വധശിക്ഷയുടെ രാഷ്ട്രീയവും ദൃശ്യപ്പെടുന്ന വംശീയതയും
വംശീയത ഏറ്റവും ബീഭത്സമായി അടയാളപ്പെടുത്തപ്പെട്ട ആധുനിക ചരിത്രത്തിലെ ഏടാണ് ഹിറ്റ്‌ലറുടെ ജര്‍മനി. ആര്യ വംശത്തെ ആദര്‍ശവത്കരിച്ചാണ് ഹിറ്റ്‌ലര്‍ തന്റെ രാഷ്ട്രീയം പണിതുയര്‍ത്തിയത്. ആര്യവംശത്തിന്റെ മേല്‍കോയ്മക്ക് സെമിറ്റിക് വിരുദ്ധതയടക്കമുള്ള പ്രചാരണോപാധികള്‍ ഹിറ്റ്‌ലര്‍ ഉപയോഗിച്ചു. അധികാരമേറ്റ നാസിസം ജര്‍മനിയിലെ ഗ്യാസ് ചേമ്പറുകളിലും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലും കൂട്ടക്കൊലകള്‍ നടത്തി. വംശീയത ഏറ്റവും വെറുക്കപ്പെടുന്ന രാഷ്ട്രീയമായി കണക്കാക്കാനുള്ള അനുഭവ പരിസരം ഒരുപക്ഷേ ഇതുതന്നെയായിരിക്കാം. രണ്ടാം ലോകയുദ്ധാനന്തരം ലോക രാഷ്ട്രീയത്തില്‍ നിന്ന് പ്രത്യക്ഷത്തില്‍ വംശീയത പിന്‍മടങ്ങിയെങ്കിലും അദൃശ്യമായി നിലനിന്നു. കറുത്തവരും ആഫ്രോ, ഏഷ്യന്‍ വംശജരും പരിഷ്‌കൃതമെന്ന് മേനിപറയുന്ന യൂറോപ്പിലടക്കം ഇന്നും വ്യത്യസ്ത രൂപത്തില്‍ വിവേചനങ്ങള്‍ക്കിരയാവുന്നു. ഭരണഘടനകള്‍ വാഗ്ദാനം ചെയ്യുന്ന സാമൂഹിക നീതിയും തുല്യതയുമെല്ലാം സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മര്‍ദത്തില്‍ വെറും 'കടലാസു പുലികള്‍' മാത്രമാവുകയാണ്.
2013-ല്‍ ഗാര്‍ഡിയന്‍ പത്രം പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് പ്രകാരം, കറുത്ത വര്‍ഗക്കാരനായൊരാള്‍ അമേരിക്കന്‍ നിയമ വ്യവസ്ഥയില്‍ വധശിക്ഷക്ക് വിധേയനാകാനുള്ള സാധ്യത വെളുത്ത വര്‍ഗക്കാരേക്കാള്‍ മൂന്നിരട്ടി കൂടുതലാണ്. ഒരേ നിയമത്തിന് കീഴില്‍ വെളുത്തവന് തൂക്കുമരത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാകുമ്പോള്‍ 'ചിലര്‍ ചിലരേക്കാള്‍ തുല്യരാ'ണെന്ന് വ്യക്തമാകുന്നു. ഇന്ത്യ മതേതര റിപ്പബ്ലികാണ്. ജര്‍മനിയില്‍ നാസി രാഷ്ട്രീയത്തിന്റെ തേര്‍വാഴ്ചക്ക് തൊട്ടുടനെ, അഥവാ രണ്ടാം ലോകയുദ്ധാനന്തരമാണ് ഇന്ത്യ എന്ന ദേശരാഷ്ട്രം നിര്‍മിക്കപ്പെടുന്നത്. ഇന്ത്യന്‍ ഭരണഘടനാ രൂപവത്കരണ ഘട്ടത്തില്‍ സവര്‍ണപക്ഷത്തിന്റെ വംശീയ അജണ്ടകള്‍ സമ്പൂര്‍ണമായി വിജയിക്കാതെപോയത് നെഹ്‌റു, അംബേദ്കര്‍ എന്നിവരുടെ സാന്നിധ്യം കൊണ്ട് മാത്രമായിരുന്നില്ല. ആഗോളതലത്തില്‍ രൂപപ്പെട്ടുവന്ന വംശീയ വിരുദ്ധ ജനാധിപത്യ പരിഷ്‌കരണങ്ങളുടെയും ആലോചനകളുടെയും സാഹചര്യവും ഇതില്‍ പങ്കുവഹിച്ചിട്ടുണ്ട്.
എന്നിട്ടും ഭരണഘടനയില്‍ മേല്‍കോയ്മാ രാഷ്ട്രീയത്തിന് ചില പിടിവള്ളികള്‍ അവശേഷിച്ചു എന്ന് കണ്ടെത്താനാകും. ഗോവധനിരോധം ഇതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണ്. ആരാണ് 'ഗോവി'നെ പൂജിക്കുന്നതെന്നും ആരാണ് അതിനെ ഭക്ഷിക്കുന്നതെന്നും വിശദീകരിക്കേണ്ടതില്ല. ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്ത്വങ്ങളില്‍ ഗോവധനിരോധം കയറിക്കൂടിയതിലൂടെ രാജ്യത്തെ സവര്‍ണ വിഭാഗങ്ങളുടെ താല്‍പര്യം പരിഗണിക്കപ്പെടുകയും മറ്റു വിഭാഗങ്ങളുടെ അവകാശത്തില്‍ കൈകടത്തപ്പെടുകയും ചെയ്തു. ഇതുമൂലം സംഘ്പരിവാറിന് ഗോവധ നിരോധത്തിനായി ഭരണഘടനാപരമായി തന്നെ സംസാരിക്കാന്‍ കഴിയുന്നു. അതിനെ തങ്ങളുടെ വംശീയ രാഷ്ട്രീയത്തിന് വെള്ളവും വളവുമാക്കാനും സാധ്യമാകുന്നു. എന്നാല്‍ ഈ യാഥാര്‍ഥ്യങ്ങളുള്ളതോടൊപ്പം തന്നെ ഇന്ത്യ അടിസ്ഥാനപരമായി സെക്യുലര്‍, സോഷ്യലിസ്റ്റ് മൂല്യങ്ങളിലാണ് രൂപംകൊണ്ടത്.
ഇന്ത്യയിലെ വംശീയ രാഷ്ട്രീയത്തിന്റെ പ്രത്യക്ഷരൂപമായ സംഘ്പരിവാറിന്റെ സ്വാധീനം സ്വാതന്ത്ര്യാനന്തരമുള്ള ആദ്യ ദശകങ്ങളില്‍ ദുര്‍ബലമായിരുന്നു. എന്നാല്‍ എണ്‍പതുകള്‍ക്ക് ശേഷം കാര്യങ്ങള്‍ പതിയെപ്പതിയെ മാറിമറിഞ്ഞു. രാഷ്ട്രീയ രംഗത്ത് ആര്‍.എസ്.എസിന്റെ രാഷ്ട്രീയ രൂപമായ ബി.ജെ.പി ശക്തിപ്പെട്ടതോടെ പ്രതിരോധിക്കാന്‍ മതേതര കക്ഷികള്‍ പല വഴികള്‍ തേടി. പലതും വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന രൂപത്തിലുള്ള അബദ്ധങ്ങളായിരുന്നു. ബാബരി മസ്ജിദ് ഭൂമിയില്‍ ശിലാന്യാസത്തിന് അനുവാദം നല്‍കി രാജീവ് ഗാന്ധിയും ശരീഅത്ത് വിവാദം ആളിക്കത്തിച്ച് ഇ.എം.എസും ഹിന്ദു വോട്ട്ബാങ്കിനെ കൂടെക്കൂട്ടാന്‍ ശ്രമിച്ചത് ആത്യന്തികമായി ബി.ജെ.പിയെ സഹായിച്ചു. അദ്വാനിയുടെ രഥയാത്ര, ബാബരി മസ്ജിദിന്റെ തകര്‍ച്ച, ഗുജറാത്തിലടക്കം സംഘ് പരിവാര്‍ ആസൂത്രിതമായി നടത്തിയ വംശഹത്യകള്‍ തുടങ്ങിയ പ്രത്യക്ഷ വംശീയ അതിക്രമങ്ങള്‍ ബി.ജെ.പി അധികാരത്തിലേറുന്നതില്‍ പങ്ക്‌വഹിച്ചു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടി നരേന്ദ്രമോദി അധികാരത്തിലേറിയതോടെ 'ഞാന്‍ സ്വയം സേവകനാണ്' എന്ന് തുറന്ന് പറയുന്ന ആദ്യ പ്രധാനമന്ത്രി നമുക്കുണ്ടായി.
സംഘ് പരിവാറിന് രാഷ്ട്രീയ അധികാരം ലഭിച്ചു എന്നത് ചെറിയ മാറ്റമല്ല. രാഷ്ട്രീയ തീരുമാനങ്ങളിലും നിയമ നിര്‍മാണത്തിലും സംഘ് അജണ്ടകള്‍ നടപ്പിലാക്കപ്പെടുകയാണ്. ഇതേ സമയം തന്നെ തെരുവിലും വംശീയ അതിക്രമങ്ങള്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നു. മോദി സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ പൂനെയില്‍ മുഹ്‌സിന്‍ ശൈഖ് എന്ന മുസ്‌ലിം 'ടെക്കി' തികച്ചും വംശീയം മാത്രമായ കാരണങ്ങളാല്‍ കൊല്ലപ്പെട്ടതിനെ 'ഒരുവിക്കറ്റ് വീണു' എന്ന് പറഞ്ഞാണ് സംഘ് പരിവാരം ആഘോഷിച്ചത്. അതേ പൂനെയിലെ തെരുവില്‍ തന്നെയാണ് യാക്കൂബ് മേമനെ തൂക്കിക്കൊല്ലാന്‍ വേണ്ടി 'ജനകീയ സമ്മര്‍ദ'മുണ്ടായത്. രാജ്യ ചരിത്രത്തില്‍ ഒരിക്കലുമുണ്ടാകാത്ത രീതിയില്‍ വ്യാപകമായ വര്‍ഗീയ അതിക്രമങ്ങള്‍ മോദി സര്‍ക്കാറിന്റെ ഒന്നാം വര്‍ഷത്തില്‍ നാം കണ്ടു. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ ഭാഗത്ത് നിന്ന് വധശിക്ഷയടക്കമുള്ള വിഷയങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ മനസ്സില്‍ വെക്കേണ്ടതുണ്ട്.
ദല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും നിയമ കമ്മിഷന്‍ ചെയര്‍മാനുമായിരുന്ന എ.പി.ഷാ, യാക്കൂബ് മേമന്റെയും അഫ്‌സല്‍ ഗുരുവിന്റെയും വധശിക്ഷ രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രമുഖ ദേശീയ മാധ്യമമായ സി.എന്‍.എന്‍ ഐ.ബി.എന്നിനു നല്‍കിയ അഭിമുഖത്തില്‍ ഈയടുത്ത് അഭിപ്രായപ്പെട്ടിരുന്നു. വധശിക്ഷ നിര്‍ത്തലാക്കണമെന്നും തല്‍ക്കാലത്തേക്ക് ഭീകരവാദക്കേസുകളില്‍ മാത്രമായി അത് ചുരുക്കണമെന്നുമുള്ള റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചതിന് ശേഷം നടന്ന അഭിമുഖത്തിലാണ് ജസ്റ്റിസ് ഷാ തന്റെ നിലപാട് വ്യക്തമാക്കിയത്. മേമന്‍ തൂക്കിലേറ്റപ്പെട്ട പശ്ചാത്തലത്തില്‍ എന്‍.ഡി.ടി.വി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച, പാര്‍ലമെന്റ് അംഗം കൂടിയായ ശശി തരൂരിന്റെ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു. 'ഇന്ത്യയില്‍ വധശിക്ഷ നടപ്പിലാക്കുന്നത് പല ആപേക്ഷിക ഘടകങ്ങളെയും ആശ്രയിച്ചാണ്. ജുഡീഷ്യറിയുടെ പക്ഷപാതിത്വം, എക്‌സിക്യൂട്ടീവിന്റെ വിവേചനപരത, സാമൂഹിക സാമുദായിക വേര്‍തിരിവുകള്‍, പൊതുജനരോഷം തുടങ്ങിയവ വധശിക്ഷയെ സ്വാധീനിക്കും. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലും ബലാത്സംഗക്കേസുകളിലും ഭീകരാക്രമണ കേസുകളിലും പൊതുജനരോഷം ഘടകമാകുന്നു. പ്രതികളുടെ സാമ്പത്തികാവസ്ഥയും അവര്‍ക്ക് ലഭ്യമാകുന്ന നിയമസഹായവും ഘടകമാണ്: സമ്പന്നരെക്കാള്‍ കൂടുതല്‍ ദരിദ്രര്‍ തൂക്കിലേറ്റപ്പെടുന്നു.'' ഈ രണ്ട് അഭിപ്രായപ്രകടനങ്ങളും ഇന്ത്യയിലെ വധശിക്ഷകള്‍ വിവേചനപരമാണ് എന്നതാണ് വ്യക്തമാക്കുന്നത്. വംശീയ രാഷ്ട്രീയം മേല്‍കോയ്മ നേടിയ ഘട്ടത്തില്‍ രാഷ്ട്രീയ പ്രേരിതമായ വധശിക്ഷകള്‍ ആരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാകുമെന്ന് ഊഹിക്കാനാകും.
ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ മാത്രമാണ് വധശിക്ഷ നല്‍കാനാവുക. 'വധശിക്ഷ നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളാ'ണ് സുപ്രീം കോടതി നിരീക്ഷണ പ്രകാരം അപൂര്‍വങ്ങളില്‍ അപൂര്‍വമാവുക. ഇതിലെ Collective Conscience of the Community എന്ന വാക്കിന്റെ ചുവടുപിടിച്ചാണ് അഫ്‌സല്‍ ഗുരുവിന് വധശിക്ഷ വിധിക്കുന്നതെന്നുകൂടി ഓര്‍ക്കുക. 'അപൂര്‍വങ്ങളില്‍ അപൂര്‍വം' എന്നത് ചിലര്‍ക്ക് അനുകൂലവും ചിലര്‍ക്ക് പ്രതികൂലവുമാകുന്നു. വധശിക്ഷയുടെ സമുദായം പരിശോധിക്കുമ്പോള്‍ ചില വ്യക്തമായ അന്തരങ്ങള്‍ കണ്ടെത്താനാകും. ബിഹാറിലും ഝാര്‍ഖണ്ഡിലും വധശിക്ഷ വിധിക്കപ്പെട്ടവരില്‍ നൂറുശതമാനവും ദലിതുകളോ പിന്നാക്ക, ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരോ മാത്രമാണ്. ദലിതുകള്‍ക്കെതിരെ ബിഹാറില്‍ രണ്‍വീര്‍ സേന എന്ന സവര്‍ണ മിലിറ്റന്റ് ഗ്രൂപ്പ് നടത്തിയ കൂട്ടക്കൊലകളിലടക്കം പ്രതികളെ വെറുതെ വിട്ടു. 1997 ഡിസംബര്‍ 1 ന് 27 സ്ത്രീകളും (അതില്‍ 8 പേര്‍ ഗര്‍ഭിണികള്‍) 16 കുട്ടികളും ഉള്‍പ്പെടെ 58 ദലിതരെ രണ്‍വീര്‍ സേനക്കാര്‍ വെടിവെച്ചു കൊന്ന കേസിലും, 1996 ജൂലായ് 11 ന് 11 സ്ത്രീകളും ഒന്‍പതു കുട്ടികളും ഒരു പുരുഷനും രണ്‍വീര്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസിലുമടക്കം പറ്റ്‌ന ഹൈക്കോടതി കുറ്റവാളികളെ വെറുതെ വിടുകയായിരുന്നു. തെളിവുകളുടെ അഭാവവും സംശയത്തിന്റെ ആനുകൂല്യവും ഇത്തരക്കാരെ വളരെയെളുപ്പം അഴികള്‍ക്കുള്ളില്‍ നിന്ന് പുറത്തിറക്കാന്‍ സഹായിച്ചു.
എന്നാല്‍ ഇത്തരം പരിഗണനകള്‍ ദലിതരും ന്യൂനപക്ഷങ്ങളും പ്രതികളായ കേസുകളില്‍ ഉണ്ടാവുന്നില്ല. 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ മാപ്പുസാക്ഷിയായി കീഴടങ്ങിയ യാക്കൂബ് മേമനെ അന്വേഷണ മേധാവിയുടെ വാക്കുപോലും മറികടന്നാണ് തൂക്കിക്കൊല്ലാന്‍ വിധിച്ചത്. ടൈഗര്‍ മേമന്റെ സഹോദരനാണ് എന്നതാണ് അതിനു കണ്ടെത്തിയ ന്യായീകരണം. സ്‌ഫോടനത്തിന്റെ കാരണമായെന്ന് പറയപ്പെടുന്ന കൂട്ടക്കൊലകളില്‍ പ്രതികളായവരുടെ കാര്യത്തില്‍ ഭരണകൂടങ്ങളും ജുഡീഷ്യറിയും എന്ത് നിലപാടെടുത്തു എന്നതുകൂടി പരിശോധിക്കുക. നൂറുക്കണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട, കോടികളുടെ നഷ്ടം വരുത്തിവെച്ച സംഭവത്തില്‍ ഉത്തരവാദികളെന്ന് കണ്ടെത്തിയവരെ ഒരിക്കലെങ്കിലും കോടതിയില്‍ വിളിച്ചുവരുത്താന്‍ പോലുമായില്ല. '1993 ജനുവരി ഒന്നിന് താക്കറെയുടെ പത്രാധിപത്യത്തിലുള്ള 'സാംന'യില്‍ 'ഹിന്ദുക്കള്‍ ആക്രമകാരികളാവണം' എന്ന പേരില്‍ ഒരു ലേഖനം വന്നു. 1993 ജനുവരി 8 മുതല്‍ ശിവസേനയുടെ നേതൃത്വത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ ആസൂത്രിതമായ ആക്രമണങ്ങളാണ് നടന്നത് എന്ന കാര്യത്തില്‍ സംശയമില്ല. ശാഖാ പ്രമുഖര്‍ മുതല്‍ ശിവസേനാ തലവനായ ബാല്‍ താക്കറെ വരെയുള്ള നേതാക്കളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മുസ്‌ലിംകളും അവരുടെ ഉടമസ്ഥതയിലുള്ള വസ്തുവകകളും ആസൂത്രിതമായി ആക്രമിക്കപ്പെട്ടു.' എന്ന് കണ്ടെത്തിയത് ശ്രീകൃഷ്ണ കമ്മീഷനാണ്. എന്നിട്ടും നീതിപീഠത്തിനോ നീതിനിര്‍വഹണ സംവിധാനങ്ങള്‍ക്കോ ഒന്നും ചെയ്യാനായില്ല.
ന്യൂനപക്ഷങ്ങളും ദലിതരും ഇരകളാക്കപ്പെടുന്ന ഇത്തരം നിരവധി കേസുകളില്‍ ഇരട്ടനീതി പ്രത്യക്ഷമായിത്തന്നെ കാണാറുണ്ട്. ഇത് ആരുടെ കുഴപ്പം കൊണ്ടാണെന്നതിന് ഒറ്റവാക്കില്‍ ഉത്തരമുണ്ടെങ്കില്‍ അത് രാജ്യത്ത് നിലനില്‍ക്കുന്ന വംശീയ മേല്‍കോയ്മ എന്ന് മാത്രമാണ്. കറുത്തവന്‍ പടിഞ്ഞാറന്‍ ലോകത്ത് അനുഭവിക്കുന്നതിന് സമാനമായ മുന്‍വിധികള്‍ ഭരണകൂടവും സുരക്ഷാ ജീവനക്കാരും നിയമസംവിധാനങ്ങളും നമ്മുടെ രാജ്യത്ത് വെച്ചുപുലര്‍ത്തുന്നു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ജയിലുകളില്‍ കഴിയുന്നവരുടെ എണ്ണം പരിശോധിക്കുമ്പോള്‍ ഇത് കൂടുതല്‍ തെളിഞ്ഞുവരുന്നുണ്ട്. 2014 ല്‍ ഔദ്യോഗിക ഏജന്‍സികള്‍ തന്നെ പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്തെ തടവുകാരില്‍ 53 ശതമാനം പേരും മുസ്‌ലിം, ദലിത്, ആദിവാസി വിഭാഗങ്ങളില്‍ പെട്ടവരാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട പ്രിസണ്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം രാജ്യത്തെ തടവുകാരില്‍ 68 ശതമാനം പേര്‍ ഹിന്ദുക്കളാണ് (ഇതില്‍ 31 ശതമാനം പട്ടിക ജാതിയിലും 16 ശതമാനത്തിലേറെപ്പേര്‍ പട്ടിക വര്‍ഗത്തിലും പെട്ടവരാണ്). അതേസമയം, ജനസംഖ്യയില്‍ 14 ശതമാനം വരുന്ന മുസ്‌ലിംകള്‍ ആകെ തടവുകാരില്‍ 20 ശതമാനത്തോളം വരും. സാമ്പത്തിക കാരണങ്ങള്‍, നിരക്ഷരത, മുന്‍വിധിയോടെയുള്ള സമീപനങ്ങള്‍ എന്നിവ പിന്നാക്ക ജാതികളെയും മുസ്‌ലിംകളെയും പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. രാഷ്ട്രീയ, ഉദ്യോഗസ്ഥ, നിയമ തലങ്ങളില്‍ നിലനില്‍ക്കുന്ന വംശീയ മുന്‍വിധികള്‍ നീതിനിര്‍വഹണത്തെ സ്വധീനിക്കുന്നു എന്നതിന് കൂടുതല്‍ കണക്കുകള്‍ ആവശ്യമില്ല.
ചുരുക്കത്തില്‍, വംശീയത ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തൂണുകളില്‍ അരിച്ചരിച്ച് കയറുന്ന കാഴ്ച കാണാന്‍ സൂക്ഷ്മദര്‍ശിനികളുടെ ആവശ്യം ഇന്നില്ല. അദൃശ്യതയില്‍ നിന്ന് വെളിച്ചത്തിലേക്ക് വംശീയത ചേക്കേറുകയാണ്. മോദി ഭരണത്തിലേറിയപ്പോള്‍ ജനാധിപത്യത്തിന്റെ കാലം അവസാനിക്കുന്നെന്നും മതേതരത്വത്തിന് അന്ത്യ കൂദാശക്ക് സമയമായെന്നും വിലാപങ്ങളുണ്ടായി. ഒളിഞ്ഞുമാത്രം പ്രവര്‍ത്തിച്ചിരുന്ന വംശീയത ദൃശ്യത കൈവരിച്ച കാലം കൂടിയാണിത്. ഇത്തരമൊരു വ്യവസ്ഥയില്‍ കരിനിയമങ്ങളും കടുത്ത ശിക്ഷകളും ആരുടെ നേരെയാകും പാഞ്ഞടുക്കുക എന്ന് ഊഹിക്കാവുന്നതേയള്ളൂ. ഒരു ജീവനുപകരം മറ്റൊരു ജീവനെടുക്കുന്നത് യുക്തിയോട് കലഹിക്കുന്നതിനാല്‍ മാത്രമല്ല വധശിക്ഷ എതിര്‍ക്കപ്പെടേണ്ടത്. ചിലരുടെ ജീവന്‍ മറ്റു ചിലരുടേതിനേക്കാള്‍ 'മ്ലേഛ'മാകുന്ന സാമൂഹിക മാനസികാവസ്ഥയുടെ സാഹചര്യത്തില്‍ കൂടിയാണ്. മനുഷ്യന്‍ പുരോഗമിക്കുന്നതിനനുസരിച്ച് ശിക്ഷയുടെ കടുപ്പം കുറയ്ക്കണമെന്ന ചരിത്രവായനക്കപ്പുറം, ചരിത്രം തന്നെ അരികിലാക്കിയ സമൂഹങ്ങളുടെ അതിജീവനവുമായി ബന്ധപ്പെടുത്തിയാകണം വധശിക്ഷയുടെ രാഷ്ട്രീയം വായിക്കപ്പെടേണ്ടത്.
Comments