Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 09

മിനാ ദുരന്തം: ചില ചിതറിയ ചിന്തകള്‍

വിഖാസ് /കുറിപ്പ്

           ഒരിടവേളക്ക് ശേഷം മക്കയിലും മിനായിലുമുണ്ടായ ദുരന്തം നിരവധി പേരുടെ ജീവനെടുത്തതിന്റെ ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിലാണ് ഈ കുറിപ്പെഴുതുന്നത്. ലോക മുസ്‌ലിംകളുടെ വാര്‍ഷികാരാധനാ സംഗമത്തില്‍ 125ലേറെ രാഷ്ട്രങ്ങളില്‍ നിന്ന് പരിശുദ്ധ ഹജ്ജ്കര്‍മം നിര്‍വഹിക്കാനായി എത്തിച്ചേര്‍ന്ന 25 ലക്ഷം ഹാജിമാരില്‍ ആയിരത്തോളം പേര്‍ മരിക്കാനിടയായ രണ്ടു സംഭവങ്ങളും ദൈവ വിധിയെന്ന് സമാശ്വസിച്ചിരിക്കാമെങ്കിലും ഈ അപകടങ്ങള്‍ വരുത്തി വെച്ച കാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണവും പരിഹാരമാര്‍ഗങ്ങളെക്കുറിച്ച പരിചിന്തനവും അനിവാര്യമാണെന്ന് ആര്‍ക്കും ബോധ്യപ്പെടും. രണ്ടു സംഭവങ്ങളെക്കുറിച്ചും കൂലങ്കഷമായ അന്വേഷണത്തിന് സുഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് തന്നെ ഉത്തരവിട്ടിരിക്കയാണല്ലോ.

ലോകമുസ്‌ലിം ജനസംഖ്യയുടെ വര്‍ധനക്കനുസരിച്ച് വര്‍ഷം തോറും ഹജ്ജ്കര്‍മത്തിനെത്തുന്നവരുടെ എണ്ണവും സ്വാഭാവികമായും വര്‍ധിക്കുമല്ലോ. അതിനനുസരിച്ച സംവിധാനങ്ങളാണ് മക്കയിലും മിനാ, അറഫാ, മദീന എന്നിവിടങ്ങളിലും ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ആ സംവിധാനങ്ങളുടെ ഫലപ്രദമായ പ്രയോഗവത്കരണം ഹാജിമാരുടെയും അവര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രങ്ങളുടെയും പൂര്‍ണ സഹകരണമുണ്ടെങ്കിലേ വിജയിക്കുകയുള്ളൂ. ഹജ്ജിന്റെ അനുഷ്ഠാനകര്‍മങ്ങളുടെ കാര്യത്തില്‍ വിശേഷിച്ചും ഇസ്‌ലാം ഉയര്‍ത്തിപ്പിടിച്ച ചില ഉദാത്ത മൂല്യങ്ങളുണ്ട്. അവ പലപ്പോഴും വിസ്മരിക്കപ്പെടുന്നുവെന്നതും ഇത്തരം അകൃത്യങ്ങള്‍ക്ക് കാരണമായിത്തീരാറുണ്ട്. 

ഏറ്റവും പ്രധാനം ഹജ്ജ് സാമ്പത്തികവും ശാരീരികവുമായ കഴിവും യാത്രാസുരക്ഷിതത്വവുമുള്ള പ്രായപൂര്‍ത്തിയായ സത്യവിശ്വാസികള്‍ക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നിര്‍വഹിക്കേണ്ട നിര്‍ബന്ധ കര്‍മമാണ് എന്നതാണ്. അതില്‍ കൂടുതലായി നിര്‍വഹിക്കുന്ന ഹജ്ജ് പ്രതിഫലാര്‍ഹമല്ലെന്നും നിര്‍ബന്ധ ഹജ്ജ് നിര്‍വഹിക്കുന്ന ഹാജിമാര്‍ക്ക് ഇത്തരക്കാരുടെ ഹജ്ജ് പ്രയാസം സൃഷ്ടിക്കുന്നതാണെങ്കില്‍ കുറ്റകരമാണെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

രണ്ടാമതായി, 'അറഫയാണ് ഹജ്ജ്' എന്ന പ്രവാചകവചനത്തിന്റെ പൊരുള്‍ ഉള്‍ക്കൊണ്ട് അറഫാസംഗമത്തിന് പ്രാമുഖ്യം നല്‍കുകയും അതിനനുസരിച്ച സൗകര്യങ്ങളും സംവിധാനങ്ങളുമൊരുക്കുകയും ചെയ്യണം. രോഗികളെ ആംബുലന്‍സിലും മറ്റും അറഫയിലെത്തിക്കാന്‍ ഇപ്പോള്‍ സുഊദി ഭരണകൂടം തന്നെ സൗകര്യമേര്‍പ്പെടുത്തുന്നുണ്ട്.  തികച്ചും ശ്ലാഘനീയമായ കാര്യമാണത്. 

മൂന്നാമതായി, ബലികര്‍മം നേരിട്ട് നടത്തുന്നതിന് പകരം പകരക്കാരെ ഏര്‍പ്പെടുത്താം എന്ന പണ്ഡിതമതപ്രകാരം ഇപ്പോള്‍ ഐ.ഡി.ബിയെ ഉത്തരവാദിത്തമേല്‍പിച്ച് അല്‍ റാജ്ഹി ബാങ്ക് മുഖേനയോ മറ്റോ നിശ്ചിത സംഖ്യ അടയ്ക്കുന്ന സമ്പ്രദായം വളരെ ഫലപ്രദവും അപകടരഹിതവുമാണെന്ന് അനുഭവപ്പെട്ടിട്ടുണ്ട്. മാത്രമല്ല, ബലിമാംസം അറവുകേന്ദ്രങ്ങളില്‍ ജീര്‍ണിച്ച് നശിച്ചുപോകുന്നതിന് പകരം ലോകത്തെങ്ങുമുള്ള ദരിദ്ര ജനസമൂഹത്തിന് പ്രയോജനപ്പെടുംവിധം അവ സംസ്‌കരിച്ച് കയറ്റി അയക്കുന്നതിലൂടെ ബലിയുടെ യഥാര്‍ഥ ലക്ഷ്യം കൈവരികയാണ് ചെയ്യുന്നത്. അനാവശ്യമായ തിരക്കും പ്രയാസവും അപകടവും ഒഴിവാക്കാന്‍ ഈ സൗകര്യം പരക്കെ ഉപയോഗിച്ചുതുടങ്ങിയത് ശ്ലാഘനീയമാണ്.

നാലാമതായി, ജംറകളില്‍ കല്ലേറിന് പകരക്കാരെ ഏര്‍പ്പെടുത്താമെന്ന് പണ്ഡിതര്‍ ഏകകണ്ഠമായി അഭിപ്രായപ്പെട്ടതാണ്. അഥവാ അനാരോഗ്യവും പ്രായാധിക്യവും കാരണം ആ കര്‍മം നേരില്‍ നിര്‍വഹിക്കാന്‍ സാധിക്കാത്തവര്‍ക്ക് കൂട്ടുകാരെയോ ബന്ധുക്കളെയോ അല്ലാത്തവരെയോ തനിക്കുവേണ്ടി കല്ലേറു നടത്താന്‍ ഏല്‍പ്പിക്കാവുന്നതാണ്. മാത്രമല്ല, പ്രായപരിധി വെച്ചും സമയം നിശ്ചയിച്ചും മേഖലകള്‍ തിരിച്ചും മാറ്റങ്ങള്‍ വരുത്താവുന്ന കര്‍മമാണ് ജംറയിലെ കല്ലേറ് എന്നാണ് പണ്ഡിതമതം. ഹജ്ജിന്റെ നിര്‍ബന്ധ അനുഷ്ഠാനമാണെങ്കിലും ഇത് ഉപേക്ഷിക്കുന്നത് ഹജ്ജിന്റെ പൂര്‍ത്തീകരണത്തെ ബാധിക്കുകയില്ലെന്ന അഭിപ്രായഗതിക്കാരുമുണ്ട്. അറഫ, മിനാ, മുസ്ദലിഫ, ത്വവാഫ്, സഅ്‌യ്, ബലി എന്നിവ പരാമര്‍ശിക്കപ്പെട്ട ഖുര്‍ആനിക സൂക്തങ്ങളിലൊന്നും കല്ലേറ് പരാമര്‍ശിച്ചിട്ടില്ലെന്നതാണ് അവരുടെ അഭിപ്രായത്തിന് ഉപോല്‍ബലകമായിരിക്കുന്നത്. നബി(സ) അപ്രകാരം ചെയ്തിട്ടുണ്ടെന്നും സ്വഹാബിമാര്‍ പിന്നീട് ചെയ്തുകാണിച്ചിട്ടുണ്ടെന്നും സ്വഹീഹായ ഹദീസുകളിലുണ്ടെന്നത് ഹജ്ജിന്റെ നിര്‍ബന്ധ കര്‍മങ്ങളില്‍ അതും ഉള്‍പ്പെട്ടിട്ടുണ്ടെന്നതിന് തെളിവായി ജംറയിലെ കല്ലേറ് വാജിബാത്തില്‍പെട്ടതാണെന്ന വാദക്കാര്‍ ഉദ്ധരിക്കാറുണ്ട്.

അഞ്ചാമതായി, മിനായില്‍ രാപ്പാര്‍ക്കുക എന്നത്: അറഫയിലേക്കുള്ള യാത്രാമധ്യേ ദുല്‍ഹജ്ജ് എട്ടിന് രാത്രി മിനായില്‍ തങ്ങുന്നത് നിര്‍ബന്ധമല്ലെന്നതില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്. താമസസ്ഥലത്തുനിന്ന് നേരെ അറഫയില്‍ ദുല്‍ഹജ്ജ് ഒമ്പതിന് ഉച്ചയോടെ എത്തിച്ചേരുകയും സൂര്യാസ്തമനം വരെ പ്രാര്‍ഥനകളും പ്രകീര്‍ത്തനങ്ങളുമായി അവിടെ കഴിച്ചുകൂട്ടുകയും ചെയ്യുക. സൂര്യാസ്തമനത്തോടെ മിനായിലേക്കുള്ള മാര്‍ഗമധ്യേ മുസ്ദലിഫയില്‍ രാത്രി വിശ്രമം. പിന്നീട് മിനായിലേക്ക് പ്രയാണം. ദുല്‍ഹജ്ജ് 10ന് ജംറത്തുല്‍ അഖബ കല്ലേറ്, ത്വവാഫുല്‍ ഇഫാദ, സ്വഫാ-മര്‍വാ പ്രയാണം, ബലി, ഇഹ്‌റാമില്‍നിന്നുള്ള വിടുതല്‍ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. ദുല്‍ഹജ്ജ് 11, 12, 13 തീയതികള്‍ അയ്യാമുത്തശ്‌രീഖ് എന്ന സവിശേഷ നാമകരണം ലഭിച്ച ദിവസങ്ങളാണ്. ഈ മൂന്ന് രാത്രികളും മിനായില്‍ തങ്ങണം. രണ്ടു ദിവസം തങ്ങിയാലും മതി എന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 12ന് പകല്‍ സൂര്യാസ്തമനത്തിന് മുമ്പോ 13ന് പകല്‍ സൂര്യാസ്തമനത്തിന് മുമ്പോ മിനാ വിട്ടുപോകേണ്ടതാണ്. സൗകര്യം പരിഗണിച്ച് മിനായുടെ അതിര്‍ത്തികളില്‍ മാറ്റം വരുത്തിയത്‌പോലെ, കല്ലേറിന്റെ സമയക്രമത്തിലും മാറ്റം വരുത്താമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ആറാമതായി, ത്വവാഫിനും സഅ്‌യിനും ശാരീരിക ബലഹീനതയുള്ളവര്‍ക്ക് പരസഹായത്തോടെ വീല്‍ചെയറുകളിലും മഞ്ചലുകളിലും കര്‍മം നിര്‍വഹിക്കാമെന്നിരിക്കെ ഏറ്റവും അപകടസാധ്യതയുള്ള ജംറകളില്‍ പരസഹായം അനുവദനീയമാണെന്നത് തന്നെയാണ് ഇസ്‌ലാമിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ട വീക്ഷണം.

ഏഴാമതായി, ഇഹ്‌റാമിന്റെ മീഖാത്ത്: ഹജ്ജും ഉംറയും നിര്‍വഹിക്കുവാന്‍ ഉദ്ദേശിച്ച് മക്കക്ക് പുറത്ത് നിന്ന് വരുന്നവര്‍ തങ്ങള്‍ കടന്നുവരുന്ന മാര്‍ഗമധ്യേ ഇഹ്‌റാം വസ്ത്രമണിഞ്ഞ് ഇഹ്‌റാമില്‍ പ്രവേശിക്കാനുള്ള പ്രത്യേക സ്ഥലമായി നിശ്ചയിക്കപ്പെട്ട ഇടമാണ് മീഖാത്ത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആകാശം വഴിയും കടല്‍ വഴിയും വരുന്നവര്‍ വര്‍ധിച്ചപ്പോള്‍ അവര്‍ വന്നിറങ്ങുന്ന വിമാനത്താവളങ്ങളും തുറമുഖങ്ങളും മീഖാത്തായി കണക്കാക്കണം എന്ന അഭിപ്രായം ചില പ്രമുഖ പണ്ഡിതന്മാര്‍ പ്രകടിപ്പിച്ചതും പരിഗണിക്കപ്പെടേണ്ടതാണ്. ആരാധന-അനുഷ്ഠാന കര്‍മങ്ങളില്‍ എളുപ്പവും സൗകര്യവുമാണ് ഇസ്‌ലാം ദീക്ഷിച്ചിട്ടുള്ളത് എന്നതിന്റെ ഏറ്റവും മൗലികമായ തെളിവ് യാത്രക്കാരന് നമസ്‌കാര സമയങ്ങളിലും റക്അത്തുകളുടെ എണ്ണത്തിലും നല്‍കിയ ഇളവുകളാണ്. വ്രതാനുഷ്ഠാനത്തിലും ഇത്തരം ഇളവ് യാത്രക്കാരന് ഇസ്‌ലാം അനുവദിച്ചിട്ടുണ്ട്. അഥവാ ദിവസം അഞ്ച് നേരം നിര്‍വഹിക്കേണ്ട നമസ്‌കാരവും, വര്‍ഷത്തില്‍ റമദാനില്‍ നിര്‍വഹിക്കേണ്ട വ്രതാനുഷ്ഠാനവും, വിളവെടുപ്പ് വേളയിലോ വര്‍ഷം തികയുമ്പോഴോ നല്‍കേണ്ട സകാത്തും, ജീവിതത്തിലൊരിക്കല്‍ നിര്‍വഹിക്കേണ്ട ഹജ്ജും സത്യവിശ്വാസിക്ക് അനുഷ്ഠിക്കാന്‍ പ്രയാസകരമായല്ല ഇസ്‌ലാം നിര്‍ണയിച്ചിട്ടുള്ളത്.  'ദീന്‍ എളുപ്പമാണ്, പ്രയാസകരമല്ല' എന്ന പ്രവാചക വചനം എല്ലാ വശങ്ങളുമുള്‍ക്കൊള്ളുന്ന അരുളപ്പാടാണ്. കന്നുകാലികളുടെയും കാര്‍ഷികോല്‍പന്നങ്ങളുടെയും കച്ചവടച്ചരക്കുകളുടെയും സകാത്ത് മൂല്യം കണക്കാക്കി കാഷായി നല്‍കിയാല്‍ മതിയെന്ന് ഇപ്പോള്‍ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത് പോലെ, ഫിത്വ്ര്‍ സകാത്തും പ്രയോജനകരമായ രീതിയില്‍ കാശായി നല്‍കാം.

പരിശുദ്ധവും പരിപാവനവുമായ ഹജ്ജ് കര്‍മം സത്യവിശ്വാസിയുടെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം അനുഷ്ഠിക്കാന്‍ കല്‍പിച്ചതിലൂടെ മഹത്തായ ലക്ഷ്യമാണ് ഇസ്‌ലാം ഉയര്‍ത്തിപ്പിടിച്ചത്. പക്ഷെ, കാലാനുഗതമായ പരിഷ്‌കരണങ്ങള്‍ അനുഷ്ഠാന രീതികളിലും സമയ ക്രമങ്ങളിലും മാറ്റം വരുത്താന്‍ ഇസ്‌ലാം അനുവദിക്കുന്നുണ്ടെന്നത് ആ ജീവിതാദര്‍ശത്തിന്റെ സാര്‍വജനീനതയുടെ തെളിവാണ്. സൂര്യോദയവും സൂര്യാസ്തമനവും മാസങ്ങളോളം ദര്‍ശിക്കാനാവാത്ത ധ്രുവപ്രദേശങ്ങളില്‍ അധിവസിക്കുന്ന മുസ്‌ലിംകള്‍ക്ക് നിത്യജീവിതത്തില്‍ അവര്‍ പാലിക്കുന്ന ജൈവിക ചാക്രിക ക്രമം പോലെ നമസ്‌കാരസമയവും ക്രമപ്പെടുത്താമെന്ന് പണ്ഡിതന്മാര്‍ പറയുന്നു. ഗഗനചാരികളുടെ നമസ്‌കാര സമയവും തഥൈവ. അതിനാല്‍ ഹജ്ജ് അനുഷ്ഠാന കര്‍മങ്ങളിലും വേണം ഇസ്‌ലാമിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടുള്ള ഇജ്തിഹാദീ ചിന്ത. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /78
എ.വൈ.ആര്‍