Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 09

ഖിസ്വാസ്വ് പ്രതിക്രിയയോ?

ഡോ. സുബ്ഹാനി /കവര്‍‌സ്റ്റോറി

സൂറത്തുല്‍ ബഖറയിലും (178,179) സൂറത്തുല്‍ മാഇദയിലും (45) പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഖിസ്വാസ്വ് എന്ന പദത്തെ പ്രതിക്രിയ എന്നാണ് മിക്ക ആളുകളും വിശദീകരിച്ചിട്ടുള്ളത്. അത് കൃത്രിമവും ആശയക്കുഴപ്പങ്ങള്‍ നിറഞ്ഞതും ദൗര്‍ബല്യങ്ങളില്‍ നിന്ന് മുക്തമല്ലാത്തതുമാണ്. അതിനാല്‍ ഈ വിഷയത്തില്‍ ആവര്‍ത്തിച്ചുള്ള പുനര്‍വിചിന്തനം അനിവാര്യമാണ്. സൂറഃ അല്‍ബഖറയിലെ പ്രസ്തുത സൂക്തങ്ങള്‍ക്ക് മുഫസ്സിറുകള്‍ നല്‍കിയ വ്യാഖ്യാനത്തിന്റെ രത്‌നച്ചുരുക്കം ഇങ്ങനെ വായിക്കാം:

* കൊലക്കുറ്റത്തിന് ഇസ്‌ലാം നിശ്ചയിച്ച ശിക്ഷ ഹദ്ദ്)യാണ് ഖിസ്വാസ്വ് അഥവാ കൊലയാളിയെ കൊല്ലല്‍.

* 'കുതിബ അലൈകും' എന്ന വാചകം നിര്‍ബന്ധത്തെ കുറിക്കുന്നു.

* അതേസമയം, പ്രതിക്രിയ നിര്‍ബന്ധമല്ലെന്നും, പ്രതിക്രിയ ഉള്‍െപ്പടെയുള്ള ഹദ്ദുകള്‍ നടപ്പിലാക്കുന്നതില്‍ ഒരുതരത്തിലുള്ള പരിധി ലംഘനവും പാടില്ല എന്നതുമാണ് ഇവിടെ ഉദ്ദേശ്യമെന്നും പലരും അഭിപ്രായപ്പെടുന്നു.

* പ്രതിക്രിയ അനുവദനീയമാണ്. എന്നാല്‍ വിട്ടുവീഴ്ചയാണ് അഭികാമ്യം എന്ന് ചിലര്‍ നിരീക്ഷിക്കുന്നു.

* ഈ സൂക്തം ഇപ്പോള്‍ നിയമ പ്രാബല്യമുള്ളതാണോ അല്ലേ എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്.

ഈ വീക്ഷണങ്ങളെ പഠനവിധേയമാക്കുമ്പോള്‍ നിരവധി ആശയക്കുഴപ്പങ്ങള്‍ ഉല്‍ഭവിക്കുന്നു. മോഷണം, വ്യഭിചാരം, വ്യഭിചാരാരോപണം, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കുള്ള ശിക്ഷാവിധികള്‍ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. (അല്‍മാഇദ 33, 38, അന്നൂര്‍ 2, 4). ഈ സൂക്തങ്ങളിലൊന്നും 'യാ അയ്യുഹല്ലദീന ആമനൂ' എന്ന വാചകം കാണാന്‍ സാധ്യമല്ല. കാരണം ശിക്ഷാ വിധികള്‍ (ഹദ്ദ്) ഭരണാധികാരികളുമായി ബന്ധപ്പെട്ട വിഷയമാണ്. മുസ്‌ലിം സമൂഹത്തെ പൊതുവായി അഭിസംബോധന ചെയ്യാന്‍ മാത്രമേ ഖുര്‍ആന്‍ 'യാ അയ്യുഹല്ലദീന ആമനൂ' പ്രയോഗിച്ചിട്ടുള്ളൂ.

പ്രതിക്രിയയാണ് ഖിസ്വാസ്വിന്റെ ഉദ്ദേശ്യമെങ്കില്‍ അത് നടപ്പിലാക്കല്‍ നിര്‍ബന്ധമാണ്. 'കുതിബ' എന്ന പ്രയോഗത്തിന്റെ അര്‍ഥം അതാണ്. നിര്‍ബന്ധകാര്യങ്ങളില്‍ അനാസ്ഥ പാടില്ല. 'നമസ്‌കാരവും നോമ്പും പോലെ ഉപേക്ഷ വരുത്താന്‍ പാടില്ലാത്ത വിധം നിര്‍ബന്ധമായ ഒന്നല്ല പ്രതിക്രിയ' എന്ന ത്വബരിയുടെ വാദത്തിനു പ്രമാണങ്ങളുടെ പിന്‍ബലമില്ല. അതുപോലെ ഖിസ്വാസ്വിനെ പ്രതിക്രിയ എന്ന ആശയത്തിലെടുക്കുകയും, ഖുര്‍ആനിക പ്രയോഗത്തില്‍ നിന്ന് വ്യക്തമാവുന്നതുപോലെ അത് നിര്‍ബന്ധമാണെന്ന് വരികയും ചെയ്യുന്നതോടെ ദിയ (നഷ്ടപരിഹാരം) നിയമം നിരര്‍ഥകമായിത്തീരുന്നു.

വളരെ ശക്തമായ ഭാഷയിലും ശൈലിയിലും നിര്‍ബന്ധമാണെന്ന് അല്ലാഹു പ്രസ്താവിച്ച ഒരു കാര്യത്തില്‍ ജനങ്ങള്‍ക്ക് ഇഷ്ടാനുസാരം പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട് എന്ന വാദം തീര്‍ത്തും വിചിത്രം തന്നെ!

ഒരു ഖുര്‍ആനിക സൂക്തത്തിന്റെ ഉദ്ദേശ്യവും ആശയവും നിര്‍ണയിക്കുന്നതില്‍ അതിന്റെ സ്വരത്തിനും പശ്ചാത്തലഭാവത്തിനും സവിശേഷമായ പങ്കുണ്ട്. ഉപരിസൂചിത ഹദ്ദുകള്‍ പ്രതിപാദിക്കുന്ന സൂക്തങ്ങള്‍ പരിശോധിച്ചാല്‍ അവയിലെല്ലാം കോപവും വെറുപ്പും പ്രതിഫലിക്കുന്നത് കാണാം. രൂക്ഷവും ദയാരഹിതവുമായ ശൈലിയാണ് അവയില്‍ ദൃശ്യമാവുന്നത്. എന്നാല്‍ ഖിസ്വാസ്വുമായി ബന്ധപ്പെട്ട സൂക്തം ഇതില്‍ നിന്ന് വ്യതിരിക്തത പുലര്‍ത്തുന്നു. വിട്ടുവീഴ്ചയുടെയും ഇളവിന്റെയും ലഘൂകരണത്തിന്റെയും സല്‍പെരുമാറ്റത്തിന്റെയും സ്വരമാണ് അതില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. ഈ സ്വരഭേദം ഖിസ്വാസ്വിനെ കുറിച്ച സൂറഃ അല്‍ബഖറയിലെ സൂക്തം ഹദ്ദുമായി ബന്ധപ്പെട്ട ഇതര സൂക്തങ്ങളുടെ ഗണത്തില്‍ പെടുകയില്ല എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.

ഖിസ്വാസ്വിന് പ്രതിക്രിയ എന്ന അര്‍ഥം നല്‍കിക്കൊണ്ടുള്ള തഫ്‌സീറുകളിലെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ അതിലെ കൃത്യതയുടെയും വ്യക്തതയുടെയും തെളിവിന്റെയും അഭാവം പ്രകടമായി കാണാം. പ്രതിക്രിയ എന്ന അര്‍ഥം ഏറെ കൃത്രിമത്വം നിറഞ്ഞതാണെന്ന് ഗ്രഹിക്കാന്‍ മുഫസ്സിറുകള്‍ക്കിടയിലെ അഭിപ്രായഭിന്നതകള്‍ തന്നെ ധാരാളമാണ്.

അതോടൊപ്പം ഖിസ്വാസ്വിന്റെ പ്രതിക്രിയ എന്ന അര്‍ഥ കല്‍പന വചനത്തിന്റെ ക്രമവുമായി (നള്മ്) പൊരുത്തപ്പെടുന്നതല്ല. ആയത്തുകളുടെ പരസ്പര ബന്ധത്തെ ഇത് തകര്‍ത്തുകളയുന്നു. അങ്ങനെയെങ്കില്‍ ആശയക്കുഴപ്പങ്ങളില്‍ നിന്ന് മുക്തവും വാചക ഘടനക്കും സൂക്തത്തിന്റെ സ്വരത്തിനും അനുയോജ്യവുമായ വ്യാഖ്യാനം എന്താണ് എന്ന ചോദ്യം പ്രസക്തമാണ്. അതിലേക്കെത്തണമെങ്കില്‍ ആദ്യം ഖിസ്വാസ്വ് എന്ന പദത്തിന്റെ ശരിയായ അര്‍ഥമെന്തെന്ന് ഗ്രഹിക്കണം. അത്തരത്തില്‍ അര്‍ഹമായ ഒരു പരിഗണന ഈ പദത്തിന്റെ കാര്യത്തില്‍ ഉണ്ടായില്ല എന്നതാണ് വാസ്തവം. ഇക്കാര്യത്തില്‍ ഇമാം ഇബ്‌നു തൈമിയയുടെ വീക്ഷണം ശരിയോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നതായി നമുക്ക് തോന്നുന്നു. അദ്ദേഹം പറഞ്ഞു: ''നീതി, സമത്വം എന്നീ ആശയങ്ങളെ കുറിക്കുന്ന പദമാണ് ഖിസ്വാസ്വ്. കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ നീതി നടപ്പിലാക്കല്‍ അല്ലാഹു നിര്‍ബന്ധമാക്കിയതായി ഇത് സൂചിപ്പിക്കുന്നു''. 

അദ്ദേഹം തുടരുന്നു: ''ഖിസ്വാസ്വില്‍ നിങ്ങള്‍ക്ക് ജീവിതമുണ്ട്. കാരണം, കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ ആളുകള്‍ പരസ്പരം ഫിദ്‌യ നല്‍കുകയും നീതി നടപ്പിലാക്കാന്‍ ശ്രമിക്കുകയുമാണെങ്കില്‍ ഒരു വിഭാഗവും മറ്റൊരു വിഭാഗത്തോട് വേറെയൊന്നും ആവശ്യപ്പെടുകയില്ല. അപ്പോള്‍ ഇരുകൂട്ടര്‍ക്കും ജീവിക്കാനാവും. നേരെമറിച്ച് അവര്‍ക്കിടയില്‍ നീതി നടപ്പിലായില്ലെങ്കില്‍ പരസ്പരം പോരടിക്കുകയും അനേകംപേരുടെ ജീവഹാനിയിലേക്ക് നയിക്കുകയും ചെയ്യും. ജാഹിലിയ്യാ കാലത്തും ശേഷവും ഉണ്ടായ സംഭവങ്ങളില്‍ നിന്ന് അത് സുവിദിതമാണല്ലോ. ഇരുവിഭാഗങ്ങള്‍ക്കിടയില്‍ നീതി നടപ്പിലാവാതെ വരുമ്പോഴാണ് പ്രശ്‌നങ്ങളും കുഴപ്പങ്ങളും ഉടലെടുക്കുന്നത്. ബുദ്ധിയുള്ളവര്‍ തൃപ്തിപ്പെടുംവിധം നീതി നടപ്പിലാവുമ്പോള്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാവും.'' (ദഖാഇഖുത്തഫ്‌സീര്‍).

ഖിസ്വാസ്വ് എന്ന പദത്തിന്റെ ഈയൊരു ആശയതലം ഇമാം റാസിയും വ്യക്തമാക്കിയിട്ടുണ്ട്. ഇമാം  ബുഖാരി ഉദ്ധരിച്ച ഒരു ഹദീസിലും ഖിസ്വാസ്വിന്റെ ഈ ആശയം സ്പഷ്ടമാണ്. നബി(സ) പറഞ്ഞു: ''ഒരു ദാസന്‍ ഇസ്‌ലാം സ്വീകരിക്കുകയും മികച്ച മുസ്‌ലിമായിത്തീരുകയും ചെയ്താല്‍ അവനില്‍ നിന്ന് മുമ്പ് സംഭവിച്ച മുഴുവന്‍ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുക്കും.''

'മുഫ്‌ലിസ് ആരെന്ന് നിങ്ങള്‍ക്കറിയാമോ' എന്ന് തുടങ്ങുന്ന തിര്‍മിദി ഉദ്ധരിച്ച ഹദീസിലും ഖിസ്വാസ്വ് എന്നതില്‍നിന്ന് നിഷ്പന്നമായ പദം രണ്ട് തവണ പ്രയോഗിച്ചതായി കാണാം. പ്രതിക്രിയ എന്നല്ല, 'ദ്രോഹം ചെയ്തവന്റെ നന്മയില്‍ നിന്ന് അയാള്‍ ചെയ്ത ദ്രോഹത്തിന് തുല്യമായത് എടുത്ത് ദ്രോഹത്തിനിരയായവന് നല്‍കി അവനെ തൃപ്തിപ്പെടുത്തുകയും നീതി നടപ്പിലാക്കുകയും ചെയ്യുക' എന്ന അര്‍ഥത്തിലാണ് ആ പദം ഉപയോഗിച്ചിട്ടുള്ളത്. ഈ ആശയം മുന്‍നിര്‍ത്തി അന്ത്യനാളിനെ കുറിച്ച് യൗമുല്‍ ഖിസ്വാസ്വ് എന്ന് പ്രയോഗിച്ചത് കിതാബുല്‍ അഗാനിയിലും ജംഹറതു ഖുത്വുബില്‍ അറബിലും കാണാം.

അല്‍ബഖറ 194, അല്‍മാഇദ 45 എന്നീ സൂക്തങ്ങളിലും ഖിസ്വാസ്വ് എന്ന പദം വന്നിട്ടുണ്ട്. സമത്വം, തുല്യത, നീതി എന്നീ അര്‍ഥങ്ങള്‍ മാത്രമേ അവിടെയും ശരിയാവൂ. എന്നാല്‍ മുഫസ്സിറുകള്‍ നല്‍കിയ വ്യാഖ്യാനം അങ്ങേയറ്റം കൃത്രിമത്വം നിറഞ്ഞതാണ്.

യഥാര്‍ഥത്തില്‍, കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ നീതി നടപ്പിലാക്കല്‍ വിശ്വാസികള്‍ക്ക് നിയമമാക്കുകയാണ് അല്‍ബഖറയിലെ 178ാം സൂക്തം. സ്വതന്ത്രനാണ് കൊല്ലപ്പെട്ടതെങ്കില്‍ അവന് തുല്യമായ ദിയ (നഷ്ടപരിഹാരം/ബ്ലഡ് മണി) നല്‍കണം. അടിമയാണ് കൊല്ലപ്പെട്ടതെങ്കില്‍ അവന് തുല്യമായ ദിയയും, സ്ത്രീയാണ് കൊല്ലപ്പെട്ടതെങ്കില്‍ അവള്‍ക്ക് തുല്യമായ ദിയയും. അക്കാര്യത്തില്‍ യാതൊരു വിവേചനവും പാടില്ല. സത്യവിശ്വാസികളുടെയെല്ലാം രക്തം തുല്യമാണ്. അതിനാല്‍ അവരുടെ ദിയയുടെ കാര്യത്തില്‍ നീതി പാലിക്കണമെന്ന് ഈ സൂക്തം വിശ്വാസികളോട് ആവശ്യപ്പെടുന്നു. ഇഷ്ടാനുസാരം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഈ സൂക്തം നല്‍കുന്നില്ല.

ഏകദേശം ഇതിന് സമാനമായ വിശദീകരണം ഇമാം ത്വബരി ഉദ്ധരിക്കുന്നുണ്ട്. ഇരു വിഭാഗങ്ങള്‍ (ഒരു സംഘം മുസ്‌ലിംകളും മറുസംഘം മുസ്‌ലിംകളുമായി സഖ്യം ചെയ്തവരുമായിരുന്നു) തമ്മില്‍ നടന്ന സംഘട്ടനത്തില്‍ സ്വതന്ത്രന്മാരും അടിമകളും സ്ത്രീകളും കൊല്ലപ്പെട്ട കേസില്‍ മേല്‍പറഞ്ഞ രൂപത്തില്‍ ദിയ നിശ്ചയിച്ചുകൊണ്ട് പ്രവാചകന്‍ രഞ്ജിപ്പുണ്ടാക്കിയത് അതില്‍ കാണാം. 

ഏതെങ്കിലും പ്രത്യേക കാലത്തേക്ക് മാത്രമുള്ളതോ ഏതെങ്കിലും സംഭവത്തില്‍ പരമിതമോ അല്ല ഈ നിയമം. അന്ത്യനാള്‍ വരെ ഇതിന് പ്രാബല്യമുണ്ട്. എപ്പോള്‍ കൊലപാതകം നടന്നാലും, അത് വ്യക്തിപരമാവട്ടെ സംഘടിതമാവട്ടെ, സത്യവിശ്വാസികള്‍ ഈ സൂക്തം അവലംബമാക്കിക്കൊണ്ട് നീതി നടപ്പിലാക്കണം.

അതേസമയം കൊല്ലപ്പെട്ടവന്റെ അടുത്ത ബന്ധു (വലിയ്യ്) പ്രസ്തുത ദിയയില്‍ വല്ലതും വിട്ടുവീഴ്ച ചെയ്താല്‍ അവശേഷിക്കുന്നത് ന്യായപ്രകാരം മികച്ച രീതിയില്‍ കൊടുത്തുവീട്ടാന്‍ ഘാതകന്‍ ബാധ്യസ്ഥനാണ്. ഈ തത്വം സ്വയം തന്നെ അല്ലാഹുവില്‍ നിന്നുള്ള ഒരിളവും കാരുണ്യവുമാണ്. ജാഹിലിയ്യാ കാലത്തുണ്ടായിരുന്ന പ്രതികാരനടപടികള്‍ കണക്കിലെടുക്കുമ്പോഴാണ് ഇത് എങ്ങനെയാണ് ഇളവും കാരുണ്യവുമാവുന്നതെന്ന് ശരിക്കും ബോധ്യപ്പെടുക. ദിയയുടെ ഭാരം താങ്ങാനാവാതെ അറബ് ഗോത്രങ്ങള്‍ കഷ്ടപ്പെട്ടിരുന്നു.  അതിനാല്‍ പ്രതികാരത്തിന്റെയം പകയുടെയും തീ അണയാതെ നില്‍ക്കുകയും ചിലപ്പോള്‍ ആളിക്കത്തുകയും ചെയ്തിരുന്നു. 

ഈ സൂക്തത്തിന്റെയും (അല്‍ബഖറ 178) അല്‍മാഇദ 45-ാം സൂക്തത്തിന്റെയും ആശയങ്ങള്‍ തമ്മില്‍ കാര്യമായ ഒരു വ്യത്യാസവുമില്ല. ദിയയുടെ കാര്യത്തില്‍ ബനൂഇസ്‌റാഈല്‍ സമൂഹത്തിന് അല്ലാഹു നിശ്ചയിച്ച നിയമമാണ് അല്‍മാഇദയിലെ സൂക്തത്തില്‍ പറയുന്നത്. ജീവന് ജീവന്റെയും അവയവങ്ങളുടെയും കാര്യത്തില്‍ നീതി നടപ്പിലാക്കണമെന്നാണ് അതില്‍ ആവശ്യപ്പെടുന്നത്. മുറിവുകളുടെ കാര്യത്തിലും അപ്രകാരം ചെയ്യാന്‍ അവര്‍ ബാധ്യസ്ഥരായിരുന്നു. മുറിവ് ആരുടെ ശരീരത്തിലായാലും മുറിവ് തന്നെയാണല്ലോ. അതിനാല്‍ അതിന്റെ ദിയയില്‍ വിവേചനം പാടില്ല.

ഈ സൂക്തം (അല്‍മാഇദ 45) തന്നെ ഖിസ്വാസ്വിന്റെ സ്വഭാവത്തെ സൂചിപ്പിച്ചിട്ടുണ്ട്. ഫമന്‍ തസ്വദ്ദഖ ബിഹി എന്ന വചനത്തില്‍ നിന്ന് അത് ഗ്രഹിക്കാം. പ്രത്യക്ഷത്തില്‍ തസ്വദ്ദുഖ്, സ്വദഖ എന്നിവക്ക് സമ്പത്തുമായിട്ടാണല്ലോ ബന്ധം. ദിയയെ കുറിച്ച് പറഞ്ഞിടത്ത് തസ്വദ്ദുഖ് എന്ന പദം വ്യക്തമായി പരാമര്‍ശിച്ചത് ഖുര്‍ആനില്‍ കാണാം (അന്നിസാഅ് 96).

ഖുര്‍ആനിലെ ചില സൂക്തങ്ങള്‍ മറ്റു ചില സൂക്തങ്ങളെ വിശദീകരിക്കുന്നു. അഥവാ ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ പ്രഥമപ്രധാനമായ അവലംബം ഖുര്‍ആന്‍ തന്നെയാണ്. ഫമന്‍ തസ്വദ്ദഖ ബിഹി ഫ ഹുവ കഫ്ഫാറതുന്‍ ലഹു എന്ന സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഉദ്ധരിക്കപ്പെടുന്ന ചില നിവേദനങ്ങള്‍ നമ്മുടെ വീക്ഷണത്തിന് പിന്‍ബലമേകുന്നു. ഒരാള്‍ കാരണം മറ്റൊരാളുടെ ശരീരത്തില്‍ എന്തെങ്കിലും ഒടിവോ ചതവോ ഉണ്ടായാല്‍ അതിന്റെ പേരില്‍ കിട്ടാന്‍ അര്‍ഹതപ്പെട്ട ദിയയില്‍ അയാള്‍ ചെയ്യുന്ന വിട്ടുവീഴ്ചയുടെ തോതനുസരിച്ച് അയാളുടെ പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് പ്രവാചകന്‍ പ്രസ്താവിച്ചതായി ആ നിവേദനങ്ങളില്‍ കാണാം (അദ്ദുര്‍റുല്‍ മന്‍ഥൂര്‍, അല്‍ബഹ്‌റുല്‍ മുഹീത്വ് എന്നിവ നോക്കുക). അല്‍മാഇദ 45-ലെ പ്രമേയം ദിയയും അതിലുള്ള വിട്ടുവീഴ്ചയുമാണെന്ന് ഈ നിവേദനങ്ങള്‍ വ്യക്തമാക്കുന്നു.

ചുരുക്കത്തില്‍ ഈ സൂക്തവും അല്‍ബഖറയിലെ സൂക്തവും സംസാരിക്കുന്നത് കൊലപാതകത്തിന്റെ ഹദ്ദ് അഥവാ കൊന്നവനെ കൊല്ലുക എന്ന വിഷയത്തെക്കുറിച്ചേയല്ല.  മറിച്ച് ദിയ(ബ്ലഡ് മണി)യാണ് അവയിലെ മുഖ്യവിഷയം. അത് നീതിപൂര്‍വം നടപ്പിലാക്കണമെന്ന് ഉല്‍ബോധിപ്പിച്ചിരിക്കുകയാണ്. 

അല്‍ബഖറയിലെ 178,179 സൂക്തങ്ങള്‍ക്ക് അവയുടെ മുമ്പും ശേഷവുമുള്ള സൂക്തങ്ങളുമായുള്ള ബന്ധവും ഈ വിശദീകരണത്തില്‍ നിന്ന് ഗ്രഹിക്കാം. ഈ സൂക്തങ്ങള്‍ക്ക് മുമ്പ്, നല്ലതും അനുവദനീയവുമായ വിഭവങ്ങള്‍ ആഹരിക്കാന്‍ പ്രേരണ നല്‍കുന്നതോടൊപ്പം നിഷിദ്ധമായ ഭക്ഷണപദാര്‍ഥങ്ങളെ സംബന്ധിച്ചും പരാമര്‍ശിക്കുന്നു. തുടര്‍ന്ന് അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ മറച്ചുവെച്ച് ധനം സമ്പാദിക്കുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. അതും നിഷിദ്ധമായ ഭക്ഷണത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുന്നതാണ്. ശേഷം ബിര്‍റു(നന്മ)മായി ബന്ധപ്പെട്ട സൂക്തം നാം കാണുന്നു. സത്യവും വേദവും മറച്ചുവെച്ച് പകരം ഭൗതിക നേട്ടങ്ങള്‍ കരസ്ഥമാക്കിയതിന്റെ പേരില്‍ ബനൂഇസ്‌റാഈല്‍ സമൂഹം അവകാശപ്പെട്ടിരുന്ന ഉന്നതസ്ഥാനങ്ങളില്‍ നിന്ന് അവരെ നിഷ്‌കാസനം ചെയ്യുന്ന സൂക്തമാണത്. പിന്നീട് ഖിസ്വാസ്വിന്റെയും വസ്വിയ്യത്തിന്റെയും ആയത്തുകള്‍ വരുന്നു. മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കുന്നതിനെയും സാധ്യതാ നിര്‍വഹണത്തില്‍ വീഴ്ച വരുത്തുന്നതിനെയും കുറിച്ച് വിശ്വാസികള്‍ക്ക് നല്‍കുന്ന മുന്നറിയിപ്പാണ് അവയിലുള്ളത്. അതും നല്ല വിഭവങ്ങള്‍ ഭക്ഷിക്കുകയും നിഷിദ്ധങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുക എന്നതിന്റെ പൂരകമാണ്. ദിയയുടെ കാര്യത്തില്‍ നീതി പാലിക്കണമെന്നും ഓരോരുത്തരുടെയും അവകാശങ്ങള്‍ പൂര്‍ണമായി നല്‍കണമെന്നും ഈ സൂക്തങ്ങളിലൂടെ അല്ലാഹു കല്‍പിക്കുന്നു.  

സംഗ്രഹ വിവ: അബൂദര്‍റ് എടയൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /78
എ.വൈ.ആര്‍