിട്ടുക. ജനക്കൂട്ടത്തിന്റെ സംഘടിത ഭീകരാക്രമണങ്ങള്‍ക്ക് ഇരകളായ മുസ്‌ലിംകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചോ അതിക്രമങ്ങളെ അപലപിച്ചോ ഹിന്ദു സംഘടനകളോ അവയുടെ പ്രതിനിധികളോ പ്രസ്താവനയിറക്കണമെന്ന് ആരും ആവശ്യപ്പെടാറില്ലല്ലോ. ഇസ്രയേലികള്‍ക്കോ ജൂതന്മാര്‍ക്കോ ബാധകമാകാത്തത് മുസ്‌ലിംകള്‍ക്ക് മാത്രം ബാധകമാകുന്ന വേറെയും സന്ദര്‍ഭങ്ങളുണ്ട്. ഇസ്‌ലാമോഫോബിയക്ക് ഒരു കാരണം മുസ്‌ലിം സമൂഹത്തിലെ ചിലരുടെ പ്രവൃത്തികളാണെന്ന ആരോപണം ഉന്നയിക്കപ്പെടുന്നു. അതായത്, മുസ്‌ലിം സമൂഹം ആന്തരികമായി രണ്ടായി പിരിഞ്ഞ് നില്‍ക്കുകയാണ്-നല്ല മുസ്‌ലിംകളും ചീത്ത മുസ്‌ലിംകളും. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ യഥാര്‍ഥ മുസ്‌ലിംകളും ഫണ്ടമെന്റലിസ്റ്റ് മുസ്‌ലിംകളും. ആദ്യത്തെ വിഭാഗം രാഷ്ട്രീയത്തില്‍, പ്രത്യേകിച്ച് മതേതര ഫ്രെയിം വര്‍ക്കിന് പുറത്തുള്ള രാഷ്ട്രീയത്തില്‍ ഇടപെട്ട് ആകെ നാശമാക്കുന്നില്ല. എന്നാല്‍, റനിമീഡിന്റെ ആന്റി സെമിറ്റിക് റിപ്പോര്‍ട്ടില്‍ ജൂതന്മാര്‍ക്ക് ഇത്തരം സാരോപദേശങ്ങളൊന്നും നല്‍കുന്നില്ല; മധ്യപൗരസ്ത്യ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അവരോട് പറയുന്നില്ല. ഈ വ്യത്യസ്ത പരിചരണം ഇന്ത്യയിലും ഉണ്ട്. ഇവിടെ നല്ല ഹിന്ദു, ചീത്ത ഹിന്ദു എന്ന പ്രയോഗമില്ലല്ലോ. 

മുസ്‌ലിം സ്വത്വത്തെക്കുറിച്ച് ധാരണയില്ല എന്നതാണ് റനിമീഡിന്റെ ഇസ്‌ലാമോഫോബിയ റിപ്പോര്‍ട്ടിന്റെ ഏറ്റവും വലിയ പരാജയം. സെമിറ്റിക് വിരുദ്ധതയെ കുറിച്ച റനിമീഡ് റിപ്പോര്‍ട്ടില്‍ അങ്ങനെയല്ല. അതില്‍ ജൂത സ്വത്വത്തെക്കുറിച്ച് തെളിഞ്ഞ പരാമര്‍ശമുണ്ട്. ജൂത സ്വയംഭരണത്തിന്റെ രാഷ്ട്രീയ ആവിഷ്‌കാരം എന്ന നിലക്ക് സയണിസത്തെ ആ റിപ്പോര്‍ട്ട് അസന്ദിഗ്ധമായി പിന്താങ്ങുകയും ചെയ്യുന്നു. എന്നാല്‍ റനിമീഡ് റിപ്പോര്‍ട്ടിലോ ഇസ്‌ലാമോഫോബിയയെ കുറിച്ച് ഡോ. ദീപ കുമാറിനെപ്പോലുള്ളവര്‍ എഴുതിയ പുസ്തകങ്ങളിലോ-വളരെയേറെ വിറ്റുപോയിട്ടുണ്ട് ദീപയുടെ പുസ്തകം5-മുസ്‌ലിം സ്വയംഭരണത്തെക്കുറിച്ചോ അവരുടെ രാഷ്ട്രീയ ആവിഷ്‌കാരത്തെക്കുറിച്ചോ ഒന്നും പറയുന്നില്ല. ദീപ തന്റെ മറ്റു പ്രബന്ധങ്ങളിലുടനീളം കിണഞ്ഞ് ശ്രമിച്ച് പോന്നിട്ടുള്ളത്, ഇസ്‌ലാമിനെ അതിന്റെ രാഷ്ട്രീയ ബന്ധങ്ങളില്‍ നിന്ന് അറുത്തുമാറ്റാനാണ്. ആഗോളവ്യാപകമായി ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന മുസ്‌ലിം ഐഡന്റിറ്റിയെക്കുറിച്ച് മനസ്സിലാക്കാതെ നടത്തുന്ന ഇസ്‌ലാമോഫോബിയ പഠനങ്ങള്‍ ഫലവത്താകുമെന്ന് തോന്നുന്നില്ല. സല്‍മാന്‍ സയ്യിദ് ഇക്കാര്യം അടിവരയിട്ട് തന്നെ പറയുന്നുണ്ട്. മുസ്‌ലിം സ്വയംഭരണം എന്ന, അഥവാ മുസ്‌ലിം രാഷ്ട്രീയ ഐഡന്റിറ്റി എന്ന നിയമാനുസൃത സാധ്യതയെ പൊലിപ്പിക്കുന്ന എന്തിനെയും കടിഞ്ഞാണിടുക എന്നതാണ് ഇസ്‌ലാം ഭീതി പരത്തുന്നതിന്റെ യഥാര്‍ഥ ഉന്നം. അതായത്, മുസ്‌ലിം ഒരു സവിശേഷ രാഷ്ട്രീയ വ്യക്തിത്വമായി ഉയര്‍ന്ന് വരുന്നേടത്താണ് ഇസ്‌ലാമോഫോബിയ പ്രത്യക്ഷപ്പെടുക.  ഇസ്‌ലാമിനെക്കുറിച്ച അടഞ്ഞ കാഴ്ചപ്പാടിന്റെ ഉല്‍പ്പന്നമാണ് ഇസ്‌ലാമോഫോബിയ എന്ന വാദം അപ്പോള്‍ നിരര്‍ഥകമാണെന്ന് വരുന്നു. ഇസ്‌ലാമിനും പടിഞ്ഞാറിനുമിടയില്‍ കോളനിവാഴ്ച്ചക്കാലത്ത് നിലനിന്നിരുന്ന ഹിംസാത്മകമായ അധികാര ശ്രേണിയെ അരക്കിട്ടുറപ്പിക്കാനുള്ള ശ്രമമായിട്ട് വേണം അതിനെ കാണാന്‍. മുസ്‌ലിംകള്‍ ഏതെങ്കിലും വംശീയ വിഭാഗത്തില്‍ ഒതുങ്ങി നില്‍ക്കാത്തവരായത് കൊണ്ട്, ഇസ്‌ലാമോഫോബിയ കാരണം വിവേചനം നേരിടേണ്ടി വരുന്നത് ബഹു വംശീയതകളായിരിക്കും. അപ്പോള്‍ വംശമോ ഗോത്രമോ അല്ല, വിശ്വാസവും സ്വത്വവുമൊക്കെയായിരിക്കും വംശീയതയെ അടയാളപ്പെടുത്തുക. മുസ്‌ലിം സ്വത്വത്തിന്റെ ഏതെങ്കിലും തരത്തിലുള്ള സമര്‍ഥനം (Assertion) പാശ്ചാത്യ നാഗരികതക്ക് അസ്തിത്വ ഭീഷണി ഉയര്‍ത്തുമെന്ന സമീപനവും ഇസ്‌ലാമോഫോബിയയിലൂടെ പ്രകടമാവുന്നുണ്ട്. മുസ്‌ലിം രാഷ്ട്രീയ കര്‍തൃത്വത്തിന്റെ കാര്യത്തില്‍ ലിബറല്‍ സെക്യുലറിസ്റ്റുകളും ഇടതു പക്ഷക്കാരുമൊക്കെ ഈ ആശങ്ക പങ്കുവെക്കുന്നതായി കാണാം. 

ഈ അതിസൂക്ഷ്മ തലങ്ങളെക്കൂടി കണക്കിലെടുക്കുമ്പോള്‍ ഇസ്‌ലാമോഫോബിയക്ക് ഏറക്കുറെ മികച്ച നിര്‍വചനം നല്‍കിയിരിക്കുന്നത് ഡോ. ഹാതിം ബാസിയാനാണെന്ന് പറയാം. അദ്ദേഹം ഇസ്‌ലാമോഫോബിയ സ്റ്റഡീസ് ജര്‍ണലിന്റെ എഡിറ്ററും, കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമോഫോബിയ റിസര്‍ച്ച് & ഡോക്യുമെന്റേഷന്‍ പ്രോജക്ടി (IRDP) ന്റെ ഡയറക്ടറുമാണ്. അദ്ദേഹം നിര്‍വചിക്കുന്നത് ഇങ്ങനെ: ''നിലവിലുള്ള യൂറോ കേന്ദ്രിത-ഓറിയന്റലിസ്റ്റ് ആഗോള അധികാരഘടന നുരപ്പിച്ചെടുക്കുന്ന സാങ്കല്‍പിക ഭയമോ മുന്‍ധാരണയോ ആണ് ഇസ്‌ലാമോഫോബിയ. സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ബന്ധങ്ങളിലെ അസമത്വങ്ങളെ നിലനിര്‍ത്തിയും വ്യാപിപ്പിച്ചും സാങ്കല്‍പ്പികമോ യഥാര്‍ഥമോ ആയ മുസ്‌ലിം ഭീഷണിയെയാണ് അത് ഉന്നംവെക്കുന്നത്. ഇസ്‌ലാമോഫോബിയ പുനരവതരിപ്പിക്കുന്നതും ആവര്‍ത്തിച്ചുറപ്പിക്കുന്നതും ഒരു ആഗോള വംശീയ ഘടനയെ ആണ്. ആ ഘടന വിഭവവിതരണത്തിലെ അസന്തുലിതത്വം നിലനിര്‍ത്തുക മാത്രമല്ല, വ്യാപിപ്പിക്കുകയും ചെയ്യുന്നു.'' പാശ്ചാത്യ പ്രോജക്ടുകളുടെ എതിര്‍സ്ഥാനത്ത് ഇസ്‌ലാമിനെ പ്രതിഷ്ഠിക്കുമ്പോഴുണ്ടാകുന്ന വടംവലിയെ പ്രതിഫലിപ്പിക്കുന്നുണ്ട് ഈ നിര്‍വചനം. 

ജ്ഞാനശാസ്ത്ര ഇസ്‌ലാമോഫോബിയ

ജ്ഞാനശാസ്ത്ര ഇസ്‌ലാമോഫോബിയ (Epistemic Islamophobia) എന്ന പ്രയോഗം ആദ്യമായി നടത്തിയത് പ്രമുഖ ലാറ്റിനമേരിക്കന്‍ ആക്ടിവിസ്റ്റായ പ്രഫ. റമോന്‍ ഗ്രോസ്ഫ്യൂഗല്‍6 ആണ്. വംശീയത ഒരു ജ്ഞാന ശാസ്ത്രമായി വികസിച്ചപ്പോള്‍ തന്നെ ഇസ്‌ലാമോഫോബിയയും അതിലൂടെ ഒരു ജ്ഞാന ശാസ്ത്രമായി വികസിച്ചിട്ടുണ്ട്. അത് ആധുനിക മതേതര ലോകത്തിന്റെ അടിസ്ഥാന യുക്തിയായും ജ്ഞാനോല്‍പ്പാദനത്തിന്റെ നിയമാനുസൃത വഴിയായും രൂപപ്പെട്ടിരിക്കുന്നു. കാള്‍ മാര്‍ക്‌സ്, മാക്‌സ് വെബര്‍ പോലുള്ള പാശ്ചാത്യ ചിന്തയുടെ ഐക്കണുകള്‍ മുന്നോട്ട് വെച്ച സാമൂഹിക ശാസ്ത്ര സിദ്ധാന്തങ്ങളില്‍ ജ്ഞാനശാസ്ത്ര ഇസ്‌ലാമോഫോബിയയുടെ പ്രകടരൂപങ്ങള്‍ കാണാം. മാക്‌സ് വെബറുടെ വീക്ഷണത്തില്‍, ഇസ്‌ലാം ഉള്‍ക്കൊള്ളുന്നത് മുന്‍നിശ്ചയ (Pre determination) വിശ്വാസമാണ്, ഈശ്വര ഹിത (Predestination) വിശ്വാസമല്ല. മുന്‍നിശ്ചയ വിശ്വാസം മുസ്‌ലിംകളുടെ ഇഹലോകത്തെ ഭാഗധേയമാണ് നിശ്ചയിക്കുന്നത്, പരലോകത്തെയല്ല. കാല്‍വനിസ്റ്റ് ക്രൈസ്തവ വിശ്വാസപ്രകാരം, ഈശ്വര ഹിതമാണ് എല്ലാത്തിന്റെയും മര്‍മം. അതവരെ കര്‍മനിരതരാക്കുന്നു. ആ ഉത്തരവാദിത്ത ബോധം മുസ്‌ലിംകളില്‍ കാണാനില്ല. ഈശ്വര ഹിത വിശ്വാസമില്ലാത്തതിനാല്‍ ഈ ലോക പ്രവൃത്തികളില്‍ ക്രിയാത്മക നിലപാടെടുക്കാന്‍ മുസ്‌ലിംകള്‍ക്ക് കഴിയുന്നില്ലെന്നും വെബര്‍ വാദിക്കുന്നു. അവര്‍ എല്ലാം വിധികല്‍പ്പിതമെന്ന് കരുതി ആശ്വസിക്കുന്നു. വെബറിന്റെ താര്‍ക്കിക യുക്തി പിന്തുടര്‍ന്നാല്‍ അദ്ദേഹമെത്തിച്ചേരുന്ന നിഗമനം ഇങ്ങനെ സംഗ്രഹിക്കാം: മുസ്‌ലിംകള്‍ അയുക്തികരും വിധിവിശ്വാസികളുമാണ്. ഗൗരവപ്പെട്ട ജ്ഞാനങ്ങളൊന്നും അവരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. 

ഇസ്‌ലാമോഫോബിയ ജ്ഞാനയുക്തിയുടെ പ്രശ്‌നങ്ങള്‍ മാര്‍ക്‌സിലും ഏംഗല്‍സിലും നാം കാണുന്നുണ്ട്. വെബറിനെ പോലെ മാര്‍ക്‌സും കരുതുന്നത്, തുര്‍ക്കി വംശജരായ മുസ്‌ലിംകള്‍ വിദ്യാഹീനരായ ജനക്കൂട്ടമാണെന്നാണ്. അവരെ അപേക്ഷിച്ച് റോമന്‍ സാമ്രാജ്യത്തിലെ ജനക്കൂട്ടം ഋഷിതുല്യരായ ജ്ഞാനികളായി തോന്നിക്കുമത്രെ! മുസ്‌ലിം ജനക്കൂട്ടത്തിനെതിരെ വിമോചന സമരത്തിന് വരെ മാര്‍ക്‌സ് ആഹ്വാനം ചെയ്യുന്നുണ്ട്. മാര്‍ക്‌സിന്റെ വീക്ഷണത്തില്‍ പാശ്ചാത്യ നാഗരികതയാണ് ഇതിനേക്കാള്‍ മികച്ചത്. അതിനാല്‍ പാശ്ചാത്യരല്ലാത്ത മുസ്‌ലിംകളെ പരിഷ്‌കൃതരാക്കാനുള്ള ആഹ്വാനവും അദ്ദേഹം നടത്തുന്നു. ഈയൊരു കാഴ്ചപ്പാടിലൂടെയാണ്, ബര്‍ബറുകളായ ഈ നീച വിഭാഗങ്ങള്‍ ഒരു മാറ്റവുമില്ലാതെ അങ്ങനെത്തന്നെ തുടരുന്നതിന് പകരം, പാശ്ചാത്യ കൊളോണിയലിസമാണ് അവര്‍ക്ക് നല്ലത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്. മുസ്‌ലിം ജനവിഭാഗങ്ങളെ മാര്‍ക്‌സ് അവിശ്വസിച്ചിരുന്നു. ഇസ്‌ലാമില്‍ പരദേശി സ്പര്‍ധ (Xenophobia)യുടെ ലക്ഷണങ്ങളുണ്ടെന്നും അദ്ദേഹം കരുതി. പാശ്ചാത്യ കൊളോണിയലിസത്തോട് മാപ്പുസാക്ഷി നിലപാടെടുക്കാന്‍ അതാണ് കാരണം. ഓറിയന്റലിസ്റ്റുകളുടെ ജ്ഞാനശാസ്ത്ര വംശീയവെറി മാര്‍ക്‌സിന്റെ വാക്കുകളില്‍ പുനര്‍ജനിക്കുന്നത് കാണുക: ''ഖുര്‍ആനും അതില്‍ നിന്ന് ഉദ്ഭൂതമാവുന്ന മുസല്‍മാന്റെ നിയമവും വ്യത്യസ്ത ജനവിഭാഗങ്ങളുടെ ഭൂമിശാസ്ത്രത്തെയും വംശാവലിയെയും വളരെ എളുപ്പം രണ്ട് ജനവിഭാഗങ്ങളായും രണ്ട് രാഷ്ട്രങ്ങളായും ചുരുക്കുന്നു: ഒന്ന് വിശ്വാസി വിഭാഗവും മറ്റേത് അവിശ്വാസി വിഭാഗവും. അവിശ്വാസിയാണ് ശത്രു. ഇസ്‌ലാമിസം അവിശ്വാസികള്‍ക്ക് രാഷ്ട്രം നിഷേധിക്കുന്നു. അങ്ങനെ മുസല്‍മാനും അവിശ്വാസിയും തമ്മില്‍ നിതാന്ത ശത്രുതയുടെ അവസ്ഥ സൃഷ്ടിക്കുന്നു.'' 7 മുസ്‌ലിം നാടുകളില്‍ വിപ്ലവത്തിന് ഒരവസരം ലഭിക്കണമെങ്കില്‍ സെക്യുലരിസം അനിവാര്യമാണെന്ന് മാര്‍ക്‌സ് വിശ്വസിച്ചു. അദ്ദേഹം തുടരുന്നു. ''ഖുര്‍ആനോടുള്ള അവരുടെ വിധേയത്വം ഒരു സിവില്‍ വിമോചന മുന്നേറ്റത്തിലൂടെ നിങ്ങള്‍ക്ക് അവസാനിപ്പിക്കാന്‍ സാധിച്ചാല്‍, പൗരോഹിത്യത്തോടുള്ള അവരുടെ വിധേയത്വത്തെയാണ് നിങ്ങള്‍ ഇല്ലാതാക്കുന്നത്. അവരുടെ സാമൂഹിക, രാഷ്ട്രീയ, മത ബന്ധങ്ങളില്‍ അത് വിപ്ലവം സൃഷ്ടിക്കുകയും ചെയ്യും. ഖുര്‍ആന്‍ മാറ്റി പകരമൊരു സിവില്‍ കോഡ് വെക്കുകയാണെങ്കില്‍ ബൈസാന്തിയന്‍ സമൂഹത്തെ ഒന്നാകെ നിങ്ങള്‍ക്ക് പാശ്ചാത്യവല്‍ക്കരിക്കാനാകും.'' സെക്യുലര്‍ എന്ന് പറയപ്പെടുന്ന മാര്‍ക്‌സിന്റെ ഈ കാഴ്ച്ചപ്പാട് യഥാര്‍ഥത്തില്‍ കൊളോണിയല്‍ ശക്തികള്‍ കോളനിവത്കൃത രാജ്യങ്ങളിലെ ജനങ്ങളുടെ ചിന്താ-ജീവിത വഴികളെ തകര്‍ക്കുന്നതിനും അങ്ങനെ അവരുടെ പ്രതിരോധ ശേഷി ഇല്ലാതാക്കുന്നതിനും വേണ്ടി ആവിഷ്‌കരിച്ച ലക്ഷണമൊത്ത ഒരു കൊളോണിയല്‍ തന്ത്രമായിരുന്നു. 

ഇത് മാര്‍ക്‌സ്, വെബര്‍ പോലുള്ള ക്ലാസിക്കല്‍ സാമൂഹിക സൈദ്ധാന്തികരുടെ കാര്യം. ഇപ്പോഴത്തെ പാശ്ചാത്യ സാമൂഹിക ശാസ്ത്രങ്ങളിലേക്ക് വന്നാലും യൂറോ കേന്ദ്രിത-ഇസ്‌ലാമോഫോബിക് ജ്ഞാനശാസ്ത്ര മുന്‍ധാരണകള്‍ തന്നെയാണ് അവിടെയുമുള്ളത്. സമകാലിക ചര്‍ച്ചകളിലും പൊതു നയങ്ങളിലും അത് തെളിഞ്ഞ് കാണാം. ജ്ഞാന ശാസ്ത്ര വംശീയതയും അതിന്റെ വകഭേദമായ യൂറോ കേന്ദ്രിത മൗലിക വാദവും ജനാധിപത്യ-മനുഷ്യാവകാശ ചര്‍ച്ചകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. മനുഷ്യാവകാശത്തെയും മനുഷ്യ മഹത്വത്തെയും കുറിച്ചുള്ള 'പടിഞ്ഞാറന്‍' അല്ലാത്ത ജ്ഞാന ശാസ്ത്രങ്ങളൊക്കെയും അധീശത്വമുള്ള 'പടിഞ്ഞാറന്‍' നിര്‍വചനങ്ങളെക്കാള്‍ നിലവാരം ഇല്ലാത്തതായാണ് കണക്കാക്കി വരുന്നത്. അതിനാല്‍ പടിഞ്ഞാറന്‍ അല്ലാത്തത് ആഗോള ചര്‍ച്ചകളില്‍ കടന്നു വരുന്നില്ല. ഇസ്‌ലാമിക തത്വശാസ്ത്രത്തെയും ചിന്തയെയും യൂറോ കേന്ദ്രിത ചിന്തകര്‍ നിലവാരം കുറഞ്ഞവയായിട്ടാണ് ചിത്രീകരിക്കുന്നതെങ്കില്‍ അതിന്റെ അര്‍ഥം ജനാധിപത്യം, മനുഷ്യാവകാശം തുടങ്ങിയ പ്രശ്‌നങ്ങളില്‍ ആ ചിന്തകള്‍ക്ക് യാതൊന്നും സംഭാവന ചെയ്യാനില്ലെന്നും, അവ ഒഴിവാക്കപ്പെടുക മാത്രമല്ല അടിച്ചമര്‍ത്തപ്പെടുക കൂടി വേണമെന്നുമാണ് അതില്‍ നിന്ന് മനസ്സിലാവുന്നത്. മുസ്‌ലിംകള്‍ തങ്ങള്‍ മുസ്‌ലിംകള്‍ എന്ന നിലക്ക് ചിന്തിക്കാതെ, ജനാധിപത്യത്തെ കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചുമുള്ള യൂറോ ആശയങ്ങള്‍ ഏറ്റു പറയുകയാണെങ്കില്‍ അവര്‍ ചര്‍ച്ചയില്‍ പങ്കാളികളായിക്കൊള്ളട്ടെ എന്നാണ് പൊതുവെ പാശ്ചാത്യ കാഴ്ചപ്പാട്. ഏതെങ്കിലുമൊരു മുസ്‌ലിം ഇസ്‌ലാമിക പാരമ്പര്യത്തില്‍ നിന്നുകൊണ്ട് ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചാല്‍ ഉടനടി അയാള്‍ മതമൗലിക വാദിയോ എന്ന സംശയമുയരുകയായി. ഇത് ഇസ്‌ലാമിക ജ്ഞാന ശാസ്ത്രത്തെ അരിക്‌വത്കരിക്കുക മാത്രമല്ല, ജ്ഞാനോല്‍പ്പാദനത്തിന്റെയും ഭരണത്തിന്റെയും സമ്പദ് ഘടനയുടെയും പാശ്ചാത്യേതര രൂപങ്ങളുടെ നാഗരിക സ്മൃതികളെ മായ്ച്ച് കളയുന്നുമുണ്ട്. ഈ നാഗരിക സ്മൃതികളെ തിരിച്ച് പിടിച്ചുകൊണ്ടേ മുന്നോട്ടുള്ള പ്രയാണം നമുക്ക് സ്വപ്നം കാണാനാവൂ. 

കുറിപ്പുകള്‍: 

1. Tomaz Mastnak-Fictions in Political Thought: Les Casas, Sepulveda, the Indians and the Turks

2. John Tolan-European Account of Muhammed's life

3. Runnymede Trust Commission-Islamphobia: A Challange for US All (Report)

4. A Very Light Sleeper: The Persistence and Dangers of Anti-Semitism (Runnymede Report on Anti-Semitism)

5. Dr Deepa Kumar-Islamophobia and the Politics of Empire

6. Prof. Ramon Grosfugel-Epistemic Islamophobia and Colonial Social Sciences (Essay), published by Islamophobia Studies Journal þ

7. ''The Outbreak of the Cremean War-Moslems, Christians and Jews in the Ottomen Empire'', Newyork Daily Tribune, April 15, 1854, quoted in S. Avineri, Karl Marx on Colonialism and Modernization 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 23/ അല്‍മുഅ്മിനൂന്‍/ 19-23
എ.വൈ.ആര്‍