Prabodhanm Weekly

Pages

Search

2015 നവംബര്‍ 13

ബ്ലെയറിന്റെ 'മെയകുല്‍പ്പ'

ഡോ. നസീര്‍ അയിരൂര്‍ /അന്താരാഷ്ട്രീയം

         മെയ കുല്‍പ്പ (Mea Culpa) എന്ന ലാറ്റിന്‍ പദത്തിനര്‍ഥം 'അത് എന്റെ തെറ്റ്' എന്നാണ്. ഇറാഖ് അധിനിവേശത്തെക്കുറിച്ച് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും അധിനിവേശത്തിന് ചുക്കാന്‍ പിടിച്ച നാറ്റോ സഖ്യത്തിന്റെ പ്രധാനിയുമായിരുന്ന ടോണി ബ്ലെയര്‍ ഈയിടെ നടത്തിയ കുമ്പസാരത്തെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശദീകരിച്ചത് ഈ ലാറ്റിന്‍ പദം ഉദ്ധരിച്ചാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും ടോണി ബ്ലെയറിന്റെ ഈ തുറന്നുപറച്ചിലാണ്. ഇറാഖ്-അധിനിവേശത്തിലെ തെറ്റുകളില്‍ പശ്ചാത്തപിക്കുന്നുവെന്നും, തങ്ങള്‍ക്ക് ഇതു സംബന്ധമായി ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളില്‍ ധാരാളം പാളിച്ചകള്‍ ഉണ്ടായിരുന്നുവെന്നും ഭീകര സംഘടനയായ ഐ.എസിന്റെ ഉദയത്തിന് ഈ അധിനിവേശം കാരണമായെന്നും CNN ന്റെ രാഷ്ട്രീയ ലേഖകന്‍ ഫരീദ് സകരിയ്യയുമായി നടത്തിയ അഭിമുഖത്തില്‍ ബ്ലെയര്‍ തുറന്ന് സമ്മതിക്കുകയുണ്ടായി. യുദ്ധാനന്തരം ഇറാഖില്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെയും ഭവിഷ്യത്തുകളെയും മുന്‍കൂട്ടി കാണാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നും അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. അധിനിവേശത്തിന് 12 വര്‍ഷം കഴിഞ്ഞുള്ള ഈ കുമ്പസാര കസര്‍ത്തുകള്‍ സമ്മിശ്ര പ്രതികരണങ്ങള്‍ ക്ഷണിച്ചു വരുത്തുക സ്വാഭാവികം. അധിനിവേശത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ അന്വേഷിച്ചറിയാനും നാറ്റോ സഖ്യത്തിന്റെ കൊടും ക്രൂരതകള്‍ അനാവരണം ചെയ്യാനും ഈ ഏറ്റുപറച്ചില്‍ വഴിവെച്ചു. വൈകി വന്ന ഈ ഏറ്റു പറച്ചിലിന് രാഷ്ട്രീയമായി ചില സുപ്രധാന മാനങ്ങളുണ്ടെന്ന് അഭിപ്രായപ്പെടുന്നവരാണ് അധിക പേരും. മാത്രമല്ല, പ്രതിരോധത്തിലായ അമേരിക്കന്‍-ബ്രിട്ടീഷ് നേതൃത്വം അധിനിവേശത്തെ കുറിച്ച് ചില പ്രധാന ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം നല്‍കേണ്ടി വന്നിരിക്കുകയാണ്. 

ഇറാഖ് അധിനിവേശത്തിന്റെ പിന്നാമ്പുറ കഥകള്‍ നിരീക്ഷിച്ചാല്‍ 'വിശുദ്ധ നുണകളുടെ' ശൃംഖലകള്‍ കൃത്യമായ ലക്ഷ്യത്തോടെ പടച്ചു വിട്ടതായി കാണാം. ഐക്യരാഷ്ട്ര സഭ പോലുള്ള പൊതു വേദികളെ നോക്കുകുത്തിയാക്കി വാഷിംഗ്ടണ്‍ പോസ്റ്റ് പോലുള്ള മാധ്യമങ്ങള്‍ ഇത്തരം പ്രചാരണങ്ങള്‍ ഏറ്റ് പിടിക്കുകയായിരുന്നു. അതിന്റെ ചുവട് പിടിച്ച് ലോകത്തിലെ മറ്റു മാധ്യമങ്ങളും ഈ കള്ളങ്ങള്‍ ഏറ്റുപാടി. കൃത്രിമമായ യുദ്ധാവസ്ഥ സൃഷ്ടിക്കുകയായിരുന്നു അമേരിക്കന്‍-ബ്രിട്ടീഷ് നേതൃത്വങ്ങള്‍. മുന്‍ സി.ഐ.എ അനലിസ്റ്റ് മെല്‍വിന്‍ ഗുഡ്മാന്‍ വ്യക്തമാക്കിയത് പോലെ, മുന്‍ CIA ഡയറക്ടര്‍മാരായിരുന്ന ജോര്‍ജ് ടെനന്റ്, മിഖായേല്‍ ഹൈഡന്‍ തുടങ്ങിയവര്‍ അമേരിക്കന്‍ സെനറ്റിന് മനഃപൂര്‍വം തെറ്റായ വിവരങ്ങള്‍ നല്‍കുകയായിരുന്നു. ഇവയില്‍ ഏറ്റവും പ്രധാനം ഇറാഖിലെ കൂട്ടനശീകരണായുധങ്ങളുടെ (Weapons of Mass Destruction) സാന്നിധ്യത്തെക്കുറിച്ച 'വിവരങ്ങളാ'ണ്. ഇവര്‍ നല്‍കിയ തെളിവുകള്‍ വെച്ചാണ് അമേരിക്ക-ഇറാഖ് അധിനിവേശത്തിന് ചാടിപ്പുറപ്പെട്ടത്. ഇപ്പോള്‍ ബ്ലെയര്‍ തള്ളിപ്പറയുന്നതും ഈ 'തെളിവുകളെ'യാണ്. മാത്രമല്ല. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ നിര്‍ദേശപ്രകാരമാണ് ടെനന്റും ഹൈഡനും കൃത്രിമമായി തെളിവുകള്‍ പടച്ചുണ്ടാക്കിയത് എന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നുണ്ട്. 

ശീതയുദ്ധകാലത്ത് അമേരിക്കന്‍ താല്‍പര്യ സംരക്ഷണത്തിനായി രൂപീകൃതമായ CIA യുടെ അന്വേഷണങ്ങള്‍ മിക്കവയും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തപ്പെട്ടവയായിരുന്നു. അവ വന്‍ പരാജയമായി കലാശിക്കുകയും ചെയ്തു. ഇറാന്‍, ഗ്വാട്ടിമല, കോംഗോ, ക്യൂബ, ബ്രസീല്‍, ഇന്തോനേഷ്യ, വിയറ്റ്‌നാം, ലോവോസ്, കമ്പോഡിയ, ഗ്രീസ്, ചിലി, അഫ്ഗാനിസ്താന്‍, എല്‍സാല്‍വഡോര്‍, നിക്കരാഗ്വ എന്നിവിടങ്ങളില്‍ CIA നടത്തിയ ഇടപെടലുകളുടെ ചരിത്രം ഇത് വ്യക്തമാക്കുന്നുണ്ട്. അമേരിക്കയിലെ കാലിഫോര്‍ണിയ സ്റ്റേറ്റ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറായിരുന്ന ഡോ. ഇബ്‌റാഹിം ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തെ കുറിച്ച് എഴുതിയ ഗവേഷണ പ്രബന്ധത്തിലെ പരാമര്‍ശങ്ങളെ അന്നത്തെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കോളിന്‍ പവ്വല്‍ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഇറാഖ് അധിനിവേശത്തെ ന്യായീകരിക്കാനായി തെറ്റായി ഉദ്ധരിച്ചിരുന്നു. വിശുദ്ധ നുണകളില്‍ എഴുതിച്ചേര്‍ക്കേണ്ടതാണ് കോളിന്‍ പവ്വലിന്റെ ഈ പ്രവൃത്തിയും. ഇറാഖില്‍ കൂട്ട നശീകരണായുധങ്ങള്‍ ഉണ്ടെന്ന ആരോപണം പിന്നീട് യു.എന്‍ ആയുധ വിദഗ്ധന്‍ പരിശോധിച്ച് ഇല്ലായെന്നു ലോകത്തോട് വിളിച്ചു പറഞ്ഞത് അമേരിക്കക്കേറ്റ ആദ്യ തിരിച്ചടിയായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ യഥാര്‍ഥ കാരണങ്ങളും സാഹചര്യങ്ങളും പരിശോധിക്കാന്‍ 2009 ല്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കുകയുണ്ടായി. സര്‍ ജോണ്‍ ചില്‍കോട്ട് നേതൃത്വം കൊടുത്ത കമ്മീഷന്‍ ആറ് വര്‍ഷം അന്വേഷണം നടത്തി കണ്ടെത്തിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വിടാനിരിക്കെ, വരാനിരിക്കുന്ന അപകടം മണത്ത് ഒരു മുഴം മുന്നിലെറിഞ്ഞതാണ് ടോണി ബ്ലെയറിന്റെ കുമ്പസാര നാടകമെന്ന് വിലയിരുത്തലുകള്‍ ഉണ്ട്. റിപ്പോര്‍ട്ട് തനിക്കെതിരെ അതിശക്തമായി ആഞ്ഞടിക്കുമെന്ന് മണത്തറിഞ്ഞ ബ്ലെയര്‍ ബ്രിട്ടനിലെ മാറി വന്ന രാഷ്ട്രീയ പശ്ചാത്തലത്തില്‍ രാഷ്ട്രീയമായി ഒറ്റപ്പെട്ടുപോകുമെന്ന ഭയത്താല്‍ അമേരിക്കന്‍ സഹായം ഉറപ്പാക്കുന്നതിനാണ് ഈ ഏറ്റു പറച്ചില്‍ CNN ല്‍ തന്നെ നടത്തിയത് എന്ന് സംസാരമുണ്ട്. ചില്‍ക്കോട്ടിന്റെ റിപ്പോര്‍ട്ട് വെളിച്ചം കണ്ടാലുണ്ടാകുന്ന പുകിലുകളെ ഏതര്‍ഥത്തിലും നേരിടുമെന്ന ധ്വനി തുറന്ന്പറച്ചിലുകളുടെ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ മനസ്സിലാകും. 

കുറ്റങ്ങള്‍ ഏറ്റു പറഞ്ഞ ബ്ലെയറിനെ യുദ്ധക്കുറ്റവാളിയായി കണ്ട് വിചാരണ ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാല്‍ എന്തുവന്നാലും കുലുങ്ങുകയില്ല എന്ന മട്ടിലാണ് അമേരിക്കന്‍ ബ്രിട്ടീഷ് നേതൃത്വങ്ങള്‍. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ അംഗമല്ലാത്തതിനാല്‍ തങ്ങളെ ചോദ്യം ചെയ്യുവാനോ, യു.എന്‍ സുരക്ഷാ സമിതിയില്‍ വീറ്റോ അധികാരമുള്ളതിനാല്‍ അവിടെ മറ്റാര്‍ക്കും പ്രശ്‌നം അവതരിപ്പിക്കാനോ കഴിയില്ല എന്ന ധാര്‍ഷ്ട്യമായിരിക്കാം അമേരിക്കയെ നയിക്കുന്നത്. 

ഇറാഖിലും അഫ്ഗാനിലും തങ്ങള്‍ വിചാരിച്ചതുപോലെയല്ല കാര്യങ്ങള്‍ എന്ന് അമേരിക്ക വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്. ഇറാഖില്‍ അല്‍ഖാഇദയില്‍ നിന്നും, തുടര്‍ന്ന് ഐ.എസില്‍ നിന്നും നേരിടേണ്ടി വന്ന തിരിച്ചടികള്‍ അപ്രതീക്ഷിതമായിരുന്നു. 2003 ല്‍ 170000 സൈനികരുമായി 505 സൈനികത്താവളങ്ങള്‍ കേന്ദ്രീകരിച്ച് ആരംഭിച്ചതാണ് ഇറാഖ് അധിനിവേശം. 2011 ല്‍ അത് അവസാനിപ്പിക്കേണ്ടതായും വന്നു. 800 ബില്യന്‍ ഡോളര്‍ ചെലവഴിച്ച് നടത്തിയ ഇറാഖ് ഓപ്പറേഷന്‍ വന്‍ പരാജയമായിരുന്നു. 2008 ല്‍ ഒബാമ തന്നെ ഇത് തുറന്ന് സമ്മതിക്കുകയുണ്ടായി. അമേരിക്കന്‍ കോണ്‍ഗ്രസില്‍ 2014 ല്‍ ഒബാമ നടത്തിയ വാര്‍ഷിക പ്രഭാഷണത്തില്‍ ഭീകരതയെ നേരിടാന്‍ നടത്തിയ കടന്നാക്രമണങ്ങള്‍ (Counter Insurgency) അന്തിമ വിശകലനത്തില്‍ ഒന്നും നേടിയെടുക്കാന്‍ പര്യാപ്തമായിരുന്നില്ല എന്ന് തുറന്ന് സമ്മതിക്കേണ്ടി വന്നു. ഇത് അമേരിക്കയുടെ മാത്രമല്ല, പാശ്ചാത്യരുടെ മൊത്തം പരാജയമായി (West's Catastrophic Defeat) വിലയിരുത്തുന്നവരും ധാരാളം. 

ഒരു ജനതയുടെ സൈ്വര ജീവിതത്തെയിട്ട് എത്ര നിരുത്തരവാദ പരമായാണ് വന്‍ശക്തികള്‍ അമ്മാനമാടിയത് എന്ന് ബ്ലെയറിന്റെ വീണ്‍ വാക്കുകള്‍ കാട്ടിത്തരുന്നു. യാങ്കിപ്പടയുടെ അധിനിവേശത്തില്‍ മരിച്ചുവീണ 1,90,000 സാധാരണക്കാരുടെ കുടുംബങ്ങളുടെ വേദനക്ക് പകരം നില്‍ക്കാന്‍ ബ്ലെയറിന്റെ കുമ്പസാരത്തിനാകുമോ? 16,83,579 അഭയാര്‍ഥികള്‍ക്ക് വീടും അടിസ്ഥാന സൗകര്യങ്ങളും തിരിച്ച് നല്‍കാന്‍ ഈ ഏറ്റു പറച്ചിലിനാകുമോ? 5 മില്യന്‍ അനാഥ കുഞ്ഞുങ്ങള്‍ക്ക് രക്ഷിതാക്കളെ തിരിച്ച് നല്‍കാനും 3 മില്യന്‍ വിധവകള്‍ക്ക് ഭര്‍ത്താക്കന്‍മാരെ തിരിച്ചു നല്‍കാനും ബ്ലെയറിന്റെ വെറും വാക്കുകള്‍ക്കാകുമോ? അധിനിവേശം മൂലം വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട 700,000 ത്തിലധികം ഇറാഖി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും നഷ്ടപ്പെട്ട വിദ്യാഭ്യാസ വര്‍ഷങ്ങള്‍ തിരികെ നല്‍കാനും കേവലം ക്ഷമാപണം മതിയാകുമോ? 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 23/ അല്‍മുഅ്മിനൂന്‍/ 19-23
എ.വൈ.ആര്‍