അമേരിക്കയിലെ ഇസ്‌ലാമിക സ്പന്ദനങ്ങളിലൂടെ
ചിരകാലാഭിലാഷത്തിന്റെ സാക്ഷാത്കാരമായിരുന്നു ഇക്കഴിഞ്ഞ ജൂണ്‍ നാലിന് ടൊറണ്ടോയില്‍ എന്റെ ഉറ്റ മിത്രവും സഹപാഠിയുമായിരുന്ന വി.കെ ഹംസ അബ്ബാസിനെ സ്വീകരിക്കാന്‍ സൗഭാഗ്യം ലഭിച്ചത്. ന്യൂയോര്‍ക്കും വാഷിങ്ടണും ചരിത്രപ്രസിദ്ധമായ മറ്റു പ്രദേശങ്ങളും സന്ദര്‍ശിക്കുന്നതിനോടൊപ്പം വാഷിങ്ടണില്‍ ജൂണില്‍ നടന്ന 22-ാം ആഗോള പത്രാധിപ സമ്മേളനത്തിലും വാന്‍-ഇഫ്‌റായുടെ 67-ാം സമ്മേളനത്തിലും പങ്കെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ കൂടിയായ ഹംസ അബ്ബാസ് അമേരിക്കയിലെത്തിയത്. രണ്ടാഴ്ചക്കാലത്തെ യു.എസ് സന്ദര്‍ശനം അതീവ ഫലപ്രദവും വിജ്ഞാനപ്രദവുമായിരുന്നുവെന്നും പടിഞ്ഞാറന്‍ നാടുകളെ കുറിച്ച് നേരത്തേയുണ്ടായിരുന്ന അടിയുറച്ച മനോഗതിയുടെ മറുവശം കണ്ടെത്താന്‍ ഈ യാത്ര ഉപകരിച്ചുവെന്നുമാണ് യാത്രക്കൊടുവില്‍ ഹംസ അബ്ബാസ് പങ്കുവെച്ചത്.
ടൊറണ്ടോയിലെത്തിയ അന്നുതന്നെ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ പ്രകൃതിരമണീയതയാണ് ഞങ്ങളാദ്യം ആസ്വദിച്ചത്. പിറ്റേന്ന് ടൊറണ്ടോയിലെ ആദ്യ മുസ്‌ലിം പള്ളി സന്ദര്‍ശിച്ചു. 'ജാമി മോസ്‌ക്' എന്നറിയപ്പെടുന്ന ഈ മനോഹര സൗധം 1910-ല്‍ നിര്‍മിച്ച ഒരു ചര്‍ച്ചായിരുന്നു. ഫൈസല്‍ രാജാവിന്റെ നിര്‍ലോഭ സഹായത്താല്‍ ടൊറണ്ടോയിലെ ഇസ്‌ലാമിക സംഘടനയായ എം.എസ്.എ 1969-ല്‍ ഈ കെട്ടിടം വിലയ്‌ക്കെടുക്കുകയും പള്ളിയും ഇസ്‌ലാമിക് സെന്ററുമാക്കി മാറ്റുകയുമാണുണ്ടായത്. വി്രഗഹാരാധനയുടെ ചിഹ്നങ്ങളും പ്രതിഷ്ഠകളും മാറ്റിയതല്ലാതെ മേനാഹരമായ വാസ്തുശില്‍പ മാതൃകയിലും സ്തൂപങ്ങളിലും മിനാരങ്ങളിലും മാറ്റം വരുത്താതെ പൈതൃക മൂല്യങ്ങളും കലാഭംഗിയും നിലനിര്‍ത്തിയെന്നത് ്രശദ്ധേയമാണ്.
ഐ.എസ് ഭീകരന്മാര്‍ സിറിയയിലും മറ്റും നടത്തിക്കൊണ്ടിരിക്കുന്ന ചരി്രത സ്മാരകങ്ങളുടെ ധ്വംസനം ഇസ്‌ലാമിനെ ലോകത്തിന് മുന്നില്‍ വികൃതമാക്കുമ്പോള്‍, 45 വര്‍ഷം മുമ്പ് സുഊദി ഭരണാധികാരിയുടെ ഫണ്ടുപയോഗിച്ച് വാങ്ങിയ ഈ പൈതൃക സ്ഥാപനം അതേപടി സംരക്ഷിക്കുന്നുവെന്നത് യഥാര്‍ഥ ഇസ്‌ലാമിന്റെ തെളിമയാര്‍ന്ന മുഖം വ്യക്തമാക്കുന്നു.ടൊറണ്ടോയിലെ ഇസ്‌ലാമിക ്രപബോധന സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച ഈ മസ്ജിദിന്റെ സഹകരണത്തില്‍ അവിടെ നിരവധി പള്ളികളും ഇസ്‌ലാമിക് സെന്ററുകളും നിലവില്‍ വന്നൂവെന്നത് സ്മരണീയമാണ്. 'ഉമ്മുല്‍ മസാജിദ്' (പള്ളികളുടെ മാതാവ്) എന്നറിപ്പെടുന്ന ഈ മസ്ജിദില്‍ ശൈഖ് വി.പി അഹ്മദ്കുട്ടിയും ഞാനും വര്‍ഷങ്ങളോളം ഇമാമും ഡയറക്ടറുമായി ്രപവര്‍ത്തിച്ചിരുന്നു.
ഇന്ത്യയില്‍ പള്ളികള്‍ തകര്‍ത്ത് ക്ഷേ്രതം നിര്‍മിക്കാന്‍ ധാര്‍ഷ്ട്യം കാണിക്കുന്ന ഫാഷിസ്റ്റ് സംഘ്പരിവാര്‍ കാലഘട്ടത്തില്‍ അമേരിക്കയിലെയും കാനഡയിലെയും ഭൂരിപക്ഷ സമുദായമായ ക്രൈസ്തവ സമൂഹം തങ്ങളുടെ ആരാധനാലയങ്ങള്‍ പലതും മുസ്‌ലിംകള്‍ക്ക് ൈകമാറ്റം ചെയ്യുന്നുവെന്നത് പഠനമര്‍ഹിക്കുന്ന വിഷയമാണ്.
ഇരുപത് ദിവസം നീണ്ട പര്യടനത്തിനിടയില്‍ അമേരിക്കയിലും കാനഡയിലും ഹംസ അബ്ബാസ് പ്രഭാഷണങ്ങള്‍ നടത്തി. മുസ്‌ലിംകളും അമുസ്‌ലിംകളുമായ മലയാളികള്‍ക്കിടയില്‍ മാധ്യമം പത്രത്തെ അദ്ദേഹം പരിചയപ്പെടുത്തി. 'സമൂഹത്തില്‍ മാധ്യമങ്ങളുടെ സ്വാധീനം' എന്നതായിരുന്നു പലയിടത്തും ചര്‍ച്ചാ വിഷയം. വാഷിങ്ടണില്‍ നടന്ന അഖിലലോക പത്രപ്രവര്‍ത്തക-മാധ്യമ കോണ്‍ഫറന്‍സിലും അദ്ദേഹം അതിഥിയായിരുന്നു. 1,200 ഓളം ഉന്നത പത്രപ്രവര്‍ത്തകര്‍ അതില്‍ പങ്കെടുത്തു. കേരളത്തില്‍നിന്ന് മലയാള മനോരമയും മാധ്യമവും മാത്രമാണ് സമ്മേളനത്തില്‍ പ്രതിനിധികളായി എത്തിയത്.
ടൊറണ്ടോയില്‍ മര്‍ച്ചന്റ് ഫൗണ്ടേഷന്‍ തലവന്‍ സജീവന്റെയും, ഹംസ അബ്ബാസിന്റെ ബന്ധുവായ സര്‍ഫറാസിന്റെയും, പ്രസ്ഥാന ബന്ധുക്കളായ അബ്ദുസ്സലാം-റൈഹാന്‍ ദമ്പതികളുടെയും നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കൂട്ടത്തില്‍ ശൈഖ് അഹ്മദ്കുട്ടിയുടെ സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ വീട്ടില്‍ ഒരുക്കിയ അത്താഴ വിരുന്ന് ഞങ്ങളുടെ ശാന്തപുരം പഴമ്പുരാണങ്ങള്‍ അയവിറക്കാന്‍ വേദിയായി. അദ്ദേഹത്തിന്റെ മകനും കാനഡയിലും അമേരിക്കയിലും പ്രസിദ്ധീകരിക്കുന്ന പത്രങ്ങളിലെ കോളമിസ്റ്റും വിവിധ യൂനിവേഴ്‌സിറ്റികളില്‍ ലക്ചററുമായ ഫൈസല്‍കുട്ടിയെ കാണാനുള്ള ആഗ്രഹം ഹംസ അബ്ബാസ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഫൈസല്‍ യാത്രയിലായതിനാല്‍ സാധിച്ചില്ല.
ടൊറണ്ടോവിനടുത്ത സ്‌കാര്‍ബറോയില്‍ വി.പി അഹ്മദ് കുട്ടിയുടെ ശ്രമഫലമായി സ്ഥാപിതമായതാണ് ഐ.ഐ.ടി (ഇസ്‌ലാമിക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൊറണ്ടോ). നേരത്തെ അദ്ദേഹം നേതൃത്വം നല്‍കിയിരുന്ന ഇസ്‌ലാമിക് ഫൗണ്ടേഷനില്‍ പാക് പ്രതിനിധികളുടെ സമ്മര്‍ദഫലമായി അദ്ദേഹത്തിന് ഒഴിഞ്ഞുപോകേണ്ടിവന്നത് മറ്റൊരു ബൃഹത്‌സംരംഭത്തിന് നിമിത്തമായി.
അമേരിക്കയില്‍
മേയ് 22-ന് ന്യൂയോര്‍ക്കിലെത്തിയ ഹംസ അബ്ബാസിനൊപ്പം ചെലവഴിച്ച ഒരാഴ്ചക്കാലം തിരക്കുപിടിച്ച സന്ദര്‍ശനങ്ങളും സമ്മേളനങ്ങളുമായിരുന്നു. നോര്‍ത്ത് കൊറലൈന സ്റ്റേറ്റിലെ റേഗലില്‍ കിറ്റിഹാക് എന്ന സമുദ്രതീര കുഗ്രാമത്തില്‍, മനുഷ്യനെ പറക്കാന്‍ പഠിപ്പിച്ച റൈറ്റ് സഹോദരന്മാരുടെ സ്മാരകമായി നിര്‍മിച്ച സ്റ്റാച്യുവിന്റെ കാഴ്ച അവിസ്മരണീയവും ആവേശകരവുമായിരുന്നു. 'മനുഷ്യനെ പറക്കാന്‍ പഠിപ്പിച്ചവര്‍' എന്ന് അവരുടെ സ്റ്റാച്യുവില്‍ ഉല്ലേഖനം ചെയ്തുവെച്ചത് അന്വര്‍ഥമാണ്. മരണത്തെ മാടിവിളിക്കുന്ന അത്രയും അപകടകരമായ പരീക്ഷണങ്ങള്‍ നടത്തിയിട്ടും പരാജയങ്ങള്‍ക്കുമേല്‍ പരാജയങ്ങള്‍ നേരിട്ട അവര്‍, ദൃഢനിശ്ചയവും പ്രതീക്ഷയും ശുഭാപ്തി വിശ്വാസവും കൈവിടാതെ ലക്ഷ്യം നേടിയത് മനുഷ്യകുലത്തിന് എന്നും അഭിമാനിക്കാവുന്ന ഒരധ്യായമാണ്. അവരുടെ പരീക്ഷണങ്ങളുടെ വിശദമായ ചിത്രങ്ങളും രേഖകളും എഴുത്തുകളും പ്രദര്‍ശനഹാളില്‍ നിരത്തിവെച്ചിരിക്കുന്നു. ഓരോ പരാജയം നേരിടുമ്പോഴും അവര്‍ വിജയത്തിന്റെ പൊന്‍പുലരി സ്വപ്‌നം കണ്ട് കൂടുതല്‍ ആവേശത്തോടെ പുതിയൊരു പരീക്ഷണത്തിന് ഒരുക്കം കൂട്ടും. ഒടുവില്‍ 1903 ഡിസംബര്‍ 17-ന് മനുഷ്യന്‍ ആദ്യമായി പറന്നു. മനുഷ്യകുലത്തിന്റെ ആകാശയാത്രക്ക് തുടക്കം കുറിച്ചു. അന്നേവരെ കരയിലും കടലിലും മാത്രം യാത്രചെയ്തിരുന്ന മനുഷ്യന്‍ ആകാശവും തന്റെ സഞ്ചാരപഥമാക്കി.
''നിങ്ങള്‍ സവാരി ചെയ്യുന്നതിനും നിങ്ങളുടെ ജീവിതം പകിട്ടുള്ളതാക്കുന്നതിനുമായി അവന്‍ കുതിരകളെയും കോവര്‍ കഴുതകളെയും സൃഷ്ടിച്ചുതന്നിരിക്കുന്നു. നിങ്ങള്‍ അറിയുകപോലും ചെയ്യാത്ത പലതും അവന്‍ സൃഷ്ടിക്കുന്നു''(ഖുര്‍ആന്‍ 16:8) എന്ന വാക്യം ഇവിടെ ഓര്‍ക്കാം. മനുഷ്യന്റെ യാത്രോപാധികളുടെ വിവരണത്തിനിടയിലാണ് ഈ സൂക്തം വരുന്നത്. അതുകൊണ്ടുതന്നെ അതെല്ലാം അല്ലാഹുവിന്റെ അനുഗ്രഹമാണെന്ന് സ്ഥാപിക്കുകയാണ് വിശുദ്ധ ഖുര്‍ആന്‍. 'നിങ്ങള്‍ അറിയുകപോലും ചെയ്യാത്ത' എന്ന വാക്യം ആകാശയാത്രയെ കുറിച്ച സൂചനയാണെന്ന് വ്യാഖ്യാനിക്കുന്നതില്‍ തെറ്റില്ല. ഖുര്‍ആന്‍ അവതരിച്ച കാലത്തെ അറബികള്‍ക്ക് സുപരിചിതമായ സമുദ്രയാത്ര അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ കൂട്ടത്തില്‍ പലയിടത്തും ഖുര്‍ആന്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്.
പാര്‍ലമെന്റ് ഹൗസില്‍ ജുമുഅ നമസ്‌കാരം
ഡോ. സയ്യിദ് എം. സഈദ് അമേരിക്കയിലെ മുസ്‌ലിംകള്‍ക്കിടയില്‍ മാത്രമല്ല, ക്രൈസ്തവ-ജൂത-ഹൈന്ദവ-ബൗദ്ധ-ജൈന വിഭാഗങ്ങളിലെല്ലാം സമാദരണീയനായ വ്യക്തിത്വമാണ്. അമേരിക്കയിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനയായ ഇസ്‌ന(ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക)യുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇസ്‌നായുടെ ഇന്റര്‍ഫെയ്ത്ത് ഡയറക്ടര്‍ ജനറലാണ്.
അമേരിക്കന്‍ കോണ്‍ഗ്രസ് നിലകൊള്ളുന്ന കെട്ടിടത്തിന്റെ അടുത്താണ് അദ്ദേഹത്തിന്റെ ഓഫീസ്. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പുരോഗമനാത്മകവും ഭാസുരവുമായ ഒരു ചിത്രം അമേരിക്കന്‍ ജനതക്ക് സമര്‍പ്പിക്കാന്‍ 40 വര്‍ഷങ്ങളായി തീവ്രയത്‌നം നടത്തിവരികയാണ് അദ്ദേഹം. ഇതിന് വളരെ പ്രത്യക്ഷ ഫലങ്ങളുണ്ടായിട്ടുണ്ട്. ഉന്നത ശീര്‍ഷരായ ക്രൈസ്തവ, ഹൈന്ദവ, ബുദ്ധ നേതാക്കള്‍ അദ്ദേഹത്തെ സമുന്നത നേതാവായാണ് പ്രകീര്‍ത്തിക്കാറുള്ളത്. നിരവധി സന്ദര്‍ഭങ്ങളില്‍ അമേരിക്കയില്‍ മാത്രമല്ല, പല മുസ്‌ലിം നാടുകളിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സല്‍ഫലങ്ങളുളവാക്കിയിട്ടുണ്ട്.
ജുമുഅ നമസ്‌കാരം അമേരിക്കന്‍ പാര്‍ലമെന്റ് ഹൗസില്‍ (കോണ്‍ഗ്രസ്) നിര്‍വഹിക്കാന്‍ അദ്ദേഹം ഞങ്ങളെ ക്ഷണിച്ചു. ഭൂമിയുടെ അടിത്തട്ടിലേക്ക് ഇറങ്ങിനില്‍ക്കുന്ന കുറെ ഗര്‍ത്തങ്ങള്‍ താണ്ടി ഞങ്ങള്‍ അദ്ദേഹത്തെ പിന്തുടര്‍ന്ന് നമസ്‌കാര സ്ഥലത്തെത്തി. ജുമുഅ കഴിഞ്ഞ് പലരുമായും കുശലങ്ങള്‍ പറഞ്ഞു. ഇതില്‍ ഏറ്റവും പ്രധാനിയാണ് 'കെയര്‍' (കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ്) പ്രസിഡന്റ് ജിഹാദ് അവദ്. ഈ ലേഖകന് വളരെ കാലമായി അറിയാവുന്ന അദ്ദേഹത്തെ ഹംസ അബ്ബാസിന് പരിചയപ്പെടുത്തി. 'കെയര്‍' ആസ്ഥാനത്തേക്ക് അദ്ദേഹം ഞങ്ങളെ ക്ഷണിച്ചു.
ഞങ്ങള്‍ 'കെയര്‍' ആസ്ഥാനത്ത് വൈകി എത്തിയതിനാല്‍ അദ്ദേഹത്തിന് ദീര്‍ഘനേരം ഞങ്ങളുടെ കൂടെ ചെലവഴിക്കാന്‍ സാധിച്ചില്ല. എങ്കിലും തിരക്കിനിടയില്‍തന്നെ 'കെയറി'നെ കുറിച്ച അത്യാവശ്യ വിവരങ്ങള്‍ നല്‍കി. അമേരിക്കന്‍ മുസ്‌ലിംകള്‍ക്ക് നേരെയുണ്ടാകുന്ന എല്ലാ രംഗത്തുമുള്ള ആക്രമണങ്ങള്‍ക്കെതിരെ പ്രതിരോധ നിര പടുത്തുയര്‍ത്തുകയാണ് 'കെയര്‍' ചെയ്തത്. നൂറ്റമ്പതില്‍പരം പേര്‍ ഇതിന്റെ വിവിധ വകുപ്പുകളിലായി പ്രവര്‍ത്തിക്കുന്നു. ഇബ്‌റാഹീം ഹൂപര്‍ എന്ന ഒരു നവമുസ്‌ലിമാണ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍. മുസ്‌ലിം ലോകത്തെ സമ്മേളനങ്ങളില്‍ നിറസാന്നിധ്യമാവാറുള്ള വ്യക്തിത്വമാണ് ജിഹാദ് അവദ്.
ഐ.ഐ.ഐ.ടി ആസ്ഥാനത്ത്
ഇന്റര്‍നാഷ്‌നല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട്‌സ് (ഐ.ഐ.ഐ.ടി) ആസ്ഥാനവും ഞങ്ങള്‍ സന്ദര്‍ശിച്ചു. ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപരിയായി മുസ്‌ലിംകളുടെ ധിഷണാപരമായ നവോത്ഥാനം ലക്ഷ്യമാക്കി ശഹീദ് ഡോക്ടര്‍ ഇസ്മാഈല്‍ ഫാറൂഖി മുന്‍കൈയെടുത്ത് സ്ഥാപിച്ചതാണ് ഈ ഇന്‍സ്റ്റിറ്റിയൂട്ട്. ഡോ. അബ്ദുല്‍ ഹമീദ് അബുസുലൈമാന്‍, ഡോ. ത്വാഹാ ജാബിര്‍ അല്‍വാനി, ഡോ. അഹ്മദ് തൂതന്‍ജി, ഡോ. ഹിശാമുത്താലിബ്, ഡോ. ജമാല്‍ ബര്‍സന്‍ജി തുടങ്ങിയവരാണ് നേതൃത്വത്തിലുള്ളത്.
അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനേജര്‍ ഞങ്ങളെ സ്വീകരിച്ച് സ്ഥാപനം കാണിച്ചുതരികയും ഐ.ഐ.ഐ.ടി പ്രസിദ്ധീകരിച്ച ചില ഗ്രന്ഥങ്ങള്‍ തരികയും ചെയ്തു. ഐ.ഐ.ഐ.ടിക്ക് കയ്‌റോയിലും ലണ്ടനിലും ക്വാലാലമ്പൂരിലും ശാഖകളുണ്ട്. ഐ.ഐ.ഐ.ടിയുടെ ഭാഗങ്ങളൊക്കെ നടന്നുകാണുകയും വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസ്സിലാക്കുകയും ചെയ്തപ്പോള്‍ ആശ്വാസം തോന്നി. സ്ഥാപകര്‍ വിട പറഞ്ഞാലും അത് നിലനില്‍ക്കുകയും ധിഷണാപരമായ സംഭാവനകള്‍ തുടരുകയും ചെയ്യുമെന്ന് അവിടെ കണ്ട കഴിവുറ്റ, പ്രതിജ്ഞാബദ്ധമായ നവതലമുറ ഉറപ്പുനല്‍കുന്നു.
ഹാജ്ജ അബു ജുദൈരിയെ അവിടെവെച്ച് കണ്ടു. മര്‍ഹും ഡോ. തീജാനി അബു ജുദൈരിയുടെ ഭാര്യയാണവര്‍. സുഡാന്‍കാരിയാണ്. ഭര്‍ത്താവിന്റെ വേര്‍പാടിന് ശേഷവും അവര്‍ അവിടെ തുടരുന്നു. ഡോ. തീജാനി അബു ജുദൈരി ബുദ്ധിജീവിയായിരുന്നു. രണ്ടു ഡോക്ടറേറ്റുകള്‍ നേടിയ അദ്ദേഹം 70-80കളില്‍ അമേരിക്കയിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ (മുസ്‌ലിം ബ്രദര്‍ഹുഡ്) അധ്യക്ഷനായിരുന്നു. അക്കാലത്ത് ഇഖ്‌വാന്‍ രഹസ്യമായാണ് അമേരിക്കയില്‍ പ്രവര്‍ത്തിച്ചത്. ക്രമേണ പരസ്യ പ്രവര്‍ത്തനമുള്ള സംഘടനയായി. മാസ് (മുസ്‌ലിം അമേരിക്കന്‍ സൊസൈറ്റി) എന്ന പേരിലാണ് പൊതുരംഗത്ത് വന്നത്. ഇതിന് നിരവധി ശാഖകളും സെന്ററുകളുമുണ്ട്. വാര്‍ഷിക യോഗങ്ങളില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്നു. ഡോ. അബു ജുദൈരി പിന്നീട് സുഡാനില്‍ കാറപകടത്തില്‍ മരിക്കുകയായിരുന്നു.
ഇന്റര്‍ഫെയ്ത്ത് കോണ്‍ഫറന്‍സ്
ഞങ്ങള്‍ പങ്കെടുത്ത ഏറ്റവും പ്രധാനവും വിജ്ഞാനപ്രദവും പഠനാര്‍ഹവുമായ കോണ്‍ഫറന്‍സായിരുന്നു 'ഇസ്‌ന'യുടെ ഇന്റര്‍ഫെയ്ത്ത് കോണ്‍ഫറന്‍സ്. വ്യത്യസ്ത മതനേതാക്കളെ-വിശിഷ്യ, ജൂതരെയും ക്രൈസ്തവരെയും-ഒന്നിച്ചിരുത്തുന്ന സ്‌നേഹസംവാദ പ്ലാറ്റ്‌ഫോമാണിത്. ഡോ. സയ്യിദ് എം. സഈദാണ് അതിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍. 'ഇസ്‌ന' പ്രസിഡന്റ് ഡോ. അസ്ഹര്‍ അസീസ് തന്റെ സരസമായ പ്രഭാഷണത്തില്‍ അമേരിക്കയിലെ വര്‍ണ-വംശീയ പ്രശ്‌നത്തെ നേരിടാന്‍ ഇസ്‌നാ നടത്തിയ ശ്രമങ്ങളും അത് കൈവരിച്ച നേട്ടങ്ങളും വിവരിച്ചു.
ഇസ്‌ലാമിനും പ്രവാചകനുമെതിരെ അമേരിക്കയില്‍ ഇടക്കിടെയുണ്ടാകുന്ന വര്‍ഗീയാക്രമണങ്ങളെ സമ്മേളനത്തില്‍ പങ്കെടുത്ത ജൂത, ക്രൈസ്തവ, ഹൈന്ദവ, ബുദ്ധ, ജൈന മതനേതാക്കള്‍ അപലപിച്ചു. അമേരിക്കയുടെ പ്രഖ്യാപിത ഭരണഘടനാ മൂല്യങ്ങളുടെ കടുത്ത ലംഘനമാണിതെന്ന് അവര്‍ തുറന്നു പറഞ്ഞു. മത സ്വാതന്ത്ര്യം, ഇന്റര്‍ഫെയ്ത്ത് തുടങ്ങി വ്യത്യസ്ത വിഷയങ്ങളെ കുറിച്ച പാനല്‍ ചര്‍ച്ചകളും നടന്നു. മനുഷ്യസാഹോദര്യത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും അന്തരീക്ഷമാണ് സമ്മേളനത്തിലുടനീളം പ്രകടമായത്.
ഒ.ഐ.സിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രതിനിധിയായിരുന്ന ഡോ. റശാദ് ഹുസൈനെ കാണുക ഞങ്ങളുടെ മുഖ്യ ലക്ഷ്യമായിരുന്നു. അത് സമ്മേളനത്തിനിടെ സാധ്യമായി. വളരെ വിനീതനായ നയതന്ത്രജ്ഞനാണ് അദ്ദേഹം. പ്രവാചകനെ കുറിച്ച എന്റെ ഗ്രന്ഥം പ്രസിഡന്റ് ഒബാമക്ക് നല്‍കാന്‍ അദ്ദേഹത്തെ ഏല്‍പിച്ചു; ഒപ്പം എന്റെ 'ഗ്രീന്‍ എര്‍ത്ത്: പ്രൊഫറ്റിക് വിഷന്‍' എന്ന ലഘുകൃതിയും.
അമേരിക്കയിലെ ഏറ്റവും വലിയ പള്ളി
തുര്‍ക്കികള്‍ വാഷിങ്ടണിനടുത്ത് ഒരു പള്ളി നിര്‍മിച്ചിട്ടുണ്ട്-അമേരിക്കയിലെ ഏറ്റവും വലിയ പള്ളി. വിശാലവും മനോഹരവും മാതൃകാപരവുമായ പള്ളിയാണിത്. ആകാശചുംബിയായ മനോഹര മിനാരങ്ങള്‍ ദൂരെനിന്നുതന്നെ കാണാം.
സാംസ്‌കാരികവും സാമൂഹികവും കലാപരവുമായ തലങ്ങളുടെ സമ്മോഹന സമ്മേളനമാണ് ഈ പള്ളി. ഇസ്‌ലാമിക നാഗരിക സംസ്‌കാരത്തിന്റെ ഒരു പ്രതിബിംബമാവണം ഈ പള്ളിയെന്ന് സ്ഥാപകര്‍ തീരുമാനിച്ചു. അതിന് അനുസൃതമായ ഡിസൈന്‍ ആര്‍ക്കിടെക്റ്റര്‍മാരും എഞ്ചിനീയര്‍മാരുംകൂടി വാര്‍ത്തെടുത്തു. ആയിരക്കണക്കിന് കാറുകള്‍ നിര്‍ത്തിയിടാവുന്ന അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിങ് ഇതിന്റെ സവിശേഷതയാണ്-അമേരിക്കയിലെ മറ്റൊരു പള്ളിയിലും കാണാത്ത സൗകര്യം. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പ്രത്യേകം സ്വിമ്മിങ്പൂള്‍, മികച്ച സൗകര്യങ്ങളുള്ള ജിംനേഷ്യം, തുര്‍ക്കിയുടെ വ്യതിരിക്തമായ കുളിമുറികള്‍ തുടങ്ങിയവയും പള്ളിയോടനുബന്ധിച്ചുണ്ട്. പള്ളിയുടെ ഭാഗമായി തൊട്ടടുത്ത് ആര്‍ട്ട് ഗാലറിയുണ്ട്. കോടിക്കണക്കിന് രൂപ ചെലവാക്കി നമ്മുടെ നാട്ടില്‍ പള്ളികള്‍ നിര്‍മിക്കുന്നവര്‍ക്ക് ഇത് അനുകരണീയ മാതൃകയാണ്.
പള്ളിയുടെ ഉദ്ഘാടന പരിപാടിയില്‍ തുര്‍ക്കി പ്രസിഡന്റ്് റജബ് ത്വയ്യിബ് ഉര്‍ദുഗാനും യു.എസ് പ്രസിഡന്റ് ഒബാമയും പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. അവസാന മിനുക്കുപണികള്‍ തകൃതിയായി നടക്കുകയാണ്. ഉദ്ഘാടന ചടങ്ങിനെ കുറിച്ച് അറിയിക്കണമെന്നും ഉര്‍ദുഗാനുമായി കൂടിക്കാഴ്ചക്ക് ഏര്‍പാട് ചെയ്യണമെന്നും ഞങ്ങളുടെ ആതിഥേയനായ മലയാളി നിറാര്‍ ബഷീറിനോട് ഞാന്‍ പറഞ്ഞു. നിറാര്‍ ബഷീര്‍ വാഷിങ്ടണിലെ ഒരു പൊതുജന സേവകനാണ്.
ഞങ്ങളുടെ വാഷിങ്ടണ്‍ സന്ദര്‍ശനം നല്ലൊരു അനുഭവമായിത്തീരാന്‍ നിറാര്‍ ബഷീറിന്റെ ഉദാരമായ ആതിഥേയത്വവും കാരണമാണ്. ഹംസ അബ്ബാസിന്റെ മരുമകന്‍ ശബീബ് സന്ദര്‍ശനങ്ങളുടെ ഓരോ പോയിന്റും കാലേക്കൂട്ടി പ്ലാന്‍ ചെയ്യും. മൊബൈലില്‍നിന്ന് കണ്ണുയര്‍ത്താത്ത ശബീബിനോട് കാരണം ചോദിച്ചപ്പോള്‍ അതിലൂടെയാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നായിരുന്നു മറുപടി. അമേരിക്കയിലെ ഭൂപ്രദേശങ്ങളെയും വനങ്ങളെയും കുറിച്ചുപോലും ചോദിച്ചാല്‍ അദ്ദേഹത്തിന് വിശദമായ മറുപടിയുണ്ട്.
നോര്‍ത്ത് കൊറലാനയിലെ മലയാളി സുഹൃത്ത് യാസിറിന്റെ സേവനം യാത്രാവിജയത്തില്‍ പങ്കുവഹിച്ചു. റൈറ്റ് സഹോദരന്മാരുടെ സ്മാരകത്തിലെ സന്ദര്‍ശനം അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശത്തിലാണ് നടന്നത്. മൂന്നു ദിവസം ഞങ്ങള്‍ അദ്ദേഹത്തിന്റെ അതിഥികളായിരുന്നു. നിറാര്‍ ദമ്പതികളെ പോലെ അവരും ഉത്തമ ആതിഥേയര്‍.
തവക്കുലും 'ഇസ്‌ന'യും
''അമേരിക്ക ഒരു വന്‍ രാഷ്ട്രമാണ്, വന്‍ ശക്തിയാണ്. നിങ്ങള്‍ ജീവിക്കുന്ന രാഷ്ട്രം. ഈ രാഷ്ട്രത്തെ ആദരിക്കുകയും സ്‌നേഹിക്കുകയുമാണ് മുസ്‌ലിംകളായ നിങ്ങളുടെ ബാധ്യത. നിങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ മാത്രം കറങ്ങിയാല്‍ പോരാ. അമേരിക്കയിലെ മുഴുവന്‍ ജനവിഭാഗങ്ങളിലേക്കും ആണ്ടിറങ്ങിച്ചെല്ലണം. അവരുമായി മനുഷ്യസാഹോദര്യത്തില്‍ വര്‍ത്തിക്കണം. Humanity is your identity - മാനവികതയാണ് നിങ്ങളുടെ മേല്‍വിലാസം. സ്വാതന്ത്ര്യം, സാമൂഹികനീതി, ജനാധിപത്യം എന്നീ മൂല്യങ്ങളാണ് അമേരിക്ക ഉയര്‍ത്തിപ്പിടിക്കുന്നത്. നിങ്ങള്‍ രാഷ്ട്രീയ വേദികളിലൂടെ അമേരിക്കന്‍ ഡിക്‌ടേറ്റര്‍ഷിപ്പിനെ എതിര്‍ത്ത് തരിപ്പണമാക്കാന്‍ ഗവണ്‍മെന്റില്‍ സ്വാധീനം ചെലുത്തണം. സ്വാതന്ത്ര്യത്തിനും സാമൂഹികനീതിക്കും ജനാധിപത്യത്തിനും വേണ്ടി പോരാടിയ ചരിത്രമാണ് എന്റേത്. യമനില്‍ ആ മൂല്യങ്ങള്‍ക്ക് വേണ്ടി ഞാന്‍ പോരാടി; ഇപ്പോഴും പോരാടുന്നു. ദേശ -ഭാഷാ-മത-സംസ്‌കാര ഭിന്നതകള്‍ക്കുപരിയായി നിന്ന് മാനുഷ്യകത്തെ ഒന്നായിക്കാണാന്‍ നമുക്ക് കഴിയണം. അതാണ് മുസ്‌ലിംകളുടെ, വിശിഷ്യ അമേരിക്കയില്‍ ജീവിക്കുന്ന നിങ്ങളുടെ ദൗത്യം. മുസ്‌ലിം രാഷ്ട്രങ്ങളില്‍ നിന്നാണ് നിങ്ങളിവിടെ വന്നത്. അമേരിക്കയില്‍ നിങ്ങളാസ്വദിക്കുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും അവിടങ്ങളിലില്ല.'' സമാധാനത്തിനുളള നോബേല്‍ സമ്മാനം നേടിയ തവക്കുല്‍ കര്‍മാന്‍ കഴിഞ്ഞ സെപ്റ്റംബര്‍ ആദ്യത്തില്‍ ഷിക്കാഗോവില്‍ ചേര്‍ന്ന ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ISNA) അമ്പത്തി രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ പറഞ്ഞ വാക്കുകളാണിത്. പ്രസംഗാരംഭം മുതല്‍ അവസാനം വരെ കൈയടികളും തക്ബീര്‍ ധ്വനികളും! പ്രഗത്ഭരായ മറ്റു പ്രഭാഷകര്‍ക്കൊന്നും കിട്ടാത്ത പ്രതികരണം.
ഇസ്‌നായുടെ വാര്‍ഷിക സമ്മേളനങ്ങള്‍ അമേരിക്കയിലെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രകടനമാണ്. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ആ സമ്മേളനങ്ങള്‍ അമേരിക്കന്‍ മുസ്‌ലിംകള്‍ക്ക് ഉണര്‍വും ആവേശവും മാത്രമല്ല, ദിശാബോധവും ആത്മാഭിമാനവും പകര്‍ന്നു നല്‍കുന്നു. ഈ വര്‍ഷത്തെ സമ്മേളനത്തിലേക്ക് ഡോ. തവക്കുല്‍ കര്‍മാനെ കൊണ്ടുവന്നത് ഈ ലേഖകനായിരുന്നു.
മൂന്നു ദിവസങ്ങളിലായി സമ്മേളനം വിശകലനം ചെയ്ത വിഷയങ്ങള്‍ ബഹുമുഖമായിരുന്നു. എഴുപത്തിയൊന്ന് സെഷനുകളിലായി മതം, സംസ്‌കാരം, ചരിത്രം, രാഷ്ട്രീയം, മുസ്‌ലിം ലോകം, കല തുടങ്ങി വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് പ്രഗത്ഭ വാഗ്മികളും ചിന്തകരും പ്രഭാഷണങ്ങളും ചര്‍ച്ചകളും നടത്തി. ഇതിന്ന് പുറമേ വിദ്യാര്‍ഥിസംഘടനയായ എം.എസ്.എയും യുവസംഘടനയായ MYNA യും (Muslim Youth of North America) അവരുടേതായ പരിപാടികള്‍ മറുഭാഗത്ത് സമാന്തരമായി നടത്തുന്നുണ്ടായിരുന്നു.
Comments