Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 09

ചോദ്യോത്തരം

മുജീബ്

ഐസിസിനെ തുരത്താന്‍ എളുപ്പവഴി

'അല്‍ഖാഇദ തൊട്ട് ഐസിസ് വരെയുള്ള ഭീകരവാദ സുന്നീ പ്രസ്ഥാനങ്ങളുടെ മതവേരുകള്‍, ഇബ്‌നു തൈമിയ്യ, മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബ്, സയ്യിദ് ഖുത്വ്ബ്, ഹസനുല്‍ ബന്ന, അബുല്‍ അഅ്‌ലാ മൗദൂദി, അബ്ദുസ്സലാം ഫറാജ് എന്നിവരുടെ ആശയങ്ങളാണെന്ന് എഴുതിയ ശേഷം ഹമീദ് ചേന്ദമംഗല്ലൂര്‍ ഇങ്ങനെ പറയുന്നു: ''കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഇറാഖ്-സിറിയ-ലിബിയ മേഖലയില്‍ സംഹാരതാണ്ഡവം നടത്തുന്ന ഐ.എസിന്റെ മതവേരുകളില്‍ ഇസ്‌ലാമിസത്തിന്റെയും ജിഹാദി സലഫിസത്തിന്റെയും ചൂടും ചൂരുമുണ്ട്. ഇബ്‌നു അബ്ദില്‍ വഹാബിന്റെയും മൗദൂദിയുടെയും ഖുത്വ്ബിന്റെയും ഫറാജിന്റെയും ആശയങ്ങളുടെ തേരിലാണ് ബഗ്ദാദിമാര്‍ സഞ്ചരിക്കുന്നത്. അവര്‍ക്കെതിരെയുള്ള പ്രത്യയശാസ്ത്രപരമായ പോരാട്ടം ഫലപ്രദമാകണമെങ്കില്‍ ഇസ്‌ലാമിസ്റ്റ്-സലഫിസ്റ്റ് മതവിചാരങ്ങളുടെ നിശിത വിമര്‍ശത്തില്‍ നിന്ന് വേണം അത് തുടങ്ങാന്‍'' (ഐ.എസിന്റെ മതവേരുകള്‍-വിശുദ്ധമോ ഈ 'വിശുദ്ധ ഹിംസ'- മാതൃഭൂമി ദിനപത്രം 2015 സെപ്റ്റബര്‍ 19 ശനി). പ്രതികരണം?

ഉമര്‍ എ വെങ്ങന്നൂര്‍, പാലക്കാട്

         പൊതുസമൂഹം മാത്രമല്ല ഏതാണ്ടെല്ലാ മുസ്‌ലിം ഭരണകൂടങ്ങളും ഇസ്‌ലാമിക സംഘടനകളും പണ്ഡിതന്മാരും ഭീകരരെന്നും ഇസ്‌ലാമിന്റെ പുറത്തെന്നും വിധിയെഴുതിക്കഴിഞ്ഞ ഐ.എസ് അഥവാ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അടിവേരറുക്കാന്‍ ഒരൊറ്റ വഴിയേ ഉള്ളൂ. കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകാലമായി ഇസ്‌ലാമിസത്തിനെതിരെ ഹമീദ് ചേന്ദമംഗല്ലൂര്‍ നടത്തിവരുന്ന പ്രത്യയശാസ്ത്രപരമായ പോരാട്ടം ലോകം ഏറ്റെടുക്കുക എന്നാണ് പറഞ്ഞതിന്റെ പൊരുള്‍! മൗദൂദി അഥവാ ജമാഅത്തെ ഇസ്‌ലാമി, ഹസനുല്‍ ബന്നാ-സയ്യിദ് ഖുത്വ്ബ് അഥവാ മുസ്‌ലിം ബ്രദര്‍ ഹുഡ് എന്നീ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കെതിരെയുള്ള പോരാട്ടം നാളിതുവരെ അദ്ദേഹം സര്‍വശക്തിയും പ്രയോഗിച്ച് നിരന്തരം തുടര്‍ന്നെങ്കിലും ലോകത്തിന്റെ നിര്‍ഭാഗ്യത്തിന് കേരളത്തിലോ ഇന്ത്യയിലാകെയോ സാര്‍വലൗകിക തലത്തിലോ ഒരാളും അതിന്റെ പ്രാധാന്യം മനസ്സിലാക്കുകയോ ഏറ്റെടുത്ത് നടത്തുകയോ ചെയ്യാത്തതിന്റെ ദുരന്തഫലമാണ് ഇന്ന് ഇസ്‌ലാമിക് സ്റ്റേറ്റിന്റെയും അല്‍ഖാഇദയുടെയും മറ്റും രൂപത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നര്‍ഥം! 2001 സെപ്റ്റംബര്‍ 11-ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് ആഗോള വ്യാപകമായി അമേരിക്ക ആരംഭിച്ച 'ഇസ്‌ലാമിക ഭീകരത'ക്കെതിരായ യുദ്ധം പോലും പരാജയപ്പെടാന്‍ കാരണം അതിന്റെ നാരായ വേരുകള്‍ കണ്ടെടുത്ത ഹമീദിന്റെ ബുദ്ധിയും അഗാധ ഗവേഷണവും അംഗീകരിക്കാന്‍ ആ ലോക ശക്തിക്ക് കഴിയാതെ പോയതാണ്. അതുകൊണ്ടാണ് മധ്യ പൗരസ്ത്യ ദേശത്ത് മുസ്‌ലിം ബ്രദര്‍ ഹുഡിനെയും ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ ജമാഅത്തെ ഇസ്‌ലാമിയെയും തീവ്രവാദി, ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അമേരിക്കന്‍ ഭരണകൂടമോ തുടര്‍ന്ന് യൂറോപ്യന്‍ യൂനിയനോ ഐക്യ രാഷ്ട്രസഭയോ ഇനിയും തയാറാവാത്തത്! ഈജിപ്തിലെ ജനറല്‍ അബ്ദുല്‍ ഫത്താഹ് സീസിയുടെ സ്വേഛാ ഭരണകൂടം മുസ്‌ലിം ബ്രദര്‍ ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു നിരോധിക്കുകയും നേതാക്കളെ തൂക്കിലേറ്റാന്‍ വിധിക്കുകയും പതിനായിരക്കണക്കില്‍ പ്രവര്‍ത്തകരെ ജയിലിലടക്കുകയുമൊക്കെ ചെയ്തിട്ടും മറ്റു സര്‍ക്കാറുകളൊന്നും ആ വഴിയെ പോവാന്‍ തയാറായിട്ടില്ല. എന്തിന്! സയ്യിദ് ഖുത്വ്ബിന്റെയും മൗദൂദിയുടെയും കൃതികള്‍ക്ക് പോലും മഹാ ഭൂരിഭാഗം നാടുകളിലും നിരോധമില്ല. അത് വായിച്ചു വഴിതെറ്റിയ യുവാക്കളാണ് അല്‍ഖാഇദയിലും ഐ.എസ്സിലുമൊക്കെ അണിനിരക്കുന്നതെന്ന പരമ സത്യവും ആധുനികോത്തര വിവരശേഖര സാമഗ്രികളും സംവിധാനങ്ങളുമെല്ലാം കൈയിലിരുന്നിട്ടും ഈ രാജ്യങ്ങളുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കിതുവരെ പിടികിട്ടിയിട്ടുമില്ല. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍!

അവരെ പറഞ്ഞിട്ട് കാര്യമില്ല. ലോകത്ത് ഇസ്‌ലാമിന്റെ പേരില്‍ ആര് എന്ത് ചെയ്താലും അതിന്റെ ബൗദ്ധിക സ്വത്തവകാശം അരനൂറ്റാണ്ട് മുമ്പ് ജമാല്‍ അബ്ദുന്നാസിര്‍ ഭരണകൂടം തൂക്കിലേറ്റിയ സയ്യിദ് ഖുത്വ്ബിനും, മുപ്പത്താറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ലോകത്തോട് വിട പറഞ്ഞുപോയ മൗദൂദിക്കുമാണെന്നും കണ്ടെത്താന്‍ അവര്‍ക്ക് കഴിയുന്നില്ല. ഈ ചിന്തകന്മാര്‍ അവതരിപ്പിച്ച 'രാഷ്ട്രീയ ഇസ്‌ലാമി'നോടും ജിഹാദ് സങ്കല്‍പത്തോടും ദൈവരാജ്യ ദര്‍ശനത്തോടും പൂര്‍ണമോ ഭാഗികമോ ആയ വിയോജനവും എതിര്‍പ്പും നിലനിര്‍ത്തിക്കൊണ്ടുതന്നെ, എതിരാളികളെ മുഴുവന്‍ കൊന്നുകളയാനോ ആദര്‍ശ പ്രതിയോഗികള്‍ക്കെതിരെ യുദ്ധം ചെയ്യാനോ അവര്‍ ആഹ്വാനം ചെയ്തതായി ലോകത്തിന് മനസ്സിലാക്കാനായിട്ടില്ല. തന്നെയുമല്ല ഇസ്‌ലാമിനെ സമാധാനത്തിന്റെ ദര്‍ശനമായും ബലപ്രയോഗവും ഹിംസയും അശാന്തിയും കലാപവും പാടെ നിരാകരിക്കുന്ന, സാമൂഹിക നീതിയിലും വിശ്വമാനവികതയിലും ഊന്നുന്ന പ്രത്യയശാസ്ത്രമായുമാണ് പതിനായിരക്കണക്കിന് പേജുകളിലായി സയ്യിദ് ഖുത്വ്ബും മൗദൂദിയും പ്രമാണങ്ങളും ചരിത്ര യാഥാര്‍ഥ്യങ്ങളും സാക്ഷ്യപ്പെടുത്തി സമര്‍ഥിച്ചിരിക്കുന്നത്. 

യഥാര്‍ഥത്തില്‍ സ്പഷ്ടമായ രാഷ്ട്രീയ, സാമ്പത്തിക ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശുദ്ധ ഖുര്‍ആനെയും, അത് നടപ്പാക്കി കാണിച്ചുതന്ന പ്രവാചകരെയും പ്രതിക്കൂട്ടില്‍ കയറ്റണമെന്ന് തന്നെയാണ് ഹമീദിന്റെ മനസ്സിലിരിപ്പ്. പക്ഷേ, അത് തുറന്നു പറയാനുള്ള ധൈര്യം അങ്ങോര്‍ക്കില്ല. അതിനാല്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ, ശൈഖ് മുഹമ്മദുബ്‌നു അബ്ദില്‍ വഹാബ്, ശഹീദ് ഹസനുല്‍ ബന്ന, സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി മുതലായ ഇസ്‌ലാമിക നവോത്ഥാന നായകരില്‍ കുറ്റം ചാര്‍ത്തി രക്ഷപ്പെടാനാണ് ശ്രമം. അതേസമയം നക്‌സലൈറ്റുകള്‍, മാവോയിസ്റ്റുകള്‍ തുടങ്ങിയ കമ്യൂണിസ്റ്റ് തീവ്രവാദികളും ഭീകരരും നടത്തുന്ന മനുഷ്യക്കശാപ്പിന്റെ പേരില്‍ കാള്‍മാര്‍ക്‌സിനെയോ മാവോത്‌സേതൂങ്ങിനെയോ പഴിചാരാന്‍ ഹമീദ് പ്രഭൃതികള്‍ തയാറുമല്ല. ഏതാണ്ടെല്ലാ ആദര്‍ശങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പേരില്‍ തീവ്രവാദവും ഭീകരതയും ലോക ചരിത്രത്തിലുടനീളം ഉണ്ടായിട്ടുണ്ട്. എന്തിനേറെ, പ്രാണിയെ പോലും ഹിംസിക്കരുതെന്ന് പഠിപ്പിച്ച ബുദ്ധിസത്തിന്റെ പേരിലാണ് ശ്രീലങ്കയിലും മ്യാന്മറിലും കലാപങ്ങളും കൂട്ടനരഹത്യയും അരങ്ങേറിയത്. അതിന് ശ്രീബുദ്ധനാണ് കാരണക്കാരന്‍ എന്ന് ബുദ്ധിയുള്ളവരാരും കുറ്റപ്പെടുത്തുകയില്ല. ഹസനുല്‍ ബന്നയും സയ്യിദ് ഖുത്വ്ബും മൗദൂദിയും നയിച്ച പ്രസ്ഥാനങ്ങള്‍ ഒരിക്കലും ഹിംസയിലേക്കോ ബലപ്രയോഗത്തിലേക്കോ ഭീകരതയിലേക്കോ വഴിമാറിയിട്ടില്ലെന്നിരിക്കെ, സാമ്രാജ്യത്വ-സയണിസ്റ്റ് ഉപജാപത്തിന്റെ സന്തതിയായ ഐസിസിന്റെ നിഷ്ഠുരതകള്‍ക്ക് അവര്‍ മറുപടി പറയേണ്ടതില്ല. ഇസ്‌ലാമിനെ സ്വകാര്യവത്കരിച്ചോ അരാഷ്ട്രീയവത്കരിച്ചോ ഇത്തരം ഭീകര പ്രസ്ഥാനങ്ങളെ നേരിടാനും കഴിയില്ല. മറിച്ച് സമാധാനത്തിലും നീതിയിലും ധാര്‍മികതയിലും അധിഷ്ഠിതമായ ഇസ്‌ലാമിന്റെ യഥാര്‍ഥ അധ്യാപനങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിലൂടെയേ ആത്യന്തികവാദികളെ നേരായ വഴിയിലേക്ക് തിരിച്ചുകൊണ്ടുവരാനാവൂ.

കൂട്ടത്തില്‍ മറ്റൊരു കാര്യം: ഹമീദിന്റെ വികല ചിന്ത കടമെടുത്ത് 'മതരാഷ്ട്രീയ വാദികള്‍'ക്കെതിരെ ജിഹാദിനിറങ്ങിയ കേരളത്തിലെ മുജാഹിദ് ഗ്രൂപ്പുകളുടെ വക്താക്കള്‍ ഈ തീവ്ര മതേതരവാദി ഇബ്‌നു തൈമിയ്യയെയും ശൈഖ് മുഹമ്മദ്ബ്‌നു അബ്ദില്‍ വഹാബിനെയും ടാര്‍ഗറ്റ് ചെയ്തതിനെക്കുറിച്ച് എന്തു പറയുന്നു എന്നറിയാന്‍ കൗതുകമുണ്ട്. അവരും മതരാഷ്ട്രവാദികളും, അതിനാല്‍ തീവ്രവാദത്തിന്റെ വിത്ത് പാകിയവരും ആയിരുന്നോ? ഹമീദ് കണ്ടെത്തിയ 'രാഷ്ട്രീയേതര സലഫിസം, രാഷ്ട്രീയ സലഫിസം, ജിഹാദി സലഫിസം' എന്ന വിചാരധാരകളില്‍ ഏതിനത്തിലാണ് കേരള മുജാഹിദുകള്‍ ഉള്‍പ്പെടുന്നത്? 

സാമ്രാജ്യത്വത്തെ എതിര്‍ക്കേണ്ടതില്ല?

''സൈനുദ്ദീന്‍ മഖ്ദൂം, മമ്പുറം തങ്ങള്‍, ഉമര്‍ ഖാദി തുടങ്ങിയവര്‍ സര്‍വോപരി മതപണ്ഡിതന്മാരായിരുന്നു എന്നതിലും അവരുടെ നയനിലപാടുകളെല്ലാം മതാധിഷ്ഠിതമായിരുന്നു എന്നതിലും ആര്‍ക്കും തര്‍ക്കമില്ല. അപ്പോള്‍ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളോടും സാമ്രാജ്യത്വ വിരദ്ധ സമരങ്ങളോടുമുള്ള അവരുടെ സമീപനങ്ങളും മതാധിഷ്ഠിതമായിരിക്കുമെന്നുറപ്പ്. എങ്കില്‍ ഇത്തരം കോളനിവിരുദ്ധ സമരങ്ങളോടും വൈദേശികാധിപത്യത്തിനെതിരെയുള്ള പോരാട്ടങ്ങളോടുമുള്ള മതത്തിന്റെ സമീപനം എന്തെന്നു പരിശോധിക്കണം. പതിനെട്ടാം നൂറ്റാണ്ടിനു ശേഷം ലോകത്തുടനീളം പടര്‍ന്നു പരന്ന ആശയമാണ് ദേശീയതാവാദം. ഏതൊരു രാജ്യവും തദ്ദേശീയര്‍ മാത്രമേ ഭരിക്കാവൂ. വൈദേശിക ഭരണവും ഇടപെടലുമെല്ലാം തീര്‍ത്തും തെറ്റാണ് എന്നിങ്ങനെയുള്ള ആധുനികവും സങ്കുചിതവുമായ ദേശീയതാവാദത്തെ ഇസ്‌ലാമിനെ പോലുള്ള സാര്‍വലൗകികവും സാര്‍വജനീനവുമായ ഒരു മതത്തിനു പൂര്‍ണാര്‍ഥത്തില്‍ അംഗീകരിക്കാനാവില്ല. അതുകൊണ്ടുതന്നെ വൈദേശികാധിപത്യവും കോളനീകരണവും അടിസ്ഥാനപരമായി ഇസ്‌ലാമിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കെതിരല്ല. മതസ്വാതന്ത്ര്യവും പൗരന്റെ മൗലികാവകാശവും വകവെച്ചു കൊടുക്കുന്ന വ്യവസ്ഥാപിത ഭരണകൂടങ്ങളെ അംഗീകരിക്കണമെന്നും, അവര്‍ക്കെതിരെ സായുധ വിപ്ലവത്തിനു ശ്രമിക്കേണ്ടതില്ലെന്നുമാണ് മുസ്‌ലിം ഉമ്മത്തിന്റെ പൊതു നിലപാട്. പ്രവാചകാധ്യാപനങ്ങളിലും മറ്റു പ്രാമാണിക വചനങ്ങളിലും ഈ നിലപാടിന്റെ നിഴലിപ്പു കാണാം. മുസ്‌ലിം മുഖ്യധാരയില്‍ നിന്ന് വിഘടിച്ചു നിന്ന ഖവാരിജ്, ശീഈ തുടങ്ങിയ അവാന്തര വിഭാഗങ്ങളാണ് പലപ്പോഴും ഇതിനു വിരുദ്ധമായി വ്യവസ്ഥാപിത ഭരണകൂടങ്ങളെ അട്ടിമറിക്കാനും സായുധ വിപ്ലവത്തിനും പല കാരണങ്ങള്‍ പറഞ്ഞ് രംഗത്തിറങ്ങിയിട്ടുള്ളത്. കേരള മുസ്‌ലിംകളുടെ പോരാട്ട ചരിത്രം മതാധിഷ്ഠിതമാണെന്ന് പറയുമ്പോള്‍ ഈ വസ്തുതകള്‍ പരിഗണിച്ചേ പറ്റൂ'' (സത്യധാര 2015 ആഗസ്റ്റ് 1-15). മൗദൂദി സാഹിബ് അവതരിപ്പിച്ച ദേശീയതയെ കുറിച്ചുള്ള ഇസ്‌ലാമിക വിമര്‍ശനത്തെ ഇപ്പോള്‍ പരമ്പരാഗത സുന്നികളും ഏറ്റുപിടിച്ചതായി മനസ്സിലാക്കാമോ? ദേശീയതയെ അംഗീകരിക്കാതിരുന്ന മുന്‍കാല പണ്ഡിതന്മാര്‍ ആരും തന്നെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്നില്ല എന്ന സത്യാധാരാ വായനയെ എങ്ങനെ നോക്കിക്കാണുന്നു?

അജ്മല്‍ കൊടിയത്തൂര്‍

         സുചിന്തിതമോ അവധാനപൂര്‍ണമോ പക്വമോ അല്ല ലേഖനത്തില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഭാഗങ്ങള്‍. തങ്ങളാണ് ലോകത്തെ അടക്കി ഭരിക്കേണ്ടതെന്നും, തങ്ങളുടെ വംശമാണ് ലോകത്തേറ്റവും ഉത്കൃഷ്ടരെന്നും, മറ്റു ജനവിഭാഗങ്ങളെല്ലാം മൃഗങ്ങളെക്കാള്‍ നിന്ദ്യരാണെന്നുമുള്ള അഹന്താപൂര്‍ണമായ ദുഷ്ചിന്തയാണ് പോര്‍ത്തുഗീസ്, സ്പാനിഷ്, ഇറ്റാലിയന്‍, ബ്രിട്ടീഷ്, ഫ്രഞ്ച്, ഡച്ച് കോളനിവാഴ്ചക്കാരെ ഏഷ്യനാഫ്രിക്കന്‍ രാജ്യങ്ങളെ പിടിച്ചുവിഴുങ്ങാന്‍ പ്രേരിപ്പിച്ചത്. ഒപ്പം, പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമായ പൗരസ്ത്യ നാടുകളെ കൊള്ളയടിക്കുകയെന്ന സാമ്പത്തിക താല്‍പര്യവും ഉണ്ടായിരുന്നു. മധ്യകാല യൂറോപ്പിനെ ഇസ്‌ലാമിനെതിരെ തിരിച്ചുവിട്ട കുരിശുയുദ്ധ മനസ്സും ഈ സമ്രാജ്യശക്തികളെ രണോത്സുകരാക്കി. ഇത് തിരിച്ചറിഞ്ഞ മഹാന്മാരായ മുസ്‌ലിം പണ്ഡിതന്മാര്‍ ജിഹാദിന്റെ യഥാര്‍ഥ അര്‍ഥവും പ്രസക്തിയും പ്രാധാന്യവും വിശ്വാസികളെ ബോധ്യപ്പെടുത്തി അവരെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പ്രേരിപ്പിച്ചു. ഇത് ദേശ സ്‌നേഹത്തിന്റെ കൂടി താല്‍പര്യമായിരുന്നു. ഇസ്‌ലാം ദേശീയതയെ എതിര്‍ക്കുന്നുവെന്ന് പറയുമ്പോള്‍, ദേശത്തെ ആരാധ്യനായ ദൈവത്തിന് പകരം പ്രതിഷ്ഠിക്കുന്ന ദേശീയ പക്ഷപാതിത്തത്തെയാണ് ഉദ്ദേശിക്കുന്നത്. ഇസ്‌ലാം സാര്‍വദേശീയമായ ആദര്‍ശമായിരിക്കെത്തന്നെ ദേശാഭിമാനത്തെയോ ദേശ സ്‌നേഹത്തെയോ അത് നിരാകരിക്കുന്നില്ല. സയ്യിദ് മൗദൂദി തള്ളിപ്പറഞ്ഞതും ലോകത്തിനാകെ നാശം വിതച്ച നാസിസം-ഫാഷിസം മാതൃകയിലുള്ള ദേശീയതാ ഭ്രാന്തിനെയാണ്. ഇസ്‌ലാം മതസ്വാതന്ത്ര്യവും പൗരാവകാശങ്ങളും അനുവദിക്കുന്ന ഭരണകൂടങ്ങളെ അംഗീകരിക്കുന്നു എന്നതിന്റെ അര്‍ഥം എല്ലാതരം ഭരണകൂട അനീതികളെയും അത് പൊറുപ്പിക്കുന്നു എന്നല്ല. 'ജിഹാദില്‍ ഏറ്റവും ശ്രേഷ്ഠമായത് അനീതി കാണിക്കുന്ന ഭരണാധികാരിക്കെതിരെ സത്യം തുറന്നു പറയുകയാണ്' എന്നാണ് നബി(സ) പഠിപ്പിച്ചത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /78
എ.വൈ.ആര്‍