കമ്പ്യൂട്ടര്‍ സിമുലേഷന്‍ എന്ന കെട്ടുകഥ
പ്രകൃതിനിര്‍ധാരണത്തിലൂടെ പരിണാമം എന്ന ചാള്‍സ് ഡാര്‍വിന്റെ സിദ്ധാന്തത്തിന് ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി ഡാര്‍വിന്‍ തന്നെ കരുതിയ അവയവമാണ് കണ്ണ്. അതുപോലെ സൃഷ്ടിക്കു പിന്നില്‍ ആസൂത്രണമുണ്ടെന്ന് വാദിക്കുന്നവരുടെയും ഏറ്റവും പ്രിയപ്പെട്ട അവയവമാണ് കണ്ണ്. മസ്തിഷ്‌കം കണ്ണിനേക്കാള്‍ അനന്തസങ്കീര്‍ണമാണെങ്കിലും, ഡാര്‍വിന്‍ കണ്ണിനെയാണ് ഭയപ്പെട്ടത്. ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന നിലയിലുള്ള കണ്ണിന്റെ സ്ഥാനമായിരിക്കാം കാരണം. ഡാര്‍വിന്റെ വിഖ്യാത ഗ്രന്ഥം പ്രസിദ്ധീകരിച്ചത് മുതല്‍ തന്നെ കണ്ണിന്റെ പരിണാമസമസ്യകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിരുന്നു; ഇന്നും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. ആ സീരീസില്‍ ഏറ്റവും പുതിയത് രണ്ടു സ്വീഡിഷ് ശാസ്ത്രജ്ഞരുടെ തീസീസാണ്. അതിന്റെ വിശദീകരണത്തിലെ പാളിച്ചകളും തെറ്റായ അവകാശവാദങ്ങളുമാണ് അതിനെ കുപ്രസിദ്ധമാക്കിയത്. അതായത്, കമ്പ്യൂട്ടര്‍ സിമുലേഷനിലൂടെ കണ്ണിന്റെ പ്രകൃതിനിര്‍ധാരണം അവര്‍ തെളിയിച്ചു എന്നായിരുന്നു നുണപ്രചാരണം. അതൊരു പിശകൊന്നുമായിരുന്നില്ല, മറിച്ചു വ്യക്തമായ നുണ പ്രചാരണം തന്നെയായിരുന്നു. അതിന്റെ ടെലിവിഷന്‍ പ്രോഗ്രാമില്‍ അവതാരകന്‍ വിശദീകരിക്കുമ്പോള്‍, പശ്ചാത്തലത്തില്‍ കമ്പ്യൂട്ടറില്‍ തകൃതിയായി പണിയെടുത്തുകൊണ്ടിരിക്കുന്ന സ്വീഡിഷ് ശാസ്ത്രജ്ഞനായ ഡാന്‍ എറിക് നില്‍സണെ കാണിച്ചുകൊണ്ടിരുന്നു. ലോകത്ത് അറിയപ്പെട്ട ഒരു നാസ്തിക തീവ്രവാദിയും ലോകത്തിലെ ഏറ്റവും ആധികാരികതയും പ്രശസ്തിയുമുള്ള ഒരു ശാസ്ത്ര വാരികയും അതിന്റെ പ്രചാരണത്തില്‍ ഭാഗഭാക്കായി എന്നതാണ് വിഷയത്തെ അത്രയും ഗൗരവതരമാക്കിയത്.
'ഇമ വെട്ടുന്നതിനുള്ളില്‍ കണ്ണ്' (The Eye in A Twingling) എന്ന ശീര്‍ഷകത്തില്‍ നെയ്ച്ചര്‍ മാസികയുടെ 368-ാം വാള്യത്തില്‍, 21/04/1994ല്‍ പ്രഫ. റിച്ചാര്‍ഡ് ഡോക്കിന്‍സിന്റേതായ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. അയാള്‍ എഴുതി: ''നില്‍സണിന്റെയും പെല്‍ജറിന്റെയും ശ്രമം രണ്ടു ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടിക്കൊണ്ട് രണ്ടു കമ്പ്യൂട്ടര്‍ മോഡലുകള്‍ നിര്‍മിക്കുകയായിരുന്നു. ഒന്നാമതായി ഒരു പരന്ന തൊലിയില്‍ നിന്ന് ഒരു കാമറ കണ്ണിലേക്ക് നയിക്കുന്ന പരിവര്‍ത്തനങ്ങളുടെ ഒരു പ്രക്ഷേപപഥം (trajectory), അവക്കിടയിലുള്ള ഓരോ സ്റ്റേജും അതിന്റെ ജീവിക്ക് ഉപയുക്തമാവുന്ന നിലയില്‍ സ്ഥിതി ചെയ്യുന്നുണ്ടോ? (മനുഷൃ ഡിസൈനറില്‍ നിന്നു വ്യത്യസ്തമായി പ്രകൃതിനിര്‍ധാരണത്തിന് പരിണാമ ശ്രേണിയില്‍ താഴോട്ടിറങ്ങാന്‍ കഴിയില്ല, അതിനടുത്ത ശ്രേണിയില്‍ എത്ര തന്നെ പ്രലോഭനപരമായ മെച്ചം ഉണ്ടായാലും ശരി). രണ്ടാമതായി അത്തരം പരിണാമ പ്രക്രിയക്കു വേണ്ട സമയം എത്രയാണ്?
'നില്‍സണും പെല്‍ജറും തൊലിയുടെ രൂപാന്തരണ(deformation)ത്തില്‍ ശ്രദ്ധയൂന്നി; കോശ ബയോഫിസിക്‌സിലല്ല. പ്രകാശ-സംശ്ലേഷണ കോശങ്ങള്‍ ആദ്യമേ തന്നെ ഉള്ളതായി സങ്കല്‍പിച്ചു.1
'അവര്‍ ഒരു പരന്ന റെറ്റിനയില്‍ നിന്നു ആരംഭിച്ചു; ഒരു പരന്ന സുതാര്യ കോശ(Transparent Tissue) പടലത്താല്‍ ആവരണം ചെയ്യപ്പെട്ട ഒരു പരന്ന വര്‍ണക (Pigment) പടലത്തിന്മേല്‍. സുതാര്യ പടലത്തിന്റെ അപവര്‍ത്തനാങ്കം (Refractive Index) ഉല്‍പരിവര്‍ത്തനങ്ങള്‍ക്ക് (Mutations) വിധേയമാക്കി. അതിനു ശേഷം തങ്ങളുടെ മോഡലിനെ തന്നെ ഉല്‍പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കി - ഓരോ പരിവര്‍ത്തനവും അവക്കു മുമ്പുള്ളതിന്റെ 1 ശതമാനം മാത്രം മാറ്റത്തിന് വിധേയമാകത്തക്ക നിലയിലും. പരിവര്‍ത്തനം അംഗീകരിക്കപ്പെടണമെങ്കില്‍ മാറ്റത്തിനു മുമ്പുള്ളതിനേക്കാള്‍ മെച്ചം നല്‍കണമെന്ന നിബന്ധനയിലും.
'ഫലം ശീഘ്രവും നിര്‍ണായകവുമായിരുന്നു. ദൃഷ്ടികൂര്‍മത(visual acuity)യുടെ ക്രമിതമായ പുരോഗമനത്തിലൂടെ ഒരു പ്രക്ഷേപപഥം ഒരു പരന്ന പടലത്തില്‍ നിന്നു തുടങ്ങി ആഴം കുറഞ്ഞ(shallow) കപ്പിലൂടെ ക്രമേണ കുഴിഞ്ഞുകൊണ്ട് മടികൂടാതെ സ്ഥാപിതമായി. സുതാര്യ പടലം കപ്പ് നിറഞ്ഞു അതിന്റെ ബാഹ്യതലം വടിവൊത്ത് വക്രമായി. പിന്നീട് ഏതാണ്ടൊരു ചെപ്പടിവിദ്യയിലൂടെയെന്ന വണ്ണം ഈ സുതാര്യ വസ്തുവിന്റെ ഒരു ഭാഗം ഉയര്‍ന്ന അപവര്‍ത്തനാങ്കത്തോടു കൂടിയ ഒരു സ്ഥാനീയ ഗോളാകൃതി കൈവരിച്ചു. അപവര്‍ത്തനാങ്കം സമാനം (Uniform) ആയിരുന്നില്ല, മറിച്ചു ഗോളാകാര വശം ഒന്നാം തരം ക്രമിതാങ്ക(Graded-index) ലെന്‍സാവാന്‍ തക്ക ചരിവുമാന(Gradiend)ത്തോടെ. മാത്രമല്ല, ലെന്‍സിന്റെ നാഭീദൈര്‍ഘൃം (Focal Length) അതിന്റെ വ്യാസവുമായി മാറ്റിസണ്‍സ് അനുപാതത്തോടു(Mattisn's Ration) ഒത്തുവരികയും ചെയ്തു. ക്രമിതാങ്ക(Graded Indiex) ലെന്‍സിന്റെ മാതൃകാ മൂല്യമായി അംഗീകരിക്കപ്പെട്ട അനുപാതമാണ് മാറ്റിസണ്‍സ് അനുപാതം.
'ഈ നിലയിലുള്ള പരിണാമത്തിന് എത്ര സമയം വേണമെന്ന് കണക്കാക്കാന്‍ നില്‍സണിനും പെല്‍ജറിനും ജീവിഗണ ജനിതകത്തിന്റെ(Population Genetics) ചില മൂല്യങ്ങള്‍ അനുമാനിക്കേണ്ടിയിരുന്നു. പാരമ്പര്യകം (Heritability), വിചരണഗുണാങ്കം (Coefficient of Variation), നിര്‍ധാരണ തീവ്രത(selection intensity) എന്നീ മൂല്യങ്ങള്‍ അവര്‍ സ്വീകരിച്ചു. അതിന് അവര്‍ അവലംബിച്ച തത്ത്വം പെസിമിസമായിരുന്നു.2 ഓരോ അനുമാനത്തിനും അവര്‍ പരിണാമ സമയം അധികമായി എടുത്തു. ഓരോ തലമുറ കഴിയുമ്പോഴും കണ്ണിന്റെ ഒരു ഭാഗം മാത്രം പരിവര്‍ത്തന വിധേയമായതായി അവര്‍ അനുമാനിച്ചു. പരിണാമത്തിന് വേഗത നല്‍കുമായിരുന്ന യുഗപത് പരിവര്‍ത്തനങ്ങള്‍ (Simultaneous Changes) ഒഴിവാക്കിയിരുന്നു. എന്നാല്‍ ഈ കണ്‍സര്‍വേറ്റീവ് അനുമാനത്തോടൊപ്പവും ഒരു പരന്ന തൊലിയില്‍ നിന്നും ഒരു മത്സ്യക്കണ്ണ് പരിണമിച്ചുണ്ടാകാന്‍ നാല് ലക്ഷം തലമുറകളേ വേണ്ടിവന്നുള്ളൂ. ചെറിയ ജലജീവികളുടെ ശരാശരി ആയുസ്സ് ഒരു വര്‍ഷമായി കണക്കാക്കിയാല്‍ കണ്ണിന്റെ പരിണാമത്തിന് വളരെ ചെറിയ കാലം മാത്രമേ വേണ്ടിവന്നുള്ളൂ. അത് ജിയോളജിയുടെ ഒരു ഇമവെട്ടല്‍ മാത്രമായിരുന്നു.''
കഥയറിയാതെ ഏതെങ്കിലും പരിണാമകഥ കേള്‍ക്കുമ്പോഴേക്കും ചാടിപ്പിടിക്കാനോങ്ങുന്ന ഡാര്‍വിനിസ്റ്റുകളുടെ സ്വഭാവത്തിന്റെ ഒരു ഉദാഹരണമാണ് മേലെഴുതിയ ഡോക്കിന്‍സിന്റെ ലേഖനം. സംഭവത്തിന്റെ നിജസ്ഥിതിയറിയാത്ത ഒരു വായനക്കാരന്‍ ഈ ലേഖനം വായിച്ചാല്‍ മനസ്സിലാക്കുക കമ്പ്യൂട്ടറിന് എല്ലാ അനിയത പ്രക്രിയകളുടെയും ഡാറ്റ ഫീഡ് ചെയ്തപ്പോള്‍ അത് കണ്ണിനാവശ്യമായ പരിവര്‍ത്തനങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് വൃത്തിയായി ഒരു കണ്ണ് നിര്‍മിച്ചെടുത്തു എന്നായിരിക്കും. എന്നാല്‍ സത്യമെന്താണ്? നില്‍സണിന്റെയും പെല്‍ജറിന്റെയും പേപ്പറില്‍ കമ്പ്യൂട്ടറിനെ പറ്റിയോ സിമുലേഷനെ പറ്റിയോ ഒരു വാക്കും ഇല്ലായിരുന്നു. അവരുടെ തീസീസിന്റെ വിവരണം A Pessimistic Estimate of the Time Required for an Eye to Evalve എന്ന ലിങ്കില്‍ ലഭ്യമാണ്. ആര്‍ക്കും പരിശോധിച്ചു തിട്ടപ്പെടുത്താം. അവരുടെ തീസീസിനെ നിരൂപണം ചെയ്തുകൊണ്ട് ഡോ. ബര്‍ലിന്‍സ്‌കി എഴുതിയ ലേഖനത്തിന് മറുപടിയായി നില്‍സണ്‍ തന്നെ എഴുതുകയുണ്ടായി: ''...മി. ബര്‍ലിന്‍സ്‌കി ഒരു കാര്യത്തില്‍ മാത്രം ശരിയാണ്. പെല്‍ജറൊന്നിച്ചു ഞാന്‍ എഴുതിയ പേപ്പറിന്റെ റിവ്യുവില്‍ നേത്രപരിണാമത്തില്‍ ഒരു കമ്പ്യൂട്ടര്‍ സിമുലേഷന്റെ പരാമര്‍ശം തെറ്റായി ഉദ്ധരിക്കപ്പെട്ടിരുന്നു...'' ബര്‍ലിന്‍സ്‌കി അതിനെ ഒരു Scientific Scandal എന്ന് വിളിച്ചത് സംഭവത്തിന്റെ ഗൗരവം പരിഗണിച്ചാണ്. ലോകോത്തരമായ ഒരു ശാസ്ത്ര മാസികയില്‍ ലോകത്ത് അറിയപ്പെട്ട നാസ്തികനാണ് ലേഖനം എഴുതിയിരിക്കുന്നത്. അതിന്റെ ഫലമെന്താണെന്നാല്‍ നില്‍സണ്‍ തന്നെ നിഷേധിച്ചിട്ടും, സംഭവം കഴിഞ്ഞു 21 വര്‍ഷം കഴിഞ്ഞിട്ടും ഇന്നും പലരും അതുദ്ധരിക്കുന്നു എന്നതാണ്.
ഇത്രയും ഡാര്‍വിനിസ്റ്റുകളുടെ അപക്വമായ ചാടിപ്പിടുത്തത്തെ പറ്റി. ഇനി നമുക്ക് ഡാര്‍വിന്റെ പ്രകൃതിനിര്‍ധാരണത്തിലൂടെയുള്ള പരിണാമത്തിന് ഏറ്റവും വലിയ വിഷമം സൃഷ്ടിച്ച ആ അംഗവിസ്മയത്തിന്റെ പരിണാമ ദുരൂഹതകള്‍ നില്‍സണും പെല്‍ജറും അനാവരണം ചെയ്‌തോ എന്ന് പരിശോധിക്കാം. അവര്‍ കാണിച്ചു തന്നത് ആകപ്പാടെ പ്രകൃതിനിര്‍ധാരണത്തിലൂടെ കണ്ണിന്റെ ജ്യാമിതീയത (Geometry) എങ്ങനെ പരിണമിച്ചുണ്ടാകാം എന്നു മാത്രമാണ്. അത് മാത്രമാണോ കണ്ണിന്റെ അത്ഭുതങ്ങള്‍? നമുക്ക് ഡാര്‍വിനെ ഉദ്ധരിക്കാം: ''വ്യത്യസ്ത ദൂരങ്ങളിലേക്ക് ഫോക്കസ് നിയന്ത്രിക്കാനും, പ്രകാശത്തിന്റെ വ്യത്യസ്ത അളവുകളെ കടത്തിവിടാനും, വര്‍ണ-ഗോളീയ വിപഥനങ്ങളെ (Chromatic and Spherical Aberration) ശരിയാക്കാനും കഴിവുള്ള, കിടയറ്റ സംവിധാനങ്ങളോട് കൂടിയ കണ്ണ് പ്രകൃതിനിര്‍ധാരണത്തിലൂടെ രൂപപ്പെടുമെന്ന് സങ്കല്‍പിക്കുന്നത് ഏറ്റവും വലിയ വിഡ്ഢിത്തമായി തോന്നുമെന്ന് ഞാന്‍ തുറന്നു സമ്മതിക്കുന്നു.'' ഈ ഉദ്ധരണിയില്‍ ഊന്നല്‍ കൊടുത്ത, കണ്ണിന്റെ സവിശേഷതകളുടെ പരിണാമ ദുരൂഹതകള്‍ തങ്ങള്‍ പരിഹരിച്ചോ എന്നതിനെ പറ്റി നില്‍സണിനും പെല്‍ജര്‍ക്കും പറയാനുള്ളത് അവരുടെ തീസീസില്‍ അവരെഴുതിയ താഴെ കൊടുത്ത ഉദ്ധരണിയാണ്:
ഈ മോഡല്‍ അനുക്രമം ആവശ്യമായ രൂപവിജ്ഞാനീയ (Morphological) പരിവര്‍ത്തനങ്ങളെ കുറച്ചു കാണുന്നില്ല എന്നത് പ്രധാനമാണ്. നമ്മുടെ മോഡലിനുള്ള ഒരേയൊരു ഭീഷണി നമ്മള്‍ ഒരു പ്രവര്‍ത്തനക്ഷമമായ കണ്ണിന്റെ ഘടനകളെ ഉള്‍ക്കൊള്ളിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു എന്നു മാത്രമായിരിക്കും. പല വികസിത കണ്ണുകളുടെയും സവിശേഷതകളായ നിയന്ത്രണ വിധേയമായ ഐറിസ്, (നാഭീദൂരം അഥവാ Focal Length ക്രമീകരിക്കാനുള്ള) ദൂരക്രമീകരണ സമജ്ജനാംഗം (Distance accommodation) മുതലായവകള്‍ ഇല്ലാത്തത് ഗൗരവമായ കുറവാകാം.''
പ്രകൃതിനിര്‍ധാരണം അംഗീകരിക്കുന്നതില്‍ ഏറ്റവും വലിയ തടസ്സങ്ങളായി ഡാര്‍വിന്‍ പറഞ്ഞ കണ്ണിന്റെ ഈ സവിശേഷതകളുടെ പരിണാമ ദുരൂഹതകള്‍ അനാവരണം ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ നില്‍സണിന്റെയും പെല്‍ജറിന്റെയും പേപ്പറു കൊണ്ട് എന്തു പ്രയോജനമാണുള്ളത്? ഈ ഘടനകളാണ് കണ്ണിന്റെ സൃഷ്ടിക്കു പിന്നില്‍ ഒരു ഡിസൈനര്‍ അനിവാര്യമാണെന്ന ടെലിയോളജിക്കല്‍ വാദത്തിന്റെ കാതല്‍. അതുകൊണ്ടും തീരുന്നതല്ല പരിണാമ ദുരൂഹതകള്‍. അകശേരുകികളിലാണ് (invertebrates) കണ്ണിന്റെ പരിണാമം തുടങ്ങിയതെന്ന് പറയുന്നുണ്ട്. അവ കശേരുകികളായപ്പോള്‍ (Vertebrates) അസ്ഥികൂടവും അതിന്മേല്‍ തൊലിയും ആവരണം ചെയ്യപ്പെട്ടു. അപ്പോള്‍ കണ്ണിന്മേല്‍ അതിന്റെ അളവിനനുസാരമായി ഒരു ദ്വാരം (orbit) ഉണ്ടാവുകയും തൊലി അതിനനുസരിച്ചു കീറപ്പെടുകയും ചെയ്തു. കണ്ണിന്റെ ആകൃതി വരക്കാന്‍ ദൃഷ്ടികൂര്‍മതയെ സെലക്ഷന്‍ ഏജന്റാക്കിയത് പോലെ ഈ പണികള്‍ക്ക് ആരെയാണ് ആക്കിയത്? കണ്ണിന്റെ ദൃശൃസംശ്ലേഷണശേഷിയുള്ള തൊലി കുഴിയുന്നതിലൂടെയായിരുന്നു ദൃഷ്ടികൂര്‍മത കൂടിക്കൊണ്ടിരുന്നത്. അസ്ഥി തുരക്കാനും തൊലി കീറാനും ആരെയാണേല്‍പിച്ചത്? മാത്രവുമല്ല, കീറപ്പെട്ട ആ തൊലി ഒരു ഷട്ടറായി പ്രവര്‍ത്തിക്കുന്ന തരത്തില്‍ അതിന് പേശികളും പേശികളെ നിയന്ത്രിക്കാന്‍ നാഡീനാരുകളും ഉണ്ടായി. ഇവയുടെയൊന്നും പരിണാമങ്ങള്‍ക്കുള്ള വിശദീകരണങ്ങള്‍ നല്‍കാതെ കണ്ണിന്റെ പരിണാമ ദുരൂഹതകള്‍ നമ്മള്‍ പരിഹരിച്ചു എന്നു കൊട്ടിഘോഷിച്ചാല്‍ പരിഹാരമാകുമോ?
എന്നാല്‍ മേലെഴുതിയ സര്‍വപ്രധാനമായ പോരായ്മകള്‍ക്കു പുറമെ, കണ്ണിന്റെ ജ്യാമിതിയുടെ പ്രകൃതിനിര്‍ധാരണ വിവരണങ്ങള്‍ തന്നെയും പരിവര്‍ത്തനങ്ങളുടെ അനിയത സ്വഭാവത്തെയും അവയുടെ പ്രകൃതിനിര്‍ധാരണത്തെയും അനുസരിക്കുന്നില്ല എന്നതാണ് വാസ്തവം. നമുക്ക് അവരുടെ തിസീസിനെ അപഗ്രഥിക്കാം.
മേലുദ്ധരിച്ച ലിങ്കില്‍ ലഭ്യമായ തീസീസിനെ ഇങ്ങനെ സംഗ്രഹിക്കാം: വര്‍ണകത്തിന്റെ (Pigment) എപ്പിഥീലിയം കൊണ്ട് ചുറ്റപ്പെട്ട ഒരു വട്ടത്തിലുള്ള പ്രകാശസംശ്ലേഷണ സവിശേഷതയുള്ള തൊലിയില്‍ നിന്നാണ് അവരുടെ തുടക്കം. അതിനെ ഒരു സുതാര്യ പടലം ആവരണം ചെയ്തിരിക്കുന്നു. ഇത്രയും ഘടനകള്‍ പ്രകൃത്യാ ഉള്ളതാണ്. അതായത് അവയുടെ ഉല്‍പത്തിക്ക് വിശദീകരണമൊന്നുമില്ല. നിര്‍ധാരണം ഈ സംവിധാനത്തിന്റെ മൊത്തം വ്യാസത്തെ ബാധിക്കുന്നില്ല എന്നതാണ് അവരുടെ അനുമാനം. കാരണം ഡിസൈനില്‍ വരുന്ന പരിവര്‍ത്തനങ്ങളെ അവയവത്തിന്റെ അളവുകളുടെ പൊതു മാറ്റത്തില്‍ നിന്നു വേര്‍തിരിക്കേണ്ടത് അത്യാവശ്യമാണ്. പിന്നെ അവര്‍ പറയുന്നു ഉല്‍പരിവര്‍ത്തന(Mutation)ങ്ങളില്‍ നിന്നുണ്ടാവുന്ന അനിയത പരിവര്‍ത്തനങ്ങള്‍ അവരുടെ മോഡലിന്റെ രൂപം മാറ്റുമെന്ന്. മെച്ചപ്പെട്ട പരിവര്‍ത്തനങ്ങളെ പ്രകൃതി തെരഞ്ഞെടുക്കും. ഈ തെരഞ്ഞെടുപ്പെന്ന് പറയുന്നത് ഏതെങ്കിലും ഏജന്‍സിയുടെ ഇഛാപൂര്‍ണമായ തെരഞ്ഞെടുപ്പല്ല. അവര്‍ പറയുന്നു ദൃഷ്ടികൂര്‍മത(Visual Acuity)യാണ് തെരഞ്ഞെടുക്കുന്ന ഏജന്‍സി. ദൃശ്യസംവേദനക്ഷമതയുള്ള തൊലിയുടെ ആഴം വര്‍ധിക്കുന്നതിനനുസരിച്ചും അങ്ങനെ അത് കുഴിയുന്നതിനനുസരിച്ചും അതിന്റെ ചുറ്റളവിലുള്ള വര്‍ണക പടലം തൊലിയുടെ മേല്‍ദ്വാരമായി മാറുന്നു. തൊലിയുടെ ആഴം വര്‍ധിക്കുന്നതും അതിന്റെ മേല്‍ദ്വാരമായി മാറിക്കൊണ്ടിരിക്കുന്ന വര്‍ണക പടലത്തിന്റെ വായ്‌വട്ടം ചുരുങ്ങുന്നതുമനുസരിച്ചു ദൃഷ്ടികൂര്‍മത കൂടി വരുന്നു. അതിനാല്‍ ഈ സംവിധാനം കൈവരിക്കാത്ത അതേ ജീവജാതിയിലുള്ള മറ്റു അംഗങ്ങളെക്കാള്‍ അതിജീവന ശേഷി പരിണാമവിധേയനായ ഈ ജീവി കൈവരിക്കുന്നു. ദൃഷ്ടികൂര്‍മതയെന്ന നിര്‍ധാരണ ഏജന്‍സി തെരഞ്ഞെടുക്കുന്നത് മാറ്റത്തിന്റെ ഒരു ശതമാനം മാത്രമാണ്. കണ്ണിന് തുടര്‍ച്ചയായ വക്രത (Curvature) ആവശ്യമായതിനാല്‍ അതിസൂക്ഷ്മ വ്യതിയാനങ്ങള്‍ മാത്രം തെരഞ്ഞെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതായത്, വ്യതിയാനങ്ങള്‍ പല ദിശകളിലേക്കും പാളിപ്പോകും. അങ്ങനെയുള്ള ആയിരക്കണക്കിന് വ്യതിയാനങ്ങളില്‍ ദൃഷ്ടികൂര്‍മത കൂടുതല്‍ നല്‍കുന്ന വ്യതിയാനങ്ങള്‍ മാത്രം നിലനിര്‍ത്തുക. ഇത് കലനത്തില്‍(Calculus) ax2+by2-c2=0 എന്ന സമവാക്യത്തില്‍ അടയാളപ്പെടുത്തുന്ന എല്ലാ ബിന്ദുക്കളുടെയും സമാകലനം(Integration) ഒരു വൃത്തത്തെ ഉണ്ടാക്കുന്നത് പോലെയാണ്. വൃത്തം വരക്കുമ്പോള്‍ a,b,c എന്നീ സ്ഥിരാങ്കങ്ങളെ(Constants) കോമ്പസ് പിടിക്കുന്ന വിരലുകള്‍ കോമ്പസിന്മേല്‍ ചെലുത്തുന്ന അഭികേന്ദ്രബലം (Centripetal Force) വ്യതിചലിക്കാന്‍ അനുവദിക്കുകയില്ല. എന്നാല്‍ പ്രകൃതിനിര്‍ധാരണത്തിന് അത്തരം അഭികേന്ദ്രബലമൊന്നും ചെലുത്താനാവില്ല. അതിന് ആകെ കഴിയുന്നത്, കോടിക്കണക്കിന് അനിയത വ്യതിയാനങ്ങളില്‍ നിന്ന് എപ്പോഴെങ്കിലും (ചിലപ്പോള്‍ ആയിരക്കണക്കിനു വര്‍ഷം അതിനു വേണ്ടി കാത്തു നില്‍ക്കേണ്ടി വരാം) ദൃഷ്ടി കൂര്‍മത നല്‍കുന്ന ഒരു വ്യതിയാനം ലഭിച്ച ഒരു ജീവി മറ്റുള്ളവരെക്കാള്‍ അതിജീവനശേഷി കൈവരിക്കുന്നതിലൂടെ അത്തരം ദൃഷ്ടികൂര്‍മത കൂടുതലുള്ള സന്താനങ്ങളെ ഉല്‍പാദിപ്പിക്കുക വഴി മറ്റുള്ള ജിവികളെക്കാള്‍ ജീവിത സമരത്തില്‍ പിടിച്ചു നില്‍ക്കാന്‍ പ്രാപ്തമാക്കുക മാത്രമാണ്. നില്‍സണും പെല്‍ജറും പറയുന്നത് ഒരു നല്ല കണ്ണിലേക്ക് നയിക്കുന്നതിനു 1829 പടികള്‍ (Steps) വേണമെന്നാണ്. 1 ശതമാനം പരിവര്‍ത്തനങ്ങള്‍ സ്വരൂപിച്ചുകൊണ്ട് അത് സാധിക്കാന്‍ 1.011829=80129540 പരിവര്‍ത്തനങ്ങള്‍ ആവശ്യമാണ്. അവര്‍ പറയുന്നു, അത് 10 സെന്റീമീറ്റര്‍ ഉള്ള ഒരു വിരല്‍ 8000 കിലോമീറ്റര്‍ നീളത്തിലുള്ള ഒരു രാക്ഷസ വിരലായി രൂപാന്തരപ്പെടാന്‍ ആവശ്യമായ പരിവര്‍ത്തനങ്ങള്‍ക്ക് തുല്യമാണെന്ന്.
ആവശ്യമായ പരിവര്‍ത്തനങ്ങളുടെ എണ്ണം തിട്ടപ്പെടുത്തിയതിന് ശേഷം, അവര്‍ അത്രയും പരിവര്‍ത്തനങ്ങള്‍ക്കാവശ്യമായ കാലം കണക്കാക്കുന്നു. R എന്ന പ്രതീകത്തില്‍ വിളിക്കുന്ന ഓരോ തലമുറയിലെയും പരിവര്‍ത്തനം ഈ സമവാക്യത്തിലൂടെ കാണാമത്രെ: R=h2110p, or R=h21Vm, ഇതില്‍ h2 പാരമ്പര്യകവും i നിര്‍ധാരണ തീവ്രതയും V വിചരണ ഗുണാങ്ക(Coeffient of Variation)വുമാണ്. പിന്നീട് അവര്‍ പറയുന്നു പാരമ്പര്യകത്തിനുള്ള മൂല്യമായി H2-0.50 എടുത്തു എന്ന്. അത് പാരമ്പര്യകത്തിനുള്ള ഒരു പൊതു മൂല്യമാണത്രെ. നിര്‍ധാരണ തീവ്രതക്കും(0.01) വിചരണഗുണാങ്കത്തിനും വളരെ താഴ്ന്ന മൂല്യങ്ങളാണത്രെ അവര്‍ നല്‍കിയത്. അങ്ങനെ അവര്‍ കണക്കു കൂട്ടിയ ഒരു തലമുറയിലുള്ള പരിവര്‍ത്തനം R=0.00005m ആണ്. മാധ്യ(mean)ത്തിന്റെ മൂല്യം 1 ആയി എടുത്താല്‍ സൂക്ഷ്മ വ്യതിയാനങ്ങളും ദുര്‍ബല നിര്‍ധാരണവും ഒരു തലമുറയില്‍ ഉണ്ടാക്കുന്ന പരിവര്‍ത്തനം 0.005 ശതമാനം മാത്രമാണ് എന്നര്‍ഥം. n എന്ന പ്രതീകത്തില്‍ കുറിക്കുന്ന തലമുറകളുടെ എണ്ണം കണക്കുകൂട്ടുന്നതിനു വേണ്ടി 1.00005n=80129540 എന്ന സമവാക്യം ഉപയോഗിച്ചാല്‍ മതി. അതില്‍ നിന്നു n-ന്റെ സംഖ്യ 363992 തലമുറകള്‍ എന്നു കിട്ടുന്നു.3 ചെറിയ സമുദ്ര ജീവിയുടെ ആയുസ്സ് 1 വര്‍ഷം എന്നു കണക്കാക്കിയാല്‍ കണ്ണ് രൂപപ്പെടാന്‍ 363992 (മൂന്നു ലക്ഷത്തി അറുപത്തിമൂവായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട്) വര്‍ഷം!
ഇനി നമുക്ക് നില്‍സണിന്റെയും പെല്‍ജറുടെയും മഹാ കണ്ടുപിടുത്തത്തെ അപഗ്രഥിക്കാം. ഈ വിവരണം അനിയത പരിവര്‍ത്തനങ്ങളെ അതിന്റെ യഥാര്‍ഥ അര്‍ഥത്തില്‍ പരിഗണിക്കുന്നുണ്ടോ? മൂല്യങ്ങള്‍ എത്ര ചെറുതായാലും പെസിമിസ്റ്റിക് ആയാലും അവയെല്ലാം നില്‍സണും പെല്‍ജറുമാകുന്ന മനുഷ്യരുടെതാണല്ലോ, പ്രകൃതിയുടെതല്ലല്ലോ? പരിവര്‍ത്തനം അതിസൂക്ഷ്മമായതിനാല്‍, അവരുടെ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തില്‍ ശരാശരി ഓരോ കൊല്ലവും ഒരു പരിവര്‍ത്തനം ആവശ്യമാണ്. തൊലിയുടെ കുഴിയലും സുതാര്യ പടലത്തിന്റെ വക്രീകരണവും ഏത് ദിശയിലും ആകാമെന്നിരിക്കെ അനിയത പരിവര്‍ത്തനങ്ങള്‍ക്ക് അത് ഉറപ്പിക്കാന്‍ കഴിയുമോ? ദൃഷ്ടികൂര്‍മത എന്ന നിര്‍ധാരകന് 0.00005 പരിവര്‍ത്തനത്തെ എങ്ങനെ തെരഞ്ഞെടുക്കാന്‍ കഴിയും? പരിണാമത്തിന്റെ തുടക്കം വളരെ ചെറിയ കണ്ണില്ലാത്ത ജീവിയിലാണല്ലോ? ഉല്‍പത്തി വിശദീകരിക്കാതെ, ജീവിക്ക് ആദ്യമേ ഉണ്ടെന്നു പറയുന്ന പ്രകാശ സംശ്ലേഷണ ശേഷിയുള്ള തൊലി, ആ ജീവിയെ വെളിച്ചത്തു നിന്നു രക്ഷപ്പെടാന്‍ സഹായിക്കുന്ന തരത്തില്‍ ഇരുട്ടിനെയും വെളിച്ചത്തെയും തിരിച്ചറിയാന്‍ മാത്രമേ സഹായിക്കുകയുള്ളൂ. അതിന്മേല്‍ 0.00005 മാറ്റം കൊണ്ട് എന്തു മെച്ചമാണ് ആ ജീവിക്കു ലഭിക്കുക? പരിണാമ തുടര്‍ച്ച ഉറപ്പിക്കുന്നതിനു വേണ്ടി ജീവിസഞ്ചയത്തില്‍ നിന്ന് ഈ 0.00005 മെച്ചമുള്ള ജീവിയെ എങ്ങനെയാണ് വേര്‍തിരിക്കുക? ജനിതക ച്യുതി (Genetic Drift) കാരണം, ഉല്‍പരിവര്‍ത്തനങ്ങള്‍(Mutation) ജീവിസഞ്ചയത്തിനു (Population) അധികവും നഷ്ടപ്പെടുകയാണ് ചെയ്യുക. ഒരു ജീവിസഞ്ചയത്തില്‍ ഒരു മെച്ചപ്പെട്ട ഉല്‍പരിവര്‍ത്തനം സ്ഥാപിതമാ(Fixation)കുന്നതിന്റെ കണക്ക് 2sNe/N എന്ന സമവാക്യത്തിലൂടെയാണ് കാണുക. ഇതില്‍ Ne എന്നത് ജീവിസഞ്ചയത്തിന്റെ വലുപ്പവും (Population Size) N എന്നത് കാനേഷുമാരി ജീവിസഞ്ചയ വലുപ്പവുമാണ് (Census Population Size). ഇതിന്റെ അടിസ്ഥാനത്തില്‍ 100-ലധികം ഉല്‍പരിവര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ചാലേ ഉല്‍പരിവര്‍ത്തനങ്ങള്‍ ജീവിസഞ്ചയത്തില്‍ സ്ഥാപിതമാകുകയുള്ളൂവത്രെ.4
കുഴിയുന്നതോടെ വായ്‌വട്ടമായി മാറുന്ന വട്ടത്തിലുള്ള തൊലിയുടെ ചുറ്റളവിനു ഒരു പരിധിയിലപ്പുറം ചുരുങ്ങാനാവില്ല. അപ്പോള്‍ പ്രകാശവിഭേദനത്തിന് (Optical Resoloution) വേണ്ടി ഒരു ലെന്‍സ് ആവശ്യമായി വരുന്നു. ഇത് നോട്ടിലസ് എന്ന കടല്‍ ജീവിക്കുള്ളത് പോലുള്ള പിന്‍ഹോള്‍ കണ്ണ് എങ്ങനെ പരിണമിച്ചുണ്ടായി എന്ന മറ്റൊരു ചോദ്യത്തെ ഉയര്‍ത്തുന്നുണ്ട്.
(തുടരും)
Comments