Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 09

'നുസ്വ്‌റ'യുടെ രംഗപ്രവേശവും ബഗ്ദാദി-ജൂലാനി പോരും

അശ്‌റഫ് കീഴുപറമ്പ് /പഠനം

ഐസിസ് പുനരുല്‍പാദിപ്പിക്കുന്നത്.... -7

           എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അബ്ദുല്‍ ബാരി അത്വ്‌വാന്‍ ഒരു സംഭവം ഓര്‍മിക്കുന്നുണ്ട്. 2011-ല്‍, സിറിയയിലെ മുഖ്യ പ്രതിപക്ഷമായ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ ഒരു പ്രതിനിധി സംഘം അദ്ദേഹത്തിന്റെ ഓഫീസിലേക്ക് കയറി വന്നു. സുഹൈര്‍ സാലിം, ഫാതിഹ് റാവി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ സംഘത്തിലുണ്ട്. രണ്ട് കാര്യങ്ങളാണ് അവര്‍ അടിവരയിട്ട് പറഞ്ഞത്: ഒന്ന്, ബശ്ശാറുല്‍ അസദിനെ പുറത്താക്കാന്‍ ഇഖ്‌വാന്‍ സായുധപ്പോരാട്ടത്തിന്റെ മാര്‍ഗം സ്വീകരിക്കുകയില്ല. അത്തരമൊരു നീക്കം ഭരണകൂടത്തിന് അനുകൂലമായിത്തീരുകയാണ് ചെയ്യുക. അതിനാല്‍ ജനകീയ സമരത്തെ സമാധാനപരമായ വഴിയിലൂടെ മുന്നോട്ട് കൊണ്ടുപോകും. ജനകീയ പ്രക്ഷോഭം സായുധപ്പോരാട്ടത്തിലേക്ക് വഴിമാറിയതിന്റെ കെടുതികള്‍ ഒട്ടേറെ അനുഭവിച്ചവരാണ് തങ്ങളെന്നും പ്രതിനിധി സംഘം വ്യക്തമാക്കി. 1982-ലെ 'ഹമാ പരീക്ഷണ'മാണ് അവര്‍ ഉദ്ദേശിച്ചത്. ഫലത്തില്‍ സിറിയയിലെ ഇഖ്‌വാന്‍ രണ്ടായി പിരിഞ്ഞ ഘട്ടമായിരുന്നു അത്. അതില്‍ മിതവാദി ഗ്രൂപ്പ് ഉസ്വാം അല്‍ അത്വാറിന്റെ നേതൃത്വത്തില്‍ ദമസ്‌കസ് കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നത്. അബ്ദുല്‍ ഫത്താഹ് അബൂ ഗദ്ദയുടെ നേതൃത്വത്തില്‍ ഹലബ്, ഹമാ നഗരങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഗ്രൂപ്പ് കടുത്ത നിലപാടുകളെടുക്കണമെന്ന പക്ഷക്കാരായിരുന്നു. ഈ ചേരിതിരിവില്‍ നിന്നാണ് 'അത്ത്വലീഅതുല്‍ മുഖാതില' എന്ന സായുധ ഗ്രൂപ്പ് മര്‍വാന്‍ ഹദീദിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ടത്. ഇവര്‍ നടത്തിയ ചില സായുധ ഓപ്പേറേഷനുകളെ മറയാക്കിയാണ് അന്നത്തെ സിറിയന്‍ ഏകാധിപതി ഹാഫിസുല്‍ അസദ് ഹമാ നഗരത്തില്‍ മൂന്നാഴ്ച നീണ്ട അതിഭീകരമായ കൂട്ടക്കുരുതി നടത്തിയത്. ഏറ്റവും ചുരുങ്ങിയത് ഇരുപത്തിയയ്യായിരം പേരെങ്കിലും അതില്‍ വധിക്കപ്പെട്ടിരിക്കാമെന്നാണ് കണക്ക്. ഇഖ്‌വാന്റെ നേതാക്കളും പ്രവര്‍ത്തകരുമായ മുപ്പതിനായിരത്തോളം പേര്‍ തടവറകളിലുമായി. ഈ ആഘാതത്തില്‍ നിന്ന് ഇന്നും സിറിയയിലെ ഇഖ്‌വാന്‍ മുക്തമായിട്ടില്ല. അതിനാല്‍ സമാധാനപരമായ ഭരണമാറ്റം മാത്രമാണ് ഇഖ്‌വാന്റെ മുന്നിലുള്ള അജണ്ട.

പ്രതിനിധിസംഘം ഊന്നിപ്പറഞ്ഞ രണ്ടാമത്തെ കാര്യം, അല്‍ഖാഇദക്കോ അതിന്റെ ഉപ വിഭാഗങ്ങള്‍ക്കോ സിറിയന്‍ മണ്ണില്‍ കാലുകുത്താന്‍ ഇടം കൊടുക്കില്ലെന്നാണ്. അല്‍ഖാഇദ ചാവേറുകള്‍ സിറിയയില്‍ എത്തിയെന്നും അവര്‍ ചില ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ ബോംബ് വെച്ച് തകര്‍ത്തുവെന്നും വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്ന സന്ദര്‍ഭമായിരുന്നു അത്.

പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. സിറിയയിലെ ജനാധിപത്യ പ്രക്ഷോഭം വളരെ പെട്ടെന്ന് സായുധ കലാപമായും മത വംശീയപ്പോരായും രാക്ഷസീയ രൂപമാര്‍ജിച്ചു. രണ്ട് ലക്ഷത്തിലധികമാളുകള്‍ അതില്‍ കുരുതി കൊടുക്കപ്പെട്ടു. ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും ചിതറിയോടുന്ന അഭയാര്‍ഥികളില്‍ ഭൂരിഭാഗവും ഇന്ന് സിറിയക്കാരാണ്. ഈ ദുരന്തത്തിന് പല കാരണങ്ങളുണ്ടെങ്കിലും, ഏറ്റവും പ്രധാനമായത് അല്‍ഖാഇദ-ഐ.എസ്-ജബ്ഹതുന്നുസ്വ്‌റ ത്രയം സിറിയന്‍ മണ്ണില്‍ പിടിമുറുക്കിയതാണെന്ന് കാണാന്‍ പ്രയാസമില്ല. ഈ മൂന്ന് ഗ്രൂപ്പുകളില്‍ ഏതെങ്കിലുമൊന്നിന്റെ കൈപ്പിടിയിലാണ് സിറിയയുടെ മൂന്നിലൊന്ന് ഭൂപ്രദേശവും എന്നതാണ് സത്യം.

സിറിയന്‍ പ്രക്ഷോഭം അതിന്റെ ആരംഭത്തില്‍ തന്നെ അതിസങ്കീര്‍ണവും അരാജകത്വം നിറഞ്ഞതുമായിരുന്നു. ബശ്ശാറിനെതിരെ തുടക്കത്തില്‍ അണിനിരന്ന ഒരു ലക്ഷം പോരാളികള്‍ ചുരുങ്ങിയത് ആയിരം ഗ്രൂപ്പുകളില്‍ നിന്നെങ്കിലുമുള്ളവരാണ്. ഓരോ ഗ്രൂപ്പിനും അവരുടെതായ പോരാട്ട രീതികള്‍, താല്‍പര്യങ്ങള്‍. പലതും പ്രാദേശിക കൂട്ടായ്മകളായിരുന്നു. അവ നിലനില്‍പിന് വേണ്ടി വലിയ മുന്നണികളില്‍ ചേക്കേറുന്നതും പതിവായിരുന്നു. 'ഫ്രീ സിറിയന്‍ ആര്‍മി'യാണ് പ്രതിപക്ഷത്തെ വലിയൊരു കൂട്ടായ്മ. ബശ്ശാര്‍ സൈന്യത്തില്‍ നിന്ന് കൂറുമാറിയ സൈനിക ഓഫീസര്‍മാരാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. കൃത്യമായ സംഘാടനമോ ആസൂത്രണമോ ഇതിന് ഇല്ല എന്നത് പോരായ്മയാണ്. പലതരം ആളുകളാണ് തലപ്പത്ത് എന്നതാണ് കാരണം.

മറ്റൊരു പ്രധാന പ്രതിപക്ഷ കൂട്ടായ്മയാണ് 'ഇസ്‌ലാമിക് ഫ്രന്റ്' (അല്‍ ജബ്ഹതുല്‍ ഇസ്‌ലാമിയ്യ). ഏഴു ഗ്രൂപ്പുകള്‍ ചേര്‍ന്ന് 2013-ലാണ് ഇത് നിലവില്‍ വന്നത്. അലപ്പോ കേന്ദ്രമാക്കിയ തൗഹീദ് ബ്രിഗേഡ്, സലഫികളുടെ അഹ്‌റാറുശ്ശാം, ഹിംസ് ആസ്ഥാനമാക്കിയ ലിവാഉല്‍ ഹഖ്, ഇദ്‌ലീബ് കേന്ദ്രമാക്കിയ സുഖൂറുശ്ശാം, ദമസ്‌കസിലെ ജയ്ശുല്‍ ഇസ്‌ലാം, നേരത്തെ സിറിയന്‍ ഇസ്‌ലാമിക് ഫ്രന്റ് എന്നറിയപ്പെട്ടിരുന്ന അന്‍സ്വാറുശ്ശാം, കുര്‍ദിസ്താന്‍ ഇസ്‌ലാമിക് ഫ്രന്റ് എന്നിവയാണ് ഈ മുന്നണിയിലുള്ളത്. ഹര്‍കത്തു അഹ്‌റാറിശ്ശാം അല്‍ ഇസ്‌ലാമിയ്യ സലഫി ചായ്‌വുള്ള സംഘങ്ങളുടെ കൂട്ടായ്മയാണ്. വടക്കന്‍ അലപ്പോയിലെ ചെറു സംഘങ്ങളെ യോജിപ്പിച്ചുകൊണ്ടാണ് ലിവാഉത്തൗഹീദ് രൂപവത്കരിച്ചത്. ദുറൂഉസ്സൗറ (വിപ്ലവ കവചം) ഗ്രൂപ്പ് ഇഖ്‌വാന്‍ ആഭിമുഖ്യമുള്ളവരുടേതാണ്. വിദേശ രാഷ്ട്രങ്ങളുടെ സഹായത്തോടെ ഈ ഗ്രൂപ്പുകളെയെല്ലാം ബശ്ശാറുല്‍ അസദിനെതിരെ ഒന്നിച്ച് അണിനിരത്താന്‍ ഏറക്കുറെ സാധ്യമായിരുന്നു.

ഇങ്ങനെ ബശ്ശാര്‍ വിരുദ്ധ പ്രക്ഷോഭം അതിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോഴാണ് 'ഇറാഖിലെ ഇസ്‌ലാമിക് സ്റ്റേറ്റി'ന്റെ നേതാവ് അബൂബക്കര്‍ ബഗ്ദാദി, തന്റെ വലം കൈയായ അബൂ മുഹമ്മദ് ജൂലാനിയെ സിറിയയിലേക്ക് അയക്കുന്നത്. ആരാണ് അബൂ മുഹമ്മദ് ജൂലാനി? ഇദ്ദേഹത്തെക്കുറിച്ച വ്യക്തിപരമായ വിവരങ്ങളൊന്നും അടുത്ത കാലം വരെയും ലഭ്യമായിരുന്നില്ല. അണികള്‍ക്കിടയില്‍ പോലും മുഖം മറച്ചാണ് പ്രത്യക്ഷപ്പെടുക. 2015 ജൂണ്‍ 11-ന് അല്‍ ജസീറ (അറബി) ചാനലിലെ അഹ്മദ് മന്‍സ്വൂര്‍ നടത്തിയ ഒരു മണിക്കൂറോളം നീളുന്ന അഭിമുഖം ('ബിലാ ഹുദൂദ്' പ്രോഗ്രാം) മാത്രമാണ് ജൂലാനിയുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും അടുത്തറിയാന്‍ സഹായിക്കുന്ന ഏക അവലംബം. അഭിമുഖത്തിലും മുഖം മറച്ചുകൊണ്ടാണ് ജൂലാനി സംസാരിക്കുന്നത്. യഥാര്‍ഥ പേര് ഉസാമ അല്‍അബസി അല്‍ വാഹിദി. സിറിയന്‍ പ്രവിശ്യയായ ഇദ്‌ലീബിലെ ദെയ്ര്‍ സോറില്‍ 1981-ല്‍ ജനനം. മെഡിസിന് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ 2003-ല്‍ അമേരിക്കന്‍ സേനക്കെതിരെ യുദ്ധം ചെയ്യാന്‍ ഇറാഖിലെത്തി. അബൂ മുസ്അബ് സര്‍ഖാവിയുമായി അടുത്ത ബന്ധം സ്ഥാപിച്ചു. അമേരിക്കന്‍ സൈന്യം പിടികൂടി ജൂലാനിയെയും 'ബൂക്ക'ജയിലില്‍ പാര്‍പ്പിച്ചിരുന്നു. അബൂബക്കര്‍ ബദ്ഗാദിയുമായി അടുപ്പം കൂടുന്നത് ഇവിടെ വെച്ചാണ്. 2008-ല്‍ ജയില്‍ മോചിതനായതിന് ശേഷം ഐ.എസിന്റെ മൗസ്വില്‍ പ്രവിശ്യാ കമാണ്ടറായിത്തീര്‍ന്നു ജൂലാനി.

2011-ലാണ് ബഗ്ദാദി ഇദ്ദേഹത്തെ സിറിയിലേക്ക് അയക്കുന്നത്. അവിടെ ഐ.എസിന്റെ ശാഖ തുടങ്ങുകയായിരുന്നു ലക്ഷ്യം. തന്റെ കൈയിലുള്ള പണത്തിന്റെയും ആയുധത്തിന്റെയും പകുതി ഈ ആവശ്യത്തിനായി ബഗ്ദാദി ജൂലാനിക്ക് വിട്ടുനല്‍കി. അങ്ങനെയാണ്, ബശ്ശാറുല്‍ അസദിനെ പുറത്താക്കാനായി ജൂലാനി പിറ്റേ വര്‍ഷം 'ജബ്ഹതു നുസ്വ്‌റ' എന്ന സംഘത്തിന് രൂപം നല്‍കുന്നത്. ഒരൊറ്റ വര്‍ഷം കൊണ്ട് സൈനികമായി ഏറ്റവുമധികം വിജയങ്ങള്‍ കൈവരിച്ച സിറിയയിലെ മികച്ച പ്രതിപക്ഷ മിലീഷ്യയായിത്തീര്‍ന്നു നുസ്വ്‌റ. പിടിച്ചെടുത്ത സ്ഥലങ്ങളില്‍ വ്യവസ്ഥാപിതമായ രീതിയില്‍ ഭരണം നടത്താനും നുസ്വ്‌റക്ക് കഴിഞ്ഞു. അങ്ങനെയിരിക്കെയാണ്, 2013-ല്‍ ബഗ്ദാദി നുസ്വ്‌റയെ ഐ.എസിന്റെ സിറിയയിലെ ബ്രാഞ്ചായി പ്രഖ്യാപിക്കുന്നത്. ജൂലാനിയുമായി കൂടിയാലോചിക്കുക പോലും ചെയ്യാതെ ഏകപക്ഷീയമായിരുന്നു ബഗ്ദാദിയുടെ പ്രഖ്യാപനം. ജൂലാനി അത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ബഗ്ദാദിയും ജൂലാനിയും വേര്‍പിരിയുന്നത് ഇവിടെ വെച്ചാണ്. പ്രതിപക്ഷ ഗ്രൂപ്പുകളുമായി പോരടിക്കാതെയുള്ള മുന്നേറ്റ തന്ത്രമായിരുന്നു ജൂലാനിയുടേത്. മറ്റു പ്രതിപക്ഷ ഗ്രൂപ്പുകളെ ഉന്മൂലനം ചെയ്യണമെന്നായിരുന്നു ബഗ്ദാദിയുടെ നിലപാട്. സിറിയന്‍ പ്രതിപക്ഷ ഐക്യ മുന്നണിയുടെ ഓഫീസ് ബോംബ് വെച്ച് തകര്‍ക്കാന്‍ ബഗ്ദാദി നല്‍കിയ ഉത്തരവ് ജൂലാനി അനുസരിക്കാന്‍ കൂട്ടാക്കാതിരുന്നതാണ്  അസ്വാരസ്യത്തിന്റെ തുടക്കം. മാത്രമല്ല, നുസ്വ്‌റ നേതാവ് ജൂലാനി അല്‍ഖാഇദ നേതാവ് അയ്മാന്‍ ളവാഹിരിക്ക് ബൈഅത്ത് (അനുസരണ പ്രതിജ്ഞ) നല്‍കുകയും ചെയ്തു.

ഐ.എസ്-അല്‍ഖാഇദ പോര് രൂക്ഷമാകാനും ഇത് ഇടവരുത്തി. ഒത്തുതീര്‍പ്പുണ്ടാക്കാനായി ളവാഹിരി മുതിര്‍ന്ന നേതാക്കളായ അബ്ദുല്ല മുഹൈസിനി, അബൂ ഖാലിദ് സൂരി, അബൂസുലൈമാന്‍ അല്‍ മുഹാജിര്‍ എന്നിവരെ പറഞ്ഞയച്ചിരുന്നു. സിറിയയില്‍ നുസ്വ്‌റ മുന്നേറ്റം തുടരുകയാണെന്നും അതിനാല്‍ ഐ.എസിന്റെ സൈനികരെ സിറിയയില്‍ നിന്ന് പിന്‍വലിക്കണമെന്നുമായിരുന്നു ളവാഹിരിയുടെ ആവശ്യം. 1917-ല്‍ 'കാഫിറുകള്‍' തട്ടിപ്പടച്ചുണ്ടാക്കിയ കൃത്രിമമായ അതിര്‍ത്തികളെ (സൈക്‌സ് - പീക്കോ കരാറിനെ ഉദ്ദേശിച്ച്) താന്‍ അംഗീകരിക്കില്ലെന്നായിരുന്നു ബഗ്ദാദിയുടെ പുഛം നിറഞ്ഞ മറുപടി. ബഗ്ദാദി പറഞ്ഞയച്ച ഐ.എസ് സൈനികര്‍ സിറിയന്‍ പ്രതിപക്ഷ കൂട്ടായ്മയുടെ നേതാക്കളെയാണ് ആദ്യം ഉന്നം വെച്ചത്. ഫ്രീ സിറിയന്‍ ആര്‍മിയുടെ കമാണ്ടര്‍മാരിലൊരാളായ അബൂ ബസ്വീര്‍ എന്ന കമാല്‍ ഹമാമിയെ വധിച്ചുകൊണ്ടായിരുന്നു തുടക്കം. ഉമര്‍ ബാലൂഷ്, ഉസ്വാം റാഈ, ജലാല്‍ ബായര്‍ലി തുടങ്ങി പ്രതിപക്ഷ ഏകോപനത്തിന് ശ്രമിച്ച നിരവധി നേതാക്കള്‍ ഐ.എസിന്റെ കൊലക്കത്തിക്കിരയായി. 'ഹര്‍കതു അഹ്‌റാറിശ്ശാമി'ന്റെ നേതാവായ മുഹമ്മദ് ഫാരിസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് അദ്ദേഹത്തെ കഴുത്തറുത്ത് കൊന്നത്.1

ജബ്ഹത്തുന്നുസ്വ്‌റക്കും നിലനില്‍പിന് വേണ്ടി ഐ.എസിനെ സായുധമായി നേരിടുകയല്ലാതെ നിവൃത്തിയില്ലെന്ന് വന്നു. ദെയ്ര്‍സോറിലെ ഐ.എസ് ആസ്ഥാനത്തായിരുന്നു നുസ്‌റയുടെ ആദ്യ ആക്രമണം. അതില്‍ അവിടത്തെ ഐ.എസ് കമാണ്ടര്‍ ലിബിയക്കാരനായ അബൂദുജാന ഉള്‍പ്പെടെ പല പ്രമുഖരും വധിക്കപ്പെട്ടു. മറ്റു പ്രതിപക്ഷ സഖ്യങ്ങളും രംഗത്ത് വന്നതോടെ 2013- അവസാനത്തോടെ ഇദ്‌ലീബ്, ഹലബ്, ദെയ്ര്‍സോര്‍ എന്നിവിടങ്ങളില്‍ നിന്ന് ഐ.എസ് തുരത്തപ്പെട്ടു. പക്ഷേ, ഈ വിജയങ്ങള്‍ക്ക് അല്‍പായുസ്സേ ഉണ്ടായിരുന്നുള്ളൂ. ഐ.എസിന്റെ പ്രത്യാക്രമണത്തില്‍ ഈ പ്രദേശങ്ങളൊക്കെയും അവര്‍ തിരിച്ചുപിടിച്ചു. അസ്അദുല്‍ ഖഹ്ത്വാനി (അബൂയമാന്‍), മുഹമ്മദ് ബഹായ (അബൂഖാലിദ് സൂരി) തുടങ്ങി ഒട്ടേറെ നുസ്വ്‌റ നേതാക്കള്‍ വധിക്കപ്പെട്ടു. തടവുകാരായി പിടിച്ച നൂറ് കണക്കിന് പ്രതിപക്ഷ പോരാളികളെ തൂക്കിലേറ്റി. അവരില്‍ റിഖയിലെ നുസ്വ്‌റ നേതാവ് അബൂസഅ്ദ് ഹളറമിയും ഉണ്ടായിരുന്നു. ജൂലാനിക്കെതിരെ ഒട്ടേറെ വധശ്രമങ്ങളുണ്ടായെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

ഐ.എസ് നേതാവ് ബഗ്ദാദിയെയും നുസ്വ്‌റ നേതാവ് ജൂലാനിയെയും അമേരിക്ക ഭീകരവാദികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും രണ്ട് പേരുടെയും നിലപാടുകള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. സ്വന്തമായി പോരാട്ടമുഖങ്ങള്‍ തുറക്കുമ്പോഴും ജൂലാനി, മറ്റു പ്രതിപക്ഷ ഗ്രൂപ്പുകളുമായി ഏറ്റുമുട്ടാതെ ബശ്ശാറിനെതിരെയുള്ള നീക്കങ്ങളെ ഏകീകരിക്കാനാണ് ശ്രമിച്ചത്. മറ്റു ജനവിഭാഗങ്ങളോട് നുസ്വ്‌റ സൈനികര്‍ ക്രൂരമായി പെരുമാറിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നുസ്വ്‌റ മുപ്പത് ക്രൈസ്തവ പുരോഹിതകളെ ബന്ദികളാക്കിയിരുന്നു. ബശ്ശാറുല്‍ അസദ് തുറുങ്കിലടച്ച 150 തടവുകാരെ മോചിപ്പിച്ചതിന് പകരമായി അവരെ വിട്ടയക്കുകയും ചെയ്തു. ബന്ദികളാക്കിയവര്‍ തങ്ങളോട് മാന്യമായാണ് പെരുമാറിയതെന്ന് പുരോഹിതകള്‍ പിന്നീട് പറയുകയുണ്ടായി. നേരത്തെ പരാമര്‍ശിച്ച അഹ്മദ് മന്‍സൂറിന്റെ അല്‍ജസീറ അഭിമുഖത്തില്‍ ജൂലാനി പറയുന്നത്, സിറിയയിലെ ദറൂസ് വിഭാഗത്തിന്റെ ആവാസ കേന്ദ്രങ്ങളെല്ലാം തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ്. യസീദികളെപ്പോലെ ഇസ്‌ലാമിക തത്ത്വങ്ങളോട് യോജിക്കാത്ത ചില വിശ്വാസാചാരങ്ങള്‍ കൊണ്ടുനടക്കുന്നവരാണ് ദറൂസുകള്‍. പക്ഷേ, ഐ.എസ് ഇറാഖിലെ യസീദികളോട് കാണിച്ച ക്രൂരതകള്‍ ദറൂസുകള്‍ക്കെതിരെ നുസ്വ്‌റയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

ചുരുക്കത്തില്‍ ഐ.എസ് ക്രൂരതകള്‍ക്ക് മതപരം എന്നതിനേക്കാളുപരി രാഷ്ട്രീയ മാനങ്ങളാണുള്ളത്. അല്‍ഖാഇദ പരിവാരത്തിലെ പാളയത്തില്‍ പടയാണ് ബഗ്ദാദിയെ കൊടും ക്രൂരതകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ന് മനസ്സിലാക്കാം. അല്‍ഖാഇദ-നുസ്വ്‌റ കൂട്ടുകെട്ടിനെ തകര്‍ക്കുകയാണ് ലക്ഷ്യം. അഫ്ഗാനിലും ഇറാഖിലുമൊക്കെ വര്‍ഷങ്ങളോളം തങ്ങളോടൊപ്പം സായുധപ്പോരാട്ടം നടത്തിയ നേതൃനിരയെ ചില്ലറ അഭിപ്രായ ഭിന്നതകളുടെ  പേരില്‍ ചാവേറുകളെ പറഞ്ഞുവിട്ടും തൂക്കുമരങ്ങളൊരുക്കിയും ഐ.എസ് ഉന്മൂലനം ചെയ്യുകയായിരുന്നു. സിറിയയിലെ പ്രതിപക്ഷ നിരയെ ദുര്‍ബലമാക്കിയതും ബശ്ശാറുല്‍ അസദിന്റെ ഏകാധിപത്യത്തിന് സംരക്ഷണ കവചമൊരുക്കിയതും ഐ.എസിന്റെ ബുദ്ധിശൂന്യമായ ഇത്തരം നീക്കങ്ങളായിരുന്നു. 

(അവസാനിച്ചു)

കുറിപ്പുകള്‍

1. യാസീന്‍ ജമീല്‍-ജൂദൂറുല്‍ ഖിലാഫ് ബൈനല്‍ ബഗ്ദാദി വല്‍ ജൂലാനി, raialyoum.com

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /78
എ.വൈ.ആര്‍