Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 09

മലബാര്‍ കലാപത്തിന്റെ പെണ്‍ഇടങ്ങള്‍ തേടുമ്പോള്‍..

അജ്മല്‍ കൊടിയത്തൂര്‍ /പുസ്തകം

         1921-ലെ മലബാര്‍ കലാപം ഇന്നും ചരിത്രാന്വേഷികള്‍ക്ക് ഉറവ വറ്റാത്ത ഗവേഷണ വിഷയമാണ്. കലാപത്തിന്റെ സ്വഭാവ സവിശേഷതകള്‍ വിവിധ വീക്ഷണ കോണുകളില്‍ നിന്നുകൊണ്ട് അനേകം പേര്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും കലാപകാലത്തെ പെണ്‍ജീവിതവും കലാപത്തിലെ പെണ്‍ ഇടപെടലുകളും സവിശേഷ വിശകലനത്തിന് വിധേയമാക്കിയിട്ടില്ല. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ശംഷാദ് ഹുസൈന്‍ സമര്‍പ്പിച്ച ഗവേഷണ പ്രബന്ധവും ഏതാനും ചില ലേഖനങ്ങളും ആണ് ഈ വിഷയത്തില്‍ ലഭ്യമായിട്ടുള്ള രേഖകള്‍. സ്ത്രീ പഠനങ്ങള്‍ക്ക് (Gender Study) വലിയ പ്രാധാന്യം ലഭിച്ചുകൊണ്ടിരിക്കുന്ന സമീപ കാലത്താണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഈ മഹത്തായ സംഭവത്തിലെ സ്ത്രീ പങ്കാളിത്തം രേഖപ്പെടുത്താനുള്ള ശ്രമങ്ങള്‍ സജീവമായത്. 

2015 മെയ് മാസത്തില്‍ പുറത്തിറങ്ങിയ രണ്ടു കൃതികള്‍ ഈ അവസരത്തില്‍ പ്രത്യേക ശ്രദ്ധ നേടുന്നു. കോളേജ് അധ്യാപികയും നിരവധി സ്ത്രീ പഠന ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ഗീതയുടെ 1921 ചരിത്ര വര്‍ത്തമാനങ്ങള്‍, കറന്റ് ബുക്‌സ്, തൃശൂര്‍, 115 രൂപ), എന്ന ചരിത്രാന്വേഷണമാണ് ഒന്ന്. മലപ്പുറം കൊണ്ടോട്ടി സ്വദേശി കെ.കെ ആലിക്കുട്ടിയുടെ വമ്പത്തി, മലബാര്‍ കലാപത്തിലെ പെണ്‍പോരിന്റെ കഥ (ഡെസ്റ്റിനി, 150 രൂപ) എന്ന നോവല്‍ ആണ് മറ്റൊന്ന്. ആദ്യത്തേത്, അക്കാദമികമായ ഒരു അന്വേഷണമാണെങ്കില്‍ രണ്ടാമത്തേത് ചരിത്രം അടിസ്ഥാനമാക്കിയ ഒരു നോവല്‍ ആണ്. ഗീത തന്റെ ഗ്രന്ഥം സമര്‍പ്പിച്ചിരിക്കുന്നത് കലാപത്തിന്റെ നേര്‍സാക്ഷ്യങ്ങളായിരുന്ന ആമിന, തിത്തിയുമ്മ, കദീജുമ്മ, വള്ളിയമ്മ എന്നിവര്‍ക്ക് പുറമെ  മാളു ഹജ്ജുമ്മ എന്ന ഇതിഹാസ വല്ല്യുമ്മക്ക് കൂടിയാണ്. ആലിക്കുട്ടിയുടെ വമ്പത്തിയിലെ കേന്ദ്രകഥാപാത്രമായ കുഞ്ഞീബിയും പ്രതിനിധാനം ചെയ്യുന്നത് മാളു ഹജ്ജുമ്മയെ തന്നെയാണെന്ന് ഈ രണ്ട് പുസ്തകങ്ങളും ചേര്‍ത്ത് വായിക്കുമ്പോള്‍ തിരിച്ചറിയാന്‍ സാധിക്കും. 

മലബാര്‍ കലാപത്തിലെ സമരനേതാവായിരുന്ന ആലിമുസ്‌ലിയാരെ കുറിച്ചുള്ള വിവിധ ആഖ്യാനങ്ങളെ അവലോകനം ചെയ്യുകയാണ് ഗീതയുടെ '1921' ന്റെ ആദ്യഭാഗങ്ങള്‍. അധ്യായം നാല് മുതല്‍ 'കലാപവും സ്ത്രീകളും' എന്ന മുഖ്യ പ്രമേയത്തെ കേന്ദ്രമാക്കിയുള്ള വിവിധ രേഖാപഠനങ്ങളെ വായിച്ചെടുക്കുന്നുണ്ട്. സമരനായകന്‍ ആലി മുസ്‌ലിയാരുടെ മകള്‍ മുതല്‍ കല്യാണിക്കുട്ടിയമ്മ, വള്ളിയമ്മ, തിത്തിയുമ്മ, കദീജ തുടങ്ങിയ കാലഘട്ടത്തിന്റെ പെണ്‍സാക്ഷ്യങ്ങളുടെ ഓര്‍മകളെ അടയാളപ്പെടുത്തുന്നുണ്ട് ഈ പുസ്തകത്തില്‍. 

കെ.കെ ആലിക്കുട്ടിയുടെ വമ്പത്തി ഒരു നോവലാണ്. മഞ്ചേരി യൂനിറ്റി കോളേജില്‍ പഠിക്കുന്ന 'പൊട്ടിത്തെറിച്ച' മൂന്ന് പെണ്‍കുട്ടികള്‍ തങ്ങളുടെ അധ്യാപികയുടെ പ്രേരണയാല്‍ ഒരു അവധിക്കാലത്ത് മലബാര്‍ സമരകാലത്തെ പെണ്‍പോരാട്ടത്തിന്റെ മൂടിവെക്കപ്പെട്ട ചരിത്രം തേടിയുള്ള യാത്ര നടത്തുന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. കലാപത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൂടെയെല്ലാം തന്റെ കഥാപാത്രങ്ങളെ കൊണ്ടുപോയി കലാപത്തിന്റെ സ്ഥലകാലങ്ങളെ അതിവിദഗ്ധമായി രേഖപ്പെടുത്തുന്നുണ്ട് കാഥികന്‍. നോവലിന്റെ രണ്ടാം ഭാഗത്തില്‍ കുഞ്ഞീബി എന്ന ധീരയായ പോരാളിയാണ് കേന്ദ്ര കഥാപാത്രം. കുഞ്ഞീബി സമര നേതാവ് സുലൈമാനെ പ്രണയിക്കുന്നതും,  തന്റേടം മൂത്ത് കുതിരപ്പുറത്ത് ഒറ്റക്ക് കാട്ടിലേക്ക് സാഹസിക യാത്ര ചെയ്യുന്നതും അവസാനം യുദ്ധരംഗത്ത് ആണ്‍വേഷത്തില്‍ അടരാടി കുഞ്ഞീബി വീരമൃത്യു വരിക്കുന്നതുമാണ് നോവല്‍ തെളിച്ചുകാട്ടുന്നത്. കേവലം ഒരു നോവല്‍ എന്നതിലുപരി ചരിത്രം മറന്നു പോയ പിന്‍തലമുറക്ക് വേണ്ടി ചില സംഭവങ്ങള്‍ വിവരിക്കുകയാണ് വമ്പത്തി. അതേയവസരം മലബാര്‍ കലാപത്തിലെ പെണ്‍ സാന്നിധ്യത്തെ കുറിച്ചുള്ള ചരിത്ര ഗവേഷണത്തിന്റെ ഉത്തേജകമായി ഈ നോവല്‍ മാറുന്നുണ്ട്. 

വമ്പത്തിയിലെ കുഞ്ഞീബിയും, ടോട്ടല്‍ ഹായും, കെ. മാധവന്‍ നായരും എ.കെ കോഡൂരും (1921 ആംഗ്ലോ മാപ്പിള യുദ്ധം) എല്ലാം സൂചന നല്‍കിയ, വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മൂന്നാം ഭാര്യയായിരുന്ന ഫാത്തിമ എന്ന മാളു ഹജ്ജുമ്മയും തമ്മിലുള്ള സാമ്യതകള്‍ ഏറെയാണ്. മലയാളം എഴുതാനും വായിക്കാനും കത്തുകള്‍ക്ക് ഇംഗ്ലീഷില്‍ മേല്‍വിലാസം എഴുതാനും അറിയുമായിരുന്ന മാളു ഹജ്ജുമ്മ തന്റെ ഭൂസ്വത്ത് സംബന്ധിച്ച കേസ് നടത്തുന്നതിനായി ആ കാലത്ത് മഞ്ചേരിയിലെയും കോഴിക്കോട്ടെയും കോടതികളില്‍ നേരിട്ട് ഹാജരായിരുന്നു എന്ന് എ.കെ കോഡൂര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സമര പോരാട്ടത്തില്‍ ഭര്‍ത്താവ് വാരിയംകുന്നത്തിനൊപ്പം നേരിട്ടു പങ്കെടുത്തിരുന്നു അവര്‍. അക്ഷരം പഠിക്കുക, പ്രണയിച്ച് വിവാഹം കഴിക്കുക, ഒറ്റക്ക് (മക്കയില്‍ പോയി ഹജ്ജ് ചെയ്യുക) യാത്ര ചെയ്യുക എന്നിങ്ങനെയുള്ള അവസ്ഥകളിലൂടെയാണ് നവോത്ഥാനം തുടക്കമിട്ട നമ്പൂതിരി-നായര്‍ സമുദായങ്ങളിലെ സ്ത്രീകള്‍ക്ക് പോലും സങ്കല്‍പ്പിക്കാന്‍ കഴിയാതിരുന്ന കാലത്ത് മാളു ഹജ്ജുമ്മ കടന്നു പോയത്. മലബാറിലെ മുസ്‌ലിം സ്ത്രീകളില്‍ ഇത്തരം ഝാന്‍സി റാണിമാര്‍ ഇനിയും എത്രയോ ഉണ്ടായിരുന്നുവെന്ന അന്വേഷണത്തിലേക്കുള്ള ചൂണ്ടുപലകയാണ് ഈ രണ്ടു പുസ്തകങ്ങളും.  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /78
എ.വൈ.ആര്‍