Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 09

വൈഫൈ കൊണ്ട് വിശപ്പകറ്റേണ്ട കാലം

യൂനുസ് ഏലംകുളം /ലൈക് പേജ്‌

         റെയില്‍വേയുടെ ഭാരത്ദര്‍ശന്‍ ട്രെയിനില്‍ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു. കേരളത്തില്‍നിന്നുള്ള യാത്രികരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. കൊങ്കണ്‍പാതയിലൂടെ സഞ്ചരിച്ച് മഹാരാഷ്ട്രയും മധ്യപ്രദേശും യു.പിയും പിന്നിട്ട് ദല്‍ഹിയിലെത്തി. പഞ്ചാബ് ലക്ഷ്യമാക്കി യാത്ര തുടരുകയാണ്.  

സഫ്ദര്‍ജംഗ് സ്‌റ്റേഷന്‍ പിന്നിട്ടശേഷം ഒരിടത്ത് ട്രെയിന്‍ സിഗ്‌നല്‍ കാത്ത് നിര്‍ത്തി. ട്രെയിനിനപ്പുറത്ത് വാഹനങ്ങള്‍ വേഗതയോടെ അവിരാമം പോകുന്ന വീതികൂടിയ റോഡുകള്‍. റെയിലും റോഡും സമാന്തരമായി അതിരിടുന്നതിനിടയില്‍ വീതികുറഞ്ഞ നാട പോലെ നീണ്ടുകിടക്കുന്ന സ്ഥലത്ത് ഒരാള്‍പൊക്കത്തില്‍ എഴുന്ന് നില്‍ക്കുന്ന കുറെയേറെ കുടിലുകള്‍. ആക്രിക്കടക്കാര്‍ക്ക് പോലും ആവശ്യമില്ലാത്തവകൊണ്ട് മെനഞ്ഞെടുത്ത ആവാസകേന്ദ്രങ്ങള്‍. നാലു ചുവട് തികച്ച് വെക്കാനാവാതെ മനുഷ്യര്‍ അരിച്ച് നീങ്ങുന്ന ഇടുങ്ങിയ ഇടങ്ങള്‍.  മനുഷ്യമലത്തിന്റെ ദുര്‍ഗന്ധം വിങ്ങി നിന്ന് ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷം. ട്രെയിനില്‍ സഞ്ചരിക്കുന്നവരുടെ ടോയ്‌ലറ്റ് ഉപയോഗം കൊണ്ട് മാത്രമല്ല അവിടം അത്രമേല്‍ മലീമസമായിരിക്കുന്നത്. പ്രാഥമികാവശ്യങ്ങളുടെ നിര്‍വഹണത്തിന് ട്രെയിനുകളുടെ ഇടവേളകളില്‍ റെയില്‍വേ ട്രാക്കൊഴിയുന്നതും കാത്ത് നില്‍ക്കേണ്ടി വരുന്ന ആ മനുഷ്യരുടെ നിവൃത്തിയില്ലായ്മ കൊണ്ട് കൂടിയാണ്. ചെറിയൊരു മഴ പെയ്താല്‍ റെയില്‍വേട്രാക്കിനേക്കാള്‍ താഴ്ന്ന്കിടക്കുന്ന കൂരകളിലേക്ക് ആ മാലിന്യം മുഴുവന്‍ ഒഴുകിയിറങ്ങും. അത് അറിയാത്തവരാവില്ല അവര്‍. പക്ഷേ, റെയില്‍പാളങ്ങളുടെയും, മേല്‍പാലങ്ങളുടെയും, മെട്രോപാതകളുടെയും താഴെയും അരികുകളിലുമായി ജീവിതം അമര്‍ന്നടിഞ്ഞുപോയ നിര്‍ഭാഗ്യരായ ആ പാവങ്ങള്‍ക്ക് മറ്റു മാര്‍ഗങ്ങളില്ല. കടുത്ത ചൂടില്‍ ഉറക്കംവരാതെ പുറത്തേക്കിട്ട കയറ്റുകട്ടിലുകളില്‍ കിടക്കുന്ന കുട്ടികളെ വീശിയുറക്കാന്‍ ശ്രമിക്കുന്ന അമ്മമാര്‍.

അത്യാവശ്യം മാന്യമായ ജീവിത സൗകര്യങ്ങള്‍ അനുഭവിക്കുന്ന ആ ട്രെയിന്‍ യാത്രക്കാര്‍ക്ക് സങ്കല്‍പ്പിക്കാവുന്നതിലുമേറെ ദയനീയമായിരുന്നു ട്രെയിനിനു പുറത്ത് കണ്ട മനുഷ്യരുടെ ജീവിത സാഹചര്യങ്ങള്‍. 

അതുവരെയുള്ള പെരുമാറ്റം കൊണ്ട് അലിവില്ലാത്ത പരുക്കന്മാരെന്ന് തോന്നിച്ച യാത്രികര്‍പോലും നീര്‍പൊടിഞ്ഞ കണ്ണുകള്‍ തുടയ്ക്കുന്നത് കണ്ടു. ലഘുഭക്ഷണങ്ങള്‍ കൈയില്‍ കരുതിയിരുന്നവര്‍ അതെടുത്ത് റെയിലോരത്ത് ഉറക്കം കാത്ത് കിടക്കുന്ന കുട്ടികള്‍ക്ക് നല്‍കി. തങ്ങളിലേക്ക് നീണ്ട വര്‍ണാഭമായ കവറുകള്‍ കൈനീട്ടി വാങ്ങുമ്പോള്‍ അവരുടെ മുഖത്ത് വിരിഞ്ഞ ഭാവങ്ങള്‍ക്ക് പൂനിലാവിനേക്കാള്‍ ഭംഗിയുണ്ടായിരുന്നു. കിട്ടിയ പൊതികളുമായി കുട്ടികള്‍ ധൃതിയില്‍ കൂരകള്‍ക്കകത്തേക്ക് പോയി. മൗനം വാചാലമായ നിമിഷങ്ങള്‍ കടന്ന് പോകവെ, കൈകളിലെന്തോ പിടിച്ച് കുട്ടികളതാ കൂരകള്‍ക്കുള്ളില്‍ നിന്ന് പുറത്തേക്ക് വരുന്നു. ബോഗിക്കടുത്തേക്ക് വന്ന് വെള്ളം നിറച്ച കുപ്പികള്‍ ഞങ്ങള്‍ക്ക് നേരെ നീട്ടി. കുഞ്ഞുകൈകളില്‍നിന്ന് വെള്ളക്കുപ്പികള്‍ വാങ്ങി. അവര്‍ സന്തോഷത്തോടെ ബോഗിക്കരികില്‍ തന്നെ കൂടി നിന്നു. സിഗ്‌നല്‍ പച്ച കത്തിയപ്പോള്‍ ട്രെയിന്‍ മയക്കം വിട്ട് ഇഴയാന്‍ തുടങ്ങി. കാഴ്ച മറയുംവരെ കുട്ടികള്‍ കൈവീശിക്കാണിച്ചു. അന്ന് രാത്രി ട്രെയിനില്‍ ആരവങ്ങളുയര്‍ന്നില്ല. തങ്ങളെപ്പോലെതന്നെ ഈ രാജ്യത്തെ തുല്യാവകാശമുള്ള പൗരന്‍മാരായ ആ പാവങ്ങളുടെ പച്ചയായ ജീവിതാവസ്ഥയുടെ നേര്‍ക്കാഴ്ച ഞങ്ങളിലേല്‍പ്പിച്ച ആഘാതം വളരെ വലുതായിരുന്നു. അവര്‍ നല്‍കിയ കുപ്പികളിലേക്ക് നോക്കി. റെയിലോരത്ത് നിന്ന് പെറുക്കിയ കുപ്പികളില്‍ അവരുടെ ദാഹജലം നിറച്ചിരിക്കുന്നു. ഒരുപൊതി ഭക്ഷണം ലഭിച്ചതിലുള്ള നന്ദിസൂചകമായി ഒരു കുപ്പി വെള്ളമെങ്കിലും പകരം നല്‍കുന്ന അവരുടെ സംസ്‌കാരത്തില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് തോന്നി; പ്രത്യേകിച്ച് ഇന്നാട്ടിലെ ഭരണാധികാരികള്‍ക്ക്. 

അഞ്ചാണ്ട് കൂടുമ്പോള്‍ വോട്ടുകുത്തി തങ്ങളെ അധികാരത്തിലേറ്റുന്ന പാവങ്ങള്‍ക്ക് അവര്‍ അധികമൊന്നും നല്‍കേണ്ട. ഏറെയൊന്നും അവര്‍ ആഗ്രഹിക്കുന്നുമുണ്ടാവില്ല. അവര്‍ക്ക് ബ്രോഡ് ബാന്‍ഡോ വൈഫൈ സ്‌പോട്ടുകളോ വേണ്ടി വരില്ല.  കോടികളുടെ ബാധ്യത എഴുതിത്തള്ളിയും, നികുതിയിളവുകള്‍ പ്രഖ്യാപിച്ചും ശതകോടീശ്വരന്‍മാരോട് സര്‍ക്കാര്‍ കാണിക്കുന്ന സഹാനുഭൂതിയുടെ ആയിരത്തിലൊരംശം മതിയാകും ഈ സാധുക്കള്‍ക്ക് മാന്യമായി ഉപയോഗിക്കാവുന്ന ശൗച്യാലയങ്ങളൊരുക്കാന്‍, അവരുടെ മക്കള്‍ക്ക് അടച്ചുറപ്പുള്ള മേല്‍ക്കൂര പണിയാന്‍. 

ഇനിയിപ്പോള്‍ ഡിജിറ്റല്‍ ഇന്ത്യയുടെ കാലമാണ്. ഇന്ത്യയെ ഡിജിറ്റലൈസ് ചെയ്യാന്‍ സിലിക്കണ്‍ വാലിയില്‍ പോയ പ്രധാനമന്ത്രിയുടെ അപദാനങ്ങളും, ഇന്റര്‍നെറ്റ് ഭീമന്മാര്‍ ഡിജിറ്റല്‍ ഇന്ത്യയുടെ മറവില്‍ നെറ്റ് ന്യൂട്രാലിറ്റിക്ക് (ഇന്റര്‍നെറ്റ് സമത്വം) തുരങ്കം വെക്കുന്നു എന്ന ആക്ഷേപങ്ങളും കൊണ്ട് മുഖരിതമാണ് മീഡിയാന്തരീക്ഷം. അഞ്ചുലക്ഷം ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ചെലവു കുറഞ്ഞ ബ്രോഡ്ബാന്‍ഡ് സൗകര്യമൊരുക്കുമെന്ന് പറയുന്ന പദ്ധതിയില്‍ 500 റയില്‍വേ സ്‌റ്റേഷനുകളെ വൈഫൈ ആക്കുമെന്നും കേള്‍ക്കുന്നു. ഒരു വികസന പദ്ധതി നടപ്പാക്കുമ്പോള്‍ രാജ്യത്തെ പാവങ്ങള്‍ക്ക് അതെങ്ങിനെ ഉപകാരപ്പെടുന്നു എന്നതിനാകണം മുന്‍ഗണന നല്‍കേണ്ടതെന്ന് പൂര്‍വിക നേതാക്കള്‍ പറഞ്ഞുവെച്ചിട്ടുണ്ട്.  ധനികരോടൊട്ടിനിന്ന് വികസന നയങ്ങള്‍ രൂപപ്പെടുത്തുകയും, പാവപ്പെട്ട ജനങ്ങളെ ശല്യമായി കണ്ട് ദാരിദ്ര്യരേഖ താഴ്ത്തി വരച്ച് ദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമാക്കിയെന്ന് വമ്പ് നടിക്കുകയും ചെയ്യുന്നവര്‍ ഭരിക്കുന്ന ഇന്ത്യയിലെ ലക്ഷക്കണക്കിന് ഗ്രാമങ്ങളിലെ കോടിക്കണക്കിന് ദരിദ്രര്‍ക്കിനി ബ്രോഡ്ബാന്‍ഡ് കൊണ്ട് ദാരിദ്ര്യമകറ്റാം! പട്ടിണി കിടക്കുന്നവര്‍ക്ക് ഇനി വൈഫൈ കൊണ്ട് വിശപ്പുമാറ്റാം!! 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /78
എ.വൈ.ആര്‍