വധശിക്ഷക്കെതിരെ വിധിയെഴുതും മുമ്പ്
വധശിക്ഷ ക്രൂരവും പ്രാകൃതവുമാണെന്ന മുറവിളികള്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ തുടങ്ങിയതാണെങ്കിലും ഏറ്റവുമൊടുവില്‍ അഫ്‌സല്‍ ഗുരുവിന്റെയും യാഖൂബ് മേമന്റെയും വധശിക്ഷയെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ കൂടുതല്‍ ഗൗരവമുള്ള ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും ഒടുവില്‍ നടപ്പാക്കപ്പെട്ട വധശിക്ഷകള്‍ ശരിയോ തെറ്റോ എന്ന് തീര്‍പ്പ് കല്‍പ്പിക്കുന്നതിന് മുമ്പ് വധശിക്ഷ എന്ന നിയമ നടപടിയിലെ ശരിയും ശരികേടുകളും പരിശോധിക്കേണ്ടിയിരിക്കുന്നു. ലോകത്ത് ഇന്ത്യ അടക്കം 59-ഓളം രാജ്യങ്ങളില്‍ മാത്രമാണ് ഇന്ന് വധശിക്ഷാ സമ്പ്രദായം നിലവിലുള്ളതെങ്കിലും ലോക ജനസംഖ്യയുടെ 60 ശതമാനം വരുന്ന ജനങ്ങള്‍ ഈ രാജ്യങ്ങളിലാണ് വസിക്കുന്നത്. നൂറോളം രാജ്യങ്ങള്‍ ഈ സമ്പ്രദായം പ്രാകൃതമെന്നു കണക്കാക്കി വധശിക്ഷ ഉള്‍പ്പെടെയുള്ള പല ശിക്ഷാ മുറകളും വേണ്ടെന്നു വെച്ചിരിക്കുന്നു. ബാക്കിയുള്ള നാടുകളില്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ വധശിക്ഷകള്‍ നടപ്പായിട്ടില്ല.
മനുഷ്യന്‍ ആദ്യമായി ചെയ്ത മഹാപാപമാണ് കൊലപാതകം. വധശിക്ഷ എന്ന് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് നാമോര്‍ക്കുന്നത് കൊലപാതകം എന്ന ക്രൂരകൃത്യം ചെയ്തവര്‍ക്കുള്ള ഏറ്റവും അര്‍ഹമായ ശിക്ഷാ നടപടിയാണ് അത് എന്നാണ്. പക്ഷെ ചരിത്രത്തില്‍ വധശിക്ഷയെ വിവിധ ദേശങ്ങളും സമൂഹങ്ങളും വ്യത്യസ്തമായ രീതികളിലാണ് സമീപിച്ചിട്ടുള്ളത്. ജൂത സമൂഹത്തില്‍ കൊല്ലപ്പെട്ടവന്റെ ബന്ധുക്കള്‍ക്ക് നിയമ നടപടികളെ കാത്തിരിക്കാതെ കൊലയാളിയെ പിടികൂടി അവരുടെ ഇഷ്ടപ്രകാരം പക തീര്‍ക്കുവാനും വധിച്ചു കളയുവാനും അനുവാദം ഉണ്ടായിരുന്നു. പുരാതന ഗ്രീക്കിലും ഈജിപ്തിലും, ബിസി 1900 കളില്‍ ജീവിച്ചിരുന്ന ഹമ്മുറാബിയുടെ സമൂഹത്തിലും കൊലക്കുറ്റത്തിനു മാത്രമായിരുന്നില്ല വധശിക്ഷ നടപ്പാക്കിയിരുന്നത്. ഉദാഹരണത്തിന്, സമൂഹത്തില്‍ കള്ളസാക്ഷ്യം, സാമ്പത്തിക ക്രമക്കേടുകള്‍, പൊതു മുതല്‍ നശിപ്പിക്കല്‍ തുടങ്ങിയവക്കും ഹമ്മുറാബി കിരാതമായ രീതിയില്‍ വധശിക്ഷ നടപ്പാക്കിയിരുന്നു. പുരാതന ബാബിലോണില്‍ ക്രിസ്തുവിനു മുമ്പ് പതിനെട്ടാം (1790-നടുത്ത്) നൂറ്റാണ്ടില്‍ എഴുതപ്പെട്ട നിയമ സംഹിതയാണ് ചരിത്രത്തിലെ ഏറ്റവും പുരാതനമായ നിയമ സംഹിതകളില്‍ പെടുന്ന ഹമ്മുറാബിയുടെ നിയമാവലി. മധ്യ കാലഘട്ടങ്ങളില്‍ യൂറോപ്പില്‍ ചര്‍ച്ചിനായിരുന്നു ശിക്ഷാ നടപടികള്‍ തീരുമാനിക്കാനുള്ള പൂര്‍ണാധികാരം. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യം വരെയും ചെറിയ കളവു കേസുകള്‍ക്ക് പോലും ഇംഗ്ലണ്ടില്‍ ചര്‍ച്ച് വധശിക്ഷ വിധിച്ചിരുന്നു. മനുഷ്യന്റെ തിന്മകള്‍ക്കുള്ള പ്രായശ്ചിത്തമാണ് വധശിക്ഷയെന്നു ചര്‍ച്ച് വാദിച്ചു.
പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ക്രിസ്തീയ ദൈവങ്ങളെ അവഹേളിച്ച ഒരു യുവാവിന് ഫ്രാന്‍സിലെ ന്യായാധിപന്‍ നല്‍കിയ ശിക്ഷ കുപ്രസിദ്ധമാണ്. ആദ്യമായി യുവാവിന്റെ നാവും കണ്ണുകളും പിഴുതെടുത്തു, പൊതുജന മധ്യത്തില്‍ വെച്ച് ജീവനോടെ കൈകാലുകള്‍ വെട്ടിയെടുത്ത് ചിതയിലെറിഞ്ഞു, നാഭി കുത്തികീറി കുടല്‍ പുറത്തെടുത്ത് ആ മനുഷ്യ ശരീരം ചുട്ടുകൊന്നു. എല്ലാം കരുണാനിധിയായ ദൈവത്തെ വിമര്‍ശിച്ചതിന്! ഏതാണ്ട് ഇതേ രീതിയില്‍ തന്നെയായിരുന്നു പതിനെട്ടാം നൂറ്റാണ്ട് വരെയും ബ്രിട്ടനില്‍ രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷ നല്‍കിയിരുന്നത്. പിന്നീടാണ് ചില ചിന്തകന്മാരും ബുദ്ധിജീവികളും വധശിക്ഷാ രീതികള്‍ മാനുഷികവും കാരുണ്യപൂര്‍വവും ആവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ശബ്ദിച്ചു തുടങ്ങിയത്. അവരില്‍ പലരും വധശിക്ഷ പൂര്‍ണമായും എടുത്തുകളയണമെന്ന് ശഠിച്ചില്ല എന്ന് മാത്രമല്ല അത് നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ശക്തമായി വാദിക്കുകയും ചെയ്തു.
പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ജ്ഞാനോദയ (Enlightenment) തത്ത്വചിന്തകന്മാരില്‍ പ്രമുഖനും, രാഷ്ട്രമീമാംസകനും, വിദ്യാഭ്യാസ ചിന്തകനും, ഉപന്യാസകാരനുമായിരുന്ന ജീന്‍ഷാക്ക് റൂസ്സോ (Jean Jacques Rousseau. 1712 -1778) രാജ്യത്തിന്റെ നിയമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കും ക്രമസമാധാനം തകര്‍ക്കുന്നവര്‍ക്കും വധശിക്ഷ നല്‍കാന്‍ ഭരണകൂടത്തിന് അവകാശമുണ്ടെന്ന് വിശ്വസിച്ചു. ആധുനിക കാലത്തെ ഏറ്റവും ശ്രദ്ധേയനായ തത്ത്വചിന്തകനായി കണക്കാക്കപ്പെട്ടു പോരുന്ന പ്രഖ്യാത ജര്‍മ്മന്‍ തത്ത്വചിന്തകനായ ഇമ്മാനുവേല്‍ കാന്റ് (1724-1804) യഥാര്‍ത്ഥ നീതി നടപ്പാവുന്നതിന് വധശിക്ഷ അനിവാര്യമാണെന്ന് അദ്ദേഹത്തിന്റെ നീതിയുടെ സിദ്ധാന്തത്തിലൂടെ സമര്‍ഥിച്ചു. അതേസമയം കുറ്റവും ശിക്ഷയും പഠന വിധേയമാക്കിയ ചില ഗവേഷകര്‍ വധശിക്ഷ പൂര്‍ണമായും എടുത്തു കളയേണ്ടതാണെന്നും വാദിച്ചിട്ടുണ്ട്.
21-ാം നൂറ്റാണ്ടിലും വധശിക്ഷ രാജ്യത്തിന്റെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന വികസിത രാജ്യങ്ങളില്‍ ഒന്നാണ് ജപ്പാന്‍. ഏറ്റവും ഒടുവില്‍ ജപ്പാനില്‍ വധശിക്ഷ നടപ്പിലാക്കിയത ്2000-മാണ്ടില്‍ ട്രെയിനില്‍ വിഷ വാതകം പരത്തി നിരവധി ജീവന്‍ കവര്‍ന്ന ഒരു കുറ്റവാളിക്കാണ്. നിരപരാധികളായ മനുഷ്യരുടെ ജീവന് ഒരു വിലയും കല്‍പ്പിക്കാത്ത പിശാചിന്റെ കൂട്ടാളികള്‍ക്ക് അല്ലലും അലട്ടുമില്ലാത്ത ജയിലിലെ സുഖവാസമാണോ നല്‍കേണ്ടത് എന്ന് ജ്ഞാനോദയ കാലത്ത് ഫ്രാന്‍സില്‍ ജീവിച്ചിരുന്ന രാഷ്ട്രീയ ചിന്തകന്‍ മോണ്ടെസ്‌ക്യൂ ചോദിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നിയമത്തിന്റെ ആത്മാവ് എന്ന ഗ്രന്ഥത്തില്‍ വധശിക്ഷ കൊലപാതക കുറ്റത്തിനും രാജ്യദ്രോഹ/വഞ്ചന കുറ്റത്തിനും മാത്രം പരിമിതപ്പെടുത്തേണ്ടതാണെന്ന് വാദിക്കുന്നു.
മോണ്ടെസ്‌ക്യൂ പറഞ്ഞ കാര്യം പതിനാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്റെ വധശിക്ഷാ നിയമത്തോട് ഏറെ ചേര്‍ന്ന് നില്‍ക്കുന്നു എന്നത് ആശ്ചര്യകരമാണ്. അന്യായമായി മനുഷ്യജീവന്‍ ഹനിക്കുന്നവര്‍ക്കും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവര്‍ക്കുമാണ് ഖുര്‍ആന്‍ വധശിക്ഷ വിധിച്ചിരിക്കുന്നത്. ഖുര്‍ആനിക വീക്ഷണത്തില്‍ മറ്റൊരു കുറ്റവും വധശിക്ഷക്കുള്ള കാരണമേയല്ല. മത പരിത്യാഗത്തിനും വ്യഭിചാരത്തിനും വധശിക്ഷ നല്‍കണമെന്ന വീക്ഷണത്തോട് പ്രമുഖരായ പല ഇസ്‌ലാമിക നിയമ വിചക്ഷണന്‍മാരും യോജിക്കുന്നില്ല. കാരണം ഖുര്‍ആന്റെ അടിസ്ഥാനത്തില്‍ അവ തെളിയിക്കുക സാധ്യമല്ല. മത പരിത്യാഗത്തിന് പ്രവാചകന്‍ ശിക്ഷ നടപ്പാക്കിയതിനു തെളിവില്ല. വ്യഭിചാരക്കുറ്റത്തിന് എറിഞ്ഞു കൊല്ലല്‍ ശിക്ഷ നടപ്പാക്കിയത് ഖുര്‍ആനിക വിധി അവതരിക്കുന്നതിനു മുമ്പ് തോറ നിയമ പ്രകാരമായിരുന്നു എന്ന് വ്യക്തവുമാണ്. അതും രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും പ്രവാചകന്‍ നല്‍കിയിട്ടും കുറ്റം ചെയ്ത വ്യക്തി പരസ്യമായി കുറ്റം ഏറ്റുപറഞ്ഞ്, പരലോക ശിക്ഷയെ ഭയന്ന് ഭൂമിയില്‍ വെച്ചു തന്നെ ശിക്ഷ വേണമെന്ന് ശഠിച്ചതു കൊണ്ട് മാത്രം. ഇനി കുറ്റം കൊലപാതകമാണെങ്കില്‍ പോലും ആത്മാര്‍ഥമായി പശ്ചാത്തപിക്കുന്നുവെങ്കില്‍ പ്രതി മാപ്പര്‍ഹിക്കുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നു.
''അക്കാരണത്താല്‍ ഇസ്‌റാഈല്‍ സന്തതികളോടു നാം കല്‍പിച്ചു: ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന്‍ രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചവനെപ്പോലെയും. നമ്മുടെ ദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നു. എന്നിട്ട് പിന്നെയും അവരിലേറെ പേരും ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്. അല്ലാഹുവോടും അവന്റെ ദൂതനോടും യുദ്ധത്തിലേര്‍പ്പെടുകയും ഭൂമിയില്‍ കുഴപ്പം കുത്തിപ്പൊക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ വധമോ കുരിശിലേറ്റലോ കൈകാലുകള്‍ എതിര്‍ ദിശകളില്‍ മുറിച്ചു കളയലോ നാടു കടത്തലോ ആണ്. ഇത് അവര്‍ക്കു ഈ ലോകത്തുള്ള മാനക്കേടാണ്. പരലോകത്തോ ഇതേക്കാള്‍ കടുത്ത ശിക്ഷയാണുണ്ടാവുക. എന്നാല്‍ നിങ്ങള്‍ അവരെ പിടികൂടി നടപടിയെടുക്കാന്‍ തുടങ്ങും മുമ്പെ അവര്‍ പശ്ചാത്തപിക്കുകയാണെങ്കില്‍ അവര്‍ക്ക് ഈ ശിക്ഷ ബാധകമല്ല. നിങ്ങളറിയുക: അല്ലാഹു ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാണ്.'' (അല്‍മാഇദ 32-34)
ഈ സൂക്തങ്ങളില്‍ നിന്ന് ദൈവം മനുഷ്യജീവന് എന്തുമാത്രം വില കല്‍പിച്ചിട്ടുണ്ട് എന്ന് വ്യക്തമാകുന്നു. അതുകൊണ്ട് തന്നെ മനഃപൂര്‍വം പ്ലാന്‍ ചെയ്തു നടത്തുന്ന കൊലപാതകമാണെന്ന് വ്യക്തമായാല്‍ മാത്രമാണ് വധശിക്ഷ നടപ്പാക്കേണ്ടതെന്ന് ഇസ്‌ലാമിക നിയമം അനുശാസിക്കുന്നു. അബദ്ധവശാല്‍, അതല്ലെങ്കില്‍ ബുദ്ധി സ്ഥിരത ഇല്ലാത്തവരില്‍ നിന്ന് സംഭവിക്കുന്ന കൊലപാതകങ്ങള്‍ക്ക് കൊല്ലപ്പെട്ടവന്റെ അനന്തരാവകാശികള്‍ക്ക് പ്രായശ്ചിത്ത ധനം/ചോരപ്പണം നല്‍കി മോചനം നേടാനും അവസരം നല്‍കുന്നു. പ്രായശ്ചിത്ത ധനം വാങ്ങി ആരെങ്കിലും ഒരു കൊലപാതകിക്കു മാപ്പ് നല്‍കിയാല്‍ ഒരു ജീവന്‍ രക്ഷിക്കുക വഴി മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചതിന് തുല്യമാവും അതെന്ന് ചുരുക്കം. ഇങ്ങനെയൊക്കെ ആയിട്ടും ഇസ്‌ലാമിലെ വധശിക്ഷാ നിയമങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗപ്പെടുത്തിയ ക്രൂരന്മാരായ ഭരണാധികാരികള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്.
വധശിക്ഷ എന്നത് എന്ത് വില കൊടുത്തും നടപ്പാക്കേണ്ട ഒന്നല്ല. മനുഷ്യ ജീവന്റെ സംരക്ഷണത്തിനും രാജ്യസുരക്ഷക്കും വേണ്ടി മറ്റൊരു പഴുതും ഇല്ലെങ്കില്‍ മാത്രം അവസാന ഘട്ടത്തില്‍ എടുത്തുപയോഗിക്കേണ്ട അപൂര്‍വമായ ശിക്ഷാ രീതി മാത്രമാണത്. വധശിക്ഷ നിലവിലുള്ള നാടുകളില്‍ കൊലപാതകങ്ങള്‍ താരതമ്യേന കുറവാണെന്നത് ശ്രദ്ധേയമാണ്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന ആശയം മനോഹരമാണ്. കുറ്റവാളികളോട് അപാരമായ അനുകമ്പ തോന്നുന്നവര്‍ക്ക് എന്ത്‌കൊണ്ട് അവരുടെ കത്തിക്കും തോക്കിനും ബോംബിനും ഇരയാവുന്ന നിരപരാധികളോടും അവരുടെ ആശ്രിതരോടും ഒട്ടും അനുകമ്പ തോന്നുന്നില്ല? അവരല്ലേ യഥാര്‍ഥത്തില്‍ അനുകമ്പ അര്‍ഹിക്കുന്നത്?
നിര്‍ദയം ഭാര്യാസന്താനങ്ങളെ കൊല്ലുന്ന പിതാക്കളും, കാമുകിമാരെ ഉപയോഗിച്ച് വലിച്ചെറിയുന്ന കാമഭ്രാന്തന്മാരും, നിസ്സാര കാര്യങ്ങള്‍ക്ക് രക്ഷിതാക്കളുടെ തല പിളര്‍ക്കുന്ന മക്കളും, ആഘോഷങ്ങള്‍ക്കിടയില്‍ കുടിച്ചു പൂസായി സഹപാഠികളുടെ ജീവനെടുക്കുന്ന വിദ്യാര്‍ഥികളും, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുന്ന പാര്‍ട്ടികളും അരങ്ങു തകര്‍ക്കുന്ന നമ്മുടെ നാട്ടില്‍ പേരിനെങ്കിലും ഉള്ള വധശിക്ഷ എടുത്തു കളഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ? ഇന്ത്യയുടെ ശാപം നിയമങ്ങളുടെയോ ശിക്ഷാ രീതികളുടെയോ പോരായ്മകളല്ല. മറിച്ച് ഭരണകൂട സ്ഥാപനങ്ങള്‍ അവയെ രാഷ്ട്രീയവും വ്യക്തിപരവുമായ കുത്സിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി യഥേഷ്ടം ദുരുപയോഗം ചെയ്യുന്നുവെന്നതാണ്. യാഖൂബ് മേമന്റേതടക്കം പലരുടെയും കാര്യത്തില്‍ സംഭവിച്ചതും മറ്റൊന്നല്ല.
പരിഷ്‌കൃത രാജ്യങ്ങളെല്ലാം ഒഴിവാക്കിയ വധശിക്ഷ ഇന്ത്യയില്‍ ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്നും കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ പര്യാപ്തമല്ലെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസ് അജിത് പ്രകാശ് ഷായുടെ നേതൃത്വത്തിലുള്ള ദേശീയ നിയമ കമീഷന്‍ കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സദുദ്ദേശ്യപരമായേക്കാമെങ്കിലും യാഥാര്‍ത്ഥ്യ ബോധത്തിലധിഷ്ഠിതമാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. പരിഷ്‌കൃത രാജ്യങ്ങള്‍ നടപ്പിലാക്കിയ കാര്യങ്ങള്‍ നടപ്പിലാക്കണമെന്ന് പറയുന്നതിലെ യുക്തിരാഹിത്യമിരിക്കട്ടെ; അതൊരു തരം വിധേയത്വത്തിന്റെയും അടിമത്ത മനസ്സിന്റെയും ബഹിഃസ്ഫുരണമാണെന്ന് പരിഷ്‌കൃത രാജ്യങ്ങളിലെ നിയമങ്ങളെ വിലയിരുത്തുമ്പോള്‍ ബോധ്യമാവും. വിവാഹേതര ബന്ധങ്ങളും സ്വവര്‍ഗ രതിയും സ്വവര്‍ഗ വിവാഹവും നഗ്‌നതയും അനുവദിക്കണമെന്ന് മുറവിളി കൂട്ടുന്നവരുടെ 'മാനുഷിക വികാരങ്ങളോടും' ഇക്കൂട്ടര്‍ക്ക് എന്തെന്നില്ലാത്ത അനുകമ്പയായിരിക്കും. മനുഷ്യനെ സൃഷ്ടിച്ച ദൈവത്തെക്കാള്‍ മനുഷ്യസ്‌നേഹം പ്രകടിപ്പിക്കുന്നവരുടെ ഉദ്ദേശ ശുദ്ധി രാജാവിനെക്കാള്‍ വലിയരാജഭക്തി പോലെ സംശയകരമാണ്.
പരിഷ്‌കൃത രാജ്യങ്ങളിലേത് പോലെ സഹപാഠികളെയും, അധ്യാപകരെയും വെടിവെച്ചിടുന്ന സ്‌കൂള്‍ വിദ്യാര്‍ഥികളെയും നിസ്സാരമായ കാര്യങ്ങള്‍ക്ക് തോക്കിന്‍ കുഴല്‍ കൊണ്ട് പരിഹാരം കാണുന്ന ഒരു തലമുറയാണ് നമുക്കും വേണ്ടതെങ്കില്‍ വധശിക്ഷ എടുത്തു കളയാം. പക ആളിക്കത്തുന്ന സന്ദര്‍ഭങ്ങളില്‍ 'നിന്നെ ഞാന്‍ കൊല്ലും' എന്ന് എതിരാളിയോട് കാര്യമായി തന്നെ പറയുന്ന പ്രകൃതക്കാരാണ് മനുഷ്യരിലധികവും. പലപ്പോഴും ദുര്‍ബ്ബല നിമിഷങ്ങളിലെ ക്രൂരമായ കുറ്റകൃത്യങ്ങളില്‍നിന്ന് മനുഷ്യനെ പിന്തിരിപ്പിക്കുന്നത് ശിക്ഷകളെ കുറിച്ചുള്ള ഭയം തന്നെയാണെന്ന് സമ്മതിക്കേണ്ടി വരും. മിക്കവാറും എല്ലാ മതങ്ങളും വധശിക്ഷ അനുശാസിക്കുന്നുണ്ട്. കൈകടത്തലുകള്‍ക്ക് വിധേയമാവാത്ത മത നിര്‍ദ്ദേശങ്ങള്‍ മനുഷ്യ നന്മക്ക് വേണ്ടിയുള്ളതാണെങ്കിലും കാലക്രമത്തില്‍ മതനേതാക്കന്മാരും പുരോഹിതന്മാരും അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മത നിയമങ്ങളെ ദുരുപയോഗപ്പെടുത്തുകയായിരുന്നുവെന്നതാണ് സത്യം.
കാലാ കാലങ്ങളില്‍ ധര്‍മ്മാധിഷ്ഠിത ജീവിതം നയിച്ച ജനതതികള്‍ പാലിച്ചു പോന്ന അടിസ്ഥാന പരമായ ശിക്ഷാരീതികള്‍ മാറ്റുന്നതിന് പകരം രാഷ്ട്രീയത്തിലും മതത്തിലും വ്യക്തി ജീവിതത്തിലും നമുക്ക് സംഭവിച്ച ധാര്‍മികമായ അപചയങ്ങളെ വിലയിരുത്താനും തിരുത്താനും തയ്യാറാവുന്നതായിരിക്കും കരണീയം. മനുഷ്യനെ വെടിവെച്ചു വീഴ്ത്തുന്ന ഗെയ്മുകള്‍ കളിച്ചും, യഥേഷ്ടം തുറന്നിട്ട രതി ക്രീഡകള്‍ കണ്ടും അനുഭവിച്ചും, സ്വാര്‍ഥതയിലും വര്‍ഗീയതയിലും മുതിര്‍ന്നവരെ അനുകരിച്ചും വളരുന്ന പുതിയ തലമുറയെ എങ്ങനെ നേര്‍വഴിക്കു ജീവിക്കാന്‍ പഠിപ്പിക്കാം എന്ന് ചിന്തിക്കുന്നതായിരിക്കും കൂടുതല്‍ ബുദ്ധിപരം.
Comments