Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 09

ദുര്‍വ്യയം, ധാരാളിത്തം

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്

         ഇസ്‌ലാമിക പ്രവര്‍ത്തകരെ ബാധിക്കുന്ന വിപത്താണ് ദുര്‍വ്യയം. ഭക്ഷണം, പാനീയം, വസ്ത്രം, പാര്‍പ്പിടം തുടങ്ങി അടിസ്ഥാന ജീവിതാവശ്യങ്ങളുടെ നിര്‍വഹണവേളയില്‍ വന്നുപോകുന്ന ധാരാളിത്തവും അമിത ചെലവുകളും അതിരുവിട്ട വ്യയങ്ങളുമാണ് വിവക്ഷ. ജനിച്ചുവളര്‍ന്ന് വന്ന സാഹചര്യങ്ങള്‍ ഇതിന് നിമിത്തമാവാം. വായില്‍ വെള്ളിക്കരണ്ടിയുമായി പിറന്നുവീണ ചില മക്കളില്‍ മരിക്കുവോളം ഈ ദുഃസ്വഭാവത്തിന്റെ ഏതെങ്കിലും അടയാളം കാണും. കുടുംബാന്തരീക്ഷത്തില്‍ മിതവ്യയ ശീലം വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കാന്‍ കഴിയുക മാതാപിതാക്കള്‍ക്കാണ്. ഇസ്‌ലാമിക ബോധമുള്ളവളാവണം വധുവായി തെരഞ്ഞെടുക്കപ്പെടുന്ന പെണ്‍കുട്ടി എന്ന് നബി(സ) നിഷ്‌കര്‍ഷിച്ചത് മക്കള്‍ ഇസ്‌ലാം ഊന്നിപ്പറയുന്ന മൂല്യങ്ങളില്‍ വളര്‍ത്തപ്പെടാന്‍ വേണ്ടിയാണ്.

മുമ്പ് പട്ടിണിയിലും ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും കഴിഞ്ഞ് കൂടേണ്ടിവന്ന പലരും, അവര്‍ക്ക് സമ്പന്നതയുടെയും ഐശ്വര്യത്തിന്റെയും വാതിലുകള്‍ തുറന്നുകിട്ടുമ്പോള്‍ മതിമറക്കുകയും ഭൂതകാലം വിസ്മരിച്ചു പോവുകയും ചെയ്യാറുണ്ട്. അത്തരക്കാര്‍ക്ക് പൊങ്ങച്ചം കാട്ടാനും ഒരുനാള്‍ തങ്ങളെ പുഛത്തോടെ കണ്ടിരുന്നവരുടെ മുമ്പില്‍ തങ്ങളുടെ സമ്പല്‍സമൃദ്ധി പ്രദര്‍ശിപ്പിക്കാനും ആഗ്രഹം കാണും. അതില്‍ ഒരു പ്രതികാര മനസ്സുണ്ട്, പകരം വീട്ടലുണ്ട്. ജീവിത രീതിയില്‍ മിതത്വ ശൈലി സ്വീകരിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. ഇത്തരം അതിരുവിട്ട ജീവിത ശൈലിയെക്കുറിച്ചാണ് നബി (സ) മുന്നറിയിപ്പു നല്‍കിയത്: ''സന്തോഷിച്ചുകൊള്ളൂ. വരാനിരിക്കുന്ന നല്ല നാളുകളെക്കുറിച്ച് പ്രതീക്ഷ പുലര്‍ത്തിക്കൊള്ളൂ. അല്ലാഹു സത്യം, ദാരിദ്ര്യമല്ല ഞാന്‍ നിങ്ങളെക്കുറിച്ച് ഭയപ്പെടുന്നത്. മറിച്ച്, ഐഹികജീവിത സൗകര്യത്തിന്റെ വാതായനങ്ങള്‍ നിങ്ങളുടെ മുമ്പുള്ളവര്‍ക്ക് തുറന്നു കിട്ടിയത് പോലെ നിങ്ങള്‍ക്കും തുറന്നുകിട്ടുന്നതാണ്. അവ ആര്‍ജിച്ചെടുക്കാന്‍ അവരെപ്പോലെ നിങ്ങളും പരസ്പരം മത്സരിക്കും. അത് അവരെ നശിപ്പിച്ചത് പോലെ നിങ്ങളെയും നശിപ്പിക്കും. ഇതാണെന്നെ ഭീതിപ്പെടുത്തുന്നത്.'' (ബുഖാരി)

മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: ''ഐഹിക ജീവിതം മധുരോദാരവും ഹരിതാഭവുമാണ്. അല്ലാഹു നിങ്ങളെ അതില്‍ പ്രതിനിധികളായി നിശ്ചയിച്ചിരിക്കുകയാണ്. നിങ്ങള്‍ അതില്‍ എന്തൊക്കെ ചെയ്തുകൂട്ടുന്നു എന്ന് വീക്ഷിക്കുകയാണവന്‍. ഇസ്‌റാഈല്‍ സമുദായത്തില്‍ ആദ്യ പരീക്ഷണമുണ്ടായത് സ്ത്രീകളെ ചൊല്ലിയാണ്.'' (മുസ്‌ലിം)

ദുര്‍വ്യയം ശീലമാക്കിയ ധാരാളികളുമായുള്ള കൂട്ടുകെട്ടും ഇതിനൊരു കാരണമാണ്. കൂട്ടുകാരെ തെരഞ്ഞെടുക്കുന്നതില്‍ ജാഗ്രതയും കരുതലും വേണമെന്ന നബി(സ)യുടെ നിര്‍ദേശം ഇവയെല്ലാം ഓര്‍ത്തുകൊണ്ടാണ്.

അല്ലാഹുവിലേക്കും സ്വര്‍ഗത്തിലേക്കും സഞ്ചരിച്ചെത്തേണ്ട യാത്രയില്‍ കരുതിവെക്കേണ്ട പാഥേയത്തെക്കുറിച്ച അശ്രദ്ധയുമാവാം ചിലപ്പോള്‍ ദുര്‍വ്യയത്തില്‍ എത്തിക്കുന്നത്. പട്ടുമെത്തകളും പരവതാനികളും വിരിച്ചതല്ല സ്വര്‍ഗപാത. ചോരയും വിയര്‍പ്പും കണ്ണീരും നിലവിളികളും നിറഞ്ഞതാണ് ആ പാത. ഈ പാതയിലൂടെയുള്ള സഞ്ചാരം സുഖിയന്മാര്‍ക്ക് സാധിക്കില്ല. ആഡംബരങ്ങളുടെയും സുഖലോലുപതയുടെയും പിറകെ പോകുന്നവര്‍ക്ക് ആ വഴി തരണം ചെയ്യാന്‍ പറ്റില്ല. പരുക്കന്‍ ജീവിതാനുഭവങ്ങള്‍ നിറഞ്ഞതാണ് സ്വര്‍ഗപാത എന്നോര്‍ക്കാത്തവര്‍ ധാരാളിത്ത സ്വഭാവത്തിന്റെ പിടിയില്‍ അമരുക സ്വാഭാവികമാണ്.

''അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞ് പോയവര്‍ക്ക് ഉണ്ടായത് പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാവുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കുകയാണോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴാണ് എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്.'' (അല്‍ബഖറ: 214)

ഭാര്യാ സന്തതികളാവാം ചിലപ്പോള്‍ ദുര്‍വ്യയത്തിന് ഹേതു. ദുര്‍വ്യയവും ആര്‍ഭാട ജീവിതവും ധാരാളിത്തവും ശീലിച്ച ഭാര്യയും മക്കളുമാണ് നിര്‍ഭാഗ്യവശാല്‍ ഒരിസ്‌ലാമിക പ്രവര്‍ത്തകനുണ്ടാവുന്നതെങ്കില്‍ അയാള്‍, നിനച്ചിരിക്കാതെ ധൂര്‍ത്തരുടെ കൂട്ടത്തില്‍ എത്തിപ്പെടും. ''സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നരകാഗ്നിയില്‍ നിന്ന് കാത്തുകൊള്ളുക'' (അത്തഹ്‌രീം 6) എന്ന ദൈവിക നിര്‍ദേശം മുന്നറിയിപ്പാണ്. ''പുരുഷന്‍ തന്റെ വീട്ടുകാരുടെ നാഥനാണ്. തന്റെ വീട്ടുകാരെക്കുറിച്ച് അയാളോട് ചോദിക്കും. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് മേല്‍നോട്ടക്കാരിയാണ് സ്ത്രീ. അവരെ സംബന്ധിച്ച് അവളും ഉത്തരം പറയേണ്ടിവരും'' (ബുഖാരി).

ഐഹിക ജീവിതത്തിന്റെ സ്വഭാവത്തെയും പ്രകൃതിയെയും കുറിച്ച ഓര്‍മയില്ലായ്മയാവാം ഒരുവേള ധൂര്‍ത്തിലേക്കും അമിത വ്യയത്തിലേക്കും എത്തിക്കുന്നത്. ഇഹലോക ജീവിതം ഒരേ അവസ്ഥയില്‍ ഒഴുകുകയില്ല. മാറ്റം അതിന്റെ പ്രകൃതിയാണ്. ഇന്ന് ഒരുപക്ഷേ നിങ്ങള്‍ക്ക് അനുകൂലമാണെങ്കില്‍ നാളെ അങ്ങനെയാവണമെന്നില്ല. ''(വിജയപരാജയങ്ങളുടെ) ആ നാളുകള്‍ നാം ജനങ്ങള്‍ക്കിടയില്‍ കറക്കിക്കൊണ്ടിരിക്കും'' (ആലുഇംറാന്‍ 140). നമുക്ക് പേടിയും കരുതലും വേണം. 'സമ്പത്തുകാലത്ത് തൈ പത്ത് നട്ടാല്‍ ആപത്ത് കാലത്ത് കാ പത്ത് തിന്നാം' എന്നാണല്ലോ പഴഞ്ചൊല്ല്. ഇഛകള്‍ക്കും കാമനകള്‍ക്കും പിറകെ പോകുന്നതാണ് മനുഷ്യമനസ്സ്. കയറൂരിവിട്ടാല്‍ അത് അപഥ സഞ്ചാരം നടത്തും. ശരീരത്തിന്റെ എല്ലാ കാമനകള്‍ക്കും ചെവികൊടുത്താല്‍ ധൂര്‍ത്താവും ഫലം.

(ആശയ സംഗ്രഹം : ജെ.എം ഹുസൈന്‍)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /78
എ.വൈ.ആര്‍