മോഡിയുടെയും വാജ്‌പേയിയുടെയും തൊപ്പികള്‍
ഇന്ത്യന്‍ രാഷ്ട്രീയക്കാരുടെ കൂട്ടത്തില്‍ 'മതേതരത്വത്തിന്റെ മുഖംമൂടി'യെന്ന വിഖ്യാതമായ നാമമാണ് അടല്‍ ബിഹാരി വാജ്‌പേയിയുടേത്. ഈ മുന്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യം അനിവാര്യമായിരുന്ന എണ്ണമറ്റ ചടങ്ങുകളും ആഘോഷങ്ങളും പ്രകാശനങ്ങളും ദല്‍ഹിയിലെ രാഷ്ട്രീയ മേഖലയിലും ബി.ജെ.പിക്കകത്തും കഴിഞ്ഞു പോകുമ്പോഴും ദുരൂഹതയുടെ കമ്പളം പുതച്ച് വിസ്മൃതിയില്‍ കഴിയുകയാണല്ലോ അദ്ദേഹം. അഹ്മദാബാദില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി നടത്തിയ സദ്ഭാവനാ സത്യഗ്രഹം പക്ഷേ വാജ്‌പേയിയെ വീണ്ടും ഓര്‍മയിലെത്തിച്ചു. ഈ സത്യഗ്രഹത്തിന്റെ അടിസ്ഥാന കാരണമായ ഗുജറാത്ത് വംശഹത്യയില്‍ കാലത്തിന് മായ്ക്കാനാവാത്ത വിധം വാജ്‌പേയിയുടെ പേരും ഇഴചേര്‍ന്നു കിടക്കുന്നതാണ് ഈ ഓര്‍മപുതുക്കലിന്റെ ഒരു കാരണം. തന്റെ മുഖംമൂടിയുടെ അന്തസത്തക്കു വേണ്ടിയെങ്കിലും പ്രധാനമന്ത്രി വാജ്‌പേയി അക്കാലത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ 'രാജധര്‍മം'’ഉപദേശിച്ചിരുന്നു. അന്നത്തെ മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.എസ് വര്‍മ വാജ്‌പേയിക്കെഴുതിയ, പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ ഓര്‍മിപ്പിക്കുന്ന ഒരു കത്ത് മോഡിയുടെ സദ്ഭാവനാ റാലിയുടെ അതേ ദിവസങ്ങളില്‍ വിവരാവകാശനിയമത്തിന്റെ പിന്‍ബലത്തില്‍ വെളിച്ചം കണ്ടതോടെയാണ് മോഡി മറച്ചുപിടിക്കാന്‍ ആഗ്രഹിച്ച ഈ ദുര്‍മുഖം വീണ്ടും മറനീക്കിയത്. ഈ എഴുത്ത് പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ ചിലരെങ്കിലും പ്രതീക്ഷിച്ചു, ദല്‍ഹിയിലേക്ക് തേരും കൊണ്ടിറങ്ങിയ നരേന്ദ്രമോഡിയുടെ സത്യഗ്രഹത്തെ കുറിച്ച് വാജ്‌പേയിയുടെ ഓഫീസില്‍ നിന്ന് ഒരു പ്രസ്താവനയെങ്കിലും വരുമെന്ന്. അതുണ്ടായില്ല.
പാര്‍ട്ടിയിലെ ആഭ്യന്തരകുഴപ്പങ്ങളില്‍ വാജ്‌പേയിയെ ഇടപെടീക്കുന്നത് ഗുണം ചെയ്യുമെന്ന് യു.പിയിലെ ഇപ്പോഴത്തെ ആഭ്യന്തരവഴക്കുകളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി വിലയിരുത്തുന്നതായി ഈയിടെ വാര്‍ത്ത വന്നിരുന്നു. അദ്ദേഹത്തിന് ജനങ്ങള്‍ക്കിടയിലും നേതാക്കളിലും സ്വാധീനം ബാക്കിയുണ്ടെന്നു തന്നെയാണ് ഇത് നല്‍കിയ സൂചന. അതേസമയം മോഡി ഉയര്‍ത്തിവിടുന്ന പുതിയ തരംഗത്തെ അനുകൂലിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യാനാവാത്ത വിധം പാര്‍ട്ടിയിലും ജീവിതത്തിലും നിശ്ശബ്ദനായതാണ് വാജ്‌പേയിയുടെ വേറൊരു ചിത്രം. ബി.ജെ.പിയുടെ 'ഭാവി പ്രധാനമന്ത്രി'യുടെ ഗുണഗണങ്ങളെ വാഴ്ത്തിപ്പാടാന്‍ കാപട്യം കൊണ്ടും ക്രൂരത കൊണ്ടും ഒട്ടും മോശമല്ലാത്ത എല്‍.കെ അദ്വാനി അഹ്മദാബാദില്‍ ഹാജരാവുകയും ചെയ്തു. മോഡിയും അദ്വാനിയും മേല്‍ക്കെ നേടുന്ന ബി.ജെ.പിയില്‍ വാജ്‌പേയിയുടെ ഇടപെടല്‍ ആവശ്യമുണ്ടായിരുന്നില്ല. പൊതുജനത്തിന് മോഡിയും അദ്വാനിയും പകര്‍ന്നു നല്‍കുന്ന പുതിയ പ്രതിഛായയെ ഒട്ടും അലോസരപ്പെടുത്താതെ സുഷമാ സ്വരാജും ജയ്റ്റിലിയുമൊക്കെ നിര്‍ജീവമായി ഇതേ മതേതരത്വത്തിന്റെ കോലം പേറുന്നുമുണ്ട്. യഥാര്‍ഥത്തില്‍ ഏതാണ് ഇതില്‍ ബി.ജെ.പിയുടെ മുഖം? മോഡിയും അദ്ദേഹത്തിന്റെ ഈ രാഷ്ട്രീയഗുരുവും പ്രതിനിധാനം ചെയ്ത വിദ്വേഷത്തിന്റെയും മതവൈരത്തിന്റെയും മുഖം ഔദ്യോഗികമായി അംഗീകരിക്കുകയാണോ സദ്ഭാവനാ സത്യഗ്രഹത്തിലൂടെ ബി.ജെ.പി ചെയ്തത്?
മോഡിലൈനിനെ പാര്‍ട്ടിക്കകത്ത് അദ്വാനി ശക്തിപ്പെടുത്തുകയും അതേസമയം മുസ്‌ലിംകള്‍ അടക്കമുള്ള പിന്നാക്ക, ന്യൂനപക്ഷങ്ങളെ പതിവിന്‍പടി വഞ്ചിച്ചു കൊണ്ട് പൊതുജനമധ്യേ മുന്നോട്ടു പോവുകയുമാണ് ബി.ജെ.പി സ്വീകരിക്കുന്ന തന്ത്രം. ദല്‍ഹിയിലെ ബട്‌ലാ ഹൗസ് ഏറ്റുമുട്ടല്‍ വാര്‍ഷികത്തില്‍ ഉലമാ കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബി.ജെ.പിയുടെ ന്യൂനപക്ഷ സെല്‍ ചെയര്‍മാന്‍ വി.കെ ജെയിന്‍ പങ്കെടുക്കുകയും മുസ്‌ലിംകള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് അതിവൈകാരികമായി ആവശ്യപ്പെടുകയും ചെയ്തത് ഇത്തരമൊരു ഇരട്ടത്താപ്പാണ്. ഭരത്പൂരില്‍ രാജസ്ഥാന്‍ പോലീസ് നടത്തിയ അഴിഞ്ഞാട്ടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഷാനവാസ് ഹുസൈന്റെ നേതൃത്വത്തില്‍ ബി.ജെ.പി ഒരു ദൗത്യസംഘത്തെയും അയച്ചു. മുസ്‌ലിംകളെ സ്വാധീനിക്കാനുള്ള മോഡിയുടെ നീക്കത്തിന് ആര്‍.എസ്.എസ് പതിവു പോലെ പിന്തുണ നല്‍കിയിട്ടുണ്ട്. സത്യഗ്രഹ വേദിയില്‍ ആരോ ചിലര്‍ 'അല്ലാഹു അക്ബര്‍' വിളിച്ചത് ചൂണ്ടിക്കാട്ടി 'മിയാന്‍ മോഡി'’എന്ന പരിഹാസവുമായി രണ്ട് ഹിന്ദുത്വ സംഘടനകള്‍ എസ്.എം.എസ് അയക്കാന്‍ തുടങ്ങിയിട്ടുമുണ്ട്. മതേതരവിശ്വാസികളെ വഞ്ചിക്കുക എന്നതിലപ്പുറം മറ്റു അര്‍ഥതലങ്ങളില്ലാത്ത വിലകുറഞ്ഞ കാപട്യം.
മൊത്തത്തില്‍ പരിശോധിച്ചാല്‍, വാജ്‌പേയി മുന്നോട്ടുവെച്ച കപട മതേതരത്വത്തെ ബി.ജെ.പി തള്ളിപ്പറയുന്നതിന്റെ തുടക്കമാണ് സദ്ഭാവനാ സത്യഗ്രഹമെന്ന് സംശയിക്കാന്‍ വേണ്ടതിലേറെ സാഹചര്യ തെളിവുകളുണ്ട്. മുസ്‌ലിംകളോട് 2002-ല്‍ കാണിച്ച ക്രൂരതകളുടെ പേരില്‍ ഒരു ക്ഷമാപണം പോലും നടത്താതെ ആരംഭിച്ച ഈ 'അത്യാഗ്രഹ' പരിപാടിക്കിടയില്‍ മോഡി പലതവണ തനിനിറം പുറത്തുകാട്ടിയിരുന്നു. ഒരു ഭാഗത്ത് നീതിയെ കുറിച്ച പ്രഭാഷണവും മറുഭാഗത്ത് ഇരകളുടെ നേര്‍ക്കുള്ള നായാട്ടും കലാപത്തിന്റെ ഒമ്പതാം വര്‍ഷത്തിലും തുടരുകയാണ് ചെയ്തത്. കലാപത്തിന്റെ ഇരകളെ സത്യഗ്രഹ വേദിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ച മല്ലികാ സാരാഭായി അറസ്റ്റ് ചെയ്യപ്പെട്ടത് ഉദാഹരണം. മുസ്‌ലിം ജനസാമാന്യം വേദിയില്‍ നിന്ന് ബഹുദൂരം അകലം പാലിച്ചു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ബിസിനസ് താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി മോഡിയെ തുണച്ച ദാവൂദി ബോഹ്‌റകള്‍ പക്ഷേ പഴയ നിലപാട് ആവര്‍ത്തിച്ചു. കൂലിക്കെടുത്തവരെന്ന് നരോദാപാട്ടിയയിലെ ജനങ്ങള്‍ ഒരു പത്രക്കുറിപ്പിലൂടെ ആരോപിച്ച ഏതാനും മുസ്‌ലിം നാമധാരികളും, ദല്‍ഹിയില്‍ ഒരുകാലത്ത് വാജ്‌പേയി ഹിമായത്ത് കമ്മിറ്റി എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ചില മൗലാനമാരുമാണ് അഹ്മദാബാദിലെ സത്യഗ്രഹ പന്തലിന്റെ മുന്‍പന്തിയില്‍ തൊപ്പിയിട്ടിരുന്നത്. അക്കൂട്ടത്തിലൊരാള്‍ മോഡിക്ക് ഒരു തൊപ്പിയിടീക്കാന്‍ ശ്രമിക്കുകയും മോഡി അതിനെ തടയുകയും ചെയ്തതോടെ നാടകം പൂര്‍ണമായി. മുസ്‌ലിം പ്രതിരൂപത്തോടുള്ള തനത് വിദ്വേഷം തന്റെ ഉപാസകര്‍ക്കിടയില്‍ സിമന്റിട്ട് ഉറപ്പിക്കുക മാത്രമാണ് ഈ വിദൂഷകന്മാരെ ഉപയോഗിച്ച് നരേന്ദ്ര മോഡി ചെയ്തത്.
Comments