കാഴ്ച
സത്യചന്ദ്രന്‍ പൊയില്‍ക്കാവ്
കാഴ്ച
മഴവില്ലു പറഞ്ഞുവളഞ്ഞിട്ടല്ലിഷ്ടാ
ഞാനെന്നും നേരെ
ചൊവ്വേ
നീ കാണാത്തൊരറ്റം
നിന്നിലുമെന്നിലുമുണ്ട്.
സത്യചന്ദ്രന്‍ പൊയില്‍ക്കാവ്
വഴി
ഉറക്കം തൂങ്ങാത്ത വീടായിരുന്നുവഴികളവിടെയിപ്പോള് മുടങ്ങിപ്പോയിട്ടുണ്ട്
പൊറ്റപിടിച്ച ജനല്‍കമ്പികള്‍ എട്ടുകാലി-
യോടൊപ്പം കളിക്കുന്നുണ്ട്
എലികള്‍ വീടിനു തറകെട്ടാന്‍
മണ്ണു മാന്തുന്നുണ്ട്.
ഉറക്കുത്തിയ മച്ചിലൂടെ
ഇഴഞ്ഞ് പൊട്ടിയ കണ്ണാടി-
നോക്കി പാമ്പ് വസ്ത്രങ്ങളുരിഞ്ഞിട്ടുണ്ട്.
പക്ഷികള്‍ പാര്‍ക്കുന്നതിനാല്‍
കാട് തെങ്ങോലകളെ-
ഇളക്കി പ്രായപൂര്‍ത്തിയാവാത്ത
തേങ്ങയെ- താഴെക്കെറിയും.
ചില ഉച്ച നേരങ്ങളില്‍
പൂച്ചകള്‍ കുത്തിക്കടിച്ച്-
വീടൊരു തെരുവാക്കി മാറ്റും.
കാട്ടപ്പയും ശീമക്കൊന്നയും ഉയര്‍ന്നു
നില്‍ക്കുന്ന പറമ്പില്‍
മനുഷ്യരാരെയും കാണാറില്ലെങ്കിലും
മദ്യക്കുപ്പികള്‍ നിറച്ച ചാക്കുകള്‍
മതിലിനു മുകളിലൂടെ-
നീങ്ങുന്നത് എടംവലക്കാര്‍ കണ്ടിട്ടുണ്ട്.
വഴിയില്ലാത്തതുകൊണ്ടുതന്നെയാവണം
വീട് വാങ്ങാനാളുമില്ല.
പഴയ താമസക്കാരാകട്ടെ കൂട്ടത്തോടെ
വിഷംകഴിച്ച് ചത്തതാണ്.
വഴിയില്ലാത്തതു കൊണ്ടുതന്നെയാകണം
അവരും പുതിയൊരു വഴി കണ്ടെത്തിയത്.
സുമേഷ് കല്ലാച്ചി
Comments