Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 09

മിനാ ദുരന്തത്തിന്റെ പാഠങ്ങള്‍

         ലോകമെങ്ങുമുള്ള മുസ്‌ലിംകള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചുകൊണ്ടിരിക്കെയാണ് മിനാ ദുരന്തത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നത്. അതോടെ ആഘോഷങ്ങള്‍ക്ക് അറുതിയായി. എല്ലാവരും വിശദ വിവരങ്ങള്‍ അറിയാന്‍ കാതോര്‍ത്തു. എങ്ങും ദുഃഖം തളംകെട്ടി. പ്രസന്നങ്ങളായിരുന്ന മുഖങ്ങള്‍ വിഷാദ സാന്ദ്രമായി.

ജംറകളിലെ കല്ലേറിന് വിപുലമായ സൗകര്യങ്ങളേര്‍പ്പെടുത്തുകയും സംവിധാനങ്ങളുണ്ടാക്കുകയും തമ്പുകള്‍ അഗ്നിബാധയേല്‍ക്കാത്ത വിധം സജ്ജീകരിക്കുകയും ചെയ്തതോടെ ഹജ്ജ് സുരക്ഷിതമാണെന്ന ധാരണയാണ് പരക്കെ നിലനിന്നിരുന്നത്. അതുകൊണ്ടുതന്നെ എണ്ണൂറോളം പേരുടെ ജീവന്‍ കവര്‍ന്നെടുക്കുകയും ആയിരത്തിലേറെ പേര്‍ക്ക് പരിക്ക് പറ്റാനിടയാക്കുകയും ചെയ്ത അപകടം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. അതാണ് ഏവരിലും ഞെട്ടലുണ്ടാക്കുന്നതും.

നമ്മുടെ മുന്‍ തലമുറകളിലെ എണ്ണമറ്റ തീര്‍ഥാടകര്‍ വിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ വിവരണാതീതമായ ത്യാഗങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. കടുത്ത പരീക്ഷണങ്ങളും കൊടിയ ദുരന്തങ്ങളും സഹിച്ചിട്ടുണ്ട്. ഹജ്ജ് ലക്ഷ്യം വെച്ച് പുറപ്പെട്ട എത്ര ലക്ഷങ്ങളാണ് വഴിയില്‍ മരിച്ചുവീണതെന്ന് ചരിത്രം തിട്ടപ്പെടുത്തിയിട്ടില്ല. പുരാതന കാലത്ത് ദൂര ദിക്കുകളില്‍ നിന്നുള്ള യാത്രതന്നെ അതീവ ദുര്‍ഘടമായിരുന്നു. ഏറെ അപകട സാധ്യതകളുള്ളതും. യാത്രാ വാഹനങ്ങള്‍ക്കുണ്ടായേക്കാവുന്ന വിപത്തിനോളം തന്നെ വലുതും ഭീതിജന്യവുമായിരുന്നു കടല്‍കൊള്ളക്കാരുടെയും മരുഭൂമിയിലെ പിടിച്ചുപറിക്കാരുടെയും ആക്രമണങ്ങള്‍.

പുതിയകാലത്ത് യാത്ര വളരെയേറെ സുഖകരമാവുകയും ആക്രമണഭീതി ഒഴിയുകയും ചെയ്തതോടെ ഹജ്ജ് പൊതുവെ സുരക്ഷിതമായി. എന്നിട്ടും ഇടക്കിടെ വന്‍ ദുരന്തം ഉണ്ടായിക്കൊണ്ടിരുന്നു. 1979-ലുണ്ടായ ഹറം ആക്രമണത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ ദുരന്തം 1990-ല്‍ മിനായിലേക്കുള്ള തുരങ്കത്തിലെ വെന്റിലേറ്ററിനുണ്ടായ തകരാറു കാരണം 1426 പേര്‍ മരിക്കാനിടയായതാണ്. 1994, 1998, 2001, 2003, 2006 വര്‍ഷങ്ങളിലും നിരവധി ഹാജിമാരുടെ മരണത്തിനിടയാക്കിയ അപകടങ്ങളുണ്ടായി. അന്നൊക്കെയും തമ്പുകള്‍ അഗ്നിക്കിരയാകുന്നതും ജംറകളിലെ കല്ലേറു വേളകളിലുണ്ടാകുന്ന തിക്കും തിരക്കുമാണ് അപകടം വരുത്തിവെച്ചിരുന്നത്. 2006-ല്‍ മുന്നൂറ്റമ്പതിലേറെ പേര്‍ മരണമടഞ്ഞത് കല്ലേറ് സമയത്തുണ്ടായ തിരക്കില്‍ പെട്ടാണ്.

അതേ തുടര്‍ന്ന് ജംറകളിലെ കല്ലേറിന് വിപുലമായ സംവിധാനങ്ങളൊരുക്കി. അഞ്ചുനിലകളില്‍ നിന്ന് എറിയാന്‍ സാധിക്കുംവിധം ജംറ വികസിപ്പിച്ചു. ഓരോ നാട്ടുകാര്‍ക്കും എറിയാനുള്ള സമയം നിശ്ചയിക്കുകയും, പോകാനും മടങ്ങാനുമുള്ള വഴി നിര്‍ണയിക്കുകയും ചെയ്തു. തമ്പുകള്‍ അഗ്നിയേല്‍ക്കാത്തവയാക്കി. അതുകൊണ്ടുതന്നെ 2008-നു ശേഷം ഹജ്ജ് അപകടമുക്തവും തീര്‍ത്തും സമാധാനപരവുമായിരുന്നു. ഇത് ഹജ്ജ് വേളയിലെ അപകടങ്ങളെ സംബന്ധിച്ച ആശങ്കകള്‍ക്ക് ഒട്ടൊക്കെ അറുതിവരുത്തി.

എന്നാല്‍, ഇക്കൊല്ലത്തെ ഹജ്ജ് വേള രണ്ട് വന്‍ ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. 112 പേരുടെ മരണത്തിനിടയാക്കിയ ക്രെയിന്‍ ദുരന്തമായിരുന്നു ആദ്യത്തേത്. അതിനെക്കാള്‍ എത്രയോ വലിയ ദുരന്തമാണ് പെരുന്നാള്‍ ദിനത്തില്‍ മിനായില്‍ സംഭവിച്ചത്. മുന്‍കാലങ്ങളില്‍ തിക്കും തിരക്കും കാരണം അപകടമുണ്ടാവാറുള്ളത് ജംറകളുടെ പരിസരങ്ങളിലാണ്. എന്നാല്‍ ഇത്തവണ വന്‍ ദുരന്തമുണ്ടായത് ജംറയില്‍ നിന്ന് ഏകദേശം രണ്ടു കിലോമീറ്റര്‍ ദൂരെയാണ്.

ലഭ്യമായ വിവരമനുസരിച്ച്, നിശ്ചയിക്കപ്പെട്ട വ്യവസ്ഥയും ക്രമവും ലംഘിക്കപ്പെട്ടതാണ് വന്‍ ദുരന്തത്തിന് വഴിയൊരുക്കിയത്. 223-ാം നമ്പര്‍ ക്രോസ് റോഡിന്റെ നീളം 200 മീറ്ററും വീതി 30 മീറ്ററുമാണ്. കിംഗ് ഫഹദ് റോഡില്‍ നിന്ന് വരുന്നവര്‍ക്ക് ജംറയിലേക്ക് ഇതുവഴിയും പോകാം. അപകട സ്ഥലത്തു നിന്ന് മുന്നൂറ് മീറ്റര്‍ അകലെയുള്ള തമ്പിലുള്ളവര്‍ നിശ്ചിത സമയത്തിന് മുമ്പെ 204-ാം നമ്പര്‍ റോഡില്‍ എതിര്‍ ദിശയില്‍ നീങ്ങിയതാണ് അപകട കാരണമായതെന്ന് കരുതപ്പെടുന്നു. സമയക്രമമനുസരിച്ച് കല്ലേറിനു പോകേണ്ട നാട്ടുകാര്‍ ജംറയിലേക്ക് ഇറങ്ങിക്കൊണ്ടിരുന്നതിനാല്‍ 223-ാം നമ്പര്‍ ക്രോസ് റോഡില്‍ പരസ്പരം കൂട്ടിമുട്ടുകയായിരുന്നു. കേവലം മുപ്പത് മീറ്ററില്‍ മാത്രം താഴെ വീതിയുള്ള ഈ റോഡില്‍ നാലായിരത്തോളം പേര്‍ രണ്ടു ഭാഗത്തുനിന്നുമായി എത്തിയത് ദുരന്തത്തിന് വഴിവെക്കുകയായിരുന്നു. തിരക്കില്‍ പെട്ടവര്‍ സമീപത്തെ തമ്പുകളിലേക്കും തമ്പുകള്‍ക്ക് മുകളിലേക്കും കയറാന്‍ ശ്രമിച്ചത് പല തമ്പുകളും തകരാനിടയാക്കി. ഇതും മരണ സംഖ്യ കൂടാന്‍ കാരണമായി.

ഏതൊരു കാര്യവും തികവോടെ കുറ്റമറ്റ നിലയില്‍ ഭംഗിയായും കൃത്യമായും നന്നായും നിര്‍വഹിക്കണമെങ്കില്‍ അതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ക്രമങ്ങളും കണിശമായി പാലിക്കപ്പെടണം. ക്രമം ലംഘിക്കപ്പെടുമ്പോള്‍ അക്രമമായി മാറുന്നു. അത് വലിയ അപകടങ്ങള്‍ക്കിട വരുത്തുകയും ചെയ്യുന്നു. അനേക ലക്ഷങ്ങള്‍ ഒത്തുകൂടുന്ന ഹജ്ജ് പോലുള്ള സന്ദര്‍ഭങ്ങളില്‍ ബന്ധപ്പെട്ടവര്‍ നിശ്ചയിച്ച ക്രമം പാലിക്കപ്പെടാതെ പോകുന്നത് എത്രമാത്രം കൊടിയ വിപത്താണ് വരുത്തുകയെന്ന് മിനാ ദുരന്തം നമ്മെ ബോധ്യപ്പെടുത്തിയിരിക്കുന്നു. സ്വന്തം താല്‍പര്യങ്ങളെക്കാളേറെ മറ്റുള്ളവരുടെ താല്‍പര്യങ്ങള്‍ക്ക് പ്രാമുഖ്യം കല്‍പിക്കുകയെന്ന ഇസ്്‌ലാമിക മൂല്യം മുറുകെ പിടിക്കാന്‍ ഹജ്ജ് പോലുള്ള ആരാധനാ കര്‍മങ്ങളില്‍ മാത്രമല്ല, മുഴു ജീവിതത്തിലും വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം.

മനുഷ്യന്‍ എത്രയൊക്കെ ആസൂത്രണം ചെയ്താലും മുന്‍കരുതലുകളെടുത്താലും എവിടെയും ഒരു വിപത്തും സംഭവിക്കുകയില്ലെന്ന് ആര്‍ക്കും പറയാനാവില്ല. എല്ലാറ്റിനെയും ചൂഴ്ന്ന് നില്‍ക്കുന്നത് അല്ലാഹുവിന്റെ ജ്ഞാനവും വിധിയുമാണല്ലോ. എന്നാലും പരമാവധി ശ്രദ്ധിക്കാനും സൂക്ഷിക്കാനും ക്രമം തെറ്റിക്കാതിരിക്കാനും വിശ്വാസികള്‍ ബാധ്യസ്ഥരാണ്. മനുഷ്യ സാധ്യമായത് പരമാവധി ചെയ്ത ശേഷമാണ് വിധിയില്‍ വിശ്വാസമര്‍പ്പിച്ച് അല്ലാഹുവില്‍ ഭരമേല്‍പിക്കേണ്ടത്.

മിനാ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്കെല്ലാം അല്ലാഹു ഹജ്ജിന്റെ പ്രതിഫലം പൂര്‍ണമായി നല്‍കി സ്വര്‍ഗത്തില്‍ ഇടം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ. അവരുടെ കുടുംബങ്ങള്‍ക്ക് ക്ഷമയും സമാധാനവും നല്‍കുമാറാകട്ടെ. പരിക്കു പറ്റിയവര്‍ക്ക് വളരെ പെട്ടെന്ന് തന്നെ രോഗശാന്തി നേടി അവരവരുടെ നാടുകളില്‍ തിരിച്ചെത്താന്‍ കഴിയുമാറാകട്ടെ. മിനാ ദുരന്തത്തില്‍ ലോക സമൂഹത്തിന്റെ ദുഃഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /78
എ.വൈ.ആര്‍