നവരാഷ്ട്രീയ നയങ്ങളുടെ പ്രസക്തി
നവരാഷ്ട്രീയ നയങ്ങളുടെ പ്രസക്തി
ഇസ്ലാമിസമെന്നത് മാനവികതയുടെ അടിസ്ഥാനത്തില്‍ ഇസ്‌ലാമിന്റെ നിയമങ്ങളെ നോക്കിക്കാണുന്നതിന്റെ പേരാണ്. ഇസ്‌ലാമിന്റെ മാനവിക മുഖം വെളിപ്പെട്ടുവരുന്നത് തടയിടാനുള്ള സാമ്രാജ്യത്വ പ്രചാരണം മാത്രമാണ് ഇസ്‌ലാമിസവും ഭീകരതയും എന്ന സമീകരണം. യഥാര്‍ഥത്തില്‍ ഫാഷിസവും സയണിസവും താലിബാനിസവും ഐസിസും അല്‍ഖാഇദയുമൊക്കെ നിലകൊള്ളുന്നത് വംശീയാധിഷ്ഠിത ഭൂമികയിലാണ്. അതിന് വിപരീതമായി മാനവികതയുടെയും ജനാധിപത്യത്തിന്റേതുമായ സുതാര്യ ഭൂമികയിലാണ് ഇസ്‌ലാമിസം പ്രതിനിധീകരിക്കപ്പെടുന്നത്. മുസ്‌ലിം ബഹുജന സാമാന്യവും അമുസ്‌ലിം ലോകവുമൊക്കെ ഇസ്‌ലാമിന്റെ വിമോചന മൂല്യങ്ങളെക്കുറിച്ചോ നിശിതമായ നീതിയിലധിഷ്ഠിതമായ അതിന്റെ സാമൂഹിക സാമ്പത്തിക നിലപാടുകളെക്കുറിച്ചോ അജ്ഞരായിരുന്ന കാലമൊക്കെ കഴിഞ്ഞു.
കമ്യൂണിസം അതിന്റെ ജനിതക വൈകല്യങ്ങളും ദൗര്‍ബല്യങ്ങളും അപ്രായോഗികതയും ലോകതലത്തില്‍ തന്നെ വെളിപ്പെടുത്തി കഴിഞ്ഞു. അത്തരം ദൗര്‍ബല്യങ്ങളുടെയും പാര്‍ലമെന്ററി താല്‍പര്യങ്ങളുടെയും തടവറകളിലകപ്പെട്ടതുകൊണ്ട് അധഃസ്ഥിത വിഭാഗങ്ങളുടെ അതിജീവനത്തിനു വേണ്ടിയുള്ള സമരങ്ങളോടൊപ്പം നില്‍ക്കാന്‍ പോലും കഴിയാത്തവണ്ണം അവര്‍ നിസ്സഹായമാവുകയും ചെയ്തിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇരകളാക്കപ്പെടുകയും പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്യുന്ന എല്ലാ വിഭാഗക്കാരെയും അഭിമുഖീകരിക്കാനുള്ള രാഷ്ട്രീയ സ്ട്രാറ്റജി രൂപീകരിക്കേണ്ടത് ഇസ്‌ലാമിസ്റ്റുകളുടെ ഉത്തരവാദിത്തമാണ്.
സത്താര്‍ കൊളപ്പുറം
ഒരു മഹല്ലില്‍ ഒരു ബാങ്ക് വിളി പോരേ?
പള്ളികളിലെ മൈക്ക് ഉപയോഗത്തെ സംബന്ധിച്ച് ഹൈദരലി ശിഹാബ് തങ്ങള്‍ നടത്തിയ പ്രസ്താവനയെത്തുടര്‍ന്നുണ്ടായ ചര്‍ച്ച പ്രായോഗിക രംഗത്തേക്ക് വളരേണ്ടിയിരിക്കുന്നു.
ഒരേ പ്രദേശത്ത് അടുത്തടുത്ത പള്ളികളില്‍ നിന്ന് മൈക്കിലൂടെ ഉച്ചത്തിലുള്ള ബാങ്കുവിളി പ്രശ്‌നം തന്നെയാണ്. അതുതന്നെ വ്യത്യസ്ത സമയങ്ങളിലും കൂടിയായാലോ? സഹോദര സമുദായത്തിലെ മന്ത്രിമാരടക്കമുള്ളവര്‍ സംബന്ധിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങളിലെ പ്രാസംഗികര്‍ ഇതിന്റെ പ്രയാസം പലപ്പോഴും അനുഭവിക്കുന്നവരാണ്. ഒരു ബാങ്ക് കഴിഞ്ഞ് പ്രസംഗം തുടരുമ്പോഴതാ അടുത്ത ബാങ്ക് വിളി. ഇത് ദീനിന് ഏല്‍പിക്കുന്ന പരിക്ക് നിസ്സാരമല്ല.
ഈ പ്രശ്‌നത്തിന് ഒരൊറ്റ പരിഹാരമേയുള്ളൂ. ഒരു മഹല്ലില്‍ മൈക്കിലൂടെയുള്ള ബാങ്കുവിളി ഒന്നു മാത്രം മതിയെന്ന് തീരുമാനിക്കുക. മറ്റു പള്ളികളില്‍ ബാങ്കിന്റെയോ ഇഖാമത്തിന്റെയോ സമയത്തില്‍ മാറ്റം വേണ്ടതില്ല. മൈക്കിലൂടെ വേണ്ടതില്ലെന്നു മാത്രം.
അപ്പോള്‍ ഏത് പള്ളിയില്‍ നിന്നാണ് മൈക്കിലൂടെ ബാങ്ക് വിളിക്കേണ്ടത്? ഉത്തരം ലളിതം: മഹല്ലിലെ പഴയ തറവാട്ടു പള്ളിയില്‍ നിന്നുതന്നെ. അത് ഇപ്പോള്‍ ഏത് വിഭാഗത്തിന്റെ പരിപാലനത്തിലാണെന്നത് പ്രശ്‌നമാക്കേണ്ടതില്ല. തറവാട് വീട് ഏത് മകന്റെ ഉടമസ്ഥതയിലാണെങ്കിലും പൊതു കാര്യത്തിന് അവിടെയാണല്ലോ കുടുംബാംഗങ്ങള്‍ ഒത്തു കൂടാറ്. മാസപ്പിറവിയുടെ കാര്യത്തില്‍ ഏകോപനമുണ്ടാക്കിയ പോലെ ഇതിലും ഏകോപനമുണ്ടാക്കാവുന്നതേയുള്ളൂ.
ജലീല്‍ പുളിക്കല്‍
ഫാഷിസത്തോട്
പൊരുത്തപ്പെടുന്ന
സാംസ്‌കാരിക ലോകം
ലക്കം 2918-ലെ 'എഴുത്തോ നിന്റെ കഴുത്തോ' എന്ന മുഖക്കുറിപ്പ് സന്ദര്‍ഭോചിതമായി. കല്‍ബര്‍ഗി, വന്‍സാരെ, നരേന്ദ്ര ദഭോല്‍ക്കര്‍... ഫാഷിസത്തിന്റെ വേട്ട ഇവരില്‍ അവസാനിക്കുമെന്ന് തോന്നുന്നില്ല. കെ.എസ് ഭഗവാനെതിരെയുള്ള ഭീഷണി അതാണ് വിളിച്ചു പറയുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുന്‍കാലത്ത് ഉണ്ടായിരുന്ന മുറവിളിയൊന്നും ഈ സന്ദര്‍ഭങ്ങളിലുയരാത്തത് അകമേ ഫാഷിസത്തോട് നമ്മുടെ സാംസ്‌കാരിക ലോകവും പൊരുത്തപ്പെട്ട് വരുന്നു എന്നതിനുള്ള തെളിവാണ്. ഇതേ ലക്കത്തില്‍ ഈ വിഷയത്തില്‍ വന്ന പാക്കത്ത് മുഹമ്മദ് അലനെല്ലൂരിന്റെ കത്തും ശ്രദ്ധേയമായിരുന്നു. അതിലൊരു സ്ഖലിതം സംഭവിച്ചത് സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ: ''1913 ആഗസ്റ്റ് 20-ന് മന്ത്രവാദ വിരുദ്ധ ബില്ലിന് വേണ്ടി പ്രയത്‌നിച്ച നരേന്ദ്ര ദഭോല്‍ക്കര്‍ കൊല ചെയ്യപ്പെട്ടു'' എന്നെഴുതിയത് ശരിയല്ല. കൊല ചെയ്യപ്പെട്ട വര്‍ഷം 1913 അല്ല, 2013 ആണ്.
ഉമ്മു തബ്ഷീര്‍ മലപ്പുറം
ഖാദിയാനികളുടെ കുതന്ത്രങ്ങളെ കരുതിയിരിക്കുക
'ഖാദിയാനികളും ഇ. അഹ്മദും' എന്ന തലക്കെട്ടില്‍ 2015 ജൂലൈ 3-ന്റെ സമകാലിക മലയാളം വാരികയില്‍ വന്ന കത്ത് അപ്പടി താഴെ ചേര്‍ക്കുന്നു: ''മശ്ഹൂര്‍ ദാരിമി എഴുതിയ കുറിപ്പില്‍ ഇങ്ങനെ പറയുന്നു: മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഇ. അഹ്മദ് ഖാദിയാനികളോട് (അഹ്മദിയാ ജമാഅത്ത്) പുലര്‍ത്തുന്ന വളരെ ഗാഢമായ ബന്ധത്തെയും 'സമസ്ത' ശക്തിയായി എതിര്‍ക്കുകയാണ്.
എല്ലാ കാലത്തും മുസ്‌ലിം ലീഗിനെ വളരെയേറെ നാനാമാര്‍ഗേണ പിന്തുണച്ചവരും പിന്തുണക്കുന്നവരുമാണ് ഖാദിയാനികള്‍. ഇ. അഹ്മദ് ഇക്കാര്യം തിരിച്ചറിഞ്ഞ നേതാവാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഖാദിയാനികളുമായി വളരെ ഗാഢമായ ബന്ധം പുലര്‍ത്തുന്നത്. മുസ്‌ലിം ലീഗിന്റെ മുന്‍കാല നേതാക്കളും ഖാദിയാനികളെ പിന്തുണച്ചവരാണ്.
നരസിംഹറാവുവും വാജ്‌പേയിയും ഭരിക്കുമ്പോള്‍ ഭാരതത്തെ പ്രതിനിധീകരിച്ച് യു.എന്നിലും മറ്റു പല വിദേശ വേദികളിലും മികച്ച പ്രകടനം കാഴ്ച വെച്ച ഇ. അഹ്മദ് ഖാദിയാനികളുടെ ലണ്ടന്‍ ആസ്ഥാനവുമായി വളരെയടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്. ഖാദിയാനികളെ കഠിനമായി എതിര്‍ക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ അന്തമില്ലാത്ത നിലപാടിലേക്ക് സുന്നികള്‍ തരംതാഴ്ന്നത് മുസ്‌ലിം ലീഗിന് ദോഷകരമാണ്. ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഖാദിയാനികള്‍ കേരള ഹൈക്കോടതിയില്‍ കൊടുത്ത ഹര്‍ജി നിലവിലുണ്ട്. സുന്നികളും ഇതിനെ പിന്തുണക്കേണ്ടതുണ്ട്'' (സമകാലിക മലയാളം വാരിക, 2015 ജൂലൈ 3, അബ്ദുസ്സലാം, എറണാകുളം).
മുസ്‌ലിം സമുദായത്തില്‍ നുഴഞ്ഞു കയറാനുള്ള ഹീനതന്ത്രം ഖാദിയാനികള്‍ പലപ്പോഴും പ്രയോഗിക്കാറുണ്ട്. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും സാങ്കേതിക പദാവലികളും മറ്റും സ്വയം ഉപയോഗിച്ചും മുസ്‌ലിം പ്രശ്‌നങ്ങളില്‍ മുസ്‌ലിംകളോട് ചേര്‍ന്ന് നിന്നും പല മുസ്‌ലിം പ്രമുഖരും തങ്ങളുടെ കൂടി സ്വന്തം ആളാണെന്ന് പ്രചരിപ്പിച്ചും മേനി പറഞ്ഞും തങ്ങള്‍ മുസ്‌ലിംകളിലെ അവാന്തര വിഭാഗങ്ങളില്‍ ഒന്നാണെന്ന് സാമാന്യ മുസ്‌ലിംകളിലും മറ്റും ധാരണ പരത്തുവാനാണ് ഖാദിയാനികള്‍ ശ്രമിക്കാറ്. മുഹമ്മദ് നബി(സ)യുടെ അന്ത്യപ്രവാചകത്വം നിഷേധിച്ചും, ഇനിയും പ്രവാചകന്മാര്‍ വരുമെന്ന് വരുത്തിത്തീര്‍ത്തും ദീനില്‍ നിന്ന് സ്വയം പുറത്തു പോയതിനാല്‍ മുസ്‌ലിം ലോകം ഐക കണ്‌ഠ്യേന അവരെ അമുസ്‌ലിംകളായി പ്രഖ്യാപിച്ചത് ഒരു വസ്തുത മാത്രമാണ്. പ്രസ്തുത അബദ്ധം തിരുത്തിയാലല്ലാതെ അവര്‍ക്ക് മുസ്‌ലിം സമുദായത്തിന്റെ ഭാഗമാകാനാവുകയില്ല. മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഇ. അഹ്മദ് സാഹിബ് തങ്ങളുടെ സ്വന്തം ആളാണെന്ന് പ്രചരിപ്പിച്ചും മേനി പറഞ്ഞും മുസ്‌ലിം ലീഗിനെ തങ്ങള്‍ നാനാ മാര്‍ഗേണ പിന്തുണയ്ക്കുന്നുണ്ടെന്ന് ബഡായി പറഞ്ഞും ഖാദിയാനികള്‍ മുസ്‌ലിം ലീഗുമായി ചേര്‍ന്ന് നില്‍ക്കുന്നത് ദുരുദ്ദേശ്യപൂര്‍വമാണ്. ലീഗിന്റെ വളര്‍ച്ചയും വിജയവും തങ്ങളുടെ പിന്തുണ കൊണ്ടാണെന്ന അവരുടെ വാദം വളരെ പരിഹാസ്യവുമാണ്.
കേരളശബ്ദം ഉള്‍പ്പെടെ പല ആനുകാലികങ്ങളിലും ഇ. അഹമ്മദിനെ ഖാദിയാനീ പ്രസ്ഥാനവുമായി ബന്ധപ്പെടുത്തുന്ന കത്തുകള്‍ വന്നിരുന്നു. ലീഗ് ദേശീയ നേതാവായ അഹ്മദ് സാഹിബ് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ വിഭാഗത്തിന്റെ ആളായിരിക്കുമെന്ന് കരുതാന്‍ ന്യായമില്ല. പക്ഷെ ലീഗ് നേതൃത്വമോ, ഇ. അഹ്മദോ, സമസ്ത, കെ.എന്‍.എം പോലുള്ള സംഘടനകളോ ഇക്കാര്യത്തില്‍ പ്രതികരിക്കാറില്ല. ഈ മൗനം ഖാദിയാനികള്‍ക്ക് തങ്ങളുടെ പ്രചാരണം തുടരാന്‍ സഹായകമായിത്തീരുന്നുണ്ട്.
ഖത്മുന്നുബുവ്വത്ത് എന്ന കൃതി രചിക്കുകയും പാകിസ്താനില്‍ ഖാദിയാനീ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കുചേരുകയും ചെയ്ത മൗലാനാ മൗദൂദി സ്ഥാപിച്ച ജമാഅത്തെ ഇസ്‌ലാമിയോട് ഖാദിയാനികള്‍ക്കുള്ള കഠിനവിരോധം മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷെ, ജമാഅത്തെ ഇസ്‌ലാമിയെ മറയാക്കി ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്കെതിരെ തന്നെയാണ് ഖാദിയാനികള്‍ കുതന്ത്രങ്ങള്‍ മെനയുന്നത്.
സുഊദി അറേബ്യ ഉള്‍പ്പെടെ എല്ലാ മുസ്‌ലിം രാഷ്ട്രങ്ങളും റാബിത്വ ഉള്‍പ്പെടെയുള്ള ലോക മുസ്‌ലിം വേദികളും പണ്ഡിതരുമെല്ലാം ഖാദിയാനികളെ അമുസ്‌ലിം ന്യൂനപക്ഷമായാണ് ഗണിക്കുന്നത്. സാധാരണ ഗതിയില്‍ ഖാദിയാനികള്‍ മുസ്‌ലിംകളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടാറില്ല. മുസ്‌ലിം പള്ളികളില്‍ ജുമുഅക്ക് പങ്കെടുക്കാറുമില്ല. വ്യാജ പ്രവാചകത്വം വാദിച്ചു രംഗത്ത് വന്ന ഖാദിയാനികള്‍ ഒരു തരം ആള്‍മാറാട്ട തന്ത്രമാണ് ഇപ്പോള്‍ അവലംബിക്കുന്നത്.
മീര്‍സ പ്രവാചകനല്ലെന്ന് വിശ്വസിക്കുന്ന ലാഹോരി വിഭാഗമാണ് തങ്ങളെന്ന് വാദിച്ചും അഭിനയിച്ചും സമുദായത്തിന്റെ അകത്ത് ഇടം കണ്ടെത്താന്‍ പലേടങ്ങളിലും ഇവരില്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ദീനില്‍ അവഗാഹമില്ലാത്ത ശുദ്ധന്മാര്‍ ഖാദിയാനി കുതന്ത്രങ്ങളില്‍ കുടുങ്ങി പിഴച്ചുപോകുന്നതിനെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി
സമാധാനത്തിന്റെ അല്‍പം
കര തേടി വീടുവിട്ടവര്‍
ലക്കം 2918-ല്‍ ടി.ഇ.എം റാഫി വടുതല എഴുതിയ 'അയ്‌ലാന്‍ സ്വര്‍ഗീയ വൃക്ഷച്ചുവട്ടിലെ കണ്ണിലുണ്ണി' എന്ന ലേഖനം വായിച്ചപ്പോള്‍ കണ്ണ് നനഞ്ഞുപോയി. പശ്ചിമേഷ്യയെയും വടക്കു കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളെയും ബാധിച്ച ദുരന്തത്തിന്റെ ഉറവിടം ഇപ്പോഴും ദുരൂഹമായി തുടരുന്നു. അറബ് മുസ്‌ലിം രാജ്യങ്ങളിലെ അരക്ഷിതാവസ്ഥ പടിഞ്ഞാറിന് ആയുധ വിപണി ഒരുക്കുന്നതിനോടൊപ്പം മഹത്തായ ഇസ്‌ലാമിന്റെ സാംസ്‌കാരിക തനിമയുടെ മേല്‍ കരിനിഴല്‍ വീഴ്ത്താനും പാശ്ചാത്യ സയണിസ്റ്റ് ശക്തികള്‍ക്ക് കഴിയുന്നു. ഇതിനിടയില്‍ ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും ദുരിതപൂര്‍ണമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെടുന്നു. ആ അവസ്ഥയേക്കാള്‍ എത്രയോ ഭേദം മരണത്തെ പുല്‍കാന്‍ വിധിക്കപ്പെട്ട അയ്‌ലാന്‍മാര്‍ തന്നെ. രക്തരഹിത വിപ്ലവത്തിലൂടെ തീര്‍ത്തും ജനാധിപത്യപരമായി അധികാരത്തിലേറിയ ഭരണകൂടങ്ങളെ അട്ടിമറിച്ച് ഏകാധിപത്യ കിങ്കരന്മാരെ പുനഃപ്രതിഷ്ഠിച്ച എണ്ണ രാജാക്കന്മാര്‍ക്ക് ബോധോദയമുണ്ടാകാന്‍ വൈകുന്നതനുസരിച്ച് അശാന്തിയുടെ ആഴവും വര്‍ധിച്ചുകൊണ്ടിരിക്കും. ഇസ്‌ലാമിന്റെ ശത്രുവിനെയും മിത്രത്തെയും ഇനിയും തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ ചരിത്രം ഇവര്‍ക്ക് മാപ്പു നല്‍കില്ല. സ്വാര്‍ഥ താല്‍പര്യങ്ങളുടെ തടവറയില്‍ നിന്ന് മോചിതരായി ഇസ്‌ലാമിന്റെ ലാളിത്യവും ത്യാഗവും ശീലിക്കാന്‍ ഭരണാധികാരികള്‍ തയാറാകേണ്ടിയിരിക്കുന്നു. 'യൂറോപ്പിന്റെ മാനത്ത് പൊന്നമ്പിളി തെളിയിക്കാന്‍ നാഥന്‍ പറഞ്ഞയച്ച മുഹാജിറുകളാണ് നിങ്ങള്‍' എന്ന ലേഖകന്റെ ആത്മഗതം ദിവാ സ്വപ്നമായി പരിണമിക്കാതിരിക്കട്ടെ. ആദര്‍ശ സമൂഹത്തിനു മാത്രമേ ലോകത്തിന്റെ ഗതി മാറ്റിമറിക്കാന്‍ കഴിയൂ എന്നത് എല്ലാ കാലത്തും പ്രസക്തമാണല്ലോ.
കെ.എ ജബ്ബാര്‍ അമ്പലപ്പുഴ
Comments